ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടൻ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ബ്രിട്ടന്റെ ഭാവിയെ സ്വാധീനിക്കുന്നതായിരിക്കും ഇന്നത്തെ ഇലക്ഷനിലൂടെ നേതൃത്വത്തിലെത്തുന്ന ഗവൺമെന്റ്. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് നടപ്പിലാക്കും. ഇലക്ഷൻ അടുത്തതോടെ കൂടി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും, എതിർകക്ഷിയായ ലേബർ പാർട്ടിയും തമ്മിലുള്ള മത്സരം ശക്തമായി കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻതൂക്കം നേരിയതായി മാറിയിരിക്കുകയാണ്.
ബ്രിട്ടനിൽ തൂക്കു പാർലമെന്റിനു വരെയും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാന്നിധ്യവും നിലപാടുകളും വളരെ നിർണായകമായി തീരും.
പൊതുവേ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയായി അറിയപ്പെടുന്നത് ലേബർ പാർട്ടി ആയതിനാൽ ഇന്ത്യൻ വംശജരും, മലയാളികളും ലേബർ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം മുതലാളിത്തത്തെ സഹായിക്കുന്ന തീരുമാനങ്ങളും നയങ്ങളും ആണ് എടുത്തിരുന്നത്. എൻ എച്ച് എസ് പോലെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഗവൺമെന്റ് സംവിധാനങ്ങളെ സ്വകാര്യവത്ക്കരിക്കുക എന്നത് കൺസർവേറ്റീവ് പാർട്ടിയുടെ എക്കാലത്തെയും രഹസ്യ അജണ്ടകളിൽ ഒന്നായിരുന്നു.
ഇപ്രാവശ്യത്തെ ജനറൽ ഇലക്ഷനിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാമാണ് പ്രധാന ചർച്ച വിഷയങ്ങളായി മാറിയത്. നാഷണൽ ഹെൽത്ത് സർവീസിനെ സ്വകാര്യവൽക്കരിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നീക്കങ്ങളെ ജനസമക്ഷത്തിൽ ഉയർത്തിക്കാട്ടാൻ ലേബർ പാർട്ടിക്ക് പൂർണമായി സാധിച്ചിട്ടില്ല. ബ്രെക്സിറ്റ് മറ്റെല്ലാ വിഷയങ്ങളേയും മറികടന്ന് മുഖ്യ ചർച്ചാവിഷയം ആയിരുന്നതിനാൽ, സാധാരണക്കാരനെ ബാധിക്കുന്ന തൊഴിലില്ലായ്മ, ജീവിതചെലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് എന്നിവ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ നിന്നും പിൻമാറാൻ ഫ്രിഡ്ജിലൊളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ വൻ വിമർശനമാണ് ബോറിസ് ജോൺസൺ നേരിടുന്നത്. പ്രധാനമന്ത്രീ, നിങ്ങൾക്കൊളിക്കാൻ എന്റെ പോക്കറ്റിൽ സ്ഥലമുണ്ട് എന്ന് വിമര്ശനാത്മകമായി പറയുന്നവരുണ്ട്. ബ്രിട്ടീഷ് ചാനലിൽ പ്രധാനമന്ത്രിയുടെ ഒഴിഞ്ഞുമാറൽ തല്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഒരു സെക്കന്റ്, ഇപ്പോൾ വരാം എന്നു പറഞ്ഞുകൊണ്ടാണ് ബോറിസ് ജോൺസൺ വലിയ ഫ്രിഡ്ജിനുള്ളിലേക്ക് കയറിപ്പോയത്.
WATCH: Boris Johnson hiding in a fridge from Susannah Reid’s questions, while his aide swears at a cameraman.
But he’s the strong man who’s going to stand up to Donald Trump to defend our NHS? You’re having a laugh mate. pic.twitter.com/0GYRhj8BRl
— Ash Sarkar (@AyoCaesar) December 11, 2019
ഒരു ഭ്രൂണത്തെ രണ്ടു ഘട്ടങ്ങളിലായി രണ്ട് ഗര്ഭപാത്രത്തില് വളര്ത്തിയെടുത്ത് കുഞ്ഞിന് ജന്മം നല്കിയത് വൈദ്യശാസ്ത്രരംഗത്തിനു നേട്ടമായി. ലോകത്താദ്യമായാണ് രണ്ട് ഗര്ഭപാത്രത്തിലൂടെ കുഞ്ഞിനെ പൂര്ണ്ണവളര്ച്ച വരെ എത്തിക്കുന്നത്.
ബ്രിട്ടീഷ് സ്വവര്ഗ ദമ്പതികള്ക്കാണ് ഇത്തരത്തില് ഒരു ആണ്കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. ജാസ്മിന് ഫ്രാന്സിസ് സ്മിത്ത് (28), ഡോണ ഫ്രാന്സിസ് സ്മിത്ത് (30) എന്നീ സ്വവര്ഗ ദമ്പതികള്ക്കാണ് കുഞ്ഞ് ജനിച്ചത്.
ഡോണയുടെ അണ്ഡമാണ് കൃത്രിമ ബീജ സങ്കലനത്തിന് വിധേയമാക്കിയത്. കൃത്രിമ ബീജ സങ്കലന പ്രക്രിയക്ക് (ഐ.വി.എഫ്) ശേഷം ഇത് തിരികെ ഡോണയുടെ ഗര്ഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ഈ ഭ്രൂണത്തെ 18 മണിക്കൂറിന് ശേഷം പങ്കാളിയായ ജാസ്മിന്റെ ഗര്ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഭ്രൂണം വളര്ന്നതും കുഞ്ഞായി രൂപാന്തരപ്പെട്ടതും ജാസ്മിന്റെ ഗര്ഭപാത്രത്തിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില് ജാസ്മിന് പൂര്ണവളര്ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്കി. ഒട്ടിസ് എന്നാണ് കുഞ്ഞിന് ഇവര് പേര് നല്കിയിരിക്കുന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞും അമ്മമാരും സുഖമായി കഴിയുകയാണ്.
സ്വവര്ഗ ദമ്പതിമാര് കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിന് ജന്മം നല്കുന്നത് സാധാരണമാണ്. എന്നാല്, രണ്ട് ഗര്ഭപാത്രത്തില് വളര്ന്ന കുഞ്ഞിന് ജന്മം നല്കുന്നത് ലോകത്ത് ആദ്യമായാണെന്ന് ബ്രിട്ടീഷ് ഫെര്ട്ടിലിറ്റി സൊസൈറ്റി അധ്യക്ഷന് ഡോ. ജെയിംസ് സ്ററുവര്ട്ട് പറയുന്നു. പങ്കാളിത്ത മാതൃത്വം എന്നാണ് ഇവര് കുഞ്ഞിന് ജന്മം നല്കിയ രീതിയെ ഡോക്ടര്മാര് വിളിക്കുന്നത്.
ആര്മി ലാന്സ് കോര്പറല് ആയ ഡോണയും ഡെന്റല് നഴ്സായ ജാസ്മിനും ഓണ്ലൈന് സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നല്കുന്നതില് തുല്യ പങ്ക് വഹിക്കാനായതില് ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ അനുഭവമാണിതെന്നും ഇരുവരും പറയുന്നു.
മാവേലിക്കര ∙ മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.
മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നാട്ടിൽ അറിവായിട്ടില്ല. ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്സിആർഎ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.
മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്സിആർഎ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ആംനസ്റ്റി ഇന്റര്നാഷണല് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില് ഒരു ഫ്ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.
ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.
അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.
മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.
മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
Karnataka: Central Bureau of Investigation (CBI) team is conducting a raid on Amensty International Group in Bengaluru, in connection with violation of Foreign Contribution Regulation Act (FCRA). pic.twitter.com/NgANsQEm9V
— ANI (@ANI) November 15, 2019
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരായ 75 പേർ സർക്കാർ ചെലവിൽ ലണ്ടൻ സന്ദർശനത്തിന് . ഇതിൽ ഭൂരിഭാഗം പേരും എസ്.എഫ്.ഐ നേതാക്കൾ. യാത്രയ്ക്ക്സർക്കാർ ചിലവിൽ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് പറക്കുന്നു, ലണ്ടനിൽ പരിശീലനം നൽകാൻ ഖജനാവിൽ നിന്ന് കോടികൾ
സർക്കാർ ചെലവ് ഒന്നേകാൽ കോടി രൂപ.ലണ്ടനിലെ കാർഡിഫ് യൂണിവേഴ്സിറ്രിയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഫെബ്രുവരിയിലാണ് ഇവർ പോകുന്നത്. ഇതിലേക്കുള്ള സർക്കാർ സഹായം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. 2006ൽ സമർപ്പിച്ച ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശകളിൽ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നൽകണമെന്ന് 2006ൽ ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശ ചെയ്തിരുന്നു. 13 വർഷം മുമ്പുള്ള ഈ ശുപാർശയുടെ മറവിലാണ് ഇപ്പോൾ വിദേശ യാത്ര തരപ്പെടുത്തിയത്.
എസ്. എഫ് ഐക്കാരല്ലാത്ത ഏതാനും ചെയർമാന്മാരും സംഘത്തിലുണ്ട്.ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയൻ ചെയർമാൻമാരെ സർക്കാർ ചെലവിൽ വിദേശത്തയക്കുന്നത്. .. വിദേശത്തെ കോളേജ് യൂണിയൻ ഭാരവാഹികളുമായും മറ്ര് വിദഗ്ദ്ധരുമായും ഇവർ ആശയവിനിമയം നടത്തും.കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാൻ യൂണിയൻ പ്രവർത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവർ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.-ഡോ. രതീഷ് , കോ ഓർഡിനേറ്രർ ,ഫ്ലെയർ , ഉന്നത വിദ്യാഭ്യാസ വകുപ്പ്.
സര്ക്കാര് തീരുമാനം ധൂര്ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്ഥികള്ക്ക് നല്കുന്ന സ്്ക്കോളര്ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന് നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില് ഈ ധൂര്ത്ത് ഒഴിവാക്കണം. സംസ്ഥാന സര്ക്കാരിന്റെ അഴിമതിയും ധൂര്ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അയർലൻഡ്/ഡബ്ലിന്: അയർലണ്ടിലുള്ള താലയില് മരിച്ച നിലയില് കണ്ടെത്തിയ മലയാളി നേഴ്സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക്. ഇന്ന് (9.12. 2019) ന് വൈകിട്ട് 4 മണി മുതല് 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ പ്രാര്ത്ഥനകള് ‘ചര്ച്ച് ഓഫ് ഇന്കാര്നേഷന് ഫെറ്റേര്കെയ്നില്’ വെച്ച് നടക്കും. സഹപ്രവര്ത്തകര്ക്കും, മലയാളി സമൂഹത്തിനും മേരിയ്ക്ക് അന്ത്യാഞ്ജലി അര്പ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും എന്നാണ് അറിയുന്നത്.
കാനഡയില് ആയിരുന്ന മേരിയുടെ ഏക സഹോദരന്, സഹോദരിയുടെ മരണവാര്ത്ത അറിഞ്ഞ് ഡബ്ലിനില് എത്തിയിട്ടുണ്ട്. ജനുവരി ആദ്യ വാരത്തിൽ നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള് നടത്താന് അവധിയ്ക്ക് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം മരണവാര്ത്ത അറിഞ്ഞത്. തുടര്ന്ന് മാര്ഗ്ഗമധ്യേ ബ്രിട്ടനിൽ എത്തി അവിടെനിന്നും അയര്ലണ്ടിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്ഷം മുന്പ് അയര്ലണ്ടില് എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര് താമസിക്കുന്ന അപ്പാട്ട്മെന്റിലാണ് മേരിയെ മരിച്ചനിലയില് കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. നാട്ടിലെ ശവസംകാരച്ചടങ്ങുകളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഇദം പ്രഥമമായി ബിർമിങ്ഹാമിൽ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ ദേശീയ രൂപതാതല വനിതാ സംഗമം ‘തോത്താപുള്ക്ര’, ശനിയാഴ്ച്ച ബെര്മിംഗ്ഹാം ബെഥേല് കണ്വെന്ഷന് സെന്ററില് വൻ വിജയമായതിന്റെ സന്തോഷത്തിലാണ് യുകെയിലെ മലയാളി മങ്കമാർ. എങ്ങനെ ആകും വിമെൻസ് ഫോറം മീറ്റിംഗ് എന്ന് ആശങ്ക പ്രകടിപ്പിച്ചവർ പോലും പിന്നീട് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
മഴയിലും വെയിലിലും കണ്ടു….
ഇരുളിലും പകലിലും കണ്ടു…
എന്നു തുടങ്ങുന്ന ഈരടികൾ മാറ്റിയെഴുതിയാൽ
‘കലോത്സവത്തിലും കലാമേളയിലും കണ്ടു… യുകെയിലെ പല സ്റ്റേജുകളിലും കണ്ടു…’
അതുമല്ലെങ്കിൽ ചുക്കില്ലാത്ത കഷായം ഉണ്ടോ എന്നപോലെയാണ് സ്റ്റോക്ക് ഓൺ ട്രെന്റുകാർ ഇല്ലാത്ത പരിപാടികൾ യുകെയിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യവും അറിയിച്ചാണ് മിക്കവാറും പടിയിറങ്ങുക. അതുതന്നെയാണ് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്ക്ര’, ശനിയാഴ്ച്ച ബെര്മിംഗ്ഹാം ബെഥേല് കണ്വെന്ഷന് സെന്ററില് തിരശീല വീണപ്പോൾ കാണുമാറായത്. സ്റ്റാഫ്ഫോർഡ്, ക്രൂ എന്നീ രണ്ട് സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ.
ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്, രൂപതയുടെ എട്ടു റീജിയനുകളില്നിന്നായി അത്യാകര്ഷകമായ കലാപരിപാടികള് അവതരിപ്പിക്കപ്പെട്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ആശയങ്ങളുമായി കണ്ണികളെ പിടിച്ചിരുത്തിയപ്പോൾ താളലയങ്ങളോടെ ഉള്ള നൃത്തച്ചുവടുകളുമായി ക്രിസ്തീയ ജീവിതം… യേശുവിനെ വാഴ്ത്തിപ്പാടി അരങ്ങുണർത്തി സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയിൽ എത്തുന്നത്. നിറഞ്ഞ കരഘോഷത്തോടെ കാണികളുടെ അകമണിഞ്ഞ പ്രോത്സാഹനം.ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമത്തില് ഏറ്റവും കൂടുതല് വനിതകളുമായി എത്തിയ സ്റ്റോക്ക് ഓണ് റെന്റ് വിമെന്സ് ഫോറം ഭാരവാഹികള്ക്ക് ഇത് അഭിമാനത്തിന്റെ ഇരട്ടിമധുരം നല്കി. എത്ര കഷ്ടപ്പെട്ടിട്ടായാലും പരിപാടി കൊഴുപ്പിക്കാൻ സ്റ്റോക്ക് വനിതാ ഫോറം ഒരുപടി മുന്നിലാണ് എന്ന് ചുരുക്കം.
ശനിയാഴ്ച രാവിലെ തന്നെ പുറപ്പെടേണ്ടതുകൊണ്ട് എല്ലാവരും വളരെ നേരെത്തെ റെഡി ആയി കൃത്യസമയത്തു തന്നെ ബസ് പുറപ്പെടുന്ന സ്ഥലത്തു എത്തി സമയനിഷ്ടയും പാലിച്ചിരുന്നു. എത്ര വലിയ കോട്ട് ഇട്ട് പുറത്തു നിന്നാലും മുട്ട് കൂട്ടിയിടിക്കുന്ന തണുപ്പുള്ളപ്പോൾ സാരിയിലും ചുരിദാറിലും മിന്നിത്തിളങ്ങി കേരളത്തനിമയിൽ വിമൻസ് ഫോറത്തിന്റെ എല്ലാ തീഷ്ണതയും സ്റ്റോക്ക് ഓൺ ട്രെന്റിലെ വനിതകൾ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്.
[ot-video][/ot-video]
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കൊച്ചി : പണം ഉപയോഗിച്ചും, കാർഡ് ഉപയോഗിച്ചും മാത്രമല്ല ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും ഇനിയും നിങ്ങൾക്ക് വിമാന ടിക്കറ്റുകളും , ഹോട്ടലുകളും ബുക്ക് ചെയ്യാം . ഓൺലൈൻ യാത്ര ഏജൻസികളായ ട്രാവല ഡോഡ് കോമിന്റെയും , ബുക്കിംഗ് ഡോഡ് കോമിന്റെയും പുതിയ കൂട്ടുകെട്ട് ക്രിപ്റ്റോ കറൻസിക്ക് പുതു മാനങ്ങൾ നൽകി കഴിഞ്ഞു . ട്രാവല പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 230 രാജ്യങ്ങളിലെ 90000 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനും , ഹോട്ടലുകളുടെ ബുക്കിങ്ങിനും ഇനി മുതൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാൻ കഴിയും.
വാണിജ്യ വ്യാപാര മേഖലകളിൽ ക്രിപ്റ്റോ കറൻസി മുൻപും കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു യാത്രാ ഏജൻസിയുടെ ബുക്കിംഗ് പോർട്ടലിലൂടെ ക്രിപ്റ്റോ കറൻസി കൂടുതൽ ജനകീയമാകുന്നത് ആദ്യമായാണ്. 2017 ൽ തുടങ്ങിയ ട്രാവലയിൽ സഞ്ചാരികൾക്കനുയോജ്യമായ ഹോട്ടലുകൾ, വില്ല, അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996 ൽ ആരംഭിച്ച ബുക്കിംഗ്.കോം ട്രാവലയുമായി കൈകോർക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാർക്കിടയിൽ രണ്ട് ഏജൻസികൾക്കും കൂടുതൽ സ്വീകാര്യത വരുന്നതോടൊപ്പം ക്രിപ്റ്റോ കറൻസിയുടെ പ്രചാരം കൂടി സാധ്യമാകുമെന്ന് ഇരു സംരംഭങ്ങളുടെയും അമരക്കാർ വിലയിരുത്തുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ യുകെയിലെ കോർപറേറ്റ് ട്രാവലർ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ അനുവദിച്ചിരുന്നു. ക്രിപ്റ്റോക്രൈബ്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയും ഇടപാടുകൾക്ക് ഡിജിറ്റൽ പണം ആകാം എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട് . ട്രാവല, ചീപ്പ് എയർ പോലുള്ള സൈറ്റുകൾ ബിറ്റ് കൊയിൻ വ്യാപാരം അനുവദിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹോട്ടൽ ശൃംഖലകളുള്ള ട്രാവല ഡോഡ് കോം ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കുന്നതിലൂടെ ബിസ്സിനസ്സ് രംഗത്ത് ക്രിപ്റ്റോ കറൻസികൾ കൂടുതൽ ജനകീയമാവുകയാണ് .