കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജി കോടതി തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു.
അതേസമയം, സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യഷന് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സുശീല്‍ കുമാര്‍ ഒളിവിലാണ്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ വിവരം അറിയിച്ചത്.
ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്ഥയിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്ദാനം ചെയ്തു.
ചേതന് സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്ടമായിരുന്നു.സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.
അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ് സ്റ്റാഫുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്നും ഇത് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇരുവരും നിഷേധിച്ചു.
‘ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല’ സ്ലേറ്റര്‍ പറഞ്ഞു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ്, ന്യൂസിലാന്‍ഡ് സംഘം മാലിദ്വീപില്‍ കഴിയുന്നത്. ഇവര്‍ ഇവിടെ രണ്ടാഴ്ച ക്വാറന്‍റൈനില്‍ കഴിയണം.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവരെ പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആരും ടീമിൽ ഇല്ല. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ ഓൾറൗണ്ടർമായി ടീമിൽ ഇടം പിടിച്ചു. ഋഷഭ് പന്താണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സാഹയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവർ ഓപ്പണിംഗ് സ്ഥാനത്തെത്തുമ്പോൾ അഗർവാൾ പകരക്കാരുടെ ബെഞ്ചിലാവും. നായകൻ വിരാട് കോലിക്കൊപ്പം ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ടീമിലുണ്ടാവും. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, അർസാൻ നഗ്‌വാസ്‌വല്ല എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്.
The All-India Senior Selection Committee has picked the Indian squad for the inaugural ICC World Test Championship (WTC) final and the five-match Test series against England. #TeamIndia pic.twitter.com/emyM8fsibi
— BCCI (@BCCI) May 7, 2021
മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു.
മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു.
10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ (45) കോവിഡ് മൂലം മരണപ്പെട്ടത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വേദയുടെ മുൻ പരിശീലകനായ ഇർഫാൻ സെയ്താണ് വേദയുടെ സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന വത്സല ശിവകുമാറിനെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഏപ്രിൽ 24ാം തീയതിയാണ് വേദയുടെ അമ്മ ചെലുവംബ ദേവി കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനു പിന്നാലെ സഹോദരിക്കും കോവിഡ് ബാധിച്ചുവെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും വേദ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു.
തന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് വേദ സഹോദരിക്ക് കോവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയിരുന്നത്.
ഐപിഎല്‍ 2021 സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകിലെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ യു.എ.ഇയില്‍ ചൂട് കൂടുതലായിരിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യു.എ.ഇയില്‍ നടത്താനായില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.
ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കില്‍ അവിടുത്തെ കാലാവസ്ഥ താരങ്ങള്‍ക്ക് അനുകൂലമാകും. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. വിദേശ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനും പ്രയാസമുണ്ടാകില്ല.
ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് ഇന്ത്യയെ വേദിയാക്കുക എന്നത് ബി.സി.സി.ഐ പൂര്‍ണമായും തള്ളിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ജൂലൈയിലാവും ഐ.സി.സി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബര്‍-നവംബറിലായാണ് ലോക കപ്പ് നടക്കുക.
ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി ടി20 ലോക കപ്പിന് യു.എ.ഇ വേദിയാക്കാനുള്ള ആലോചന പരിഗണനയിലുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ച സാഹചര്യവും കോവിഡ് മൂന്നാം തരംഗ സാദ്ധ്യതയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നത്.
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.