യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.
ബാങ്കിലെ കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട്(1310 കോടി രൂപ) സൗജന്യമായി എത്തിയത്. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരട്ടിയായതാണ് കാരണം.
പണം എത്തിയത് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്നായതിനാല്‍ ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു. യുകെയില്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. പണം ലഭിച്ചവര്‍ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
ഷെഡ്യൂളിംഗ് പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സാന്‍ടന്‍ഡറിന്റെ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗിന് പതിനാല് മില്യണ്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ആണുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകമെങ്ങും ബിറ്റ് കോയിൻ കൂടുതൽ മേഖലകളിൽ സ്വീകാര്യമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത് . ഏറ്റവും പുതുതായി കൊളംബിയൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോമായ തങ്ങളുടെ ഉപഭോക്താക്കളെ ബിറ്റ് കോയിൻ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും അനുവദിച്ചത് ലോകമെമ്പാടും ക്രിപ്റ്റോകറൻസിയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഫലമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാന്താ മാർട്ടയിലെ നാച്ചുറ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിനായി ആണ് ബിറ്റ് കോയിൻ പെയ്മെന്റുകൾ നടത്താൻ ലാ ഹൗസ് തുടക്കമിട്ടിരിക്കുന്നത്. കൊളംബിയൻ ബീച്ചുകളിൽ നിന്ന് നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഈ പാർപ്പിട സമുച്ചയം 2025 ഓടെ പൂർത്തിയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
വാങ്ങുന്നയാളുടെ സൗകര്യാർത്ഥം മൊത്തം തുകയോ അതുമല്ലെങ്കിൽ ഒരു ഭാഗമോ ബിറ്റ് കോയിൻ ഉപയോഗിച്ച് നൽകാനുള്ള സൗകര്യം ആണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പെയ്മെൻറ് പ്രോസസറായ ഓപ്പൺ നോഡുമായി ലാ ഹൗസ് കരാറിലേർപ്പെട്ടു കഴിഞ്ഞു. ഉപഭോക്താവിന് പൂർണസ്വാതന്ത്ര്യം നൽകുന്ന രീതിയിലുള്ള ഈ പദ്ധതി കൂടുതൽ പേരെ ആകർഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളുടെ ബിസിനസ്സിൽ ക്രിപ്റ്റോകറൻസി പെയ്മെന്റുകൾ നടത്താൻ ല ഹൗസ് നേരത്തെയും ഉപഭോക്താവിന് അവസരം നൽകിയിരുന്നു. നവംബർ മാസത്തിൽ മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലെ പ്രോജക്റ്റിലും കമ്പനി ബിറ്റ് കോയിൻ സ്വീകരിച്ചിരുന്നു.
ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ സെക്കണ്ടറി ക്ലാസ് മുറികളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്ക്കാൻ ഫെയ്‌സ് മാസ്‌കുകൾ ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സ്‌കൂളുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് മുഖം മറയ്ക്കുന്നതിനുള്ള താൽക്കാലിക പുനരവതരണം ലക്ഷ്യമിടുന്നത്.വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെട്ടു. തുടർനടപടികളില്ലാതെ ദേശീയ പരീക്ഷകൾ അപകടത്തിലാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
എയർ-ക്ലീനിംഗ് യൂണിറ്റുകൾ, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെൻസ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓൺ-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇൻസ്പെക്ഷൻ വ്യവസ്ഥയിൽ ഇളവ് എന്നിവയും അവർ ആവശ്യപ്പെട്ടു.
ക്രിസ്മസ് അവധിക്ക് ശേഷം യുകെയിലുടനീളമുള്ള സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളോട് ഓൺസൈറ്റ് കോവിഡ് പരിശോധനയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ, ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മുഖംമൂടി ശുപാർശ ചെയ്തിട്ടില്ലാത്ത യുകെ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ട്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അധ്യാപകർ ഫേസ്മാസ്‌കുകൾ ക്‌ളാസ് മുറികളിൽ ധരിക്കേണ്ടതില്ല.
ജനുവരി 26 വരെ മുഖം മൂടുന്നത് ആവശ്യമാണെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവി പറഞ്ഞു.നിലവിലെ ദേശീയ പ്ലാൻ ബി കോവിഡ് നടപടികൾ ജനുവരി 4-നോ അതിനടുത്തോ അവലോകനം ചെയ്യും.”ഒമിക്രോൺ വേരിയന്റ് വെല്ലുവിളികൾ അവതരിപ്പിക്കുന്നു എന്നതിൽ സംശയമില്ല, എന്നാൽ മുഴുവൻ വിദ്യാഭ്യാസ മേഖലയും കഠിനമായ പരിശ്രമത്തിലൂടെയാണ് പ്രതികരിച്ചത്, അതിന് നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ പ്രഥമ പരിഗണന” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളുകൾ, കോളേജുകൾ എന്നിവയിൽ 7,000 എയർ ക്ലീനിംഗ് യൂണിറ്റുകൾ ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഒമിക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം മൂലമുണ്ടായ കഴിഞ്ഞ ടേമിന്റെ അവസാനത്തിൽ ജീവനക്കാരുടെ അഭാവവും വർദ്ധിച്ചുവരുന്ന കോവിഡ് നിരക്കും വിദ്യാഭ്യാസത്തെ കൂടുതൽ തടസ്സപ്പെടുത്തുമെന്ന ആശങ്കൾ സർക്കാരിനുണ്ട്. അതിനാൽ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.
പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.
ഏകദേശം 1400 പൗണ്ടാണ് (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും തീരുമാനം ഉള്ളതായി അറിയുന്നു.
ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ് ഡൽഹിയിൽ പുനരാരംഭിക്കുന്നത്.
ഇന്ത്യയുടെ £533 മില്യൺ നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ.
മാസം തികയാതെ ആകാശത്തു പ്രസവിച്ച യുകെ മലയാളി നഴ്‌സിന്റെ കുഞ്ഞിന് സഹായ ഹസ്തവുമായി സ്കോട്ലാൻ്റിൽ നിന്നും കലാകേരളം ഗ്ലാസ്ഗോ. പുതുവത്സര പൊൻപുലരിയിൽ കനിവിന്റെ കൈനീട്ടവുമായി കലാകേരളം ഗ്ലാസ്ഗോയുടെ 5 പൗണ്ട് ചാരിറ്റി ചലഞ്ച് ഇന്നു മുതൽ ആരംഭിക്കും.
ചെറുതെങ്കിലും ഒരുമിച്ച് കൂടുമ്പോൾ വലുതാകുന്ന ഈ 5 പൗണ്ട് ചലഞ്ചിൽ കലാകേരളം ഗ്ലാസ്‌ഗോയോടൊപ്പം യുകെയിൽ നിന്നുള്ള ആർക്കും പങ്കുചേരാം. മലയാളം യുകെ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് കലാകേരളം ഗ്ലാസ്ഗോ ജനുവരി 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയും പകരം നിസ്സഹായാവസ്ഥയിലായ ‘ആകാശ പ്രസവ’ കുടുംബത്തിലെ കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആറാം മാസം ആദ്യ കുഞ്ഞു നഷ്ടപ്പെട്ട കുടുംബം രണ്ടാമത്തെ കുഞ്ഞിൻ്റെ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ ഒക്ടോബർ 5നാണ് പ്രസ്തുത ആകാശ പ്രസവം നടന്നത്. ഏഴു മാസം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പിറന്ന കുഞ്ഞിൻ്റെ ആരോഗ്യ നില അപകടത്തിലായപ്പോൾ അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയായിരുന്നു. ഉടനേ തന്നെ അമ്മയേയും കുഞ്ഞിനെയും ഏയർപോർട്ട് അധികൃതർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. തുടർന്ന് വിമാനം യാത്ര തുടർന്നു.
ആകാശ പ്രസവം അടുത്ത ദിവസത്തെ പ്രധാന വാർത്തയായി എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. ആശ്രയമായി ആരുമില്ലാതെ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി കുടുംബത്തിൻ്റെ നിലവിലെ അവസ്തയാണ് മലയാളം യുകെ ന്യൂസ് തുടർന്ന് യുകെ മലയാളികളെ അറിയിച്ചത്. നിരവധി നല്ല മനസ്സുകളുടെ സഹായം അവർക്ക് എത്തിയെങ്കിലും ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ അതൊന്നും അപര്യാപ്തമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കലാകേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ച് എന്ന പുതിയ ആശയവുമായി മുന്നോട്ട് വന്നത്. ആർക്കും അധിക ബാധ്യതയില്ലാതെ, ജനുവരി നാലാം തീയതി അവർ നടത്താനിരുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉപേക്ഷിച്ച് അതിന് പകരമായി ആകാശത്ത് ജീവൻ തുടിച്ച കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി അവരെത്തുകയായിരുന്നു. പുതുവത്സരാഘോഷത്തിനായി അവർ മാറ്റി വെച്ച തുക 5 പൗണ്ട് ചലഞ്ചിലേയ്ക്ക് അവർ നിക്ഷേപിക്കും.
സ്വയം കൂട്ടിയാൽ കൂടാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഈ യുകെ മലയാളി കുടുംബത്തിനെതിരെ മുഖം തിരിച്ച സമീപനം അവലംബിക്കുകയും യുകെയിലെ മലയാളികളുടെ മൊത്തം അട്ടിപ്പേറവകാശം ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുന്ന യുക്മ പോലും ചെറുതരി സഹായവുമായി മുന്നോട്ട് വരാതിരിക്കുകയും അതിനേക്കാളുപരി ഒരു ഫോൺ വിളിച്ചു സംസാരിക്കുവാൻ പോലും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കലാ കേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ചെന്ന ആശയവുമായി മലയാളം യുകെ ന്യൂസിനെ സമീപിച്ചത്. ആഗോള പ്രവാസി മലയാളികൾക്ക് എന്നും മാതൃകയായ കലാകേരളം ഗ്ലാസ്ഗോയുടെ മുൻവിധികളില്ലാതെയുള്ള ഈ സമീപനം പ്രവാസികൾക്ക് കരുത്തേകുന്നതാണ് എന്നതിൽ സംശയമില്ല.
സാമൂഹിക സാംസ്കാരിക രംഗത്തെ വേറിട്ട മുഖമാണ് എന്നും കലാകേരളം ഗ്ലാസ്ഗോ. 2006 മുതൽ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമാണ് കലാകേരളം. ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്ന, തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമൂഹത്തിന്റെ ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമാണ് 2014-ൽ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുവാൻ ഇടയാക്കിയത്.
വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്. ചേർച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുൾക്കൊള്ളുന്ന കലാകേരളം, അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മക്ക് ഏറെ പ്രാധാന്യം നൽകുന്നു.
നിലപാടുകളിലെ ദൃഢതയും, പ്രവർത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും,അർപ്പണബോധവും, ആത്മാർത്ഥവുമായ സംഘടനാ പ്രവർത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച് മുന്നേറുന്നു.
ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇതാദ്യമായി യുകെയിലെ ഒരു മലയാളി അസ്സോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഖ്യാതിയും കലാകേരളം ഗ്ലാസ്ഗോയ്ക്ക് തന്നെ. കലാകേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രസംഗം ജനശ്രദ്ധ നേടിയിരുന്നു.
കലാകേരളം ഗ്ലാസ്കോയൊരുക്കുന്ന 5 പൗണ്ട് ചലഞ്ചിൽ എങ്ങനെ പങ്ക്ചേരാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആകാശ പ്രസവത്തിലെ കുടുംബത്തിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. താല്പര്യമുള്ളവർ പുതുവത്സര കാലത്ത് മാറ്റിവെയ്ക്കാൻ സാധിക്കുന്ന 5 പൗണ്ടെങ്കിലും അവർക്കായി കൊടുക്കുക. അവർക്ക് ലഭിക്കുന്ന സംഭാവനയുടെ ബാങ്ക് സ്റ്റെറ്റ്മെൻ്റ് മലയാളം യുകെ ന്യൂസ് പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കഴിഞ്ഞ നാലുവർഷമായി വളരെ ജനകീയമായി യൂകെയുടെ വിവിധഭാഗങ്ങളിൽ വെച്ചു നടത്തിവന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 കോവിഡ് മൂലം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു . ഈ വർഷവും വളരെ വിപുലമായ ക്രമീകരണങ്ങളോടെ ഹേർട്ഫോർഡ്ഷയറിലെ വെല്ലിൻ ഗാർഡൻ സിറ്റിയിൽ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരുന്നത് . കോവിടിന്റെ അതിപ്രസരണം കുറയുന്നതോടെ വളരെ ജനകീയമായി തന്നെ ഇതേ വേദിയിൽ തന്നെ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നടത്താനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .
യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വലിയൊരു വേദി ഒരുക്കിയിട്ടുള്ള 7 ബീറ്റ്‌സ് സംഗീതോൽസവത്തിനോട് സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നതായി സംഘടകസമിതി ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷന്റെ സജീവ അംഗം എബിമോന്‍ ഉണ്ണിട്ടന്റെ മാതാവ് ശ്രീമതി ശോശാമ്മ ഉണ്ണിട്ടന്‍ (78) നാട്ടില്‍ നിരൃതയായി .
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ അറിയിച്ചു.
എബിമോന്‍ ഉണ്ണിട്ടന്റെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ ∙ ഒഐസിസി (യുകെ) യുടെ നേതൃത്വത്തിൽ ലണ്ടനിൽ ‘പി.ടി. തോമസ് എംഎൽഎ അനുസ്മരണം’ സംഘടിപ്പിച്ചു. ഒഐസിസി(യു കെ) യുടെ സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്ഫോമിൽ നടത്തിയ യോഗം’ അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തും കോൺഗ്രസിന്റെ സന്തത സഹചാരിയുമായ ഡിജോ കാപ്പൻ ഉദ്‌ഘാടനം ചെയ്തു. അദ്ദേഗം പിടിയെ അനുസ്മരിച്ചു നടത്തിയ പ്രസംഗം വികാരഭരിതവും യോഗത്തിൽ പങ്കുചേർന്നവർക്കു അവിസ്മരണീയവുമായി.
കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ നൽകിയ അനുസ്മരണ പ്രസംഗം പിടിയുടെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെൽപ്പിച്ച കനത്ത നഷ്‌ടത്തെയും, നട്ടെല്ലുള്ള നേതാവ് എന്ന നിലയിൽ കേരളജനതയ്ക്ക് അഭിമതനായ വ്യക്തിത്വത്തെ ഓർമ്മിപ്പെടുത്തുന്നതുമായി.
ബ്രിസ്റ്റോൾ മുൻ മേയറും കൗൺസിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോം ജോസ് തടിയൻപാട്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലിൽ (ജർമ്മനി), കേരളകോൺഗ്രസ് പ്രതിനിധിയും , മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡണ്ടുമായ സി. എ. ജോസഫ് , ഐഒസി പ്രതിനിധി ശ്രീ ബോബിൻ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തന കാലഘട്ടങ്ങളിൽ പിടി എന്ന അതുല്യ സംഘാടകനും മനുഷ്യ സ്നേഹിയുമായ രാഷ്ട്രീയ നേതാവിനെ തങ്ങളുടെ നേരറിവിൽ കണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ അനുസ്മരിച്ചതു പങ്കുചേർന്നവരുടെ ഹൃദയത്തിന്റെ ഏടുകളിൽ എഴുതപ്പെടുന്നതായി.
കെഎംസിസി യുകെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീർ പേരാമ്പ്ര, അർഷാദ് കണ്ണൂർ കേരളാ കോൺഗ്രസ് പ്രതിനിധികളായ ജിപ്സൺ തോമസ്, സോണി കുരിയൻ ഐഒസി പ്രതിനിധി അജിത് മുതയിൽ ഒഐസിസി വനിതാ കോഓർഡിനേറ്റർ ഷൈനു മാത്യു എന്നിവർ അനുശോചന സന്ദേശം നൽകി.
ഒഐസിസി യുടെ നാഷണൽ കമ്മിറ്റി മെംബേർസ് ഏവരും സന്ദേശങ്ങൾ പങ്കുവച്ച യോഗത്തിൽ മോഡറേറ്ററും ഒഐസിസി നേതാവുമായ അപ്ഫാ ഗഫൂർ ആലപിച്ച പിടിയുടെ ഇഷ്‌ട ഗാനമായ ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം വിങ്ങലായി മാറി.
ഒഐസിസി യുകെ പ്രസിഡന്റ് മോഹൻദാസ് നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 മത് ജന്മദിന ആശംസകള്‍ നേരുകയും ചെയ്തു..
യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.
ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.
ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.
എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.
വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.
തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.
മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.
പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.
മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.