UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച്‌ മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.

ന്യൂസ് ബ്യൂറോ, കേംബ്രിഡ്ജ്

മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങൾ യുകെയിൽ പെരുകുമ്പോൾ കഴിഞ്ഞ വീക്കെൻ്റിൽ മാത്രം സമാന സ്വഭാവമുള്ള അഞ്ച് മോഷണങ്ങളാണ് കേംബ്രിഡ്ജിലും പരിസര പ്രദേശമായ കേംബോണിലും ലണ്ടനുത്തുള്ള കോൾചെസ്റ്ററിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് പവൻ സ്വർണ്ണവും പണവുമാണ് ഈ മോഷണങ്ങളിൽ നിന്ന് മലയാളികൾക്ക് നഷ്ടമായത്. വീടുകൾക്ക് കേടുപാടുകൾ വരുത്തിയത് വേറെയും.

നടന്ന മോഷണങ്ങൾക്കെല്ലാം സമാന സ്വഭാവമാണുള്ളത്. വെള്ളിയും ശനിയും ഞായറുമായി നടന്ന മോഷണങ്ങളെല്ലാം വൈകുന്നേരം അഞ്ച് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ്.
മൂന്ന് പേർ അടങ്ങിയ ഒരു സംഘമാണ് കേംബ്രിഡ്ജിലെ ഒരു വീട്ടിൽ  മോഷണം നടത്തിയത്. വീട്ടിലുള്ളവർ പുറത്തു പോയ സമയം നോക്കി വീടിൻ്റെ പുറക് വശത്തുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേരിൽ ഒരാൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ കാവലായി നില്ക്കുന്നുണ്ടായിരുന്നു. മറ്റ് രണ്ട് പേർ വീടിനകത്തായിരുന്നു. വീട്ടുടമസ്ഥർ തിരിച്ച് വന്ന വാഹനത്തിൻ്റെ ലൈറ്റ് കണ്ടപ്പോൾ മൂന്ന് പേരും പുറക് വശത്തുള്ള ഗാർഡനിലൂടെ കടന്നുകളഞ്ഞു. മൂന്ന് പേര് ഉണ്ടായിരുന്നു എന്നത്  വ്യക്തമായി കണ്ടെങ്കിലും ഇരുട്ടായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമായി കാണുവാൻ സാധിച്ചില്ല എന്ന് ഗ്രഹനാഥൻ പറഞ്ഞു. ഈ വീട്ടിൽ നിന്ന് സ്വർണ്ണമാണ് നഷ്ടമായിരിക്കുന്നത്. വീടിനുള്ളിൽ ധാരാളം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അലമാരിയിലിരുന്ന വസ്ത്രങ്ങൾ എല്ലാം വാരിവലിച്ചിട്ടു. കട്ടിലിനും ബെഡ്ഡിനുമൊക്കെ കേടുപാടുകൾ വരുത്തി.

നാല്പത് പവനോളം സ്വർണ്ണമാണ് കോൾചെസ്റ്ററിലെ ഒരു മോഷണത്തിൽ മാത്രം പോയത്. കേംബ്രിഡ്ജിൽ നടന്ന മോഷണത്തിൻ്റെ സമാന സ്വഭാവമാണ് കോൾചെസ്റ്ററിലെയും കേംബോണിലും മോഷണങ്ങളിൽ നടന്നിരിക്കുന്നത്. പക്ഷേ, ഇവിടെ അടുക്കളയിലെ ഒട്ടുമിക്ക ജാറുകളും ഭരണികളും തുറന്ന് പരിശോധിച്ച് മസാലകളും അരിയും തറയിലും മറ്റുമായി വിതറിയിട്ടിട്ടുണ്ടായിരുന്നു. മോഷണത്തിൻ്റെ സ്വഭാവമനുസരിച്ച് സ്വർണ്ണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ടോയിലറ്റ് ക്ലീനർ, ഡെറ്റോൾ, ഷാമ്പു, മസാലപ്പൊടികൾ, ഓയിലുകൾ മുതലായവ വീടിനുള്ളിലും വാതിലിലുമൊക്കെ വിതറുകയും ഒഴിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പും കേംബ്രിഡ്ജ് മലയാളികളുടെ വീടുകളിൽ ധാരാളം മോഷണങ്ങൾ നടന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ടെങ്കിലും ഇതു വെരെയും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ധാരാളം മോഷണശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ വെളിച്ചത്തിൽ രാത്രി കാലപട്രോളിംഗ് പോലീസ് ആരംഭിച്ചു. അതിന് ശേഷമാണ് മോഷണങ്ങൾക്ക് ശമനം വന്നത്. പോലീസിൻ്റെ നിലപാടിനോട് മലയാളികൾക്ക് അതൃപ്തിയുണ്ട്. സംഭവം നടന്നതിനുശേഷം പോലീസ് എത്തിയാൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങളും ഫിങ്കർ പ്രിൻ്റും ശേഖരിക്കും. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയ്ക്കാം എന്ന് പറഞ്ഞ് കേസ് നമ്പരും കൊടുക്കും. അതോടൊപ്പം നഷ്ടപ്പെട്ട വസ്തുക്കൾ ഇൻഷ്വറൻസിൽ ക്ലെയിം ചെയ്യാനുള്ള ഒരു നിർദ്ദേശവും. ഇതിൽ കവിഞ്ഞ്  ഒന്നും നടന്നിട്ടില്ലെന്ന് ഇതിന് മുമ്പ് മോഷണത്തിന് ഇരയായ മലയാളികൾ പറയുന്നു.

ഇന്ത്യൻ വംശജരുടെ വീടുകളിൽ പ്രത്യേകിച്ച് മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണ്ണമുണ്ട് എന്ന് പ്രാദേശികരുടെയിടയിൽ പൊതുവേ സംസാരമുണ്ട്. മലയാളികളുടെ വസ്ത്രധാരണവും സ്വർണ്ണാഭരണങ്ങൾ സമൂഹത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഉത്സാഹവുമാണ് ഇതുപോലെയുള്ള ക്രൈമുകൾ ഉണ്ടാകാൻ കാരണമെന്നാണ് പോലീസിൻ്റെ ഭാഷ്യം.

ലീഡ്‌സ്: ലീഡ്‌സിലെ മീൻവുഡിൽ താമസിച്ചിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു. ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമായ സിജോ ജോൺ (46) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.

ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരം ലീഡ്‌സിൽ നടക്കും. എന്നാൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.

സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അനുശോചനം രേഖപ്പെടുത്തി.

സിജോയുടെ അകാല വിയോഗത്തിൽ  മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് യുകെയിലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ വിരസതയും ജന്മനാടിന്റെ ഓർമകളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും. ബന്ധങ്ങൾ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങിയ കാലത്തും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിലർ പ്രകൃതിയിലേക്കും കൃഷിയിലേക്കും തിരിച്ചുനടക്കുകയാണ്. കൃഷിയെപറ്റി സംസാരിക്കുമ്പോൾ ചാത്തന്നൂർകാരനായ എൽദോസ്‌ ജേക്കബ് വാചാലനാവും. കൃഷിയും പൂന്തോട്ടവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. യുകെ മലയാളികൾക്ക് പ്രചോദനമേകുന്ന ജീവിതകഥയാണ് എൽദോസ്‌ ജേക്കബ് എന്ന വിനോദിന് പറയാനുള്ളത്. കുടുംബം, കൃഷി, പൂന്തോട്ടം, പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയെ വളർത്താനുള്ള ശ്രമങ്ങൾ എന്നിവയെപ്പറ്റി മലയാളംയുകെയിൽ മനസ്സ് തുറക്കുകയാണ് വിനോദ്.

കുടുംബം

എന്റെ പേര് എൽദോസ് ജേക്കബ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ് എന്ന് വിളിക്കും. ഭാര്യ ആശാ മാത്യു. മകൻ ഇനോക്ക് ജേക്കബ് എൽദോസ്‌ (14), മകൾ മീഖ ഗ്രേസ് എൽദോസ് (10). ഇവിടെ എസ്സെക്സിൽ ഡാഗ്നം ഈസ്റ്റ്‌ എന്ന സ്ഥലത്ത് താമസിക്കുന്നു. കൊല്ലം ജില്ലയിലെ കാർഷിക ഗ്രാമമായ ചാത്തന്നൂരാണ് എന്റെയും ആശയുടെയും സ്വദേശം. ധാരാളം സംസാരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും അതീവ താല്പര്യമുള്ള എനിക്ക് അനുയോജ്യമായ ജോലിയാണ് ഇവിടെ ലഭിച്ചത് – റോയൽമെയിലിൽ പോസ്റ്റ്‌മാൻ. ഭാര്യ ആശ, ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ ഒമ്പതാം ക്ലാസ്സിലും മകൾ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.

പ്രവാസജീവിതവും വ്യക്തിബന്ധങ്ങളും

നിറയെ വയലുകളും കൃഷിയിടങ്ങളുമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ പതിനഞ്ചു വർഷം മുൻപ് യുകെയിൽ എത്തിയത്. ജോലി സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും വിരസമായ ജീവിതക്രമത്തിലേക്കാണ് പ്രവാസി മലയാളികളെ തള്ളിവിടുന്നത്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസും ചുറ്റുപാടും ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ കൃഷിയിലേക്കും പൂന്തോട്ടപരിപാലനത്തിലേക്കും കടക്കുന്നത്. അത് മനസ്സിന് ഉല്ലാസം പകരുന്നു.

കൃഷിയിലേക്ക്

മനസ്സിനും ശരീരത്തിനും ഉണർവ് ഏകുവാനും ഉത്തരവാദിത്തം, ലക്ഷ്യം എന്നിവ നേടുവാനുമായി ഞങ്ങൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. സമയവും പ്രയത്നവും ഫലവത്താകുന്ന രീതിയിൽ ചിലവഴിക്കാൻ ശ്രമിച്ചു. മണ്ണിലേക്ക് ഇറങ്ങി പണിയെടുത്തപ്പോൾ മനസ്സും ശരീരവും ഉണർന്നു. അതിന് തക്കതായ പ്രതിഫലം ലഭിച്ചത് കൂടുതൽ ഊർജം പകർന്നു.

പച്ചക്കറികൾ കൃഷി ചെയ്യാനായി അലോട്മെന്റ് ഉണ്ടായിരുന്നു. അവിടെ വെളുത്തുള്ളി, പലതരം ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, നാട്ടിലെ ചീരകൾ, ഉരുളക്കിഴങ്ങ്, വിവിധയിനം മത്തൻ, വെള്ളരിക്ക, കുമ്പളങ്ങ, ഒലിവ്, സവാള, സ്വീറ്റ് കോൺ, നാട്ടിൽ നിന്ന് കൊണ്ടുവന്ന മഞ്ഞൾ, ചേമ്പ്, ഇഞ്ചി, വഴുതനങ്ങ, പച്ചമുളക് എന്നിവ കൃഷി ചെയ്തു തുടങ്ങി. അതെല്ലാം വളരെയേറെ ഫലം പുറപ്പെടുവിച്ചു.

ജൈവകൃഷി രീതിയോട് കൂടുതൽ പ്രിയം

ജൈവ വളങ്ങളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഉത്പാദന നിരക്ക് വർധിപ്പിച്ചു. കുതിര ചാണകവും കോഴി വേസ്റ്റും ഉപയോഗിക്കുന്നു. വീട്ടിൽ കോഴി വളർത്തിയിരുന്നു. ഫാം ഹൗസിൽ പോയി കുതിര ചാണകം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ജൈവകൃഷി രീതി പിന്തുടർന്നാണ് വലിയ വിളവെടുപ്പ് നടത്തിയത്. അമ്പത് കിലോ സവാള ലഭിച്ചു.

പറമ്പിൽ വിളഞ്ഞ ഭീമൻ മത്തങ്ങയും കുമ്പളങ്ങയും

വളരെ ഉത്സാഹം പകരുന്നതായിരുന്നു കുമ്പളങ്ങ കൃഷി. ഗ്രാമീണ പശ്ചാത്തലത്തിൽ വീട്ടിലെ പറമ്പിലും കച്ചി തുറുവിലും മച്ചിൻ പുറങ്ങളിലും വിളഞ്ഞിരുന്ന കുമ്പളങ്ങ ഇന്നവിടെ അന്യമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കുമ്പളങ്ങ കൃഷി ചെയ്തു. അഞ്ചു കിലോ തൂക്കം വരെ നാൽപതോളം കുമ്പളങ്ങ ഉണ്ടായി. അമ്പതോളം മത്തങ്ങയും വിളഞ്ഞു. 27 കിലോയുള്ള ഭീമൻ മത്തങ്ങയുടെ വിളവെടുപ്പ് ആശ്ചര്യമായിരുന്നു. എൻെറ കൃഷിയിടത്തിലെ ഏറ്റവും മികവുറ്റ ഈ ഫലം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലണ്ടനിൽ കാഴ്ച വച്ചപ്പോൾ ഉണ്ടായ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

പൂന്തോട്ടം

ആദ്യം പൂന്തോട്ട പരിപാലനത്തിലാണ് ശ്രദ്ധ വച്ചത്. നിറയെ ചെടികളും പൂക്കളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. നാട്ടിലെ പൂന്തോട്ടത്തിന് സമാനമായി നാലുമണി ചെടി, പത്തുമണി ചെടി, കോഴിവാലൻ ചെടി, പിച്ചി, വലിയ സൂര്യകാന്തി എന്നിവ ഇവിടെ വളരുന്നുണ്ട്. നയനമനോഹരമായ കാഴ്ചയാണത്. അതുപോലെ നാടിന്റെ നന്മ വിളിച്ചോതുന്ന തെങ്ങുകളും വാഴകൂട്ടങ്ങളും ഞങ്ങളുടെ പരിപാലനത്തിലുണ്ട്. പല ചങ്ങാതിമാരും വന്ന് വാഴയില വെട്ടി പൊതിച്ചോറ് കെട്ടുന്നതിനും ഇലയപ്പം ഉണ്ടാക്കുന്നതിനുമായി കൊണ്ടുപോകും.

ആത്മസംതൃപ്തി, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം, സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയവ അനുഭവിച്ചറിഞ്ഞത് കൃഷിയിലൂടെയാണ്. പച്ചക്കറികൾ അയൽവാസികൾക്കും ചങ്ങാതിമാർക്കും പകുത്ത് നൽകിയപ്പോൾ കാർഷിക സമൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾ മനസിലാക്കി.

മറ്റ് വിനോദങ്ങൾ

നായ, കോഴി, ലവ്ബേർഡ്‌സ്, മീൻ, മുയൽ എന്നിവ വളർത്തുമായിരുന്നു. ഇപ്പോൾ നായവളർത്തൽ മാത്രം. പച്ചക്കറികളിൽ പലതും രൂപം മാറി അച്ചാറുകളാവും. ബീറ്റ്റൂട്ട്, ആപ്പിൾ, മുന്തിരി, വെളുത്തുള്ളി എന്നിവ അച്ചാറുകളാക്കി ആവശ്യക്കാർക്ക് നൽകുന്നുണ്ട്. വിവിധ തരം വൈനുകളും ഉണ്ടാക്കുന്നു. മുന്തിരി, പൈനാപ്പിൾ, ബ്ലാക്ക്ബറി എന്നിവയാണ് പ്രധാനം.

മലയാളവും മലയാളനാടും നെഞ്ചോട് ചേർന്ന് തന്നെ

പുതിയ തലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‍കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ആലയം’ എന്ന പേരിൽ ചെറിയൊരു മലയാളം സ്കൂൾ ആരംഭിച്ചു. ഒരു ലൈബ്രറിയും ഉണ്ട്. മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വായനശാലയിൽ നൂറിലേറെ പുസ്തകങ്ങൾ ഉണ്ട്. നോവൽ, ചെറുകഥ തുടങ്ങിയവ ഉൾപ്പെടുന്നു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിലൂടെ പ്രവാസി മലയാളികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.

എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം

എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പഴഞ്ചൊല്ലാണ്. എന്റെയും ആശയുടെയും പിതാക്കന്മാർ നല്ല കർഷകരായിരുന്നു. അവരുടെ ജീവിത അധ്വാനങ്ങൾ ആണ് എനിക്ക് പ്രചോദനമായത്. എന്റെ കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഒരു ചെടി എങ്ങനെ ഫലം പുറപ്പെടുവിക്കുന്നു, അതെങ്ങനെ വളരുന്നു എന്നൊക്കെ കുട്ടികൾ കണ്ടു മനസിലാക്കുന്നു. ഈ നന്മയാണ് അവർക്ക് പകർന്നുനൽകാനുള്ളത്.

വിനോദിന്റെ കഠിനാധ്വാനം പ്രവാസി മലയാളികൾക്ക് പ്രചോദനമാണ്. മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും പേറുന്ന ഇത്തരമാളുകൾ പ്രവാസി മലയാളികൾക്ക് അഭിമാനം പകരുന്നു. കൃഷി ചെയ്യാൻ മാത്രമല്ല, കൃഷിയെ സംബന്ധിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീർക്കാനും വിനോദ് ഒരുക്കമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് തിരികെ നടന്ന വിനോദ് ഒരു പാഠപുസ്തകമാണ്; പ്രവാസ ജീവിതത്തിനിടയിലും കൃഷിയെയും മലയാളത്തെയും ചേർത്തു നിർത്തി വളരുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകം. നിറഞ്ഞ ചിരിയോടെ, മനസ്സ് നിറഞ്ഞ്, ധാരാളം സംസാരിച്ച് വിനോദ് വീണ്ടും പറമ്പിലേക്ക് ഇറങ്ങുകയായി… ആശംസകൾ

മലയാളികള്‍ ലോകത്തിന്റെ ഏത് കോണില്‍ ജീവിച്ചാലും കൈമുതലായി കാത്തു സൂക്ഷിക്കുന്ന ഒന്നാണ് കേരളീയ സംസ്‌കാരം. അവര്‍ ആയിരിക്കുന്ന രാജ്യത്തെ ഭാഷയും സംസ്‌കാരവും എന്തുമായിക്കൊള്ളട്ടെ, കേരളീയ സംസ്‌കാരത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കും. പ്രാദേശിക സംസ്‌കാരവുമായി ഒത്തുചേര്‍ന്ന് പോകേണ്ടതുകൊണ്ട് കേരള സംസ്‌കാരത്തിന്റെ വസ്ത്രധാരണം ആഘോഷവേളകളില്‍ മാത്രമാക്കി ചുരുക്കി എന്നതൊഴിച്ചാല്‍ പ്രവാസി മലയാളികള്‍ക്ക് മലയാളത്തിന്റെ പ്രിയ വസ്ത്രങ്ങളോടുള്ള താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല.

മലയാളികളുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങളുടെ വന്‍ശേഖരവുമായി വെല്‍വെറ്റ്‌സ് യുകെ ഓണ്‍ലൈന്‍ ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. ഓണം, വിഷു, ക്രിസ്തുമസ്സ്, ദീപാവലി തുടങ്ങിയ ആഘോഷവേളകള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിരിക്കുന്നത്. നിറപ്പകിട്ടാര്‍ന്ന സാരികള്‍, ചുരിദാറുകള്‍, കുര്‍ത്ത, വിവിധ തരം നോര്‍ത്ത് ഇന്ത്യന്‍ ഡ്രസ്സുകള്‍, സെറ്റ് സാരികള്‍, സെറ്റ് മുണ്ടുകള്‍ കൂടാതെ സ്റ്റേജ് പ്രോഗ്രാമുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാസാംസ്‌കാരിക വിഭാഗങ്ങള്‍ക്കുള്ള കോസ്റ്റ്യൂമുകളും അതിന് യോജിക്കുന്ന ഓര്‍ണ്ണമെന്‍സും ലഭ്യമാണ്.

മലയാളികള്‍ക്ക് സുഗമമായി വസ്ത്രങ്ങള്‍ വാങ്ങുന്നതിനും കലാകാലങ്ങളില്‍ മാറി മാറി വരുന്ന ഫാഷനുകള്‍ കസ്റ്റമേഴ്‌സിനെ നേരിട്ട് അറിയ്ക്കുന്നതിനുമായി ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിട്ടുണ്ട്. ക്രിത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഗ്രൂപ്പില്‍ പുതിയ തരം വസ്ത്രങ്ങള്‍, ഫാഷനുകള്‍ തുടങ്ങിയ വസ്ത്ര സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാണ്. വെല്‍വെറ്റ്‌സ് യുകെയുടെ ലിസ്റ്റിലില്ലാത്ത വസ്ത്രങ്ങള്‍ മുന്‍കൂട്ടി അറിയ്ച്ചാല്‍ അത് മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കില്‍ നേരിട്ട് എത്തിച്ച് കൊടുക്കപ്പെടുന്നതാണ്. നൂറ് ശതമാനം വിശ്വസ്തയോടെ മലയാളികളുടെ വസ്ത്രങ്ങള്‍ ഇനി മുതല്‍ വീട്ടിലിരുന്നു വാങ്ങാം.

വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുവാനും വസ്ത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/VelvetzOnline/

https://chat.whatsapp.com/HbAPWIH7IX1LiLJdaGdUiL

https://www.facebook.com/TerrazaCraftsOnline/

 

 

വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും വിവാഹം. ജയിലിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവർക്കും അനുമതി നൽകിയത്. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക.

പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് നൽകിയ അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.

1983 ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ജയിൽ ഗവർണർമാരായിരിക്കും. ചാരവൃത്തി ആരോപിച്ച് 2019 മുതൽ ജയിലിൽ കഴിയുകയാണ് അസാൻജ്. അസാൻജിനെ വിട്ടുകിട്ടാൻ നടപടി ക്രമങ്ങൾ ആരംഭിച്ചതിന് പുറകയാണ് ബ്രിട്ടൻ അദ്ദേഹത്തെ തടവിലാക്കിയത്.

അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിക്കിലീസ് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അസാൻജിനെതിരെ കേസെടുത്തത്. ദേശീയ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് അമേരിക്ക ഇയാൾക്കെതിരെ കേസെടുത്തത്.

ഡെന്ന ആൻ ജോമോൻ വരികളെഴുതി,പാടി, അഭിനയിച്ച ആൽബം നവംബർ 13 ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു.കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ റിലീസ് ലൈവ് പ്രോഗ്രാം ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും.തുടർന്ന് പത്മഭൂഷൺ പുരസ്ക്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും,ജി വേണുഗോപാലും ആശംസകൾ അർപ്പിക്കും തുടർന്ന് യൂകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി ഈലിംഗ് സൗത്താള്‍,ചെയർമാൻ ഓഫ് ഇൻഡോ ബ്രിട്ടീഷ് പാർലിമെൻറ്ററി ഗ്രൂപ്പ്), മാര്‍ട്ടിന്‍ ഡേ എംപി (സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ പാരിഷ് കൗൺസിൽ ), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ),ഡീക്കൻ ജോയ്‌സ് ജെയിംസ് (വേൾഡ് മലയാളി ഫ്രേഡേഷൻ യുകെ പ്രെസിഡണ്ട്,ഡയറക്ടർ മാഗ്‌നവിഷൻ ടിവി),മാളവിക അനിൽകുമാർ (ഐഡിയ സ്റ്റാർ സിംഗർ ,സ്വര മ്യൂസിക് അക്കാഡമി)ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍(മ്യൂസിക് ഡയറക്ടർ ,ഗ്രെഡഡ് കിബോർഡിസ്റ് ,വോക്‌സ് ആഞ്ചല സ്റ്റുഡിയോ )ബോബി രാമനാഥന്‍ (ഫിലിം മേക്കർ ഐസ് മീഡിയ യുകെ ),ജോമോൻ മാമ്മൂട്ടിൽ എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക് ലൈവിലൂടെ അവതാരകയായെത്തുന്നത്.

ഇതേസമയം തന്നെ പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂട ശനിയാഴ്ച ഗാനം റിലീസ് ചെയ്യും. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, പത്മഭൂഷൺ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, പ്രമുഖ സൂപ്പർ ഹിറ്റ് സംവിധായകരായ അജയ് വാസുദേവ് ( സിനിമ :രാജാധിരാജ, ഷൈലോക് ,മാസ്റ്റർപീസ് ) ജിബു ജേക്കബ് (സിനിമ: വെള്ളിമൂങ്ങ,മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ,ഏറ്റവും പുതിയ സിനിമ: എല്ലാം ശരിയാകും ) മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) സുബി തോമസ് (ഫ്‌ളവേഴ്‌സ് ടീവീ ഓപ്പറേഷനൽ ഹെഡ് യു.എസ് .എ ) എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീംസിംഗ്.

Please stay tuned Saturday 13th November 3pm (UK) 8:30 pm (India)Cochin Kalabhavan London Facebook Live…

യുകെ ആസ്ഥാനമായുള്ള ചരിത്രകാരന്മാർ സഖ്യസേനയുടെ യുദ്ധശ്രമങ്ങളിൽ ഇന്ത്യൻ സൈനികരുടെ സംഭാവനയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച വാഗ്ദാനം ചെയ്യുന്നു.പാകിസ്ഥാനിലെ ലാഹോർ മ്യൂസിയത്തിന്റെ ആഴത്തിൽ കണ്ടെത്തിയ ഫയലുകൾ വ്യാഴാഴ്ച യുദ്ധവിരാമ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൈസ് ചെയ്ത് ഒരു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു.

ചരിത്രകാരന്മാർക്കും ബ്രിട്ടീഷ്, ഐറിഷ് സൈനികരുടെ പിൻഗാമികൾക്കും സേവന രേഖകളുടെ പൊതു ഡാറ്റാബേസുകൾ തിരയാൻ കഴിയുമെങ്കിലും, ഇതുവരെ ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്ക് അത്തരമൊരു സൗകര്യം നിലവിലില്ല.

ആഗോള തലത്തിൽ ഒന്നാം ലോകയുദ്ധത്തിന്റെ സ്മരണ പുതുക്കുമ്പോൾ ഇതൾവിരിയുന്നത് ഇന്ത്യൻ സൈനികരുടെ മഹത്തായ സംഭാവനകൾ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോരാടിയ വിഭജിക്കാത്ത പഞ്ചാബിലെ സൈനികരാണ് ഒന്നാം ലോകമഹായു ദ്ധത്തിൽ ധീരമായി പോരാടിയത്. ഈ മാസം 14-ാം തിയതി ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുൻ സൈനികരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തും.

ഏറെ കാലമായി കണ്ടെത്താതിരുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് യുദ്ധരേഖകളിൽ നിന്നും ശേഖരിച്ചത്. അവ പൊതുസമൂഹത്തിനായി ലഭ്യമാക്കുന്ന ആദ്യ ഘട്ട ശ്രമമാണ് നടത്താൻ പോകുന്നതെന്ന് യുകെ.പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷൻ ഭാരവാഹികൾ ലണ്ടനിൽ അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം-സിഖ് പൗരന്മാരെല്ലാം യുദ്ധത്തിൽ സൈനിക സേവനം അനുഷ്ഠിച്ചവരാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നുപേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 8 ശതമാനം ജനങ്ങളാണ് പഞ്ചാബ് മേഖലയിലുണ്ടായിരുന്നത്.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസ്, മിഡിൽ ഈസ്റ്റ്, ഗാലിപ്പോളി, ഏഡൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സേവനമനുഷ്ഠിച്ച സൈനികരെ അവരുടെ കുടുംബത്തിന്റെ ഗ്രാമങ്ങൾ നൽകിയതായി അവർ കണ്ടെത്തി. 1947ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പഞ്ചാബ് വിഭജിക്കപ്പെട്ടു.

കോമൺവെൽത്തിൽ നിന്നുള്ള സൈനികരുടെ സംഭാവനകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാൻ രേഖകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The image shows rows of beds containing wounded Indian soldiers. Two soldiers in turbans are standing halfway along the rows towards the centre of the image and a British soldier is seated behind a desk before the fireplace.

1919ലെ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യൻ പട്ടാളക്കാരുടെ എണ്ണം മാത്രം അന്നത്തെ ഓസ്‌ട്രേലിയയുടെ മുഴുവൻ സൈനികരേക്കാൾ അധികമായിരുന്നു വെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമുണ്ടായിരുന്ന സൈന്യത്തെ ക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായിരുന്നുള്ളു.

നിലവിൽ 3,20,000 സൈനികരുടെ വിവരങ്ങളാണ് ലഭിച്ചത്. ജലന്ധർ, ലുധിയാന, സിയാൽകോട്ട് എന്നീ ജില്ലകളിലെ സൈനികരുടെ വിവരങ്ങളാണ് നിലവിൽ ഡിജിറ്റലാക്കിയത്. ഇനിയും 25 ജില്ലകളിലായി പങ്കെടുത്ത 2,75,000 സൈനികരെകൂടി ഉൾപ്പെടുത്താനുണ്ടെന്നും പഞ്ചാബ് അസോസിയേഷൻ അറിയിച്ചു.

യുകെയിൽ കെയർ ഹോം ജീവനക്കാർക്കുള്ള 2 ഡോസ് വാക്സിൻ നിബന്ധന. കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടാനുള്ള സമയപരിധി ഇന്ന് തന്നെ അവസാനിക്കും. ഇരട്ട ഡോസ് വാക്‌സിനേഷന്‍ നേടാത്ത ആയിരങ്ങള്‍ കെയര്‍ ഹോമുകളിലെ ജോലികളില്‍ നിന്നും ഇതോടെ പുറത്താകും.

എന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കെയര്‍ ഹോമുകള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പങ്കുവെച്ചത്. ജീവനക്കാരുടെ ക്ഷാമം മൂലം ഇന്ന് മുതല്‍ നൂറുകണക്കിന് കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് യൂണിയനുകളുടെ വാദം. മഹാമാരി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മേഖലയില്‍ ഒരു ലക്ഷം ജീവനക്കാരുടെ കുറവാണ് നേരിട്ടിരുന്നത്.എന്‍എച്ച്എസിനോട് കാണിച്ച വിട്ടുവീഴ്ച ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകള്‍ക്കു കിട്ടിയില്ലെന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും രോഗസാധ്യത അധികമുള്ള അന്തേവാസികളെ സംരക്ഷിക്കാന്‍ ഈ നയം അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ ന്യായം. പ്രെസ്റ്റണ് സമീപമുള്ള കെയര്‍ ഹോം എല്ലാ അന്തേവാസികള്‍ക്കും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കിയതിന് അവാര്‍ഡ് നേടുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പത്തില്‍ ഒന്‍പത് ജീവനക്കാരും ഡബിള്‍ ഡോസ് വാക്‌സിന്‍ നേടിയിട്ടുണ്ട്.

നിയമം നടപ്പിലാകുന്നതോടെ പ്രായമായ അന്തേവാസികള്‍ മരിക്കുമെന്ന വാദങ്ങള്‍ സാജിദ് ജാവിദ് തള്ളി. നയം മേഖലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വാദിക്കുന്നു. എന്നാല്‍ വിന്റര്‍ കടന്നുകിട്ടുന്നത് വരെ കെയര്‍ ഹോമുകള്‍ക്ക് നിയമം നടപ്പാക്കാന്‍ സമയം നല്‍കണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് കെയര്‍ ഗ്രൂപ്പ് ചെയര്‍ മൈക് പാഡ്ഘാം ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ഡബിള്‍ ഡോസ് നിബന്ധന പാലിക്കാന്‍ ഏപ്രില്‍ വരെ സമയം അനുവദിച്ചിരുന്നു.

വാക്‌സിനെടുക്കുന്നതിന് പകരം രാജിവെയ്ക്കുകയാണെന്ന് അറിയിച്ച് പല ജീവനക്കാരും കുറിപ്പ് എഴുതിവെച്ച് മടങ്ങുന്നതായി സറെയിലെ കെയര്‍ ഹോം മാനേജര്‍ നിക്കി ഗില്ലെറ്റ് പറഞ്ഞു. ഏഴ് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ജോലിക്കാരാണ് വാക്‌സിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ ആണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ നിറയുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള തലത്തിൽ പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഗവേഷകരും ചിന്തകരും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ഒത്തുകൂടിയിരിക്കുന്നു. നവംബർ 12 വരെ നീളുന്ന ഈ മഹാസമ്മേളനം വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിച്ചുകൊണ്ട് ആഗോള താപനം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ലോകരാജ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കാലാവസ്ഥയെ പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്ന ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഒരു മലയാളി വൈദികനും പങ്കെടുക്കുന്നുണ്ട്. ഈശോ സഭയിലെ അംഗമായ ഫാ. സിജി നൂറോകാരിയിൽ, ഇക്കോജസ്യൂട്ടിന്റെ പ്രതിനിധികളിൽ ഒരാളായാണ് കോപ്26 ൽ പങ്കെടുക്കുന്നത്. ഗ്ലാസ്ഗോയിൽ നിന്നും ഫാ. സിജി നൂറോകാരിയിൽ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖം.

ഫാ. സിജി നൂറോകാരിയിൽ – പരിസ്ഥിതി പ്രവർത്തകനായ വൈദികൻ

കോട്ടയം കുറുപ്പന്തറയ്‌ക്ക് അടുത്തുള്ള മാൻവെട്ടം സ്വദേശിയായ ഫാ. സിജി നൂറോകാരിയിൽ ഈശോ സഭയിലെ വൈദികനാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി നൂറോകാരിയിൽ ഡെവലപ്പ്മെന്റ് ഓഫ് ദി ജസ്യൂട്ട് കോൺഫറൻസ് ഓഫ് ഇന്ത്യ & സൗത്ത് ഏഷ്യയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു.  ഈശോ സഭയുടെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ഇക്കോളജി. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററും ഫാ. സിജി നൂറോകാരിയിൽ ആണ്. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന ഇക്കോജസ്യൂട്ടിൽ നിന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ഫാ. സിജി.      ദുരന്തനിവാരണമാണ് പ്രധാന മേഖലയെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും ഫാ. സിജി ശ്രദ്ധ ചെലുത്തുന്നു. പ്ലസ്ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ബീഹാറിലെ പട്ന പ്രൊവിൻസിൽ ചേർന്നു. മാതാവ് – കുഞ്ഞമ്മ. സഹോദരി സിനി ടോമിയും സഹോദരീ ഭർത്താവ് ടോമി തോമസും യുകെയിലെ റെഡിങ്ങിൽ സ്ഥിരതാമസം.

ചോദ്യങ്ങൾ

❓കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യനെ കാത്തിരിക്കുന്നത്. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം ഇന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?

കോവിഡ് മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. കോവിഡ് സാഹചര്യം മനുഷ്യരാശിക്ക് ആകമാനം തിരിച്ചറിവ് നൽകിയിട്ടുണ്ട്. പരസ്പരം അകന്ന് കഴിയുമ്പോഴും രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഉടലെടുത്ത സഹകരണ മനോഭാവവും ഐക്യദാർഢ്യവും ഈ ഉച്ചകോടിയിൽ നിഴലിക്കുന്നുണ്ട്. പാരിസ് ഉടമ്പടിയിൽ ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും കൂടാതെ നോക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ്‌ ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സ്ഥിതി മോശമായതിനാൽ ഇത് അടിയന്തിര ചർച്ചകൾക്ക് വഴി തുറന്നു. അവിടെയാണ് ഇത്തവണത്തെ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നത്. മാധ്യമങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും കാരണം കോപ്26 ലോക ശ്രദ്ധയാകർഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരമൊരു വേദിയിലൂടെ കഴിയുന്നു. ഇരുന്നോറോളം രാജ്യങ്ങൾ, 120ലധികം ലോക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങി വലിയൊരു സംഘമാണ് അടിയന്തിര സാഹചര്യത്തിൽ ഒത്തുകൂടിയത്.

❓യുഎൻ സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) യുടെ റിപ്പോർട്ട്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ആ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊണ്ടാണോ ഉച്ചകോടി നടക്കുന്നത്?

അതെ. പല ചർച്ചകളിലും ഈ റിപ്പോർട്ട്‌ പ്രധാന വിഷയമായിട്ടുണ്ട്. ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ ആഗോളതലത്തിൽ ഒരു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന സെഷനിൽ ഈ റിപ്പോർട്ട്‌ മുന്നോട്ട് വച്ച ആശങ്കകൾ ചർച്ചാവിഷയമായി വന്നിരുന്നു. ഇത്രയുമധികം ആളുകൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടാനും ചർച്ച ചെയ്യാനും ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ മൂലകാരണമായിട്ടുണ്ടെന്ന് പറയാം.

❓ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് UNEP റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ മൂന്ന് അടി വരെ വെള്ളത്തിലാകുമെന്ന് നാസ മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഈയൊരാവസ്ഥയെ തടഞ്ഞുനിർത്താൻ പ്രാപ്തമായ തീരുമാനങ്ങൾ Cop26 ൽ ഉണ്ടായിട്ടുണ്ടോ?

കോപ്26 നെ നമുക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒന്ന്, ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ കാര്യങ്ങൾ കടന്നുവന്നില്ല എന്ന നിലയിൽ പ്രതികൂല സ്ഥിതിയിൽ. രണ്ട്, അടിയന്തിര സാഹചര്യം മനസിലാക്കികൊണ്ട് 120ഓളം ലോക നേതാക്കൾ ഇവിടെ വന്ന് ചർച്ചകൾ നടത്തിയെന്ന അനുകൂല നിലപാടിൽ. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ന് ഗുരുതര പ്രശ്നമായി കണക്കാക്കുന്നു. തീരദേശങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കൗൺസിൽ ഓൺ എനർജി, എൺവയോൺമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ (കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടും) കാലാവസ്ഥ വ്യതിയാനം മൂലം ഗുരുതര പ്രശ്നം നേരിടുകയാണെന്ന് വ്യക്തമായി. വെള്ളപ്പൊക്കം രൂക്ഷമാവുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഓരോ രാജ്യങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.

❓കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളെ എങ്ങനെ നോക്കികാണുന്നു?

2030നകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കും, ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50 ശതമാനം വർദ്ധിപ്പിക്കും, നെറ്റ് സീറോ ലക്ഷ്യം 2070നകം ഇന്ത്യ ആർജിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇതിന്റെ ഗുണകരമായ വശം എന്തെന്നാൽ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ ലക്ഷ്യം മുന്നിലുള്ളതിനാൽ തന്നെ ഇനി കൊണ്ടുവരുന്ന കരാറുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാനും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

❓2030നകം വനനശീകരണം പൂർണമായി തടയുമെന്നാണ് പ്രഖ്യാപനം. മരം വച്ചു പിടിപ്പിക്കലും പ്ലാസ്റ്റിക് രഹിത ഇടപാടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ്?

ഖേദകരമായ വസ്തുത എന്തെന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു പ്രഖ്യാപനമോ നിലപാടോ ഉണ്ടായിട്ടില്ല എന്നതാണ്. 9 വർഷത്തിനുള്ളിൽ ലോകത്തെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യുഎസ് ഡോളർ പദ്ധതിയിൽ 110 ലോക നേതാക്കൾ ഒപ്പുവച്ചെങ്കിലും വനവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങൾ ഉയർന്നു കണ്ടില്ല. ഇത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുമുണ്ട്.

തുടരും.

Copyright © . All rights reserved