Sports

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.

ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.

കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള്‍ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.

 

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫ്രാൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാർ നീട്ടി ദിവസങ്ങൾക്ക് ശേഷം അർജന്റീനക്കെതിരെയുള്ള ഫ്രാൻസിന്റെ FIFA ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിദിയർ ദെഷാംപ്‌സ്. ഫൈനലിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.

തന്റെ കരാർ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്‌സ് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടെന്ന് വെളിപ്പെടുത്തി. അർജന്റീനയ്‌ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന്റെ മോശം തുടക്കത്തെക്കുറിച്ച് ദെഷാംപ്‌സിനോട് ചോദ്യങ്ങൾ ഉയർന്നിരുന്നു.ദെഷാംപ്‌സ് ആശ്ചര്യപ്പെടുത്തുന്ന ഒരു അഭിപ്രായം രേഖപ്പെടുത്തി, “ഞങ്ങൾ ടാസ്‌ക്കിന് തയ്യാറായിരുന്നില്ല.വിവിധ കാരണങ്ങളാൽ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലർത്താത്ത അഞ്ച് കളിക്കാർ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായിരുന്നു” പരിശീലകൻ പറഞ്ഞു.

കോച്ച് പേരുകളൊന്നും പരാമർശിച്ചില്ലെങ്കിലും, കൈലിയൻ എംബാപ്പെ ഹാട്രിക്കോടെ ഫ്രാൻസിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ മാറ്റിസ്ഥാപിച്ചു. ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് തിരിച്ചയച്ചത്.

“ഞാൻ ശക്തമായ വാക്കുകൾ ഉപയോഗിക്കാൻ പോകുന്നില്ല, പക്ഷേ ഞങ്ങൾ ഒരു മണിക്കൂർ അവിടെ ഉണ്ടായിരുന്നില്ല,” കോച്ച് കൂട്ടിച്ചേർത്തു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മർദത്തിൻ കീഴിൽ ഹാട്രിക് നേടിയ യുവതാരമാണ് ഫ്രാൻസിനെ മുന്നോട്ട് കൊണ്ട് പോയത്.എട്ട് ഗോളുകൾ നേടിയ പിഎസ്ജി സൂപ്പർ താരം ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു.

യൂറോ ക്ലബുകൾ കൈ ഒഴിഞ്ഞതോടെ കരിയർ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന തുകയ്ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിൽ.

ഇതുസംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

അൽ നസർ ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്സി പിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.

ക്ലബ്ബില്‍ ഫോര്‍വേഡായിത്തന്നെയാണ് താരം കളിക്കുന്നത്. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.

ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. എട്ട് ലക്ഷത്തിൽ നിന്നും ക്ളബിൻ്റെ സോഷ്യൽ മീഡിയ ലൈക്ക് 40 ലക്ഷ്ത്തിലേക്ക് എത്തിയതും ഇതിനിടെ ശ്രദ്ധേയമായി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല്‍ സീസണും, ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും. രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്‍മുട്ടിലെ എല്ലുകള്‍ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും. കാല്‍മുട്ടിലെ പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിലെ എല്ലുകള്‍ക്ക് ഏറ്റ ക്ഷതം ഗുരുതരമാണെങ്കിൽ തിരികെ വരാന്‍ വീണ്ടും സമയമെടുക്കും.

ഫെബ്രുവരി 9നാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിയും വരും.

അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.  ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തനിക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ലെന്ന് താരം പറഞ്ഞു

എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങള്‍ എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ല- എംബാപ്പെ പറഞ്ഞു.

തോല്‍വിക്ക് ശേഷം താന്‍ ചില പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഖത്തറിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കരകയറിയെന്നും ലീഗ് 1 പുനരാരംഭിച്ചപ്പോള്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ പിഎസ്ജി 2-1ന് അവസാന നിമിഷം വിജയിക്കുകയും ചെയ്തുവെന്ന് എംബാപ്പെ പറഞ്ഞു.

ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല്‍ തോല്‍വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്‍പ്പിക്കും. ഫൈനലിനുശേഷം ഞാന്‍ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു -എംബാപ്പെ കൂട്ടിചേര്‍ത്തു.

ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടതി പിന്നില്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് ടി20യ്ക്ക് പുറമേ കെഎല്‍ രാഹുലിനെ തഴഞ്ഞ് ഏകദിനത്തിലും അവസരം നല്‍കാനായിരുന്നു സെലക്ടര്‍മാരുടെ പദ്ധതി. എന്നാല്‍ രോഹിത് കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മോശം ഫോമിലായതിനാല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കൊപ്പം ഏകദിന പരമ്പരയിലും കെഎല്‍ രാഹുലിനെ മാറ്റി നിര്‍ത്താനായിരുന്നു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. പകരം സഞ്ജുവിനെ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രോഹിത് ഇതിനോട് യോജിച്ചില്ല.

ഏകദിന ടീമില്‍ സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ റോള്‍ രാഹുലിനു നല്‍കണമെന്നും രോഹിത് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമീപകാലത്തു മോശം ഫോമിലായിട്ടും രാഹുല്‍ ഏകദിന ടീമില്‍ ഇടംപിടിച്ചത്.

ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. ഇഷാന്‍ കിഷനാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിനു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണുള്ളത്. ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ലോകകപ്പിന് ശേഷം പിഎസ്ജിയില്‍ പരിശീലനത്തിനായി തിരിച്ചെത്തിയതിന് പിന്നാലെ ക്ലബ് വിടുമെന്ന ഭീഷണിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കീലിയന്‍ എംബാപ്പെ. പിഎസ്ജിയില്‍ തുടരാനായി മൂന്ന് പ്രധാനപ്പെട്ട നിബന്ധനകള്‍ ആണ് എംബാപ്പെ നിര്‍ദേശിച്ചിരിക്കുന്നത്.

ബ്രസീല്‍ നായകന്‍ നെയ്മര്‍ ജൂനിയറിനെ പിഎസ്ജിയില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പര്‍താരം സിനദിന്‍ സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പിഎസ്ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറെ ഒഴിവാക്കണമെന്ന് എംബാപ്പെ കതുറന്നടിച്ചെന്നാണ് സ്പാനിഷ് മാധ്യമത്തിലെ റിപ്പോര്‍ട്ട്.

ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എംബാപ്പെ ക്ലബില്‍ തുടരാനായി നെയ്മറെ വില്‍ക്കുകയും സിദാനെ എത്തിക്കുകയും വേണം. കൂടാതെ, മൂന്നാമത്തെ ആവശ്യമായി ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയ്‌നെ ക്ലബില്‍ എത്തിക്കണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, എംബാപ്പെ പിഎസ്ജിയില്‍ എത്തിയിട്ട് ഇതുവരെ ടീമിന് ചാംപ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. ചാംപ്യന്‍സ് ലീഗ് കിരീടമില്ലാത്തത് വലിയ പോരായ്മ ആയിട്ടാണ് എംബാപ്പെ കരുതുന്നത്. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്.

2024-2025 സീസണ്‍ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ സീസണിന് വേണ്ടി കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പിഎസ്ജി മാനേജ്‌മെന്റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും എതിരെ ഗുരുത ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത് എത്തി. റൊണാൾഡോക്ക് അടിസ്ഥാന വിദ്യാഭ്യാസം ഇല്ലെന്നും അതിനാൽ തന്നെ അയാൾക്ക് വിവരം ഇല്ലെന്നും പണ്ഡിതൻ പറഞ്ഞു. മെസി അനേകം മദ്യ ബ്രാന്റുകളുടെ അംബാസിറ്റർ ആണെന്നും മെസി മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ആരും കാണാത്ത ഒരു വീഡിയോ ഇപ്പോൾ വൈറൽ ആണെന്നും പറഞ്ഞ് കുറ്റപ്പെടുത്തി.

പ്രസംഗത്തിന്റെ തുടക്കത്തിൽ മെസിയെ കുറ്റം പറഞ്ഞ് തുടങ്ങിയ പണ്ഡിതൻ, മെസി യുവാക്കളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നും യുവാക്കളെ വഴിതെറ്റിക്കാനാണ് ഇത്തരം കമ്പനികളുടെ ബ്രാൻഡ് അംബാസിറ്റർ സ്ഥാനത്ത് ഇരിക്കുന്നതെന്നും പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ മണ്ടന്മാർ ആണെന്നും റൊണാൾഡോക്ക് ഒരു വിവരും ഇല്ലെന്നും ഉസ്താദ് തുടർന്ന് പറഞ്ഞു. റൊണാൾഡോക്ക് യാതൊരു വിവരവും ഇല്ലെന്നും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ പോലും അറിയില്ലാത്തതിനാൽ ഇഷ്ട വിഷയം ഏതാണെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ സയൻസ് എന്ന് പറഞ്ഞതിന് പകരം സിൻസ് എന്നാണ് പറഞ്ഞത് എന്നും ആരാധിക്കുന്ന താരത്തിന് ലോകം മുഴുവൻ ആരാധിക്കുന്ന റൊണാൾഡോ മണ്ടൻ ആണെന്നും കുറ്റപ്പെടുത്തി. എത്ര ഭാര്യമാർ ഉണ്ടെന്ന് റൊണാൾഡോക്ക് പോലും ഓര്മയില് എന്നും വ്യഭിചാരി ആണെന്നും പറഞ്ഞു.

RECENT POSTS
Copyright © . All rights reserved