Spiritual

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്രൈസ്തവ ഐക്യത്തിനും വിശ്വാസത്തിനും നീതിക്കും വേണ്ടിയുള്ള കമ്മീഷന്റെ (Commission for Christian Unity Faith and Justice) നേതൃത്വത്തിൽ യുകെയിലുള്ള വിവിധ ക്രൈസ്തവ സഭകളിലെ വൈദികരുടെ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി വ്യാഴാഴ്ച 11 മണിക്ക് ഓൺലൈനായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുകയുണ്ടായി. കമ്മീഷൻ ചെയർമാൻ ഫാദർ ബിനു കിഴക്കേ ഇളംതോട്ടം സി എം എഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ തുടർന്ന്, കമ്മീഷൻ്റെ ചുമതലയുള്ള വികാരി ജെനറാൾ മോൺ. ജിനോ അരിക്കാട്ട് എം .സി. ബി .എസ് . എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പ്രാർത്ഥനാ മധ്യേ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ഗ്രന്ഥം വായിച്ച് സന്ദേശം നൽകി. ദൈവം പ്രകാശം ആണന്നും ആ പ്രകാശത്താൽ എല്ലാവരും നയിക്കപ്പെടണമെന്നും ആ പ്രകാശത്തിൽ എല്ലാവരും ഒന്നാകണമെന്നും ആ പ്രകാശത്തിലേക്കുള്ള യാത്രയാണ് എക്യുമെനിസം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. പല കാര്യങ്ങളെ കുറിച്ച് വ്യഗ്രചിത്തരാകാതെ ഒന്നിൽ (ദൈവത്തിൽ) മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു മുന്നേറുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു .

സമ്മേളനത്തിൽ സീറോ-മലബാർ സഭയുടെ, സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി റവ. ഡോക്ടർ ചെറിയാൻ കറുകപ്പറമ്പിൽ ആശംസകൾ അർപ്പിച്ചു . പൂജ രാജാക്കന്മാർ ബദ്ലഹേമിൽ ഉണ്ണീശോയെ ദർശിച്ചതിനുശേഷം ദൈവദൂതൻ അറിയിച്ചതനുസരിച്ച് മറ്റൊരു വഴിയെ നടന്നതുപോലെ ക്രൈസ്തവ ഐക്യത്തിനായി നാം ദൈവിക സ്വരം ശ്രവിച്ച് പുതിയതും വ്യത്യസ്തവും ക്രിയാത്മകവുമായ സുരക്ഷിത വഴികൾ ഈ ദേശത്ത് ഈ കാലഘട്ടത്തിൽ കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാർഡിനൽ ഹെൻട്രി ന്യൂമാന്റെ ‘വെളിച്ചമേ നയിച്ചാലും’ എന്ന ഗാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് നാം പ്രകാശത്തെ ഭയപ്പെടുകയല്ല മറിച്ച് പ്രകാശത്തിൽ ആയിരുന്നുകൊണ്ട് നാം ആയിരിക്കുന്ന പ്രദേശത്തെ ഇരുളിനെ നീക്കാനായി ഒരേ ലക്ഷ്യത്തോടുകൂടി ജീവിക്കുവാനും പ്രവർത്തിക്കുവാനും വിളിക്കപ്പെട്ടവരാണന്നും പൂജ രാജാക്കന്മാരെ പോലെ മൈലുകൾ താണ്ടിയുള്ള നമ്മുടെ ഈ ദേശത്തേക്കുള്ള യാത്ര അതിന് നമ്മെ സഹായിക്കണം എന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ചുണ്ടെലിക്കാട്ട് ഉദ്ബോധിപ്പിച്ചു.പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2023ലെ സിനഡിനോട് അനുബന്ധിച്ച് എല്ലാവരെയും കേൾക്കുക എന്ന ലക്ഷ്യത്തിൽ സഹോദരസഭയിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് രൂപത സിനഡൽ കമ്മീഷൻ കോഡിനേറ്റർ ഫാദർ ജോം കിഴക്കരകരോട്ട് നേതൃത്വം നൽകിയ സംവാദത്തിൽ എല്ലാ വൈദികരും ക്രിയാത്മകമായും ഉത്സാഹത്തോടെയും പങ്കുചേർന്നു.

യുകെയിൽ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളിലെ വൈദികർ, ഇന്ത്യൻ ഓർത്തഡോക്സ് സഭ, ക്നാനായ ഓർത്തഡോക്സ് സിറിയൻ സഭ, സിറിയൻ യാക്കോബായ സഭ, ക്നാനായ സിറിയൻ യാക്കോബായ സഭ, മാർത്തോമ സഭ, സിഎസ്ഐ സഭ, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്നീ സഹോദര സഭകളിലെ വൈദിക പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ സമാപനത്തിൽ കമ്മീഷനംഗം റോബിൻ ജോസ് പുൽപ്പറമ്പിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കമ്മീഷൻ സെക്രെട്ടറി ജോസ് ടി. ഫ്രാൻസിസ്, അംഗങ്ങളായ ഷാജു തോമസ്, ടോമി പാറക്കൽ, ടോമിച്ചൻ വെള്ളപ്ലാമുറി ബിജു തോമസ്, ബേസിൽ ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ആഗോള കത്തോലിക്ക സഭയിൽ സമർപ്പിതരായ സന്യസ്തർക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച സന്യസ്തസംഗമത്തിൽ 13 സന്യസ്ത സമൂഹങ്ങളിൽ നിന്ന് 32 പേർ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു കിഴുക്കയിളത്തോട്ടം സിഎംഎഫ് ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ ബഹു. സി. ആൻമരിയായും സി.റോസ്ലിറ്റും ചേർന്ന് പ്രാർത്ഥന നടത്തി. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അനുഗ്രഹ പ്രഭാഷണവും പ്രോട്ടോ സിഞ്ചല്ലൂസ് ബഹു ആൻറണി ചുണ്ടെലിക്കാട്ടച്ചനും സന്യസ്ത കൂട്ടായമ സിഞ്ചല്ലൂസ് ഇൻചാർജ് ബഹു ജിനോ അരിക്കാട്ട് എം.സി.ബി.എസും സി.എം.സി സഭാംഗം സി.അനൂപയും ആശംസ പ്രസംഗങ്ങൾ നടത്തി.

സമർപ്പണ ജീവിതത്തിന്റെ ഔന്നത്യമോതുന്ന മനോഹരമായ ഒരു ഗാനം സന്യസ്തർ ഒന്നു ചേർന്നു പാടി ദൈവത്തെ സ്തുതിച്ചു. തുടർന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിരിക്കുന്ന സാർവത്രിക കത്തോലിക്ക സിനഡിനൊരുക്കാമായി ബഹു. ജോം കിഴക്കരക്കാട്ടിൻ്റെ നേതൃത്വത്തിൽ സന്യസ്തർക്കു സഭയിലെ സ്ഥാനവും ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്തു. 2022 മുതൽ ഗ്രേറ്റ് ബ്രിട്ടൺ സന്യസ്ത കൂട്ടായ്മയെ നയിക്കാൻ ബഹു ജോബിൻ കൊശക്കൽ വിസി , സി.റോജിറ്റ് സി.എം.സി, സി.എൽ സിറ്റ ഡിഎസ്എച്ച്ടി എന്നിവരെ തിരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കൂട്ടായ്മയെ നയിച്ച ബഹു. ഫാ ബിനു കിഴുക്കയിളം ത്തോട്ടം സിഎംഎഫ്, സി.കുസുമം എസ്.എച്ച്, സി ലിറ്റി എസ്എബിഎസ് എന്നിവർക്കേവരും നന്ദി രേഖപ്പെടുത്തി. സന്യസ്ത കൂട്ടായ്മ നയിച്ച സി. കുസുമം എസ്.എച്ച് സന്നിഹിതരായിരുന്ന അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട രൂപത ജനറാളന്മാർക്കും എല്ലാവൈദികർക്കും സന്യാസിനി സഹോദരമാർക്കും നന്ദി അറിയിച്ചു. സമർപ്പണ ജീവിതത്തിലേക്ക് തങ്ങളെ വിളിച്ച ദൈവത്തിന് നന്ദി പറഞ്ഞും പരസ്പരം സ്നേഹാദരങ്ങൾ പങ്കിടാനായതിലെ സന്തോഷം പ്രകടിപ്പിച്ചും കൂടുതൽ തീക്ഷ്ണതയോടെ ദൈവത്തിനും ദൈവജനത്തിനുമായി ശുശ്രൂഷ ചെയ്യാമെന്ന പ്രത്യാശയോടും പ്രാർത്ഥനയോടും കൂടെ അഭിവന്ദ്യ പിതാവിന്റെ ആശീർവ്വാദത്തോടെ സന്യസ്ത കൂട്ടായ്മ അവസാനിച്ചു.

ബിനോയ് എം. ജെ.

മനുഷ്യൻ പ്രശ്നങ്ങളുടെ ലോകത്ത് ജീവിക്കുന്നു. വാസ്തവത്തിൽ ഈ പ്രശ്നങ്ങൾ അവിടെ ഉള്ളവയാണോ? നാം ജന്മാന്തരങ്ങളിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജീവിതവുമില്ല. നമുക്ക് എന്തെങ്കിലും പണി വേണ്ടേ? സമയം കളയുവാൻ വേണ്ടി നാം തുടങ്ങി വയ്ക്കുന്ന, പ്രശ്നം പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ, ഒടുവിൽ നമ്മെത്തന്നെ വിഴുങ്ങുന്നു. നാം അഗാധ ദു:ഖത്തിലേയ്ക്ക് വഴുതിവീഴുന്നു. നാം കുരുക്കിൽ പെട്ടു പോവുന്നു. പിന്നീട് നമുക്ക് അവിടെ നിന്നും മോചനമില്ല.

വാസ്തവത്തിൽ പ്രശ്നങ്ങൾക്ക് ഉണ്മയുണ്ടോ? പ്രശ്നങ്ങൾ യാഥാർത്ഥ്യങ്ങളാണോ? അതോ അവ യാഥാർഥ്യത്തെ മറക്കുകയാണോ? പ്രശ്നങ്ങൾ യാഥാർഥ്യമാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ജീവിതം എന്നും അന്ധകാരാവൃതമായി തുടരും. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരു നാൾ നമുക്കവയിൽനിന്ന് പുറത്തു കടക്കാം. പ്രശ്നങ്ങൾ യാഥാർത്ഥ്യത്തെ മറക്കുകയാണ് ചെയ്യുന്നതെങ്കിൽ ആ യാഥാർഥ്യം അത്യന്തം ഭാവാത്മകമായിരിക്കും. അവിടെ അനന്താനന്ദം ഉണ്ടായിരിക്കും. വെറും ശീലത്തിന്റെ ബലം മൂലം, ഇല്ലാത്ത പ്രശ്നങ്ങളെ ഉണ്ടെന്ന് സങ്കല്പിച്ചുകൊണ്ട്, ജീവിതത്തെ നരകമാക്കി മാറ്റുന്ന മനുഷ്യൻ വാസ്തവത്തിൽ മൂഢനാണ്. എന്നാൽ യുക്തിയുടെയും ബുദ്ധിയുടെയും ബലം കൊണ്ട് പ്രസ്തുത ശീലങ്ങൾ അനാവശ്യവും അനാരോഗ്യകരവും ആണെന്ന് മനസ്സിലാക്കി അവയെ ദൂരെയെറിയുന്നവൻ ഈശ്വരപദം പുൽകുന്നു.

ഈ പ്രശ്നങ്ങളെല്ലാം എവിടെ നിന്നും വരുന്നു? നമുക്കൊരു പ്രശ്നമുള്ളതായി നാമാദ്യമേ സങ്കല്പിച്ചു വയ്ക്കുന്നു. പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി നാം വീണ്ടും വീണ്ടും പ്രശ്നങ്ങളെ മനസ്സിലേക്ക് കൊണ്ടു വരുന്നു. അങ്ങനെ പ്രശ്നങ്ങൾ ഒരു ഒഴിയാബാധയായി നമ്മുടെ മനസ്സിൽ കടന്നു കൂടുന്നു. പ്രശ്ന പരിഹാരം ജീവിതവ്രതമായി സ്വീകരിക്കുന്ന മനുഷ്യന് അവന്റെ നൈസർഗ്ഗികമായ സ്വാതന്ത്ര്യവും ആഹ്ളാദവും ശക്തികളും നഷ്ടപ്പെട്ടു പോകുന്നു. പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അറിവ് അനുപേക്ഷണീയമായി വരികയും ആ അറിവാകട്ടെ എല്ലായിടത്തും തെറ്റുന്നതായി നാം കാണുകയും ചെയ്യുന്നു. അറിവ് തെറ്റുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ അറിവ് സമ്പാദിക്കുന്നതിൽ വ്യഗ്രത കാട്ടുകയും അറിവും പ്രശ്നങ്ങളും തീർക്കുന്ന മായാബന്ധനത്തിൽ നാമകപ്പെട്ടു പോവുകയും ചെയ്യുന്നു. സദാ തെറ്റുന്ന ഈയറിവ് ആപേക്ഷികവും മിഥ്യയുമാകുന്നു. അതിന്റെ പിറകെ ഓടുന്നതു കാരണം നമുക്ക് നൈസർഗ്ഗികമായ സർവ്വജ്ഞ്വത്വം അഥവാ ‘സത്യം’ നഷ്ടപ്പെട്ടു പോവുകയും നമ്മിലെ ഈശ്വരഭാവം തിരോഭവിക്കുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ബിനോയ് എം. ജെ.

ക്രിസ്തീയ വിശ്വാസപ്രകാരം വിലക്കപ്പെട്ട, അറിവിന്റെ വൃക്ഷത്തിന്റെ കായ് ഭക്ഷിച്ചപ്പോൾ മുതലാണ് മനുഷ്യന് ക്ലേശങ്ങൾ ഉണ്ടാവുന്നത്. ഇത് ഏറെക്കുറെ ശരിയുമാണ്. വാസ്തവത്തിൽ മനുഷ്യന് അറിവിന്റെ ആവശ്യമുണ്ടോ? ഈശ്വരന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അനന്തമായ അറിവും അനന്തമായ ശക്തിയും കുടികൊള്ളുന്നു. പിന്നെന്തിനാണ് മനുഷ്യൻ അറിവും ശക്തിയും പുറത്തന്വേഷിക്കൂന്നത്? വാസ്തവത്തിൽ മനുഷ്യൻ ആദ്യം ശക്തിയും രണ്ടാമത് അറിവും നഷ്ടപ്പെടുത്തുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.

മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം അവന്റെ നിഷേധാത്മക ചിന്തകളും ഉത്കണ്ഠയുമാവുന്നു. ആശയക്കുഴപ്പങ്ങൾ ഇല്ലാത്ത ഒരാൾക്ക് അവയെ എളുപ്പത്തിൽ അതിജീവിക്കുവാൻ കഴിയും. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യന്റെ മനസ്സ് നിറയെ ആശയക്കുഴപ്പങ്ങളാണ്. ‘എങ്ങനെ ചിന്തിച്ചാൽ പണവും പ്രശസ്തിയും ആർജ്ജിച്ചെടൂക്കുവാൻ കഴിയും? ”എങ്ങനെ ചിന്തിച്ചാൽ അധികാരം കരസ്ഥമാക്കുവാൻ കഴിയും?’ ഈ ആശയക്കുഴപ്പങ്ങളുടെ നടുവിൽ അവൻ നിസ്സഹായനാണ്. അവന് തന്റെ ഇച്ഛാശക്തിയെ വേണ്ടവണ്ണം ഉപയോഗിക്കുവാൻ കഴിയാതെ പോകുന്നു. ആശയക്കുഴപ്പങ്ങൾ ദു:ഖങ്ങളിലേക്കും ക്ലേശങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്നു. ആശയക്കുഴപ്പങ്ങളാവട്ടെ അറിവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഭാവാത്മകമായി ചിന്തിച്ചുകൊണ്ട് നിഷേധാത്മക ചിന്തകളെ തുരത്തുവാൻ ലൗകിക വിജ്ഞാനത്തിന്റെ ആവശ്യമില്ല. മറിച്ച് ലൗകിക വിജ്ഞാനം അതിനെ തടയുകയേ ചെയ്യുകയുള്ളൂ. അതിനാൽ ലൗകിക വിജ്ഞാനത്തിന്റെ പിറകെ ഓടാതെയിരിക്കുക. വാസ്തവത്തിൽ ലൗകിക വിജ്ഞാനമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ലൗകിക വിജ്ഞാനം ഭാഗികവും ആപേക്ഷികവും ആവുന്നു. അത് ഉള്ളിൽ കിടക്കുന്ന അനന്ത വിജ്ഞാനത്തെ മറക്കുകയേ ചെയ്യൂ…ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉദിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രകിയയാണ്. അതിനാൽ തന്നെ അത് അനാരോഗ്യകരവുമാകുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മനുഷ്യന്റെ വേദനകൾക്ക് എന്തെങ്കിലും കുറവുണ്ടോ ? ശാസ്ത്രം തെറ്റായ ദിശയിലാണ് ഓടുന്നതെന്ന് ആധുനിക ലോകം സമ്മതിച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല.

‘സത്യം’ അഥവാ എല്ലാത്തിനെയും കുറിച്ചുള്ള അറിവ് മനുഷ്യന്റെയുള്ളിൽ കിടപ്പുണ്ട്. ഭാഗികവും ആപേക്ഷികവുമായി അറിവ് അതിനെ മറച്ച് കളയുന്നു. അനന്ത ജ്ഞാനം മറക്കപ്പെടുമ്പോൾ ബാഹ്യമായ അറിവിനു വേണ്ടിയുള്ള തൃഷ്ണയും വർദ്ധിക്കുന്നു. ഇത് സത്യത്തെ കൂടുതൽ മറയ്ക്കുകയും ഒരു ദൂഷിതവലയത്തിന് (vicious cycle) രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഫാ മാത്യു നെരിയാട്ടിയിൽ

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി കൊണ്ട് യുകെ സഭാ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ ബർമിങ്ഹാം, ഗ്രേറ്റ്‌ ബാറിലെ ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയുടെ വികാരിയായി നിയമിതനായി. ബർമിങ്ഹാം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ബെർണാർഡ് ലോങ്ങ്‌ലിയാണ് ഗ്രേറ്റ്‌ ബാർ ദൈവാലയത്തിന്റെ വികാരിയായി ബഹു. കുര്യാക്കോസ് അച്ചനെ നിയമിച്ചത്. 2022, ജനുവരി 5ന് ഇടവകയുടെ വികാരി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ആരാധന ക്രമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. കുര്യാക്കോസ്, തിരുവനന്തപുരം മേജർ സെമിനാരി റെക്ടർ, തിരുവല്ല അതിരൂപതയിലെ നിരവധി ദൈവാലയങ്ങളുടെ വികാരി, തിരുവല്ല അതിരൂപതയുടെ ചാൻസിലർ, വിശ്വാസ പരിശീലന കാര്യാലയ ഡയറക്ടർ മുതലായ നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.

2021 മാർച്ച്‌ മാസമാണ് യുകെ യിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ കോർഡിനേറ്റർ ആയി ഫാ. കുര്യാക്കോസ് ചുമതലയേൽക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയ്ക്ക് 2019-ൽ ആർച്ചുബിഷപ്പ് ബെർണാർഡ് ലോങ്ങ്‌ലി നൽകിയ വാഗ്ദാനമനുസരിച്ച് മലങ്കര സഭയുടെ യുകെയിലെ മിഷൻ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഇനി ഈ ദൈവാലയം മാറും. ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയുടെ വൈദിക മന്ദിരവും പാരിഷ് ഹാളുമെല്ലാം ഇനി മുതൽ സീറോ മലങ്കര സഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും.

ജനുവരി മുതൽ എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 ന് സെന്റ്. ജൂഡ് കവന്ററി മിഷൻറെ വി. കുർബാനയും ഗ്രേറ്റ്‌ ബാറിലെ ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയിലായിരിക്കും നടക്കുക. ബർമിങ്ഹാം നഗരത്തിനും ചുറ്റുപാടുമുള്ള നിരവധി മലങ്കര സഭാ വിശ്വാസികൾക്ക് വി. കുർബാനയിൽ അനായസം പങ്കെടുക്കുന്നതിനു സഹായകമാണ് ബഹു. കുര്യാക്കോസ് തടത്തിൽ അച്ചന്റെ സ്ഥാനലബ്ധി.

യുകെയിലെ മലങ്കര കത്തോലിക്കാ സഭാവിശ്വാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് പുതിയ ക്രമീകരണം.

പള്ളിയുടെ അഡ്രസ്:

Holy Name of Jesus Catholic Church

9 Cross Ln,Birmingham B43 6LN

ബിനോയ് എം. ജെ.

ജീവിതത്തിലെ അടിസ്ഥാനപരമായ മൂല്യം ഉപേക്ഷിക്കുക എന്നതാകുന്നു. നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ അത് ‘ഉപേക്ഷ’ ആകുന്നു. ഹിന്ദുക്കൾ അതിനെ ‘ത്യാഗം’ എന്ന് വിളിക്കുന്നു. സമ്പത്തിനെയും ,സത്പേരിനെയും, മറ്റ് പ്രതാപങ്ങളെയും ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ മനുഷ്യരുടെ മുഖം വാടുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെയും, പ്രാരാബ്ധങ്ങളെയും, ദു:ഖങ്ങളെയും ഉപേക്ഷിക്കുവിൻ!! ഒരു നിമിഷം നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം. നാം നേടിയെടുക്കുവാനുള്ള വ്യഗ്രതയിൽ നല്ലതും ചീത്തയുമായ പലതിനെയും ആർജിച്ചെടുത്ത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കി വച്ചിട്ടുണ്ട്. അവയിൽ പലതും നമ്മുടെ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവയെ എന്തു ചെയ്യണമെന്ന് നമുക്കറിഞ്ഞുകൂടാ ;നാം ആശയക്കുഴപ്പത്തിലാണ്.

ഇവിടെയാണ് ‘ത്യാഗ’ത്തിന്റെ പ്രസക്തി. അങ്ങനെയൊരു ഘടകം നമ്മുടെ വ്യക്തിത്വത്തിൽ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്നു. നാം നേടുവാനേ പഠിച്ചിട്ടുള്ളൂ, ഉപേക്ഷിക്കുവാൻ പഠിച്ചിട്ടില്ല. അതായിരുന്നു നാം പഠിക്കേണ്ടിയിരുന്നത്. കണ്ണിൽ കാണുന്നവയെ എല്ലാം നാം സ്വന്തമാക്കുവാൻ വ്യഗ്രത കൂട്ടുന്നു. നമ്മുടെ ശരീരവും, മനസ്സും ,ബുദ്ധിയും, അഹ(ego)വും എല്ലാം നാമാർജ്ജിച്ചെടൂത്തവയാണ്. ആർജ്ജിച്ചെടൂക്കാത്തതായി നമ്മുടെ ആത്മാവ് മാത്രമേയുള്ളൂ. ആർജ്ജിച്ചെടുത്തവയെ എല്ലാം ഉപേക്ഷിച്ചിട്ടേ നമുക്കിവിടെ നിന്ന് പോകുവാനാവൂ. അതിനാൽതന്നെ ഉപേക്ഷിക്കുക അല്ലെങ്കിൽ ത്യജിക്കുക എന്നതാകുന്നു പരമമായ ആദർശം.

അടിസ്ഥാനപരമായും നാമുപേക്ഷിക്കേണ്ടത് നമ്മുടെ നിഷേധാത്മക ചിന്തകളെയാണ്. അവയാണ് നമ്മുടെ ഉള്ളിൽ കിടന്നു കൊണ്ട് ദഹനക്കേട് ഉണ്ടാക്കുന്നത്. ഓരോ നിഷേധാത്മക ചിന്തയും നമ്മുടെ ഉള്ളിലെ ഭാവാത്മക സത്തയോട് അഥവാ ഈശ്വരനോട് സംഘട്ടനത്തിൽ ആവുന്നു. ഇങ്ങനെയാണ് മനസ്സ് ഉണ്ടാവുന്നത്. നിഷേധാത്മക ചിന്തകളോട് നാം പ്രണയത്തിലാണ് എന്ന് തോന്നുന്നു. അവയില്ലാതെ നമുക്ക് വയ്യ. അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി എന്ന് പറയുന്നതിലും കൂടുതൽ ശരി അവ നമ്മുടെ വ്യക്തിത്വം തന്നെയായി എന്ന് പറയുന്നതാവും. ഒന്ന് നോക്കൂ, നാം സദാ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടേയിരിക്കുന്നു. ജീവിതം തന്നെ പ്രശ്നങ്ങളുടെ ഒരു സമാഹാരമാണ്. നാമെന്തിനോടാണ് സദാ പൊരുതിക്കൊണ്ടിരിക്കുന്നത് ? പ്രശ്നങ്ങളോട് അഥവാ നിഷേധാത്മക ചിന്തകളോട്. നിഷേധാത്മക ചിന്തകളെ ഓരോന്നായി ഉപേക്ഷിക്കുവിൻ. അപ്പോൾ നമ്മുടെ ദു:ഖങ്ങളും മാറിവരുന്നതായി കാണുവാൻ കഴിയും.

സ്വാർത്ഥതയും മനസ്സും അഹവുമെല്ലാം നിഷേധാത്മക ചിന്തകളുടെ സമാഹാരങ്ങളാകുന്നു. അവ നമ്മുടെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കൾ തന്നെയാകുന്നു. നാം മന:സ്സിനെയും, സ്വാർത്ഥതയെയും, അഹത്തെയും വാരിപ്പുണരുമ്പോൾ നാം സാത്താനെ തന്നെയാണ് വാരിപ്പുണരുന്നത്. അതുകൊണ്ടാണ് നമുക്ക് ജീവിതത്തിൽ ശാന്തി കിട്ടാതെ പോകുന്നത്. അതിനാൽ ഉണർവ്വോടെ ഇരിപ്പിൻ.

നമ്മുടെ പ്രശ്നങ്ങൾ പല തരത്തിൽ ആണെങ്കിലും അവയ് ക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ഈ നാനാത്വത്തിൽ ഒരു ഏകത്വം ഉണ്ട്. പ്രകൃതിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നു എന്നതാണ് ഈ സവിശേഷത. നൈസർഗ്ഗികമായ ‘സർവ്വാധിപത്യം’ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. സർവ്വാധിപത്യം നഷ്ടപ്പെടുന്ന മനുഷ്യൻ സ്വാഭാവികമായും അത് വീണ്ടെടുക്കുവാൻ ഒരു മാർഗ്ഗം അന്വേഷിക്കുന്നു. ഈ അന്വേഷണം അവനെ ആപേക്ഷികജ്ഞാനത്തിലും ആശയക്കുഴപ്പത്തിലും കൊണ്ട് ചെന്നെത്തിക്കുന്നു. ഈ ആശയക്കുഴപ്പം അവനെ വീണ്ടും സർവ്വാധിപത്യത്തിൽ നിന്നും തെറിപ്പിക്കുന്നു. ഇപ്രകാരം ഒരു ദൂഷിതവലയത്തിൽ അകപ്പെടുന്ന മനുഷ്യന്റെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാതെ പോകുന്നു. അതിനാൽ പ്രശ്നങ്ങളെയും അവയോട് ചേർന്ന് നിൽക്കുന്ന ആപേക്ഷികജ്ഞാനത്തെയും ദൂരെയെറിയുവിൻ !അപ്പോൾ നിങ്ങളിലെ നിരപേക്ഷികജ്ഞാനം അഥവാ ‘സത്യം’ പ്രകാശിക്കും .

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ബിർമിംഗ് ഹാം . 2022 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇടവക വർഷത്തോടനുബന്ധിച്ച് രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന വിവിധ ധ്യാനങ്ങളുടെ ഒരുക്കമായി ഇന്ന് ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഒരുക്ക ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു . ഇടവക ധ്യാനങ്ങളുടെ പ്രത്യേക നിയോഗമായി സംഘടിപ്പിച്ചിരിക്കുന്ന ഈ ഒരുക്ക ധ്യാനം ഇന്ന് രാവിലെ പതിനൊന്നു മണി മുതൽ ഒരു മണി വരെ സൂം പ്ലാറ്റ് ഫോമിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ അവസാന വർഷമായ ഈ ഇടവക വർഷത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിവിധ പരിപാടികളുടെയും , ധ്യാനങ്ങളുടെയും ഒക്കെ വിജയത്തിനായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഈ ഒരുക്ക ധ്യാനത്തിലേക്ക് താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു .

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് ഇന്ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ അനീഷ് തോമസ് വചന ശുശ്രൂഷ നയിക്കും .

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹാ യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച്ച കുർബ്ബാന ജനുവരി മാസം പതിനാറാം തിയ്യതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനാ യും തുടർന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX

ബിനോയ് എം. ജെ.

സഹസ്രാബ്ദങ്ങളിലൂടെ കോടാനുകോടി ജനങ്ങൾ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിക്കുന്നു. നാമും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നാം എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരുന്നുണ്ടോ? എത്തിച്ചേരുന്നില്ല എന്ന് നിസ്സംശയം പറയാം. ഈ രീതിയിൽ പോയാൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് സമ്മതിച്ചേ തീരൂ..എന്നിട്ടും നാമെന്തിനാണ് അതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ?അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവുമെന്ന് ഉള്ളിലുള്ള ആത്മാവ് മന്ത്രിക്കുന്നു. എന്നാൽ നാമതിൽ വിജയിക്കുന്നുമില്ല. സഹസ്രാബ്ദങ്ങളായി നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണിതിന്റെ കാരണം ?

സത്യത്തിൽ ജീവിതപ്രശ്നങ്ങളുടെ കാരണവും അതിനാൽതന്നെ അവയ്ക്കുള്ള പരിഹാരവും നമ്മുടെ ഉള്ളിൽ തന്നെയാണ് കിടക്കുന്നത്. നമ്മിൽ ഭൂരിപക്ഷവും അതിനെ ബാഹ്യലോകത്തന്വേഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് നാം പരാജയപ്പടുന്നതും. ബാഹ്യലോകത്തെ തിരുത്തുവാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ജൻമമെടുക്കുന്നു. ശാസ്ത്രം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ സ്വാഭാവികമായും തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രതിഭാസമാണ്. ഇതിനെ ആപേക്ഷികത(relativity) എന്ന് വിളിക്കാം.ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവ മന:സ്സിലേക്ക് പരക്കുന്നു. ദാരിദ്ര്യം സമ്പത്തിന് വഴിമാറുമ്പോൾ മന:സ്സിന് അതിന്റെ ശാന്തിയും പ്രതീക്ഷകളും ഉൻമേഷവും നഷ്ടപ്പെട്ടുപോവുന്നു. ഇത് നമുക്ക് അറിവുള്ള വസ്തുതയാണ്.

വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം? നാം പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം. നാമതല്ല ചെയ്യേണ്ടിയിരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിന്പകരം നാമവയെ വലിച്ചെറിയുകയാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു? ദുർഗന്ധം വമിക്കുന്ന ഒരു വസ്തു നിങ്ങളുടെ മുറിയിലുണ്ടെങ്കിൽ അതിനെ വലിച്ചെറിയുക മാത്രമാണ് ദുർഗന്ധത്തിൽ രക്ഷനേടുവാനുള്ള ഏകമാർഗ്ഗം. അതിനുപകരം നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ദുർഗന്ധത്തെ കുറിച്ച് നാമൊരു പഠനം തന്നെ തുടങ്ങിവയ്ക്കുന്നു. അതിന്റെ കാരണമെന്താണെന്നും പരിഹാരം എന്താണെന്നും നാം ഗവേഷണാത്മകമായ ഒരന്വേഷണം തുടങ്ങുന്നു. കുറേ നാൾ കഴിയുമ്പോൾ ആ വസ്തുവിന്റെ ദുർഗന്ധം പ്രകൃത്യാ തന്നെ തിരോഭവിക്കുന്നു. പക്ഷെ നമ്മുടെ ഗവേഷണത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ദുർഗന്ധം മാറ്റുവാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് നമുക്ക് വേണ്ടത്. അത് കണ്ടുപിടിക്കുവാൻ വേണ്ടി നാം ദുർഗന്ധം വമിക്കുന്ന മറ്റൊരു വസ്തുവിനെ മുറിയിൽ കൊണ്ട് വച്ചു കൊണ്ട് പരീക്ഷണം തുടരുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഫലമോ, നാമെന്നും ദുർഗന്ധത്തിൽ തന്നെ കഴിയുന്നു.ദുർഗന്ധം വമിക്കുന്ന വസ്തു മുറിയിലുള്ളിടത്തോളം നാം ദുർഗന്ധത്തിൽ ആയിരിക്കും.

ഇപ്രകാരം നമ്മുടെ പരീക്ഷണങ്ങൾ അനന്തതയിലേക്ക് നീളുന്നു. അതിന് ഒരിക്കലും ഉത്തരം കിട്ടുകയില്ല. നാമീ പ്രക്രിയയെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന വസ്തുവിനെ എടുത്തു കളയുക മാത്രമല്ല ആ സ്ഥാനത്ത് ദുർഗന്ധം വമിക്കുന്ന മറ്റൊന്നിനെയും കൊണ്ടുവന്ന് വയ്ക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം കുറെനാൾ കഴിയുമ്പോൾ താനേ മാറിയേക്കാം. ആ സ്ഥാനത്ത് പുതിയ പ്രശ്നങ്ങളെ നാം പ്രതിഷ്ഠിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാമൊന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

പ്രശ്നസങ്കലിതവും വിരൂപവുമായ ഒരു മുഖത്തിനപ്പുറം പ്രശ്നങ്ങളുടെ ലാഞ്ചനപോലും ഏൽക്കാത്ത സുന്ദരവും അതിഗംഭീരവുമായ ഒരു മുഖം കൂടി ജീവിതത്തിന് ഉണ്ടെന്നും, അവിടെ താൻ ഈശ്വരതുല്യനാണെന്നും അവിടെ എത്തിച്ചരുക അത്ര ക്ലേശകരമൊന്നുമല്ലെന്നും, മനോഭാവത്തിൽ അൽപം മാറ്റം വരുത്തിയാൽ അത് സാധിക്കുമെന്നും മന:സ്സിലാക്കുന്ന വ്യക്തി, സകല പ്രശ്നങ്ങളെയും അവയുടെ ഭാണ്ഡക്കെട്ടുകളെയും വലിച്ചെറിഞ്ഞുകൊണ്ട്, പ്രശാന്തസുന്തരവും അത്യന്തം ഭാവാത്മകവും അനന്താനന്ദപരവുമായ ആ മനോഭാവത്തിലേക്ക് എടുത്തുചാടുന്നു. അയാൾ നിർവ്വാണത്തിലെത്തുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ : 917034106120

Copyright © . All rights reserved