UK

ശ്രീകുമാർ ഉള്ളപ്പിള്ളി

നോർത്താംപ്ടൻ : കഴിഞ്ഞ ഞായറാഴ്ച്ച (17/09/23) നോർത്താംപ്ടനിലെ ഓവർസ്റ്റോൺ പാർക്ക്‌ ഗ്രൗണ്ടിൽ നടന്ന ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ടൂർണമെന്റ് പുതിയ ചരിത്രം എഴുതി. ഓഗസ്റ്റ് ഇരുപതിന് സമീക്ഷയുകെയുമായി ചേർന്ന് നടത്തിയ ജി പി എൽ T 10 ടൂർണമെന്റിന്റെ വലിയ വിജയത്തിന്റെ ആവേശത്തിൽ നിന്നാണ് ജി പി എൽ ഫീനിക്സ് നോർത്താംപടണുമായി ചേർന്ന് മാസ്റ്റേഴ്‌സ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വരുന്ന വർഷം പത്തോളം രാജ്യങ്ങളിൽ ജി പി എൽ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ജി പി എൽ വേൾഡ് കപ്പ്‌ നടത്തുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തിയ ഈ ടൂർണമെന്റ് ഗംഭീര വിജയമായിരുന്നു. എട്ടോളം ടീമുകളായിരുന്നു ടൂർണമെന്റിൽ പങ്കെടുത്തത്.

യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ടീമുകളോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് കാണുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും നൂറ് കണക്കിന് ക്രിക്കറ്റ്‌ പ്രേമികളും എത്തിചേർന്നതോടെ അക്ഷരർത്ഥത്തിൽ ജി പി എൽ മാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ഒരു ഉത്സവമായി മാറി. ജി പി എൽ മാസ്റ്റേഴ്‌സ് സ്പോൺസർ ചെയ്തത് എം സ് ധോണിയും, സഞ്ജു സാംസണും, ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായിട്ടുള്ള സിംഗിൾ ഐഡിയും, ടെക് ബാങ്കും അതോടൊപ്പം ജി പി എൽ ഇന്റർനാഷണൽ സ്പോൺസർ ശ്രീ സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടർ ആയിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്റായ ഡെയിലി ഡിലൈറ്റ് ഫുഡ്സാണ്.

യുകെയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ശ്രീ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ഗേജ് & ഇൻഷുറൻസാണ് ജി പി എൽ മാസ്റ്റേഴ്സിന്റെ യുകെയിലെ പ്രധാന സ്പോൺസർ. അതോടൊപ്പം ഫസ്റ്റ് പ്രൈസ് സ്പോൺസർ ചെയ്തത് അഡ്വ: അരവിന്ദ് ശ്രീവത്സത്തിന്റെ ലെജൻഡ് സോളിസിറ്റഴ്‌സും, സെക്കന്റ്‌ പ്രൈസ് നൽകിയത് യുകെയിലെ പ്രധാന എഡ്യൂക്കേഷണൽ കൺസൽട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്കുമാണ്. കേരള ഹട്ട് നൽകിയ രുചികരമായ ഭക്ഷണം കളി കാണാനെത്തിയവർക്ക് രുചിയുടെ വിരുന്നായി മാറി.

വരുന്ന വർഷം മുപ്പത്തിയഞ്ച് എത്തിയ സീനിയർ ക്രിക്കറ്റ് പ്ലയേഴ്‌സിന് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ പറ്റുന്ന വേൾഡ് കപ്പ്‌ കളിക്കാൻ പറ്റും എന്ന ആവേശത്തിൽ എത്തിച്ചേർന്ന എട്ടു ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയപ്പോൾ മത്സരങ്ങൾ കാണികൾക്ക് വിരുന്നായി മാറി. ആദ്യ സെമി ഫൈനലിൽ എസ് എം 24 വാവേർലി സി സി യും ഏറ്റുമുട്ടുകയും എസ് എം 24 ഫൈനലിൽ എത്തുകയും ചെയ്തു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട രണ്ടാം സെമിയിൽ കൊമ്പൻസ് ഇലവനും ഫിനിക്സ് ലെജന്ഡ്സും ഏറ്റുമുട്ടി ജയ പരാജയങ്ങൾ മറിഞ്ഞ മത്സരത്തിൽ കൊമ്പൻസിനെ പരാജയപ്പെടുത്തി ഫിനിക്സ് ലെജന്ഡ്സ് ഫൈനലിൽ എത്തി.

അത്യധികം ആവേശകരമായ ഫൈനലിൽ ഫിനിക്സ് ലെജൻഡസിനെ പരാജയപ്പെടുത്തി എസ് എം 24 ആദ്യ ജി പി എൽ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചാമ്പ്യൻമാരായി. വിജയികൾക്ക് ജി പി എൽ ഡയറക്ടറായ അഡ്വ:സുഭാഷ് മാനുവൽ ജോർജ്ജും, ശ്രീകുമാർ ഉള്ളപ്പിള്ളിലും, പ്രബിൻ ബഹുലേയനും ചേർന്ന് 1001 പൗണ്ടും ട്രോഫിയും നൽകി. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സെമി ഫൈനലിസ്റ്റുകളായ കൊമ്പൻസ് ഇലവനും, വാവേർലി സി സി ക്കും 101 പൗണ്ടും ട്രോഫിയും ലഭിച്ചു. അത് കൂടാതെ ബെസ്റ്റ് ബാറ്റർ, ബൗളർ, ഫീൽഡർ, കീപ്പർ, എല്ലാ കലിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡുകളും, ഫെയർ പ്ലേ ടീം അവാർഡും അതോടൊപ്പം അമ്പയർമാർക്കും സംഘടകർക്കും മോമെന്റൊസും സമ്മാനദന ചടങ്ങിൽ വച്ച് നൽകുകയുണ്ടായി.

ഗ്ലോബൽ പ്രീമിയർ ലീഗ് വരുന്ന വർഷം സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് ലീഗിനും, വേൾഡ് കപ്പിനും, ടൂർണമെന്റുകൾക്കും മുഴുവൻ ടീമുകളുടെയും, ക്രിക്കറ്റ്‌ പ്രേമികളുടെയും പുന്തുണ അഭ്യർത്ഥിച്ചു. അതോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചുക്കാൻ പിടിച്ച ഫിനിക്സ് ക്ലബ്ബിനും എത്തിച്ചേർന്ന ടീമുകൾക്കും കാണാനെത്തിയ മുഴുവൻ പേർക്കും നന്ദി അറിയിക്കുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾഫ് മിഷൻ മെൻസ് ആൻഡ് വുമൺസ് ഫോറം ഒരുക്കിയ കേരളോത്സവം 2023 അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിനെ ഒരു ഉത്സവ രാവാക്കി മാറ്റി . സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ ജാതിമത ഭേതമെന്യേ ഒത്തൊരുമിച്ച കലാ സന്ധ്യയായിരുന്നു കേരളോത്സവം 2023 . സ്റ്റോക്ക് ഓൺ ട്രെന്റ് കിങ്‌സ് ഹാളിൽ കലാ സാംസ്ക്കാരിക സമ്മേളനങ്ങൾക്ക് രണ്ടുമണിക്ക് തിരി തെളിഞ്ഞു. കലാകാരന്മാരുടെയും കലാകാരികളുടെയും കലാ പ്രകടനങ്ങൾ അരങ്ങേറി.

സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ ഇടവക വികാരി ഫാദർജോർജ് എട്ടു പറയലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ലോഡ് മേയർ മജീദ് ഖാൻ , സ്റ്റോക്ക് സൗത്ത് സെൻട്രൽ എംപി ജോ ജൈടെൻ ,സ്റ്റോക്ക് സൗത്ത് എംപി ജാക്ക് ബർട്ടോൺ , ഫോർമർ സ്റ്റോക്ക് മേയർചന്ദ്രാ കനകണ്ടീ , സ്റ്റോക്ക് കൗൺസിലർമാരായ ഡോവ് ഈവാൻ , ഡാൻ ജെല്ലിമാൻ ,സ്റ്റോക്ക് കൺസർവേറ്ററിചെയർമാൻ ഡീൻ റിച്ചാർഡ്സൺ ,ബിർമിങ്ഹാം ആർച്ച്ബിഷപ്‌ ബെനാർഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുത്തു, സ്റ്റോക്ക് എൻ എച്ച് എസ് ചീഫ് ട്രെസിബുള്ളോക് വീഡിയോ സന്ദേശം നൽകി.

 

പൊതുയോഗത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും നൽകുകയുണ്ടായി,തുടർന്ന് കേരളത്തിൽ നിന്നും എത്തിയ പ്രശസ്ത സിനിമ പിന്നണിഗായകൻ ബിജുനാരായണന്റെ നേതൃത്വത്തിൽ ഗാനമേളയും , കോമഡി ആർട്ടിസ്റ്റുകളായ കലാഭവൻ ജോഷി, ബൈജു ജോസ്എന്നിവർ മാറ്റുരച്ച കോമഡി സ്കിറ്റും ഡ്രീം യുകെയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാൻസുംപരിപാടികൾക്ക് കൂടുതൽ ആസ്വാദന മികവ് നൽകി.

കേരളത്തിന്റെ കലയും സംസ്കാരത്തെക്കുറിച്ചും യുകെ മലയാളികളുടെ പ്രധാന തൊഴിൽ മേഖലയായ ഹെൽത്ത് കെയർ ,ബിസിനസ് മറ്റ് തൊഴിൽ മേഖലകളിൽപ്രവർത്തിക്കുന്നവരെയും കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ 30 വർഷം പിന്നിട്ട ബിജു നാരായണനെ സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറംപ്രസിഡൻറ് ജിജോമോൻ ജോർജ് സെക്രട്ടറി ബെന്നി പാലാട്ടി വുമൺസ് ഫോറം പ്രസിഡണ്ട് സിനി വിൻസെന്റ്സെക്രട്ടറി ജിഷ അനൂജ് പ്രോഗ്രാം ജനറൽ കോഡിനേറ്റർ ജിജോ ജോസഫ് എന്നിവരും ചേർന്ന് പൊന്നാടയുംഉപഹാരവും നൽകി ആദരിച്ചു.

ജീസൺ പിട്ടാപ്പിള്ളിൽ , PRO,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ

വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ തുടർച്ചയായി രണ്ടാം തവണയും ബ്രിസ്റ്റോൾ കാർഡിഫ്‌ റീജിയണൽ ബൈബിൾകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 21 നു നടത്തപ്പെടുന്ന റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി, ബ്രിസ്റ്റോൾ കാർഡിഫ്‌ റീജിയണൽ കോർഡിനേറ്റർ : ഫാ.രാജേഷ് എബ്രഹാം ആനത്തിൽ, ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ ഡയറകടർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.പോൾ വെട്ടിക്കാട്ട് , ഫാ. ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചപ്പിള്ളിയുടെയും , തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട്ടിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ നടത്തി വരുന്നു.

ബൈബിൾകലോത്സവത്തിനു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു . അവസാന ഓൺലൈൻ രജിസ്ട്രേഷൻ ദിവസം ഒക്ടോബര് 10 നു ആയിരിക്കും. എട്ടു മിഷൻകളിൽ നിന്നും നിരവധിയായ മത്സരാത്ഥികളെയാണ് പ്രതീഷിക്കുന്നത്.

റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സിംഗിൾ ഐറ്റങ്ങളിലും ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം നേടിയവർ ആണ്  രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് .

ഒക്ടോബർ 21 ന് രാവിലെ 09:30 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് , പത്തോളം സ്റ്റേജ് കളിൽ ഒരേസമയം വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 07:30 നു സമ്മാനദാനത്തോടുകൂടെ 09:00 PM ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ധാരാളം ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട്‌ . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റസ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷന് ഈ വർഷം മുതൽ റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നുനൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.

ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് : പ്രിൻസ് ജോർജ്‌ മാങ്കുടിയിൽ, റെജി ജോസഫ് വെള്ളച്ചാലിൽ.

ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ബൈബിൾകലോത്സവവേദി :

St. Julian’s High School
Heather Road,
Newport
NP19 7XU

റെൻസൺ സഖറിയാസ്

മാഞ്ചെസ്റ്റെർ: ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലൂക്ക് എടത്തിപ്പറമ്പിൽ ( 82) ഇന്നലെ വൈകുന്നേരം നാട്ടിൽ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയിൽ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) ഭാര്യയായിരുന്നു പരേത. മക്കൾ: തോമസ് (Ritd HAL)‌, ലൂസി (Ritd സൂപ്രണ്ടൻറ്, കോട്ടയം മെഡിക്കൽ കോളേജ്), ചാക്കോ ലുക്ക് (UK). മരുമക്കൾ : ലിസി നെല്ലിക്കുന്നത്‌ (ബ്രഹ്മമംഗലം), സ്റ്റീഫൻ പുളിക്കത്തൊട്ടിയിൽ (പേരൂർ), എൽസ കണിയാംപറമ്പിൽ (UK).

പരേത കൊട്ടയം കുറുമള്ളൂർ കരോട്ടുമന്നാകുളം കുടുംബാംഗമാണ്. പലതവണ യുകെയിലെ മാഞ്ചസ്റ്ററിൽ മകൻ ചാക്കോ ലൂക്കിനെ സന്ദർശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികൾക്ക് സുപരിചിതയായിരുന്നു. അമ്മച്ചിയുടെ വേർപാടിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ, മാഞ്ചസ്റ്റർ ക്നാനായ കത്തോലിക്ക അസോസിയേഷൻ തുടങ്ങിയവർ അനുശോചിച്ചു. മൃതസംസ്കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പിന്നീട് നടത്തപ്പെടുന്നതായിരിക്കും.

ചാക്കോ ലൂക്കിന്റെ  മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രാസിൽഡണിലെ എസെക്സിൽ കുടുംബമായി താമസിക്കുന്ന റോസമ്മ ജെയിംസ് പാലാത്ര അന്തരിച്ചു . ചങ്ങനാശേരി തുരുത്തിയിൽ പാലാത്ര കുടുംബാംഗമായ റോസമ്മ ജെയിംസിന് 68 വയസ്സായിരുന്നു പ്രായം .

റോസമ്മ ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോർജ്‌ മാത്യു

കാലപ്രവാഹത്തിൽ കൈമോശം വരാതെ മലയാളി എന്നും നിധി പോലെ സൂക്ഷിക്കുന്ന ഓണമെന്ന ഒരുമയുടെ ആഘോഷം പ്രൗഢഗംഭീരമാക്കി എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ .കുട്ടികളുടെ വിവിധ കല കായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കമായി. സട്ടൻകോൾഡ്‌ഫീൽഡ് സെന്റ് ചാഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനപങ്കാളിത്തം വളരെ കൂടുതലായിരുന്നു .

പൊതുസമ്മേളനത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.സെക്രെട്ടറി അനിത സേവ്യർ പ്രവർത്തനറിപ്പോർട്ടും,ട്രെഷർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു.ജി സി എസ് ഇ, എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും,യുക്മ കായിക മത്സര വിജയികൾക്കും,ഡോക്ടർ ബിരുദം നേടിയ അലൻ ഷാജികുട്ടിയെയും ,കുട്ടികൾക്ക് കല പരിപാടികൾക്ക് പരിശീലനം നൽകിയ ആൻകിത സെബാസ്റ്റ്യനും സമ്മാനങ്ങൾ വിതരണം ചെയ്തു. ഇ എം എ മുൻ പ്രസിഡന്റ്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.വിവിധ ഏരിയകളെ പ്രതിധാനം ചെയ്ത് നടന്ന പൂക്കളമത്സരവും,നാടൻപാട്ട് മത്സരവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ആരവമുയർത്തിയ നിറഞ്ഞ സദസ്സിൽ അവതരിച്ച മഹാബലി തിരുമേനി ഏവരെയും ആകർഷിച്ചു.ആവേശതുടിപ്പായി നടന്ന വടം വലി മത്സരത്തിൽ മുതിർന്നവരും,കുട്ടികളും ഒരുപോലെ പങ്കെടുത്തു.ഫോക്കസ് ഫിനിഷുർ,ഡെയിലി ഡിലൈറ്റ് ,ഗൾഫ് മോട്ടോർസ്, മലബാർ ഫുഡ്സ്, ഫൈൻ കെയർ എന്നിവർ ആഘോഷ പരിപാടിയുടെ സ്പോൺസേഴ്സ് ആയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു. ജോയിന്റ് ട്രെഷറർ ജെൻസ് ജോർജ്‌, കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസ് , ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ്‌, മേരി ജോയി , അശോകൻ മണ്ണിൽ എന്നിവർ ഓണഘോഷത്തിനു നേതൃത്വം നൽകി .

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 09/09/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ഓണാഘോഷം 2023 നടത്തപ്പെട്ടു.റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.

രാവിലെ പത്തു മണിക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് മേയർ ശ്രീ സൽമാൻ അക്‌ബർ , റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോ ബേക്കർ , ശ്രീ ബിൽ ഹാർട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ് ശേയ് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.മാവേലിയായി ബിനു ജോസഫ് വേഷമിട്ടു. അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിങ് ട്രോഫികൾ,ഓണംമാസം കാലയളവിലെ എല്ലാവിധ കായിക സാംസ്‌കാരിക മത്സരങ്ങൾകുള്ള ട്രോഫികൾ , സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കൂടാതെ കഴിഞ്ഞ വർഷ GCSE,A ലെവൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.

അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, നാടകം തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.

പ്രോഗ്രാമിന്റെ അവതാരകർ ആയി ജയ് തോമസ് , ഒലിവിയ , അഞ്ജനാ , നീനുമോൾ , സിജി , സരിതാ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. കെ.സി.എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. വിഭവ സമൃദമായ ഓണ സദ്യക്ക് ശേഷവും കലാപരിപാടികള്‍ തുടര്‍ന്നു, വൈകുന്നേരം ഏഴ് മണിക്ക് ഓണാഘോഷത്തിന് തിരശീല വീണു.

പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ശ്രീ ജയ് തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

കേരളീയ സമൂഹത്തിന്റെ യുകെയിലേക്കുള്ള കുത്തൊഴുക്കിൽ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു. ബെർമിംഗ്‌ഹാമിലെ ഡെഡ്‌ലിയിൽ റസ്സൽസ്ഹാൾ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു നൂറോളം കുടുംബങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു . വെറും പത്തിൽ പരം ഫാമിലി ഉണ്ടായിരുന്ന ഇടത്താണ് ഇത്രയും കുടുംബങ്ങൾ എത്തിച്ചേർന്നത്. സെപ്തംബർ മാസം 17 ന് 280 ഓളം അംഗങ്ങൾ ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു.

മലയാളികൾ എവിടെ ചെന്നാലും ഒത്ത് കൂടുക എന്നുള്ളത് അവരുടെ ജീവിത ശൈലിയാണ്. അന്നു നടന്ന ജനറൽ മീറ്റിംങ്ങിൽ യുക്മയുടെ മിഡ് ലാന്റ് റീജിനൽ പ്രസിഡൻറ് ജോർജ്ജ് തോമസ് സന്നിഹിതനായിരുന്നു. അദ്ദഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളുടെ ഇടയിൽ പരക്കെ അറിയപ്പെടുന്ന കലാകാരനായ ജോൺ മുളയങ്കലിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റി രൂപീകൃതമായി ,പല സംഘടനകളിലും പ്രർത്തിച്ചു പരിചയമുളള ആനന്ദ് ജോണിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയുണ്ടായി .

കേരളത്തിൽ ഗവ. സർവ്വീസിൽ ജോലി ഉണ്ടായിരുന്ന സന്ദീപ് ദീപക്കാണ് ട്രഷറർ ആയി ചുമതലയേറ്റത്. സ്ത്രീകൾ സംഘടനയിലെ ഒഴിച്ചു കൂടാനാവാത്ത വിഭാഗമാണ് എന്ന് തെളിയിച്ചു കൊണ്ട് മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റർ ജോയിന്റ് സെക്രട്ടറിയുമായും നിയമിതരായപ്പോൾ ഹർഷൽ വിശ്വം ജോയിൻ ട്രഷററുമായി ചുമതലയേററു.

കമ്മറ്റിയംഗങ്ങളായി ജോൺ വഴുതനപ്പള്ളി . സതീഷ് സജീശൻ ,.ബ്രീസ് ആൻ വിൽസൻ , റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. ഡോ . റേറാണിയും അജോ ജോസും ഓഡിറ്ററന്മാരായി നിയമിതരായി. മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി MAD എന്ന പേരും സ്വീകരിച്ചു. ഓണലോഷത്തിന് ഒഴിച്ചു കൂടാനാവാത്ത വടംവലിയും പത്തുപേർ പങ്കെടുത്ത തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങൾ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി . പ്രൗഡിയോടെ കടന്നെത്തിയ മാവേലി ജനങ്ങൾക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഓണാഘോഷം നാട്ടിൽ നിന്നും . നോർത്ത് ഇൻഡ്യയിൽ നിന്നും : ഗൾഫ് നാടുകളിൽ നിന്നും പുതിയതായി ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന ഏവർക്കും മനസിൽ സന്തോഷത്തിന്റെ തിരച്ചാർത്ത് പകർന്നു.

ശ്രീകാന്ത് താമരശ്ശേരി

ഡിസി ബുക്സ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ, മലയാളത്തിലെ യുവകവികളിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന , മാമ്പഴം കവിതാ റിയാലിറ്റി ഷോ സീസൺ 2 വിജയി ശ്രീകാന്ത് താമരശ്ശേരിയുടെ ആദ്യ കവിതാ സമാഹാരം ‘കടൽ കടന്ന കറിവേപ്പുക’ളുടെ പ്രകാശന ത്തോടനുബന്ധിച്ചുള്ള സഹൃദയ സംഗമവും കവിതാസായാഹ്നവും 2023 സെപ്റ്റംബർ 16 വൈകുന്നേരം 4 മുതൽ 6 .30 വരെ തിരുവനന്തപുരം വഴുതക്കാട് ‘ഭാരത് ഭവ’നിൽ വെച്ച് നടന്നു.

4 മുതൽ 5 മണി വരെയുള്ള കവിതാ സായാഹ്നത്തിൽ പ്രശസ്ത കവികളായ ചായം ധർമ്മരാജൻ, ആര്യാംബിക, എസ് സരസ്വതി, സുമേഷ് കൃഷ്ണൻ, ധന്യ ജി ,അനഘ ജെ കോലത്ത് തുടങ്ങിയവർ പങ്കെടുത്തു.

കവി പ്രഭാവർമ്മ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി ശ്രീ എം ബി രാജേഷ് പുസ്തക പ്രകാശനം നിർവഹിച്ചു, കവിയുടെ അമ്മ ശ്രീമതി ഈ ആർ സാവിത്രീ ദേവി പുസ്തകം ഏറ്റുവാങ്ങി. മുൻ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയി മുഖ്യ പ്രഭാഷണം നടത്തി.ശ്രീ ടി കെ വിനോദൻ, എൽ വി ഹരികുമാർ, സി റഹീം തുടങ്ങിയവർ ആശംസകൾ നേർന്നു.

റോമി കുര്യാക്കോസ്

മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം ജീവനക്കാര്‍ നഴ്‌സിംഗ് ഹോം ജീവനക്കാരാണ് സെപ്റ്റംബർ 16 ന് അക്രിങ്ങ്റ്റനിലെ എയ്ഞ്ചൽ മൗണ്ട് നേഴ്സിംഗ് ഹോമിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയാണ് ‘ഡൈവേഴ്‌സിറ്റി പ്രോഗ്രാം’ എന്ന പേരിൽ കേരളീയത വിളിച്ചോതുന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ആഘോഷ പരിപാടികളിൽ മിഴിവേറി നിന്നത് എയ്ഞ്ചല്‍ മൗണ്ട് – ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരമാണ്. രണ്ട് കെയർ ഹോമുകളിലേയും പുരുഷ വനിതാ വടം വലി ടീമുകൾ മാറ്റുരച്ച ആവേശപ്പോരാട്ടത്തില്‍, എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. സമ്മാന തുകയായി 300 പൗണ്ടും ട്രോഫിയും ആണ് വിജയികൾ കരസ്തമാക്കിയത്.

വിവിധ മലയാളി അസോസിയേഷനുകളും മറ്റ് സംഘടനകളും ചെറു കൂട്ടായ്മകളും യുകെയിൽ ഓണാഘോഷപരിപാടിക ളും വടംവലി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെങ്കിലും നേഴ്‌സിംഗ് ഹോമുകളിൽ ഇതുപോലെ കേരളീയ തനിമ തുളുമ്പുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

നേഴ്സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ, ഇത്തരത്തിലുള്ള ഗൃഹാതുരത്വം നിറഞ്ഞ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓണാഘോഷം പോലെ കേരളീയ തനിമയുള്ള ആഘോഷ പരിപാടികൾ ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം, അവർക്ക്‌ ഒരു പുത്തൻ അനുഭവം ആകട്ടെയെന്നും ക്ലയർ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്സിംഗ് ഹോം ഉടമയും, ജീവകാരുണ്യ പ്രവർത്തകയും, ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

നേഴ്സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നിന് മികവ് പകർന്നുകൊണ്ട് വൈവിധ്യമാർന്ന കലാപരിപാടികളും ജീവനക്കാരുടെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും നൽകി. ജീവനക്കാർക്കും കുടുംബാങ്ങൾക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

കലാവിരുന്നുകൾ ആസ്വദിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കണ്ടും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാൻ പരിസരവാസികളായ വിദേശികൾ എത്തിച്ചേർന്നത്‌ ആഘോഷ പരിപാടികളുടെ മാറ്റ് വർധിപ്പിച്ചു.

കലാവിരുന്നുകൾക്കിടയിൽ സദസ്സിലേക്ക് മാവേലിയുടെ വേഷ വിധാനങ്ങളോടെ എത്തിയ നേഴ്സിംഗ് ഹോം സീനിയർ സ്റ്റാഫ്‌ ശ്രീ. ബേബി ലൂക്കോസ് ഓണ സന്ദേശം നൽകി. വൈകുന്നേരം 4 മണിക്ക് വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 8 മണിക്ക്‌ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ചു.

RECENT POSTS
Copyright © . All rights reserved