UK

ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.

2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.

യുകെയില്‍ ബര്‍മിംഗ്ഹാം മിഷനിലെ വികാരിയുടെ ചുമതല വഹിക്കുന്ന സീറോമലബാര്‍ ചാപ്ലിന്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ അമ്മയുടെ അമ്മ  മേരി ആന്റണി (86 വയസ്സ്) നിര്യാതയായി. പരേതനായ ചിറമ്മല്‍ പെരിങ്ങോട്ടുകരക്കാരന്‍ ആന്റണിയുടെ ഭാര്യയാണ്. ഇന്ന് (09-07-2018) രാവിലെ1030 മണിയോടെയായിരുന്നു  വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മരണം സംഭവിച്ചത്. സംസ്കാര ശുശ്രൂഷകള്‍ 11-07-2018 ബുധനാഴ്ച കാലത്ത് 09.30ന്  പുറനാട്ടുകര സെന്റ്‌ സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വച്ച് നടക്കും.

മോഹിനി, മോഹന്‍, മോളി, മോണി എന്നിവര്‍ മക്കളും തോമസ്‌ മുള്ളക്കര, ബീന പുല്ലോക്കാരന്‍, ജോയ് ഫെറോസ് ചാലിശ്ശേരി, മേരീസ് ആലപ്പാട്ട് എന്നിവര്‍ മരുമക്കളുമാണ്‌.

28 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകള്‍ വാനോളം. നമുക്ക് ചരിത്രമെഴുതാനാകുമെന്നാണ് ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ രക്ഷകനായ ത്രീ ലയണ്‍സ് ഹീറോ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് പറഞ്ഞു. സ്വീഡന്‍ ഗോള്‍ നേടാന്‍ ലഭിച്ച അവസരം തടഞ്ഞിട്ട പിക്ക്‌ഫോര്‍ഡ് തന്നെയാണ് സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമാക്കിയതിലൂടെ കളിയിലെ കേമനായത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മോസ്‌കോയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.

ഇംഗ്ലണ്ട് അവസാനം ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നമുക്ക് ഒരു ഗെയിമുണ്ടാകും, അതിലൂടെ നാം ചരിത്രമെഴുതുമെന്ന് എപ്പോഴും ഞങ്ങള്‍ പറയുമായിരുന്നുവെന്ന് പിക്ക്‌ഫോര്‍ഡ് ബിബിസിയോട് പറഞ്ഞു. ക്യാപ്റ്റന്‍ ഹാരി കെയിനും പിക്ക്‌ഫോര്‍ഡിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. സെമിയില്‍ കടുത്ത മത്സരമായിരിക്കും ഉണ്ടാവുകയെന്നറിയാം. പക്ഷേ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ ഇത് ആസ്വദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും കെയിന്‍ പറഞ്ഞു.

ലെസ്റ്റർ സിറ്റി പ്രതിരോധ താരം ഹാരി മഗ്വയറും (30–ാം മിനിറ്റ്) ടോട്ടനം ഹോട്സ്പർ മിഡ്ഫീൽഡർ ഡെലെ അലിയുമാണ് (58) ഇം​ഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തിരിക്കുന്നത്. ഇടതു മൂലയിൽനിന്ന് ആഷ്‍ലി യങ്ങിന്റെ കോർണർ കിക്കിൽനിന്നായിരുന്നു മഗ്വയറിന്റെ ഹെഡർ ഗോൾ. മഗ്വയറിന്റെ ഉയർന്ന് ചാടിയുള്ള തകർപ്പൻ ഹെഡർ സ്വീഡിഷ് ​ഗോളി റോബിൻ ഓൾസനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. 58–ാം മിനിറ്റിലായിരുന്നു ഡെലെ അലിയുടെ ​ഗോൾ. ബോക്സിലേക്ക് ജെസ്സി ലിങാർഡ് നൽകിയ ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലെത്തിച്ചു.

ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇം​ഗ്ലണ്ടിന് അർഹിച്ച വിജയം സമ്മാനിച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് ടീം സെമിയിൽ. പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതായി എന്നതാണ് ഇം​ഗ്ലണ്ടിന്റെ വിജയത്തിന്റെ രഹസ്യം. സെമിയിൽ ക്രൊയേഷ്യയെ സമാന പ്രകടനം കാഴ്ച്ചവെക്കാനായാൽ ഇംഗ്ലണ്ട് ചരിത്രം കുറിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട്. പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: നവംബര്‍ 10നു നടക്കാനുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതല മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ റീജിയണുകളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നു. രൂപതയുടെ എട്ട് റീജിയണുകളിലും മത്സരം നടക്കുന്ന തിയതിയും സ്ഥലവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി ഡയറക്ടറും ജോജി മാത്യൂ ചീഫ് കോ-ഓര്‍ഡിനേറ്ററുമായാണ് രൂപതാതല സംഘാടനം നിയന്ത്രിക്കുന്നത്.

ഗ്ലാസ്‌ഗോയില്‍ സെപ്തംബര്‍ 29നും മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 28നും ബ്രിസ്‌റ്റോള്‍-കാര്‍ഡിഫില്‍ ഒക്ടോബര്‍ 6നും കവന്‍ട്രിയില്‍ സെപ്തംബര്‍ 29നും സൗത്താംപ്റ്റണില്‍ സെപ്തംബര്‍29നും ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ സെപ്തംബര്‍ 29നും പ്രസ്റ്റണില്‍ ഒക്ടോബര്‍ 13നും റീജിയണല്‍ തല മത്സരങ്ങള്‍ നടക്കും. റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോയി വയലില്‍ സി.എസ്.ടി, റവ. ഫാ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. സെബാസ്റ്റിയന്‍ ചാമക്കാല, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. സജി തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജിയണുകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് റീജിയണല്‍ തല മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ അധിഷ്ഠിതമായ കഥ, കവിത, ക്വിസ്, ചിത്രരചന, സംഗീതം, നൃത്തം, ഉപകരണ സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലായി എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമേളയെന്ന ഖ്യാതിയുള്ള ഈ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്ന ഹോം ഓഫീസ് നടപടി വംശീയതയെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍. കുറഞ്ഞ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചാല്‍ ഗൗരവമില്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവ ഹോം ഓഫീസ് നിരസിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ പരാതിപ്പെടുത്തുന്നവരെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഹോം ഓഫീസ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റൊരു സ്‌പെഷ്യലിസ്റ്റ് ലോയര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹോം ഓഫീസ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ക്യൂബ, വിയറ്റ്‌നാം, ഫിജി, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിസിറ്റിംഗ് വിസയ്ക്കായി ലഭിച്ച അപേക്ഷകള്‍ അകാരണമായി നിരസിച്ച ഒരുഡസന്‍ സംഭവങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ഓഫീസ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനും അഭിഭാഷകനും ബാരിസ്റ്ററുമായ ഏഡ്രിയന്‍ ബെറി പറഞ്ഞു. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹ്രസ്വകാല സന്ദര്‍ശക വിസകളിലുള്ള അനൗദ്യോഗിക വിലക്കിനെതിരെ ഇമിഗ്രേഷന്‍ ലോയര്‍മാരും ക്യാംപെയിനര്‍മാരും എംപിമാരും രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ കുട്ടികളെ പരിചരിക്കുന്നതിനായി വിസയ്ക്ക് അപേക്ഷിച്ച ബംഗ്ലാദേശി പിതാവിന്റെ അപേക്ഷ നിരസിച്ചതും സഹോദരിയുടെ വിവാഹത്തിനെത്താന്‍ ശ്രമിച്ച നൈജീരിയക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും പ്രത്യക്ഷ വംശീയതയാണ് ഇതെന്നുമാണ് വിമര്‍ശനം.

യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഇനി മുതല്‍ പൊടിരൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനാകില്ല. ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയനുസരിച്ച് മേക്ക്അപ്പ്, ബേബി പൗഡര്‍, കോഫി, സ്‌പൈസസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ നിശ്ചിത അളവില്‍ കൂടുതല്‍ കൊണ്ടുപോകാനാകില്ല. പൗഡര്‍ രൂപത്തിലുള്ളവ 56 ഗ്രാം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇതിലൂടെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം യുകെയും എത്തും. കഴിഞ്ഞ മാസമാണ് ഈ രാജ്യങ്ങള്‍ പൊടികള്‍ വിമാനങ്ങളില്‍ നിരോധിച്ചത്.

സിഡ്‌നിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം തകര്‍ക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം തകര്‍ത്തതിനു ശേഷമാണ് വ്യോമയാന രംഗത്ത് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഐസിസ് ശൈലിയിലുള്ള ആക്രമണ ശ്രമമാണ് ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ വിമാനത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമം സുരക്ഷാ പരിശോധയിലാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ നിയമമനുസരിച്ച് 56 ഗ്രാം പൊടികള്‍ കൈവശം വെക്കാമെങ്കിലും ഇവയും കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാകൂ.

12 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നതിനു ശേഷമാണ് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാകുന്നത്. പുതിയ നിയന്ത്രണങ്ങള്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളില്‍ വലിയ ക്യൂ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്രെക്‌സിറ്റ് ആശയക്കുഴപ്പങ്ങള്‍ വിമാനത്താവളങ്ങളില്‍ സമയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ നിയന്ത്രണങ്ങളേക്കുറിച്ച് യാത്രക്കാര്‍ ആശങ്കപ്പെടുന്നത്.

ലണ്ടന്‍: മില്യണലധികം വിലമതിക്കുന്ന സൂപ്പര്‍ കാറുകള്‍ അനധികൃതമായ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിന് 80 പൗണ്ട് പിഴ ഈടാക്കി. ഈ കോടീശ്വരന്മാര്‍ക്ക് ഇത് ചെറിയ പിഴയാണെങ്കിലും നിരത്തില്‍ പണക്കൊഴുപ്പ് കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയായിട്ടാണ് ആളുകള്‍ ഇതിനെ കാണുന്നത്. കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന മെയ്‌ഫെയര്‍ ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയായിരുന്നു. ഈ കാറുകള്‍ ആരുടെയാണെന്ന് വ്യക്തമല്ല. ഇത്തരം ആഢംബര വാഹനങ്ങള്‍ മെയ്‌ഫെയര്‍ ഹോട്ടലിന് സമീപ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. റഷ്യയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും അവധി ആഘോഷിക്കാന്‍ യുകെയിലെത്തുന്ന കോടിപതികളുടെ മക്കള്‍ സ്ഥിര സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.

150,000 പൗണ്ട് വിലയുള്ള ഫെറാറി 458, 250,000 വിലയുള്ള ലംബോര്‍ഗിനി, അര മില്യണോളം വിലവരുന്ന മറ്റൊരു കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഈ കാറുകള്‍ ആരുടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തെരുവില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയ ശേഷവും ഇവര്‍ പാര്‍ക്ക് ചെയ്തുവെന്നാണ് കരുതുന്നത്. ഇത്തരക്കാരായ പ്ലേ ബോയ് റൈഡേഴ്‌സ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍ എന്നൊരു നിയമം കൗണ്‍സില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാക്കുക, ജീവനോ സ്വത്തിനോ അപകടം വരാന്‍ സാധ്യതയുള്ള പെരുമാറ്റം തുടങ്ങിയവയ്ക്ക് തക്ക ശിക്ഷ നല്‍കുന്ന ഭേദഗതിയാണ് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍. പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് വാഹനത്തില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കി ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്ലേ ബോയ് റൈഡേഴ്‌സിന് 1,000 പൗണ്ട് വരെ പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ആഢംബര കാര്‍ ഉപഭോക്താക്കളാണ് നിയമലംഗനം ശീലമാക്കിയിരിക്കുന്നത്. റെഡ്-യെല്ലോ ലൈനുകളില്‍ പാര്‍ക്ക് ചെയ്യുക, അനാവശ്യ ശബ്ദങ്ങളുണ്ടാക്കുക തുടങ്ങിയത് ഇത്തരം ഫാന്‍സി കാറുടമകളുടെ ശീലങ്ങളിലൊന്നാണ്. ഈ കാറുടമകളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡെയിലി മെയില്‍ അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ചാലക്കുടി ചങ്ങാത്തം 6മത് വാര്‍ഷിക ദിനം 2018 ജൂണ്‍ 30ന് നോട്ടിംഗ്ഹാമിലെ പേപ്പല്‍വിക്ക് വില്ലേജ് ഹാളില്‍ രാവിലെ 11 മണിയോടെ ആരംഭിച്ചു. താലത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നാട്ടില്‍ നിന്നും ഇപ്പോള്‍ യുകെയിലുള്ള ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ മാതാപിതാക്കള്‍ വേദിയില്‍ വന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവന്ററിയില്‍ നിന്നും ഷാജു പള്ളിപ്പാടന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളവും മാഞ്ചസ്റ്ററില്‍ നിന്ന് ഷാജൂ വാളൂരാന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം കാണികളെ പ്രകമ്പനം കൊള്ളിച്ചു.

 

യുകെ മലയാളികള്‍ക്ക് സുപരിചതിമായ അലൈഡ് ഫിനാഷ്യല്‍ ഏര്‍പ്പെടുത്തിയ റാഫില്‍ ടിക്കറ്റ് മത്സരത്തില്‍ വിജയികളായ ദാസന്‍ നെറ്റിക്കാടന്‍ ഫിനാഷ്യല്‍ അഡൈ്വസര്‍ oxyല്‍ നിന്നും ക്യാഷ് പ്രൈസ് ഏറ്റുവാങ്ങി. ദാസന്‍ നെറ്റിക്കാടന്റെ സഹൃദയമനസുകൊണ്ട് ആ പണം ചാലക്കുടി ചങ്ങാത്തം ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരുന്നു.

ഇടവേളയ്ക്ക് ശേഷം ജിബി ജോര്‍ജും സോജനും ചേര്‍ന്ന് സംവിധാനം ചെയ്ത് അവതരിപ്പിച്ച ഹ്രസ്വ നാടകം യുകെ മലയാളിയുടെ വര്‍ത്തമാന കാലത്തെയും ഭാവികാലത്തെയും ഉദ്‌ഭോദിപ്പിക്കുന്ന സന്ദേശം നല്‍കുകയുണ്ടായി.

Telyord ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന curtain land സ്ഥാപനം നടത്തുന്ന ഷാജു മാടപ്പിള്ളിയും കവന്ററിയില്‍ അക്കൗണ്ട് ജോലികളും ഇഞ്ചുറി claim solutionsഉം ചെയ്യുന്ന ജോസും ചാലക്കുടി ചങ്ങാത്തതിനെ സാമ്പത്തികമായി സഹായിക്കുകയുണ്ടായി. (sponsor ചെയ്യുകയുണ്ടായി).

നോട്ടിംഗാം രൂപതയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ചാലക്കുടി കുറ്റിക്കാട് സ്വദേശിയായ ഫാ. Witred Preppdan വേദിയില്‍ വന്ന് ഒരു ഗാനം ആലപിക്കുകയുണ്ടായി. ദാമ്പത്യ ജീവിത്തിന്റെ 27ാം വാര്‍ഷികം പൂര്‍ത്തിയാക്കിയ ചാലക്കുടി ചങ്ങാത്തം സ്ഥാപക പ്രസിഡന്റ് സൈമ്പില്‍-ടാന്‍സി ദമ്പതികള്‍ കുടുംബ സമേതം വേദിയില്‍ വന്ന് ഫാ. Witred Preppdanന്റെ പ്രാര്‍ത്ഥനാ ആശിര്‍വാദത്തോടെ കേക്ക് മുറിച്ച് സ്‌നേഹം പങ്കുവെക്കുകയുണ്ടായി. വൈകീട്ട് 7മണിയോടെ ദേശീയ ഗാനം ആലപിച്ച് യോഗം അവസാനിച്ചു.

ആഷ്‌ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍, സുജോ ജെയിംസ്, ജെറി ജോസ് എന്നിവരും കമ്മറ്റി അംഗങ്ങളും നൂറുക്കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ(ഊഞ്ഞാല്‍-2018) പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് പ്രകാശം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി. അതിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി അരങ്ങേറി.

കെന്റെ ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബുകള്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരത്തോടുകൂടി കായികമേള ആരംഭിച്ചു. പ്രസ്തുത മത്സരം ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സത്രീകളുടെ കബഡി, ഫോട്ട്പുട്ട് എന്നിവ കൗതുകമുണര്‍ത്തി. പുരുഷ വോളിബോള്‍ കാണികളെ ഹരം കൊള്ളിച്ചു. സാംചീരന്‍, ജെറി ജോസ്, തോമസ് ഔസേഫ്, മോളി ജോളി, ടീസാ സുബിന്‍, സിജോ, സജി കുമാര്‍, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണവും ജോളി തോമസ് ഒരുക്കിയ നാടന്‍ സംഭാരവും വേറിട്ട അനുഭവം സമ്മാനിച്ചു. അസോസിയേഷന്‍ ഒരുക്കിയ ഫുഡ് സ്റ്റാളിന് മധുസൂധനന്‍, ജോളി കോട്ടക്കല്‍, സോജാ മധു. ഡോ. റിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ജൂലൈ 14ന് ഉച്ചയ്ക്ക് 2മണിക്ക് ക്രിക്കറ്റ്, മുതിര്‍ന്നവരുടെ ഫുട്‌ബോള്‍ എന്നിവ നടക്കും. ചെസ്സ്, ക്യാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നാലെ അറിയിക്കുന്നതാണെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ മനോഡ് ജോണ്‍സണ്‍ അറിയിച്ചു. കൊടും വെയിലില്‍ കാണികള്‍ക്ക് കായികമേള സൗകര്യപ്രദമായി വീക്ഷിക്കുവാന്‍ വിശ്രമകേന്ദ്രം ജോണി വറീതും ബോസ്സ് വി.ടിയും ചേര്‍ന്ന് ഒരുക്കി.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 14മത് കായികമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതും ജനകീയവുമാക്കിയ അംഗങ്ങള്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച ജോണ്‍സണ്‍ തോമസ്, സൗമ്യ ജിബി, ലിന്‍സി അജിത്ത്, രാജീവ് തോമസ്, എന്നിവര്‍ക്കും വിദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ടീസാ സുബിന്‍ നന്ദി പ്രകാശിപ്പിച്ചു.

ഊഞ്ഞാല്‍-2018

ഗ്രഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 15 തിയതി ശനിയാഴ്ച്ച ഓണം അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഊഞ്ഞാല്‍-2018 ന് തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്‌കാരികഘോഷയാത്ര, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു.

സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം.

വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved