UK

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് കെസിഎ പാര്‍ലമെന്റ് ഇലക്ഷന്‍, വിഷു ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 27 ശനിയാഴ്ച 6 മണിക്ക്ബ്രഡ് വെല്‍ കമ്മ്യൂണിറ്റി സെന്‍ട്രല്‍ വെച്ച് നടത്തപ്പെടുന്നു. പ്രസിഡന്റ് ജോസ് വര്‍ഗീസിനന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേറി വാര്‍ഷിക റിപ്പോര്‍ട്ട്, ട്രഷറര്‍ ജ്യോതിഷ് ജോസഫ് വാര്‍ഷിക കണക്ക് തുടര്‍ന്ന് സ്‌കൂള്‍ ഓഫ് കെ.സി.എയുടെ ടീച്ചര്‍ ദര്‍ശിക കാര്‍ത്തിക്കിന് ശിക്ഷണത്തില്‍ കുരുന്നുകളുടെ നൃത്ത നാട്യ നടന വിസ്മയം. കലാഭവന്‍ നൈസിന്റെ കോറിയോഗ്രാഫിയില്‍ കുട്ടികളുടെ ഡാന്‍സും തുടര്‍ന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറും.

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മുഴുവന്‍ മലയാളികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സ്‌റ്റോ തീയേറ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ നാടകം ജീവിതം സാക്ഷി അരങ്ങേറുന്നു. രൂചിയുടെ നിറക്കൂട്ടായ യു.കെയിലെ പ്രമുഖ കാറ്ററിംഗ് കമ്പനി അണിയിച്ചൊരുക്കുന്ന നാടന്‍ സദ്യയും തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പും നടക്കും. ചാരിറ്റി കളക്ഷനായി ലോംഗ് ലൈഫ് ഫുഡ്കള്‍ എല്ലാ മേമ്പേഴ്‌സും കൊണ്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ പരിപാടി ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍ കെസിഎ എക്‌സിക്യൂട്ടീവ് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ജോർജ്ജ് മാത്യു

ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ബര്‍മിങ്ഹാം സിറ്റിയോട് ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷീല്‍ഡണില്‍ മുക്കാലേക്കറോളം വരുന്ന സ്ഥലത്താണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി ഒരു ആരാധനാ സ്ഥലം ലഭിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് 8000ല്‍ പരം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.ആരാധനാലയത്തിന് പുറമെ ഓഡിറ്റോറിയം സണ്‍ഡേ സ്‌കൂള്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ ദേവാലയത്തില്‍ ഉണ്ട്. ആറു കോടി രൂപയോളം ചിലവായ ഈ ദേവാലയം നാല്‍പ്പതോളം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോട് കൂടി സമചതുരാകൃതിയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്.

2002ല്‍ ബര്‍മിങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2007ല്‍ അന്നത്തെ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ട പുത്തന്‍ ഉണര്‍വും ദിശാബോധവും കാട്ടിത്തരുകയും ചെയ്തു. തിരുമേനിയുടെ സമയോജിതമായ ഇടപെടലും ഉപദേശവും ഈ ദേവാലയത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ നിര്‍ണായകവും, പ്രശംസനീയവുമാണ്. തിരുമേനി ഭരണസാരഥ്യം ഏറ്റെടുത്ത ശേഷം യുകെയില്‍ വാങ്ങുന്ന ഒന്‍പതാമത്തെ ദേവാലയമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സജീവമായ പ്രവര്‍ത്തനവും ഇടപെടലും ഈ ദേവാലയത്തിന് മുതല്‍ക്കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള അച്ചന്റെ പ്രവര്‍ത്തനമാണ്. ലക്ഷ്യപ്രാപ്തിക്ക് കാരണമായത്.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസിന്റെയും സെക്രട്ടറി ജെയ്‌സണ്‍ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി മുന്നില്‍ നില്‍ക്കുന്നു.ഈ ദേവാലത്തിന്റെ രജിസ്‌ട്രേഷനും നിയമപരമായ നടപടികള്‍ക്കും മേല്‍നോട്ടം വഹിച്ചത് ഫ്രാന്‍സിസ് മാത്യു ആണ്. സ്റ്റെഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു.

ലെസ്റ്റര്‍; യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനാഘോഷവും ബാര്‍ബിക്യു നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച. അഞ്ഞൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാര്‍ബിക്യൂ നൈറ്റും നടക്കുന്നത് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലും ഗ്രൗണ്ടിലുമായാണ്. കായിക മത്സരങ്ങളിലും ബാര്‍ബിക്യു നൈറ്റിലും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ കായികയിനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. കാലത്ത് 11 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് അവസാനമായിരിക്കും ബാര്‍ബിക്യു നൈറ്റ്.

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയിലെ നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍കെസിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കിക്കൊണ്ട് എല്‍കെസി മെംബര്‍ഷിപ്പ് ക്യാമ്പെയിന്‍ ഇപ്പോള്‍ നടന്നു വരികയാണ്. മെയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി എല്‍കെസിയുടെ വെബ്‌സൈറ്റായ www.leicesterkeralacommunity.org.uk യില്‍ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനും പുതിയ മെംബര്‍ഷിപ്പ് എടുക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. വെബ്‌സൈറ്റ് വഴിയോ എല്‍കെസി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെംബര്‍ഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്.

ജൂണ്‍ ഒന്നിന് നടക്കുന്ന കായിക മേളയിലേക്കും ബാര്‍ബിക്യു നൈറ്റിലേക്കും എല്ലാ എല്‍കെസി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബാലസജീവ് കുമാര്‍

ഹോര്‍ഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്‍ 2019 21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിങ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെയും സെക്രട്ടറി ജിജോ അരയത്തിന്റെയും ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തിലിന്റെയും റീജിയണല്‍ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതികളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലാലു ആന്റണിയുടെ നേതൃത്വത്തില്‍ റീജിയന്‍ കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണല്‍ കമ്മറ്റി ഒന്നടങ്കംതീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകള്‍ക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി ഓള്‍ യുകെ 2020 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.

പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകള്‍ക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്ന ഓള്‍ യുകെ 20 20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മെയ് 27 ന് ഹോര്‍ഷാമില്‍ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തില്‍ മലയാളികള്‍ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

മത്സരങ്ങള്‍ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികള്‍ തമ്മിലുള്ള ഒരു സൗഹാര്‍ദ്ദ പോര് എന്ന നിലയ്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്റെ ആദ്യ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാനെയും ക്രിക്കറ്റ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ അനില്‍ വര്‍ഗീസ് , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുണ്‍ ജോണ്‍, ബിബിന്‍ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രെട്ടറി അജിത്ത് വെണ്മണി, മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ എന്നിവരെ ആദരിക്കുന്നതാണ്.

ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിയമാവലിക്കുമായി താഴെ പറയുന്നവരെ ബന്ധപെടുക.

ജോമോന്‍ ചെറിയാന്‍07588429567
അനില്‍ വര്‍ഗീസ്07462157487
എഡ്വിന്‍  ജോസ് 07708933267

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് ബർമിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂൺ 15 ശനിയാഴ്ച, യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ നടക്കുകയാണ്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ  കായികമേളകളിൽ  വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നോർത്ത് വെസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ റീജിയണുകളിൽ പുത്തൻ നേതൃത്വം കായികമേളയോടുകൂടി പ്രവർത്തനവർഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെയിൽസ് റീജിയണും പുനഃസംഘടിപ്പിക്കപ്പെ ട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും ദേശീയ കമ്മറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജിയണൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ   ജനറൽ കൺവീനർ. സൗത്ത് വെസ്റ്റ് റീജിയണിൽനിന്നും ദേശീയ തലത്തിൽ വിവിധ ഭാരവാഹിത്തങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ തോമസ് നാളിതുവരെ നടന്നിട്ടുള്ള എല്ലാ ദേശീയ കായിക മേളകളുടെയും സംഘാടക രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനായുള്ള സമിതി റീജിയണൽ – ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയി രുത്തി വരുന്നു.

യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് “2019 കായികമേള മാനുവൽ” കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തുവാനും കൂടുതൽ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്.  ഇതിലേക്കായുള്ള നിർദ്ദേശങ്ങൾ se [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ  അയക് കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവൽ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു.

യുക്മ ദേശീയ കായികമേള സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മറ്റി ഈ വർഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ തയ്യാർ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകൾ പൂർണ്ണമായും സ്വതന്ത്രവും അനുകരണങ്ങൾക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകൾ മെയ് 4 ശനിയാഴ്ചക്ക് മുൻപായി secretary.ukma@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഒരാൾക്ക് രണ്ട് ലോഗോകൾ വരെ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയിൽ വച്ച് ആദരിക്കുന്നതായിരിക്കും.

യു കെ മലയാളികളുടെ കായിക ഭൂപടത്തിൽ യുക്മയുടെയും വിൻഡ്‌ലി ലെഷർ സെന്ററിന്റെയും പേരുകൾ അനിഷേധ്യമാംവിധം  ചേർത് ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാൻ എല്ലാ യുക്മ പ്രവർത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യർത്ഥിക്കുന്നു.

UUKMA NATIONAL SPORTS 2019 RULES FINAL EDIT

രാജേഷ്‌ ജോസഫ് 

‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത്‌ വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്‌ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

ന്യൂസ് ഡെസ്ക്

ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.

സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള   മാർഗരേഖയായി  ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.

ഇരയോ കുറ്റവാളിയോ  വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ  അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു,  കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.

ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ  കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,

സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും   സംസ്കാരങ്ങളുടേയുമൊക്കെ  പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക്  ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.

ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?

ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.

സ്റ്റീഫൻ കല്ലടയിൽ

രാജേഷ്‌ ജോസഫ് 

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തുകയുണ്ടായി . ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്‌മരണം ഓശാന ഗീതികളാൽ സിറോമലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്‌ബോധിപ്പിച്ചു.

കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ. ചിത്രങ്ങളിലേക്ക്

ന്യൂസ് ഡെസ്ക്

അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.

റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും.  വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.

ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.

100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന്  പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.

റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന  ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ്  പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.

ലണ്ടന്‍: കോണ്‍വെല്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നായയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ടെന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചാണ് 10 വയസുകാരനെ നായ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 28കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണ് പട്ടിയുടെ ഉടമസ്ഥയെന്നാണ് പ്രാഥമിക വിവരം. അപകടകരമായ രീതിയില്‍ നായയെ കൊണ്ടുവന്നതിന് ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കുട്ടിയെ കൊലപ്പെടുത്തിയ നായയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടിയത്.

നായയെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പട്ടിയെ താമസിപ്പിച്ചിരുന്ന കാരവാനില്‍ തന്നെയാണ് കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു ദാരുണ സംഭവം നടന്നതില്‍ അതിയായ ഖേദമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍്ക്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാര്‍ക്കിലുണ്ടായരുന്ന മറ്റുള്ളവരെ കൂടി ഭയപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹോളിഡേ ആഘോഷത്തില്‍ കാര്യങ്ങള്‍ ഭയപ്പാടിലേക്ക് മാറിയെന്നും സംഭവത്തിന് ദൃസാക്ക്ഷിയായ യുവതി പ്രതികരിച്ചു.

നായ കുട്ടിയെ അപായപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സാധരണയായി അപകടകാരികളല്ലാത്ത ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിയാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുട്ടികളോടും മുതിര്‍ന്നവരോടും വലിയ ഇണക്കം സൂക്ഷിക്കുന്ന ഇനമാണ് ബുള്‍ഡോഗുകള്‍. 7-9 വര്‍ഷം വരെ മാത്രമെ ഇവ ആയൂര്‍ദൈര്‍ഘ്യമുള്ള. കൂര്‍ത്ത പല്ലുകളും ധൃഢമായ കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. സാധാരണയായി ഈ ഇനത്തില്‍പ്പെട്ടവ ‘മീഡിയം’ വലുപ്പുത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലീഷ്-അമേരിക്കന്‍ എന്നീ തരത്തില്‍ രണ്ട് ബുള്‍ഡോഗ് ഇനങ്ങളുമുണ്ട്.

RECENT POSTS
Copyright © . All rights reserved