UK

താലിബാന്റെ ബദ്ധശത്രുക്കളായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവര്‍ ഉടന്‍ തിരികെ പോകണമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര നിര്‍ദേശം. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണിയുണ്ടെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. പതിനായിരത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനിരിക്കെയാണ് സുരക്ഷാ മുന്നറിയിപ്പ്.

ഐ.എസിന്റെ ഖൊറാസന്‍ യൂണിറ്റാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവിരം. ഇതോടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓഗസ്റ്റ് 31ന് മുന്‍പ് മുഴുവന്‍ പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബോംബാക്രമണ ഭീഷണി വെല്ലുവിളിയാകുമെന്ന് അമേരിക്കയുടെ രഹസ്യസേനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ ബഗ്രാം, പുള്‍-ഇ-ചര്‍കി എന്നീ ജയിലുകളില്‍ നിന്നും രക്ഷപെട്ട നൂറുകണക്കിന് ഐ.എസ് തീവ്രവാദികളാണ് ഇപ്പോള്‍ ഭീഷണി ആയിരിക്കുന്നത്.

ചിലര്‍ വിമാനത്താവളത്തിന് മുന്നില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി വിവരങ്ങളുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളും പറയുന്നു. അഫ്ഗാനിലുള്ള ഐ.എസ് ഖൊറാസന്‍ യൂണിറ്റില്‍ സിറിയയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള ഐ.എസിന്റെ പരിചയ സമ്പന്നരായ ജിഹാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ വിശാല പ്രദേശം എന്ന നിലയിലാണ് ഖൊറാസന്‍ എന്ന പേരിട്ടിരിക്കുന്നത്.

ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഐ.എസ് ഖൊറാസന്‍ അംഗങ്ങളാണ്. 2016 മുതല്‍ കാബൂളിലും പുറത്തും ഇവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.

ശൈത്യകാലത്ത് മറ്റൊരു തരംഗം മുന്നിൽ കണ്ട് പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകി കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാക്സീൻ ശേഖരിച്ച് കരുതലെടുക്കാൻ സർക്കാർ നടപടി തുടങ്ങി.

ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസു എടുത്തവരുക്കുള്ള സംരക്ഷണം ആറ് മാസത്തിനകം കു റയുന്നതായി ബ്രിട്ടനിൽ പഠനം. ശൈത്യകാലത്ത് “ഏറ്റവും മോശമായ സാഹചര്യത്തിൽ” പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന സംരക്ഷണം 50% ൽ താഴെയാകുമെന്നും പഠനത്തിൽ കണ്ടെത്തി.

ഫൈസർ-ബയോഎൻടെക് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 88% ഫലപ്രദമാണ്. എന്നാൽ അഞ്ച് മുതൽ ആറ് മാസം വരെ കഴിയുന്നതോടെ സംരക്ഷണം 74% ആയി കുറഞ്ഞതായാണ് കണ്ടെത്തൽ. വാക്സിൻ സ്വീകരിച്ച് നാല് മാസത്തിനുള്ളിൽ 14 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ്റെ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം സംരക്ഷണം 77% ആയി കുറഞ്ഞു. നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷം ഇത് 67% ആയി കുറഞ്ഞപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണത്തിൽ 10 ശതമാനത്തിൻ്റെ കുറവും രേഖപ്പെടുത്തി.

35 മില്യൺ ഡോസ് ഫൈസർ വാക്സീൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. ഇതുവരെ എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകളാണ് വിവിധ കമ്പനികളിൽനിന്നും ബ്രിട്ടൻ വാങ്ങിയത്.

50 വയസിനു മുകളിലുള്ളവർക്ക് സെപ്റ്റംബർ മുതൽ ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്സീൻ നൽകാമെന്ന് ജോയിന്റെ കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ കഴിഞ്ഞമാസം യോഗം ചേർന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാക്സീൻ കമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. എപ്പോൾ അനുകൂല തീരുമാനം ഉണ്ടായാലും വാക്സിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് 35 മില്യൺ ഫൈസർ വാസ്കീൻ കൂടി അധികമായി വാങ്ങുന്നത്.

ആദ്യ രണ്ടുഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠനറിപ്പോർട്ടുകൾ പരിശോധിച്ചാകും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സ്വന്തമായി വാക്സീൻ നിർമിച്ചും വാക്സിനേഷൻ ആദ്യം ആരംഭിച്ചും കോവിഡിനെ ഒരു പരിധിവരെ തുരത്തിയ ബ്രിട്ടൻ തന്നെ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും ആദ്യം……

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റും പ്രമുഖ സോളിസിറ്ററും ആയ ലൂയിസ് കെന്നഡിയുടെ ഭാര്യാപിതാവ് പ്രൊഫസർ എം. വി അഗസ്റ്റിൻ നിര്യാതനായി. കേരളത്തിൽ കൊച്ചി പള്ളുരുത്തിയിലാണ് വീട്. ഭാര്യ ഷീല അഗസ്റ്റിൻ . ഏകമകൾ ഹണി റോസ്. മൃതസംസ്കാരം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച സെൻറ് തോമസ് മൂർ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

തൃപ്പൂണിത്തറ ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന അഗസ്റ്റിൻ സാർ കേരളമൊട്ടാകെ വൻ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. വിരമിച്ചശേഷം ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദൂരവിദ്യാഭ്യാസ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ഒറ്റദിനം യു.കെയിലെത്തിയത്​ 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ്​ ശനിയാഴ്ച റിപ്പോർട്ട്​ ചെയ്​തതെന്ന്​ ബ്രിട്ടീഷ്​ ആഭ്യന്തര വകുപ്പ്​ അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ്​ അതിർത്തി കടന്ന്​ ബ്രിട്ടീഷ്​ തീരങ്ങളിൽ എത്തിയത്​. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ്​ മടക്കിയതായി ഫ്രഞ്ച്​ അധികൃതർ പറഞ്ഞു.

ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ബ്രിട്ടനിൽ അഭയം തേടിയതായാണ്​ കണക്ക്​. ഓഗസ്റ്റ്​ 12 നാണ്​ സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്​- 592 പേർ. മറുവശത്ത് ഫ്രഞ്ച് അധികൃതരും അതിർത്തി കടക്കാൻ ശ്രമിച്ച 193 പേരെ തടഞ്ഞ് ക്യാമ്പുകളിലേക്ക് മാറ്റി. 2020 ൽ 8417 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്.

ഇവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയാണ് ചാനൽ കടന്നത്. മേഖലയിൽ സജീവമായ മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കാൻ എല്ലാ വഴികളും സ്വീകരിക്കുമെന്നാണ് യുകെ സർക്കാരിൻ്റെ നിലപാട്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ്​ ഉയർന്ന ​തൊഴിൽതേടി ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ബ്രിട്ടനിലെത്തുന്നത്​. ഇതുതടയാൻ ഇരു രാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച്​ ഭാഗത്ത്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ സാന്നിധ്യം ഇരട്ടിയാക്കുമെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചിട്ടുണ്ട്.

നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം  ഇന്ന്  രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

കുട്ടികളും രോഗികളും പ്രായമായവരും അടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ ഹോട്ടലിലേക്ക്  മാറ്റി.

വിമാനം വൈകിയത് സംബന്ധിച്ച് എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല. മുംബൈയില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.

18-ാം തീയതിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് തവണയാണ് പ്രത്യേക സര്‍വീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. ക്ലാസ്സുകൾ ഭൂരിഭാഗവും നടന്നത് ഓൺലൈനിലൂടെയായിരുന്നു . വിദ്യാർഥികൾക്ക് ഒപ്പം മാതാപിതാക്കളും കടുത്ത മാനസിക സമ്മർദങ്ങളാണ് ഈ കാലയളവിൽ അനുഭവിച്ചത് . എന്നാൽ ഈ പ്രതിസന്ധി കാലയളവിലും യുകെയിലെ മലയാളി വിദ്യാർത്ഥികൾ മിന്നുന്ന വിജയമാണ് എ ലെവൽ , ജി സി എസ് ഇ പരീക്ഷകളിൽ നേടിയെടുത്തത്. പ്രതിസന്ധി കാലഘട്ടത്തിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് യുകെ മലയാളികളുടെ അഭിമാനമായി മാറിയ സ്റ്റാഫോർഡിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെയാണ് ഇന്ന് മലയാളംയുകെ പരിചയപ്പെടുത്തുന്നത്.

ഡൈന ശിവദാസ് : സ്റ്റാഫോർഡിൽ താമസിക്കുന്ന ശിവദാസൻെറയും നേഴ്‌സായ റീനയുടെയും മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം നേടിയ ഡൈന പഠിച്ചത് സ്റ്റാഫോർഡിലെ സർ ഗ്രഹാം ബാൽഫോർ സ്കൂളിലാണ്. ഗ്രാമർ സ്കൂളിൽ ഉപരിപഠനം ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

അൽജ ഹേകാന്ത് : കേരളത്തിൽ ചങ്ങനാശ്ശേരി സ്വദേശികളായ ഹേകാന്തിൻെറയും ജെസിൻെറയും മകളായ അൽജ ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് തിളക്കമാർന്ന വിജയമാണ്. വളരെ ചെറുപ്പം തൊട്ടു തന്നെ യുകെയിൽ നടന്ന ഒട്ടേറെ കലാമത്സരങ്ങളിൽ അൽജ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നൃത്തത്തെ വളരെയേറെ ഇഷ്ടപ്പെടുന്ന അൽജ കുട്ടികൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നതിലും സമയം കണ്ടെത്താറുണ്ട് .

ആൽഫി അനീഷ് : യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനീഷിൻെറയും മഞ്ജുവിൻെറയും മകനായ ആൽഫി ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് മിന്നുന്ന വിജയമാണ് . സ്റ്റാഫോർഡിലെ ബ്ലെസ് ഡ് വില്യം ഹോവാർഡ് സ്കൂളിൽ പഠിച്ച ആൽഫി ആഡംസ് ഗ്രാമർ സ്കൂളിളാണ് തുടർപഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആൽഫിയുടെ മാതാപിതാക്കൾ കേരളത്തിൽ കോട്ടയം പുതുപ്പള്ളി സ്വദേശികളാണ്.

മികച്ച വിജയം നേടിയ ഡൈനയ്ക്കും അൽജയ്ക്കും ആൽഫിയ്ക്കും മലയാളംയുകെ ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെമ്പാടുമുള്ള പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻറെ തിരുവോണാശംസകൾ. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് തിരുവോണം. പോയ്മറഞ്ഞ കാർഷിക സംസ്കാരത്തിന്റെ ഓർമ്മകൾ നെഞ്ചിലേറ്റി പൊന്നിൻ ചിങ്ങത്തിലെ തിരുവോണനാളിൽ ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ മനസ്സുകൊണ്ടെങ്കിലും കളിച്ചുവളർന്ന നാടിന്റെ ഓർമ്മകളിലായിരിക്കും. കോവിഡിന്റെ നീരാളിപ്പിടുത്തം മൂലം രണ്ടാം വർഷമാണ് ഓണാഘോഷം രോഗ വ്യാപനത്തിൽ മുങ്ങി പോകുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകൾ മൂലം പ്രവാസി മലയാളികളിൽ പലരും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നിട്ട് തന്നെ ഏറെ നാളുകളായി. എങ്കിലും പ്രതികൂല പരിസ്ഥിതിയിലും തങ്ങളാലാവുന്ന വിധം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ പരിശ്രമിച്ചിട്ടുണ്ട് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ ഓണാഘോഷങ്ങളും ഒത്തുചേരലുകളുമായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണം കൊണ്ടാടുകയാണ്.

അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ അനുഭവക്കുറിപ്പുകൾ തുടങ്ങി ഒട്ടനവധി സാഹിത്യ വിഭവങ്ങൾ വായനക്കാർക്കായി ഒരുക്കാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞതിലുള്ള സന്തോഷം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. മൈതാനങ്ങളെ പുളകം കൊള്ളിച്ച മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ മാന്ത്രികനായ ഐഎം വിജയനും മലയാളികളുടെ പ്രിയതാരം രജീഷാ വിജയനും ഉൾപ്പെടെ നാല്പതോളം എഴുത്തുകാരുടെ രചനകളാണ് മലയാളം യുകെയിലൂടെ വായനക്കാരിലേയ്ക്ക് എത്തിയത്. ലോകമെങ്ങുമുള്ള വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ

 

ഐ. എം. വിജയൻ

എത്ര വലിയ ആളായാലും ഭൂതകാലത്തെ കൈവിടുന്ന ശീലം ഐ എം വിജയനില്ല. സംസാരിച്ചു തുടങ്ങിയാൽ ആദ്യം എത്തുന്നത് കോലോത്തുംപാടവും അമ്മയും നാട്ടിലെ ചങ്ങാതിമാരും ഒക്കെയാണ്. ഇവരെ മറന്നുകളഞ്ഞുള്ള ആഘോഷം ഐ. എം.വിജയനില്ല. കാറ്റ് നിറച്ചൊരു പന്തിന്റെ പുറകെ പാഞ്ഞ ബാല്യം. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്നു. എന്നാൽ ശ്രദ്ധ മുഴുവൻ മൈതാനത്തുരുളുന്ന പന്തിലായിരുന്നു. അയിനിവളപ്പിൽ മണി വിജയന്റെ ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയിരുന്നു. ആ ആവേശമാണ് അദ്ദേഹം നെഞ്ചിലേറ്റിയത്; ആ ഊർജമാണ് വലയിലേക്ക് ഗോൾ മഴയായി പെയ്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയത് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ്. ധാരാളം പേർ നീട്ടികൊടുത്ത പാസ്സ് സ്വീകരിച്ചാണ് ജീവിതത്തിൽ മുന്നേറിയത്. ഓണത്തെക്കുറിച്ച് പറയുമ്പോൾ കോലോത്തുംപാടത്തെ കൊച്ചു കുട്ടിയാകും വിജയൻ. കളിജീവിതത്തെക്കാൾ ഉപരിയായി ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐ. എം. വിജയൻ, മലയാളംയുകെയിൽ.

വിജയനും ഓണവും

‘ഐ എം വിജയൻ’ ആകുന്നതിനു മുമ്പുള്ള ഓണം ആയിരുന്നു യഥാർത്ഥ ഓണം. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴാണ് വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാറ്. അന്നൊക്കെ ഒപ്പമുള്ള കൂട്ടുകാരുമൊത്ത് വീട്ടിൽ പൂക്കളം ഇടാനായി പൂ പറിക്കാൻ പോകും. അടുത്തുള്ള വീടുകളിൽ നിന്നൊക്കെ പൂ പറിച്ചുകൊണ്ട് വന്ന് പൂക്കളം ഇടും. പേരും പ്രശസ്തിയുമായി കഴിഞ്ഞപ്പോൾ ഓണം സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒന്നായി മാറി. റെഡിമെയ്ഡ് ഓണം എന്ന് പറയുന്നതാവും ഉചിതം. പത്തുതരം കറികളും മൂന്നു തരം പായസവും എല്ലാം രുചികരമായി കിട്ടും. എന്നാൽ എനിക്ക് ഓണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ്. നാട്ടിൽ അത്തം മുതൽ 10 ദിവസവും ഓണാഘോഷമാണ്. ഉറക്കമില്ലാത്ത ദിനങ്ങളാണ്. അമ്മൂമ്മമാരും അച്ചച്ചന്മാരും പെങ്ങമ്മാരും എല്ലാവരും ചേർന്നാണ് ഓണക്കളി കളിക്കുന്നത്. ഇന്ന് കാലം മാറി. അതനുസരിച്ചു ആളുകളും മാറി.

പോലീസിലേക്ക്

പതിനെട്ടാം വയസ്സിൽ പോലീസിൽ സ്ഥിരം ജോലി കിട്ടി. പോലീസിൽ കയറിയ സമയത്തും ഓണത്തിന് അവധി കിട്ടി വീട്ടിൽ എത്താൻ കഴിയും. 1991ൽ ആണ് ഞാൻ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിൽ ഉള്ള സമയത്ത് സത്യേട്ടനും (പി. വി. സത്യൻ) സുരേഷും ജോ പോളും ഒക്കെ ചേർന്ന് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്.

പ്രവാസി സുഹൃത്തുക്കളുടെ ഓണാഘോഷം

ഓണം ശരിയായ രീതിയിൽ ആഘോഷിക്കുന്നത് പ്രവാസികളാണ്. ഞാൻ യുകെയിൽ രണ്ടു തവണ പോയിട്ടുണ്ട്. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ അയക്കുന്ന വീഡിയോയിൽ ഓണാഘോഷം ഇങ്ങനെ നിറഞ്ഞു നിൽക്കും. മാവേലി, പുലിക്കളി, ചെണ്ടമേളം, തിരുവാതിരകളി തുടങ്ങിയവയെല്ലാം അവിടെ ഉണ്ട്.

കാണികളിൽ നിന്നുള്ള ഊർജം

എന്നെ ഐ. എം. വിജയൻ ആക്കിയത് കാണികളാണ്. അവരാണ് നമ്മുടെ എനർജി. അവർ മോശം എന്ന് പറഞ്ഞാൽ നമ്മൾ മോശമാണ്. അവർ മികച്ചതെന്ന് പറഞ്ഞാൽ നമ്മൾ മികച്ചതാണ്. നമ്മുടെ വളർച്ച അവരിൽ നിന്നാണ്. അവരാണ് നമ്മുടെ ബലം.

കോലോത്തുംപാടത്തെ ഓണം

ഞങ്ങൾ ആഘോഷിക്കുന്നത് നാലോണം ആണ്. അതിൽ പുലികളി ഉണ്ടാവും. തൃശൂരിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. പുലികളിക്ക് വേഷം ഇട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെ ആഘോഷം അതൊക്കെ ആയിരുന്നു. മണിച്ചേട്ടനുമായുള്ള (കലാഭവൻ മണി ) ബന്ധം പറഞ്ഞാൽ തീരില്ല. എന്നെ അനിയാ എന്നാണ് വിളിക്കുക. ഞാൻ മണിഭായ് എന്ന് വിളിക്കും. മണിച്ചേട്ടന്റെ മരണം വല്ലാത്തൊരു പ്രയാസമായിരുന്നു. അതൊക്കെയാണ് ഇന്നും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.

കോവിഡ് കാലത്തെ ഓണം

കോവിഡ് പ്രതിസന്ധിയുടെ നടുവിൽ നിന്നുള്ള രണ്ടാമത്തെ ഓണമാണ് ഇത്. കായിക മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ഒളിമ്പിക്സ്, കോപ്പ അമേരിക്ക എന്നിവ ഇത്തവണ കാണികൾ ഇല്ലാതെയാണ് നടത്തപ്പെട്ടത്. യഥാർത്ഥത്തിൽ കാണികളാണ് കളിക്കാരന്റെ ഊർജം. ഓണാഘോഷവും ഈ പ്രതിസന്ധിയിലാണ്. ഒന്നിച്ചു കൂടാനും പഴയ രീതിയിൽ ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല. എന്നാൽ ഇതൊക്കെ മാറും. അതാണ് നമ്മുടെ പ്രതീക്ഷ. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – റ്റിജി തോമസ്, ഷെറിൻ പി യോഹന്നാൻ

 

കുടുംബവുമൊത്തുള്ള സെൽഫി

ഐ എം വിജയൻെറ കളിക്കളത്തിലെ ചില മുഹൂർത്തങ്ങൾ

‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.

ഓണവും മലയാളിയും

ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.

കുടുംബം

അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.

കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും

ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ്‌ എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.

സിനിമകളുടെ തിരഞ്ഞെടുപ്പ്

എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ

സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.

സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്

കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

കാഴ്ചപ്പാടും ചിന്താഗതിയും

എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.

കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’

കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.

തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.

തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക്‌ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ

ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്.   എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ

 

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ആഴ്ചകളായിരുന്നു കടന്നു പോയത്. ആദ്യ കാലങ്ങളിൽ ചെറിയ കുട്ടികളുമായി യുകെയിൽ എത്തി നഴ്‌സറി, പ്രൈമറി ക്ലാസുകളിലേക്ക് മാത്രമായി ഓടിക്കൊണ്ടിരുന്നവർ… കാലം മാറി കഥ മാറി എന്നതുപോലെ കുട്ടികൾ വളർന്ന് പതിനൊന്നാം ക്ലാസും എ ലെവലും ഒക്കെയായപ്പോൾ രക്ഷകർത്താക്കളുടെ ചങ്കിടിപ്പിന്റെ സ്പീഡ് കൂടി എന്നത് ഒരു യാഥാർത്യമാണെങ്കിലും കാര്യമായി കുട്ടികൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു ഒന്നര വർഷം.. കൊറോണയിൽ കുട്ടികൾ വീട്ടിൽ ആവുകയും കൂടി ചെയ്തപ്പോൾ തന്നെ പലരുടെയും ജീവിത ശൈലി തന്നെ മാറിമറിഞ്ഞു.

ഇതൊക്കെയാണെകിലും മലയാളി കുട്ടികൾ കഠിനാധ്വാനം നടത്തി എന്നതിന്റെ ബഹിഷ്‍സ്പുരണങ്ങൾ ആയി നല്ല റിസൾട്ടുകൾ ആണ് ഇപ്പോഴും പുറത്തുവരുന്നത്. കഠിനാധ്വാനികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ പെൺകുട്ടികളാണ് ഇന്നത്തെ താരങ്ങൾ. ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഹന്ന സോബിച്ചൻ: ന്യൂപോർട്ട് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയാണ്. ചിത്രരചനയിൽ ബഹുമിടുക്കി. ഉന്നത വിജയം നേടിയെടുത്ത ഹന്ന, അതെ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾ ലഭിക്കുകയും എ ലെവൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ. സോബിച്ചൻ ബിന്ദു ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത കുട്ടിയാണ് ഹന്ന.

ആൻസ് ജോജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോജി ജോസഫ്  വിൻസി ദമ്പതികളുടെ മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം. തുടർ പഠനം സെന്റ് ജോസഫ് കോളേജിൽ തന്നെ. ഇഷ്ടപ്പെട്ട സയൻസ് വിഷങ്ങൾ എടുത്തു എ ലെവലിന് ചേർന്നിരിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി. ആൻസിന്‌ ഒരു സഹോദരൻ ഉണ്ട്.

ശിൽപ എലിസബത്ത് ജോസ്.. തൊടുപുഴ സ്വദേശിയായ ജോസ് മാത്യു ഷിജി ദമ്പതികളുടെ മൂത്ത മകൾ. കൊറോണയിൽ തളരാതെ വിലയേറിയ സമയം ക്രിയാത്‌മകമായി ഉപയോഗിച്ചപ്പോൾ എത്തിയത് പ്രതീക്ഷിച്ചതിനും മുകളിൽ ഉള്ള ജി സി എസ് ഇ ഫലം. മാതാപിതാക്കളെപ്പോലെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹം സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.

റ്റാനിയ ക്രിസ്‌റ്റി..  മോനിപ്പള്ളി സ്വദേശി ക്രിസ്റ്റി ഷെറിൻ ദമ്പതികളുടെ മകൾ. യുക്മ കലാമേള  നൃത്തവേദികളിലെ നിറസാന്നിധ്യം. സ്റ്റോക്ക് മിഷനിലെ കുട്ടികളെ ഏകോപിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു കൊച്ചു നേതാവ്. സാമൂഹ്യ രംഗത്തെ പ്രവർത്തനം പോലെ തന്നെ പഠനത്തിലും ശ്രദ്ധ ഊന്നിയപ്പോൾ തിരികെ ലഭിച്ചത് മിന്നും തിളക്കം. മുന്തിയ ഗ്രേഡ് ലഭിച്ചതിലൂടെ ആഗ്രഹിച്ച  വിഷയങ്ങളോടെ എ ലെവൽ അഡ്മിഷൻ. മലയാളം യുകെയുടെ അവാർഡ് ദാനച്ചടങ്ങിൽ നൃത്തത്തിന്റെ മാസ്സ്മരികത തീർത്ത സ്റ്റോക്കിലെ നൃത്ത ടീമിലെ അംഗം കൂടിയാണ് റ്റാനിയ.

ലിസ് ജോസ്:  കൊച്ചി കടവന്ത്ര സ്വദേശി ജോസ് വർഗ്ഗിസ് രേണുക ജോസ് ദമ്പതികളുടെ നാല് കുട്ടികളിൽ രണ്ടാമത്തെ കുട്ടി. ലിസ് ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായി വിനയോഗിച്ചപ്പോൾ എത്തിയത് മിന്നും വിജയം. എ ലെവലിൽ തിരഞ്ഞെടുത്തത് സൈകോളജി ഉൾപ്പെടുന്ന വിഷയങ്ങൾ.  പഠിക്കുന്നതിൽ മിടുക്കി എന്ന പോലെ തന്നെ പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്റ്റോക്ക് പള്ളിയിലെ കുട്ടികളുടെ ഗായസംഘത്തിലെ അംഗവും വയലിനിൽ ഗ്രേഡ് ആറ്‌ (Grade 6) നേടിയിരിക്കുന്ന പെൺകുട്ടിയാണ്. ഇതിനെല്ലാം പുറമെ അവശതയനുഭവിക്കുന്ന മനുഷ്യ ജീവിതങ്ങളെ സഹായിക്കുന്ന ചാരിറ്റി സംഘടനായ ഡഗ്ലസ് മാക്‌മിലൻ ചാരിറ്റി പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി.

ഉന്നത വിജയം നേടിയ ഹന്ന സോബിച്ചൻ, ആൻസ് ജോജി, ശിൽപ എലിസബത്ത് ജോസ്, റ്റാനിയ ക്രിസ്‌റ്റി, ലിസ് ജോസ് എന്നിവർക്ക് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ  അറിയിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

RECENT POSTS
Copyright © . All rights reserved