UK

ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.

ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.

ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

വേൾഡ് മലയാളി കൗൺസിൽ യുകെയുടെ ചെയർമാൻ  ഡോ.ജിമ്മി ലോനപ്പൻ മൊയലൻെറ മാതാവ് എൽസി ലോനപ്പൻ തൃശ്ശൂരിൽ നിര്യാതയായി. ലോനപ്പൻ മൊയലൻെറ ഭാര്യയാണ് പരേത .  അങ്കമാലി (വളവഴി) വലത്തുകാരൻ കുടുംബാംഗമാണ് .

മക്കൾ : ഡോ. ജിമ്മി ലോനപ്പൻ (യു കെ), ഷമ്മി, നിമ്മി, ഡോ. സിമ്മി. മരുമക്കൾ :ലിജി, ഡോറിൻ, സ്റ്റാൻലി, ഡോ. നോബിൾ. സഹോദരങ്ങൾ :പി എ തോമസ്( മുൻ മുനിസിപ്പൽ ചെയർമാൻ, അങ്കമാലി), മേരി, റോസി, ആനി, വെറോനിക്ക, ത്രേസ്യാമ്മ.

സംസ്കാരം തിങ്കളാഴ്‌ച (04-10-2021) രാവിലെ 11-ന് തൃശൂർ പടിഞ്ഞാറെ കോട്ട സെന്റ് ആൻസ് പള്ളിയിൽ.

ജിമ്മി ലോനപ്പൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

സുജിത് തോമസ്

എത്രയോ പ്രഭാതങ്ങൾ തൻ സുഖശീതളിമയിൽ ഞാൻ സ്നേഹിതരോടൊപ്പം ആ വഴികളിലൂടെ നടന്നു,
എത്രയോ സായന്തനങ്ങൾ തൻ അരുണരശ്മികളേറ്റ്
ആ കലാലയമുറ്റത്തെ വാകമര ചുവട്ടിലിരുന്ന് ഞാൻ കിനാവ് കണ്ടു,
ഇന്നിതാ,നാടിനു അഭിമാനമാം കലാക്ഷേത്രത്തിൽ അരുതായ്മ നടന്നെന്ന വാർത്ത ശോകമൂകമാക്കുന്നെൻ മനസ്സിനെ

ജീവിത സ്വപ്‌നങ്ങൾ ഏറെ നെയ്തുകൂട്ടിയാ തരുണീമണി,
ആഹ്ളാദചിത്തയായി പ്രിയ കലാലയത്തിൽ എത്തവെ,
ഒരുവേള ചിന്തിച്ചു കാണ്മാനില്ല, ഇന്നീയങ്കണം തൻ രുധിരത്താൽ സ്വാർത്ഥ പ്രണയത്തിനു വില കൊടുക്കേണ്ടൂ..
മോഹഭംഗംവന്ന ആ തരുണ ഹൃദയത്തിൽ,
കോപം അഗ്നിയായി ജ്വലിക്കവേ,
പ്രണയത്തിൻ തരളിതഭാവങ്ങളേവുംമില്ലാതെയവൻ
നിഷ്ടൂരനായി ആ ജീവനെടുക്കവേ
ഒരു വേള ചിന്തിച്ചു കാണ്മാനില്ല
താൻ നിമിത്തം ചിതയിലേക്കെടുക്കുന്നിതാ
പലകുടുംബങ്ങൾ തൻ സ്വപ്‌നങ്ങളും പ്രതീക്ഷകളും ..
ജീവനായി പിടയും പെൺകുട്ടി, നിണത്തിൽ കുളിച്ചു കിടക്കവേ,
ശാന്തനായി ആ കാഴ്ച്ച കണ്ടിരിക്കാൻ
ഏതൊരു പ്രണയിക്കും മനസ്സിനാവുമോ
പ്രണയത്തിൻ ഭാവം കറയില്ലാത്ത സ്നേഹമാണെന്നിരിക്കെ
നോവിക്കാൻ തോന്നും മനസ്സിൻ ഭാവം എങ്ങനെ പ്രണയമാകും എന്നെൻ മനസ്സിൻ ശങ്ക.
ഇല്ലായ്മയെ സ്വീകരിക്കാൻ പാകപ്പെടാത്ത അപക്വ മനസ്സിൻ,
ചാപല്യങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്നിതാ വിലയില്ലാതെ,
കുട്ടികൾ തൻ മനസ്സിൽ രൂപപ്പേടെണം കരുണയും, സ്നേഹവും,ക്ഷമയും
അന്നറിയും യഥാർത്ഥ പ്രണയത്തിൻ ഭാവങ്ങൾ ഏതും നിസ്വാർത്ഥമായ്

സുജിത് തോമസ് : പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ് ,വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു . പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു.വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് . റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് പ്രവിത്താനം സ്വദേശിയായണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയ ഇന്നലെ രാത്രി രണ്ടുമണിക്ക് മരണമടഞ്ഞു . അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു. കുഞ്ഞ് അലീവിയയുടെ നിര്യാണത്തിൽ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ക്‌നാനായ യാക്കോബായ സമുദായ അംഗമായ ജേക്കബ് എബ്രഹാം പ്രാർത്ഥന കൂട്ടായ്മകളിൽ സജീവമായിരുന്നു. അലീവിയയുടെ നിര്യാണത്തിൽ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയിലെ മെത്രാപ്പോലീത്തയായ ഡോ. അയ്യൂബ് മോർ സിൽവാനോസും ഇടവക വികാരി റെവ . ഫാ . ജോമോൻ അച്ചനും ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.

അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

യാത്രാച്ചട്ടം വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും. നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കണം.

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബ്രിട്ടൻ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകി. എന്നിട്ടും ബ്രിട്ടൻ പിന്മാറിയില്ല. തുടർന്നാണ് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

 

കവിത്വത്തിന്റെ മാസ്മരിക ശക്തിയാൽ ആസ്വാദകമനസ്സുകളിൽ ഗാന ചക്രവർത്തിയായി അവരോധിക്കപ്പെട്ട അതുല്യ വ്യക്തിത്വം, കരവിരുതിന്റെ ശില്പഭംഗിയും ഹൃദയ ഭാവങ്ങളുടെ സ്വച്ഛന്ദതയും മാധുര്യവും ചൈതന്യമാക്കിയ ഗാനങ്ങളുടെ ശില്പി അവബോധവും ആവിഷ്കരണവും തമ്മിലുള്ള പ്രകടബന്ധത്തിലൂടെ മലയാളഗാനശാഖയിലെ വേറിട്ട ശബ്ദം, .അനിർവചനീയമായ വശ്യതയുടെ സ്വപ്നാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനഗന്ധർവ്വൻ , തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭാവിലാസം – ഗിരീഷ് പുത്തഞ്ചേരിയുടെ സുവർണ്ണ സ്മരണകൾ കിനാവിന്റെ ചിറകുവിരിച്ച് അലൗകിക സൗന്ദര്യങ്ങളുടെ മായാവിലാസങ്ങളിലേയ്ക്ക് പറന്നുയരുന്ന ആഘോഷങ്ങളുടെ സായാഹ്നമിതാ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു

കവി, കഥാകാരൻ , തിരക്കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റെ പൊൻ തൂലിക കൊണ്ട് മുദ്ര ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. അർത്ഥങ്ങളും കല്പനകളും ഒന്നിനൊന്നോടിഴുകിച്ചേരുന്ന രാസപരിണാമം തൂലികത്തുമ്പിലൂടെ മലയാളിക്കു പകർന്നു നൽകി . മലയാളം നെഞ്ചോടു ചേർത്തോമനിക്കുന്ന നിത്യ സുന്ദരങ്ങളായ ഗാന സൗപർണിക നിരന്തരം ഒഴുകിക്കൊണ്ടിരിക്കയാണ് ‘ 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ അനവദ്യസുന്ദരമായ ഗാനങ്ങൾ.

എഴു പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, നാലു തവണ ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് 49 വയസ്സിനിടയിൽ അംഗീകാരങ്ങളുടെ പൂമഴയാണ് ഗിരീഷ് പുത്തഞ്ചേരിയെ തേടിയെത്തിയത്.

സാർവ്വജനീനമായ വശ്യതയോടെ ആകാശത്തിൽ ചിറകു വിരുത്തി പറന്ന ആ ദിവ്യതേജസ്സിനെ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കൊണ്ട് ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു.

ഹൃദയഹാരിയും അനശ്വരവുമായ ഭാവഗീതങ്ങളും മനം മയക്കുന്നു ഈണങ്ങളുമായി യുകെയിലെയും കേരളത്തിലെയും പ്രമുഖ ഗായകർ ഭാവസാന്ദ്രമായ ചടുലനടനങ്ങളിലൂടെ മുദ്രകളിലൂടെ നവരസങ്ങൾ പകർന്നാടുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയവയുമായി അപ്സര നർത്തകിമാർ

UK
st. Edwards School Hall,
_P00LE, BH15 3HY -_ ൽ

2021 ഒക്ടോബർ 16 ന് ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതൽ തുടർച്ചയായ ആറു മണിക്കൂർ കലാ സായാഹ്നം
ഗിരീഷ് പുത്തഞ്ചേരി നൈറ്റ് മലയാളത്തിന്റെ മാധുര്യം വിളമ്പുന്ന ഈ സംഗീത സായാഹ്നത്തെ ധന്യമാക്കാൻ മലയാള സിനിമാ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറും നടനും നിർമ്മാതാവുമായ ശ്രീ.ഉണ്ണി ശിവപാൽ
തട്ടീം മുട്ടീം സീരിയൽ ഫെയിം ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി തുടങ്ങിയവരോടൊപ്പം യുകെയിലെ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കു ചേരുന്നു.

വേദിയോടനുബന്ധിച്ച് രാവിലെ പതിനൊന്നു മണി മുതൽ മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഒരു ലഘുഭക്ഷണശാലയുമുണ്ട്. ഈ ഉല്ലാസവേളയിലേക്ക് കലാസ്വാദകരായ കലയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം. ആസ്വദിക്കൂ. ആനന്ദിക്കൂ

വിശദ വിവരങ്ങൾക്ക് :
മനോജ് മാത്രാടൻ
+447474803080
ജെയ്സൻ ബത്തേരി
+447872938694
സത്യനാരായണൻ കിഴക്കിനിയിൽ
+447958106310
മഹേഷ് അലക്സ്
+447846960618
ബോബി അഗസ്റ്റിൻ
+447412478781

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ  എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട്‌ (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന്  ആണ് അപകടം ഉണ്ടായത്.

കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി  ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ്‌ എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.

ബാംഗ്ലൂർ എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ എട്ടാമത്തെ ബാച്ചായ , നാളിതുവരെയുള്ള നേഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാരുടെ ബാച്ചുമായിരുന്ന 94-97 നേഴ്സിംഗ് ബാച്ചിലെ മെയിൽ നേഴ്സുമാരുടെ കൂട്ടായ്മ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക്രേവൻ ഫീൽഡ് സെന്ററിൽ വച്ച് സെപ്തംബർ 24, 25,26 തീയതികളിലായി നടത്തപ്പെട്ടു. 24 ന് വൈകുന്നേരം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പേർ നേരിട്ടും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ ഓൺലൈനായും പങ്കെടുത്തു.

24 വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ, ഗതകാല സ്മരണകളുണർത്തുന്ന 94-97 കാലഘട്ടത്തിന്റെ പ്രതിഫലനമായി മാറി. രൂപഭാവങ്ങളിലെ വ്യത്യസ്തത മാത്രമേ ജീവിതത്തിൽ പ്രായം കൊണ്ടു സംഭവിക്കൂ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കാലത്തിന്റെ കുത്തൊഴുക്കിന് സാദ്ധ്യമല്ല എന്നും രാമയ്യായിലെ ചുണക്കുട്ടികളുടെ ഒരുമയും വീര്യവും ശൗര്യവും ഊർജ്ജവും രണ്ടര പതിറ്റാണ്ടിനിപ്പറവും ഒട്ടും കൈമോശം വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവുമായി മാറി ഈ കൂടിച്ചേരൽ .

24 വർഷത്തെ അപരിചിതത്വത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. “ഹിയാ ഹുവ്വാ രാമയ്യ ” യുടെ അലയൊലികളാൽ ശബ്ദമുഖരിതമായ 3 ദിനരാത്രങ്ങൾ ; 1980-90 കാലഘട്ടത്തിലെ ഹിറ്റുഗാനങ്ങൾ കൊണ്ടും, പതിവു തമാശകൾ കൊണ്ടും, പാരവയ്പുകൾ കൊണ്ടും, കൗണ്ടറുകൾ കൊണ്ടും, രാവിരുളുകളില്ലാത്ത രാമയ്യ ഹോസ്റ്റലിനെ അക്ഷരം പ്രതി പുനപ്രതിഷ്ഠിച്ചു . ക്യാംപ് ഫയറും, ബാർബിക്യൂവും, പഠന – പാഠ്യേതര വിഷയങ്ങളിലെ ‘വീര- സാഹസികതകളുടെ ഓർമ്മപ്പെടുത്തലുകളും ഓർമ്മിച്ചെടുക്കലുകളും ആട്ടവും പാട്ടുമായി ദിവസങ്ങളെ നിമിഷങ്ങളാക്കി മാറ്റിയ അനിർവ്വചനീതയുടെ ഉൾപുളകങ്ങൾ സൃഷ്ടിച്ച ഗ്രഹാതുരത്വമുണർത്തുന്ന രാമയ്യാ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ പുനരാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം 2022 സെപ്റ്റംബർ അവസാനത്തോടു കൂടി 94 – 97 നേഴ്സിംഗ് ബാച്ചിന്റെ 25ാം വാർഷികം അതിവിപുലമായി നടത്തുന്നതിനായി തീരുമാനിച്ചു. ഒരിക്കലും തിരിച്ചു കിട്ടാത്ത ; പോയ കാല സ്മൃതികളെ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യവുമായി ഓർമ്മകളുടെ ഓർമ്മ ചെപ്പിലെ കുളിർ മഴയായി മാറ്റിയ ദിനരാത്രങ്ങൾ സമ്മാനിച്ച ഏവർക്കും നന്ദിയുടെ നറുമലരുകൾ .

ട്രക്ക് ഡ്രൈവർമാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ എണ്ണ വിലയിലും വർധനവ്. ബാരലിന് 80 ഡോളറാണ് നിലവിൽ വിവിധ മേഖലകളിലെ വില നിലവാരം. തുടർച്ചയായ ആറാം ദിവസവും ബ്രെന്റ് ക്രൂഡ് വില ഉയർന്നതും ബ്രിട്ടന് തിരിച്ചടിയായി. കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ ആഗോള വ്യാപകമായി ആവശ്യം വർദ്ധിച്ചതാണ് എണ്ണ വില ഉയരാൻ കാരണം.

അതേസമയം ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം. പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹനനിര നീളുകയാണ്.

ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രക്ക് ഡ്രൈവർമാർക്കായി 5000 താൽക്കാലിക വീസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാൻ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

വിരലിൽ എണ്ണാവുന്ന പെട്രോൾ പമ്പുകൾ മാത്രമാണ് ഇപ്പോൾ പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.

ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലാണ് ഇന്ധനക്ഷാമം അതിരൂക്ഷം. പമ്പുകൾ ഓരോന്നായി അടഞ്ഞതോടെ തുറന്നിരിക്കുന്ന പമ്പുകളിൽ പാനിക് ബൈയിങ്ങിനായി ആളുകൾ ഇരച്ചെത്തി. ഇത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് പമ്പുകളിൽ 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയും രണ്ടു ദിവസങ്ങൾക്കുള്ളിൽ ഉണ്ടായി.

ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചു തുടങ്ങിയതോടെ സൂപ്പർ മാർക്കറ്റുകളിൽ പലേടത്തും സാധനങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധനക്ഷാമം മൂലം വാഹനങ്ങൾ നിരത്തിലിറങ്ങാത്ത സ്ഥിതിയുണ്ടാകും. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് ഇന്ധല ക്ഷാമമല്ല, ഇത് പമ്പുകളിൽ എത്തിക്കാനുള്ള പ്രതിസന്ധി മാത്രമേയുള്ളൂ എന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.

സൈന്യത്തിന്റെ സഹായത്തോടെ ഇതു പരിഹരിക്കുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും പമ്പുകളിൽ ഇന്ധനം എത്തുന്നില്ല. ഓരോ മണിക്കൂറിലും അടയ്ക്കുന്ന പമ്പുകളുടെ എണ്ണം ഏറിവരികയാണ്. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച, ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ ലഭ്യത കുറവാണ് കോവിഡ് സാഹചര്യത്തിൽ വർധിച്ചുവന്ന് ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ പ്രധാനമന്ത്രി ബോ റിസ് ജോൺസണ് മേലുള്ള സമ്മർദ്ദവും വർധിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തോളം ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. അത്ര എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്. ബ്രക്സിറ്റ് നടപ്പിലായ ജനുവരി മുതൽതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഹെവി ഗുഡ്സ് ഡ്രൈവർമാർ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.

ഇരുപതിനായിരത്തിലധികം ഡ്രൈവർമാർ ഇത്തരത്തിൽ മടങ്ങിയെന്നാണ് റോഡ് ഹോവിലേജ് അസോസിയേഷന്റെ കണക്ക്. ബ്രിട്ടനിൽ ഇനിയൊരു സെറ്റിൽമെന്റ് എളുപ്പവും സുഗമവും ആകില്ല എന്ന പ്രതീതിയായിരുന്നു ഇതിനു കാരണം. നിലവിൽ മൂന്ന് മാസത്തെ താൽക്കാലിക വിസ നൽകി ഇവരെ തിരികെ കൊണ്ടുവരാൻ യുകെ സർക്കാർ ശ്രമിക്കുമെങ്കിലും എത്ര പേർ ഇതിന് തയ്യാറാകുമെന്ന് കണ്ട റിയണം.

യുകെ സ്വയം കുഴിച്ച കുഴിയാണ് ഇന്ധന പ്രതിസന്ധിയെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ. അതിനാൽ ജർമ്മനി ഉൾപ്പെടെയുള്ള ഇയു രാജ്യങ്ങളും യുകെ സർക്കാരിനെ കൈയ്യൊഴിയുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.

ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട്‌ പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!

മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.

ജയന്റെ കൃഷിരീതി

രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ്‌ ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും‌. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.

അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.

 

യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .

Copyright © . All rights reserved