ന്യൂസ് ഡെസ്ക്
ആന്റി ടെററിസം പോലീസും Ml5ഉം സംയുക്തമായി നടത്തിയ റെയ്ഡിൽ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഇന്റലിജൻസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെഫീൽഡിലും ചെസ്റ്റർഫീൽഡിലുമാണ് വീടുകളിൽ റെയ്ഡ് നടന്നത്. റെയ്ഡിനെത്തുടർന്ന് ഷെഫീൽഡിൽ മൂന്നു പേരും ചെസ്റ്റർഫീൽഡിൽ ഒരാളും അറസ്റ്റിലായി.അറസ്റ്റിലായ യുവാക്കൾ 22, 31,36, 41 വയസുള്ളവരാണ്. ചെസ്റ്റർഫീൽഡിലെ വീട്ടിലേയ്ക്ക് ആർമി ബോംബ് സ്ക്വാഡിനേയും അടിയന്തരമായി എത്തിച്ചു. വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് ബോംബ് സ്ക്വാഡ് എത്തിയത്. അറസ്റ്റിലായവരെ വെസ്റ്റ് യോർക്ക് ഷയറിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
ചെസ്റ്റർഫീൽഡിലെ അറസ്റ്റിനെ തുടർന്ന് സമീപ വീടുകളിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. റോഡുകളും ബ്ലോക്ക് ചെയ്തു. വൻ പോലീസ് സന്നാഹത്തെത്തുടർന്ന് ജനങ്ങളും ആശങ്കയിലായി. സമയാസമയങ്ങളിൽ റെയ്ഡിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് ജനങ്ങളുമായി പങ്കുവെച്ചിരുന്നു. ബ്രിട്ടണിലെ ക്രിസ്മസ് മാർക്കറ്റുകളിൽ സ്ഫോടനം നടത്താനുള്ള ഇസ്ളാമിക് സ്റ്റേറ്റിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നത് ഏറ്റവും നിർണായകമായ സമയത്താണെന്ന് പോലീസ് കരുതുന്നു. മാർക്കറ്റുകളിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയാണ് പോലീസ് തകർത്തത്.
ഫൈസല് നാലകത്ത്
ഡിസംബര് 16ന് ലണ്ടനില് നടന്ന ആവേശകരമായ 9താമത് ലണ്ടന് മീലാദ് മഹാസമ്മേളനത്തിന് പ്രൌഢഗംഭീരമായ സമാപനം. ഉച്ചസമയം 12ന് ആരംഭിച്ച പരിപാടികള് രാത്രി 11 മണിവരെ നീണ്ടുനിന്നു. വിദ്യാര്ഥികളുടെ കലാപരിപാടികള്, ദഫ് മുട്ട്, ഓഫ് സ്റ്റേജ് മത്സര പരിപാടികള്, വലിയവരുടെ കലാപരിപാടികള്, മൗലിദ് സദസ്സ്, മദ് ഹുറസൂല് പ്രഭാഷണങ്ങള്, ആത്മീയ മജിലിസ് പ്രാര്ത്ഥന സദസ്സുകള് തുടങ്ങിയവയെ കൊണ്ട് സദസ്സ് ധന്യമായി.
തുടര്ന്ന് നടന്ന സംസ്കാരിക സമ്മേളനത്തിന് യുകെയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ പ്രധാന അംഗവുമായ സയ്യിദ് മുഹമ്മദ് അല്അഷ്റഫി അല്ജീലാനി നേതൃത്വം നല്കി. മത ജാതി ഭേദംമേനൃ മാനവ കുലത്തിന് സമാധാനവും സ്നേഹവും പ്രധാനം നല്കുന്നതിനു വേണ്ടിയാണ് പ്രവാചകന് നിയോഗിക്കപ്പെട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തില് വളരെയധികം പ്രാധാന്യം അര്ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. പരിപാടിയുടെ മുഖ്യ ഇനമായ ആത്മീയ സദസ്സ് ജനങ്ങള് വളരെ ആവശ്യത്തോടെയാണ് സ്വീകരിച്ചത്. യുകെയുടെ പല ഭാഗങ്ങളില്, ഒരു മാസക്കാലമായി നടന്ന മീലാദ് പരിപാടികള്ക്കു ഇതോടെ പരിസപ്തിയായി.

കഴിഞ്ഞ ഒമ്പതു വര്ഷമായി അല്ഇഹ് സാന് നടത്തിവരുന്ന മീലാദ് സമ്മേളനങ്ങള് വളരെ വിജയകരമായാണ് സമാപിക്കാറുള്ളത്. യുകെയിലെ രജിസ്ട്രേഡ് ചാരിറ്റിയായ അല്ഇഹ് സാന് സംഘടന വിവിധ സേവനങ്ങളാണ് മത ജാതി ഭേദമന്യേ സമൂഹത്തിനു നല്കിക്കൊണ്ടിരിക്കുന്നത്.
വിദ്യാര്ത്ഥികള്ക്കായുള്ള കരിയര് വര്ക്ക് ഷോപ്പുകള്, ദുരിതാശ്വാസ പ്രവര്ത്തനങ്ങള്, മലയാളഭാഷയെയും സംസ്കാരത്തെയും വിദ്യാര്ത്ഥികളില് പരിചയപ്പെടുത്താനുള്ള മധുര മലയാളം പരിപാടികള്, ലൈബ്രറികള് പഠന ക്യാമ്പുകള് കുടുംബസംഗമങ്ങള്, വിദ്യാര്ഥികള്ക്കായുള്ള ആത്മീയ വിദ്യാഭ്യാസം, ഫാമിലി കൗണ്സിലിംഗ് പരിപാടികള്, സ്പോര്ട്സ് ആക്ടിവിറ്റി തുടങ്ങിയ ധാരാളം പ്രവര്ത്തനങ്ങള് സമൂഹത്തിന് സമര്പ്പിച്ചിട്ടുണ്ട്. ഇനിയും ധാരാളം പദ്ധതികളും പ്രവര്ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന് അല്ഇഹ് സാന് മുഖ്യ കാര്യദര്ശി ഖാരിഹ് അബ്ദുല് അസീസ് അഭിപ്രായപ്പെട്ടു.

യുകെയുടെ വിവിധ ഭാഗങ്ങളില്നിന്നും വന്നെത്തിയ ജന സഞ്ചയം മീലാദ് മഹാസമ്മേളനത്തിനു സാക്ഷിയായി. പരിപാടികളുടെ വിജയത്തിനും സുഖകരമായ നടത്തിപ്പിനും പലവിധത്തിലുളള സഹായസഹകരണങ്ങള് ചെയ്ത എല്ലാവര്ക്കും എല്ലാവിധ നന്ദിയും സന്തോഷവും അറിക്കുന്നതായി പരിപാടിയുടെ കോഡിനേറ്ററായ എ.സി.സി ഗഫൂര് സൗത്താല്, പി.ര്.ഓ അപ്പഗഫൂര്, കണ്വീനറായ റഷീദ് വില്സ്ടോണ് തുടങ്ങിയവര് അറിയിച്ചു.
പരിപാടിക്ക് അല്ഇഹ് സാന് പ്രധാന കാര്യദര്ശി ഖാരിഹ് അബ്ദുല് അസീസ് സ്വാഗതവും സിറാജ് ഓവണ് നന്ദിയും അറിയിച്ചു.
ചേര്ത്തല: ആലപ്പുഴ ജില്ലയില് ചേര്ത്തലയില് മുപ്പത്തൊന്നാം വാര്ഡില് താമസിക്കുന്ന പ്രദീപും കുടുംബവും ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള് പ്രണവി രണ്ടു വര്ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്പ്പെടുത്താന് തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും യാതൊരുവിധ ശമനവും കിട്ടാതെ വന്നപ്പോളാണ് ചികിത്സിച്ച ഡോക്ടര്മാരുടെ അഭിപ്രായപ്രകാരം കൂടുതല് പരിശോധനകള് നടത്തിയത്. തുടര്ന്ന് എറണാകുളം മെഡിക്കല് സെന്ററില് പോവുകയും തുടര്ന്ന് നടത്തിയ പരിശോധനകളില് പ്രണവി ലുക്കീമിയ എന്ന മഹാരോഗത്തിനു അടിമയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ലിഫ്റ്റ് ജോലിക്കാരനായ പ്രദീപ് തന്നാല് കഴിയുന്ന ചികിത്സകളെല്ലാം പ്രണവിക്ക് നല്കിയെങ്കിലും യാതൊരു ശമനവും പ്രണവിക്ക് ലഭിച്ചില്ല. ഡോക്ടര്മാരുടെ നിര്ദേശപ്രകാരം പ്രണവിയെ അധികം താമസിയാതെ RCC യിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം രൂപ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത പ്രദീപ് പലരില്നിന്നും കടം വാങ്ങി ചിലവാക്കിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത് ഒന്നര വര്ഷക്കാലം കൂടി കീമോ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോള് പറഞ്ഞിരിക്കുന്നത്.
പ്രിയമുള്ളവരേ ഉണ്ണി ഈശോയെ സ്വീകരിക്കാന് ഒരുങ്ങിയിരിക്കുന്ന നമുക്ക് ഈ മൂന്നുവയസുകാരി പ്രണവിയില് ഉണ്ണി ഈശോയെ ദര്ശിച്ചു നമ്മളാല് കഴിയുന്ന സഹായം നല്കി ഈ ക്രിസ്മസ് രാവ് അര്ത്ഥപൂര്ണമാക്കം. നിങ്ങളാല് കഴിയുന്ന സഹായം ഡിസംബര് മുപ്പത്തി ഒന്നിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കൂടുതല് വിവരങ്ങള്ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ലണ്ടന്: എന്എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് ഭയാനകമെന്ന് പുതിയ കണക്കുകള്. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് എന്എച്ച്എസ് നേരിടുന്നതെന്നാണ് പുതിയ വിശകലനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്മാരുടെ ഒഴിവുകള് ചരിത്രത്തില് ആദ്യമായി 10,000 കടന്നു. നഴ്സുമാരുടെ പോസ്റ്റുകള് 40,000 കടന്നുവെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്ദ്ധിക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജോലി സാഹചര്യങ്ങള് മോശമാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണത്തില് കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന.
ഏകദേശം പത്തിലൊന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിന്റര് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്താണ് എന്എച്ച്എസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമത്തെയാണെന്ന വിവരവും പുറത്ത് വരുന്നത്. വിന്ററിന്റെ ആദ്യ ആഴ്ചകളില്ത്തന്നെ ആശുപത്രികള് നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം വാര്ത്തകള് വന്നിരുന്നു. എന്എച്ച്എസ് ശരിയായി പ്രവര്ത്തിക്കണമെങ്കില് 2027ഓടെ 1,90,000 ജീവനക്കാര് കൂടുതലായി വേണ്ടിവരുമെന്ന് ഹെല്ത്ത് എജ്യുക്കേഷന് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ 80ലേറെ എന്എച്ചഎസ് ട്രസ്റ്റുകളില് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില് ലേബറാണ് ഈ വിവരങ്ങള് പുറത്തു വിട്ടത്. എന്എച്ച്എസ് ജീവനക്കാരോടുള്ള കണ്സര്വേറ്റീവ് പാര്ട്ടിയുടെ സമീപനം ജീവനക്കാര്ക്കും രോഗികള്ക്കും ഒരേപോലെ ദോഷകരമാണെന്ന് ഷാഡോ ഹെല്ത്ത് സെക്രട്ടറി ജോനാഥന് ആഷ്വര്ത്ത് പറഞ്ഞു.
സ്വന്തം ലേഖകന്
ഈ ക്രിസ്തുമസ് വാരത്തില് ഒരു പുണ്യ പ്രവര്ത്തിയിലൂടെ ഒരു കുടുംബത്തെ തീരാ വേദനയില് നിന്നും രക്ഷിക്കാന് ഒരു കുഞ്ഞു സഹായം ചെയ്യാന് നിങ്ങള് തയ്യാറാണോ? എങ്കില് ഈ പാവം കുടുംബിനിയെ ഒന്ന് സഹായിക്കുക. നിങ്ങള് നല്കുന്ന സഹായം എത്ര ചെറുതായാലും അത് ഒരു ജീവന് രക്ഷപ്പെടാനും അതിലൂടെ അനാഥത്വത്തില് നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുഞ്ഞിന് അമ്മയുടെ സുരക്ഷിതത്വം നല്കാനും കാരണമായേക്കാം
ഏകദേശം 21 വര്ഷങ്ങള്ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില് നിന്നും മാസങ്ങള് നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്ളോറന്സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്പ്പാലത്തില് എത്തപ്പെട്ടിരിക്കുന്നു
നിരന്തരമായ ചികിത്സകള്ക്കൊടുവില് തങ്ങള്ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്ളോറന്സും ഭര്ത്താവും ജീവിതത്തില് സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്സറിന്റെ രൂപത്തില് (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു

ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്
ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള് സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില് ഫ്ളോറന്സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന് കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന് ശ്രമിക്കാം
ഈ ചെറിയ സഹായം ചെയ്യാന് നിങ്ങള് മനസ്സ് കാണിക്കുന്നുവെങ്കില് ആ തുക അയയ്ക്കേണ്ട അക്കൗണ്ട് ഡീറ്റയില്സ് താഴെ കൊടുത്തിരിക്കുന്നു. ഫ്ലോറന്സിന്റെ അക്കൗണ്ട് വിവരങ്ങളും യുകെയിലെ കേംബ്രിഡ്ജില് താമസിക്കുന്ന ഇവരെ സഹായിക്കാന് മുന്നോട്ട് വന്നിരിക്കുന്ന ബിജു ആന്റണിയുടെ അക്കൗണ്ട് വിവരങ്ങളും ആണ് താഴെ. ഏത് അക്കൌണ്ടിലെക്കും നിങ്ങള്ക്ക് പണമയക്കാം.
Florance Roy
Canara Bank, Kothamangalam
A/c No. 0712101023822
IFS Code. CNRB0000712
Biju Mappalakayil Antony
Sort code: 201722
A/C Number: 70449369
ജോഷി സിറിയക്
കൊവെന്ട്രി: യുകെയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില് പെട്ട ഗായക സംഘങ്ങളെയും ക്വയര് ഗ്രൂപ്പുകളെയും കോര്ത്തിണക്കി ഗര്ഷോം ടിവിയും പ്രമുഖ സംഗീത ബാന്ഡായ ലണ്ടന് അസാഫിയന്സും ചേര്ന്ന് നടത്തിയ എക്യൂമെനിക്കല് ക്രിസ്മസ് കരോള് ഗാനമത്സരം ജോയ് റ്റു ദി വേള്ഡിന് ആവേശോജ്ജ്വലമായ സമാപനം. തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള് മാറ്റുരച്ചപ്പോള് ആദ്യകിരീടം ചൂടിയത് കരോള് ഫോര് ക്രൈസ്റ്റ്, ലിവര്പൂള് ആണ്. രണ്ടും മൂന്നും സ്ഥാനങ്ങള് യഥാക്രമം ലെസ്റ്റര് മദര് ഓഫ് ഗോഡ് ചര്ച്ച് ക്വയറും, ബര്മിങ്ഹാം നോര്ത്ത് ഫീല്ഡ് ക്വയറും സ്വന്തമാക്കി. നാലാം സ്ഥാനം സൗണ്ട്സ് ഓഫ് ബേസിംഗ്സ്റ്റോക്കും ഡിവൈന് വോയ്സ് നോര്ത്താംപ്ടനും പങ്കിട്ടു.

ഡിസംബര് 16 ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടി ബര്മിങ്ഹാമിലെ കുട്ടികള് അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച കരോള് സന്ധ്യയുടെ ഉദ്ഘാടനം ഗ്രെയ്റ്റ് ബ്രിട്ടന് സീറോമലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് നിര്വഹിച്ചു. യുകെ ക്രോസ്സ് കള്ച്ചറല് മിനിസ്ട്രീസ് ഡയറക്ടര് റെവ.ഡോ. ജോ കുര്യന് ക്രിസ്മസ് സന്ദേശം നല്കി. ലെസ്റ്റര് സെന്റ്. ജോര്ജ് ഇന്ത്യന് ഓര്ത്തഡോക്ള്സ് പള്ളി വികാരി റെവ.ഫാ.ടോം ജേക്കബ്, റെവ. സാമുവേല് തോമസ് എന്നിവര് ആശംസകളര്പ്പിച്ചു സംസാരിച്ചു. ഗര്ഷോം ടിവി മാനേജിങ് ഡയറക്ടര്മാരായ ജോമോന് കുന്നേല്, ബിനു ജോര്ജ്, ലണ്ടന് അസാഫിയന്സ് സെക്രട്ടറി സുനീഷ് ജോര്ജ് എന്നിവര് സന്നിഹിതരായിരുന്നു.

ദൈവപുത്രന്റെ ജനനത്തിന് സ്വാഗതമോതി ഗായകസംഘങ്ങള് അരങ്ങിലെത്തിയപ്പോള് വില്ലന്ഹാള് സോഷ്യല് ക്ലബില് തിങ്ങിക്കൂടിയ ആസ്വാദകരുടെ കാതുകള്ക്ക് ഇമ്പകരവും കണ്ണുകള്ക്ക് കുളിര്മഴയുമായി കരോള് ഗാനസന്ധ്യ മാറുകയായിരുന്നു. കരോള് ഗാന മത്സരത്തില് വിജയികള് ആയവര്ക്ക് എവര്റോളിങ് ട്രോഫിയും ക്യാഷ് അവാര്ഡുകളും സമ്മാനിച്ചു. ഒന്നാം സമ്മാനാര്ഹരായ ലിവര്പൂള് കരോള് ഫോര് ക്രൈസ്റ്റ് ടീമിന് ഗര്ഷോം ടിവി സ്പോണ്സര് ചെയ്ത 1000 പൗണ്ട് ക്യാഷ് അവാര്ഡും ലണ്ടന് അസാഫിയന്സ് നല്കിയ എവര്റോളിങ് ട്രോഫിയും ലഭിച്ചു. രണ്ടാം സമ്മാനം നേടിയ ലെസ്റ്റര് ക്വയര്, ഇന്ഫിനിറ്റി ഫൈനാന്ഷ്യല്സ് ലിമിറ്റഡ് സ്പോണ്സര് ചെയ്ത 500 പൗണ്ടും എവര്റോളിങ് ട്രോഫിയും സ്വന്തമാക്കിയപ്പോള്, മൂന്നാമതെത്തിയ നോര്ത്ത്ഫീല്ഡ് ക്വയര് ബിര്മിംഹാമിന് ലവ് ടു കെയര് ഹെല്ത്കെയര് ഏജന്സി സ്പോണ്സര് ചെയ്ത 250 പൗണ്ടും എവര്റോളിങ് ട്രോഫിയും ലഭിച്ചു. വിജയികള്ക്ക് ബിഷപ്പ് മാര് ജോസഫ് ശ്രാമ്പിക്കല്, റെവ.ഡോ. ജോ കുര്യന്, ഫാ. ഫാന്സ്വാ പത്തില്, ഫാ. ജോര്ജ് തോമസ്, ഫാ.ജിജി, ജോമോന് കുന്നേല്, മാത്യു അലക്സാണ്ടര് എന്നിവര് സമ്മാനങ്ങള് വിതരണം ചെയ്തു.

കരോള് ഗാന മത്സരങ്ങള്ക്ക് ശേഷം ലണ്ടന് അസഫിയാന്സിന്റെ നേതൃത്വത്തില് 25 ഓളം കലാകാരന്മാര് അണിനിരന്ന ലൈവ് ഓര്ക്കസ്ട്രയോടുകൂടിയ സംഗീതവിരുന്ന് കരോള് ഗാനസന്ധ്യക്ക് നിറം പകര്ന്നു. അസാഫിയന്സിന്റെ ഏറ്റവും പുതിയ സംഗീത ആല്ബം ‘ബികോസ് ഹി ലിവ്സ്’ന്റെ പ്രകാശനവും വേദിയില് വച്ച് നിര്വഹിച്ചു. ജാസ്പര് ജോസഫ്, സ്റ്റീഫന് ഇമ്മാനുവേല്, ജോബി വര്ഗീസ്, ലിഡിയ ജെനിസ് എന്നിവര് കരോള് മത്സരങ്ങളുടെ വിധിനിര്ണ്ണയം നിര്വഹിച്ചു. ഗര്ഷോം ടിവിക്കു വേണ്ടി അനില് മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവരാണ് അവതാരകരായി എത്തിയത്.

ജോയ് ടു ദി വേള്ഡിന്റെ രണ്ടാം പതിപ്പ് കൂടുതല് ടീമുകളുടെ പങ്കാളിത്തത്തോടെ 2018 ഡിസംബര് 8 ശനിയാഴ്ച നടത്താന് തീരുമാനിച്ചതായും ഇത്തവണത്തെ പ്രോഗ്രാം വന് വിജയമാക്കുവാന് യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും എത്തിച്ചേര്ന്ന ഗായകസംഘങ്ങള്ക്കും, കാണികളായെത്തിയവര്ക്കും വിജയത്തിന് പിന്നില് പ്രവര്ത്തിച്ച ഏവര്ക്കും നന്ദിയര്പ്പിക്കുന്നതായും സംഘാടകര് അറിയിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയറിനോട് അനുബന്ധിച്ചു നടത്തുന്ന വാര്ഷിക ചാരിറ്റിയില് യുകെയിലുള്ള സ്നേഹമനസ്കരുടെ സഹായത്താല് സംഗമം അക്കൗണ്ടിലേക്ക് 2500 പൗണ്ട് എത്തിച്ചേര്ന്നിരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം ഈ വര്ഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്ക് കടക്കുകയാണു. നമ്മളെല്ലാം യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ രണ്ട് കുടുംബങ്ങളെ കൂടി ഓര്ക്കണമേ എന്ന് വിനീതമായി ഓര്മ്മപ്പെടുത്തുന്നു.
നമ്മുടെ ഇവിടുത്തെ ജീവിതാവസ്ഥയില് നമ്മളാല് കഴിയും വിധം നാട്ടില് അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബങ്ങള്ക്ക് ചെറിയ ഒരു ആശ്വാസം നല്കാന് കഴിഞ്ഞാല് ഈ ക്രിസ്തുമസ് നോയമ്പ് കാലത്ത് നമ്മള് ചെയ്യുന്നത് വലിയ ഒരു പുണ്യപ്രവര്ത്തി തന്നെ ആയിരിക്കും. ഇടുക്കി ജില്ലാ സംഗമം രണ്ട് നിര്ധന കുടുംബങ്ങളെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു.
തൊടുപുഴ കുമാരമംഗലത്തുള്ള ഒരു കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള് ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന് ഒരു ജോലിക്ക് പോകാന് സാധിക്കാതെ അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ കഴിക്കുന്നു. ഇവര്ക്ക് താമസിക്കുവാന് അടച്ചുറപ്പുള്ള ഒരു വീടോ മറ്റു സൗകര്യമോ ഇല്ല. ടാര്പോളിന് മറച്ച ഷെഡില് ആണ് ഇവരുടെ വാസം. ഇവര്ക്ക് രണ്ടാള്ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്ക്കാരുടെയും നല്ല മനുഷ്യരുടേയും സഹായത്താല് ഓരോ ദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ടപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങള്ക്ക് നിങ്ങളുടെ വരുമാനത്തില് നിന്നും ഒരു ചെറു സഹായം ചെയ്താല് യേശുദേവന്റെ പിറവിയുടെ നാളുകളില് നിങളുടെ കുടുബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ക്രിസ്മസ് ആഘോഷമായി മാറും.

ഇടുക്കി നാരകക്കാനത്തുള്ള പൂര്ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുന്പ് സ്ട്രോക്ക് ഉണ്ടായി കട്ടിലില് പരസഹായത്താല് കഴിയുന്നു. ഈ യുവാവിന് ഒരു സര്ജറി നടത്തിയാല് ഒരുപക്ഷേ എഴുന്നേറ്റു നടക്കുവാന് സാധിക്കും എന്ന് ഡോക്ടര്മാര് പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില് മരണമടഞ്ഞു. ജ്യേഷ്ഠ സഹോദരന് കൂലിവേല ചെയ്തു ജീവിക്കുവേ തെങ്ങില് നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന് കഴിയാത്ത അവസ്ഥയിലും.
ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുംവിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല് കഴിയും വിധം ഉണ്ടായാല് ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും ആകും. ബൈബിള് വാക്യം പോലെ, നിങ്ങളുടെ സല്പ്രവര്ത്തികള് ദൈവ സന്നിധിയില് സ്വര്ഗീയ നിക്ഷേപമായി മാറും. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിനേക്കാള് വലിയ ഒരു പുണ്യം വേറെയില്ല.
നിങ്ങള് നല്കുന്ന തുക ഈ രണ്ടു കുടുംബങ്ങള്ക്കുമായി തുല്യമായി വീതിച്ചു നല്കുന്നതാണ്. നിങളുടെ ഈ വലിയ സഹായത്തിനു ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില് അയക്കുക. ചാരിറ്റിയെ കുറിച്ച് കൂടുതല് വിവരങ്ങള്ക്ക് കണ്വീനര് പീറ്റര് താണോലി 07713 183350, അല്ലങ്കില് മറ്റ്
ഏതെങ്കിലും കമ്മറ്റി മെമ്പര്മാരെയോ വിളിക്കാവുന്നതാണ്.
IDUKKIJILLA SANGAMAM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92.
നിങ്ങളാല് കഴിയുന്ന ഒരു സഹായം ഈ കുംടുംബങ്ങള്ക്ക് നല്കണമേ എന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി വിനീതമായി അപേക്ഷിക്കുന്നു.
സറേ: ഹെല്ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ മണ്ഡലമായ സറേയില് ഡെന്റിസ്റ്റുകള് എന്എച്ച്എസ് രോഗികള്ക്ക് ചികിത്സ നല്കാന് മടിക്കുന്നു. ഡെന്റല് സര്വീസ് ബജറ്റില് വരുത്തിയ വെട്ടിക്കുറയ്ക്കലുകല് മൂലമാണ് ഈ പ്രതിഷേധം. സറേയിലെ മൂന്ന് പ്രദേശങ്ങളില് എന്എച്ച്എസ് രോഗികള്ക്ക ദന്തചികിത്സ പൂര്ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ പകുതിയോളം സര്ജറികള് പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. വര്ഷങ്ങളായി കുറഞ്ഞ ബജറ്റിലാണ് തങ്ങള് സേവനം നടത്തി വന്നതെന്നും അവയില് നിന്നാണ് ഇപ്പോള് വെട്ടിക്കുറയ്ക്കലുകള് നടത്തിയിരിക്കുന്നതെന്നുമാണ് ഡെന്റിസ്റ്റുകള് പറയുന്നത്. 2006ല് ഒരു രോഗിക്ക് 35 പൗണ്ട് എന്നതായിരുന്നു ഫണ്ടിംഗ് ലഭിച്ചിരുന്നത്. അതില് നിന്ന് 7.50 പൗണ്ട് ഇപ്പോള് കുറച്ചിരിക്കുകയാണ്.
കുട്ടികളുടെ ദന്തപ്രശ്നങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ദന്തക്ഷയത്തിന് ആക്സിഡന്റ് ആന്ഡ് എമര്ജന്സികളില് ഇപ്പോള് സൗജന്യ ചികിത്സ നല്കാന് കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി 160 കുട്ടികളെ ഈ ദന്തരോഗവുമായി ഡെന്റിസ്റ്റുകള്ക്ക് അരികില് എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറല് അനസ്തേഷ്യ നല്കി പല്ലെടുക്കുന്ന കുട്ടികളുടെ എണ്ണത്തില് 2012നെ അപേക്ഷിച്ച് 10 ശതമാനം വര്ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്: വിന്ററില് രോഗബാധകള് നിരീക്ഷിക്കുന്നതിന് സാങ്കേതികതയുടെ സഹായം തേടി എന്എച്ച്എസ്. പബ്ലിക് ഹെല്ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്പ്പെടുത്താനാണ് നീക്കം. നോറോവൈറസും വിന്ററിനോടനുബന്ധിച്ചുണ്ടാകുന്ന പകര്ച്ചവ്യാധികളും തടയാന് ലക്ഷ്യമിട്ടാണ് ഈ നിരീക്ഷണ സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആശുപത്രികളില് എത്ര രോഗികള് പ്രവേശിപ്പിക്കപ്പെടാന് ഇടയുണ്ടെന്ന് നേരത്തേ മനസിലാക്കാന് സാധിക്കും.
അപ്രകാരം ആവശ്യമുള്ള രോഗികള്ക്കു വേണ്ടി ശസ്ത്രക്രിയകള് മാറ്റിവെക്കാനും കിടക്കകള് തയ്യാറാക്കിവെക്കാനും സാധിക്കും. 2012ലെ ഒളിമ്പിക്സിന്റെ സമയത്ത് രോഗങ്ങള് പ്രവചിക്കാനായി ഈ വിധത്തില് ഡേറ്റ തയ്യാറാക്കിയിരുന്നു. ഈ വര്ഷം പ്രാദേശികമായുള്ള വിന്റര് ഓപ്പറേഷന് ടീമുകളില് നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങളും ഇതിനൊപ്പം ചേര്ത്താണ് രോഗങ്ങളേക്കുറിച്ചുള്ള പ്രവചനം സാധ്യമാക്കുന്നത്.
പബ്ലിക് ഹെല്ത്ത് ഇംഗ്ലണ്ട് ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. ജിപി പ്രാക്ടീസുകളില് നിന്നും ആക്സിഡന്റ് ആന്ഡ് എമര്ജന്സികളില് നിന്നുമുള്ള വിവരങ്ങളും ഉള്പ്പെടുത്തിയാണ് ഡേറ്റ തയ്യാറാക്കുന്നത്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ രോഗങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത് ആശുപത്രികള്ക്ക് തയ്യാറാകാനുള്ള സമയം നല്കും. രോഗികള് നിറഞ്ഞ് വാര്ഡുകള് അടക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
ലണ്ടന്: മൃതദേഹങ്ങള് സംസ്കരിക്കുന്നതിന് പ്രകൃതിക്കിണങ്ങുന്ന രീതി ആവിഷ്കരിക്കാന് പദ്ധതി തയ്യാറാക്കിയ കൗണ്സിലിന് വാട്ടര് കമ്പനികളുടെ എതിര്പ്പ്. വെസ്റ്റ് മിഡ്ലാന്ഡ്സിലെ സാന്ഡ്വെല് മെട്രോപോളിറ്റന് കൗണ്സിലാണ് മൃതശരീരങ്ങള് അലിയിച്ചു കളയുന്ന പദ്ധതി നടപ്പാക്കാന് ഒരുങ്ങിയത്. വാട്ടര് ക്രിമേഷന് നടത്തുന്നതിനായി റൗളി റെജിസ് ക്രിമറ്റോറിയത്തില് 3 ലക്ഷം പൗണ്ട് ചെലവ് വരുന്ന റെസ്റ്റോമേറ്റര് സ്ഥാപിക്കാനും കൗണ്സില് അനുമതി നല്കിയിരുന്നു. ആല്ക്കലൈന് ഹൈഡ്രോളിക്സ് എന്ന രീതിയിലാണ് ഇതിലൂടെ സംസ്കാരം നടത്തുന്നത്.
രാസവസ്തുക്കളും ചൂടൂം മര്ദ്ദവും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ സംസ്കാരം നടത്തുമ്പോള് മൂന്ന് മണിക്കൂറുകള്ക്കുള്ളില് ശരീരഭാഗങ്ങള് അലിഞ്ഞ് ഇല്ലാതാകുകയും അസ്ഥികള് മാത്രം ശേഷിക്കുകയും ചെയ്യും. പിന്നീട് സാധാരണ ക്രിമേഷനുകളില് ഉപയോഗി്കുന്നതിനേക്കാള് കുറച്ച് ഊര്ജ്ജം മാത്രം മതിയാകും ഇത്തരത്തിലുള്ള സംസ്കാരത്തിനെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതിനു ശേഷം ബാക്കി വരുന്ന രാസമിശ്രിതം പരിശോധനയ്ക്ക് വിധേയമാക്കുകയും ദോഷകരമല്ലെന്ന് കണ്ടെത്തിയാല് വാട്ടര് സപ്ലൈയിലേക്ക് ഒഴുക്കിക്കളയാനുമാണ് പദ്ധതി.
എന്നാല് ഇതിനെതിരെ സെവേണ് ട്രെന്റ് വാട്ടര് കമ്പനി രംഗത്തെത്തിക്കഴിഞ്ഞു. അവശിഷ്ട ജലം ഒഴുക്കിക്കളയാനുള്ള ട്രേഡ് എഫ്ളുവന്റ് ലൈസന്സ് നല്കണമെന്ന ക്രിമറ്റോറിയത്തിന്റെ അപേക്ഷ കമ്പനി നിരസിക്കുകയായിരുന്നു. ആല്ക്കലൈന് ഹൈഡ്രോളിക്സ് അവശിഷ്ടങ്ങള് എങ്ങനെ ഒഴുക്കിക്കളയാമെന്ന കാര്യത്തില് മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഡിപ്പാര്ട്ട്മെന്റ് ഓഫ് എന്വയണ്മെന്റ്, ഫുഡ് ആന്ഡ് റൂറല് അഫയേഴ്സ് എന്നിവയുടെ മാര്ഗനിര്ദേശങ്ങള്ക്കായി കാത്തിരിക്കുകയാണ് കമ്പനി.
ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില് നിലവില് ഈ ശവസംസ്കാര രീതി നടന്നു വരുന്നുണ്ട്. കനേഡിയന് കമ്പനിയായ അക്വാഗ്രീന് കഴിഞ്ഞ വര്ഷം 200 വാട്ടര് ക്രിമേഷനുകള് നടത്തിക്കഴിഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങള് രണ്ട് തവണ ഫില്ട്ടര് ചെയ്ത ശേഷമാണ് ഒന്റാരിയോ വാട്ടര് സപ്ലൈയിലേക്ക് ഒഴുക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.