അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ്-19 ൻെറ തീവ്രത രാജ്യത്ത് കുറഞ്ഞതിനാൽ ഈ വർഷം വേനൽക്കാല അവധിക്ക് നാട്ടിൽ പോകാനായോ വിദേശത്ത് അവധി ആഘോഷിക്കാനായോ ബുക്ക് ചെയ്ത യുകെ മലയാളികൾ ഒട്ടനവധിയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച രൂപരേഖയിൽ മെയ് 17 മുതൽ വിദേശത്ത് വേനൽക്കാലം ചിലവഴിക്കാനുള്ള അനുവാദം നൽകുമെന്ന് അറിയിച്ചത് ഒട്ടേറെ യുകെ മലയാളികൾ വേനൽക്കാല അവധിയ്ക്കായി ബുക്ക് ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ വർഷവും അവധിക്കാലം ചെലവഴിക്കാൻ സാധ്യമായേക്കില്ല എന്ന് ഗവൺമെൻറ് അഡ്വൈസർ ഡോ. മൈക്ക് ടിൽഡെസ്ലി മുന്നറിയിപ്പ് നൽകി.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരിലൂടെ ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഈ വർഷവും വേനൽക്കാല അവധി ദിനങ്ങൾ അനുവദിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായപ്രകടനം ഡോ. മൈക്ക് ടിൽഡെസ്ലി നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ആളുകൾ വിദേശ യാത്ര നടത്തുകയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും പിടിച്ചു നിർത്തിയ രോഗവ്യാപനം ബ്രിട്ടനിൽ കുതിച്ചു കയറുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുണ്ട്.

ഇതിനിടെ ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടം ഇന്നലെ രാജ്യം കൈവരിച്ചു. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്റ്റോക് -ഓൺ – ട്രെന്റിലെ ആഗ്നേസ് & ആർതർ ഡിമെൻഷ്യ കെയർ ഹോമിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 38 അന്തേവാസികൾ ഉള്ള ഹോമിൽ, 31 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവർ ഉൾപ്പെടെ എല്ലാവരും തന്നെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരായിരുന്നു. വാക്സിൻ റെസിസ്റ്റന്റ് ആയ പുതിയ ജനിതക മാറ്റം വന്ന വൈറസാണോ രോഗബാധയ്ക്ക് കാരണം എന്ന് ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അന്തേവാസികളെ കൂടാതെ ഹോമിലെ പത്തോളം കെയർടേക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധ തുടങ്ങി ഇത്രയും നാളിനിടയിൽ ഹോമിലെ ആർക്കും തന്നെ രോഗം ബാധിച്ചിരുന്നില്ല. ഏജൻസി ജോലിക്കാരാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചത് എന്നാണ് സ്ഥാപന നടത്തിപ്പുകാരായ സേഫ് ഹാർബറിന്റെ അധികൃതർ വ്യക്തമാക്കുന്നത്. ഹോമിൽ രോഗ ബാധ സ്ഥിരീകരിച്ചത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്റ്റോക് -ഓൺ -ട്രെന്റ് സിറ്റി കൗൺസിലും,എൻ എച്ച് എസ് ജീവനക്കാരും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമെല്ലാം സേഫ് ഹാർബർ അധികൃതരോട് ചേർന്ന് രോഗം നിയന്ത്രിക്കാനായി പരിശ്രമിക്കുകയാണ്. വാക്‌സിൻ റെസിസ്റ്റന്റ് വൈറസിനുള്ള സാധ്യതയും തള്ളികളയുന്നില്ല.

എന്നാൽ അത്തരത്തിലൊരു സാധ്യത പൂർണമായും തള്ളിക്കളഞ്ഞ രീതിയിലാണ് ഡയറക്ടർ ഓഫ് സോഷ്യൽ കെയർ &ഹെൽത്ത്, പോൾ എഡ്മണ്ട്സൺ ജോൺസ് പ്രതികരിച്ചത്. അത്തരത്തിൽ വാക്സിൻ റെസിസ്റ്റന്റായ ഒരു വൈറസിന്റെ സാന്നിധ്യം ടെസ്റ്റുകളിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. ഏജൻസി ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് ബാധ പടർന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് ഏജൻസി ആണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല.
മലയാളം യു കെയുടെ ആരംഭകാലം മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തി ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഒട്ടേറ പുതുമകളുമായി ആടുത്ത ഞായറാഴ്ച മുതൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 എന്ന പേരിൽ ആരംഭിക്കുന്നു. വീക്കെൻഡ് കുക്കിങ്ങിന്റെ അമരക്കാരനായ ബേസിൽ ജോസഫിനൊപ്പം ബാസിൽഡണിൽ നിന്നും ഷെഫ് ജോമോൻ കുര്യാക്കോസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സണും, കെന്റിലെ ഡാറ്റ്ഫോർഡിൽ നിന്ന് സുജിത് തോമസും കൂടി കൈ കോർക്കുമ്പോൾ വീക്കെൻഡ് കുക്കിംഗ് സീസൺ 2 മലയാളം യൂകെയുടെ വായനക്കാരുടെ തീൻ മേശകളെ മോടി കൂട്ടും എന്ന് നിസംശയം പറയാം .
ഷെഫ് ജോമോൻ കുര്യാക്കോസ്

ജോമോൻ കുര്യാക്കോസ്
ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. ഭക്ഷണം വളരെ ശ്രദ്ധയോടെ പാകം ചെയ്യാൻ മാത്രമേ നമ്മൾ ഏവരും ശ്രമിക്കാറുള്ളു, എന്നാൽ പാകം ചെയ്യുന്നതിനൊപ്പം അത് പ്ലേറ്റിൽ ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുക്കുന്ന പരിശ്രമങ്ങളുടെ നേർകാഴ്ച്ച വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.
ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.
സുജിത് തോമസ്

സുജിത് തോമസ്
പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ്, വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു. പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു. വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.
മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും, പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്.
ലണ്ടനിൽ കുട്ടികളുടെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ, പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത പ്രവിത്താനം സ്വദേശിയാണ്. ഭാര്യ ഡയാന, മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .
മിനു നെയ്സൺ പള്ളിവാതുക്കൽ

മിനു നെയ്സൺ പള്ളിവാതുക്കൽ
ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ. cooking is an art…..പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല…. മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും, രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു.
ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം. കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മനോഹരങ്ങളായ കേക്കുകളും പെസ്ട്രികളും തയ്യാറാക്കുന്ന മിനു വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരുടെ രുചി മുകുളങ്ങൾക്ക് അവിസ്മരണീയ അനുഭൂതികൾ നൽകും എന്നതിൽ തർക്കമില്ല .മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ് മിനുവിന്റെ ഭർത്താവ്. നെയ്സൺ ജോർജ്ജിനൊപ്പം മക്കളായ ആഞ്ചലീന ,ടിം എന്നിവരും അമ്മയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ട് .
ബേസിൽ ജോസഫ്

ബേസിൽ ജോസഫ്
മലയാളം യൂകെയുടെ വായനക്കാർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തി. ഭക്ഷണം കഴിക്കുന്നതിൽ ആണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ബേസിൽ ജോസഫിന് അങ്ങനെയല്ല മറിച്ചു അത് ഉണ്ടാക്കി മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും അവരുടെ മുഖത്തെ പുഞ്ചിരിയിലും ആണ് താത്പര്യം. വീക്കെൻഡ് കുക്കിംഗിലൂടെ 200 ൽ അധികം റെസിപ്പികൾ ആണ് ബേസിൽ പരിചയപ്പെടുത്തിയത്. ഈ റെസിപ്പികൾ ലോകത്തിലെ തന്നെ പ്രമുഖ പബ്ലിക്കേഷൻസ് ആയ ഡി സി ബുക്ക്സ് ബാച്ചിലേഴ്സ് പാചകം എന്ന പേരിൽ 2018 ൽ പ്രസിദ്ധീകരിച്ചു. മലയാളം യു കെ എക്സൽ അവാർഡ്, യുക്മ സിൽവർ സ്റ്റാർ അവാർഡ്, അഥീനിയം റൈറ്റേഴ്സ് സൊസൈറ്റി അവാർഡ്, 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം സ്വന്തം. യു കെയിൽ വെയിൽസിലെ ന്യൂപോർട്ടിൽ ഭാര്യ റോഷൻ ,മക്കളായ നേഹ, നോയൽ എന്നിവർക്കൊപ്പം താമസം .
മലയാളം യൂകെയുടെ പ്രാരംഭകാലം മുതൽ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തിയുടെ അമരക്കാരനായ ബേസിൽ ജോസഫ് തന്നെയാണ് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റേയും ചുക്കാൻ പിടിക്കുന്നത്. മലയാളം യു കെയുടെ പ്രിയപ്പെട്ട വായനക്കാർക്ക് വീക്കെൻഡ് കുക്കിംഗ് സീസൺ 2 ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓരോ പ്രവാസി മലയാളിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എങ്ങനെയാണ് ഒ സി ഐ കാർഡ് പുതുക്കേണ്ടതെന്നും അതിനുള്ള നടപടികൾ എന്തൊക്കെ ആണെന്നുമുള്ള സംശയങ്ങൾ ഇപ്പോഴും പലരിലും ഉണ്ട്. അതിനാൽ വിശദമായി തന്നെ പരിശോധിക്കാം. https://ociservices.gov.in/ പ്രവേശിച്ച ശേഷം ഒ സി ഐ സേവനങ്ങൾ തിരഞ്ഞെടുക്കുക. നിലവിൽ ഒ സി ഐ കാർഡ് ഉള്ളവർക്ക് മാത്രമാണ് ഈയൊരു സേവനം ലഭ്യമാകുക. പുതിയ പാസ്പോർട്ട് ഒ സി ഐയുമായി ലിങ്ക് ചെയ്യുക, പേരിൽ മാറ്റം വന്നാൽ അത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ ഫോട്ടോ (200*200 സൈസിൽ), ഒപ്പ് എന്നിവയും പാസ്പോർട്ടിന്റെ കോപ്പി, വിവാഹ സർട്ടിഫിക്കറ്റ് കോപ്പി എന്നിവയും പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ വിശദമായി വായിച്ച ശേഷം മാത്രം തുടരാൻ ശ്രദ്ധിക്കുക. ഒസിഐ പുതുക്കൽ ആണെങ്കിൽ ആ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വെരിഫിക്കേഷനു വേണ്ടി പാസ്പോർട്ട് നമ്പർ, ജനനതീയതി, മാതാവിന്റെ പേര് എന്നിവ നൽകുക. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമെന്ന് തിരഞ്ഞെടുത്ത ശേഷം വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇതോടെ പാർട്ട് എ പൂർണമാകും. ഇതിന് മുമ്പ് തന്നെ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് തയ്യാറാക്കി വയ്ക്കേണ്ടതാണ്. കൃത്യമായ രീതിയിൽ ആവണം അപ്‌ലോഡ് ചെയ്യേണ്ടത്. ഇതോടെ ഒരു താത്കാലിക ഒ സി ഐ നമ്പർ ലഭിക്കും. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം പാർട്ട് ബിയിലേക്ക് കടക്കാവുന്നതാണ്.
പാർട്ട് ബിയിൽ പ്രധാനമായും പൗരാവകാശ വിവരങ്ങൾ ആണ് ചോദിക്കുന്നത്. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാം നൽകിയ ശേഷം കൃത്യമാണെന്ന് ഉറപ്പാക്കുക. വിവരങ്ങൾ കൃത്യമാണെങ്കിൽ സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കാവുന്നതാണ്. ഇപ്പോഴത്തെ പാസ്പോർട്ട്, എംപ്ലോയ്മെന്റ് ലെറ്റർ, വിവാഹ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിസ അടക്കമുള്ള രേഖകൾ തുടർന്ന് ആവശ്യപ്പെടും. രേഖകൾ എല്ലാം തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനു ശേഷം ആവും ഫോം ലഭിക്കുക. ഫോം കൃത്യമാന്നെന്ന് ഉറപ്പാക്കിയ ശേഷം പ്രിന്റ് എടുത്ത് ഒപ്പ് സമർപ്പിക്കാവുന്നതാണ് .
പിന്നീട് https://www.hcilondon.gov.in/appointment_home/ വഴി ഒ സി ഐ അപ്പോയിമെന്റ് ബുക്ക് ചെയ്യാവുന്നതാണ്. അതുവഴി ലഭിക്കുന്ന തീയതിയിൽ നേരിട്ട് ചെല്ലുമ്പോൾ കയ്യിൽ കരുതേണ്ട മൂന്ന് പ്രധാനപെട്ട രേഖകൾ കൂടിയുണ്ട്. ഒ സി ഐ ഡിക്ലറേഷൻ, ഒ സി ഐ പേരെന്റൽ കൺസെന്റ് ലെറ്റർ, ഒ സി ഐ സെൽഫ് അണ്ടർടേക്കിങ് എന്നിവ കരുതുന്നതിനൊപ്പം മറ്റു പ്രധാനപ്പെട്ട രേഖകൾ കൂടി കൈവശം ഉള്ളത് നല്ലതാണ്. ഈ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും ഫോട്ടോ, ഒപ്പ് എന്നിവ എപ്രകാരം സ്കാൻ ചെയ്യാമെന്നും തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ അടങ്ങിയ വീഡിയോ ചുവടെ ചേർക്കുന്നു. പ്രവാസി മലയാളി ആയ ജിനോ ജോർജ്, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.
യുകെയിലെമ്പാടും മോഷ്ടാക്കളുടെ പ്രധാന ഇരകളിലൊന്നാകുകയാണ് ഹൈബ്രിഡ് കാറുകൾ സ്വന്തമായുള്ളവർ. ഹൈബ്രിഡ് കാറുകളിലെ കാറ്റലിക് കൺവർട്ടർ മോഷ്ടിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വെയ്ക്ക് ഫീൽഡ് സ്വദേശിയായ ജീന വിനുവും കഴിഞ്ഞ ദിവസം സമാനമായ മോഷണത്തിന് വിധേയയായി. നേഴ്സായ ജീന വിനുവിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ബാൻഡ് – 6 ആയി സ്ഥാനക്കയറ്റത്തോടെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ലോങ് ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ പോകാൻ തിരക്കുപിടിച്ചു വന്ന ജീന സെൻറ് ജെയിംസ് ഹോസ്പിറ്റലിൻെറ കാർ പാർക്കിങിൽ നിന്ന് വാഹനം എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് താൻ മോഷണത്തിന് വിധേയമായ കാര്യം അറിയുന്നത്.

ഒരു കാറ്റലിക് കൺവെർട്ടറിന് കാറിൻെറ ബ്രാൻഡ് അനുസരിച്ച് 1000 – 1500 പൗണ്ടിനിടയിൽ വിലവരും. ഹൈബ്രിഡ് കാറുകൾ മലയാളികൾക്കിടയിൽ വ്യാപകമാകുകയാണ്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറുകൾ ഉള്ള മലയാളികൾ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ജീന മലയാളം യുകെയോട് പങ്കുവച്ചു. കാറ്റലിക്ക് കൺവെർട്ടർ മോഷ്ടിക്കപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണത്തിന്റെ അഭാവം മോഷ്ടാക്കൾക്ക് വളക്കൂറാകുന്നതായാണ് ജീനയുടെ അഭിപ്രായം .പല മോഷണങ്ങളും പരസ്യമായി പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് നടക്കുന്നത് .മോഷണം കാണുന്നവർ പോലും വിചാരിക്കുന്നത് വാഹനം നന്നാക്കാൻ ശ്രമിക്കുന്ന മെക്കാനിക്കാണെന്നാണ്. താനും മോഷണത്തിന് ഇരയായതിന് ശേഷമാണ് ഇത് യു.കെയിൽ അടുത്ത കാലത്ത് വളരെ വ്യാപകമായ ക്രൈമാണെന്ന് മനസിലാക്കിയതെന്ന് ജീന വിനു ചൂണ്ടിക്കാട്ടി.
വിലയേറിയ ഹൈബ്രിഡ് കാറുകൾ എല്ലാ മോഷ്ടാക്കളുടെ ലക്ഷ്യമാണെങ്കിലും പ്രധാനമായും മോഷണത്തിന് ഇരയാകുന്നത് ടൊയോട്ടാ പൈറസ്, ഹോൻഡാ ജാസ്, ടൊയോട്ടാ ആരിയസ്, ലെക്സസ് – Rx കാറുകളുടെ ഉടമകളാണ്. കാറ്റലിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്ലാറ്റിനം, പല്ലേഡിയം, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മാർക്കറ്റിലെ വിലക്കൂടുതലാണ് മോഷണത്തിന് കാരണം. കാറ്റലിക് കൺവെർട്ടറിന്റെ പ്രധാന ഉപയോഗം മലിനീകരണം തടയുമെന്നതാണ് . കാറ്റലിക് കൺവെർട്ടർ ഉള്ള കാറുകളിൽ 90% മലിനീകരണം കുറവായിരിക്കും. ഒരു കാറിലെ കാറ്റലിക് കൺവെർട്ടർ മോഷ്ടിക്കാൻ പരിചയസമ്പന്നരായ മോഷ്ടാക്കൾക്ക് 2 മിനിറ്റിൽ താഴെ സമയം മതിയാകും. മോഷ്ടാക്കൾ സാധാരണ 3 – 4 പേരുടെ ഗ്രൂപ്പായിട്ടാണ് മോഷണത്തിന് ശ്രമിക്കുന്നത് .
കാറുകളിൽ സെക്യൂരിറ്റി ക്യാമറയും അലാമും ഉപയോഗിക്കുകയാണ് മോഷ്ടാക്കളെ തടയാനുള്ള പ്രധാന പോംവഴി. മോഷണം തടയാൻ കാറ്റലിക് കൺവെർട്ടർ കാറിന്റെ ബോഡിയോട് വെൽഡ് ചെയ്യുന്ന ഉടമസ്ഥരുമുണ്ട്. കാറ്റലിക് കൺവെർട്ടറിൻെറ കവറിനും അത് ബോഡിയോട് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനും ഏതാണ്ട് 50 പൗണ്ടോളം ചിലവുണ്ട്.
ചങ്ങനാശ്ശേരി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കേരള രാഷ്ട്രീയ രംഗം മൊത്തത്തിൽ ചൂട് പിടിച്ചിരിക്കുകയാണ്. ഒരു സീറ്റ് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരുപിടി മത്സരാർത്ഥികളെ ആണ് ഇപ്പോൾ കേരളത്തിൽ കാണാൻ സാധിക്കുക. കുത്തിത്തിരിപ്പും കുതികാൽ വെട്ടും ഒക്കെ ഭംഗിയായി നടക്കുബോൾ യുകെയിൽ നിന്നും പുറപ്പെട്ട ഒരു മലയാളി നേഴ്സ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ വാർത്തയാണ് മലയാളം യുകെ നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ടിജോ മാത്യു ആണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നിയോചകമണ്ഡലത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
2010 ആണ് ടിജോ തനിക്ക് 24 വയസുള്ളപ്പോൾ യുകെയിൽ എത്തുന്നത്. യുകെയിൽ എത്തിയ എല്ലാവരെയുംപോലെയുള്ള ആദ്യകാല ബുദ്ധിമുട്ടുകൾ. എങ്കിലും ഒരുകാര്യത്തിലും തളർന്നില്ല. പരാതികൾ ഇല്ലാതെ പണിയെടുക്കാനുള്ള ഒരു മനസ്സ്.. അതായിരുന്നു ടിജോ മാത്യു എന്ന നഴ്‌സ്. ബോൺമൗത്തിൽ തന്റെ അഡാപ്റ്റേഷൻ പൂർത്തിയാക്കി. അതോടെ യുകെയിലെ നേഴ്സ് എന്ന കടമ്പ കടക്കുകയായിരുന്നു. തുടർന്ന് ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ഹോമിന്റെ മാനേജർ തസ്തികയിലേക്ക്. തന്റെ കഠിന ശ്രമങ്ങൾ ഫലം തന്നു കൊണ്ടേയിരുന്നു എന്ന് ടിജോ മലയാളം യുകെയോട് പറഞ്ഞു.
2012 നഴ്സിംഗ് ഹോം വിട്ട് ലണ്ടനിലെ റോയൽ ബ്രോംപ്ടൺ NHS ആശുപത്രിയിലെ ബാൻഡ് 5 നഴ്‌സായി പുതിയ ജോലി ആരംഭിച്ചു. പുതിയ അറിവുകൾ നേടാനുള്ള തന്റെ ആഗ്രഹം സഫലമാകുകയായിരുന്നു റോയൽ ബ്രോംപ്ടൺ ആശുപത്രിയിൽ. 2013 ൽ വിവാഹം. വധു കോതമംഗലം സ്വദേശനിയായ അനു തോമസ്. നഴ്‌സായിരുന്ന അനുവും അഡാപ്റ്റേഷൻ ചെയ്തു യുകെയിൽ നഴ്‌സായി. മൂന്ന് കുട്ടികൾ രണ്ടാണും ഒരു പെൺകുട്ടിയും.
2015 പരിശ്രമശാലിയായ ടിജോ മാത്യു ബാൻഡ് 6 നഴ്‌സായി. ക്ലിനിക്കൽ വിഭാഗത്തിൽ എത്തുന്ന പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നത് മലയാളിയായ റ്റിജോയിൽ എത്തിനിന്നു.
ഒരു വർഷം എടുത്തില്ല ബാൻഡ് 7 ലേക്ക് എത്താൻ. 2016 റിൽ ലണ്ടനിൽ തന്നെയുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ ബാൻഡ് 7 നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. കാർഡിയോളജി സ്പെഷ്യലിസ്റ് നഴ്‌സായിരുന്ന ടിജോ പടവുകൾ ഒന്നൊന്നനായി കയറുകയായിരുന്നു.
2018 ൽ BHRUT ( Barking, Havering and Redbridge University Hospitals NHS Trust) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായി ചുമതലയേറ്റു. 50,000 പൗണ്ടാണ് (Rs.50,00,000) പ്രാരംഭ വാർഷിക ശമ്പളം. നഴ്‌സായ ഭാര്യക്ക് ലഭിക്കുന്ന 30000.. അങ്ങനെ ലഭിക്കുന്നത് £8,00,000.. അതായത് ഇപ്പോഴത്തെ വിലയനുസരിച്ചു 80 ലക്ഷം രൂപ. ( യുകെയിൽ വരുമാനത്തിന് അനുസൃതമായ നികുതി കൊടുക്കണം. നികുതിക്ക് മുൻപുള്ള ശമ്പളമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്) പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ് യുകെയിലെ നാളുകൾ. അങ്ങനെ ഇരിക്കെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ഒരു മുദ്രാവാക്യം നാട്ടിൽ ഉയരുന്നത്. തന്റെ ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിരുന്ന സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കണം എന്നുള്ളത്. അങ്ങനെയാണ് ആതുര സേവനം മതിയാക്കി 2020 ഏപ്രിൽ നാട്ടിലേക്ക് തിരിച്ചുപോകുവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് കൊറോണയുടെ രംഗപ്രവേശം. യുകെ ലോക്ക് ഡൗണിലേക്കു പോകുന്നു എന്ന് മനസ്സിലാക്കിയ ടിജോയും കുടുംബവും ബുക്ക്തി ചെയ്‌തിരുന്ന തിയതി മാറ്റി 2020 മാർച്ച് പതിനഞ്ചാം തിയതി നാട്ടിലേക്ക് പുറപ്പെട്ടു. നാട്ടിൽ എത്തി ഇന്നലെ ഒരു വർഷം പൂർത്തിയാവുമ്പോൾ ടിജോ ഒരു MLA സ്ഥാനാർത്ഥിയാണ്. വി ജെ ലാലി (UDF), ജോബ് മൈക്കിൾ (LDF), രാമൻ നായർ (BJP) എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.
ഇതിനോടകം തന്നെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്തത് 20000 പരം പേരാണ്. യുകെയിലെ ടിജോയുടെ ജീവിതാനുഭവം നാട്ടിലുള്ളവർക്കായി ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാനുള്ള അനുഭവജ്ഞാനം നൽകുന്നു എന്നത് വളരെ വലുതാണ്. രോഗി പരിപാലനത്തിലൂടെ മറ്റുള്ളവരോടുള്ള അനുകമ്പ, സഹാനുഭൂതി… അതിനെല്ലാം ഉപരിയായി ലണ്ടനിലെ മലയാളി സമൂഹത്തിൽ എല്ലാത്തിനും സന്നദ്ധനായിരുന്ന ഒരാളായിരുന്നു ടിജോ. മറ്റുള്ളവരെ സഹായിക്കണം എന്ന ഉറച്ച തീരുമാനത്തിന് ശേഷമാണ് യുകെയിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നല്ല ജോലിയും പണവും ലഭിച്ച സാഹചര്യത്തിലും വിനയം ഒരിക്കിലും ടിജോയിക്ക് കൈമോശം വന്നിട്ടില്ല എന്നാണ് ലണ്ടനിലെ നഴ്‌സും സൺഡേ സ്കൂൾ ഹെഡ് ടീച്ചറുമായ മലയാളി നേഴ്സ് മലയാളം യുകെയോട് പറഞ്ഞത്. പ്രവാസികളായ മലയാളികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ലഭിക്കുന്നത് നിയമസഭയിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം പണിയെടുത്ത, നിങ്ങളുടെ വിഷമങ്ങൾ എന്താണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ഒരു നഴ്സിനെയാണ്… സഹപ്രവർത്തകനെയാണ്… എല്ലാവരും കക്ഷി രാഷട്രീയത്തിനതീതമായി ചിന്തിച്ചാൽ ലഭിക്കുന്നത് നാടിനെ സേവിക്കാൻ സുമനസ്സുള്ള ഒരു യുവാവിനെയാണ്. എല്ലാവരുടെയും ജീവിത ചുറ്റുപാടുകളുടെ പുരോഗമനത്തോടൊപ്പം അഴിമതി രഹിതമായ ഒരു പൊതുപ്രവർത്തനനവും … അതാണ് എന്റെ ആശയും അഭിലാഷവും … ടിജോ മലയാളം യുകെയോട് പറഞ്ഞു നിർത്തി.
ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.
നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.
വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.
സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ : മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും തങ്ങളുടെ അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഓപ്ര വിന്‍ഫ്രെയുടെ അഭിമുഖത്തിൽ പെൺകുഞ്ഞാണ് ഇനി പിറക്കാൻ പോകുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മേഗന്‍ മര്‍ക്കല്‍ ബക്കിംങ്ഹാം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും രാജകുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു.
കുഞ്ഞു രാജകുമാരിക്കായി ഇവർ കാത്തുവെച്ചിരിക്കുന്നത് കാര്‍ട്ടിയറിന്റെ ഒരു ഫ്രഞ്ച് ടാങ്ക് വാച്ചാണ്. ‘2015ൽ വാങ്ങിയ ഈ വാച്ച് ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണ് ‘ എന്ന് അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു
ലിവർപൂളിലെ കലാ ,കായിക, രംഗത്ത് സജീവമായി നിൽക്കുന്ന പാലാ കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കി (94) നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതയുടെ ഭർത്താവ് പരേതനായ വർക്കി കുര്യനാണ്. മക്കൾ ആനി ജോസഫ് (ചിന്നമ്മ)സ്വിറ്റ്സർലൻഡ്, ലീലാമ്മ തോമസ് കുമാരമംഗലം, ജോസ് എൻ വി നീലൂർ, പരേതനായ മാത്യു ജോർജ് (കുട്ടിയച്ചൻ ), കൊല്ലപ്പള്ളി ജോർജ് എൻ വി സ്വിറ്റ്സർലൻഡ്, ബിനോയി ജോർജ് ലിവർപൂൾ യു കെ. മരുമക്കൾ: ജോസഫ് കക്കോഴയിൽ (ജോയി ) രാമപുരം, തോമസ് അറക്കൽ കുമാരമംഗലം, ലീലാമ്മ പടിഞ്ഞാറയിൽ, തൊമ്മൻകുത്തു ക്ലാരമ്മ, വടക്കേമുറിയിൽ ഇടപ്പാടി മോളി, തുളുമ്പൻമാക്കൽ മൂഴൂർ ഷൈനി മുളവരിക്കൽ മറ്റൂർ കാലടി
ബിനോയ് ജോർജ് ആദ്യകാലം മുതൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ പ്രവർത്തകനും ഇപ്പോൾ കമ്മറ്റി അംഗവുമാണ്. മാതാവിന്റെ മരണവിവരം അറിഞ്ഞ് ബിനോയ് നാട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയുന്നത്.
ബിനോയിയുടെ അമ്മയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ശവസംസ്കാരം പിന്നീട് അറിയിക്കും.
ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
അമ്മ ഇല്ലാതെ വളർന്നിട്ടുണ്ടോ . അല്ലങ്കിൽ ഉണ്ടായിട്ടും ഇല്ലാതെ പോലെ ജീവിച്ചിട്ടുണ്ടോ . പാടാണ് കേട്ടോ .. ജനിച്ചുവീഴുമ്പോൾ മുതൽ ഏതൊരു കരച്ചിലിനെയും മായിക്കാൻപറ്റിയ ഒരേ ഒരു തൈലമേ ഈ ഭൂലോകത്തുള്ളൂ ..അതമ്മതൻ മൃദുലമാം ചുംബനം മാത്രം. ജീവിതത്തിൽ അമ്മേന്നു പറഞ്ഞോടി വരുന്ന ഒരു സുഖമുണ്ടല്ലോ ..അതേതു ദുനിയാവിൽ കിട്ടും … ‘ആ അമ്മയുടെ കവിളിൽ കൊച്ചരിപ്പല്ലു കൊള്ളിക്കുമ്പോഴുള്ള സുഖം … അമ്മ തരുന്ന ഒരു ഉരുള ചോറിന്റെ സ്വാദ് …..ആ അമ്മയുടെ പാത്രത്തിൽ നിന്നും കഴിക്കുന്ന ഒരു വറ്റിന്റ രുചി …..അച്ഛൻ തല്ലാൻ വരുമ്പോൾ ഒളിക്കാൻ പറ്റുന്ന നൈറ്റിയുടെ തുമ്പ് …..ഒരു ചെറിയ വേദന പോലും ഇരട്ടിയായി അമ്മയെ കാണിക്കുന്ന ആ സുഖം …..തെറ്റ് ചെയ്യുമ്പോൾ വടിയുമായി ഓടി വന്നാലും അടിക്കാതെ ദേഷ്യഭാവം കാണിച്ചുള്ള നിൽപ് …..കഴിച്ച എച്ചിൽ പാത്രം ധൈര്യ പൂർവം ഇട്ടിട്ടു പോകാനൊരു സ്വതന്ത്ര ഇടം …..ഏതു പ്രതിസന്ധിയിലും സാരമില്ലന്നോതി മുടി തടവുമ്പോൾ വീണ്ടുമൊരു കൈകുഞ്ഞായ് മാറിടുന്ന അനുഭവം….ഇതൊക്കെ തരാൻ വേറേത് സ്വർഗത്തിനാകും …
തന്റെ കുഞ്ഞിന് ജീവൻ കൊടുത്തു എന്നതിലൂടെ മാത്രം അവൾക്ക് സമൂഹം ചാർത്തി കൊടുത്തൊരു പട്ടമല്ല അമ്മയെന്ന പദം. അതിലുപരി അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ് . നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടുമ്പോൾ അമ്മയ്ക്കൊരു ജോലിയുമില്ല വീട്ടിൽ വെറുതെ ഇരിക്കുന്നുവെന്നു കേൾക്കേണ്ടിവരുക എത്ര വേദനാജനകം.
“ she is more responsible for how to make the new generation more better “.
മക്കളോടുള്ള സ്നേഹം അവൾ പലപ്പോഴും വാക്കാൽ പറയാതെ അവളുടെ ജീവിതത്തിന്റെ മാജിക്കിലൂടെ കാണിച്ചുതരുന്നു. നമ്മൾ നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ…
ആഗ്രഹ സാഫല്യങ്ങളുടെയൊക്കെ പുറകെ പായുമ്പോൾ നാമറിയാതെ അവൾ സഹചാര്യങ്ങൾ നമുക്കനുകൂലമാക്കിയൊരു വടവൃക്ഷമായ് തണലേകുന്നു … ഭക്ഷണത്തിലൂടെ.. കരുതലിലൂടെ .. ആലിംഗനത്തിലൂടെ…. വാക്കുകളുടെ ആശ്ലേഷത്തിലൂടെയൊക്കെ നമുക്കവൾ ഇന്ധനം നിറച്ചു തന്നുകൊണ്ടേയിരിക്കുന്നു …
ഇന്ന് പല അമ്മമാരും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് മക്കളെവിട്ട് ജോലിതേടിയലയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ഒരുകാര്യം
“ you making survival is more imporant than esthetics of life “
കാരണം ജീവിതത്തിന്റെ സൗന്ദര്യം നിലനിർത്താൻ അമ്മമാർക്കല്ലാതെ വേറാർക്കുമാകില്ല…