ജോജി തോമസ്
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിൽ ഒരു പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്നതായി പറയുന്ന അനിഷ്ടസംഭവങ്ങളേക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ കുറിപ്പിനടിസ്ഥാനം. അന്യ മതസ്ഥനായ ആൾ ക്രിസ്ത്യൻ ദേവാലയത്തിൽ കയറിയതിന്റെ പേരിൽ ഒരു വിശ്വാസി അവഹേളിച്ചു എന്നും അതിനു ശേഷം പള്ളിയിൽ പുണ്യജലം തളിച്ച് ശുദ്ധി വരുത്തിയെന്ന പിന്നാമ്പുറ സംസാരവുമാണ് സോഷ്യൽ മീഡിയാ പോസ്റ്റിന്റെ കാതൽ. യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ സാജൻ സത്യൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ചെയ്തിരിക്കുന്നത്. ഒരു ദശകത്തോളം പഴക്കമുള്ള സംഭവത്തിൽ പ്രസ്തുത ദേവാലയത്തിൽ സ്ഥിരമായി പോയിരുന്ന വ്യക്തിയല്ലെങ്കിലും ഈ ലേഖകനും പള്ളിയ്ക്കുള്ളിൽ നടന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷിയാണ്.
ഫോട്ടോയെടുത്തു കൊണ്ടിരുന്ന ആൾ കുർബാന സ്വീകരണത്തിനു പോകുന്ന സമയത്ത് പ്രസ്തുത വ്യക്തിയെ ഫോട്ടോയെടുക്കാൻ ചുമതലപ്പെടുത്തുന്നത് അസ്വാഭാവികത ഒന്നുമില്ലെങ്കിലും ശ്രദ്ധിച്ചിരുന്നു. അതിനെ ഒരു വിശ്വാസി ചോദ്യം ചെയ്തെങ്കിൽ അതയാളുടെ വിവരക്കേട് മാത്രമായാണ് കരുതേണ്ടത്. പക്ഷെ അതിനുശേഷം പുണ്യജലം തളിച്ച് ശുദ്ധികലശം നടത്തിയെന്ന് പറയപ്പെടുന്ന സംഭവം ശരിയാണെങ്കിൽ അത് വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ ശുദ്ധീകരണത്തെ സാദൂകരിക്കുന്ന കമന്റുകളും വന്നിട്ടുണ്ട് . അതിന് മറുപടി പറയാൻ ഉത്തരവാദിത്തപ്പെട്ടവർ ബാധ്യസ്ഥരുമാണ്. അല്ലെങ്കിൽ ആ സമൂഹം മുഴുവൻ വർഗീയ കോമരങ്ങളായി ചിത്രീകരിക്കപ്പെടും. പ്രബുദ്ധ കേരളത്തിൽ നിന്ന് വന്നവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും തന്നെ സുഖകരമായ അവസ്ഥയല്ല.കാരണം നമ്മുടെ കേരളത്തിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ സ്ഥലത്തെ പ്രമുഖനായ ഫോട്ടോഗ്രാഫറെ ക്ഷണിക്കുന്നത് അയാളുടെ ജാതിയോ മതമോ അന്വേഷിച്ചിട്ടല്ല. കേരളത്തിൽ എനിക്ക് നേരിട്ടറിയാവുന്ന ഒരു ദേവാലയ നിർമാണത്തിൽ കോടികളുടെ മേമ്പൊടി പറയാനില്ലെങ്കിലും അതിന്റെ മനോഹാരിതയ്ക്ക് പിന്നിൽ അന്യമതസ്ഥനായ ഒരു ശിൽപ്പിയുടെ കരവിരുതിന് വലിയ പങ്കുണ്ട്. അതിന്റെ ഓരോ കല്ലിലും അയാളുടെ വിയർപ്പ് തുള്ളികൾ ഉണ്ട്. ഒരു വിശ്വാസിയും അതിന്റെ പേരിൽ ആ ദേവാലയത്തിൽ കയറാതിരിക്കുകയോ ശുദ്ധികലശം നടത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല ലോകത്തൊരിടത്തും ക്രിസ്തീയ ആരാധനാലയങ്ങളിൽ അന്യമതസ്ഥർക്ക് പ്രവേശനം നിഷേധിച്ചിട്ടുമില്ല. അതിനാൽ യുകെ മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്ന “ശുദ്ധികലശത്തിൽ ” ഒരു വ്യക്തത അനിവാര്യമാണ്. ഒരാളുടെ വിവരക്കേടിന് ഒരു സമൂഹത്തിന് പഴിക്കേണ്ടതില്ല. എന്തായാലും “അച്ചായന്മാരുടെ പൊങ്ങച്ചം “അതിന്റെ വഴിക്ക് പോകട്ടെ. മുണ്ടിന്റെ ബ്രാൻഡ് അംബാസിഡർമാരായ മോഹൻലാലിനെയും, ജയറാമിനെയും ഇടയ്ക്കൊന്ന് ഓർത്താൽ നന്നായിരുന്നു.
മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വിൽസൺ മാത്യുവിൻെറ മാതാവും പരേതനായ ഉലഹന്നാൻ മത്തായിയുടെ പത്നിയുമായ തെക്കേ മലയിൽ മറിയക്കുട്ടി മത്തായി നിര്യാതയായി.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂർ സെൻറ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. പരേതയ്ക്ക് 81 വയസ്സായിരുന്നു. വിൽസൺ മാത്യു (മാഞ്ചസ്റ്റർ), ജോൺസൺ (ഇന്ത്യൻ നേവി) എന്നിവർ മക്കളും റീന വിൽസൺ, ഷിജി ജോൺസൺ എന്നിവർ മരുമക്കളും ആണ്. വിൽസൺ മാത്യുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.
മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ജോജി തോമസ്
ആധുനിക കാലഘട്ടം കോവിഡ് – 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.
പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് – 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു.
ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള് സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മാസം നീണ്ടുനിന്ന ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ഇംഗ്ലണ്ടിലെ പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികൾ തിരിച്ചെത്തുന്നു എങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സർവേകൾ സൂചിപ്പിക്കുന്നത് മാതാപിതാക്കളിൽ പകുതി പേരും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂളിലേയ്ക്ക് അയക്കില്ല എന്നാണ്. 1, 6 വർഷ വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ ആദ്യം തുറന്ന് പ്രവർത്തിക്കുക. പഠനം ആരംഭിക്കുമെങ്കിലും ഒന്നും പഴേപടി ആയിരിക്കില്ല. ഡ്രോപ്പ് – ഓഫ് സമയങ്ങൾ ഒഴിവാകുന്നതോടൊപ്പം 15 പേർ അടങ്ങുന്ന ചെറിയ ഗ്രൂപ്പ് മാത്രമായിരിക്കും ഒരു ക്ലാസ്സിൽ.
1,200 സ്കൂൾ ലീഡർമാരെ അടിസ്ഥാനമാക്കി നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 46% മാതാപിതാക്കളും കുട്ടികളെ വീട്ടിൽ സൂക്ഷിക്കും എന്നാണ്. തങ്ങൾക്കോ കുടുംബത്തിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം 25% അധ്യാപകർ സ്കൂളിലേക്ക് മടങ്ങിയെത്തില്ല. സ്കൂളുകൾ തുറക്കുന്നത് ഇതുവരെ സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നത് മൂലം മാതാപിതാക്കൾക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് അവരുടെ നഷ്ടമായ പാഠങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ജൂൺ 15 മുതൽ 10, 12 വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കും.
അതുപോലെ തന്നെ ജൂൺ 15 മുതൽ ആരാധനാലയങ്ങൾ തുറക്കും. എങ്കിലും അത് വ്യക്തിഗത പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമായിരിക്കും. കൂട്ടം കൂടി ആരാധന നടത്താൻ കഴിയില്ല. ജൂലൈ 4 വരെ ഇങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികൾ, സിനഗോഗുകൾ, അമ്പലങ്ങൾ തുടങ്ങിയവ വ്യക്തിഗത പ്രാർത്ഥനകൾക്ക് മാത്രമായി ജൂൺ 15 മുതൽ തുറക്കാമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജൻറിക് അറിയിച്ചു. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ അവ തുറക്കാൻ ആഗ്രഹിക്കുന്നു’ എന്ന് ജെൻറിക് പറഞ്ഞു. വിശ്വാസികൾ പാടുന്നതും കൂട്ടത്തോടെ ഒത്തുചേരുന്നതും ജൂലൈ വരെ നിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വ്യക്തിഗതമോ സ്വകാര്യമോ ആയ പ്രാർത്ഥനയ്ക്കായി ആരാധനാലയങ്ങൾ തുറക്കുകയെന്നതാണ് ആദ്യത്തെ യുക്തിസഹമായ നടപടിയെന്ന് ഞാൻ കരുതുന്നു. മത നേതാക്കളുമായി ചർച്ച ചെയ്ത് പ്രവർത്തിക്കും. ” ജൻറിക്ക് അറിയിച്ചു.
സ്വന്തം ലേഖകൻ
യുഎസിൽ നിരപരാധിയും നിരായുധനുമായ കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിനെ പോലീസ് ബൂട്ട് വെച്ച് ചവിട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സെൻട്രൽ ലണ്ടനിൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചിലരുടെ കയ്യിൽ ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ് എന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. നിരായുധനായ ഫ്ലോയിഡിനെ വെള്ളക്കാരായ പോലീസുകാർ കാലുകൊണ്ട് റോഡിലേക്ക് കഴുത്ത് അമർത്തി ചേർത്തുപിടിച്ച് പത്തുമിനിറ്റോളം സമയമെടുത്താണ് കൊന്നത്. ഇതിനിടയിൽ ഫ്ലോയ്ഡ് “ഓഫീസർ എനിക്ക് ശ്വസിക്കാനാവുന്നില്ല” എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. മിനപൊലിസിലെ കൊലപാതകത്തിന് ഡെറിക് ചൗവിന് എതിരെ കേസെടുത്തു. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ലണ്ടനിലെ പ്രതിഷേധത്തിനിടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ട്രാഫൽഗർ സ്ക്വയറിലും, ബാറ്റെർസീയിലെ യുഎസ് എംബസിക്ക് പുറത്തുമാണ് പ്രതിഷേധക്കാർ തടിച്ചു കൂടിയത്. യു കെ യിലെ മറ്റു പലയിടങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സെന്ററിലൂടെ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യം മുഴക്കി ജനങ്ങൾ കടന്നുപോയി. കാർഡിഫിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്.
വർഗീയതയ്ക്ക് ഇവിടെ ഇടമില്ല, എനിക്ക് ശ്വസിക്കാനാവുന്നില്ല തുടങ്ങിയ പ്ലക്കാർഡുകളും ലണ്ടനിലെ പ്രതിഷേധക്കാർ ഉപയോഗിച്ചു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്ന് മെറ്റ് പോലീസ് പറഞ്ഞു. യുഎസ് എംബസിക്ക് മുന്നിൽ നിന്ന് 17 നും 25 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ മൂന്നു പേരെ കോവിഡ് 19 ലെജിസ്ലേഷൻ തെറ്റിച്ചതിനും രണ്ടുപേരെ പോലീസിനെതിരെ അതിക്രമം കാണിച്ചതിനും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ തന്നെ വെച്ചിരിക്കുകയാണ്.
ട്രാഫൽഗർ സ്ക്വയറിലെ സെന്റ് മാർട്ടിൻ ഇൻ ദി ഫീൽഡ്സ് പള്ളിയിലെ അസോസിയേറ്റ് വികാരിയായ റെവറണ്ട് സാലി ഹിച്ചിനേർ പറയുന്നു” ഈ വിഷയത്തിൽ എനിക്ക് സഹതാപം ഉണ്ട്, എന്നാൽ ഇത്രയധികം ജനങ്ങൾ ഒരുമിച്ച് കൂടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിച്ചുകൂടിയവരാരും ലോക്ക്ഡൗണോ സോഷ്യൽ ഡിസ്റ്റൻസിംഗോ പാലിക്കുന്നില്ല. തീർച്ചയായും ഈ വിഷയത്തിൽ വൈകാരികത ഉണ്ട്, എന്നാൽ എത്രമാത്രം അപകടം പിടിച്ച കാര്യമാണ് അവർ ചെയ്യുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലേ?
കുറെയധികം പ്രതിഷേധക്കാർ ബാറ്റെർ സീ പാർക്ക് സ്റ്റേഷനിലെ റെയിൽവേ ബ്രിഡ്ജിനടിയിൽ തടിച്ചു കൂടിയിരുന്നു. നാലുപേർ ഒരു ബസ്സിന് മുകളിൽ കയറി ഒരു മുട്ടുമടക്കി വലത്തെ കൈ ഉയർത്തി നിശബ്ദമായി സല്യൂട്ട് ചെയ്ത്, ജനങ്ങളെയും അനുകരിക്കാൻ പ്രേരിപ്പിച്ചു. 1968 ലെ ഒളിമ്പിക്സിൽ യുഎസ് സ്പ്രിന്റർ ആയ ടോമി സ്മിത്ത് ആണ് ആദ്യമായി വർഗീയതയ്ക്കെതിരെ ഗോൾഡ് മെഡൽ സെറമണിയിൽ ഈ രീതിയിൽ പ്രതികരിച്ചത്.
യുഎസിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 22 നഗരങ്ങളിലായി 1600 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അഞ്ചുദിവസമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ ടിയർഗ്യാസും റബ്ബർ ബുള്ളറ്റും ഉൾപ്പെടെയുള്ള മുറകളാണ് പോലീസ് പ്രയോഗിക്കുന്നത്.
ബ്രോംലി:- ഷോർട്ട് ലാൻഡ് ബ്രോംലിയിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയ എറണാകുളം മഠത്തിപ്പറമ്പിൽ ഊക്കൻ വീട്ടിൽ പരേതനായ എം.സി വിൻസൺ ഭാര്യ ത്രേസ്യാമ്മ വിൻസൺ (71) നിര്യാതയായി. മെനെഞ്ചിറ്റിസ് ബാധിച്ച് ബ്രോംലി കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ കഴിഞ്ഞ 45 ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ കഴിയുകയായിരുന്നു. നവംബർ 13നാണ് യുകെയിൽ എത്തിച്ചേർന്നത്. മകൾ ജൂലി ജേക്കബ്ബിൻ്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു കടമക്കുടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കൂടിയായ ത്രേസ്യാമ്മ ടീച്ചർ യുകെയിലെത്തിയത്. മറ്റൊരു മകൾ നാട്ടിലാണുള്ളത്. ലിൻഡ ജേക്കബ്. മരുമക്കൾ ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.
സെൻ്റ്. മാർക്ക് സീറോ മലബാർ മിഷൻ ഡയറക്ടർ റവ.ഫാ.ടോമി എടാട്ടിൻ്റെയും, ബ്രോംലി മലയാളി അസോസിയേഷൻ്റെയും പ്രവർത്തകരാണ് പരേതയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലുമായി കൂടെ നിന്നിരുന്നത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മാസത്തിലേറയായി രാജ്യത്ത് തുടർന്നുവന്ന ലോക്ക്ഡൗണിന് നാളെ മുതൽ പുതിയ മുഖം. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്ന് അതീവജാഗ്രതയോടുകൂടി തന്നെ ജനജീവിതം സാധാരണനിലയിൽ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എങ്കിലും ഇത്രയും നാൾ ലോക്ക്ഡൗണിൽ കഴിഞ്ഞതിന്റെ സമ്മർദം മൂലം ബ്രിട്ടനിലെ 10 % ആളുകൾ ഇനി കൊണ്ടുവരുന്ന നടപടികൾ അവഗണിക്കുമെന്ന് ആരോഗ്യമേധാവി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ ക്ഷീണം മൂലം തുടർന്നുള്ള ഉപദേശങ്ങൾ ആളുകൾ അവഗണിക്കാൻ സാധ്യത കൂടുതലാണ്. എൻ എച്ച് എസ് കോവിഡ് ട്രേസർസ് ജനങ്ങളുമായി ബന്ധപ്പെട്ട ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് എത്ര പേരെ ട്രാക്ക് ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. രോഗബാധിതരായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ ട്രേസിംഗ് ആപ്പ് രൂപകൽപ്പന ചെയ്യാൻ പ്രൊഫസർ ഇസബെൽ ഒലിവറിന്റെ സഹായം ഉണ്ടായിരുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളോട് സർക്കാരിന്റെ ആപ്ലിക്കേഷൻ വിശദീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പരിശോധിക്കാൻ അവർ അഭ്യർത്ഥിച്ചു. തെറ്റായ സന്ദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഒപ്പം എല്ലാ തരത്തിലുള്ള ആശയവിനിമയത്തിനും രണ്ട്-ഘട്ട പരിശോധന ഉൾപ്പെടുത്താൻ പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ ആവശ്യപ്പെടുന്നു. ഇതുവഴി വിവരങ്ങൾ ചോരുന്നതിന്റെ അപകടസാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.
അതേസമയം രാജ്യത്തിന് എന്നെന്നേക്കുമായി ലോക്ക്ഡൗണിൽ തുടരാൻ കഴിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇളവ് വരുത്തിയത് ശരിയായ നടപടിയാണെന്ന് റാബ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കേസുകളിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊണ്ടുവരുന്ന ഇളവുകൾ കൂടുതൽ കേസുകൾ ഉയരാൻ കാരണമായേക്കുമെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായേക്കുമെന്ന് എഡിൻബർഗ് സർവകലാശാലയിലെ ആഗോള പൊതുജനാരോഗ്യ പ്രൊഫസർ ദേവി ശ്രീധർ പറഞ്ഞു. ഈ രോഗം വീണ്ടും നിയന്ത്രണാതീതമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. അതിനാലാണ് സ്കോട്ട്ലൻഡിൽ നിയന്ത്രണങ്ങൾ വളരെ പതുക്കെ മാത്രം ലഘൂകരിക്കുന്നത്.
എന്നാൽ ഈ സമയത്ത് ശരിയായ നടപടിയാണ് നാം സ്വീകരിച്ചതെന്ന് റാബ് മറുപടി പറഞ്ഞു. ട്രാൻസ്മിഷൻ നിരക്ക് കുറയ്ക്കുന്നതിൽ സ്ഥിരമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് 113 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 38,489 ആയി ഉയർന്നു. എന്നാൽ യഥാർത്ഥത്തിൽ ആകെ മരണസംഖ്യ 50000ത്തിന് അടുത്ത് ആയിരിക്കുമെന്ന് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു. 1,936 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇത്.
ഷിബു ജേക്കബ്
യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം മെയ് 30 ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി.
ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 7.30 നു അച്ചനുവേണ്ടി റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിമിതമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ റോംഫോർഡിൽ നിന്ന് വിലാപയാത്രയായി വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടു കൂടി 8.30 മണിക്ക് പള്ളിയിയങ്കണത്തിൽ അച്ചന്റെ ഭൗതീകശരീരം എത്തിചേർന്നു.
ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും, യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചും യാക്കോബായ സുറിയാനി സഭയിലെ വൈദീകർ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
ഭദ്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ: ഗീവര്ഗീസ് തണ്ടായത്ത് ,ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ ഊന്നുകല്ലിങ്കൽ കൂടാതെ സഭയിലെ മറ്റു പുരോഹിതന്മാരായ റെവ.ഫാ: എൽദോസ് കൗങ്ങമ്പിള്ളിൽ, റെവ.ഫാ: രാജു എബ്രഹാം ചെറുവിള്ളിൽ , റെവ.ഫാ: സിജു കൗങ്ങമ്പിള്ളിൽ ,റെവ.ഫാ: പീറ്റർ കുര്യാക്കോസ് ,റെവ.ഫാ: ഫിലിപ്പ് തോമസ് ,റെവ.ഫാ: ഏലിയാസ് പോൾ എന്നിവർ ചേർന്ന് കബറടക്ക ശുശ്രുഷകൾ പൂർത്തീകരിച്ച് ഭൗതീകശരീരം പരിശുദ്ധ മദ്ബഹായോട് വിടചൊല്ലുകയുണ്ടായി.
തുടർന്ന് 11.00 നു യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിലേക്ക് ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു.1.30 നു ഡറിങ്ട്ടൻ സെമിത്തേരിയിൽ അച്ചന്റെ ഇടവകയായ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങളും ,മറ്റു സഭ വിശ്വാസികളും അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. ഡറിങ്ട്ടൻ ചാപ്പലിൽ എത്തിയവർക്കെല്ലാം അതിനുള്ള അവസരം ഉണ്ടായി.വർത്തിങ് വെസ്റ്റ് എം.പി ബഹു: പീറ്റർ ബോട്ടോമിലീ ചാപ്പലിൽ എത്തി അനുശോചിച്ചു.അച്ചൻ ജോലി ചെയ്തിരുന്ന പോർട്സ്മൗത്ത് വർത്തിങ് ഹോസ്പിറ്റൽ ചാപ്ലിൻ, ചീഫ് ഓഫ് എക്സിക്യൂട്ടീവ് മരിയൻ ഗ്രിഫിത്സ് ,ചീഫ് ഓഫ് നഴ്സിംഗ് ഡോ മാഗി ഡേവിസ് കൂടാതെ N.H.S സീനിയർ മാനേജര്സ് അടക്കം നിരവധിയാളുകൾ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമാനസിന്റെ കല്പന ഭദ്രാസന സെക്രട്ടറി റെവ.ഫ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ വായിക്കുകയുണ്ടായി. യാക്കോബായ സഭയ്ക്കും യുകെ റീജിയനും ഉണ്ടായ നഷ്ടം വിലമതിക്കാനവാത്തതായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കല്പനയിൽ പ്രതിപാദിച്ചു.
ഭദ്രാസന സെക്രട്ടറി റെവ.ഫാ: എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ കൗൺസിലിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും , അച്ചന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതരായിരിക്കുന്ന സഹധർമ്മിണി ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ , യുകെയിലുള്ള സഹോദരൻ ഡിജി , നാട്ടിലുള്ള മാതാവ് ,സഹോദരി ,സഹോദരന്മാർ ,കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും, സഭയ്ക്കുള്ള കരുതലും സ്നേഹവും എന്നും കുടുംബത്തിനോടൊപ്പം ഉണ്ടാവുമെന്നും ഭദ്രാസന സെക്രട്ടറി പ്രസ്താവിച്ചു.
ഈ വിഷമ ഘട്ടത്തിൽ ഭദ്രാസനത്തോടൊപ്പം നിന്ന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ സഭ മേലധ്യക്ഷന്മാരോടും ,വൈദീകരോടും , കൗൺസിൽ മെമ്പർമാരോടും, വിശ്വാസസമൂഹത്തോടും,അനുശോചനം രേഖപ്പെടുത്തിയ മറ്റു മതമേലധ്യക്ഷന്മാരോടും,സമൂഹത്തിന്റെ നാനാ വിഭാഗത്തിൽ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചടങ്ങിൽ സംബന്ധിച്ച ആളുകളോടും ഭദ്രാസനത്തിന്റെ പേരിൽ നന്ദിയും കൃതജ്ഞതയും സെക്രട്ടറി രേഖപ്പെടുത്തുകയുണ്ടായി.
വൈകുന്നേരം 4.00 മണിയോടെ സെമിത്തേരിയിയിൽ കബറടക്കം പൂർത്തീകരിച്ചു ചടങ്ങുകൾ സമാപിച്ചു.
മാർച്ച് 21 ന് ആരംഭിച്ച (ENGAGE *ENCOURAGE*ENTERTAIN ) തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലും ചില വാട്സപ്പ് ഗ്രൂപ്പുകളിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരുപാട് പേരുടെ അഭ്യർത്ഥനപ്രകാരം ഇത് ഫേസ്ബുക്കിലും നിങ്ങൾക്ക് കാണാനാകും. ഈ മ്യൂസിക്കൽ ക്യാമ്പയിനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു ‘രാഗ’ചലഞ്ച് ആണ്. യുകെ യിലെ പ്രമുഖ ഗായകരായ അനുചന്ദ്ര, സ്മൃതി സതീഷ്, അലൻ ആന്റണി, സെബാൻ (ബ്രയൻ എബ്രഹാം ) എന്നിവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള ചില സംഗീതജ്ഞരും ഈ ക്യാമ്പയിനിൽ പതിവായി പങ്കെടുക്കുന്നുണ്ട്.
ആരതി അരുണിന്റെ ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ബാനറിൽ നടന്നുവരുന്ന ഈ ക്യാമ്പയിനിൽ ശ്രുതിയും താളവും തെറ്റാതെ നന്നായി പാടുവാൻ കഴിയുന്ന 13 വയസ്സിനു മുകളിലുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.
ENGAGE *ENCOURAGE*ENTERTAIN എന്ന ലളിതമനോഹരമായ മ്യൂസിക്കൽ ക്യാമ്പയിനെ കുറിച്ച് കൂടുതൽ അറിയുവാൻ ‘deekshaa.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Instagram account :’Deekshaa.musically ‘.
കർണാടക സംഗീതത്തിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള ആരതി അരുൺ അഞ്ചാം വയസ്സിലാണ് സംഗീതവും നൃത്തവും അഭ്യസിക്കുവാൻ തുടങ്ങിയത്. പന്ത്രണ്ടാം വയസ്സിൽ സംഗീതത്തിൽ അരങ്ങേറ്റം. വിദ്യാലയ ജീവിതത്തിൽ, യുവജനോത്സവങ്ങൾ, ബാലജനസഖ്യം, പ്രദേശിക കലാസമിതികളുടെയും ക്ലബ്ബുകളുടെ തുടങ്ങി 150ൽ പരം സംഗീത മത്സരങ്ങളിൽ വിജയിയായിട്ടുണ്ട് ( ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിൽ). സംഗീതത്തിൽ പ്രധാന ഗുരുനാഥർ ശ്രീമതി അജിതകുമാരി എം, ശ്രീമതി പ്രാർഥന സായി നരസിംഹൻ. ആരതി അരുണിനെ വളരെ ചെറുപ്പത്തിലെ തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തേയ്ക്ക് ചുവടു വെപ്പിച്ചത് തൻറെ അമ്മയായ ശ്യാമളാദേവി ആണ്. ഹാർഡ്വെയർ ആൻഡ് സോഫ്റ്റ്വെയർ എൻജിനിയറായ ഭർത്താവ് അരുൺ കുമാറിൻറെ പ്രചോദനവും പ്രോത്സാഹനവും തൻറെ പുതിയ സംരംഭങ്ങൾക്ക് എന്നും കരുത്ത് പകരുന്നു എന്ന് ആരതി അരുൺ പറഞ്ഞു.
ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്ന ആരതിയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പത്താം വയസ്സിൽ ആയിരുന്നു. വിദ്യാഭ്യാസകാലത്ത് താൻ സംഗീതത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത് എന്ന് ആരതി അരുൺ പറയുന്നു. ഇപ്പോൾ കഴിഞ്ഞ ആറുവർഷമായി കുച്ചിപ്പുടിയിൽ തന്റെ നൃത്തതപസ്യ തുടർന്നുകൊണ്ടേയിരിക്കുന്നു. സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് എന്നിവയിൽ വല്ലപ്പോഴും കൊറിയോഗ്രാഫി ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് ആരതി പറയുന്നു. കുച്ചിപ്പുടി ഇഷ്ടപ്പെടുന്ന അഞ്ച് പേരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിൽ പ്രധാന ഗുരു നാഥർ -ശ്രീമതി. ലതിക ശശികുമാർ, ശ്രീമതി. ചിത്ര സുരേഷ്, ഹേമ ഗോമസ്( കലാക്ഷേത്ര).
സംഗീതത്തിൽ അറുപതോളം ശിഷ്യസമ്പത്തുള്ള ആരതി അരുണിന്റെ ശിഷ്യരിൽ സൈറ മരിയ ജിജോ, അന്നജിമ്മി, ആഷ്നി ഷിജു, ആഷിൻ ഷിജു, ആതിരാ രാമൻ, അനബെൽ ബിജു എന്നിവർ യുക്മയുടെ റീജിയണൽ ആൻഡ് ദേശീയ കലോത്സവങ്ങളിലും ബൈബിൾ കലോത്സവങ്ങളിലും നിരവധി തവണ സമ്മാനർഹരായിട്ടുണ്ട്. ഇവരിൽ സൈറ മരിയ ജിജോ , UK Event Life and Tutors’ Valley ചേർന്ന് നടത്തിയ ‘Sing with Dr. K. J. Yesudas ‘contest – ൽ ഒന്നാം സ്ഥാനത്തെത്തിയതും ഗാനഗന്ധർവ്വനായ കെ ജെ യേശുദാസിന്റെ അനുഗ്രഹം വാങ്ങാനും, അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാൻ സൈറയ്ക്ക് അവസരം ലഭിച്ചതും തനിക്ക് അത്യധികം വിലമതിക്കാനാവാത്ത ഒരു അനുഭവമായി മാറി എന്ന് ആരതി അരുൺ.
ആരതിയുടെ ആദ്യകാല കലാപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകിയത് ബി സി എം സി( ബർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി) അംഗങ്ങളായിരുന്നു പ്രത്യേകിച്ചും ലിറ്റി ലിജോ( യുക്മ ദേശീയ വൈസ് പ്രസിഡന്റ്), ജിബി ജോർജ് (Ample Finance )എന്നിവർ.
‘ ദീക്ഷ’യുടെ ബാനറിൽ ഇപ്പോൾ കുട്ടികൾക്കായി ‘pratheeksha’എന്ന പേരിൽ ഒരു മ്യൂസിക്കൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. 2016 മുതൽ എല്ലാ വർഷവും ‘സമർപ്പണ’ എന്ന പേരിൽ ഒരു നൃത്ത-സംഗീതചര്യ നടത്തുന്നുണ്ട് ആരതി അരുൺ. അതിൽ യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ പങ്കെടുത്തു വരുന്നു. ‘pratheeksha’, Engage * Encourage * Entertain * എന്നിവ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ ഒന്ന് കണ്ടു നോക്കൂ.
വെയിക് ഫീൽഡ്: മെയ് 16 ണ് കോവിഡ്-19 ബാധിച്ചു മരിച്ച സ്റ്റാൻലി സിറിയക്കിന് യുകെ മലയാളികളുടെ യാത്രയപ്പ്. ബന്ധുക്കളുടെയും ഉടയവരുടെയും വികാര നിർഭരമായ രംഗങ്ങളോടെ ആണ് സ്റ്റാൻലിയുടെ മരണാന്തര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. യോർക്ഷയറിൽ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. മുൻ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാർപ്പിൻസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മരണാനന്തര ശുശ്രുഷകൾ ആരംഭിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് മൃതസംസ്ക്കാരച്ചടങ്ങുകൾ തുടങ്ങിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഫ്യൂണറൽ സർവീസ് സെന്ററിൽ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്.
മൃതസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലീഡ്സ് സീറോ മലബാർ ഇടവകയുടെ വികാരി ഫാദർ മാത്യു മുളയോളിൽ ആണ്. എല്ലാ കാര്യങ്ങളിലും മുഴുസമയ സഹായഹസ്തവുമായി ലീഡ്സ് പള്ളി ട്രസ്റ്റികളും ലോക്കൽ അസോസിയേഷൻ ഭാരവാഹികളും മുൻനിരയിൽ ഉണ്ടായിരുന്നു. മരണത്തെ തടയാൻ നമുക്ക് സാധിക്കില്ല എങ്കിലും അതിന്റെ ആഘാതത്തിൽ പെടുന്ന ഒരു കുടുംബത്തിനെ എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങി നിർത്താം എന്ന് കാണിച്ചു തരികയായിരുന്നു ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം.
ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറൽ സർവീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്ത് 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില് എത്തിച്ചേർന്നത്. ഉടൻ തന്നെ ശവസംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു ഫാദർ മാത്യു മുളയോളിൽ. വളരെ വലിയ പാർക്കിങ് സ്ഥല സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കൾ കൂടി സെമിട്രിയിൽ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാൻലിക്ക് അന്ത്യഞ്ജലി അർപ്പിക്കുവാൻ അവർക്കു അവസരം ലഭിക്കുകയും ചെയ്തു.
സ്റ്റാൻലിയുടെ സഹോദരിമാരായ ജിൻസി സിറിയക് (ഡെർബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓൺ ട്രെൻഡ്) എന്നിവർ ഭർത്താക്കൻമ്മാർക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ യുകെയിലെ കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.
വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. സ്റ്റാൻലിക്കും ഭാര്യ മിനിമോൾക്കും ഒരേ സമയമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഒരുപിടി മലയാളികൾ മരണത്തിന് കീഴടങ്ങിയ വാർത്ത അറിഞ്ഞിരുന്ന സ്റ്റാൻലി രോഗാരുതനെങ്കിലും തന്റെ ഭാര്യ മിനിയെ ആശുപത്രിയിലേക്ക് അയച്ചു തന്റെ മക്കളുടെ അമ്മയോടുള്ള കരുതൽ കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുടുംബം സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ആകെ തുകയാണ് എന്ന് തെളിയിക്കുകയായിരുന്നു. സ്റ്റാൻലി വീട്ടിൽ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികൾക്ക് തുണയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ മിനിയെ ഇതിനോടകം അഡ്മിറ്റ് ചെയ്തിരുന്നു.ദിവസങ്ങൾ കടന്നുപോകവേ സ്റ്റാൻലിയെ വൈറസ് കൂടുതൽ ദുർബലനാക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയാണ് എന്ന തിരിച്ചറിവ് സ്റ്റാൻലി മനസ്സിലാക്കിയതോടെ സുഹൃത്തിന്റെ വീട്ടിൽ കുട്ടികളെ ആക്കി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയും ചെയ്തു. വിധി മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാൻലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മെയ് പതിനാറാം തിയതി മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. പതിനാലുകാരൻ ആൽവിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് കുട്ടികൾ. 2004 ആണ് മിനി ജോസഫ് യുകെയിൽ എത്തിയത്. വന്നപ്പോൾ ഇപ്സ് വിച്ചിലും പിന്നീട് യോർക്ഷയർ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു.
വി സ്കോയർ വീഡിയോ സ്ട്രീം ചെയ്ത ദൃശ്യങ്ങൾ കാണാം.
[ot-video][/ot-video]
ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ