സ്പിരിച്വൽ ഡെസ്ക് മലയാളം യുകെ.
വണക്കമാസ നാളിൽ എൻ്റെ കൊച്ചുവീട്ടിൽ ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ചേർന്ന് പൂക്കൾ പറിച്ച് മാതാവിൻ്റെ രൂപം അലങ്കരിക്കുമായിരുന്നു. എല്ലാ ദിവസവും വണക്കമാസം ചൊല്ലി ” നല്ല മാതാവേ മരിയേ.. ” എന്ന ഗാനം പാടുന്നത് മനസ്സിന് ഒത്തിരി ആനന്ദം പകരുമായിരുന്നു . ആ പാട്ട് ഒത്തിരി ഭക്തിയും സന്തോഷവും പകർന്നിരുന്നു. ഇപ്പോഴും ആ ഗാനം എൻ്റെ അധരങ്ങളിൽ നിന്നും വിട്ടുപോയിട്ടില്ല!

മാസാവസാനം എല്ലാ കുടുംബാംഗങ്ങളും ചേർന്ന് വണക്കമാസം കാലം കൂടുമായിരുന്നു. അന്നേദിവസം പാച്ചോറ് ഉണ്ടാക്കുന്നതും ചക്കപ്പഴവും കൂട്ടി വാഴയിലയിൽ ഇട്ട് കഴിക്കുന്നതും നല്ല രസകരമായിരുന്നു. ഇപ്പോഴും എന്റെ ചില സഹോദരങ്ങൾ ഈ ആചാരം തുടർന്ന് ചെയ്യുന്നുണ്ട്. ഈ കൊച്ചു ഓർമ്മകൾ വെറും ഓർമ്മകൾ മാത്രമല്ല. അതെൻ്റെ വിശ്വാസത്തിൻ്റെ ഉറച്ച വേരുകൾ തന്നെയാണ്. ഏതൊരു ക്രിസ്ത്യാനിയുടെയും ആദ്യവിദ്യാലയം സ്വന്തം ഭവനം തന്നെയാണ്. എന്റെ ദൈവവിളിയുടെ അടിസ്ഥാനവും അതുതന്നെ.

പരിശുദ്ധ അമ്മ ഒരു ശക്തി തന്നെയാണ്. മാതാവിൻ്റെ ദിവസം മെയ് 13-ാം തീയതി ഞാൻ സ്വപ്നം കണ്ട എൻ്റെ ദൈവവിളി എനിക്ക് സഫലമാക്കാൻ സാധിച്ചു. പുണ്യഭൂമിയായ സ്പെയിനിൽ അന്നേദിവസം എനിക്ക് എത്തിച്ചേരാൻ സാധിച്ചതിൽ മാതാവിനോട് വലിയ കടപ്പാടാണ്. ഈ അമ്മ ഒരിക്കലും എന്നെ കൈവെടിയുകയോ അപേക്ഷകൾ നിരസിക്കുകയോ ചെയ്തിട്ടില്ല. അമ്മയുടെ ജപമാല കയ്യിലിരുന്ന് ഈശോയോട് ദിവ്യരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറയുന്നു. മാതാവിലൂടെ മാത്രമേ നമുക്ക് യേശുവിനെ അടുത്തറിയുവാൻ സാധിക്കുകയുള്ളൂ. നമുക്ക് ഒരു “അമ്മ ” ഉണ്ട്. നമ്മെ എന്നും എപ്പോഴും മാറോടുചേർത്തു നിൽക്കുന്ന അമ്മ . എൻ്റെ അമ്മ മരിച്ചപ്പോൾ മാതാവിനെയാണ് എൻ്റെ അമ്മയായിട്ട് ഞാൻ പൂർണ്ണമായിട്ടും സ്വീകരിച്ചിരിക്കുന്നത്.

മെയ് മാസം പരിശുദ്ധ അമ്മയുടെ മാസമെന്ന് കുട്ടിക്കാലത്ത് എൻ്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നതാണ്. കുടുംബത്തിൽ രൂപം അലങ്കരിക്കുന്ന സ്ഥിരം ജോലി എന്റേതായിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടിരുന്നു. എൻ്റെ അമ്മ എപ്പോഴും സുകൃതജപം ചൊല്ലുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ! അമ്മ മാതാവിന് ഇഷ്ടപ്പെട്ട സുകൃതജപം. പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിൻ്റെ അടുക്കലേയ്ക്ക് നയിച്ച് അവരുടെ ഹൃദയദാഹം ശമിപ്പിക്കാൻ കഴിയൂ.

സുകൃതജപം.
ഓ.. അമ്മേ മാതാവേ, അങ്ങയുടെ മക്കളെ കാത്തുകൊള്ളേണമേ.

എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ . അങ്ങയുടെ ദാസിയായി മരണം വരെ അമ്മയോടൊപ്പം വസിക്കാനുള്ള അനുഗ്രഹവും നൽകേണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.