UK

അര നൂറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തിൽ ആർദ്രസംഗീതത്തിന്റെ തേൻമഴ പൊഴിയുന്ന ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയിൽ 2021 ലെ ഏറ്റവും പുതിയ ഓണസംഗീത ആൽബം പൊൻചിങ്ങനിലാവ് – റിലീസാവുകയാണ്. കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി രചിച്ച മനോഹരമായ ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ
ശ്രീ. മൊഹ്സിൻ കുരിക്കളാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും പാടുന്നു.

ശ്രീ. മനോജ് . കെ.സേതു ചിത്രീകരണ സംവിധാനം നിർവഹിച്ച പൊൻചിങ്ങനിലാവ് സംഗീത ആൽബം യു.കെ യിലെ സൗത്താംപ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎൻ എൽ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജയ് സൻ ബത്തേരിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി 2021 ആഗസ്റ്റ് 12 ന് വ്യാഴാഴ്ച അത്തംനാളിലാണ് പൊൻചിങ്ങനിലാവ് ആസ്വാദകർക്കായി പുറത്തിറക്കുന്നത് എന്ന് നിർമ്മാതാവ് ജയ് സൻ ബത്തേരി വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്.

ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആംബർ ലിസ്റ്റിലായതോടെ ഈ നിരക്കിലും ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റു തീരുകയാണ്. ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടിയ ചിലരാകട്ടെ യാത്ര തന്നെ മാറ്റി വക്കുന്നുമുണ്ട്. നാട്ടിൽനിന്നും ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാഥികളാണ് യാത്രക്കാരിൽ അധികവും.

ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്ക് നേരിട്ടു പറക്കുന്ന എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വിസ്താര, വെർജിൻ അറ്റ്ലാന്റിക് എന്നീ വിമാനങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.

ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളിൽ നിന്നും വിവരം തേടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അധികൃതരും കൈമലർത്തുകയാണ്.

ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം നിലവിൽ ആഴ്ചയിൽ 30 ആയാണ് പരിമിതപ്പെടുത്തിയിയിരിക്കുന്നത്. ഈ പരിധി നീക്കുന്നതുവരെ നിലവിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ കൈ പൊള്ളിക്കുന്നത് തുടരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

മെട്രിസ് ഫിലിപ്പ്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികൾ, ഇന്ന് ലോകം മുഴുവനിലും ഉണ്ട്. അങ്ങ് ചന്ദ്രനിൽ പോയാൽ, കുമാരേട്ടന്റെ ചായക്കടയിൽ നിന്നും, ഒരു ചായകുടിക്കാൻ പറ്റും എന്നൊരു പറച്ചിലും ഉണ്ട്. പ്രബുദ്ധരായ മലയാളികൾ എന്നാണ് പറയാറ്‌. ശാസ്ത്ര, സാങ്കേതിക, മെഡിക്കൽ, എന്നുവേണ്ട എല്ലാ മേഖലകളിലും, മലയാളികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്തും നേടാൻ വേണ്ടി രാവേറെ, പണിയെടുക്കുന്നവരുടെ നാട് എന്നും, കേരളം ഒരു കാലത്ത് അറിയപെട്ടിരുന്നു. സോഷ്യൽ മീഡിയ, ഏറ്റവും അധികമായി ഉപയോഗിക്കുന്നവർ മലയാളികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു വിഷയം ഉണ്ടായാലും അതിനെ, അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ്സ് ഇടാൻ മലയാളികളെ, കഴിഞ്ഞുവേറെ ആളില്ല. അത്രമാത്രം പ്രതികരിക്കുന്നവർ ആണ് മലയാളികൾ.

സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി കാണിക്കുന്നവർ, വിമാനം കയറിയാൽ എന്ത് ജോലി ചെയ്യും. പണ്ട് ഒരു യൂട്യൂബർ, നോർത്ത് ഇന്ത്യയ്ക്ക് പോയ വഴിയിൽ വെച്ച്, റോഡ് സൈഡിൽ, കേബിൾ ഇടാൻ ഉള്ള കുഴി കുത്തുന്ന ഒരു മലയാളിയെ കണ്ടപ്പോൾ, അതിശയിക്കുന്ന കാഴ്ച കണ്ടു. എന്നാൽ നാട്ടിൽ തൂമ്പാ എടുക്കാൻ പറഞ്ഞാൽ “അയ്യേഎന്ന് പറയും”. ഗൾഫിൽ പോയി ആടുജീവിതം നയിക്കാൻ റെഡി ആണ്. എന്നാൽ നാട്ടിൽ രണ്ട് ആടിനെ വളർത്താൻ പറഞ്ഞാൽ “അയ്യേ”, ഒരു സ്റ്റാറ്റസ് ഇല്ലന്നേ. സർക്കാർ ജോലി വേണം. ജോലി കിട്ടുന്നതുവരെ ആള് മിടുക്കൻ. കിട്ടിക്കഴിഞ്ഞാൽ യൂണിയൻ നേതാവാകും.

മലയാളികൾക്കുള്ളിടത്തോളും സഹിഷ്ണത ഉള്ളവർ മറ്റൊരിടത്തും ഇല്ല. അർഹത ഉണ്ടായിട്ടും നേടിയെടുക്കുവാൻ മെനക്കെടാതെ, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മനസ്സാണ് അവർക്ക്. അഡ്ജസ്റ്റ് മെന്റ് ചെയ്തോളും. റോഡ് പൊട്ടിപൊളിഞ്ഞു കിടന്നാലും, കാർ വഴിമാറ്റി കൊണ്ട് പോകും. കേരളീയരിൽ കൂടുതൽ ആളുകളും പാവങ്ങളും, ഇടത്തരക്കാരും ഉണ്ട്. കൂടുതൽ ആളുകളും, പബ്ലിക് ട്രാൻസ്‌പോർട്ട് ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ വൃത്തിയുള്ള ഒരു ബസ് സ്റ്റാൻഡ് കാണിക്കാമോ. പബ്ലിക്കിന് വേണ്ടി ഒരു നല്ല ടോയ്‌ലെറ്റ് പോലും നിർമ്മിച്ചു നൽകാൻ സാധിക്കാത്ത സർക്കാരുകൾ. ജനങ്ങളുടെ അവശ്യവസ്തുക്കൾ, നല്ല ഫുഡ് , വെള്ളം, റോഡുകൾ ഇവയെല്ലാം കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ.

കേരളത്തിലെ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമാണോ? അവർക്കു യാത്രകളിൽ വേണ്ടിവരുന്ന ശുചിമുറികൾ വൃത്തിയുള്ളതും, സുരക്ഷിതാവുമായവ, ബസ് സ്റ്റാന്റുകളിലും, ഹൈവേകളിൽ ലഭിക്കുന്നുണ്ടോ?

കോവിഡ് കൊണ്ട് ജോലി പോയവർ എത്രയോ ആളുകൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ വന്നിട്ട് കുടുങ്ങി കിടക്കുന്നവർ 10 ലക്ഷത്തിന് മുകളിൽ ആണ്. ഒരു വരുമാനവും ഇല്ലാതെ അവരൊക്കെ വിഷമിക്കുകയാണ്. അവർക്ക് എത്രയും പെട്ടന്ന് തിരിച്ചുപോയാൽ മതിയെന്നായിരിക്കുന്നു.

സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഫുഡ് കഴിക്കാം, എന്നാൽ, മറ്റ് ചിലവുകൾ എങ്ങനെ നടത്തും. എത്രയോ ഷോപ്പുകൾ പൂട്ടി പോയി. ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ എത്രയോ കർഷകർ, വ്യാപാരികൾ ആത്മഹത്യചെയ്യുന്നു. ലോക്ക് ഡൗൺ കാലത്ത് ചക്കകൊണ്ട് ഷേക്ക് വരെ ഉണ്ടാക്കി കുടിച്ചു.

സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ട് കുട്ടികളിൽ വിഷാദരോഗങ്ങൾ കൂടി വരുന്നു. അങ്ങനെ ആകെ മൊത്തം കേരളം തകർച്ചയിൽ ആണെങ്കിലും, മലയാളികൾക്കു പരാതി ഇല്ല.

എത്ര വലിയ വിവാദങ്ങൾ ഉണ്ടായാലും, അതൊക്കെ അവർ പെട്ടെന്ന് മറക്കും. കാരണം അവർക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിയാം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മലയാളികളെ കഴിഞ്ഞു മറ്റാരുമില്ലതാനും. വെറും രണ്ടു ദിവസം കൊണ്ട് 18 കോടി ഒരു രോഗിയായകുഞ്ഞിന് വേണ്ടിയും, വെള്ളപ്പൊക്കസമയത്ത് കോടികൾ അയച്ചുകൊടുത്തതും മലയാളികളുടെ നന്മയെ എടുത്തുകാട്ടുകതന്നെ വേണം. അത് കൊണ്ട് തന്നെ മലയാളികൾ പൊളിയാണ്. അടിപൊളി ആളുകൾ. ഒരു പരാതിയും ഇല്ലന്നേ. ഇതൊക്കെ മതിന്നേ, ഉള്ളത് കൊണ്ട് ഓണം പോലെന്ന്, ഉറക്കെപറയുന്ന മലയാളികളുടെ നാട്. ദൈവത്തിന്റെ സ്വന്തം നാട്….കേരളം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. അതുകൊണ്ടുതന്നെ ഓരോ യുകെ നിവാസികളുടെയും സ്വകാര്യ അഹങ്കാരമാണ് NHS . ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് NHS ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് NHS. അതുകൊണ്ടുതന്നെ NHS -ന് ഒരു കൈത്താങ്ങായി യുകെയിൽ ചരിത്രപ്രാധാന്യമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി യുകെ മലയാളികളായ ഷിബു മാത്യുവും, ജോജി തോമസും നടക്കാൻ തീരുമാനിച്ചപ്പോൾ അത് പരക്കെ ശ്രദ്ധ പിടിച്ചു പറ്റി.

സ്പോൺസേർഡ് വാക്കിൻറെ ഭാഗമായി സ്കിപ്റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈലാണ് ഏതാണ്ട് 50 കിലോമീറ്റർ ഷിബുവും, ജോജിയും നടക്കുക. ആഗസ്റ്റ് പതിനാലാം തീയതി നടക്കുന്ന സ്പോൺസേർഡ് വാക്കിനേ പിന്തുണയ്ക്കുന്നവർ ഇതിനോടകം 2500 പൗണ്ടോളം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് മാഞ്ചസ്റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ് തുടങ്ങി മാഞ്ചസ്‌റ്റർ,ബോൾട്ടൺ, ബേൺലി, സാൽഫോർഡ്, കീത്തിലി, വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളം യുകെയാണ് സ്പോൺസേർഡ് വാക്കിൻറെ മീഡിയാ പാർട്ണർ. NHS -ന് നിങ്ങളുടെ എളിയ സംഭാവന നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

നഗരമധ്യത്തിൽ ഹരിതാപവും പച്ചപ്പും തേടിയുള്ള യാത്ര അവസാനിച്ചത് ഇങ്ങനെ ? ആശയം നല്ലതായിരുന്നു പക്ഷേ പണിഞ്ഞ് വന്നപ്പോഴേക്കും ആദ്യദിനം തന്നെ പൂട്ടേണ്ടി വന്നു. 20 കോടിയോളം രൂപ മുടക്കി നഗരത്തിന് നടുവിൽ കൃത്രിമ കുന്ന് ഉണ്ടാക്കാനുള്ള ശ്രമമാണ് രൂപകൽപ്പനയിലെ പോരായ്മ കൊണ്ട് പരിഹാസം ഏറ്റുവാങ്ങുന്നത്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനാണ് ഈ ഗതികേട്.

വലിയ പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികളിൽ പലതും കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമൂലം പൂട്ടിപ്പോകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനും ഉണ്ടായത്. നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പണിയുമ്പോൾ ഉദ്ദേശ്യം. പക്ഷേ പണികഴിഞ്ഞു തുറന്നു സന്ദർശകർക്കായി കൊടുത്തപ്പോൾ പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് ഉണ്ടായിരുന്നത്. അങ്ങനെ പ്രതിഷേധം മൂലം തുറന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂട്ടേണ്ട അവസ്ഥയിൽ എത്തുകയായിരുന്നു.

നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ പണികഴിഞ്ഞു തുറന്നപ്പോഴേക്കും പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് കാണാനായത്.സമീപമുള്ള ഹൈഡ് പാർക്ക് എന്നിവ വ്യത്യസ്തമായ രീതിയിൽ കണ്ടനുഭവിക്കാൻ അവസരമൊരുക്കുക എന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. 25 മീറ്റർ ഉയരത്തിൽ താത്കാലികമായ കൃത്രിമ കുന്നും നിർമിച്ചു.

പക്ഷേ ആവശ്യത്തിനുള്ള ഉയരം കുന്നിന് ഇല്ലാത്തതിനാൽ ഹൈഡ് പാർക്ക് കാണാൻപോലും സഞ്ചാരികൾക്ക് സാധിച്ചില്ല. പകരം നഗരത്തിലെ ചവറ്റുകൂനകളാണ് കൃത്യമായി ദൃശ്യമായത്. നഗരത്തിലെ തിരക്കിന് നടുവിൽ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രദേശം പ്രതീക്ഷിച്ച് എത്തിയവർ ഇതോടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചു തുടങ്ങി. ഇതോടെ പദ്ധതിക്ക് താഴുവീണു.

2 മില്യൻ പൗണ്ടാണ് (20 കോടി രൂപ) കൃത്രിമ കുന്നിന്റെ നിർമാണത്തിനായി ചെലവാക്കിയത്. നിർമ്മാണസമയത്ത് കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇലച്ചെടികൾ നിറഞ്ഞ ടർഫ് ഉണങ്ങി തവിട്ടുനിറത്തിൽ കാണപ്പെട്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. മാർബിൾ ആർച്ചിനേക്കാൾ ഉയരത്തിൽ കുന്നു നിർമിച്ചാൽ അത് കെട്ടിടത്തിന് ദോഷം ചെയ്യുമോ എന്ന് ഭയന്നാണ് ഉയരം കുറച്ചത്. സന്ദർശകർക്കായി കഫേ, എക്സിബിഷൻ സ്പേസ് എന്നിവ പദ്ധതിയിട്ടിരുന്നെങ്കിലും ഉദ്ഘാടന ദിവസം ആയപ്പോഴേക്കും പണി പൂർത്തിയാകാത്തതും തിരിച്ചടിയായി. ഇവിടം സന്ദർശിക്കാനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകിയിട്ടുണ്ട്. അല്പംകൂടി സമയമെടുത്ത് സന്ദർശകരുടെ പരാതികൾ പരിഹരിച്ച് ഉദ്ദേശിച്ച രീതിയിൽ തന്നെ ഭംഗിയായി കുന്ന് ഒരുക്കിയെടുക്കാനാണ് അധികൃതരുടെ പദ്ധതി.

 

കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 18-ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-ലണ്ടന്‍-ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്.

ഈ തീരുമാനം വന്ന ഉടന്‍ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും.

സിയാലിന്റെയും എയര്‍ഇന്ത്യയുടേയും യോജിച്ചുള്ള പ്രവര്‍ത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങാനായതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ‘പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള സര്‍വീസ്. പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷ’- സുഹാസ് കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂര്‍ ആണ്. ആമ്പര്‍ വിഭാഗത്തിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യു.കെ. ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയില്‍ എത്തി എട്ടാംദിനവും പരിശോധന നടത്തണം.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾക്ക് ഈ വർഷം കേരളത്തിൽ ഓണം കൂടാം. യുകെയുടെ ആംബർ ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാനസർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചു . ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേയ്ക്കാണ് നിലവിൽ എയർ ഇന്ത്യ സർവീസ് ഉള്ളത്. ഇത് കൂടാതെയാണ് കൊച്ചി, അമൃത് സർ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലേയ്ക്ക് ഈ മാസം പതിനെട്ടാം തീയതി മുതൽ പുതിയ സർവീസുകൾ നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് എല്ലാ ബുധനാഴ്ചയും കൊച്ചിയിൽനിന്ന് ലണ്ടനിലേയ്ക്ക് ഡയറക്ട് വിമാനസർവീസ് ഉണ്ടായിരിക്കും. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനത്തിൻെറ മടക്കയാത്ര മുംബൈ വഴിയാണ്.

യുകെയിലിപ്പോൾ സ്കൂൾ അവധിക്കാലമായതിനാൽ പുതിയ വിമാനസർവീസ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് അനുഗ്രഹമാകും. ഓണത്തിന് സ്വന്തം നാട്ടിലെത്താനുള്ള ഈ അവസരത്തിൻ്റെ സന്തോഷം ഒട്ടേറെ മലയാളികൾ മലയാളം യുകെയുമായി പങ്കുവെച്ചു. ഇന്ത്യ റെഡ്‌ ലിസ്റ്റിൽനിന്ന് ആംബർ ലിസ്റ്റിലേയ്ക്ക് മാറിയതുകൊണ്ട് തിരിച്ച് യുകെയിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാക്കപ്പെടുകയും ചെയ്യും

കൊച്ചിയിൽനിന്ന് ലണ്ടനിലേയ്ക്ക് ഡയറക്ട് വിമാന സർവീസ് നടത്തുന്നതിന് സിയാലിൻ്റെ ഇടപെടലും നിർണായകമായി. ഡയറക്ട് സർവീസിനായി എയർ ഇന്ത്യയ്ക്ക് പാർക്കിംഗ് ഫീസും ലാൻഡിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട് . യു കെയിൽ ഉന്നതപഠനം നടത്തുന്ന മലയാളി വിദ്യാർഥികൾക്ക് പുതിയ വിമാനസർവീസ് അനുഗ്രഹമാകും. ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യു കെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിന് ചേർന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒക്ടോബർ മുതൽ ഊർജ്ജ വില വർധന നിലവിൽ വരുന്നു. വിതരണക്കാരുടെ അധിക ചിലവുകൾ നികത്താനായി ഊർജ്ജ ബില്ലിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റെഗുലേറ്റർ ഓഫ്ഗെം അറിയിച്ചു. സാധാരണ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കൾക്ക് അവരുടെ ബിൽ പ്രതിവർഷം 139 പൗണ്ട്  വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം യൂണിവേഴ്സൽ ക്രെഡിറ്റിൽ നിന്ന് ആഴ്ചയിൽ 20 പൗണ്ട് അധിക നഷ്ടം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ ഈ നടപടി ബാധിക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. പ്രീപേമെൻറ് ഉപഭോക്താക്കൾക്ക് 153 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകും. തുക 1,156 രൂപയിൽ നിന്ന് 1309 പൗണ്ടായി വർദ്ധിക്കുമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. “പെട്രോൾ, ഡീസൽ വില ഉയർന്നതുകൊണ്ട് കൂടിയാണ് ഊർജ്ജ വില പരിധി ഉയർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരു ഉപഭോക്താവിനെയും, അവരുടെ വിതരണക്കാരുമായി ബന്ധപ്പെടാനും, സഹായം നേടാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കും. അവർക്ക് പിന്തുണ ഉറപ്പാക്കും.” ഓഫ്ഗെം ചീഫ് എക്സിക്യൂട്ടീവ് ജോനാഥൻ ബ്രെർലി പറഞ്ഞു. ഇത് വിനാശകരമായ വർധനവാണെന്ന് ഫ്യൂവൽ പോവേർട്ടി ചാരിറ്റി നാഷണൽ എനർജി ആക്ഷന്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ പീറ്റർ സ്മിത്ത് പറഞ്ഞു. ലക്ഷക്കണക്കിന് ഗാർഹിക ബജറ്റുകൾ ഇതിനകം പരിധിയിലേക്ക് നീട്ടിയിട്ടുണ്ടെന്നും ഈ ഭീമമായ വർദ്ധനവ് ഇത്തരമൊരു മോശം സമയത്ത് ഏർപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷത്തിൽ രണ്ടുതവണ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള വില പരിധി, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 11 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു. ഏകദേശം നാല് ദശലക്ഷം പ്രീപേയ്മെന്റ് മീറ്റർ ഉപഭോക്താക്കളെയും ബാധിക്കും. എത്രത്തോളം ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നുവോ അത്രയും ബിൽ വർധിക്കുമെന്ന് അർത്ഥം. ഊർജ്ജ ഉപയോക്താക്കൾക്ക് 200 പൗണ്ട് വരെ ലാഭിക്കാൻ മികച്ച ഡീലിലേക്ക് മാറാൻ കഴിയുമെന്ന് വാച്ച്ഡോഗ് അറിയിച്ചെങ്കിലും ദാരിദ്ര്യരേഖയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നയരൂപകർത്താക്കൾ കൂടുതൽ ചെയ്യണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ വ്യക്തമാക്കി.

മലയാളി നഴ്സ് മാൾട്ടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണ് മരണമടഞ്ഞത്. മാൾട്ട സർക്കാർ ഉടമസ്ഥതയിൽ ഉള്ള വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തു വരികെയാണ് ബിൻസിയ മരണമടഞ്ഞിരിക്കുന്നത്.

പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയിൽ കണ്ടെത്തിയ ബിൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പുറത്തുവരുന്ന വിവരം. മരണകാരണം എന്തെന്ന് ഉള്ള വിവരം അറിവായിട്ടില്ല.

അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ് പരേത. രണ്ട് കുട്ടികൾ- ഹന, ഹിസ. ബിൻസിയയുടെ അകാല വേർപാടിൽ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved