യു.കെയിലെ കലാസ്നേഹികള് ഉത്സാഹപൂര്വ്വം കാത്തിരിക്കുന്ന സമര്പ്പണ-2019, ഈ വരുന്ന ശനിയാഴ്ച്ച മാര്ച്ച് 16ന് ബെര്മിംഗ്ഹാമിലെ വീളി കാസില് വര്ക്കിംഗ് മെന്സ് ക്ലബില് വെച്ച് നടക്കുന്നതാണ്. 2016ല് ആരംഭിച്ച ഈ കലാവിരുന്ന് തുടര്ച്ചയായ നാലാം വര്ഷമാണ് നമുക്ക് മുന്നിലെത്തുന്നത്. ബെര്മിംഗ്ഹാമിലെ സംഗീത അധ്യാപികയും നര്ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്, യു.കെയിലെ ഏറ്റവും മികച്ച കലാകരാന്മാരില് നിന്നും തെരഞ്ഞെടുക്കപ്പെട്ട, തങ്ങളുടെ കലാമേഖലകളില് പ്രാവീണ്യം തെളിയിച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളുമാണ് സമര്പ്പണയില് അണിനിരക്കുന്നത്.
പ്രശ്സ്ത നര്ത്തികമാരായ രശ്മി സുധീര്(ബ്രാഡ്ഫോര്ഡ്), ദിവ്യാ ഉണ്ണികൃഷ്ണന്(ഷെഫീല്ഡ്), ദീപാ നായര്(നോട്ടിംഗ്ഹാം), ആരതി അരുണ്(ബെര്മിംഗ്ഹാം) എന്നിവരോടപ്പം അറിയപ്പെടുന്ന നര്ത്തകനായ ലെസ്റ്ററില് നിന്നുള്ള ഹിതേന്മിസ്ട്രിയും ഉണ്ട്. ഗായകരില് പ്രമുഖര് ഡോ. ഷെറിന് ജോസ് പയ്യപ്പള്ളി(ബെര്മിംഗ്ഹാം), ബ്രയന് എബ്രഹാം(ബ്ലാക്ക്പൂള്), അലന് ആന്റണി(നോര്വിച്ച്), ശ്രീകാന്ത് നമ്പൂതിരി(ബെര്മിംഗ്ഹാം), വാറന് വാസ്ബോസ് ഹേയ്സ്(വെസ്റ്റ് ബ്രോംവിച്ച്) എന്നിവരാണ്. കൂടാതെ യു.കെയിലെ ഇന്ത്യന് യുവതലമുറയുടെ ഹരമായ സെല്ലിഹില്സ് എന്ന മ്യൂസിക് ബാന്ഡും സമര്പ്പണയുടെ മുന്നിരയിലുണ്ട്. സെല്ലിഹില്സ് ബാന്ഡ് അംഗങ്ങള്: ബാസില് റെജി(സ്ലീവനേജ്), പ്രതീക് ആന്റണി(ന്യൂകാസില്), ബ്രയന് എബ്രഹാം, അലന് ആന്റണി എന്നിവരാണ്.
ഇവരെ കൂടാതെ ആരതി അരുണിന്റെ തെരഞ്ഞെടുക്കപ്പെട്ട ചില ശിഷ്യരും സമര്പ്പണയില് പാടുന്നു. രശ്മി സുധീര്, ഹിതേന്മിസ്ട്രി എന്നിവരുടെ ശിഷ്യരും പരിപാടിയില് നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ഭരതനാട്യം നര്ത്തകനും അന്താരാഷ്ട്രതലത്തില് പ്രശസ്തനായ നൃത്താദ്ധ്വാപകനുമായ സന്തോഷ് മേനോനാണ് സമര്പ്പണ 2019ന്റെ മുഖ്യ അതിഥി
പ്രശസ്ത നര്ത്തകിയും അവതാരകയുമായി ദീപാ നായര്, കലാ-സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവും ഗായികയുമായി ആനി പാലിയത്ത് എന്നിവരാണ് സമര്പ്പണ 2019ന്റെ അവതാരകര്. മീഡിയ പാട്ണര് ഗര്ഷം ടി.വി.
വിലാസം.
weoley Castle Working Men’s Club
158 Barnes Hill
Birmingham
B29 5TY
Sponsors: Arun Kumar and Jibi George(Ample Finance Ltd.)
കവന്ട്രി: മാര്ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്സെറ്റിലെ പൂളില് നിന്നും ഒന്പതുവയസുകാരന് റെയ്സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്കോട്ട്ലന്റിലെ ഫല്കിര്ക്കില് നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന് ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.
ഫല്കിര്ക്കില് മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില് സാന്ത്വന ചികിത്സയില് ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്പാടില് എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില് കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള് സൂചിപ്പിക്കുന്നു.
പ്രിയതമന്റെ വിയോഗ വാര്ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്ന്ന് മാനസികമായി മരണത്തെ നേരിടാന് ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല് മീഡിയ കുറിപ്പുകള് സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്കുന്ന വാക്കുകള് പങ്കിട്ടു ജീവിതത്തില് ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്ത്തി നീങ്ങിയ നാളുകള്ക്കു ശേഷം മക്കള്ക്ക് മുന്നില് ധൈര്യം സംഭരിച്ചു നില്ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്ത്ത് വലി റോയല് ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.
കുട്ടികള് മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള് ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില് പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള് ഓര്മ്മിക്കുന്നു. ഭര്ത്താവിന്റെ മനസിന് ആശ്വാസം നല്കാന് കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്ത്തങ്ങളില് താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്മ്മകളില് അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള് തന്നെ പറയുന്നു.
ജീവിതത്തില് സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള് അതില് പതറാതെ നില്ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില് കവര് ചിത്രമാക്കിയിരിക്കുന്ന ജിനി താന് ജീവിതത്തെ അതിന്റെ പ്രതിസന്ധികളില് ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്കിര്ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല് മനോധൈര്യം ധൈര്യം നല്കാന് പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.
അനൂപ് ജോസഫ്
ഓള് യുകെ ഇന്റര്മീഡിയറ്റ് ഡബിള്സ് ബാഡ്മിന്റണ് ടൂര്ണമെന്റ് ഏപ്രില് ആറിന് ലെസ്റ്ററില് നടക്കും. റുഷിമീഡ് അക്കാഡമിയില് വച്ച് രാവിലെ 9.30 മുതല് വൈകിട്ട് ഏഴു മണിവരെയാണ് ടൂര്ണമെന്റ് നടക്കുക. ടൂര്ണമെന്റില് വിജയിക്കുന്ന ടീമിന് 200 പൗണ്ടാണ് സമ്മാനമായി ലഭിക്കുക. കൂടാതെ, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില് എത്തുന്നവര്ക്ക് യഥാക്രമം 125 പൗണ്ട്, 75 പൗണ്ട്, 50 പൗണ്ട് എന്നിങ്ങനെയും ലഭിക്കും.
ടൂര്ണമെന്റിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. ഒരു ടീമിന് 30 പൗണ്ടാണ് രജിസ്ട്രേഷന് ഫീസ്. 32 ടീമുകള് നാലു ഗ്രൂപ്പുകളായാണ് മത്സരിക്കുക. ആദ്യം രജിസ്റ്റര് ചെയ്യുന്നവര്ക്കാണ് അവസരം.
എല്ലാ കായിക പ്രേമികള്ക്കും ലെസ്റ്ററില് വച്ചു നടക്കുന്ന ബാഡ്മിന്റണ് ടൂര്ണമെന്റിലേക്ക് സ്വാഗതം.
രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും ബന്ധപ്പെടുക
രോഹിത്: 07518303360,
മെബിന്: 07508188289
സ്ഥലത്തിന്റെ വിലാസം
Rushey Mead Academy,
Melton Rd,
Leicester, LE4 7AN
അപൂര്വ്വ ക്യാന്സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള് വേണം. ഓസ്കാര് സാക്സെല്ബി-ലീ എന്ന വോസ്റ്റര്ഷയര് സ്വദേശിയായ ബാലന് ക്യാന്സറില് നിന്ന രക്ഷനേടാന് സ്റ്റെം സെല് ചികിത്സയാണ് ഡോക്ടര്മാര് നിര്ദേശിച്ചിരിക്കുന്നത്. ടി-സെല് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്ബുദമാണ് ഓസ്കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള് ചേരുമോ എന്നറിയാന് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള് പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്ഡ് ഹാളില് 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.
മൂന്നു മാസത്തിനുള്ളില് വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്മാര് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില് ക്യാന്സര് കണ്ടെത്തിയതിനു ശേഷം ഓസ്കാര് കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല് പൂര്ണ്ണ രോഗമുക്തി നേടണമെ ങ്കില് കൂടുതല് മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില് ചതവു പോലെയുള്ള പാടുകള് കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്സെല്ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്വ്വ ക്യാന്സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില് ഓസ്കാറിന് ചേരുന്ന സ്െറ്റം സെല് ദാതാക്കളാകാന് താല്പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ് പ്രൈമറി സ്കൂളില് നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള് ക്യൂ നില്ക്കുകയായിരുന്നു.
ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല് ആളുകള് എത്തിയത് 2200 ആളുകള് മാത്രമായിരുന്നു. വൂസ്റ്റര്ഷയര് എംപി റോബിന് വോക്കര്, വൂസ്റ്റര് മേയര് ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില് ഓരോ വര്ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില് പകുതിയും കുട്ടികളാണ്.
‘അവള് ചെയ്തത് തെറ്റാണ്. എല്ലാവര്ക്കും വേണ്ടി അച്ഛനെന്ന നിലയില് ഞാന് മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന് ബ്രിട്ടിഷ് ജനതയോടു മുഴുവന് അപേക്ഷിക്കുന്നു.മകള് പക്വതയില്ലാത്ത പ്രായത്തില് ഐഎസില് ചേര്ന്നതാണെന്ന് വികാരഭരിതനായി പറയുകയാണ് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തില് ചെയ്ത തെറ്റാണ് ഇത്. അവള് തെറ്റാണ് ചെയ്തതെന്നു സമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓര്ക്കണമെന്ന് ഇപ്പോള് ബംഗ്ലദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നല്കിയ അഭിമുഖത്തില് ആവശ്യപ്പെട്ടു.
ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം സിറിയയിലെ അഭയാര്ഥി ക്യാംപില് വച്ചു മരിച്ചുവെന്ന വാര്ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മാപ്പക്ഷേയുമായി പിതാവ് രംഗത്തെത്തിയത്. ശ്വാസതടസവും ന്യുമോണിയയും മൂലമാണ് ‘ജെറ’ എന്നു പേരിട്ട ആണ്കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ഫെബ്രുവരി 17-നാണ് കുട്ടി ജനിച്ച വിവരം ഷമീമയുടെ മാതാപിതാക്കള് അറിയിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിനായി ബ്രിട്ടനിലെത്തണമെന്ന ഷമീമയുടെ അപേക്ഷ ബ്രിട്ടിഷ് ഹോം ഓഫിസ് തള്ളിയിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്ദേശപ്രകാരമായിരുന്നു നടപടി.
മുന്പ് സിറിയയില് വച്ചുണ്ടായ രണ്ടു കുഞ്ഞുങ്ങള് പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം മരിച്ചുപോയെന്നും അതുകൊണ്ടു കുഞ്ഞിനെ ബ്രിട്ടനില് വളര്ത്താന് അനുവദിക്കണമെന്നുമായിരുന്നു ഷമീമയുടെ ആവശ്യം. എന്നാല് ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന് സ്വീകരിച്ചത്.
സ്കൂള് വിദ്യാര്ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്ക്കൊപ്പം ഈസ്റ്റ് ലണ്ടനില്നിന്നു സിറിയയിലേക്ക് കടന്നത്. ബെത്നള് ഗ്രീന് അക്കാദമി സ്കൂളിലെ വിദ്യാര്ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുല്ത്താന(16) എന്ന മറ്റൊരു വിദ്യാര്ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.
ഇവരില് ഒരാള് ബോംബ് സ്ഫോടനത്തില് കൊല്ലപ്പെട്ടു. മറ്റൊരാള്ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. നെതര്ലന്ഡ്സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള് ഇപ്പോള് സിറിയയില് തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതര്ലന്ഡ്സിലേക്ക് മടങ്ങാന് ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്സര്വേറ്റീവ് പാര്ട്ടിയുടെ എംപി ഉള്പ്പെടെയുള്ളവര് രംഗത്തെത്തി. പൗരത്വം റദ്ദാക്കിയ നടപടി ആശങ്കയുളവാക്കുന്നതാണെന്നും ജനശ്രദ്ധ ലഭിക്കാനാണ് ജാവേദിന്റെ പ്രവൃത്തിയെന്നും കണ്സര്വേറ്റീവ് എംപി ഫിലിപ്പ് ലീ പറഞ്ഞു. ലേബര് പാര്ട്ടി നേതാവ് ഡയാന അബോട്ടും ജാവേദിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല് ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.
ഈ പോസ്റ്റ് പിന്നീട് പിന്വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.
ഗ്രിൽസ് ഇന്ത്യയിലെ അസൈന്മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ് ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന് ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.
ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര് ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.
ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.
ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.
ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.
എഡ്വേഡ് മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്കവറി ചാനലിലെ ‘മാന് Vs വൈല്ഡ്’ തുടങ്ങിയവ ഉള്പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്ഡ്’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്കവറി ചാനലിന്റെ ഇന്ത്യന് ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.
ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
ഇസ്ലാമാബാദ്: പര്വ്വതാരോഹണം നടത്തുന്നതിനിടെ കാണാതായ രണ്ട് സഞ്ചാരികളുടെ മൃതദേഹങ്ങള് പാക്കിസ്ഥാനിലെ പർവ്വതനിരകളില് നിന്നും കണ്ടെത്തി. ബ്രിട്ടീഷുകാരനായ ടോം ബല്ലാര്ഡ്, ഇറ്റലിക്കാരനായ ഡാനിയേല് നര്ദി എന്നിവരുടെ മൃതദേഹമാണ് രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ടെത്തുന്നത്. ലോകത്തിലെ കൊടുമുടികളിൽ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുളള കൊടുമുടിയായ നംഗ പര്ബാദ് കീഴടക്കാന് എത്തിയതായിരുന്നു ഇരുവരും. സമുദ്രനിരപ്പില് നിന്നും 26,660 അടി ഉയരത്തിലുളള കെടുമുടിയിലെ ഇന്ന് വരെ ആരും കടന്ന് പോവാത്ത പാതയിലൂടെയാണ് ഇരുവരും കയറാന് ശ്രമിച്ചത്.
രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയതായി പാക്കിസ്ഥാനിലെ ഇറ്റാലിയന് അംബാസഡര് വ്യക്തമാക്കി. തിരച്ചില് അവസാനിപ്പിച്ചെന്ന് വളരെ ഖേദപൂർവ്വം അറിയിക്കുന്നതായി സ്റ്റിഫാനോ പോന്റെകോര്വോ പറഞ്ഞു. 5900 അടി ഉയരത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സ്പീനിഷ് സംഘം അടക്കമുളളവര് ദിവസങ്ങളായി ഇരുവർക്കുമായി തിരച്ചില് നടത്തുകയായിരുന്നു.
പാക് പർവ്വതാരോഹകനായ റഹ്മതുളള ബൈഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില് നടന്നിരുന്നത്. റഹ്മതുളള രണ്ട് പേരുടേയും കൂടെ നേരത്തേ കൊടുമുടി കയറാനെത്തി പിന്നീട് പിന്തിരിഞ്ഞിരുന്നു. ആകാശമാര്ഗം നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പുല്വാമ ഭീകരാക്രമണത്തെ തുടര്ന്ന് ഇന്ത്യ-പാക് സംഘര്ഷം കനത്തതാണ് തിരച്ചില് വൈകിപ്പിച്ചത്. പാക്കിസ്ഥാന് വ്യോമമാര്ഗത്തിന് നിയന്ത്രണം വച്ചിരുന്നു.
ജയന് ഇടപ്പാള്
ലണ്ടന്: കഴിഞ്ഞ ആഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിലേ താമസ സ്ഥലത്തു മരിച്ച നിലയില് കണ്ടെത്തിയ തിരുവനന്തപുരം കണ്ണന് മൂല സ്വദേശി ശ്രീ പി.ടി രാജീവിന്റെ അകാല വേര്പാടില് ബ്രിട്ടനിലേ മലയാളി സമൂഹം അഗാധ ദുഃഖത്തിലാണ്. തൊഴില് തേടി യു.കെയില് എത്തിയ രാജീവ് രണ്ടു പെണ്മക്കളുള്ള കുടുംബത്തിന്റ ഏക ആശ്രയമാണ്. വിവരമറിഞ്ഞ ബ്രിട്ടനിലെ ഇടതു പക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്ത്തകര് പ്രശ്നം കേരള സര്ക്കാരിന്റെയും നോര്ക്ക വകുപ്പിന്റെയും ശ്രദ്ധയില്പ്പെടുത്തിയിരുന്നു.
കേരള സര്ക്കാരിന്റെ നോര്ക്ക വകുപ്പിന്റെ കീഴില് സമീപകാലത്തു നടപ്പിലാക്കിയ പദ്ധതി പ്രകാരം സൗജന്യമായി രാജീവിന്റ മൃതദേഹം നാട്ടിലെത്തിക്കാന് ശ്രമം തുടങ്ങുകയും കേരള സര്ക്കാരിന്റെ നോര്ക്ക വകുപ്പില് നിന്നും അനുമതി നേടിയെടുക്കുകയും ചെയ്തു. അവശ്യഘട്ടത്തില് വേണ്ട പ്രവര്ത്തനങ്ങള്ക്കു നേതൃത്വം കൊടുക്കുവാനും കേരള സര്ക്കാരും നോര്ക്കയുമായി ബന്ധപ്പെടാനും സമീക്ഷ യു.കെയുടെ ദേശീയ ഭാരവാഹിയും ലോക കേരള സഭ മെമ്പര്മാരായ ശ്രീ രാജേഷ് കൃഷ്ണ, ലോക കേരള സഭ അംഗമായ ശ്രീ കാര്മല് മിറാന്ഡ, സമീക്ഷ ദേശീയ സമിതി അംഗം ശ്രീ ദിനേശ് വെള്ളാപ്പിള്ളി, ലേബര് കൗണ്സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന് തെക്കേപുര, ശ്രീ ബിജു തുടങ്ങിയവര് നേതൃത്വം കൊടുത്തു.
കേരള സര്ക്കാരിന്റെയും നോര്ക്ക വകുപ്പിന്റെയും സന്ദര്പോചിതമായ ഇടപെടലുകള് പ്രവാസ ജീവിതം നയിക്കുന്ന മലയാളിക്ക് എന്നും സ്വാന്തന മാകുമെന്നും സമീക്ഷ ദേശീയ നേതൃത്വം പ്രത്യാശ്യ പ്രകടിപ്പിച്ചു.
ലണ്ടന്: മഹാരാഷ്ട്ര സര്ക്കാര് നീരവ് മോദിയുടെ 100 കോടി രൂപയുടെ ഫ്ളാറ്റ് തകര്ത്താലും നീരവ് മോദിക്ക് കുഴപ്പമില്ല. നീരവ് മോദി ലണ്ടനില് സ്വസ്ഥമായി ജീവിക്കുന്നു. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില് സ്വൈര്യജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില് ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള് ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില് പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്ട്ട് ചെയ്യുന്നത്.
നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്ട്ടര് മിക്ക് ബ്രൗണ് ചോദ്യങ്ങള് ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനില് രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നല്കി. റിപ്പോര്ട്ടര് വീണ്ടും ചോദ്യങ്ങള് ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തില് കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്ട്ട് ചെയ്യുന്നു.
ലണ്ടന് വെസ്റ്റ് എന്ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര് പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയില്നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്േറത്. ഇന്ത്യന് സര്ക്കാര് മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
പഞ്ചാബ് നാഷണല് ബാങ്കില്നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വര്ഷം ജനുവരിയില് മുംബൈയില്നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില് നിരവധി സ്ഥാപനങ്ങള് മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്ന്ന് മോദിയെ പിടികൂടാന് സര്ക്കാര് ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്ട്ടുകള് പുറത്തുവന്നു.മോദി വിദേശത്ത് യാത്രകള് നടത്തുന്നത് വ്യാജ പാസ്പോര്ട്ടിലാണെന്നാണു സൂചന.
കഴിഞ്ഞ വര്ഷം ജൂലൈയില് മോദിക്കെതിരേ ഇന്റര്പോള് റെഡ്കോര്ണര് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് ഇയാളെ വിട്ടുനല്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India’s historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
മുന്ദില് മഹിൽ എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദർ സിങ് ബോലയുടെ ഭാര്യാണ് മുൻദിൽ മഹിൽ. തീർന്നില്ല ലണ്ടനെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിയായിരുന്ന മുൻദിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപേ പുറത്തിറങ്ങി സന്തോഷജീവിതം നയിക്കുന്നതിൽ ലണ്ടനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് പെൺകെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യൻ വംശജ മേയറുടെ ഭാര്യയാണെന്നറിഞ്ഞുള്ള അസ്വസ്ഥതയിലാണു റെഡ്ബ്രിജ് നിവാസികൾ.
ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്സിക്യൂട്ടീവുമായിരുന്ന ഇരുപത്തിയൊന്നുകാരൻ ഗഗൻദീപ് സിങിന്റെ കൊലപാതകവുമായിട്ടാണ് മുൻദിൽ വാർത്തകളിൽ ഇടം നേടിയത്. പഞ്ചാബിലെ ജലന്തർ സ്വദേശിയായ ഗഗൻ, ഇവിടെ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല് വിദ്യാര്ഥിനിയായ മുന്ദിലും ഗഗനും പ്രണയത്തിലായി.
മുൻദിലിന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഗൻ വഹിച്ചിരുന്നു. ഗഗനുമായുള്ള പ്രണയം പെട്ടെന്നൊരു ദിവസം മുൻദിൽ അവസാനിപ്പിച്ചു. ഒപ്പം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർത്തി. പ്രേമബന്ധം തകർന്നതോടെ മുൻദിലിനു ഗഗനോടു പകയായി. മുന് കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നെ ആലോചന.അഞ്ചു വർഷത്തിലേറെ സൗഹൃദമുള്ള ഇലക്ട്രീഷ്യന് ട്രെയിനി ഹര്വിന്ദര് ഷോക്കറും (20) മുൻദിലിനെ പ്രേമിച്ചിരുന്നു. ഗഗന്ദീപ് തന്നെ മാനഭംഗം ചെയ്യാന് ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവർത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും തീരുമാനിച്ചു. വാടകക്കൊലയാളിയും സ്കൂൾ സുഹൃത്തുമായ ഡാരന് പീറ്റേഴ്സിനെ (20) ഷോക്കർ സമീപിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.
തന്ത്രപൂർവ്വം ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. മൻദിലിന്റെ ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ ഗഗനെ അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിൾ വയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കൻ ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാത്തിനും മൗനസമ്മതവുമായി മുൻദിൽ നിലകൊണ്ടു. പൊള്ളലേറ്റു തുടങ്ങുമ്പോൾ ഗഗനു ജീവൻ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്സിനു 12 വര്ഷത്തെ ജയില്വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്സ് മെഡിക്കല് സ്കൂളിലെ വിദ്യാര്ഥിനി മുന്ദിലിനു ആറു വര്ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവർ ജയിലിൽ തുടരവേ, 2014ൽ ശിക്ഷാ കാലാവധി പകുതിയായപ്പോൾ മുൻദിൽ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുൻദിൽ എത്തിയത് ലേബർ പാർട്ടിയുടെ യുവ നേതാവ് വരീന്ദർ സിങ് ബോലയുടെ അടുത്ത്വരീന്ദർ ബോലയുടെ പഴ്സനൽ ട്രെയിനറായി മുൻദിൽ ചുമതലയേറ്റു. ഇരുവരും അടുപ്പമായി. 2016 ൽ ഇരുവരും വിവാഹിതരായി. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതിൽ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ടു വർഷത്തിനിപ്പുറം, വരീന്ദർ കൗൺസിലറായി. ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദർ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെൺകെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയിൽ സമൂഹത്തിൽ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പരാതി. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു മുൻദിലിന്റെ വാദം. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുൻദിലിനു ആകെ കിട്ടിയതു മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണെന്നു സഹോദരി അമൻദീപ് കൗർ സിങ് കുറ്റപ്പെടുത്തുന്നു. ഒരിക്കൽപ്പോലും കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.