UK

കോവിഡ് കാലത്ത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങളുടെ അഭാവമായിരുന്നു. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളില്ലാതെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ക്ലേശിച്ചത്‌. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു പറ്റം മലയാളികൾ തങ്ങളാൽ കഴിയുന്ന സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ പ്രവാസി കേരള കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്കാവശ്യമായ ഓൺലൈൻ പഠനോപകരണങ്ങൾക്കുള്ള ധനശേഖരണം നടത്തിയത്.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ആവശ്യമായ മൊബൈയിൽ ഫോൺ വിതരം ചെയ്യുന്നതിന്റെ ഭാഗമായി ഗാന്ധിജി സ്റ്റഡി സെന്റർ നടത്തുന്ന സ്മാർട്ട് ഫോൺ ചലഞ്ചിലേക്കുള്ള മൊബൈൽ ഫോണുകൾ ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ ശ്രീ പി ജെ ജോസഫ് എംഎൽഎയ്ക്ക് ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ ശ്രീ അപു ജോൺ ജോസഫിന്റെ സാന്നിധ്യത്തിൽ പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ട് പ്രതിനിധി ശ്രീ ജെയ് സൺ തോമസ് എട്ടുതൊട്ടിയിൽ കൈമാറി. പ്രവാസി കേരളാ കോൺഗ്രസ് നടത്തിയ സ് മാർട്ട്ഫോൺ ചലഞ്ചിന്‌ ജിപ് സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു മാത്യു ഇളംതുരുത്തിൽ , ജോസ് പരപ്പനാട്ട് , ബേബി ജോൺ, ബിറ്റാജ് അഗസ്റ്റിന്, ജോയസ് ജോൺ, സിബി കാവുകാട്ട് , ജെറി ഉഴുന്നാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

മെട്രിസ് ഫിലിപ്പ്

സെവന്റീസ് കളിയെകുറിച്ചു ഓർക്കാറുണ്ടോ ആരെങ്കിലും. 1980-95 കാലഘട്ടങ്ങളിൽ, നാട്ടിൻപുറങ്ങളിലെ ഗ്രൗണ്ടുകളിൽ, രണ്ട് ടീം ആയി നിന്ന്കൊണ്ടുള്ള, ഈ കളിയിൽ, റബ്ബർ ബോൾ കൊണ്ടുള്ള ഏറുകിട്ടാത്തവരുണ്ടോ? ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, ഒരു വട്ടത്തിന്റെ നടുവിൽ, 7 കല്ലുകൾ മുകളിൽ, മുകളിൽ അടുക്കി അടുക്കി വെക്കും. മിക്കവാറും, പൊട്ടിയ ഓടിൻ കഷണങ്ങൾ ആയിരിക്കും. എന്നാൽ, പെട്ടെന്ന് ഈ കല്ലുകൾ അടുക്കി വെക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കല്ലുകൾ ആയിരിക്കുകയും ചെയ്യും. കൃത്യമായ ഒരു അകലത്തിൽ നിന്ന് കൊണ്ട്, ചെറിയ റബ്ബർ ബോൾ കൊണ്ട് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകൾ,എറിഞ്ഞു, തട്ടിതെറിപ്പിച്ചിട്ട്ഓടുക. എതിർ ടീം, ഈ ബോൾ കൊണ്ട്, ആ എറിഞ്ഞ ടീമിലെ അംഗങ്ങളെ, ഈ കല്ലുകൾ തിരിച്ച് അടുക്കാൻ സമ്മതിപ്പിക്കാതെ എറിഞ്ഞോടിക്കുക. ഏറുകൊണ്ടാൽ ഔട്ട് ആകും. ഈ കളി മിക്കവാറും മഴയുള്ള സമയത്താണ് കളിക്കുന്നത്. കാരണം, ഏറുകൊണ്ടാലും, പെട്ടെന്ന് വേദനിക്കരുത്.

ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ, ധോത്തി ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങൾ, മഴകാലത്ത് സെവന്റീസ് കളിച്ചതുകൊണ്ട്, ദേഹത്തു റബ്ബർ ബോളിന്റെ ഏറുകൊണ്ടതിന്റെ പാട് ഉണ്ടെങ്കിൽ ഈ അവസരത്തിൽ ഒന്ന് തടവിനോക്കുന്നത് നന്നായിരിക്കും.

ഈ സെവന്റീസ് കളിയിലെ 7 കല്ലുകൾ, മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, നൊമ്പരങ്ങളും എല്ലാം ആയുള്ള വർണ്ണങ്ങൾ ആയി ഈ അവസരത്തിൽ കരുതികൂടെ. മനുഷ്യജീവിതത്തിന്റെ 7 അവസ്ഥകൾ. അതിൽ നല്ലതും ചീത്തയും സന്തോഷവും ദുഃഖവും എല്ലാം നിറഞ്ഞ 7 വർണ്ണങ്ങൾ.

കൊറോണ എന്ന മഹാമാരി കൊണ്ട് തകർന്ന് പോയ എത്രയോ സ്വപ്നങ്ങൾ ഉണ്ടാകാം ഒരോരുത്തരുടെയും ജീവിതത്തിൽ. മരണപെട്ടവർ, ജോലി നക്ഷ്ടപെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, കുടുംബം, സ്വത്തുക്കൾ എല്ലാം എല്ലാം ഓരോ കല്ലുകൾ ആയി മനുഷ്യ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലെ 7 വർണ്ണങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? നമ്മൾ അറിഞ്ഞോ, അറിയാതെയോ, ഇത് പോലെ മറ്റുള്ളവർക്ക് വിനയാകുന്ന രീതിയിൽ എന്തെങ്കിലും വർണങ്ങളെ തകർത്തിട്ടുണ്ടോ,അതോ ചെയ്തിട്ടുണ്ടോ? ഈ ഏഴുകല്ലുകൾ പോലെ എഴുപത് കല്ലുകൾ ആയി, സ്വപ്‍നങ്ങൾ കൊണ്ട് നടക്കുന്നവർ ഉണ്ടാകും നമ്മുടെ സമൂഹത്തിൽ. അവരുടെ ആ സ്വപ്നങ്ങൾ തട്ടിതെറുപ്പിക്കതെ, അവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരെ സഹായിക്കാം. നന്മ നിറഞ്ഞ മനസ്സുള്ളവരാകാം. ചിതറിതെറിച്ച കല്ലുകൾ, മറ്റുള്ളവരുടെ ഏറുകൊള്ളാതെ, അടുക്കിവെക്കാം. അപ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.

ജീവിതം ഒന്നേ ഉണ്ടാകു. ആ ജീവിതം എങ്ങനെ സന്തോഷത്തോടെ പൂർത്തിയാകാം എന്നാണ് ചിന്തിക്കേണ്ടത്. ഭഗവത് ഗീതയിൽ പറയുന്നപോലെ, “നീ നേടിയതെല്ലാം ഇവിടെ നിന്ന് ലഭിച്ചതാണ്, അത് നാളെ മറ്റൊരുടേതോ ആവും, മാറ്റം പ്രകൃതി നിയമമാണ്‌.”

അവശത അനുഭവിക്കുന്നവർക്ക്, ഒരു ചെറിയ കൈതാങ്ങ് ആകാം. ആകാശത്തു വിരിയുന്ന പ്രകൃതിയുടെ 7 വർണ്ണങ്ങൾ, നമ്മുടെ സഹോദരങ്ങളെ, ചേർത്തുപിടിച്ചുകൊണ്ട്, കാണിച്ചു കൊടുക്കാം. അങ്ങനെ നമ്മുടെയും, അവരുടെയും ജീവിതം ധന്യമാകും. എല്ലാവർക്കും നന്മനിറഞ്ഞ ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്.

കോണ്‍വാളില്‍ നിന്ന് ഹെലികോപ്ടറിലാണ് ബൈഡന്‍ വിന്‍സര്‍ കൊട്ടാരത്തിലെത്തിയത്. ദി ക്വീന്‍സ് കമ്പനി ഫസ്റ്റ് ബറ്റാലിയന്‍ ഗ്രനേഡിയര്‍ ഗാര്‍ഡ്‌സ്, ഗാര്‍ഡ് ഓഫ് ഓണര് നല്‍കി അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമരുളി. ഒരു മണിക്കൂറോളം രാജ്ഞിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്.

“രാജ്ഞിയുടെ രൂപവും സൗമ്യഭാവവും മഹാമനസ്‌കതയും അമ്മയുടേത് പോലെ തോന്നിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ കുറിച്ചും രാജ്ഞി തിരക്കി,“ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനായി എലിസബത്ത് രാജ്ഞിയെ ക്ഷണിച്ചതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന 13-മത്തെ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. 1982 ലാണ് ബൈഡന്‍ ആദ്യമായി രാജ്ഞിയെ കാണാനെത്തിയത്. അന്ന് സെനറ്ററായിരുന്ന ബൈഡന്‍ അമേരിക്കന്‍ പാര്‍ലമെന്ററി സംഘത്തിനൊപ്പമാണ് രാജ്ഞിയെ കാണാനെത്തിയത്.

ബൈഡന്റെ അമ്മയായ കാതറിന്‍ യൂജിന്‍ ഫിന്നഗന്‍ ബൈഡന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ബൈഡന്റെ വ്യക്തിപരമായ ജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ജീന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കാതറിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും ബൈഡന്‍ അമ്മയുടെ വാക്കുകള്‍ എടുത്തു പറയാറുണ്ട്. 2010 ല്‍ അന്തരിച്ചെങ്കിലും കാതറിന് ഇപ്പോഴും ബൈഡനില്‍ ഏറെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് അടുത്തിടെയാണ് ജോൺസൺ പിന്നോക്കം പോയത്. പകരം നേരത്തെ പ്രഖ്യാപിച്ച റോഡ് മാപ്പ് ജൂലൈ 19 വരെ നീട്ടിവെക്കുമെന്നും സർക്കാർ വൃത്തങ്ങൾ സ്കൈ ന്യൂസിനോട് പറഞ്ഞു.

രാജ്യത്ത് മൂന്നാം തരംഗം തടയുന്നതിൻ്റെ ഭാഗമായി വാക്സിനും വൈറസും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് മുതിർന്ന കാബിനറ്റ് മന്ത്രിമാരെയും ശാസ്ത്ര ഉപദേഷ്ടാക്കളെയും വിളിച്ച് ചർച്ച നടത്തിയ പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ, ആല്‍ഫ വകഭേദത്തെക്കാള്‍ 40 ശതമാനം വേഗത്തില്‍ പടരുന്നതാണ് ബ്രിട്ടനിൽ രണ്ടാം തരംഗം രൂക്ഷമാക്കിയത്.

എന്നാല്‍, രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ തടയാന്‍ ഫലപ്രദമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

റോഡ് മാപ്പ് ജൂലൈ 19 ലേക്ക് നീട്ടുക വഴി ദശലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ അനുവദിക്കുകയും കൂടുതൽ പേർക്ക് ജൂലൈ അവസാനത്തോടെ രണ്ടാമത്തെ ഡോസ് ലഭിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ നീക്കുന്നതിലെ കാലതാമസം ഡെൽറ്റ വേരിയൻ്റിനെ നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം അനുവദിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനും ഒപ്പം വാക്സിനേഷൻ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഡ്രൈവ് പ്രധാനമന്ത്രി ജോൺസൺ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാലതാമസം അർത്ഥമാക്കുന്നത് വാക്സിനേഷൻ പ്രോഗ്രാം വിജയകരമായിരുന്നിട്ടും ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക്ഡൗൺ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ എന്നുമാണ്.

യൂറോ കപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണങ്ങൾ ബിസിനസുകളേയും ടോറി എംപിമാരേയും നിരാശപ്പെടുത്തുമെന്ന് ഉറപ്പാണ്. പബ്ബുകളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ ടേബിൾ സേവനം പരിമിതപ്പെടുത്തലാണ് ജോൺസൺ നിലനിർത്താനിടയുള്ള നിയന്ത്രണങ്ങളിൽ പ്രധാനം. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന എല്ലാവരും അത് തുടരേണ്ടി വരും.

തിയേറ്ററുകളും മറ്റ് ഇൻഡോർ വേദികളും 50% ശേഷിയിൽ പ്രവർത്തിക്കണം. നൈറ്റ്ക്ലബ്ബുകൾ അടച്ചിടും. എന്നാൽ വിവാഹ ചടങ്ങുകൾക്ക് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാൻ സാധ്യതയുണ്ട്. സർക്കാർ മാർഗനിർദേശ പ്രകാരം നിലവിൽ 30 അതിഥികൾക്ക് മാത്രമേ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയൂ.

ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്.

ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ ഇന്ത്യൻ വംശജരായ 30 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശിയായ ജോർജിന്റെയും തിരുവനന്തപുരം സ്വദേശിയായ നിഷയുടെയും മകളാണ് അമിക.

2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്ന് തുടക്കമിട്ടാണ് അമിക ശ്രദ്ധ നേടിയത്. കാമ്പയിൻ വൻ വിജയമായതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ പൊതുമേഖലയിലുള്ള സ്കൂളുകളിലും കോളേജുകളിലും സാനിട്ടറി പാഡുകളും ടാമ്പണുകളും സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.

ലോകകപ്പ് സെമിയിൽ പരാജയപ്പെടുത്തിയതിനുള്ള കണക്ക് ഇംഗ്ലണ്ട് ലോക ഫുട്ബോളിലെ മറ്റൊരു വലിയ സ്റ്റേജായ യൂറോ കപ്പിൽ തീർത്തു എന്ന് പറയാം. ക്രൊയേഷ്യയെ നേരിട്ട ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങിന്റെ ഗോളാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.

ഇന്ന് വെംബ്ലിയിൽ എല്ലാവരും പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ലൈനപ്പുമായാണ് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ ഇറക്കിയത്. തുടക്കത്തിൽ ആക്രമിച്ചു കൊണ്ട് തുടങ്ങാൻ ഇംഗ്ലണ്ടിനായി. ആറാം മിനുട്ടിൽ ഗോൾ നേടുന്നതിന് അരികിൽ അവർ എത്തി. മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിന്റെ ഇൻസൈഡിൽ തട്ടിയാണ് മടങ്ങിയത്.

ഇതിനു പിന്നാലെ ഫിലിപ്സിലൂടെ ഒരിക്കൽ കൂടെ ക്രൊയേഷ്യ ഡിഫൻസിനെ വിറപ്പിക്കാൻ ഇംഗ്ലണ്ടിനായി. ഒരു കോർണറിൽ നിന്ന് കിട്ടിയ അവസരം പവർ ഫുൾ വോളിയിലൂടെ ഫിലിപ്സ് തൊടുത്തു എങ്കിലും ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച് തടഞ്ഞു. തുടക്കത്തിലെ ഈ അറ്റാക്കുകൾക്ക് ശേഷം കളി വിരസമാകുന്നതാണ് കണ്ടത്‌‌. ആദ്യ പകുതിയിൽ പിന്നെ കാര്യമായ അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചില്ല.

രണ്ടാം പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് തുടങ്ങിയത്. എങ്കിലും 57ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. വലതുവിങ്ങിലൂടെ എത്തിയ ലീഡ താരം കാല്വിൻ ഫിലിപ്സിന്റെ മനീഹരമായ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോൾ കളിക്ക് ജീവൻ നൽകി എന്ന് പറയാം. ഇതിനു പിറകെ ഇരു ഗോൾ മുഖത്തും അറ്റാക്കുകൾ വരാൻ തുടങ്ങി.

ലീഡ് രണ്ടാക്കി ഉയർത്താൻ ഹാരി കെയ്ന് വലിയ അവസരം കിട്ടിയിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 65ആം മിനുട്ടിൽ റെബികിലൂടെ ക്രൊയേഷ്യക്കും അവസരം ലഭിച്ചു. റെബിചിനും ഫിനിഷിംഗിൽ നിലവാരം പുലർത്താൻ ആയില്ല. 70ആം മിനുട്ടിൽ ഇംഗ്ലണ്ട് ഫോഡനെ പിൻവലിച്ച് മാർക്കസ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. 17കാരനായ ജൂദ് ബെല്ലിങ്ഹാമും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങി. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം ഇതോടെ മാറി.

ലീഡ് ഇരട്ടിയാക്കാൻ ശ്രമിക്കാതെ കൃത്യമായി ഡിഫൻഡ് ചെയ്ത് ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 3 പോയിന്റുമായി ടൂർണമെന്റ് ആരംഭിക്കാൻ ആയത് സൗത്ഗേറ്റിനും സംഘത്തിനും ആത്മവിശ്വാസം നൽകും. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഇംഗ്ലണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബിറ്റ്കോയിനെ നിയമപരമായ ടെൻഡറായി അംഗീകരിച്ച് ഡോളറിനൊപ്പം ബിറ്റ്കോയിനിനെയും സ്വന്തം രാജ്യത്തിന്റെ ഔദ്യാഗിക കറൻസിയായി മാറ്റിയ എൽ സാൽവഡോറിന്റെ ചരിത്രപരമായ നീക്കത്തെ ക്രിപ്‌റ്റോ കറൻസി പ്രേമികളും സാമ്പത്തിക മേഖലയും ആവേശപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു . ഇനിമുതല്‍ ഒരു രാജ്യത്തിന്റയോ കേന്ദ്ര ബാങ്കിന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയെന്ന പഴി ബിറ്റ്‌കോയിനിനില്ല.  ഇതോടെ ലോകത്ത്‌ ക്രിപ്‌റ്റോ കറന്‍സിയെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന മധ്യ അമേരിക്കൻ രാജ്യം മാറി.  അതോടൊപ്പം മറ്റ് പല രാജ്യങ്ങളെയും ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും എൽ സാൽവഡോർ കാരണമായി.

84 ല്‍ 62 വോട്ടുകള്‍ നേടി ബിറ്റ്‌കോയിനെ അംഗീകൃത കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായെന്നും 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റ്‌ നായിബ്‌ ബുക്കെലെ പറഞ്ഞു. യു.എസ്‌. ഡോളര്‍ നിയമപരമായ കറന്‍സിയായി തുടരുമെന്നും  ബിറ്റ്‌കോയിന്‍ ഉപയോഗം ഓപ്‌ഷണലായിരിക്കുമെന്നും ഇത്‌ ഉപയോക്‌താക്കള്‍ക്ക്‌ അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്‌തമാക്കി. ഓരോ ഇടപാടിലും ബിറ്റ്‌കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്‍മാരുടെ പണമിടപാടുകളാണ്‌ സാല്‍വഡോറിന്റെ പ്രധാന വരുമാനം. സാല്‍വഡോറിന്റെ ജി.ഡി.പിയുടെ 22 ശതമാനവും ഈ കണക്കില്‍പ്പെടുന്നതാണ്‌. 2020 ല്‍ ഇത്‌ 590 കോടി ഡോളറായിരുന്നു. കോടിക്കണക്കിന്‌ ഡോളര്‍ പണമയയ്‌ക്കാനും ഇടനിലക്കാര്‍ക്കായി ലക്ഷക്കണക്കിന്‌ ഡോളര്‍ നഷ്‌ടപ്പെടുന്നത്‌ തടയാനുമാണ്‌ അതിവേഗം വളരുന്ന ബിറ്റ്‌കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന്‌ ബുക്കലെ പറഞ്ഞു.

ലോകത്തെ പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും അഭിഭാഷകരും എൽ സാൽവഡോറിന്റെ ഈ നടപടിയെ ക്രിപ്റ്റോ കറൻസികൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നതിനുള്ള സുപ്രധാന ഘട്ടമായി കാണുന്നു . എൽ സാൽവഡോർ പൂർണ്ണമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ നീക്കം സഹായിക്കുമെന്നും ബിറ്റ്ഫിനെക്സിന്റെ ചീഫ് ടെക്നോളജി ഓഫീസർ പൗലോ അർഡോനോ പറഞ്ഞു.

എൽ സാൽവഡോർ നിയമപരമായ ടെൻഡറായി ബിറ്റ്കോയിനിനെ സ്വീകരിച്ചപ്പോൾ ഞങ്ങൾ ഇത്രയും കാലം പറഞ്ഞ കാര്യം ലോകം അംഗീകരിച്ചിരിക്കുന്നുവെന്നും, ബിറ്റ്കോയിന് യൂട്ടിലിറ്റി ഉണ്ടെന്നും, ഫിയറ്റ് കറൻസികൾക്ക് ഇത് ഒരു ബദലാണെന്നും, ഇത് മാനവികതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും, ഒരു മഹത്തായ നിമിഷമാണിതെന്നും അഭിപ്രായപ്പെട്ടു.

ബ്ലോക്ക്ചെയിൻ കമ്പനിയായ ഫെച്ച് ഐയുടെ സിഇഒ ഹുമയൂൺ ഷെയ്ഖ് എൽ സാൽവഡോർ പോലുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും വ്യക്തികളെയും ആകർഷിക്കുമെന്നും, ഒരുപിടി രാജ്യങ്ങൾ ബിറ്റ്കോയിൻ സ്വീകരിക്കുകയോ, കരുതൽ ശേഖരമായി ഉപയോഗിക്കാൻ ബിറ്റ്കോയിൻ വാങ്ങുകയോ ചെയ്യുന്നത് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും ക്രിപ്റ്റോ കറൻസി ദത്തെടുക്കുന്നതിന് ആക്കം നൽകുകയും ചെയ്യുമെന്നും അംബർ ഗ്രൂപ്പിലെ അമേരിക്കയുടെ തലവൻ ജെഫ്രി വാങും  അഭിപ്രായപ്പെട്ടു.

ഒരു രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ബിറ്റ്കോയിനിനെ സ്വീകരിക്കുമ്പോൾ അവരുടെ രാജ്യത്തേക്ക് മൂലധനവും കഴിവും ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകുമെന്നും, ക്രിപ്റ്റോ കറൻസി ബിസിനസുകളുടെ കേന്ദ്രമായി എൽ സാൽവഡോർ മാറുന്നതിന് ഈ നിയമം സഹായകമാകുമെന്നും വാങ് പറഞ്ഞു. 

സ്വകാര്യ മേഖലയിൽ ബിറ്റ്കോയിൻ ഖനന ഓപ്പറേറ്റർമാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് സർക്കാർ നേരിട്ട് ഖനനം നടത്തി ബിറ്റ്‌കോയിനിന്റെ മേൽ ആധിപത്യം സ്ഥാപിക്കാം എന്ന ചൈനയുടെ തന്ത്രത്തിനാണ് സാൽവഡോറിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും സാൽവഡോറിനെ പിന്തുടരാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതും, ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ക്രിപ്റ്റോ റെഗുലേഷനുമായി ബന്ധപ്പെട്ട ബില്ലിന്മേൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നതും വരുന്ന സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസികൾക്കുള്ള വലിയ സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ സാധ്യതയെ ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ പരസ്പരം  മത്സരിക്കുമ്പോൾ ഓരോ ക്രിപ്റ്റോ കറൻസികൾക്കും വലിയ രീതിയിലുള്ള വില കയറ്റമായിരിക്കും വരും വർഷങ്ങളിൽ ഉണ്ടാക്കുവാൻ പോകുന്നത്.

അയര്‍ലണ്ടിലും ,ബ്രിട്ടണിലും ഡെല്‍റ്റാ വേരിയന്റ് വൈറസ് വര്‍ദ്ധിച്ച തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ക്ക് ഈ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍. ഇരു രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഹൈ റിസ്‌ക്ഇ കാറ്റഗറി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ യൂ കെ യില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന് ശേഷം നടത്തുന്ന പി സി ആര്‍ ടെസ്റ്റ് നെഗറ്റിവ് ആയാല്‍ ക്വാറന്റൈന്‍ വിടാവുന്ന സാഹചര്യമാണ് ഉള്ളത്.എന്നാല്‍ അത്തരംക്വാറന്റൈന്‍ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അനൗദ്യോഗിക ധാരണ ഉണ്ടായിട്ടുണ്ട്.

ഇന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ , ഡെല്‍റ്റാ വേരിയന്റ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.ഈ യോഗത്തിന് ശേഷം യാത്ര നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
ഏതാനം ദിവസത്തെ കുറഞ്ഞ കോവിഡ് വ്യാപനം രാജ്യത്തിന് ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ ഇന്നലെ കോവിഡ് -19 പുതിയ 431 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

58 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ഇപ്പോഴുമുണ്ട്.. ഇവരില്‍ 22 പേര്‍ ഐസിയുവിലാണ്,

ഇംഗ്‌ളണ്ടില്‍

ഇംഗ്ലണ്ടിലുടനീളമുള്ള പുതിയ കൊറോണ വൈറസ് കേസുകളില്‍ 96% വരെ ഡെല്‍റ്റ വേരിയന്റാണെന്ന് കണക്കാക്കപ്പെടുന്നു,വരെ ഡെല്‍റ്റ വേരിയന്റിന്റെ വര്‍ദ്ധനവ് ഇംഗ്ലണ്ടിലെ ലോക് ഡൌണ്‍ നീട്ടുന്നതിന് കാരണമായേക്കും എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഡെല്‍റ്റ വേരിയന്റിലെ 42,323 കേസുകള്‍ യുകെയില്‍ സ്ഥിരീകരിച്ചതായാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 29,892 എണ്ണം കൂടുതലാണിത്.ഓരോ നാലര ദിവസത്തിലും ഇവ ഇരട്ടിയാവുന്നു എന്ന് കണക്കാക്കപ്പെടുന്നു.

 ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)

യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു

മദ്യപാനം ബ്രിട്ടനിലെ പല മലയാളി കുടുംബങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന വിപത്തിനെക്കുറിച്ച് നമ്മളെല്ലാം ബോധ്യമുള്ളവരാണ്. യുകെയിലെ മലയാളികളുടെ ഇടയിലുള്ള വിവാഹമോചനങ്ങളുടെ മൂലകാരണം മദ്യപാനമാണെന്നുള്ളത് മദ്യപാനം വരുത്തിവെയ്ക്കുന്ന വിപത്തിൻെറ നേർക്കാഴ്ചയാണ്. മദ്യപാനം മൂലമുള്ള വിപത്തിനെ കുറിച്ച് ആളുകളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബ് ഹൗസിലെ മലയാളി കൂട്ടായ്മയായ ബ്രിട്ടനിലെ പൊട്ടന്മാർ എന്ന ഗ്രൂപ്പ് സംവാദം സംഘടിപ്പിക്കുന്നത്. മദ്യപാനാസക്തി ഏറ്റവും കൂടുതൽ ചർച്ചയായ വെള്ളം എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായ മുരളി കുന്നുംപുറവുയിട്ടാണ് സംവാദം. മുരളി കുന്നുംപുറത്തിൻെറ ജീവിതകഥയാണ് വെള്ളം എന്ന സിനിമയ്ക്ക് ആധാരമായത്. മദ്യപാനം ഒരു വ്യക്തിയെ എത്രമാത്രം തകർക്കാമെന്നും കുടുംബബന്ധങ്ങളിൽ എത്രമാത്രം വിള്ളലുകൾ സൃഷ്ടിക്കാം എന്നതിൻെറയും നേർക്കാഴ്ചയായിരുന്നു വെള്ളം എന്ന സിനിമ.

ആൽക്കഹോളിസത്തിന് അടിപ്പെട്ട് ജീവിതം തകർന്ന് പോയ തളിപ്പറമ്പുകാരനായ മുരളി കുന്നുംപുറത്തിൻ്റെ ജീവിത കഥയാണ് വെള്ളം എന്ന സിനിമയിലൂടെ ജയസൂര്യ പടർന്നാടിയത്. ആൽക്കഹോളിസം അറിഞ്ഞോ അറിയാതെയോ പല കുടുംബ ജീവിതത്തേയും താറുമാറാക്കാറുണ്ട്. അവിടെ നിന്ന് നിശ്ചയ ദാർഢ്യം കൊണ്ട് അതിൽ നിന്ന് മോചിതനായി ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറി, അനേകം പേർക്ക് പ്രേരണയും പ്രചോദനവുമായി ജീവിക്കുന്ന മുരളിയുമായി നേരിട്ടൊരു ചർച്ച ക്ലബ്ബ് ഹൗസിലെ “ബ്രട്ടനിലെ പൊട്ടന്മാർ” എന്ന ഗ്രൂപ്പ് സംഘടിപ്പിക്കുന്നു.ഇന്ന് ഞായർ യുകെ സമയം 6.00 മണിക്ക്… നിങ്ങളും പങ്ക് കൊള്ളുക.

RECENT POSTS
Copyright © . All rights reserved