അനയാസ വിജയം തേടിയിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ലോകകപ്പിൽ ഇന്ത്യയുടെ 50ാം വിജയമാണിത്. ഇന്ത്യയുർത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ 213 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമിക്ക് ഹാട്രിക് മികവാണ് ഇന്ത്യൻ വിജയം കരുത് പകർന്നത്. മല്‍സരത്തില്‍ ഷമി നാല് വിക്കറ്റ് നേടിയിരുന്നു.
ജയസാധ്യത ഇരുപക്ഷത്തേക്കും മാറിമാറിഞ്ഞ മൽസരമായിരുന്നു. ബാറ്റ്സ്മാൻമാരുടെ അപ്രതീക്ഷിത വീഴ്ചയിലും പതറാതെ ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം സമ്മാനിച്ചത്. അവസാന പന്തുവരെ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ അഫ്ഗാൻ, ഒടുവിൽ ഒരു പന്തു ബാക്കിനിൽക്കെ 212 റൺസിന് പുറത്താവുകയായിരുന്നു.
അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുർ റഹ്മാൻ എന്നിവരെ പുറത്താക്കിയാണ് ഷാമി ഹാട്രിക് നേട്ടം കൈവരിച്ചത്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറാതെ പൊരുതി അർധസെഞ്ചുറി നേടിയ മുഹമ്മദ് നബിക്കും നൽകണം കയ്യടി. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത നബി ഒരു ഘട്ടത്തിൽ ഇന്ത്യയുടെ മനസ്സിൽ തീകോരിയിട്ടതാണ്.
അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാൽ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാൽ, മൂന്നാം പന്തിൽ നബിയെ ലോങ് ഓണിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്കോറിങ് ഇഴഞ്ഞാണ് നീക്കിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യ നേടിയത്. 67 റൺസ് നേടിയ നായകന്‍ വിരാട് കോലിയാണ് ടോപ്പ് സ്കോറർ. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.
സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് അഭിമാനിക്കാൻ.
രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും, നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.
അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു. ലങ്കൻ ജയം 20 റൺസിന്. അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്സ് (84 പന്തിൽ 73), ജോറൂട്ട് (89 പന്തിൽ 57) എന്നിവർക്കല്ലാതെ മറ്റാർക്കും ഇംഗ്ലിഷ് നിരയില്‍ തിളങ്ങാനായില്ല. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ ലങ്കൻ ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി. ധനഞ്ജയ ഡിസിൽവ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.
5ന് 144 എന്ന നിലയിൽ നിന്ന് 68 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണു നഷ്ടപ്പെട്ടത്. ജയിംസ് വിൻസ് (18 പന്തിൽ 14), ജോണി ബെയർസ്റ്റോ (പൂജ്യം), ക്യാപ്റ്റൻ ഒയിൻ മോർഗന്‍ (35 പന്തിൽ 21), ജോസ് ബട്‍ലർ (9 പന്തിൽ 10), മൊയീൻ അലി (20 പന്തിൽ 16), ക്രിസ് വോക്സ് (4 പന്തിൽ 2), ആദിൽ റാഷിദ് (2 പന്തിൽ 1), ജോഫ്ര ആർച്ചർ (11 പന്തിൽ 3), മാർക് വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്കോറുകൾ. ലങ്കൻ ബോളർമാരില്‍ ഇസുരു ഉഡാന രണ്ടും നുവാൻ പ്രദീപ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റൺസെടുത്തു. അർധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് (115 പന്തിൽ 85) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ദിമുത് കരുണരത്നെ (ഒന്ന്), കുശാൽ പെരേര (രണ്ട്), അവിഷ്ക ഫെർണാണ്ടോ (39 പന്തിൽ 49), കുശാൽ മെൻഡിസ് (68 പന്തിൽ 46), ജീവൻ മെൻഡിസ് (പൂജ്യം), ധനഞ്ജയ ഡിസിൽവ (47 പന്തിൽ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കൻ താരങ്ങളുടെ സ്കോറുകൾ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കീപ്പേഴ്സ് ഉള്ള ടീം ഒരുപക്ഷേ ഇന്ത്യയാകാം. ഋഷഭ് പന്തിന്റെ വരവോടെ ആകെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി.
ആര്‍ക്കെങ്കിലും വിക്കറ്റ് കീപ്പര്‍മാരുെട കുറവുണ്ടെങ്കില്‍ ഇന്ത്യയെ സമീപിക്കാം. ഒന്നും രണ്ടുമല്ല അഞ്ച് പേരാണ് ടീമിലുള്ളത്. അതില്‍ മൂന്ന്പേരും സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് കൗതുകം. ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയാണ് ഇന്ത്യയുടെ ശക്തി. തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും മിന്നല്‍ സ്റ്റംപിങ്ങുകളിലൂടെ കളിഗതി മാറ്റിയും ധോണി നിര്‍ണായക സാന്നിധ്യമായി. ഇന്ത്യയുടെ രണ്ടാംനമ്പര്‍ വിക്കറ്റ് കീപ്പറായാണ് ദിനേശ് കാര്‍ത്തിക് ടീമിലെത്തിയത്.
ഫിനിഷറെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക്. ധവാന് പരുക്കേറ്റതോടെ ടീമിലെത്തിയ ഋഷഭ് പന്താണ് ടീമിനെ മൂന്നാംസ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇടംകൈ ബാറ്റസ്മാന്‍മാര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പന്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അങ്ങിനെെയങ്കില്‍ ഹാര്‍ദിക്കിനൊപ്പം മറ്റൊരു പവര്‍ഹിറ്റര്‍ കൂടി ഇന്ത്യന്‍ നിരയിലെത്തും. വിക്കറ്റിന് പിന്നില്‍ കെ.എല്‍.രാഹുലും കേദാര്‍ ജാദവും കളിവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. 2017–ല്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായിരുന്നു ജാദവ്.
ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റൺസിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തില്‍ 333 റൺസെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുർ റഹീം സെഞ്ചുറി നേടി. 95 പന്തുകളിൽനിന്നാണ് മുഷ്ഫിഖുർ സെഞ്ചുറി തികച്ചത്.
ഓപ്പണർ തമീം ഇക്ബാൽ (74 പന്തിൽ 62), മഹ്മൂദുല്ല റിയാദ് (50 പന്തിൽ 69) എന്നിവർ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടി. സൗമ്യ സർക്കാര്‍ (8 പന്തിൽ 10), ഷാക്കിബുൽ ഹസൻ (41 പന്തിൽ 41), ലിറ്റൻ ദാസ് (17 പന്തില്‍ 20), ഷബീർ റഹ്മാൻ (പൂജ്യം), മെഹ്ദി ഹസൻ (7 പന്തിൽ 6), മഷ്റഫി മുര്‍ത്താസ (5 പന്തിൽ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. സൗമ്യ സർക്കാരിനെ ആരോൺ ഫിഞ്ച് റണ്ണൗട്ടാക്കുകയായിരുന്നു. ബംഗ്ലദേശ് സ്കോർ 102 ൽ നിൽക്കെ ഷാക്കിബുലിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അർധസെഞ്ചുറി നേടിയ തമീം ഇക്ബാൽ മിച്ചൽ സ്റ്റാർകിന്റെ പന്തിൽ ബൗൾഡായി. ലിറ്റൻ ദാസിനെ സാംപ വിക്കറ്റിനു മുന്നിൽ കുടുക്കി.
മുഷ്ഫിഖുർ റഹീമും മഹ്മൂദുല്ല റിയാദും ചേർന്ന് ബംഗ്ലാ സ്കോർ 300 കടത്തി. സ്കോർ 302ൽ നിൽക്കെ റിയാദിനെ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു പുറത്താക്കി. ഷബീർ റഹ്മാൻ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മെഹ്ദി ഹസനും മുർതാസയ്ക്കും ബംഗ്ലദേശിനായി കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ഓസീസിനായി മിച്ചൽ സ്റ്റാർക്, കോള്‍ട്ടർനൈൽ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി.
ഓപ്പണർ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 381 റൺസ്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ ഉയർത്തിയത്. 110 പന്തിൽ നിന്നാണ് ഡേവിഡ് വാർണർ സെഞ്ചുറി കുറിച്ചത്. വാർണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയത്. 147 പന്തിൽ 166 റൺസെടുത്ത് വാർണർ പുറത്തായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഉസ്മാൻ ഖവാജ (72 പന്തിൽ 89) എന്നിവർ അർധസെഞ്ചുറി നേടി.
ലോകകപ്പ് ടീമില്‍ നിന്നും പരുക്ക് മൂലം പുറത്താക്കപ്പെട്ടതിന് പിന്നാലെ വികാരഭരിതനായി ശിഖര്‍ ധവാന്‍. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.
”ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അറിയിക്കുന്നത് വളരെ വികാര ഭരിതനായാണ്. നിര്‍ഭാഗ്യവശാല്‍ തള്ളവിരല്‍ സമയത്ത് ശരിയാകില്ല. പക്ഷെ, ഷോ മസ്റ്റ് ഗോ ഓണ്‍. എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജയ് ഹിന്ദ്” ധവാന്‍ പറഞ്ഞു.
പരുക്കേറ്റ ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലായിരുന്ന ധവാന്റെ തള്ളവിരലിന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടായിരുന്നു പരുക്കേറ്റത്.
നാല് ആഴ്ചക്കുള്ളില്‍ ധവാന്‍ സുഖം പ്രാപിക്കുമെന്നും തിരികെ വരുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്നും അതിനാല്‍ പന്തിനെ പകരം ടീമിലെടുക്കുകയാണെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.
ധവാന് പരുക്കേറ്റതിന് പിന്നാലെ തന്നെ ബിസിസിഐ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ കളിക്ക് ശേഷമായിരുന്നു പന്തിനെ വിളിച്ചു വരുത്തിയത്. പക്ഷെ ആ മത്സരം മഴമൂലം ഉപേക്ഷിച്ചു. തൊട്ടടുത്ത മത്സരത്തില്‍ കെഎല്‍ രാഹുലിനെ ധവാന് പകരം ഓപ്പണില്‍ ഇറക്കി. വിജയ് ശങ്കറിനെ നാലാമതും ഇറക്കി. അപ്പോഴും പന്തിനെ ലോകകപ്പ് ടീമിലേക്ക് എടുത്തിരുന്നില്ല.
സെമിയ്ക്ക് മുമ്പ് തന്നെ ധവാന്‍ തിരികെ വരുമെന്നായിരുന്നു നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പന്തിന് ഭാഗ്യം തെളിയികുകയായിരുന്നു.
I feel emotional to announce that I will no longer be a part of #CWC19. Unfortunately, the thumb won’t recover on time. But the show must go on.. I’m grateful for all the love & support from my team mates, cricket lovers & our entire nation. Jai Hind!🙏 🇮🇳 pic.twitter.com/zx8Ihm3051
— Shikhar Dhawan (@SDhawan25) June 19, 2019
അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് വിജയം. നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി പ്രകടനമാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. അവസാന ഓവറില്‍ സിക്‌സടിച്ചാണ് വില്യംസണ്‍ സെഞ്ചുറി തികച്ചത്. തൊട്ടടുത്ത പന്തില്‍ വില്യംസണ്‍ തന്നെ വിജയ റണ്ണും കണ്ടെത്തി. മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ന്യൂസിലന്‍ഡ് വിജയതീരത്തെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങളും മങ്ങിയിരിക്കുകയാണ്. കെെ വെള്ളയിലുണ്ടായിരുന്ന കളിയാണ് ദക്ഷിണാഫ്രിക്ക കെെ വിട്ടത്.
ഓപ്പണര്‍ കോളിന്‍ മണ്‍റോയെ ഒമ്പത് റണ്‍സിന് പുറത്താക്കി ന്യൂസിലന്‍ഡിനെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക ഉലച്ചു. എന്നാല്‍ നായകന്‍ വില്യംസണ്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലുമൊത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 35 റണ്‍സെടുത്ത ഗുപ്റ്റില്‍ ഹിറ്റ് വിക്കറ്റായതോടെ ആ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ വന്ന റോസ് ടെയ്‌ലറും ടോം ലാഥവും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. രണ്ടു പേരേയും മടക്കിയയച്ചത് ക്രിസ് മോറിസായിരുന്നു.
പക്ഷെ വില്യംസണ്‍ ജയിക്കാനുറച്ചു തന്നെയായിരുന്നു ഇറങ്ങിയത്. ആദ്യം ജിമ്മി നീഷത്തെ കൂട്ടുപിടിച്ച് വില്യംസണ്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. പക്ഷെ 23 റണ്‍സെടുത്ത നീഷമിനെ പുറത്താക്കി മോറിസ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഗ്രാന്റ്‌ഹോം വില്യംസണിനൊപ്പം ചേര്‍ന്നതോടെ കളി വീണ്ടും കിവികള്‍ക്ക് അനുകൂലം. 47 പന്തുകളില്‍ 60 റണ്‍സ് എടുത്ത് ഗ്രാന്റ്‌ഹോം പുറത്തായെങ്കിലും കളി അപ്പോഴേക്കും പൂര്‍ണമായും കിവികളുടെ കൈയ്യിലായിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. സിക്‌സിലൂടെ ന്യൂസിലന്‍ഡിനെ ഒപ്പമെത്തിച്ച വില്യംസണ്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ വിജയ റണ്ണും നായകന്‍ നേടി. 138 പന്തില്‍ 108 റണ്‍സാണ് വില്യംസണ്‍ നേടിയത്.
നേരത്തെ, മധ്യനിരയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴമൂലം 49 ഓവറാക്കി ചുരുക്കി മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ കൂട്ടുപിടിച്ച് ഹാഷിം അലം പതിയെ സ്‌കോര്‍ ഉയര്‍ത്തി. 23 റണ്‍സെടുത്ത ഡുപ്ലെസിസിനെ പുറത്താക്കി ഫെര്‍ഗൂസണ്‍ കിവികള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ എയ്ഡന്‍ മര്‍ക്രം വന്നതോടെ കളി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി.
അര്‍ധ സെഞ്ചുറിയെടുത്ത അംലയെ സാന്റ്‌നറാണ് പുറത്താക്കിയത്. മര്‍ക്രം 38 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ വാന്‍ ഡര്‍ ഡസെനും ഡേവിഡ് മില്ലറും പൊരുതി. വലിയ അടികളുണ്ടായില്ലെങ്കിലും സ്‌കോര്‍ പതിയെ മുന്നോട്ട് നീങ്ങി. ഡസെന്‍ 64 പന്തില്‍ 67 റണ്‍സ് നേടി. മില്ലര്‍ 37 പന്തില്‍ 36 റണ്‍സും. മൂന്ന് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ താരം. ട്രെന്റ് ബോള്‍ട്ടും സാന്റ്‌നറും ഗ്രാന്റ്‌ഹോമും ഒാരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ തളച്ചു. അറുപതാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസിലൂടെ ബ്രസീല്‍ ഗോള്‍ േനടിയെങ്കിലും റിവ്യൂവിന് ശേഷം റഫറി ഗോള്‍ അനുവദിച്ചില്ല . ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. സമനിലയായെങ്കിലും നാലുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബ്രീസില്‍. അവസാന ഗ്രൂപ് മല്‍സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍.
അതേസമയം, പെറു ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28–ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകള്‍ . ജെഫേഴ്സണ്‍ ഫാര്‍ഫന്‍, എഡിസന്‍ ഫ്ലോര്‍സ് എന്നിവരാണ് ഗോള്‍ നേടിയത്.
ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴുവിക്കറ്റിന്‍റെ ആധികാരിക ജയം. വെസ്റ്റിന്‍ഡീസിന്‍റെ 321 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് എട്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്. ഷാക്കിബ് അല്‍ ഹസന്‍ 124 റണ്‍സോടെയും ലിറ്റണ്‍ ദാസ് 94 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സും 200 വിക്കറ്റുമെന്ന നേട്ടം ഷാക്കിബ് സ്വന്തമാക്കി.
16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷാക്കിബ് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. ഉറച്ച പിന്തുണയുമായി ലിറ്റൻ മറുവശത്തും നിലയുറപ്പിച്ചു. സൗമ്യ സർക്കാർ (29), തമീം ഇക്ബാൽ (48), മുഷ്ഫിഖുർ റഹിം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലദേശിനു നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ സർക്കാർ – തമീം ഇക്ബാൽ സഖ്യം 52 റൺസ് കൂട്ടിച്ചേർത്തു.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത അന്‍പത് ഓവറില്‍ 321 റണ്‍സ് എടുത്തു. വിന്‍ഡീസിനായി ഷായ് ഹോപ്പും, ഷിമറോണ്‍ ഹെയ്റ്റ്മെയറും അര്‍ധസെഞ്ചുറികള്‍ നേടി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ എന്നിവർ മൂന്നു വിക്കറ്റ് വീതം പിഴുതു. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.
‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അത്പോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊഹൈബ് പറഞ്ഞു.
‘മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്ന 1999ല്‍ പോലും 227 റണ്‍സ് പിന്തുടര്‍ന്ന് എടുക്കാനായിട്ടില്ല. അത്രയും ശക്തരായ ഇന്ത്യയുടെ ബോളര്‍മാര്‍ക്കെതിരെ പിന്തുടര്‍ന്ന് ജയികകാനാകുമെന്ന് സര്‍ഫറാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല,’ ഷൊഹൈബ് പറഞ്ഞു.
2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാകിസ്താന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ പറയുന്നു. സര്‍ഫറാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.
ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”സര്‍ഫറാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയറ് പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സര്‍ഫറാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.” അക്തര്‍ പറഞ്ഞു നിര്‍ത്തി.
ടോസ് കിട്ടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ഫറാസ് അഹമ്മദിനോട് പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
പാക്കിസ്ഥാനെ മുട്ടുമടക്കിച്ചെങ്കിലും ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. മത്സരശേഷം ഇന്ത്യക്ക് തിരിച്ചടിയാണ് ലഭിച്ചത്. മത്സരത്തിനിടെ പരിക്കറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.
തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു. പിൻതുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍ക്ക് രണ്ടോ മൂന്നോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് വിരാട് കോലി പറഞ്ഞു.
ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ഭുവിക്ക് സംഭവിച്ചത്. എന്നാല്‍, അത്ര ഗുരുതരമായ പരിക്കല്ലെന്നും വേഗം അദ്ദേഹം തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഷമിയുള്ളപ്പോള്‍ ടീമിന് വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
പക്ഷേ, ഭുവനേശ്വറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. പേസ്-സ്വിംഗ് കൂട്ടുക്കെട്ട് മറ്റു ടീമുകളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭുവിയുടെ അഭാവത്തില്‍ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ വീഴ്ത്തിയിരുന്നു