UK

കൊച്ചി : ബ്ലെസി – പൃഥ്വിരാജ് – എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിൽ ഓസ്‌ക്കാർ ജേതാവ് ശ്രീ:എ.ആര്‍.റഹ്‌മാന്‍ ആലപിച്ച ഹോപ്പ് സോങ്ങിന് ഡി എൻ എഫ് റ്റി പുറത്തിറക്കി ടെക് ബാങ്ക് മൂവീസ് ലണ്ടൻ. ഓസ്‌കാര്‍ ജേതാവായ ശ്രീ: എ ആർ റഹ്‌മാനും ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ട്റുമായ ശ്രീ: സുഭാഷ് ജോർജ്ജ് മാനുവലും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ഡി എൻ എഫ് റ്റി മിന്റ് ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസിക്കും , നായകൻ പൃഥ്വിരാജിനും , സംഗീത സംവിധായകനായ ശ്രീ: എ ആർ റഹ്‌മാനും, ശ്രീ: മോഹൻലാലും, സുഭാഷ് ജോർജ്ജ് മാനുവലും ചേർന്ന് ഡി എൻ എഫ് റ്റി മൊമന്റോ നൽകി ആദരിച്ചു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്കായി ഈ മാസം 28-നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രീ: എ.ആര്‍. റഹ്‌മാനാണ്. ഹോപ് എന്ന  ​ഗാനമാണ് ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷ എന്ന ആശയമാണ് ഈ ​ഗാനം പങ്കുവെയ്ക്കുന്നത്. ശ്രീ: എ.ആർ. റഹ്മാൻ തന്നെയാണ് ​ഈ ഗാനരം​ഗത്തിൽ അഭിനയിക്കുന്നതും. അവതരണമികവുകൊണ്ടും ആസ്വാദന ഭംഗികൊണ്ടും ജനശ്രദ്ധ നേടിയ ഈ ഹോപ്പ് സോങ്ങ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ: എ ആർ റഹ്‌മാൻ തന്റെ ശബ്ദത്തിൽ അഞ്ച് ഭാഷകളിൽ ആലപിച്ച ഈ ഹോപ്പ് സോങ്ങിനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡി എൻ എഫ് റ്റി പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആയി മറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും , ഏഴ് വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും ശേഷം റിലീസിനൊരുങ്ങുന്ന ആടുജീവിതം നിർമ്മിക്കുന്നത് വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നതായിരിക്കും .

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു . 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം ( യുകെ സമയം 2 pm) സൂം പ്ലാറ്റ്‌ഫോമിൽ ആണ് സെമിനാർ നടത്തുന്നത് .

വിഷയങ്ങളും പ്രഭാഷകരും ഇവയാണ്.

1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ,
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്
3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.
മീറ്റിംഗ് ഐഡി 83164185202
പാസ്‌വേഡ് 643830 .
കൂടുതൽ വിവരങ്ങൾ അറിയാൻ 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ. ജിമ്മിയെ ബന്ധപ്പെടുക.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഹൃദയഹാരിയായ നിരവധി ഗാനങ്ങളുമായി സംഗീത സാന്ദ്രമായ ഒരു സായാഹ്നം അണിയിച്ചൊരുക്കുകയാണ്‌ ഡെര്‍ബിയിലെ ഗായകര്‍. ആഴ്ചകളോളം നീണ്ട ചിട്ടയായ പരിശീലനത്തിനൊടുവിലാണ്‌ ഇവര്‍ വേദിയിലെത്തുന്നത്‌ . മാര്‍ച്ച്‌ 16 നു വൈകുന്നേരം 5 മണിക്ക്‌ മിക്കിളോവര്‍ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ നടക്കുന്ന ഗാനമേളയില്‍ പതിനഞ്ചു ഗായകരാണ്‌ വേദിയിലെത്തുന്നത്‌ .

വൈവിധ്യമാര്‍ന്ന ഒട്ടേറെ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്‌ ഇതിന്റെ സംഘാടകരായ ബിജു വര്‍ഗീസും ജോസഫ്‌ സ്റ്റീഫനും. ഇതില്‍ പഴയ ഗാനങ്ങള്‍ മുതല്‍ ശാസ്ത്രീയ സംഗീതപ്രധാനമായവയും നാടന്‍ പാട്ടുകളും നാടക ഗാനങ്ങളും ‘അടിപൊളി’ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. യു കെ യിലെ പല സ്റ്റേജുകളിലും ഗാനങ്ങള്‍ അവതരിപ്പിച്ചു പ്രാവീണ്യം തെളിയിച്ചിട്ടുള്ള പല ഗായകരും ഇതില്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു.

ഈ സംഗീത സന്ധ്യയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ അവതരണരീതിയാണ്‌. ഓരോ ഗാനങ്ങളുടെയും പിന്നിലുള്ള കഥകള്‍ വിവരിച്ചു അവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുമാണ്‌ അവതരണം ക്രമീകരിച്ചിരിക്കുന്നത്‌ . വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ മെഗാ സ്റ്റേജ്‌ ഷോകളില്‍ അവതാരകരായി തിളങ്ങിയ രാജേഷ്‌ നായര്‍ , ഗ്രീഷ്മ ബിജോയ്‌ എന്നിവരാണ്‌ ഇതിന്റെ അവതാരകരാതെത്തുന്നത്‌ .

സംഗീത ആസ്വാദകര്‍ക്ക്‌ അസുലഭമായ ഒരു സായാഹവും ഒപ്പം ചുരുങ്ങിയ നിരക്കിലുള്ള സ്വാദിഷ്ടമായ ഭക്ഷണ ക്രമീകരണവും ഒരുക്കിയിട്ടുള്ള ഈ പരിപാടിയുടെ പ്രവേശനം സൗജന്യമായിരിക്കും.

സംഘാടകര്‍: ബിജു വര്‍ഗീസ്‌ , ജോസഫ്‌ സ്റ്റീഫന്‍
അവതാരകര്‍ : രാജേഷ്‌ നായര്‍, ഗ്രീഷ്മ ബിജോയ്‌
ഗായകര്‍: അലന്‍ സാബു , അലക്സ്‌ ജോയ്‌ , അതുല്‍ നായര്‍ , അയ്യപ്പകൃഷ്ണദാസ്‌ ,ബിജു വര്‍ഗീസ്‌ , ജോസഫ്‌ സ്റ്റീഫന്‍ , മനോജ് ആന്റണി , പ്രവീണ്‍ റെയ്മണ്ട്‌ , റിജു സാനി , ബിന്ദു സജി, ദീപ അനില്‍, ജിജോള്‍ വര്‍ഗീസ്‌ , ജിതാ രാജ്‌ , സിനി ബിജോ

ജെഗി ജോസഫ്

ആദരങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍. അമ്മ എന്ന വാക്കിന് സ്‌നേഹം എന്ന അര്‍ത്ഥമുള്ളത് പോലെ ആദരം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ജിഎംഎയുടെ മദേഴ്‌സ്‌ഡേ പ്രോഗ്രാം..

ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചതാണ് പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നിമിഷം. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയ്യടിയോടെ അമ്മമാരെ തങ്ങളുടെ സ്‌നേഹം അറിയിക്കുകയായിരുന്നു.

വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.

പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി, സെക്രട്ടറി അജിത്ത് അഗസ്റ്റിന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. മെയിൻ GMA യുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ ഏവർക്കും ആശംസകൾ നേർന്നു.

ട്രഷറർ മനോജ് ജേക്കബ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനുമോനും ബോബനും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു. നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.

ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച അമ്മമാരുടെ നാടകം ‘ അമ്മയ്‌ക്കൊരു ഉമ്മ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായിരുന്നു. ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.

മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും ഒക്കെയായി വേദി കീഴടക്കുകയായിരുന്നു ഏവരും. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മദേഴ്‌സ് ഡേ ആഘോഷം അവസാനിച്ചത്.

ലോറൻസിൻറെയും ബിനു പീറ്ററിൻറെയും നേതൃത്വത്തിൽ ഉപഹാറിൻ്റെ സ്റ്റെം സെൽ ഡോണർ ബോധവൽക്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറൻ്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.

ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആൻ്റണി ജോസഫ്, ദേവലാൽ സഹദേവൻ , ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആൻ്റണി ജെയിംസ്, ആൻ്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവരുടെ നേതൃത്വത്തിൽ ധാരാളം പേരുടെ കഠിന പ്രയതത്തിൻ്റെ ഫലമായിരുന്നു ഈ മനോഹരമായ സായാഹ്നം .

 

റോമി കുര്യാക്കോസ്
ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.
നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ  സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.
യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌  ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.
ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ  വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ  നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.
ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര  സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.
സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : കാർഡിഫ് ഡ്രാഗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തുന്ന ഒന്നാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് മാർച്ച് 16 -ന് ശനിയാഴ്ച കാർഡിഫിൽ ഉള്ള സ്‌പോർട് വെയിൽസ് സെന്റർ, സോഫിയ ഗാർഡൻസിൽ നടത്തപ്പെടുന്നതാണ്. മത്സങ്ങൾ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ റവ. ഫാദർ പ്രജിൽ പണ്ടാരപറമ്പിൽ ഉദ്ഘാടനം ചെയ്യും. യൂറോപ്പിലെയും യുകെയിലെയും നിന്നുള്ള 10 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.

സമാപനസമ്മേളനത്തിൽ ദി ലോർഡ് മേയർ ഓഫ് കാർഡിഫ് ഡോ ബാബിലിൻ മോളിക് വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 750 പൗണ്ടും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 500 പൗണ്ടും, മൂന്നും നാലും സ്ഥാനക്കാർക്ക് 250, 100പൗണ്ടും യഥാക്രമം ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക് ട്രോഫിയും ക്യാഷ്‌ അവാർഡും നൽകുന്നതാണ്.

കാർഡിഫിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ അയർലണ്ട്, വിയന്ന, കംബ്രിഡ്ജ്,, ലിവർപൂൾ, ഷെഫീൽഡ്, പ്രെസ്റ്റൻ, വാറ്റ്‌ഫോഡ്, പ്ലിമത്, കാർഡിഫ്, സ്വാൻസീ എന്നീ ടീമുകൾ അണിനിരക്കുന്നു. ടൂർണമെന്റിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ വോളിബോൾ താരങ്ങൾ അണിനിരക്കുന്ന ഈ മാമങ്കത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ജോസ് കാവുങ്ങൽ : 07894114824
ജിജോ ജോസ് : 07786603354

സണ്ണിമോൻ പി മത്തായി

വാട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിൻ സിഎഫ്, ജോസ്ലിൻ സിബിക്ക് ആദ്യ മെംബർഷിപ് നൽകിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ പി മത്തായി യോഗത്തിൽ അദ്ധൃഷത വഹിച്ചു.

ഒ.ഐ.സി.സി നാഷണൽ വർക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോൺഗ്രസ്സ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ നടത്തുവാനും, അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും സുജു തന്റെ പ്രസംഗത്തിൽ പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ചു.

ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നിൽക്കണ്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം രാജ്യത്തിനു അനിവാര്യമാണെന്നും, ഒഐസിസി തങ്ങളുടേതായ നിർണ്ണായക പ്രവർത്തനവും ഉത്തരവാദിത്വവും എടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ, മെഡിക്കൽ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അറുംകൊല വിഷയത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാൻ സമ്മർദ്ധം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്‌ഷൻ പ്രചാരണത്തിൽ, ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. സിജൻ ജേക്കബ്,മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

ചെംസ്ഫോർഡ്: ചെംസ്ഫോർഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ കുറ്റിക്കാട്ടിൽ ജേക്കബ് കുര്യൻ (53) നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് മരണം എന്നാണ് അറിയുന്നത്. ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് പരേതന്റെ കുടുംബം.

ശവസംസ്‌കാര വിവരങ്ങൾ ഒന്നും അറിവായിട്ടില്ല. ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്തിരിക്കുന്നതിനാൽ പിന്നീട് മാത്രമേ കൂടുതൽ വിവരങ്ങൾ അറിവാകുകയുള്ളു. ജേക്കബ് കുര്യന്റെ ആകസ്മിക വേർപാടിൽ പരേതന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച്‌ 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ്‌ ബ്രിസ്റ്റൾ.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും,നൃത്താധ്യാപികയുമായ ശ്രീമതി അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.

മലയാള ചലച്ചിത്ര ഗാനശാഖക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ ശ്രീ കെ ജെ ജോയിക്ക് ആദരം അർപ്പിച്ച് “നൊസ്റ്റാൾജിയ ”
എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.
പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും.
ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് :07754724879(വാട്സ്ആപ്പ് )

ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ വെച്ച് നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യുറോപ്യൻ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്‌, സ്വീഡൻ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, ജെഫ്-സാമുവൽ സഖ്യം മാറ്റുരക്കുക.

യുകെ യിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾ‍സ്‌ കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക്‌ തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്-സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ മിന്നും വിജയവും, തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാർ ആണ്.

കഴിഞ്ഞ വർഷം ‘യുകെകെസിഎ’ സംഘടിപ്പിച്ച അഖില യു കെ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ്ണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയാണ്.

ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകൻ ആണ് സാമുവേൽ. ദി കൂപ്പേഴ്‌സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ, ഇയർ 11 വിദ്യാർത്ഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻ ആയിരുന്നു. സ്ലൊവേനയിൽ വെച്ച് നടന്ന യൂറോപ്പ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾ‍സിൽ ഗോൾഡ് മെഡലും, സിംഗ്ൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.

സാമൂവലിന്റെ പിതാവ് ദീപക് എൻഎച്ച് എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജർ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

ഇംഗ്ലണ്ട് ഒന്നാം നമ്പർ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടിൽ ബാഡ്മിന്റൺ ഗോദയിൽ, മലയാളി സാന്നിദ്ധ്യം അരുളാൻ, മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

ബാഡ്മിന്റണിൽ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവൽ ദീപകിന്റെയും വലിയ അഭിലാഷം.

RECENT POSTS
Copyright © . All rights reserved