UK

ബോണ്‍മൗത്ത്(യുകെ): യുകെ മലയാളി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ മ്യൂസിക്കല്‍ ഈവന്റ് ‘നീലാംബരി – 2023’ ഈ മാസം 30 -ന് നടക്കും. ഫേണ്‍ഡൗണിലെ ബാരിംഗ്ടണ്‍ തീയറ്ററില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഈ സംഗീത-നൃത്ത- നടന വിസ്മയത്തില്‍ യുകെയിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. വിവിധ ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 -തിലധികം പുതുമുഖ ഗായകര്‍ക്കൊപ്പം സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകരും നീലാംബരി വേദിയുടെ മാറ്റുകൂട്ടാന്‍ പങ്കെടുക്കുന്നുണ്ട്. ഇതിനൊപ്പം, മെയ്‌വഴക്കത്തിന്റെ പകിട്ടാര്‍ന്ന പ്രകടനങ്ങളുമായി പ്രശസ്ത നര്‍ത്തകരും ത്രില്ലിംഗ് സ്‌കിറ്റുമായി മികച്ച അഭിനേതാക്കളും അരങ്ങിലെത്തും.

കാലയവനികയ്ക്കുളളില്‍ മറഞ്ഞ, മലയാളചലച്ചിത്ര പിന്നണിഗാനരംഗത്തെ പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങോടെയാകും നീലാംബരി ആരംഭിക്കുക. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലെ പ്രതിഭാധനര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഗായകര്‍ ആലപിക്കും. എല്ലാത്തരം സംഗീതാസ്വാദകരെയും തൃപ്തിപ്പെടുന്ന വിധത്തിലാണ് നീലാംബരി സീസണ്‍ 3 ക്രമീകരിച്ചിരിക്കുന്നതെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ അറിയിച്ചു. 2021 ല്‍ ഗീരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ മനോജ് ആരംഭിച്ച സംഗീത വിരുന്നിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നീലാംബരിയെന്ന പേരില്‍ പരിപാടി തുടരാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന നീലാംബരി സീസണ്‍ 2വും ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


നീലാംബരി സീസണ്‍ 3 യില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സംവിധാനങ്ങളും ഭക്ഷണവിതരണക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ബാരിംഗ്ടണ്‍ തീയറ്ററില്‍ മികവുറ്റ ശബ്ദ-വെളിച്ച സന്നാഹങ്ങളോടെയാകും നീലാബരി അരങ്ങിലെത്തുകയെന്നും സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ ഇരുപത് വർഷക്കാലമായി യുകെ മലയാളി പ്രസ്ഥാനങ്ങളുടെ പ്രഥമ ശ്രേണിയിലുള്ള ഒരു സംഘടനയാണ് മലായാളി അസോസിയേഷൻ പ്രെസ്റ്റൺ . ഈ സംഘടനയുടെ ഏറ്റവും വലിയ പ്രത്യേകത ഈ കഴിഞ്ഞ ഇരുപതുവർഷക്കാലമായി എല്ലാ ആഘോഷങ്ങൾക്കും സ്വന്തമായി ഭക്ഷണം തയ്യാറാക്കുന്നതാണ്. പ്രൊഫഷണൽ പാചാകകാരെ വെല്ലുന്ന രീതിയിൽ ബിജു ജോസഫ് ,ജെഫറി ജോർജ് എന്നിവരുടെ നേതൃത്തിൽ അനി ജോസഫ് , ജോമോൻ ജോസഫ്‌ , ജോർജ് മാത്യു എന്നിവർ കൂടിയാണ് മലയാളി തനിമ ഒട്ടും കുറയാതെ അതെ രുചിയിൽ 600 തെട്ട് 650 വരെ ഉള്ള മയാളികൾക്ക് ഓണസദ്യ , വിഷു ഇസ്റ്റർ ക്രിസ്‌മസ് ഡിന്നർ എന്നിവ തയ്യാറാക്കുന്നത്.

ഇത്തവണയും മലായാളി അസ്സോസിയേഷൻ പ്രെസ്റ്റൺ ഓണാഘേഷം നടത്തി 650 പേർക്കോളം 30 കൂട്ടം ഐറ്റംസ് ( ഉപ്പ് ,ഉപ്പേരി ,ശർക്കരപുരിട്ടി ,പഴം, പപ്പടം,ഇഞ്ചിക്കറി ,നാരങ്ങ അച്ചാർ ,മാങ്ങ ക്യാരറ്റ് വെളുത്ത അച്ചാർ ,ആപ്പിൾ അച്ചാർ,ബിറ്റ് റൂട്ട് പച്ചടി,പൈനാപ്പിൾ മധുരകറി, കാളൻ, എരിശ്ശേരി, കൂട്ടുകറി, തോരൻ, ബീൻസ്, മൊഴുക്കുപുരട്ടി, അവിയിൽ, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, മോര്, രസം, കിച്ചടി, തീയിൽ , പാൽപായസം , അടപ്രഥമൻ, വെള്ളം,ഇല )പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര രുചിയിൽ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ സാധിച്ചു . ഇവിടുത്തെ പാചാക രീതി വളരെ പ്രധാനാമാണ് ഈ കറികളും പായസങ്ങളും എല്ലാം അന്നേ ദിവസം തയ്യാറാക്കുന്നതാണ് .

നമ്മുടെ നാട്ടിൽപുറങ്ങളിലെ പഴയ കാല സദ്യകളെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ എല്ലാ മലയാളി അസോസിയേഷൻ പ്രെസ്റ്റൺ (MAP) കുടുംബംഗങ്ങളും കൂടി ഒരു സമൂഹ കിച്ചണിൽ ഒന്നിച്ചു കൂടി കറികൾക്കുള്ള ചച്ചക്കറികൾ അരിഞ്ഞും ,താമാശകൾ പറഞ്ഞും ഭക്ഷണം ( കപ്പബിരിയാണി )പാകം ചെയ്തു കഴിച്ചും നട്ടിലെ ഒരു കല്യാണതലേന്നിന്റെ രീതിയിലാണ് പാചകം ചെയ്യുന്നത്. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിക്കുറിച്ചുള്ള മലയാളികളുടെ അഭിപ്രായം MAP preston ഫേസ്ബുക് പേജിൽ നോക്കിയാൽ മനസിലാകും.

ക്രോയ്ടോൻ : നീണ്ട 53 വർഷം പുതുപ്പള്ളിയെ നയിച്ച , ജന നായകൻ ശ്രീ ഉമ്മൻ ചാണ്ടി ഇല്ലാത്ത പുതുപ്പളി തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മനെ അനുമോദിക്കാനും ,ആഹ്ളാദം പങ്കിടാനും ഒഐസിസി യുകെ പ്രവർത്തകർ പെട്ടന്ന് വിളിച്ചു കുട്ടിയ മീറ്റിങ്ങിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു ആഘോഷിച്ചു .

ഒഐസിസി യുകെ നാഷണൽ കമ്മിറ്റി ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന മീറ്റിംഗിൽ ക്രോയോഡോൺ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഒഐസിസി പ്രവർത്തകർ പങ്കെടുത്തു . പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനുമെതിരായ ജനവിധിയാണെന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനും എതിരായ അതിതീവ്രവികാരമാണെന്നും അതാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച തെന്നും ,കേരളത്തിലെ ജനങ്ങള്‍ ഈ ജനവിധിയിലൂടെ എല്‍ഡിഎഫ് …സര്‍ക്കാരിന് കൃത്യമായ സന്ദേശമാണ് നല്‍കിയെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ ബേബികുട്ടി ജോർജ് പറഞ്ഞു .

കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശം നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ഐക്യത്തോടുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ കൂടി വിജയമാണ് പുതുപ്പള്ളിയിലെ വൻ വിജയമെന്നും ചാണ്ടി ഉമ്മന് അനിമോദനമർപ്പിച്ചു സംസാരിച്ച ഒഐസിസി ക്രോയിഡോൺ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ സ്റ്റാൻസൺ മോൻ മാത്യു അഭിപ്രായപ്പെട്ടു . ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , ഒഐസിസി സറെ മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ് എന്നിവരും കേരളത്തിലെ യു ഡി എഫ് പ്രവർത്തകരെ അനുമോദിച്ചു തുടന്ന് ഒഐസിസി നേതാക്കന്മാരായ ശ്രീ ജയൻ റാൻ , ശ്രീ ഫെർണാണ്ടസ് , ശ്രീ ഷാജി ദേവദാസ് , ശ്രീ സുനിൽ കുമാർ , ശ്രീ വെങ്കർ ,ശ്രീ ഗോപി രാജ് എന്നിവർ ചാണ്ടി ഉമ്മനെ അനുമോദനമർപ്പിച്ചു പ്രസംഗിച്ചു .

യുകെയിൽ നിന്നും പുതുപ്പള്ളിയിൽ എത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഒഐസിസി അംഗങ്ങൾക് ഒഐസിസി യുകെ നാഷണൽ കമ്മറ്റിയുട്വ പ്രേത്യേക നന്ദി അറിയിച്ചു ഇതിൽ ഒഐസിസി യുകെ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ സുജു ഡാനിയേൽ , യൂറോപ്പ് വനിതാ കോഡിനേറ്റർ ശ്രീമതി ഷൈനൂ മാത്യു എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചു . തുടർന്ന് മധുരം പങ്കുവച്ചു ദേശിയ ഗാനത്തോട് മീറ്റിംഗ് അവസാനിപ്പിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനും യുഡിഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ മാഞ്ചസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശോജ്ജ്വലമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്.

ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിലെ വിജയാഘോഷങ്ങൾക്ക് നേതൃത്വo നൽകി.

കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐഒസി പ്രവർത്തകർ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടുകയും വിജയഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ക്ഷണനേരം കൊണ്ട് ഐഒസിയുടെ നേതൃത്വത്തിൽ യുകെയിലെ മാഞ്ചസ്റ്ററിൽ നടത്തിയ ഈ വിജയാഘോഷം യുകെയിൽ മാത്രമല്ല കേരളത്തിലും വൻ തരംഗമായി മാറി കഴിഞ്ഞു.

ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സച്ചിൻ സണ്ണി, ഷിനാസ് ഷാജു, ഷൈജു സാം വർഗീസ്, ലാൽസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഐഒസി പ്രവർത്തകരായ
നിസാർ അലിയാർ, ഫെബിൻ സാബു, റോണിമോൻ ജോസഫ്, ആധിൽ കറുമുക്കിൽ, സെബിൻ സെബാസ്റ്റ്യൻ, സെബാൻ ബേബി, മുഹമ്മദ്‌ റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിൻ ജോസ് സുധീഷ് കെ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വo നൽകി.

നേരത്തെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിനിനിധികളായി കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, ശ്രീ. ബോബിൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തിരുന്നു.

ജീവിച്ചിരുന്നപ്പോഴും അതിനു ശേഷവും ശ്രീ. ഉമ്മൻ ചാണ്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയതും ഉപതിരഞ്ഞെടുപ്പിൽ ശ്രീ. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ഒളിഞ്ഞും തെളിഞ്ഞും അപവാദപ്രചാരണങ്ങൾ തുടരുന്നതിലും യുകെയിലെ മലയാളികൾക്കിടയിൽ ശക്തമായ അമർഷം നിലനിന്നിരുന്നു.

53 വർഷം പുതുപ്പള്ളിയെ കൈവെള്ളയിൽ എന്ന പോലെ പരിപാലിച്ചു പോന്ന കുഞ്ഞുകുഞ്ഞിനോടുള്ള അകമഴിഞ്ഞ സ്‌നേഹവും, അദ്ദേഹം എംഎൽഎ എന്ന നിലയിൽ പുതുപ്പള്ളിയിൽ നടത്തിയ ജനകീയ വികസന പ്രവർത്തനങ്ങളും, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ജനപ്രീയ വികസന പദ്ധതികളും മണ്ഡലമാകെ നിറഞ്ഞുനിന്ന ശ്രീ. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വവും, പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ്‌ ശ്രീ. കെ സുധാകരന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കോൺഗ്രസ്സിന്റെയും യുഡിഫിന്റെയും സംഘടന സംവിധാനവുമാണ് ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ കലാശിച്ചത്.

യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി” കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിച്ച ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ പുറത്തിറങ്ങി.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ യുട്യൂബിൽ റിലീസ് ചെയ്തു.

പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. പശ്ചാത്തല സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.

യുട്യൂബ് ലിങ്ക് :

ഷിബു മാത്യൂ

നീണ്ട പതിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിനോടും കീത്തിലി ക്രൈസ്തവ സമൂഹത്തിനോടും യാത്ര പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച കീത്തിലിയിലെ ക്രൈസ്തവ സമൂഹത്തിനായി കാനൻ മൈക്കിൾ മക്രീഡി തൻ്റെ അവസാനത്തെ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കീത്തിലിയിൽ സ്ഥിരതാമസമാക്കിയ നൂറ് കണക്കിന് ക്രൈസ്തവരാണ് ദിവ്യബലിയിൽ പങ്ക് കൊണ്ടത്. അടുത്ത കാലത്ത് കർത്താവിൽ നിദ്രപ്രാപിച്ച തൻ്റെ പ്രിയ മാതാവിൻ്റെ ഓർമ്മയ്ക്ക് മുമ്പിലായിരുന്നു കാനൻ മൈക്കിൾ ദിവ്യബലി ആരംഭിച്ചത്.

ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ വെച്ച് കീത്തിലിയിലെ വിവിധ ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികൾ കാനൻ മൈക്കിളിന് ആശംസകളർപ്പിച്ചു. ആശംസാ പ്രസംഗങ്ങളിൽ പറഞ്ഞ പല വാക്കുകളും കരളലിയിപ്പിക്കുന്നതായിരുന്നു. കാനൻ മൈക്കിളിൻ്റെ കണ്ണുകളും നിറഞ്ഞു കവിയുന്ന കാഴ്ചയാണ് അൽത്താരയിൽ കണ്ടത്. സ്നേഹത്തിൻ്റെ വാങ്ങൽ കൊടുക്കലിൻ്റെ ദൃഷ്ടാന്തമായിരുന്നു ദേവാലയത്തിൽ നടന്നത്. തുടർന്ന് സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ആഘോഷമായ യാത്രയയപ്പ് സമ്മേളനം നടന്നു. മലയാളികൾ ഉൾപ്പെടെ നൂറ് കണിക്കിനാളുകളാണ് സ്നേഹവിരുന്നിൽ പങ്കെടുത്ത്. കാനൻ മൈക്കിളിനെ എത്രമാത്രം കീത്തിലി ക്രൈസ്തവ സമൂഹം സ്നേഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് സ്കൂൾ ഹാളിൽ കണ്ടത്.

രണ്ടായിരത്തി പത്തിലാണ് കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ വികാരിയായി ചുമതലയേക്കുന്നത്. അന്നത്തെ വികാരിയായിരുന്ന ഫാ. ഷോൺ ഗില്ലികൻ സ്ഥലം മാറി പോകുന്ന ഒഴിവിലേയ്ക്കാണ് കാനൻ മൈക്കിൾ മക്രീഡിയെത്തുന്നത്. രണ്ടായിരത്തി രണ്ട് മുതൽ കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയിരുന്നു. അന്ന് മുതൽ മലയാളികൾക്കാശ്രയമായി നിലകൊണ്ടത് സെൻ്റ് ആൻസ് ദേവാലയമായിരുന്നു. ഫാ. ഷോൺ കീത്തിലി മലയാളികളെ സഹായിച്ചതിന് കൈയ്യും കണക്കുമില്ല. പിൻഗാമിയായി എത്തിയ കാനൻ മൈക്കിളും ഫാ. ഷോണിൻ്റെ പാത പിൻതുടർന്നു. കേരളത്തിൽ നിന്നെത്തിയ മലയാളികൾക്ക് ഗ്രഹാതുരത്വം ഒട്ടും നഷ്ടപ്പെടുത്താതെ ഈ രണ്ടു വൈദികരും മലയാളികളെ കാത്ത് സൂക്ഷിച്ചു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ പൂർണ്ണമായും അവർ നിറവേറ്റികൊടുത്തു. മലയാളികളുടെ കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനും, താമസിക്കാൻ വീടുകൾ വാടകയ്ക്ക് കിട്ടുന്നതിനും കൂടാതെ ബ്രിട്ടീഷ് പാസ്പോർട്ട്, വർക് പെർമിറ്റ്, പുതിയ ജോലി കിട്ടുന്നതിനുള്ള റഫറൻസ്, സ്വന്തമായി യു കെയിൽ വീട് വാങ്ങുന്നതിനുള്ള റഫറൻസ് തുടങ്ങിയ നിരവധിയായ കാര്യങ്ങൾ യാതൊരു മുൻപരിചയവുമില്ലാത്ത മലയാളികൾക്ക് നടത്തി കൊടുത്ത് അവരെ തങ്ങളോടൊപ്പം ചേർത്തുനിർത്തി.

ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ ഛായാചിത്രം രണ്ടായിരത്തിപ്പത്തിൽ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചതും കാനൻ മൈക്കിൾ മക്രീഡിയാണ്. അന്ന് മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ലാറ്റിൻ റൈറ്റിൽ മലയാളികൾക്കായി സെൻ്റ് ആൻസ് ദേവാലയത്തിൽ ആഘോഷിച്ചു വരുന്നു. ഈ വർഷം ജൂലൈ മുപ്പതിന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സെൻ്റ് ആൻസ് ദേവാലയത്തിൽ പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൻ്റെ മുമ്പിൽ കീത്തിലി മലയാളികൾ പാടിയ വിശുദ്ധ അൽഫോൻസാമ്മയോടുള്ള സ്തുതിപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ പതിമൂന്ന് വർഷമായി സെൻ്റ് ആൻസ് ദേവാലയത്തിൽ നടക്കുന്ന ക്രിസ്തുമസ് തിരുകർമ്മങ്ങളുടെ സിംഹള ഭാഗങ്ങളും മലയാളത്തനിമയിലാണ് നടക്കുന്നത്. കേരളത്തനിമയിലുള്ള പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ പാശ്ചാത്യരുടെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.

വിശുദ്ധ വാരാഘോഷങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച്കളിൽ മലയാളത്തിലും ഇംഗ്ലീഷിലും സംയുക്തമായി കുരിശിൻ്റെ വഴിയും അതേ തുടർന്ന് കഞ്ഞിയും പയറും മലയാളതനിമയിൽ ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുകയും ചെയ്തിരുന്നു. നൂറ് കണക്കിന് പാശ്ചാത്യരായ വിശ്വാസികളാണ് ഈ തിരുകർമ്മങ്ങളിൽ മലയാളികളോടൊപ്പം പങ്ക് ചേർന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിന് ശേഷം ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും സെൻ്റ് മേരീസ് ആൻഡ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ചർച്ച് ലീഡ്സിലേയ്ക്ക് മാറ്റപ്പെട്ടു.


യൂറോപ്പിലെ മിക്ക ദേവാലയങ്ങളും വിശ്വാസികളുടെ കുറവ് കൊണ്ട് പൂട്ടിപ്പോകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതിൽ നിന്നും വളരെ വിഭിന്നമാണ് കീത്തിലി സെൻ്റ് ആൻസ് ചർച്ച്. എണ്ണൂറിലധികം ആളുകൾക്ക് ഒരുമിച്ചിരിന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്ന ദേവാലയം ഞായറാഴ്ച്കളിൽ തിങ്ങിനിറയുന്ന കാഴ്ച്ചയാണിപ്പോൾ. ഒരു യൂണിവേഴ്സൽ ചർച്ച് എന്നാണ് പൊതുവേ സെൻ്റ് ആൻസ് ചർച്ചിനെ അറിയപ്പെടുന്നത്. വിവിധ ഭാഷകളിൽ നിന്നായി ഇരുപതിൽപ്പരം കുട്ടികളാണ് വിശുദ്ധ കുർബാനയിൽ അൽത്താര ശുശ്രൂഷകളായി പങ്കെടുക്കുന്നത്.

ജാതി മത ഭാഷ സംസ്കാര കളർ വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ച് നിർത്തിയ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും പുതിയ മേഖലയിലേയ്ക്ക് യാത്രയാകുന്ന കാനൻ മൈക്കിൾ മക്രീഡിയോട് കീത്തിലി സമൂഹം ഒന്നായി പറഞ്ഞു.
Canon, We Miss you!!!

ഷിബു മാത്യൂ

നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളോടെ ഓണം 2023 കെങ്കേമമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും കൈകോർത്തപ്പോൾ സമത്വസുന്ദരമായ ഓണത്തിൻ്റെ യഥാർത്ഥ സന്ദേശം ഇവൻറിൽ അലയടിച്ചു. ചിട്ടയായ പ്രാക്ടീസോടെ ഒരുക്കിയ വിവിധ പെർഫോർമൻസുകൾ സ്റ്റേജിലെത്തിയത് നയനാനന്ദകരമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ (ഐ.സി.എ.എൻ.എൽ) ആതിഥ്യമരുളിയ ഓണാഘോഷം സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ സെപ്റ്റംബർ 2 ശനിയാഴ്ചയാണ് നടന്നത്. രാവിലെ 10.30 ന് ആരംഭിച്ച ആഘോഷം വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. ടൈം ഷെഡ്യൂൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന പ്രോഗ്രാം ഏവരുടെയും പ്രശംസ നേടി.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ വിവിധ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നവർ നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. നബീൽ, സുരാജ്, ബ്ളെസൻ, ശ്രീലക്ഷ്മി, ദീപ, ശ്രേയ, ഷൈനി, സുമി, സോന എന്നിവർ ചേർന്ന് ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് ഗബ്രിയേല ബിനോയിയും ഈവാ മരിയ കുര്യാക്കോസും ഭരതനാട്യം അവതരിപ്പിച്ചു. ജെസയും ജിയയും നൃത്തച്ചുവടുകളുമായി എത്തിയ ഇവൻറിൽ, ലൂയിസും സമ്മറും ചേർന്ന് സ്റ്റേജിലെത്തിച്ച ഗിറ്റാർ പ്ളേയും ഇംഗ്ലീഷ് മ്യൂസിക്കും പുത്തൻ അനുഭവമായി.

കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ മലയാളി മങ്കമാർ നിലവിളക്കിനെ സാക്ഷിയാക്കി തിരുവാതിരയിൽ അതിമനോഹരമായി ചുവടു വച്ചു. അക്ഷയ, സനിക, ഹർഷ, ബോണി, ഡോയൽ, സുമി, സോന, ലിയ, ദീപ, ലിസ, ശ്രേയ, ഗാബി എന്നിവരാണ് തിരുവാതിരയിൽ പങ്കെടുത്തത്. നബീലും ഡോ. ശശികുമാറും ഗാനങ്ങളാലപിച്ചു. സനിക, അക്ഷയ, ബോണി, ഡോയൽ, ഹർഷ ടീമിൻ്റെ ഫ്യൂഷൻ ഡാൻസ് ഏവരുടെയും കൈയടി നേടി. ഈവ, കരോൾ, ലിയാൻ, ഇഷാൻ, ആൽഡ്രിൻ, സിയോണ, ഇവാനിയ, സൂര്യ, ജിയ, ജെസ, ഗബ്രിയേല എന്നിവർ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തു. സ്കൂൾ ഇയർ 8 സ്റ്റുഡൻ്റായ കരോൾ ചിൻസ് ബ്ളെസൻ വരച്ച പെയിൻ്റിംഗുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.

വന്ദേമാതരത്തോടെ ആരംഭിച്ച ഇവൻ്റ് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനവും വേദിയിൽ മുഴങ്ങി. ഓണസദ്യയ്ക്ക് ശേഷം വിവിധ മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലിയിൽ നാലു ടീമുകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്ത്, ഡാൻസ് ഫേ്ളോറോടെ ഇവൻ്റ് അവസാനിച്ചു. ശ്രീലക്ഷ്മി നേതൃത്വം നല്കിയ കോമ്പയറിംഗ് ടീമിൽ സോന, ഹേയ്സൽ, ലിയ എന്നിവരും പങ്കാളികളായി.

നോർത്ത് ലിങ്കൺ ഷയറിലുള്ള ഇന്ത്യൻ സമൂഹത്തിൽ ഫലപ്രദമായ ഇടപെടലാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. കുട്ടികൾക്കായി ഡാൻസ് ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, മുതിർന്നവർക്ക് യോഗാ സെഷൻസ്, ബാഡ്മിൻ്റൺ കോച്ചിംഗ് എന്നിവ സംഘടന ഒരുക്കുന്നുണ്ട്. ലോക്കൽ കമ്യൂണിറ്റിയ്ക്കായി ഫുഡ് ബാങ്ക് കളക്ഷനും ഐ.സി.എ.എൻ.എൽ സംഘടിപ്പിച്ചിരുന്നു. കൂടാതെ നോർത്ത് ലിങ്കൺഷയറിലേയ്ക്ക് കുടിയേറുന്നവർക്ക് വേണ്ട സപ്പോർട്ടും സംഘടന നൽകി വരുന്നു

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം നാളെ സെപ്റ്റംബർ 9 ശനിയാഴ്ച്ച. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ ലോക കേരളസഭാംഗവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരളാ സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുകെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനുമായ ശ്രീ സി എ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

അത്തപ്പൂക്കളമിട്ടുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക, വടവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകും. പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശ്രീ സി എ ജോസഫ് സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.

രക്ഷാധികാരി ജോസ് കെ ആന്റണിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഒരുക്കുന്ന ഓണസദ്യയാകും ആഘോഷങ്ങളുടെ ഹൈലൈറ്റ്. പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സജീഷിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സാലിസ്ബറി ഡിന്റൺ വില്ലജ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം ആറു മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സംഘടനയിലെ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജയ്‌വിൻ ജോർജ്ജ് തുടങ്ങിയവർ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ഇൻസ്റ്റാമ്പുൾ: പ്രശസ്‌ത ഷെഫും, സാമൂഹ്യ പ്രവർത്തകനും, ഇൻസ്പിരേഷണൽ പ്രസംഗികനുമായ ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം. തുർക്കിയിലെ ഇൻസ്റ്റാമ്പുളിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുള്ളിൽ’, ഇന്റർനാഷണൽ ഫുഡ് പ്രോഡക്ടസ് & പ്രോസസ്സിംഗ് ടെക്നോളജീസ് എക്സിബിഷൻ കോൺഫറൻസിലിലേക്ക് ഗസ്റ്റ് സ്‌പീക്കർ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോൻ കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയേറെ കടമ്പകൾ കടന്ന് നടത്തിയ അന്വേഷണത്തിൽ ‘ദി ഇൻഫ്ലുൻഷ്യൽ ഷെഫ്‌’ എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്.

ഇന്ത്യൻ ഫുഡ്ഡ് രുചിക്കൂട്ടുകൾ ഭേദഗതികൾ വരുത്തി സ്വതസിദ്ധമായ പാചക കലയിലൂടെ ശ്രദ്ധേയനായ ജോമോൻ ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫും കൂടിയാണ്.

ആഗോളതലത്തിലുള്ള ഫുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യൻ ഭക്ഷണ വ്യവസായത്തിനുള്ള പ്രാധാന്യവും, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിലും ഷെഫ്‌ ജോമോൻ ഇന്റർനാഷണൽ കോൺഫറൻസിൽ സംസാരിക്കും.

ലണ്ടനിലെ പ്രശസ്തമായ ‘ദി ലളിത് ലണ്ടൻ’ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയി ജോലി നോക്കുന്ന ജോമോൻ നാഷണൽ ഷെഫ് ഓഫ് ദി ഇയർ യുകെ സെമി ഫൈനലിസ്റ്റ്, ബിബിസി സെലിബ്രെറ്റി മാസ്റ്റർ ഷെഫ്‌, ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ആലപ്പുഴ മാവേലിക്കരയിൽ നിന്നുള്ള ജോമോൻ ലണ്ടനിലുള്ള ബസിൽഡനിൽ കുടുംബ സമേതം താമസിച്ചു വരുകയാണ്. ഭാര്യ ലിൻജോ ജോമോൻ ബസിൽഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി നോക്കുന്നു. ജോവിയാൻ ജോമോൻ , ജോഷേൽ ജോമോൻ, ജോഷ്‌ലീൻ ജോമോൻ എന്നീ മൂന്നു പെൺകുട്ടികളാണ് ഇവർക്കുള്ളത്.

ബാസിഡൻ മലയാളി അസോസിയേഷനിലും, കമ്മ്യുണിറ്റിയിലും വളരെ ആക്റ്റീവായ ജോമോൻ മലയാളി ഷെഫുമാർക്കിടയിലെ താരം കൂടിയാണ്.

പ്രമുഖരായ പല സിനിമ, സാംസ്‌കാരിക, സ്പോർട്സ്, രാഷ്ട്രീയ ഉന്നതർ ലണ്ടനിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ആതിഥേയത്വം ആസ്വദിക്കുവാൻ വലിയ താൽപ്പര്യം എടുക്കാറുണ്ട്.

പാട്ടു പ്രേമികളുടെ മനസില്‍ രാഗമഴ പെയ്യിക്കാന്‍ നീലാംബരി വീണ്ടും. ഒരു വര്‍ഷക്കാലം നീണ്ട തയ്യാറെടുപ്പുകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷം സെപ്റ്റംബര്‍ 30 ന് നീലാംബരി അരങ്ങിലെത്തുമ്പോള്‍ യുകെ മലയാളി സമൂഹത്തിന് ഒന്നുറപ്പിക്കാം. കലാവൈഭവങ്ങളുടെ ഒരു നാട്ടുപൂരം തന്നയാകുമത്. സ്വരലയ മാധുരിയില്‍ പകരക്കാരില്ലാത്ത ഗായകര്‍, നാട്യനൈപുണ്യം നിറഞ്ഞ നര്‍ത്തകര്‍, വേദി വെള്ളിത്തിരയാക്കി മാറ്റുന്ന അഭിനേതാക്കള്‍, പുതുപുത്തന്‍ സങ്കേതങ്ങള്‍ ക്രിയാത്കമായി ഉപയോഗിക്കാന്‍ കഴിവുള്ള സാങ്കേതിക വിദഗ്ധര്‍, സംഘടാക കര്‍മത്തില്‍ വിജയഗാഥ രചിച്ച സംഘടാകസമിതി തുടങ്ങി വിവിധ മേഖലകളിലെ മുമ്പന്മാര്‍ ഒരുമിക്കുന്ന നീലാംബരിയിലേക്ക് പ്രിയ മലയാളി സമൂഹത്തിന് സുസ്വാഗതം….

RECENT POSTS
Copyright © . All rights reserved