കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.
2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.
ഗുവാഹത്തിയിൽ ആദ്യകളി തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കാണാൻ ഡ്രസിങ് റൂമിലെത്തിയ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ കളിക്കാരോടു പറഞ്ഞു: ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് ലോകകപ്പ് നേടാൻ എനിക്ക് 22 വർഷം വേണ്ടി വന്നു. വിജയം ഒറ്റയടിക്കു കൈവരില്ല. സാവധാനം ജയിച്ചുതുടങ്ങുക, ജയിച്ചാൽ പിന്നെ തോൽക്കാതിരിക്കുക..! ആദ്യ മൂന്നുകളിയും ജയിക്കാതിരുന്നപ്പോഴും ആത്മവിശ്വാസം അൽപം പോലും നഷ്‌ടമാക്കാതെ നാലാമത്തെ കളി ജയിക്കാൻ ടീമിനു കരുത്തുനൽകിയത് സച്ചിന്റെ വാക്കുകളായിരുന്നു.
സച്ചിന്റെ സാന്നിധ്യം ടീമിന് അദൃശ്യമായൊരു സ്ട്രൈക്കറുടെ ബലമായിരുന്നു നൽകിയിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വിറ്റ് സച്ചിൻ പിൻമാറുന്നത് ടീമിന് നഷ്ടമാകാൻ പോകുന്നത് ആത്മവിശ്വാസത്തോടെ തോൽവിയിലും പുഞ്ചിരിച്ചുകൊണ്ടുള്ള സച്ചിന്റെ വാക്കുകളായിരിക്കും.
ഫുട്‌ബോൾ ഹരത്തിന്റെ നിറമേതെന്നു ചോദിച്ചാൽ മനസിൽ ആദ്യം നിറയുക മഞ്ഞയായിരിക്കും. ഫുട്‌ബോൾ ലഹരിയുടെ ആഗോള തലസ്‌ഥാനമായ ബ്രസീലിന്റെ മഞ്ഞപ്പടയിൽ നിന്നു ലോകമെങ്ങും പടർന്നു പിടിച്ചതാണ് ആ മഞ്ഞ ലഹരി. ഐഎസ്‌എല്ലിൽ ബ്രസീലിന്റെ പ്രതിരൂപമാണു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ടീം ആരാധകരോട് വിളിച്ചു പറയുന്നതും ഇതാണ്; ‘മഞ്ഞയിൽ കളിച്ചാടൂ’…
ആ മഞ്ഞപ്പടയുടെ നടുവിലേക്ക് സൂര്യപ്രഭയിൽ സച്ചിൻ തെൺഡുൽക്കർ ഇറങ്ങുമ്പോൾ ആവേശം ഉച്ചസ്ഥായിയിലാകുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് പോലും രൂപപ്പെട്ടത് സച്ചിന്റെ ഓമനപ്പേരായ മാസ്റ്റർ ബ്ലാസ്റ്റേഴ്സിൽ നിന്നാണ്.
സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തെ കാണാൻ വേണ്ടി മാത്രം ഐഎസ്എൽ വേദികളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സ് എന്ന പേരിനൊപ്പം സച്ചിൻ സച്ചിൻ എന്ന ആവേശവിളികളും ഗാലറികളിൽ നിന്നും മുഴങ്ങിക്കേട്ടു.
ഒരു കാലത്ത് നിറം മങ്ങിയിരുന്ന കേരളത്തിലെ ഫുട്ബോൾ കാലത്തിന്റെ ആവേശം തിരികെയത്തിക്കാൻ സാച്ചിൻ സാന്നിധ്യം കൊണ്ട് സാധിച്ചു. 2014 മുതൽ ഓരോ ഐഎസ്എൽ കാലവും ആവേശക്കാലം കൂടിയായിരുന്നു.
‘സച്ചിന്‍… സച്ചിന്‍’ എന്ന് ഒരു മന്ത്രംപോലെ ആര്‍ത്തുവിളിച്ച ഗാലറികൾ. അവിടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കു ക്രിക്കറ്റിലെ ദൈവത്തിനു സ്വാഗതമോതുന്ന ബാനറുകൾ. സ്‌റ്റേഡിയത്തിലെ ഇലക്‌ട്രോണിക് സ്‌ക്രീനില്‍ സച്ചിനെ കാണുമ്പോഴെല്ലാം ജനം ഇളകിമറിഞ്ഞു.
ടീമിനായി ആർത്തുവിളിക്കാൻ സച്ചിന്‍ കൈവീശി ആഹ്വാനം ചെയ്‌തപ്പോൾ ജനമൊന്നാകെ ആർത്തിരമ്പി. സച്ചിൻ കളികാണാൻ വരുന്നുണ്ടോയെന്നാണ് ഗാലറികളിലേക്ക് എത്തുന്നവർ ആദ്യം അന്വേഷിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എന്ന മഞ്ഞപ്പടയെ ലോകമെമ്പാടുമുള്ളവർക്ക് സുപരിചതമാക്കിയതിൽ സച്ചിന്റെ പങ്ക് ചെറുതല്ല.
ഐഎസ്എല്ലിൽ സ്വന്തം നാടായ മുംബൈയെ കൈവെടിഞ്ഞ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയപ്പോൾ കേരളം നൽകിയ സ്നേഹം സച്ചിന് ഒരിക്കലും മറക്കാനാവുന്നതല്ല.
മനംനിറഞ്ഞ് കൈവീശി ചെറുപുഞ്ചിരിയോടെ കേരളത്തിൽ നിന്നും പോകുന്ന സച്ചിനെ കേരളീയർക്കും മറക്കാനാകില്ല. ഓഹരി വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സ് ഹൃദയത്തിനൊപ്പമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്.
അതെ, കൈമാറ്റം ചെയ്താലും ബ്ലാസ്റ്റേഴ്സ് എന്ന മലയാളി ടീമിനെ ഇന്ത്യൻ ഫുട്ബോൾ പട്ടികയിലേക്ക് കൈപിടിച്ചുയർത്തിയ ആദ്യ ഉടമയെ കേരളത്തിനും എങ്ങനെ മറക്കാനാകും. സച്ചിനില്ലാത്ത മഞ്ഞപ്പടയുടെ അഞ്ചാം സീസണിലെ കളിയുടെ ആവേശം പഴയതുപോലെ തന്നെയുണ്ടാകുമോയെന്ന് കണ്ടറിയണം.
നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.
ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടിക്കും.
ട്രാക്കില്‍ മിന്നല്‍പിണറായി വേഗതയുടെ പര്യായമായി മാറിയ അച്ഛന്‍റെ മകന്‍ . മിക്ക് ഷുമാക്കര്‍. പത്തൊന്‍പത് വയസുകാരന്‍ മിക്ക് ഫോര്‍മുല ത്രീ ട്രാക്കില്‍ നടത്തിയ കുതിപ്പാണ് കാറോട്ടവേദിയിലേയ്ക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിച്ചത് . എഫ് ത്രീയില്‍ തുടര്‍ച്ചയായി മൂന്നുവിജയങ്ങള്‍ നേടി ചാംപ്യന്‍ഷിപ്പിനോട് അടുക്കുകയാണ് മിക്ക്.
ഒന്‍പതാം വയസിലാണ് മിക്ക് കാര്‍ട്ടിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. യൂറോപ്യന്‍ ജൂനിയര്‍ പട്ടം സ്വന്തമാക്കിയ മിക്ക് അച്ഛന്റെ പേരും പെരുമെയും ഒപ്പം ചേര്‍ക്കാതെയാണ് ആദ്യനാളുകളില്‍ മല്‍സരിച്ചു തുടങ്ങിയത് . മാധ്യമ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മിക്ക് ജൂനിയര്‍ എന്ന പേരില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചു ഷൂമിക്ക് അധികനാള്‍ മറഞ്ഞിരിക്കാനായില്ല. ജൂനിയര്‍ ഷുമാക്കറുെട വീരഗാഥകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ തുടര്‍ക്കഥയായി.
ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായാണ് മിക്ക് മല്‍സരിക്കുന്നത്. ടോറോ റോസോ , റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ ജൂനിയര്‍ ഷൂമിക്കായി രംഗത്തെത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ പക്ഷേ ട്രാക്കിലെ മകന്‍റെ കുതിപ്പ് അറിഞ്ഞിട്ടില്ല.
ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ കുറിച്ച് എന്നും ശബ്ദമുയര്‍ത്തുന്നയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. മറ്റ് സാമൂഹ്യവിഷയങ്ങളിലും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നിരത്തില്‍ സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെട്ട ഗംഭീറിനെ കണ്ട് ആരാധകരൊന്ന് ഞെട്ടി. എന്നാല്‍ എന്തിനാണ് ഗംഭീര്‍ വേഷം മാറി വന്നതെന്ന് അറിഞ്ഞവര്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.
ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഈ വര്‍ഷമാദ്യം ആണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.
‘രാജി വയ്ക്കുന്നത് എന്റെ തീരുമാനമായിരുന്നു. ടീമിന് വേണ്ടി നല്ല രീതിയില്‍ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കപ്പിത്താനായി നന്നായി കളിക്കാനായി. ഇതാണ് സ്ഥാനമൊഴിയാനുളള നേരമെന്ന് തോന്നി. സമ്മർദ്ദം ഇനിയും താങ്ങാനാവില്ലെന്ന് കണ്ടപ്പോഴാണ് നായകസ്ഥാനം ഒഴിഞ്ഞത്’, അന്ന് ഗംഭീര്‍ പറഞ്ഞു.
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തി അലിസ്റ്റര്‍ കുക്കിന്റെ അവിസ്മരണീയ കുതിപ്പ്. ഓവല്‍ ടെസ്റ്റില്‍ കരിയറിലെ 33–ാം സെഞ്ചുറി നേടിയ കുക്ക്, അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ മല്‍സരത്തിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി മാറി. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച കുക്ക് രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. അവസാന മല്‍സരത്തില്‍ മറ്റൊരു നേട്ടവും കുക്കിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തി. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കുക്കിന്റെ പേരിലായി.
209 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ചരിത്രമെഴുതിയത്. കുക്കിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും അർധസെഞ്ചുറിയുടെയും മികവിൽ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 74 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. കുക്ക് 103 റൺസോടെയും റൂട്ട് 92 റൺസോടെയും ക്രീസിൽ. 222 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് 103 റൺസെടുത്തത്. 132 പന്തുകൾ നേരിട്ട റൂട്ട് ആകട്ടെ, 11 ബൗണ്ടറിയും ഒരു സിക്സും നേടി.
മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ് അഞ്ചു വര്ഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി. തന്റെ പ്രണയം വീട്ടുകാര് അംഗീകരിച്ചതായി താരം സോഷ്യല് മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ കാമുകി. ഇനി മുതല്‍ തങ്ങള് ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കുമെന്ന് താരം ആരാധകരെ അറിയിച്ചു.
‘2013 ആഗസ്റ്റ് 22 രാത്രി 11.11 ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്യാന്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര് ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില് ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം’- സഞ്ജു ഫെയ്സ്ബുക്കില് കുറിച്ചു.
കേരള രഞ്ജി ടീമംഗമായ 23കാരനായ സഞ്ജു ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന് കളിക്കാന് അവസരം ലഭിച്ചിരുന്നില്ല.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷവിഭാഗം 1,500 മീറ്ററിൽ ജിൻസൺ ജോൺസനും വനിതാ വിഭാഗത്തിൽ പി.യു. ചിത്രയുമാണ് ഇന്ത്യയ്ക്ക് യഥാക്രമം സ്വർണവും വെങ്കലവും സമ്മാനിച്ചത്. നേരത്തെ, 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ഇതോടെ ഡബിൾ തികച്ചു.
ഇവർക്കു പിന്നാലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ ഇന്നത്തെ ഇന്ത്യയുടെ മെഡൽ നേട്ടം നാലിലെത്തിച്ചു. അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയിൽ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മൽസരിക്കാം. ഇതോടെ, 12 സ്വർണവും 20 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 57 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്. 3:45.62 സെക്കൻഡിൽ ഓടിയെത്തിയ ഇറാന്റെ ആമിർ മൊറാദി വെള്ളിയും 3.45.88 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ഖത്തറിന്റെ മുഹമ്മദ് ടിയൗലി വെങ്കലവും നേടി.
ഇതോടെ 800 മീറ്ററിൽ അവസാന നിമിഷം സ്വർണം കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശ മറക്കാനും ജിൻസണായി. ഏഷ്യൻ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും നേടി ജിൻസൺ ഡബിൾ തികയ്ക്കുകയും ചെയ്തു.
1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.
അതേസമയം, പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പന്ത്രണ്ടാം ദിനത്തിലെ ആദ്യ ഇനമായ പുരുഷവിഭാഗം 50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാർ അയോഗ്യനാക്കപ്പെട്ടതും തിരിച്ചടിയായി.
വനിതകളുടെ ഡിസ്കസ് ത്രോയിൽ 62.26 മീറ്റർ ദൂരം കണ്ടെത്തിയാണ് സീമ പൂനിയ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഡിസ്കസിൽ നിലവിലെ സ്വർണ മെഡൽ ജേതാവായിരുന്നു സീമ. ഈ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് കുമാരി 54.61 മീറ്ററുമായി അഞ്ചാം സ്ഥാനത്തായി. 65.12 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം യാങ് ചെൻ സ്വർണവും 64.25 മീറ്റർ കണ്ടെത്തിയ ചൈനയുടെ തന്നെ ബിൻ ഫെങ് വെള്ളിയും നേടി
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില് വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.
കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്ലി സമൂഹമാധ്യമത്തിൽ കുറിച്ചു
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മല്സരത്തിനിടെ കേരളത്തിലെ പ്രളയബാധിതര്ക്ക് സഹായം അഭ്യര്ഥിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്മാരും. സുനില് ഗവാസ്കര്, ആശിഷ് നെഹ്റ, കമന്റേറ്റര് ഹര്ഷ ബോഗ്ലെ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പ്രേക്ഷകരോട് അഭ്യര്ഥിക്കുന്നത് . എഷ്യന് ഗെയിംസിനിടയിലും സഹായ അഭ്യര്ഥന സന്ദേശങ്ങള് സംപ്രേഷണം ചെയ്യുന്നുണ്ട് .