സ്റ്റോക്ക് ഓൺ ട്രെൻഡ്: യുകെയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ കൊച്ചുകുട്ടികളുമായി എത്തിച്ചേർന്നവർ ഇന്ന് അവരുടെ കുട്ടികളുടെ ജീവിത സഖികളെ കണ്ടെത്താനുള്ള സമയങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്.
വന്നകാലത്തു സ്‌കൂളുകളിലേക്ക് ആണ് ഓടിയിരുന്നതെങ്കിൽ ഇന്ന് കാലം മാറി കുട്ടികൾ മിക്കവാറും വലുതായി നല്ല നല്ല ജോലികളിൽ നിലകൊള്ളുന്നു. 2001 കാലഘട്ടത്തിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളികൾ എത്തി തുടങ്ങിയത്. അവസാനമായി നാട്ടിൽ നിന്നും 100 മലയാളി നഴ്സുമാർ ആണ് പുതുതായി എത്തിച്ചേർന്നിരിക്കുന്നത്. ഇപ്പോൾ സ്റ്റോക്ക് മലയാളികൾ ശ്രമിക്കുന്നത് തങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളികളെ കണ്ടെത്തുവാനാണ്.
ഒരുപക്ഷേ സ്റ്റോക്ക് ഓൺ ട്രെയ്നിലെ ആദ്യത്തെ ഡോക്ടർ കുട്ടിയാണ് മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ റോയിസൺ & ആൻ ദമ്പതികളുടെ മൂത്ത കുട്ടിയായ റീജു റോയിസൺ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലീഡ്‌സിന് അടുത്തുള്ള ഹെറിഫോർഡ്ഷയർ NHS ഡിസ്ട്രിക്ക് ഫൗണ്ടേഷൻ ട്രസ്റ്റിൽ ആണ് റീജു പ്രാക്ടീസ് ചെയ്യുന്നത്. റീജുവിന്റെ ‘അമ്മ ആൻ റോയിസൺ, ഏക സഹോദരി സ്നേഹ എന്നിവർ സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ സ്റ്റോക്ക് ആശുപത്രിലെ നഴ്സുമാരായി ജോലി ചെയ്യുന്നു.
മണ്ണക്കനാട് സ്വദേശിയായ ജോസ് മാത്യു അനിമോൾ ദമ്പതികളുടെ മകനും ജർമ്മനിയിലെ മ്യൂണിക്കിൽ ഓട്ടോമോട്ടീവ് കമ്പനി എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന മാത്യുവും തമ്മിലുള്ള വിവാഹമാണ് ശനിയാഴ്ച (27 / 11 / 2021) രാവിലെ പതിനൊന്ന് മണിക്ക് മണ്ണക്കനാട് സെന്റ് സെബാസ്റ്യൻ പള്ളിയിൽ വച്ച് നടന്നത്.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഡോക്ടർ റീജുവിനും Mr. മാത്യുവിനും മലയാളം യുകെ യുടെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ. യു കെ മലയാളികൾക്ക് അഭിമാനമായി സ്വന്തമായി പാട്ടെഴുതി , പാടി അഭിനയിച്ചു ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയ once me എന്ന ഇംഗ്ലീഷ് ആൽബത്തിന്റെ രചയിതാവും , അഭിനേത്രിയും , ഗായികയുമായ ബെഡ്ഫോർഡിലെ ഡെന്ന ആൻ ജോമോനെ തേടി കൂടുതൽ ആംഗീകാരങ്ങൾ എത്തുന്നു . റിലീസ് ആയി മൂന്നാഴ്ച തികയും മുൻപേ ഒരു ലക്ഷം ആളുകൾ കണ്ട ഈ വീഡിയോ ആൽബം യു ട്യൂബിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എം പി മാരും , മന്ത്രിമാരും അടങ്ങുന്ന സംഘം ഡെന്നായെയും കുടുംബത്തെയും പാർലമെന്റില്‍ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന ഹാളിൽ വിളിച്ചു വരുത്തി മൊമെന്റോ നൽകി ആദരിച്ചത് .
ലോർഡ്, വാജിത് ഖാൻ ( ബേൺലി ), മുഹമ്മദ് യാസിൻ എം ,പി ,( ബെഡ്ഫോർഡ്), വിരേന്ദ്ര ശർമ്മ എം . പി .( സൗത്താൾ ), പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി സാറാ സുൽത്താന എം . പി .( കൊവെൻട്രി ), താൻ മഞ്ജീത് സിംഗ് ദേശി എം .പി, ( സ്ലോ ), നാവേ ന്തു മിശ്ര എം പി ( സ്റ്റോക്ക്‌പോർട് ) ഇമ്രാൻ ഹുസൈൻ എം. പി . ( ബ്രാഡ്ഫോർഡ് ഈസ്റ്റ് ) , ഖാലീദ് മുഹമ്മദ് എം പി . ( ഷാഡോ ഫോറിൻ ഓഫീസ് മിനിസ്റ്റർ-ബെർമിങ്ങ്ഹാം )അഫ്സൽ ഖാൻ എം . പി. ( മാഞ്ചസ്റ്റർ ) എന്നിവരാണ് ഡെന്നായെ അനുമോദിക്കാൻ എത്തിയത് .
കഴിഞ്ഞ ആഴ്ച ഡെന്നയുടെ താമസ സ്ഥലമായ ബെഡ്ഫോർഡിലെ എം പി മുഹമ്മദ് യാസിൻ, ഹൈ ഷെരിഫ് ഓഫ് ബെഡ്‌ഫോർഡ്ഷയർ എറിക് മെസ്സി,ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റി ചെയർമാനുമായ ബൽദേവ് കിൻഡ എന്നിവർ ചേർന്ന് ടൌൺ ഹാളിൽ വിളിച്ചു വരുത്തുകയും അനുമോദിക്കുകയും ചെയ്തിരുന്നു .ഗായകനും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും , ആയ ജോമോൻ മാമൂട്ടിലിന്റെയും , ജിൻസി ജോമോന്റേയും പുത്രിയാണ് എ ലെവൽ വിദ്യാർഥിനിയായ ഡെന്ന , ഈ ആൽബത്തിന്റെ റിലീസ് ചടങ്ങും വാർത്തകളിൽ ഇടം പിടിച്ചിരുന്നു , മലയാളത്തിന്റെ പ്രിയ ഗായകരായ കെ എസ് ചിത്ര, വേണുഗോപാൽ ,മലയാള സിനിമയിലെ നിരവധി സംവിധായകരുടെയും, നടീ, നടന്മാരുടെയും ഉൾപ്പടെ ഉള്ള നിരവധി പ്രമുഖരുടെ പേജുകളിൽ കൂടിയാണ് റിലീസ് ചെയ്തത്, കൂടാതെ യുകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു . ഈ ആൽബം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഇന്ത്യയിലെ ഭാഷകൾക്കതീതമായി എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു യുകെ മലയാളി നഴ്‌സായ സിമി ഫിലിപ്പിന്റെ ലണ്ടൻ ഹീത്രുവിൽനിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ ഉണ്ടായ പ്രസവം. വാർത്തകൾ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ആരൊക്കെയാണ്, എങ്ങനെയായിരുന്നു എന്നൊന്നും അറിയാതെ പലരും വാർത്തകൾ പടച്ചു വിടുകയായിരുന്നു. എന്നാൽ എന്താണ് വിമാനത്തിൽ നടന്നതെന്നും ആരൊക്കെയായാണ് പ്രവസമയത്തെ ജീവൻ മരണ പോരാട്ടത്തിൽ ഉണ്ടായിരുന്നതെന്നും വസ്തുനിഷ്ടമായി മലയാളം യുകെ യുകെ മലയാളികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.
ഈ സംഭവങ്ങളുടെ ലീഡ് ചെയ്‌ത നഴ്സുമാരിൽ ഒരാളായിരുന്നു സസ്സെക്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഓൺകോളജി നഴ്‌സായ ലീല ബേബി. എല്ലാത്തിനും സാക്ഷിയായ എയർ ഇന്ത്യ പോലും ഇവരെ അവഗണിച്ച സംഭവമാണ് യുകെയിലെ മലയാളികളുമായി പങ്കുവെക്കുന്നത്. എന്നാൽ ലീല ബേബി ചെയ്ത കാര്യങ്ങൾ സഹപ്രവർത്തകർ വഴി കേട്ടറിഞ്ഞ സസ്സെക്‌സ് NHS ട്രസ്ററ് വളരെ പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.
15 വർഷത്തെ അബുദാബി നഴ്സിംഗ് സേവനത്തിന് ശേഷമാണ് 2003 ൽ ലീല ബേബി കുടുംബസമേതം യുകെയിൽ എത്തുന്നത്. കോലഞ്ചേരി സ്വദേശിനി. ഭർത്താവ് പിറവം മാമ്മലശ്ശേരി സ്വദേശി ബേബി ജോസഫ്, മക്കൾ രൂപ നൈസിൽ, ദീപ നിബിൻ, ലോ വിദ്യാർത്ഥിനിയായ അനുപമ ബേബി എന്നിവരടങ്ങുന്നതാണ് ലീല യുടെ കുടുംബം.
ഹീത്രുവിൽനിന്നും പുറപ്പെട്ട് എല്ലാവരും ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു സമയം. പെട്ടെന്നാണ് പൈലറ്റ് അറിയിപ്പ് വരുന്നത്. രണ്ടാമത്തെ അറിയിപ്പാണ് ലീല ബേബി കേൾക്കുന്നതും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നതും. ഈ സമയം കുറച്ചുപേർ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ മറിയാമ്മ നേഴ്സ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സാർത്ഥം ആണ് മറിയാമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. ചെറുപ്പക്കാർ ഉണ്ടല്ലോ എന്ന് കരുതിയാണ് മറിയാമ്മ ഒന്ന് മടിച്ചത്. ആദ്യമായി എഴുന്നേറ്റത് ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ചയാണ്. ഡോക്ടർ ബിരുദം നേടിയശേഷം നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു റിച്ച. ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനാണ് എന്ന തിരിച്ചറിവ് ലീല ബേബിയെ സിമിയുടെ അടുക്കലെത്തിച്ചു. ഈ സമയം എയർ ഹോസ്റ്റസ് ലീലയായോടായി ചോദിച്ചത് പ്രസവ ശ്രുശൂഷയുമായി പരിചയം ഉണ്ടോ എന്ന് മാത്രം. ഞാൻ ഓൺകോളജി നഴ്‌സാണ് എങ്കിലും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ആശുപത്രിയിൽ ചെയ്ത പരിജ്ഞാനം ഉണ്ടെന്നും ലീല ബേബി വ്യക്തമാക്കി.
സിമിയുടെ അടുക്കലെത്തിയ ലീല കാണുന്നത് കാര്യ വിവരങ്ങൾ തിരക്കുന്ന ഡോക്ടർ റിച്ചയെയാണ്. ലീലയെ കണ്ടതും ഡോക്ടർ റിച്ച ഫിലിപ്പ് ലീലക്കായി മാറിക്കൊടുത്തു. പിന്നീട് നടന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഇതിനകം വിമാനത്തിൽ ഉണ്ടായിരുന്ന ക്വിൽറ്റ് ഫ്ലോറിൽ നിരത്തി അതിലാണ് സിമിയെ കിടത്തിയത്. ഇതിനകം പറവൂർ സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിം റിച്ചയോടും ലീലയോടൊപ്പം ചേർന്നു. തുടർന്നെത്തിയവർ ചെങ്ങന്നൂർ സ്വദേശിനിയായ മറിയാമ്മ, മാലിനി, സ്റ്റെഫി, MALE നഴ്സുമ്മാരായ ജെയ്സൺ, വിൻചെസ്റ്ററിൽ താമസിക്കുന്ന, മാതാവിന്റെ മരണവിവരമറിഞ്ഞു മറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട മനു മദനൻ, പ്രജേഷ് (ITU MALE) നേഴ്സ്. ഇവരാണ് ഈ പ്രസവസമയത്തെ സഹപ്രവർത്തകർ.
ഇതിനകം സിമിയെ പരിശോധിച്ച ലീലയുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ആണ് ഞൊടിയിടയിൽ കടന്നുപോയത്. കുഞ്ഞിന്റെ തല വന്നു കൊണ്ടിരിക്കുന്നു. വെറും 7 മാസം മാത്രം വളർച്ചയുള്ള കുഞ്ഞ്. യാത്രയൊരു വിധ സൗകര്യങ്ങളും ഇല്ല. ലീലയും ഡോക്ടർ ഇൻഷാദും എല്ലാ കാര്യങ്ങളും ചെയ്യുന്നത് മുട്ടിൽ നിന്നുകൊണ്ടാണ്. ആത്മവിശ്വാസത്തെയും െദെവത്തെയും മനസ്സിൽ കരുതി… രണ്ടു പേരുടെ ജീവനാണ് എന്റെ കൈയിൽ എന്ന ചിന്ത… എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാവുന്നത് എന്റെയും ഡോക്ടർ ഇൻഷാദിന്റെയും പിൻ നമ്പർ ആണ് (യു കെയിൽ ജോലിചെയ്യാനുള്ള അംഗീകാരം). എന്നാൽ രണ്ട് ജീവനേക്കാൾ മേലെ എന്റെ പിൻ ഒന്നും അല്ല എന്ന തിരിച്ചറിവ്… കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആണ് പൊക്കിൾ കോടി മുറിക്കാൻ ഒരു ബ്ലേഡ് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്. ഉച്ചത്തിൽ വിളിച്ച ലീലയുടെ വാക്കുകൾ കേട്ട് ഒരു MALE നഴ്‌സാണ് പൊക്കിൾ കൊടി മുറിച്ചത്. ഒരു ടീമായി ഒരു മനസ്സായി എല്ലാവരും സഹായിച്ചു. കുഞ്ഞിനെ നഴ്‌സായ ലീല ബേബിയും ഡോക്ടർ ഇൻഷാദിന് ചേർന്നാണ് എടുത്തത്. തിരിച്ചു സിമിയിലേക്ക് തിരിഞ്ഞപ്പോൾ എല്ലാവരുടെയും മുഖഭാവം ഭീതിയിലേക്ക് വഴുതിവീണു. സിമിയുടെ ബ്ലഡ് പ്രഷർ താഴുന്നു. ഈ പ്രതികൂല സാഹചര്യത്തിലും റിച്ച എന്ന ഡോക്ടറുടെ ആശയവിനമയം… കൃത്യമായി സിമിയുടെ ഭർത്താവായ ചെറിയാനെ വിവരങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുന്ന, സാധ്വനമേകുന്ന ഒരമ്മയെപ്പോലെ…
സിമിയുടെ ആരോഗ്യ നില കാത്തുസൂക്ഷിക്കാൻ ഐ വി കൊടുക്കണം. വിമാനത്തിൽ ആകെയുള്ളത് രണ്ടെണ്ണം മാത്രം. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടു. അത്രമാത്രം മുൾമുനയിൽ നിന്നാണ് എല്ലാവരും കാര്യങ്ങൾ ചെയ്യുന്നത്. രണ്ടാമത് കുത്തിയിട്ടും ലഭിക്കാതായതോടെ എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങിയ സമയത്താണ് ഐ വി ഇടാൻ പ്രജീഷ് തയ്യാറായി മുൻപോട്ടു വരികയും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തതോടെ എല്ലാവരുടെയും ടെൻഷൻ അൽപം അയഞ്ഞു.
കുഞ്ഞിന്റെ താപനില നിലനിർത്താൻ പറ്റിയ ഒന്നും വിമാനത്തിൽ ഇല്ലായിരുന്നു. കുട്ടിയെ പിതാവായ ചെറിയാനെ കാണിക്കണം. പുതപ്പിൽ കുഞ്ഞിനെ പൊതിയാൻ സാധിക്കുന്നില്ല. നഴ്‌സായ മറിയാമ്മ പെട്ടെന്ന് കുട്ടികൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരായ അമ്മമാരെ സമീപിച്ചു. ഒരമ്മ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ മറിയാമ്മക്ക് എടുത്തു കൊടുത്തു. കാരണം മറ്റൊന്ന് ആരുടെയും അടുത്ത് മറ്റൊന്ന് എടുക്കാൻ ഇല്ലായിരുന്നു. പിന്നീട് നഴ്‌സായ മറിയാമ്മ തന്നെ കുഞ്ഞിനെ പിതാവായ ചെറിയാന് കൊടുക്കുകയാണ് ഉണ്ടായത്.
ഇതിനിടയിൽ പൈലറ്റുമായി സംസാരിച്ച ഇർഷാദ്.. കൂടുതൽ ചർച്ചകൾ മറ്റു സഹപ്രവർത്തകരോടും. ഏത്രയും പെട്ടന്ന് അടുത്തുള്ള എവിടെയെങ്കിലും ഇറക്കണമെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും എല്ലാവരും ഒരേ സ്വരത്തിൽ നിർദ്ദേശം വച്ചു. കാരണം 8 മണിക്കൂർ സഞ്ചരിച്ചു നാട്ടിൽ എത്താനുള്ള ആരോഗ്യസ്ഥിതി കുഞ്ഞിനില്ല എന്ന് ടീം ഒന്നാകെ അറിയിക്കുകയിരുന്നു.
എയർ ഇന്ത്യ ബെയ്സുകളിൽ മാത്രമേ ഇറങ്ങാൻ അനുമതി ലഭിക്കു എന്ന് വെളിപ്പെടുത്തിയ പൈലററ്റിന്റെ നിന്തരമായ ശ്രമം ഫലം കണ്ടു. ഫ്രാങ്ക്ഫർട്ടിൽ നിന്നും അനുമതി ലഭിച്ചതോടെ അമ്മയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നാട്ടിൽ ഇറങ്ങിയപ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്ത ലീലക്ക് കേരള റോട്ടറി ക്ലബ് ഗവേണർ ഒരു ഫലകം സമ്മാനിച്ചതാണ് ആകെയുള്ള അംഗീകാരം. ഒരു നന്ദി വാക്ക് എയർ ഇന്ത്യ പോലും പറഞ്ഞില്ല എന്നത് പോട്ടെ തിരിച്ചു യുകെക്ക് വരാനായി ടിക്കറ്റ് മാറ്റാനായി എയർ ഇന്ത്യ ഓഫീസിൽ എത്തിയ ലീല, കാര്യങ്ങൾ എല്ലാം ധരിപ്പിച്ചെങ്കിലും അവർക്കു ഇതുമായി യാതൊരു വിവരവും ഇല്ല എന്നാണ് അറിയിച്ചത്.
എന്നാൽ സിമിയുടെ ഹാൻഡ് ഓവർ ബാഗ് മാത്രം തയ്യാറാക്കിയ മറ്റൊരു നേഴ്സ് നാട്ടിലെ വാർത്ത ചാനലിൽ നിറയുകയായിരുന്നു അതിനർഹതപ്പെട്ടവർ പുറത്തുനിൽക്കുമ്പോൾ… മറ്റൊരു കാര്യം യുകെയിലെ മുൻനിര മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ വാർത്തകൊടുക്കുമ്പോൾ ചെയ്യാത്ത കാര്യം സ്വന്തം പേരിൽ അവകാശപ്പട്ട് വാർത്ത വരുകയും പിന്നീട് യഥാർത്ഥ അവകാശികൾ ഇതേ മാധ്യമങ്ങളെ സമീപിച്ചാൽ മെഡിക്കൽ ഫീൽഡിൽ തന്നെയുള്ള നമ്മൾ മലയാളികൾ നുണയൻമ്മാരാണ് എന്ന് അവർ മനസ്സിലാക്കുകയും പിന്നീട് ഏതൊരു കാര്യത്തിന് സമീപിച്ചാലും അവരുടെ മനോഭാവം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുക. കാരണം എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ആ പ്രസവത്തിൽ 80 ശതമാനം കാര്യങ്ങളും ചെയ്‌തത് ഡോക്ടർ ഇൻഷാദ്, ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ച, നഴ്‌സായ ലീല ബേബി എന്നിവർ ചേർന്നാണ്.
ഒന്നിലും പരാതിയില്ലെന്ന് ആവർത്തിച്ച ലീല ബേബി ഒന്ന് പറഞ്ഞു…. വാർത്ത എനിക്ക് നൽകുന്ന സംതൃപ്തിയേക്കാൾ അധികമായി സംതൃപ്‌തി തോന്നുന്നത് ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ആണ് എന്ന് മലയാളം യുകെയുമായി പങ്ക് വെച്ചു. ഇതുതന്നെയല്ലേ ഇവർ തന്നെയല്ലേ ആ മാലാഖ എന്ന വിശേഷണത്തിന് അർഹ…
ഫാ. ഹാപ്പി ജേക്കബ്
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തിരുജനനത്തിന്റെ ഒരുക്ക ശുശ്രൂഷയിലേക്ക് നാം കടക്കുകയാണ്. ഒരു അനുസ്മരണം മാത്രമാണ് തിരുജനനം എങ്കിൽ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ്. എന്നാൽ തിരുജനനം അനുഭവം ആണെങ്കിൽ അതിനു വേണ്ടി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അവൻ അന്യനൻ ആണെങ്കിൽ പിന്നെ നാം എന്തിന് ഒരുങ്ങണം ? എന്തിന് കാത്തിരിക്കണം ?
തിരുജനനത്തിൻറെ ആദ്യ വാക്കുകൾ വന്നു പതിച്ചത് പരിശുദ്ധ മറിയത്തിന്റെ കാതുകളിലാണ്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം . കർത്താവ് നിന്നോടുകൂടെ. വി. ലൂക്കോസ് 1: 28. ആധുനിക കാലങ്ങളിൽ വിശ്വാസം വ്യതിചലിക്കുകയും ഭൗതികത ആശ്രയം ആകുകയും ചെയ്യുമ്പോൾ നാം അറിയാതെ തന്നെ ഈ മംഗളവാർത്ത നമ്മിൽ നിന്ന് അകലുന്നു. താൻ പേനിമയും ,ആസക്തിയും, മായാ മോഹങ്ങളും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരിക്കൽ നാം അകന്നു കഴിയുമ്പോൾ തിരിച്ചുവരവിന്റെ പാത അന്യമായി തീരുന്നു. “കർത്താവു നിന്നോട് കൂടെ ” എന്ന ദൈവവചനം എന്ന് നമ്മിൽ നിന്ന് മാറുന്നുവോ അന്ന് തുടങ്ങും നമ്മുടെ പതനവും .
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ നാം വായിക്കുന്നു, ആദിയിൽ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു . ആ വചനം ആണ് മാലാഖ മറിയത്തോട് അരുളിച്ചെയ്തത് . ആ വചനം സ്വീകരിച്ച് വചനം ജഡമായി അവതരിക്കുവാൻ മറിയം പറഞ്ഞു “ഇതാ ഞാൻ കർത്താവിൻറെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ ” .
ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ വിധേയത്വവും വിശ്വാസവുമാണ്. രക്ഷകൻ ജനിക്കുവാനുള്ള അടിസ്ഥാന കാരണങ്ങളായി ഇതിനെ നമുക്ക് കാണാം. ഇനി നമ്മിലേക്ക് ഒന്ന് നോക്കിയാൽ ഇവ രണ്ടും നാം എന്നേ മറന്നൂ. ജീവിത യാത്രയിൽ ഇവ രണ്ടുമില്ലാതെ ഇത്രയും സഞ്ചരിച്ചു. ഒരു തിരിച്ചറിവിനേക്കാൾ കൂടുതലായി പിന്തുടർന്ന വഴികൾ അല്ലേ നമ്മെ കൊണ്ടുപോകുന്നത്.
അവൻ അന്യനല്ല എൻറെ ഇമ്മാനുവേൽ ആണെങ്കിൽ നാം അവനെ നമ്മുടെ ഉള്ളിൽ സ്വീകരിച്ചേ മതിയാവൂ. പഴയനിയമത്തിൽ അവന് ധാരാളം നാമങ്ങൾ നൽകിയിട്ടുണ്ട്. അവൻ രക്ഷകൻ ആണ് , വീണ്ടെടുപ്പ് ആണ് , അത്യുന്നതൻ ആണ് , നല്ലിടയൻ ആണ് അവൻ എല്ലാം എല്ലാം ആണ് .
അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും , പ്രയാസങ്ങൾക്കും . ആഗ്രഹങ്ങൾക്കും മതിയായവൻ അവൻ തന്നെ . മറ്റെവിടെ നാം പോയാലും നിത്യ സമാധാനം ലഭിക്കണമെങ്കിൽ തിരിച്ച് വന്നേ മതിയാവുകയുള്ളൂ. ‘അവൻ നമ്മോടു കൂടെ ‘ എന്ന അർഥപൂർണമായ വാഗ്ദത്തം നാം ഉൾകൊണ്ടേ മതിയാവുകയുള്ളൂ.
അവൻ ബലവാനും സർവ്വശക്തനും ആണെങ്കിലും നമ്മുടെ വിധേയത്വവും സമർപ്പണവും ഇല്ല എങ്കിൽ എങ്ങനെ ഇമ്മാനുവേൽ ആകും . “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ; ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻറെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. വെളിപാട് 3: 20
ഇമ്മാനുവേൽ എത്ര കാലമായി നമ്മുടെ ഹൃദയ വാതിൽക്കൽ നിൽക്കുന്നു. എത്ര ക്രിസ്തുമസ് നാം പിന്നിട്ടു. അന്യനായി അല്ലേ നാം അവനെ കണ്ടിരുന്നത്. ലോകം മുഴുവൻ മഹാരോഗത്തിൽ വലഞ്ഞപ്പോഴും ഇപ്പോഴും ആശങ്കയും അവ്യക്തതയും നിലനിൽക്കുമ്പോഴും നാം തിരിച്ചറിയുക. ദൈവ പുത്രന് ജനിക്കുവാൻ ഒരിടം വേണം. അവൻ എൻറെ ഹൃദയ വാതിലിൽ നിന്നും മുട്ടുമ്പോൾ വാതിൽ തുറക്കുവാൻ എൻറെ വിശ്വാസവും വിധേയത്വവും കന്യകയെ പോലെ സമർപ്പിക്കുവാൻ കഴിയട്ടെ . നാം ഇന്നും ജീവനോടെ നിലനിൽക്കുന്നുവെങ്കിൽ അവൻ നിലനിർത്തി എങ്കിൽ അവന് ഞാൻ അന്യനല്ല. എനിക്ക് അവൻ എൻറെ ഇമ്മാനുവേൽ .
ലോകരക്ഷകൻ ബലം നൽകി നമ്മെ ആ നല്ല ദിനത്തിലേയ്ക്ക് ഒരുക്കട്ടെ .
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
യു.കെ : ഡൗണിങ്ങ് സ്റ്രീറ്റിലെ 10-ാം നമ്പര്‍ വസതിയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ അതിഥിയായി മലയാളിയും. കോവിഡ്-19 ആഗോള വ്യാപന കാലഘട്ടത്തിലുടനീളം ധൈര്യപൂര്‍ണ്ണവും, നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ കാഴ്ചവച്ച കഠിനാധ്വാനികളായ യു.കെ.യിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സില്‍ മുന്നിട്ട് നിന്നവരെ അനുമോദിക്കുവാനും, തൻെറ നന്ദി അര്‍പ്പിക്കുവാനുമാണ് അദ്ദേഹം തൻെറ വസതിയിലേയ്ക്ക് ക്ഷണിച്ചത്.
മലയാളികള്‍ക്കേവര്‍ക്കും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് വാട്ഫോഡ് ഓബന്മിയര്‍ കെയര്‍ഹോമിലെ ഡെഫ്യ്യൂട്ടി മാനേജറായ സിജിന്‍ ജേക്കബും പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ ഒരംഗമായിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, മഹാമാരിയുടെ കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുവാനും സിജിന്‍ ജേക്കബിന് അവസരം ലഭിച്ചു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ സിജിന്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി യു.കെ.യിലെ വാട്ഫോഡിലാണ് താമസം. വാട്ഫോഡ് ജെനെറല്‍ ഹോസ്പിറ്റലില്‍ നഴ്സായ ഷെറിന്‍ ഭാര്യയും, നൈജില്‍ (8 വയസ്സ്), എവ്ലിന്‍ (3 വയസ്സ്) ഇവര്‍ മക്കളുമാണ്.
വാടഫോഡ് കെ.സി.എഫ് എന്ന ചാരിറ്റി സംഘടനയിലെ സജീവ സാന്നിദ്ധ്യമാണ് സിജിനും കുടുംബവും.
ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്‌ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.
നോർത്ത് അന്റ്‌ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്.
കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കേരളത്തിലെ 52 ശതമാനം സ്ത്രീകളും ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിന് ന്യായീകരിച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം വളരെ കുറച്ച് പുരുഷന്മാർക്ക് മാത്രമാണ് ഇത് ശരിയാണെന്ന് അഭിപ്രായം ഉള്ളത്. ദേശീയ കുടുംബാരോഗ്യ സർവ്വേയിൽലെ ഞെട്ടിപ്പിക്കുന്ന കണക്കുകളെക്കുറിച്ച് എഴുത്തുകാരിയും സാമൂഹിക നിരീക്ഷികയുമായ ജോസ്ന സാബു സെബാസ്റ്റ്യൻെറ നിരീക്ഷണം ശ്രദ്ധേയമാവുകയാണ് . ജോസ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം.
എന്തൊരു നാണക്കേടാ പെണ്ണുങ്ങളെ ഇങ്ങനെ എന്നെ തല്ലിക്കോളു ഞാൻ നന്നാവില്ല എന്ന് പറഞ്ഞു നിൽക്കണെ?
നമ്മളെക്കാൾ ഇച്ചിരി തളർന്നവനെ അത് ആണോ പെണ്ണോ കുഞ്ഞോ മൃഗമോ എന്ത് തന്നെ ആയിക്കൊള്ളട്ടെ കീഴടക്കണം അടിച്ചൊതുക്കണം എന്നുള്ള ചിന്താഗതി. തല്ലിത്തീർത്തു മസിൽപെരുപ്പു മാറ്റുന്ന കാലമൊക്കെ പോയി കേട്ടോ .
ഇത്രമാത്രം വിദ്യാഭ്യാസം നേടിയ സമൂഹമായിട്ടും തന്നെക്കാൾ ശാരീരീരികമായി ചെറുത്തു നില്ക്കാൻ കഴിവില്ലാത്തവളെ തല്ലി ഒതുക്കുകയും അതേപോലെ തന്നെ ഇങ്ങനെ തല്ലു വാങ്ങി കൂട്ടാൻ നിന്നുകൊടുക്കുകയും ചെയ്യുന്ന സമൂഹത്തിൽ നിന്നും നമുക്കൊന്ന് മാത്രം മനസിലാക്കാം, നമ്മൾ രാവിലെ ചോറുപാത്രം നിറയെ ചോറും ചമ്മന്തിയും മുട്ടവറുത്തതും കുത്തി നിറച്ചുകൊണ്ടു പോയി എന്നതല്ലാതെ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമ്മളൊരു കോപ്പും നേടിയിട്ടില്ല .
ഈ അടീംഇടീം ഒക്കെ ഇവിടെ ഇംഗ്ലണ്ടിലെങ്ങാനും നടക്കണമായിരുന്നു. നാലും നാലു പാത്രങ്ങളായി കുഞ്ഞുങ്ങൾ വല്ലോ സോഷ്യൽ വർക്കർമാരുടെയും കയ്യിലിരുന്നേനെ.
ആണുങ്ങൾ അവൻ പണ്ടുമുതലേ അവന്റെ മസിലുകൊണ്ടു മാത്രം മുന്നേറിയവനാണ് . ശിലായുഗം മുതൽ കാടും മേടുമൊക്കെ വെട്ടിപിടിച്ചു മൃഗങ്ങളോട് മല്ലിട്ടു സ്വന്തം വീട്ടിൽ വരുന്ന അവന്റെ ആ മസിൽ കരുത്തിൽ അവളുടെ പൂർണസംരക്ഷണം ഉറപ്പിച്ചിരുന്ന നാളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലം ഇത് ശിലായുഗം അല്ല, ഇന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ എല്ലാം യന്ത്രവൽക്കരണമാണ് . അല്ലാതെ ആണുങ്ങൾ അവന്റെ മസിലുകൊണ്ട് ഒരു കോപ്പും ചെയ്യുന്നില്ല, അങ്ങനെ അനങ്ങാതിരുന്നു അവന്റെ മസിൽ തുരുമ്പു പിടിക്കാതിരിക്കാൻ കൺമുമ്പിലുള്ള പെണ്ണുങ്ങളെ ദേഹോപദ്രവം ഏല്പിച്ചു രസിക്കുന്നതിന് പെണ്ണുങ്ങൾ തന്നെ കൂട്ട് നിൽക്കുന്നത് സഹതാപകരം .
ഇവിടെ ആണോരുത്തൻ മനസിലാക്കേണ്ടത് നിങ്ങൾ മസിൽ കൊണ്ട് പിടിച്ചടക്കിയ ലോകത്തേക്കാൾ കൂടുതൽ ഒരു പെണ്ണ് അവളുടെ കരുതലും ബുദ്ധിയും കൊണ്ട് വളർത്തിവലുതാക്കിയ സമൂഹമാണ് ഇന്നീ നമ്മുടെ മുമ്പിലുള്ളത് . അവൾ അവൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയെല്ലാം നിന്നെ അടക്കം ഒമ്പതു മാസം ചുമന്നു നെഞ്ചോടമർത്തി വീട്ടുകാരൻ വരും വരെ തന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് ഓതിക്കൊടുത്തു അവരോടൊപ്പം കളിച്ചു വീടുനിറയെ ഉള്ളവരുടെ വിശപ്പകറ്റി തന്റെ വയർ കെട്ടി അമർത്തി തളർന്നുറങ്ങുന്ന പലസന്ധ്യകൾ , അക്രമത്തിനിരയാകുന്ന രാത്രികൾ, മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ, കുറ്റപ്പെടുത്തലുകൾ . ഇവയൊക്കെ ഉൾപ്പെടെ അവളുടെ ഒരുദിവസത്തെ എഴിതി തിട്ടപ്പെടുത്താൻ പറ്റിയ കാൽക്കുലേറ്റർ അന്നുമില്ല ഇന്നുമില്ല .
പിന്നെ അടിയും ഇടിയും കൊണ്ടാലും കൊണ്ടാലും വിട്ടുപോകാത്ത ചില ബന്ധങ്ങൾ അത് അവളുടെ കുടുംബത്തിന് , കുഞ്ഞുങ്ങൾക്ക് ഒക്കെ വേണ്ടിയുള്ള അവളുടെ സഹന ശക്തിയാണ് കാണിക്കുന്നത് . മറ്റുചിലർ പോകാൻ ഒരിടം ഇല്ലാത്തവളായിരിക്കാം , മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളെ താങ്ങാൻ കെല്പില്ലാത്തവളായിരിക്കാം, അല്ലങ്കിൽ ജീവിച്ചിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണുനീർ കാണാൻ ശേഷിയില്ലാത്തവളായിരിക്കാം അവളുടെ ആ നിസ്സഹായാവസ്ഥയെ ഇട്ടു അമ്മാനമാടുന്നവൻ തന്റ് സ്വന്തം ശവമഞ്ചം ഒരുക്കുന്നുന്നു. കാരണം അവന്റെ മകളും ആ വീട് വിട്ടു പോകേണ്ടവളാണ് അവളും കേറിചെല്ലുന്നത് ഇങ്ങനൊരു അപ്പന്റെ മകന്റെ മുമ്പിലേക്കായിരിക്കാം. അവിടെ നിനക്ക് മാറിനിന്നു കരയാനേ പറ്റുകയുള്ളു .
എന്നും പറഞ്ഞു എല്ലാ ആണുങ്ങളും സുരക്ഷിതരാണോ? ഒരിക്കലുമല്ല ആണുങ്ങളെയും പലതരത്തിൽ അടിച്ചമർത്തുന്ന പെണ്ണുങ്ങൾ കൂടി ഉള്ള സമൂഹമാണ് നമ്മുടേത് . അതിനാൽ നമ്മളിവിടെ മനസിലാക്കേണ്ടത് നമ്മളിപ്പോലും മസിലുകൊണ്ട് പ്രവർത്തിച്ചു ജയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് .still we don’t have brain in our head, still we have muscles in our head. For success, our muscles should transform into brain cells.
ഇപ്പോൾ ഈ കാലഘട്ടത്തിൽ ആരും ആരെക്കാളും ശ്രേഷ്ടരല്ല . എല്ലാരും ഒരേപോലെ ബഹുമാനിക്കപെടേണ്ടവരാണ് . സ്നേഹം ആദരവ് സഹകരണം ഇവയൊക്കെ നമ്മുടെ വീട്ടിൽ സമൂഹത്തിൽ ഒന്ന് വാരിക്കോരി കൊടുത്തു നോക്കിക്കേ. അവിടെ ഈ മസിൽ പവർകൊണ്ട് ജയിക്കുമ്പോൾ കിട്ടുന്ന താൽക്കാലിക സന്തോഷമല്ല…അതിലേറെ …
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.
ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
കൊറോണയുടെ ഒമിക്രോണ്‍ വകഭേദം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബ്രിട്ടൻ. നിലവിൽ ജി7 രാജ്യങ്ങളുടെ അധ്യക്ഷൻ ബ്രിട്ടനാണ്. തിങ്കളാഴ്ച ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗം ചേരുമെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നും ബ്രിട്ടന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജർമനി, ഇറ്റലി, ഓസ്ട്രേലിയ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽക്കൂടി ഒമിക്രോണ്‍ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി.
ജർമനിയിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ മൊസാംബിക്കിൽനിന്നെത്തിയ ആളുടേതാണ്. നെതർലൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 13 പേർക്കാണു വൈറസ് സ്ഥിരീകരിച്ചത്. ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോണ്‍ കേസുകൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൻറെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചു കഴിഞ്ഞു.
ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമിക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.
ഒമിക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ് അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒമിക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ പുതിയ ഒമിക്രോൺ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലുടനീളം കടകളിലും പൊതു ഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
യുകെയിൽ എത്തുന്ന എല്ലാവരോടും പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധനാ ഫലം നെഗറ്റീവാകുന്നതുവരെ അവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടിവരും. കടകളിലും പൊതുഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. പുതിയ വേരിയന്റിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
യാത്രാ വിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. അതേസമയം വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.