ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.

അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.
ലണ്ടന്‍: പണം ലാഭിക്കാനായി എന്‍.എച്ച്.എസ് ക്വാളിറ്റി കുറഞ്ഞ സിറിഞ്ച് പമ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ നേരത്തെ ആശുപത്രികളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചവയാണ്. സണ്‍ഡെ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ ക്വാളിറ്റി സ്റ്റാന്‍ഡേഡ് അനുസരിച്ച് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം ലഭിച്ചിട്ടുള്ള സിറിഞ്ച് പമ്പുകളാണ് എന്‍.എച്ച്.എസ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് ഉണ്ടായിട്ടുള്ള 9 മരണങ്ങള്‍ ഇത്തരം ക്വാളിറ്റി കുറഞ്ഞ പമ്പുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഈ പമ്പുകള്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ലെന്നും ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാല്‍ അവ സ്ഥിരീകരിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഗ്രാസിബെ എം.സ് 26, ഗ്രാസിബെ എം.സ് 16എ എന്നീ രണ്ട് പമ്പുകളാണ് എന്‍.എച്ച്.എസ് വിദഗ്ദ്ധരുടെ നിര്‍ദേശം അവഗണിച്ച് ഉപയോഗം തുടരുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുള്ളതായി സണ്‍ഡെ ടൈംസ് വ്യക്തമാക്കുന്നു.

2008ല്‍ എന്‍.എച്ച്.എസ് തന്നെ ഔദ്യോഗികമായി വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള പമ്പുകള്‍ നേരത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവയാണ്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഇവ പിന്‍വലിക്കാന്‍ 2010ല്‍ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി ഏജന്‍സി എന്‍. എച്ച്.എസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹെല്‍ത്ത് ബോസുമാരും ഇവ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പെട്ടന്ന് പിന്‍വലിച്ചാല്‍ എന്‍.എച്ച്.എസിന് ഏതാണ്ട് 37.7 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നു. അതുകൊണ്ട് പല ഘട്ടങ്ങളായി ഇവ പിന്‍വലിക്കുമെന്നും എന്‍.എച്ച്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട 4 മരണങ്ങളുണ്ടായതായി സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടന്‍: യുകെയില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനായ കര്‍മ്മ നിര്‍വാണ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിനായി വിദേശത്തേക്ക് കടത്തുന്നതായും ചാരിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കര്‍മ നിര്‍വാണ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ പാളിച്ചയാണ് ഇത്തരം വിവാഹങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു.

സമ്മര്‍ വെക്കേഷന്‍ സമയങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ മിക്കതും നടക്കുന്നത്. വെക്കേഷന് ശേഷം പല പെണ്‍കുട്ടികളും സ്‌കൂളിലേക്ക് തിരികെയെത്തുന്നില്ലെന്നും ചാരിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ പഠനവും ഇതര മാനസിക വളര്‍ച്ചയൊന്നും കണക്കിലെടുക്കാതെയുള്ള വിവാഹങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ നിരക്ക് ഏതാണ്ട് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. സമ്മര്‍ വെക്കേഷന്‍ കഴിയുമ്പോള്‍ പുറത്തുവരുന്ന മാത്രം കണക്കുകള്‍ വെച്ചാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുമുണ്ട്.

രാജ്യത്തിന് പുറത്തേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോയി നിര്‍ബന്ധ വിഹാത്തിന് ഇരയാക്കുന്നത് തടയിടാന്‍ ഹോം ഓഫീസിന് കഴിയുന്നില്ലെന്ന് ചാരിറ്റി ആരോപിക്കുന്നു. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍ബന്ധിത വിവാഹത്തിനെതിരെ ക്യാംപെയിനുകള്‍ നടക്കുന്നുണ്ട്.
സഹപ്രവര്‍ത്തകരുടെ നിരന്തരമായ പരിഹാസവും ജോലി സ്ഥലത്ത് ഉള്ള പീഡനവും മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്തിരുന്ന നഴ്സ് ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്കാരി റിയാന്‍ കോളിന്‍സ് ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ നിരന്തരമായ കളിയാക്കലും അവഗണനയും ജോലി സ്ഥലത്ത് ഉണ്ടായ പീഡനങ്ങളും മൂലമാണ് റിയാന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്‍എച്ച്എസിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാന്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
കളിയാക്കലിനും ഒറ്റപ്പെടുത്തലിനും പുറമേ വാര്‍ഡിലെ ഏറ്റവും വിഷമമുള്ള ഷിഫ്റ്റില്‍ നിരന്തരം ജോലിക്ക് നിയോഗിച്ചും റിയാനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഇവര്‍ പറയുന്നു. ബുദ്ധിമുട്ടേറിയ നൈറ്റ് ഷിഫ്റ്റ്, വാരാന്ത്യങ്ങളിലെ ജോലി എന്നിവ എല്ലായ്പ്പോഴും റിയാനായിരുന്നു നല്‍കിയിരുന്നത്. ഇത് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ വാരാന്ത്യ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ റിയാന് കഴിഞ്ഞിരുന്നില്ല. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിയാന്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സ്വാന്‍സിയിലെ കെഫന്‍ കോഡ് ഹോസ്പിറ്റലില്‍ ആയിരുന്നു റിയാന്‍ ജോലി ചെയ്തിരുന്നത്. 193 ബെഡുകള്‍ ഉള്ള ഈ ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ആയിരുന്നു ചികിത്സിച്ചിരുന്നത്. മാര്‍ച്ചിലാണ് സ്വാന്‍സിയിലെ വീട്ടില്‍ റിയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാന്റെ പ്രതിശ്രുത വരനായ ഡേവിഡ് റീഡ് കുട്ടികളെ റിയാനോടൊപ്പം വിടുന്നതിനായി ഇവരുടെ വീട്ടിലെത്തി ഡോര്‍ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോര്‍ബെല്‍ അടിക്കുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പോലീസ് എത്തി വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് റിയാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പ് പല പ്രാവശ്യം റിയാന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ശാന്തയായിക്കഴിഞ്ഞാല്‍ അക്കാര്യം മറന്നു കളഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. റിയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുന്‍പായി ആത്മഹത്യാ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും റിയാന്‍ ഇട്ടിരുന്നു.
യുകെ മലയാളി ജിമ്മി ജോസഫ് മൂലംകുന്നേലിന്‍റെ മാതാവ് വേലപ്ര പള്ളിക്കൂട്ടുമ്മ മൂലംകുന്നത്ത് പരേതനായ അഡ്വ. എം.സി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് ഇന്ന് നിര്യാതയായി. 87 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു മരണം. അമ്മയുടെ അസുഖവിവരം അറിഞ്ഞ് കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്ന ജിമ്മി ജോസഫ് തിരികെ വന്ന് അധികദിവസങ്ങള്‍ കഴിയും മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്.
എടത്വ പറപ്പിള്ളി സ്വദേശിനിയാണ്. മക്കളായ ജിമ്മി ജോസഫും കുടുംബവും ബര്‍മ്മിങ്ങമിലും റോയി ജോസഫും കുടുംബവും ലിവര്‍പൂളിലും ആണ് താമസിക്കുന്നത്. മക്കള്‍: ജോസഫ് ചാക്കോ അമേരിക്ക, അന്നമ്മ ജെയിംസ് തലയോലപ്പറമ്പ്, ജെസി ഷാജി പൊന്‍കുന്നം, വല്‍സമ്മ ഷാജി പത്തനംതിട്ട, സിബി ജോസഫ് പള്ളിക്കൂട്ടുമ്മ, ജിമ്മി ജോസഫ് യുകെ, റോയി ജോസഫ് യുകെ, ഡെയ്‌സി സണ്ണി തലയോലപ്പറമ്പ്, സൂസി ജിജി കാഞ്ഞാര്‍. സംസ്‌കാരം പിന്നീട് നടക്കും. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ഡയറക്ടര്‍ ആയ ജിമ്മി ജോസഫിന്റെ പ്രിയ മാതാവിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, കുട്ടനാട് സംഗമം യുകെ എന്നിവയുടെ ഭാരവാഹി കൂടിയായ ജിമ്മി ജോസഫിന്‍റെ കുടുംബത്തോടൊപ്പം അവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ബിസിഎംസി, കുട്ടനാട് സംഗമം ഭാരവാഹികള്‍ അറിയിച്ചു. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്താണ് ഇവരുടെ വീട് എന്നതിനാല്‍ സാഹചര്യം അനുകൂലമായ ശേഷം സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കും. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
യു.കെയിലെ എ ലെവല്‍ പരീക്ഷകളുടെ ഫലം പുറത്തു വന്നതോടുകൂടി മലയാളി വിജയത്തിന്റെ വാര്‍ത്തകളാണ് എവിടെയും. കേരളത്തെ പിടിച്ചുലച്ച പ്രകൃതിക്ഷോഭത്തിന്റെ വാര്‍ത്തകളില്‍ പല വിജയഗാഥകളും മുങ്ങിപ്പോയെങ്കിലും ഇത്തരത്തില്‍ മികച്ചു നില്‍ക്കുന്ന വിജയാണ് പോര്‍ട് മൗത്തിനടുത്തുള്ള ഹാവന്റില്‍ നിന്നുള്ള അലീനാ ജേക്കബിന് പറയാനുള്ളത്. തെരഞ്ഞെടുത്ത മൂന്ന് വിഷയങ്ങളില്‍ എ സ്റ്റാര്‍ കരസ്ഥമാക്കിയാണ് അലീനാ ജേക്കബ് എ ലെവല്‍ പരീക്ഷയില്‍ തിളങ്ങിയത്.
മാത്‌സ്, ഇക്കണോമിക്‌സ്, സൈക്കോളജി വിഷയങ്ങളിലാണ് അലീനയ്ക്ക് എ സ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. ഇഷ്ട വിഷയമായ സാമ്പത്തിക ശാസ്ത്രത്തില്‍ ബാത് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകാനാണ് അലീനയുടെ ഭാവി തീരുമാനം.
അലീനയുടെ മാതാപിതാക്കളായ ജേക്കബ് ചെറിയാനും, ഷൈസി ജേക്കബും മകളുടെ ഉന്നതവിജയത്തിന്റെ സന്തോഷത്തിലാണ്. ജോക്കബ് ചെറിയാന്റെ സ്വദേശം പിറവമാണ്. ഷൈസി മൂവാറ്റുപുളക്കടുത്തുള്ള വാളകം സ്വദേശിനിയാണ്. ഏക സഹോദരി അനിറ്റാ ജേക്കബ് എ ലെവല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

കഠിനാദ്ധ്വാനവും സിലബസ് ശരിയായ രീതിയില്‍ മനസിലാക്കിയുള്ള പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുമാണ് അലീന ജേക്കബിന്റെ വിജയത്തിന് കാരണമായത്. ഇഷ്ടപ്പടുന്നതും ആസ്വദിക്കുന്നതുമായ വിഷയങ്ങളുടെ തെരഞ്ഞെടുപ്പും കഠിദ്ധ്വാനത്തിന്റെ ആവശ്യകതയുമാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി അലീനയ്ക്ക് നല്‍കാനുള്ള ടിപ്‌സ്.
സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ ഒരു കൈത്താങ്ങായി കെ.സി.എ റെഡ്ഡിച്ച് (KCA Redditch) ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്നു ഐക്യകണ്‌ഠേന തീരുമാനിച്ചു. തീരുമാനം എടുത്ത ഒറ്റ രാത്രികൊണ്ട് 2000 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇനിയും പലരും കൂടുതല്‍ തുക തരുവാന്‍ സന്നദ്ധരായിട്ടുണ്ട്. ഇതില്‍ പ്രത്യേകം അഭിനന്ദിക്കേണ്ട പലയാളുകളും ഉണ്ട്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തുകയാണ് അവര്‍ നല്‍കിയത്. ധനവാനും ദരിദ്രനും ഒരേ അഭയാര്‍ത്ഥി ക്യാംപുകളില്‍ ഒരു കൂരയ്ക്കു താഴേ കഴിയുമ്പോള്‍ ഒന്നു നമ്മുക്കു മനസിലാക്കാം പ്രകൃതി ഒന്നാഞ്ഞ് തുമ്മിയാല്‍ ഒലിച്ചു പോകാനുള്ളതേയുള്ളു നമ്മള്‍ കെട്ടി പടുത്തുണ്ടാക്കുന്ന സമ്പാദ്യങ്ങളെല്ലാം!
ഇപ്പോള്‍ ജാതി ഇല്ല, മതം ഇല്ല, വര്‍ണ്ണ രാഷ്ട്രീയം ഇല്ല, സ്റ്റാറ്റസ് ഇല്ല, പ്രകൃതി ശാന്തമായാല്‍ മാത്രം മതി. അതിനു വേണ്ടി പള്ളിയില്‍ അഭയാര്‍ത്ഥി ക്യാംപ് ഒരുക്കുന്ന പള്ളി കമ്മറ്റി, ദേവാലയങ്ങള്‍ സര്‍ക്കാരിനു വിട്ടുനല്‍കി ക്രൈസ്തവ സഭകള്‍, ഭണ്ഡാരം പൊളിച്ചു ഭുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍ക്കുന്ന ക്ഷേത്രകമ്മറ്റികള്‍, കണ്ണില്‍ എണ്ണ ഒഴിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ച് സൗധ സംഘടനകള്‍, ദുരന്തമുഖത്ത് നിന്നും അഭയാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ച് വീട്ടുകാര്‍, അഭിപ്രായ വിത്യാസം ഇല്ലാതെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും, ഉറങ്ങാതിരുന്നു രക്ഷാപ്രവത്തനം നടത്തുന്ന സൈന്യവും തീരദേശ സഹോദരങ്ങളും, മൂന്നേമുക്കാല്‍ കോടി ശരീരവും ഒരേ മനസുമായി കേരളം.
ഈ ദൂരതത്തെ നമ്മുക്ക് അതിജീവിക്കണം അതിനാല്‍ നമ്മളാല്‍ കഴിയുന്ന കൈത്താങ്ങ് നമ്മുക്ക് മുഖ്യമന്ത്രിയുടെ ഒുരിതാശ്വാസ ഫണ്ടിലേക്ക് കെ.സി.എ റെഡ്ഡിച്ച് കൊടുക്കുവാന്‍ തീരുമാനിച്ചു.
ടോം ജോസ് തടിയംപാട്
യു.കെയിലെ റെക്‌സാമില്‍ താമസിക്കുന്ന ഇടുക്കി എന്‍ര്‍ സിറ്റി സ്വദേശി സന്ധൃ ഷിബുവിന്റെ പിതാവ് പെരുമ്പെല്‍ വീട്ടില്‍ സൈമണ്‍ 62 (ചുമ്മാര്‍)ന്റെ ശവസംകാരം ഞായറാഴ്ച 11.30ന് രാജാക്കാട് എന്‍ര്‍സിറ്റി സൈന്റ് മേരിസ് പള്ളിയില്‍ വെച്ച് നടക്കും. കഴിഞ്ഞ വൃാഴാഴ്ച രാവിലെ ശ്വസകോശ സംബന്ധമായ അസുഖം മൂലം കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ സന്ധ്യ റെക്‌സാമില്‍നിന്നും നാട്ടിലെത്തിയിട്ടുണ്ട്. പരേതന് മൂന്നു മക്കളാണ് മറ്റു രണ്ടുപേര്‍ സഹിഷ് സൈമണ്‍, സൗമ്യ ഷിബു എന്നിവരാണ്. അവര്‍ രണ്ടും മസ്‌ക്കറ്റിലാണ് അവരും വിവരമറിഞ്ഞു ഇന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയുടെ ആദരാഞ്ജലികള്‍.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആദ്യമായി നടത്തിയ ചാരിറ്റി 2004ല്‍ നടന്ന സുനാമിക്കു വേണ്ടിയായിരുന്നു അന്ന് വീടുകളില്‍ കയറിയിറങ്ങി ചെക്കുകള്‍ ശേഖരിച്ചു 1100 പൗണ്ട് പിരിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ഇന്നു കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി പിരിക്കുന്നു സഹായിക്കുക.
ഓണം ചാരിറ്റിയോടൊപ്പം മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കു സംഭാവന നല്‍കുന്നതിനു വേണ്ടികൂടിയും നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1466 പൗണ്ട് ലഭിച്ചു. ലഭിക്കുന്ന തുകയില്‍ നിന്നും 50000 രൂപ വീതം മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ്: 07708181997, ടോം ജോസ് തടിയംപാട്: 07859060320, സജി തോമസ്: 07803276626.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കണമെങ്കില്‍ ഏതു ഡിഗ്രികളാണ് എടുക്കേണ്ടത് എന്നത് എ ലെവല്‍ പരീക്ഷാഫലം പുറത്തു വന്നതോടെ കുട്ടികള്‍ നേരുടന്ന പ്രധാന ചോദ്യമാണ്. നിയമത്തിലും ഇക്കണോമിക്‌സിലും ഓക്‌സ്‌ഫോര്‍ഡ്, അല്ലെങ്കില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുക്കുക എന്നതായിരിക്കും ആരും ആഗ്രഹിക്കുക. വലിയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എടുക്കുന്ന ബിരുദങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കാന്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത്ര പേരുകേട്ടിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡിഗ്രികളും മികച്ച ജോലികള്‍ നേടാന്‍ നിങ്ങളെ സഹായിക്കും.

എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് ഡിഗ്രികളാണ് ഇത്തരത്തില്‍ നിലവധി യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. ഓക്‌സ്ബ്രിജ്ഡ്, റസല്‍ ഗ്രൂപ്പ് കോഴ്‌സുകളാണ് മികച്ച ജോലികള്‍ നല്‍കുന്നത്. ജോബ് മാര്‍ക്കറ്റ് റാങ്കിംഗില്‍ അഞ്ചു വര്‍ഷമാണ് ഇവ തന്നെയാണ് മുന്‍പന്തിയിയിലുള്ളത്. കേബ്രിഡ്ജില്‍ ഇക്കണോമിക്‌സ് ഡിഗ്രി നേടിയവര്‍ 68,600 പൗണ്ട് മുതലാണ് ശമ്പളമായി വാങ്ങുന്നത്. അതേസമയം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിസിനസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് പഠിച്ചവര്‍ 67,200 പൗണ്ട് മുതല്‍ വാങ്ങുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇക്കണോമിക്‌സ് ഡിഗ്രിയെടുത്തവര്‍ 60,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നുണ്ട്.

വന്‍ ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ നല്‍കുന്ന ചെറിയ സ്ഥാപനങ്ങളില്‍ ഹാവറിംഗ് കോളേജ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യുക്കേഷന്‍ പോലുള്ള സ്ഥാപനങ്ങളുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ കണക്കുകള്‍ പറയുന്നു. ഇവിടുത്തെ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നത് ഏറ്റവും വലിയ ശരാശറി സാലറിയാണ്. 2014-15ല്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ കോഴ്‌സ് ചെയ്തത്. ഇവര്‍ക്ക് 2015-16ല്‍ 43200 പൗണ്ടാണ് ശമ്പളമായി ലഭിച്ചത്. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കാണ് ഈയിനത്തില്‍ രണ്ടാം സ്ഥാനം.
ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് മെഡിക്കല്‍ ബിരുദധാരികള്‍ക്കാണ്. എന്നാല്‍ ചില ഇക്കണോമിക്‌സ്, ബിസിനസ് കോഴ്‌സുകള്‍ക്ക് അതിലും മികച്ച ശമ്പളം വാങ്ങി നല്‍കാന്‍ കഴിയും. വിവിധ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ തേടുന്നവര്‍ക്ക് താരതമ്യ പഠനം നടത്തി അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷനാണ് ഈ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.