കടപ്പാട് : ദി ഗാർഡിയൻ
ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി കോടതിയില്‍. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. “എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,” അനില്‍ അംബാനി വിവരിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.
വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.
റിയലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞവര്‍ഷമാണ് പാപ്പരായത്. എന്നാല്‍ അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ ജഡ്ജി തയ്യാറായില്ല. ഇനിയൊരിക്കലും ഉയര്‍ത്താനാകാത്ത വിധത്തില്‍ അനില്‍ അംബാനി ഷട്ടറുകള്‍ അടച്ചിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മുന്‍കാലങ്ങളില്‍ പരസ്പരം സഹായിക്കാറുണ്ടായിരുന്ന കുടുംബമാണ് അംബാനി കുടുംബമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 56.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സഹോദരന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്.
എന്നാല്‍ തന്റെ കക്ഷിക്ക് താങ്ങാവുന്നതിലും വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് അനില്‍ അംബാനിക്കു വേണ്ടി ഹാജരാകുന്ന വക്കീല്‍ റോബര്‍ട്ട് ഹോവെ വാദിച്ചു. എന്നാല്‍, അംബാനിയുടെ വാദം മറ്റൊരു അവസരവാദപരമായ നീക്കമാണെന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയെയും, ചൈന ഡവലപ്മെന്റ് ബാങ്കിനെയും, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയെയും പ്രതിനിധീകരിക്കുന്ന വക്കീല്‍ ബങ്കിം തങ്കി പറഞ്ഞു. വായ്പ നല്‍കിയവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് അനിലിന്റെ ലക്ഷ്യം. അനില്‍ കോടതിയുത്തരവ് അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷവും അനില്‍ അംബാനി സമാനമായൊരു കുടുക്കില്‍ ചെന്നു പെട്ടിരുന്നു. എറിക്സണ്‍ എബിയുടെ ഇന്ത്യന്‍ വിഭാഗമാണ് 77 ദശലക്ഷം ഡോളറിന്റെ അടവ് മുടങ്ങിയതിനെതിരെ കേസ് നല്‍കിയത്. അനില്‍ ജയിലില്‍ പോകുമെന്ന നില വന്നപ്പോള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ഇടപെടുകയും പണം കൊടുത്തു തീര്‍ക്കുകയുമായിരുന്നു.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ നിരവധി ഇന്ത്യാക്കാരും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. കപ്പലിലുള്ളവരെ പുറത്തിറക്കാതെ കൊറോണ പടരുന്ന സാഹചര്യത്തെ ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. കപ്പലിൽ വേണ്ട ചികിത്സകൾ നൽകുന്നുണ്ട്. 200 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ഇവരിലാർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം.
പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ഡയമണ്ട് പ്രിൻസസ് കപ്പലിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ 64 പേർക്ക് കൊറോണ ബാധിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. കപ്പലിൽ ആകെ 3700 യാത്രക്കാരുണ്ട്. ഇവരെക്കൂടാതെ കപ്പൽ ജീവനക്കാർ വേറെയും. അവശനിലയിലായിത്തുടങ്ങിയ ചില രോഗികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചതായി വിവരമുണ്ട്.
ഇന്ത്യൻ പൗരന്മാർക്കാർക്കും കൊറോണയില്ലെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊറോണ ബാധിച്ചവരിൽ 28 പേർ ജപ്പാന്‍കാരാണ്. പതിനൊന്ന് യുഎസ് പൗരന്മാരും കൂട്ടത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 61 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ചൈനാക്കാരുമുണ്ട്. യുകെ, ന്യൂസീലാൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതം കൊറോണ ബാധിതരാണ് കപ്പലിൽ.
സ്വന്തം ലേഖകൻ
ലണ്ടൻ : കുടുംബാസൂത്രണ വിദഗ്ധനായ മനീഷ് ഷാ ജയിലിൽ. സ്ത്രീ രോഗികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ മനീഷ് ഷാ, 23 സ്ത്രീകളെയും ഒരു 15 വയസുകാരി കുട്ടിയേയും ആക്രമിക്കുകയുണ്ടായി. ഒപ്പം സ്വന്തം സുഖത്തിനായി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തു. രോഗികളിൽ അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആക്രമണങ്ങൾ നടത്തിയത്. റോംഫോർഡിൽ നിന്നുള്ള ഷാ, 2009 മെയ് മുതൽ 2013 ജൂൺ വരെ അനാവശ്യ പരിശോധനകൾ നടത്തിയെന്ന് ഇരകളെ ബോധ്യപ്പെടുത്തി. അധികാരസ്ഥാനം ദുരുപയോഗം ചെയ്ത വഞ്ചകൻ എന്നാണ് ജഡ്ജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഈ ആക്രമണങ്ങൾ ഒക്കെ “പ്രതിരോധ മരുന്ന്” ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 50 കാരനായ ഡോക്ടർ, കഴിഞ്ഞ ശരത്കാലത്തിലാണ് മാവ്നി മെഡിക്കൽ സെന്ററിൽ ആറ് ഇരകൾക്കെതിരായ 25 ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ൽ നടന്ന ഒരു വിചാരണയിൽ, മറ്റ് 18 ആളുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അങ്ങനെ ആകെ 23 രോഗികളുമായി ബന്ധപ്പെട്ട 90 കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
സ്വന്തം ലൈംഗിക തൃപ്തിക്കായി അനാവശ്യ ക്ലിനിക്കൽ പരിശോധനകൾ അദ്ദേഹം നടത്തി. സ്ത്രീകൾക്കെല്ലാം കടുത്ത അധിക്ഷേപവും അപമാനവും തോന്നുന്നുവെന്നും മനീഷ് ഷായുടെ മേൽ അവർ ചെലുത്തിയ വിശ്വാസം ഭയങ്കരമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും സോ ജോൺസൺ ക്യുസി പറഞ്ഞു. അവരെ അദ്ദേഹം വളരെയധികം വേദനിപ്പിച്ചു എന്ന് അവർ പറഞ്ഞു. വിശ്വാസവഞ്ചനയിലൂടെ സ്ത്രീകളെ ചൂഷണം ചെയ്ത ജിപി മനീഷ് ഷായ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
ഗ്ലാസ്‌ഗോ: യു കെ യിൽ ഇദംപ്രഥമമായി മാർഷൽ ആർട്സിൽ ചീഫ് ഇൻസ്റ്റക്ടർ പദവി നൽകിയപ്പോൾ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരൻ ടോം ജേക്കബ് മലയാളികൾക്ക് അഭിമാനമാവുന്നു. ജപ്പാനിൽ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തർദ്ദേശീയ കരാട്ടെ സെമിനാറിൽ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അർപ്പ ണവും പുറത്തെടുക്കുവാനും, ആയോധനാ കലകളിൽ തന്റെ വൈഭവം പ്രദർശിപ്പിക്കുവാനും സുവർണാവസരമാണ് ലഭിച്ചത്. കൂടാതെ മാർഷൽ ആർട്സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീർഘമായ 35 വർഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്‌ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാൻ കൂടുതലായി സ്വാധീനിച്ചത്.
കളരി(തെക്കൻ ആൻഡ് വടക്കൻ),കുങ്ഫു, കരാട്ടെ, ബോക്സിങ് അടക്കം വിവിധ ആയോധന കലകളിൽ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇൻസ്ട്രക്ടർ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറിൽ പങ്കെടുക്കുവാനുള്ള എൻട്രി അസാധാരണ വൈഭവം ഉള്ള മാർഷൽ ആർട്സ് വിദഗ്ദർക്കേ നൽകാറുള്ളൂ.
ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളിൽ കരാട്ടെ ട്രെയിനർ ആയി പ്രവർത്തി ചെയ്തിട്ടുണ്ട്. അബുദാബിയിൽ കൊമേർഷ്യൽ ബാങ്കിൽ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളിൽ ഏറെ ശിഷ്യഗണങ്ങൾ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഗ്ളാസ്ഗോയിൽ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യിൽ നിന്നും മാർക്കറ്റിങ്ങിൽ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
കരാട്ടെ അഭ്യാസ മുറകൾ സ്വായത്തമാക്കുമ്പോൾ അതിലൂടെ നേടാവുന്ന ഗുണങ്ങളും പ്രയോജനങ്ങളും കുട്ടികളെ മനസ്സിലാക്കുവാനും, ഒരു ഉപജീവന മാർഗ്ഗമായും ഉപയോഗിക്കാവുന്ന ഈ ആയോധന കലയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യം ഉണർത്തുവാനും, അച്ചടക്കത്തോടെയും,ചിട്ടയോടും കൂടി കരാട്ടെ പരിശീലിക്കുവാനും ടോമിന്റെ ക്ലാസ്സുകൾ കൂടുതൽ ഗുണകരമാണ്. മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളിൽ കരാട്ടെയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആർജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകൾ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങൾ തുടരുന്നതിനും ഗ്രേഡുകൾ നൽകുന്നതിനും യു കെ യിൽ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.
സ്കോട്ട്ലൻഡ് ആൻഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റൽ കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പർ ആയ ജയിംസ് വാസ്റ്റൺ അസോസിയേഷനിൽ നിന്ന് 2018 ൽ അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ്, ജപ്പാൻ- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിൻകോ കായ് കരാട്ടെ അസോസിയേഷനിൽ നിന്നും 2014 ൽ നാലാം ഡാൻ ബ്ലാക്ക് ബെൽറ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയിൽ നിന്നും 2005 ൽ മൂന്നാം ഡാൻ ഷോട്ടോക്കൻ കരാട്ടെ ജപ്പാൻ ബ്ലാക്ക് ബെൽറ്റ്, ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ നിന്നും 2002 ൽ ബ്ലാക്ക് ബെൽറ്റ് രണ്ടാം ഡാൻ, ഷോട്ടോക്കാൻ കരാട്ടെ ജപ്പാൻ 1996 ൽ ബ്ലാക്ക് ബെൽറ്റ് ഒന്നാം ഡാൻ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങൾ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയിൽ അഭിമാനപൂർവ്വം കോർത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പർ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തർദേശീയ സെമിനാറിൽ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.
യു കെ യിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിൽ 10 വർഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലർത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയിൽ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യൻ കരാട്ടെയിൽ ഒമ്പതാം ഡാൻ ബ്ലാക്ക് ബെൽറ്റ് താരവും, കരാട്ടെയിൽ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ജി8 ൽ പ്രശസ്ത കരാട്ടെ ഗുരു ഇയാൻ അബ്ബറെനിന്റെ ഷോട്ടോക്കൻ സ്റ്റൈൽ ബുങ്കായ് & പ്രാക്ടിക്കൽ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലർത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എംഎംഎ & ബ്രസീലിയൻ ജിയു-ജിറ്റ്സു, സ്കോട്ട്ലൻഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കൻ സ്റ്റൈൽ കരാട്ടെ കോളിൻ സ്റ്റീൽ സെൻസി അഞ്ചാം ഡാൻ ജിസ്സെൻ റായിഡു (സ്കോട്ട്ലൻഡ്) ന്റെയും , പോൾ എൻഫിൽഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടർന്ന് പോരുന്നു. സീനിയർ ഷോട്ടോക്കൻ സെൻസി ജോൺ ലണ്ടൻ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ്, സെൻസി ബ്രെയിൻ ബ്ലാക്ക് ബെൽറ്റ് മൂന്നാം ഡാൻ, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലൻസ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.
നിരവധി അഭിമാനാർഹമായ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വർഷമായി ആയയോധന കലകളിൽ കഠിനമായ പരിശീലനം തുടർന്ന് കൊണ്ടിരിക്കുകയാണ്.
ജപ്പാൻ ഒക്കിനാവ കരാട്ടെ ആൻഡ് കോബു-ദോ ഷോർ-റായിഡു റെഹോക്കൻ അസോസിയേഷൻ ചെയർമാനും റെഡ് ബെൽറ്റിൽ പത്താം ഡാൻ കരാട്ടെ & പത്താം ഡാൻ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാൻഷി ഹഗോൺ നനോബുവിലയിൽ നിന്നാണ് യു കെ ചീഫ് ഇൻസ്ട്രക്ടർ പദവി ടോം ജേക്കബ് നേടിയത്.
പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കൽ) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കൽ കുടുംബാംഗമാണ്. മുൻകാല ആലപ്പുഴ ഡി സി സി പ്രസിഡണ്ടും നെഹ്‌റു കുഞ്ഞച്ചൻ എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകൻ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസ്സിൽ പഠിക്കുന്ന പത്തു വയസ്സുള്ള ഏക മകൻ ലിയോൺ ടോം കഴിഞ്ഞ അഞ്ചു വർഷമായി ബോക്സിങ് പരിശീലനം നടത്തി വരുകയാണ്.
ആയോധനകലകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും, ഈ മേഖലകളിൽ നാളിന്റെ ശബ്ദവും, നാമവും ആകുവാനും ടോമിന് കഴിയട്ടെ എന്നാശംസിക്കാം.
സ്വന്തം ലേഖകൻ
സ് കോട് ലൻഡ് : 16 വയസ്സുകാരന് സമൂഹമാധ്യമത്തിലൂടെ അനിയന്ത്രിതമായി സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണത്തെ തുടർന്ന് സ് കോട്ട്ലൻഡിലെ ധനകാര്യ സെക്രട്ടറി ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജിവച്ചു. ആറു മാസമായി കുട്ടിയുമായി നിരന്തരം സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടെന്നാണ് മന്ത്രി ഡെറക് മക്കെയുടെ മേലുള്ള ആരോപണം. സംഭവം സ് കോട്ടിഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. താൻ തെറ്റായി പെരുമാറിയെന്നും നടന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും മക്കെപറഞ്ഞു. ഒപ്പം കുട്ടിയോടും അവന്റെ കുടുംബത്തോടും അദ്ദേഹം ക്ഷമ ചോദിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ മക്കെയുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹത്തിനെതിരായ കൂടുതൽ ആരോപണങ്ങളെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നെന്ന് മന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും 270 സന്ദേശങ്ങൾ അയച്ചു. പല സന്ദർഭങ്ങളിലും കുട്ടിയുമായി കൂടുതൽ അടുത്തിടപഴകിയതായി പത്രം വിശദീകരിക്കുന്നു. പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വിവരങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വിലയിരുത്തുകയാണെന്നും സ് കോട്ട്‌ലൻഡ് പോലീസ് പറഞ്ഞു. സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർല, മാക്കെയോട് സ്കോട്ടിഷ് പാർലമെന്റിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു മന്ത്രിയുടേതിനോട് ഒട്ടും യോജിക്കുന്നതല്ല എന്നും കാർല പറഞ്ഞു. മാക്കെയെ തന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതായി പത്രം പറയുന്നു.
“സർക്കാരിൽ സേവനം ചെയ്യുന്നത് ഒരു വലിയ പദവിയാണ്, ഒപ്പം സഹപ്രവർത്തകരെയും പിന്തുണക്കാരെയും നിരാശപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു” ; മാക്കെ വെളിപ്പെടുത്തുകയുണ്ടായി. 2013ൽ കുടുംബബന്ധം ഉപേക്ഷിച്ച മാക്കെ ഇത്തരം ഒരു അവസ്ഥയിൽ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബജറ്റ് അവതരിപ്പിക്കാനായി ഒരുങ്ങി വന്ന മാക്കെയ്ക്ക് അതിനു സാധിച്ചില്ല. മാക്കെയുടെ അഭാവത്തിൽ പൊതു ധനമന്ത്രി കേറ്റ് ഫോർബ്സ് ആവും ബജറ്റ് അവതരിപ്പിക്കുക.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധ പടർന്നുപിടിച്ചതോടെ ചൈനയുടെ മിക്ക ഭാഗങ്ങളിൽ നിന്നും വിദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കാനായി അവസാന യുകെ വിമാനം ഞായറാഴ്ച പുറപ്പെടും. വിമാനം ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട് റാഫ് ബ്രൈസ് നോർട്ടണിൽ ഇറങ്ങുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. രോഗം കൂടുതൽ വ്യാപകമാവുന്നതിനു മുമ്പ് തന്നെ ആളുകളെ സ്വന്തം നാട്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണിത്. നൂറിലധികം യുകെ പൗരന്മാരെയും കുടുംബാംഗങ്ങളെയും ഇതിനകം വുഹാനിൽ നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഹ്യൂബി പ്രവിശ്യയിൽ 150 നും 200 നും ഇടയിൽ ബ്രിട്ടീഷുകാരും അവരുടെ ബന്ധുക്കളും താമസിക്കുന്നുണ്ട്. ഇതിൽ നൂറോളം കുടുംബങ്ങൾ സഹായം ആവശ്യപ്പെട്ടതായി വിദേശകാര്യ ഓഫീസ് അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരെ ഹുബെ പ്രവിശ്യയിൽ നിന്ന് യുകെ, ഫ്രഞ്ച്, ന്യൂസിലാന്റ് വിമാനങ്ങളിൽ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഈ വിമാനത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ഹുബെയിലെ എല്ലാ ബ്രിട്ടീഷ് പൗരന്മാരും രജിസ്റ്റർ ചെയ്യണം. +86 (0) 1085296600, +44 (0) 2070081500 എന്നീ രണ്ട് ടെലിഫോൺ നമ്പറുകളിൽ ഏതുസമയത്തും ഹുബെയിലെ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. വുഹാനിൽ നിന്ന് യുകെ സർക്കാർ ക്രമീകരിച്ച വിമാനത്തിൽ 83 ബ്രിട്ടീഷ് പൗരന്മാർ വെള്ളിയാഴ്ച തിരിച്ചെത്തി. ചൈനയിൽ നിന്ന് എത്തുന്നവരെയെല്ലാം ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയാണ്. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്ന ആരും വീടുകളിലേക്ക് പോകരുതെന്നും ഉടൻ തന്നെ 111 ലേക്ക് ബന്ധപ്പെടണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഒരാൾക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ഹാൻകോക്ക് പറഞ്ഞു. വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചൈന വിട്ടുപോകാൻ വിദേശകാര്യ ഓഫീസ് ബ്രിട്ടീഷുകാരോട് നിർദ്ദേശിച്ചിരുന്നു. ബ്രിട്ടനിൽ ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 492 ആയി ഉയർന്നു. ചൈനയിൽ മാത്രം 490 പേരും ഫിലിപ്പിൻസിലും ഹോങ്കോങ്ങിലും ഒരാൾ വീതവുമാണ് മരിച്ചത്. 24,324 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറമെ 25 രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
ട്രാൻസ് അറ്റ്ലാന്റിക് ജെറ്റിൽ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്ത ഗാർഡ് ഇപ്പോൾ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നു. ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് ഫ്ലൈറ്റിൽ നിന്നാണ് ഭയചകിതനായ യാത്രക്കാരൻ തോക്ക് കണ്ടെത്തിയത്.
മുൻ പ്രൈം മിനിസ്റ്റർ ആയത് കൊണ്ടു കാമറൂണിനു ഇപ്പോഴും മെട്രോ പൊളിറ്റൻ പോലീസിന്റെ സംരക്ഷണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ഓപ്പറേഷനൽ ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങളെ പറ്റി അഭിപ്രായം പറയാനാവില്ല എന്ന് കാമറൂണിന്റെ ടീം പ്രതികരിച്ചു.
മറന്നു വെച്ച തോക്ക് 9എംഎം ജിലോക്ക് 17 പിസ്റ്റൾ ആണെന്ന് കരുതുന്നു. ഉദ്യോഗസ്ഥൻ ബാത്‌റൂമിൽ കയറിയപ്പോൾ ഹോൾസ്റ്ററിൽ നിന്ന് ഊരി വച്ചതാവാനാണ് സാധ്യത . യു കെ യിലേക്കുള്ള ഫ്ലൈറ്റിൽ ഫെബ്രുവരി 3 നാണ് സംഭവം നടന്നത്. സുരക്ഷ ചുമതലകളിൽ നിന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. യു കെ പോലീസിനെ അത്യാവശ്യഘട്ടങ്ങളിൽ ആയുധവുമായി സഞ്ചരിക്കാൻ അനുവദിക്കാറുണ്ടെന്ന് ബ്രിട്ടീഷ് എയർവേസ് പറഞ്ഞു. സംഭവം ജീവനക്കാരുടെ കൃത്യമായ ഇടപെടൽ മൂലം നിയന്ത്രണവിധേയമായി. കാമറൂൺ 2016ജൂലൈ വരെ 6 വർഷം പ്രധാന മന്ത്രിയായിരുന്നു
ഇന്ത്യന്‍ ഹൈ കമ്മീഷന്റെ (എച്ച്സിഐ) കോണ്‍സുലാര്‍ ക്യാമ്പ് ശനിയാഴ്ച ബ്രിസ്റ്റോളില്‍ വെച്ച് നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ബ്രിസ്റ്റോളിലെ സാവേജസ് വുഡ് റോഡിലെ ജൂബിലി സെന്ററിലാണ് ക്യാമ്പ് നടക്കുക. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കും. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സൗത്ത് വെയ്ല്‍സിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ക്യാമ്പ് ഏറെ ഉപകാരപ്രദമാകും. ഇന്ത്യന്‍ വിസയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ കോണ്‍സുലാര്‍ ക്യാമ്പില്‍ നിന്ന് ലഭിക്കും. പാസ്പോര്‍ട്ട് പുതുക്കാനും ഒസിഐക്കായി അപേക്ഷിക്കാനുമുള്ള അവസരവും ലഭിക്കും. കൂടാതെ മറ്റ് കോണ്‍സുലാര്‍ സേവനങ്ങളും ഇവിടെ നിന്നും പ്രാപ്തമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി: [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 020-86295950
വിവിധ സേവനങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
ഒസിഐ രജിസ്‌ട്രേഷനും പുതുക്കാനും: https://ociservices.gov.in/
പാസ്‌പോര്‍ട്ട് പുതുക്കാന്‍: https://portal3.passportindia.gov.in/Online/index.html
ഇന്ത്യയിലേക്കുള്ള ഇ – വിസയ്ക്ക്: https://indianvisaonline.gov.in/visa/
ഒസിഐ അഡൈ്വസറിക്കായി: https://www.hcilondon.gov.in/news_detail/?newsid=111
രേഖകളുടെ അറ്റസ്റ്റേഷനു വേണ്ടി:https://www.vfsglobal.com/india/uk/
കോണ്‍സുലാര്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം
ജൂബിലി സെന്റര്‍
സാവേജസ് വുഡ് റോഡ്
ബ്രാഡ്‌ലി സ്‌റ്റോക്, ബ്രിസ്‌റ്റോള്‍ ബിഎസ്32 8എച്ച്എല്‍
ഇന്ത്യ സ്വതന്ത്രമായിട്ട് മൂന്ന് വർഷങ്ങൾ മാത്രം… അതായത് 1950… പട്ടിണിയുടെ കാലഘട്ടം എന്ന് തന്നെ പറയാം… ഈരാറ്റുപേട്ടയിൽ താമസം ആയിരുന്ന മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബം മലബാറിന് വണ്ടി കയറാൻ തന്നെ തീരുമാനിച്ചു… ഏഴ് വയസ്സ് മാത്രം പ്രായമായ മാത്യു പിന്നീട് വളർന്നത് പേരാവൂരിന് അടുത്തുള്ള പൂളകുറ്റി എന്ന ഗ്രാമത്തിൽ.. ഇന്ന് ഗ്രാമമെന്നു വിളിക്കുന്ന പൂളകുറ്റി അന്ന് വനമായിരുന്നു.. കാട് വെട്ടിത്തെളിച്ച കൃഷിയിടം.. കപ്പയും ചേനയും ഒക്കെ നട്ട്, കായ് കനികൾ ഭക്ഷിച്ചു മുൻപോട്ട് നീങ്ങിയ ജീവിത വഴികൾ… കഷ്ടപ്പാടുകളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഓർമ്മച്ചെപ്പുകൾ.. ഒന്നും മായാതെ ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു..
ഇന്ന് കാലം മാറി.. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒക്കെയായി… മക്കൾ നല്ല നിലയിൽ എത്തിയെങ്കിലും ഇല്ലായ്മകളുടെ കാലം നന്നായി ഓർമ്മിച്ചെടുത്ത രണ്ട് വ്യക്തികൾ ഒന്നായി ചേർന്നത് ഫെബ്രുവരി രണ്ട് 1970.. (2/2/1970) മാത്യു താലികെട്ടി കൂടെ കൂട്ടിയത് വായനാട്ടുകാരി ആണ്ടുർ കുടുംബാംഗം ഏലമ്മയെ. അതെ അവർ ഒരുമിച്ചു നീങ്ങാൻ തുടങ്ങിയിട്ട് വർഷം അൻപത് (50) ആയിരിക്കുന്നു… പേരാവൂർ അടുത്ത് പൂളകുറ്റിയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ പെടുന്നവരാണ് മാത്യുവും ഭാര്യ ഏലമ്മയും…
യുകെയിലെ മലയാളി കുട്ടികളോട് ഇത്തരം സത്യം പറഞ്ഞാൽ കിട്ടുന്ന ഉത്തരം … ‘ഇറ്റ് ഈസ് നോട്ട് മൈ ഫാൾട്ട്’ എന്നാണ് മറുപടി വരുക… ഒറ്റ വാക്കിൽ പറഞ്ഞാൽ ജനറേഷൻ ഗ്യാപ്പ്…
നാല് മക്കൾ… സ്വപ്‍ന, സോണി, സുനിൽ, സോയൂസ്. ഇതിൽ സുനിൽ മാത്യു ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ലണ്ടനിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ കണ്ണൂരുകാരൻ മലയാളി കുടുംബസമേതം മീയറിൽ താമസിക്കുന്നു.
അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാത്യുവിനും ഏലമ്മക്കും മലയാളംയുകെയുടെ ആശംസകൾ…
വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ അകറ്റിയെന്ന് ബ്രിട്ടീഷ് പൗരൻ. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കോനർ റീഡെന്ന വ്യക്തിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുമാസം മുമ്പ് കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാൾക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനർ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നെന്നും, താൻ ആൻറി ബയോട്ടിക്കുകൾ നിരസിച്ചിരുന്നെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ‘ശ്വാസ തടസമുണ്ടായപ്പോൾ ഇൻഹേലറിനെ ആശ്രയിച്ചു.കൂടാതെ വിസ്കിയിൽ തേൻ ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്’- കോനർ പറയുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്