ബിനോയ് എം. ജെ.

മനുഷ്യന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു. അതിനാൽതന്നെ അവൻ എപ്പോഴും പൂർണ്ണനാണ്. എന്നാൽ താൻ അപൂർണ്ണനാണെന്ന് എല്ലാവരും തന്നെ കരുതുന്നു. ഇതിൽനിന്നും പൂർണ്ണനാകുവാനുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ആരംഭിക്കുന്നു. ഈ ആഗ്രഹവും പരിശ്രമങ്ങളും എന്നെങ്കിലും സഫലമാകുന്നുണ്ടോ? ശരിക്കും അവൻ അപൂർണ്ണനായിരൂന്നുവെങ്കിൽ ഈ പരിശ്രമങ്ങൾ അർത്ഥവ്യത്തും ഫലവത്തും ആകുമായിരുന്നു. എന്നാൽ ഈ അപൂർണ്ണത സാങ്കൽപികം മാത്രമാണെങ്കിൽ പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും അത്തരമൊരു സങ്കൽപത്തെ ദൃഢപ്പെടുത്തുകയും അതിനാൽതന്നെ ഒരിക്കലും ഫലം ചൂടാതെ വരികയും ചെയ്യുന്നു. കുറെകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ അപൂർണ്ണനായി കാണപ്പെടുന്നതിന്റെ അടിസ്ഥാനപരമായ കാരണം പൂർണ്ണനാകുവാനുള്ള ഈ ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞുവക്കുന്നു.

ഇതിനെ ഞാനൽപംകൂടി വിശദീകരിക്കാം. പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും സംഭവിക്കണമെങ്കിൽ അതിനു മുമ്പേതന്നെ ഞാൻ അപൂർണ്ണനാണെന്ന് സ്വയം സങ്കൽപിക്കേണ്ടിയിരിക്കുന്നു. ഈ സങ്കല്പം കാലക്രമത്തിൽ ദൃഡപ്പടുകയും അപൂർണ്ണത മനുഷ്യന്റെ ലക്ഷണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം പൂർണ്ണതയ്ക്കുവേണ്ടി പരിശ്രമിച്ചിട്ടും അതിൽ വിജയം കാണാതെ പോകുന്നത്. ഇവിടെ വേണ്ടത് പലരും കരുതുന്നത് പോലെ കൂടുതൽ കഠിനമായ പരിശ്രമങ്ങളല്ല മറിച്ച് മനോഭാവത്തിലുള്ള അടിസ്ഥാനപരമായ ഒരു മാറ്റമാണ്.

താൻ അപൂർണ്ണനാണ് എന്നുള്ള മൂഢമായ ചിന്തയിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളും ദു:ഖങ്ങളും ഉരുത്തിരിയുന്നത്. ഇത് തീർച്ചയായും നിഷേധാത്മകമായ ഒരു ചിന്തയാണ്. അപൂർണ്ണനായ ഒരുവന് പൂർണ്ണനാകുവാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാർത്ഥതയും ആഗ്രഹവും ജനിച്ചുവീഴുന്നു. താൻ അപൂർണ്ണനും പാപിയുമാണെന്ന് പഠിപ്പിക്കുന്ന മതസമ്പ്രതായങ്ങളും ചിന്താപദ്ധതികളും മനുഷ്യന് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. അങ്ങിനെ ചിന്തിക്കുവാൻ എളുപ്പമാണ്. എന്നാൽ അതവനെ തീരാദു:ഖത്തിൽ കൊണ്ടുവന്ന് ചാടിക്കുന്നു.

പൂർണ്ണനാകുവാൻ മനുഷ്യന് തീർച്ചയായും കഴിയും. കാരണം അവൻ എന്നും പൂർണ്ണൻ തന്നെയാണ്. അതിനാൽ തന്നെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ പഠിക്കുവിൻ. യാഥാർഥ്യമെന്തെന്നറിയുവിൻ. ആ അറിവ് നിങ്ങളിൽ നിർണ്ണായകമായ ആ മാറ്റം കൊണ്ടുവരുന്നു. നിങ്ങൾക്ക് മറ്റൊരാളാവേണ്ട ആവശ്യമില്ല. യാതൊന്നും ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. പുരോഗതിയുടെ ആവശ്യമില്ല. വ്യക്തിത്വ വികസനത്തിന്റെ ആവശ്യമില്ല. മൂല്യങ്ങൾ ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. ആകപ്പാടെ ഒരുമൂല്യമേ നിങ്ങൾക്കാവശ്യമുള്ളൂ..നിങ്ങളോടുതന്നെയുള്ള അളവറ്റ ബഹുമാനവും ആദരവും. നിങ്ങളെത്തന്നെ പൂർണ്ണമായി സ്വീകരിക്കൂവാനുള്ള സന്നദ്ധത. നിങ്ങൾക്ക് നിങ്ങളാകുവാനുള്ള തന്റേടം. അതിന്റെ പിറകേ എല്ലാ മൂല്യങ്ങളും വന്നു ചേരുന്നു. മൂല്യങ്ങൾ ഓരോന്നായി ആർജ്ജിച്ചെടുക്കുന്നത് അശാസ്ത്രീയമായ കാര്യമാണ്. മഠയന്മാരേ അതിനു മുതിരൂ. മൂല്യങ്ങൾ എല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. ഈശ്വരൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. ആ ഈശ്വരനെ ഒന്നു കാണുവിൻ. അപ്പോൾ നിങ്ങളുടെ തൃഷ്ണകളെല്ലാം തിരോഭവിക്കുന്നു. നിങ്ങളിലെ അപകർഷത കത്തി ചാമ്പലാകുന്നു.