Uncategorized

ന്യൂസ് ഡെസ്ക്

മുംബൈയിൽ കനത്ത മഴയ്ക്കിടെ നഗരത്തിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് പ്രഭാദേവി റെയിൽവേ സ്റ്റേഷന്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാനിരുന്ന ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റെയിൽവേ കാൽനടപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു. കാൽനടപ്പാലത്തിനു സമീപം വലിയ ശബ്ദത്തോടെ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും സൂചനയുണ്ട്. ഇതും തിക്കിനും തിരക്കിനും കാരണമായോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്.

സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ എന്നല്ല യുകെ മലയാളികളുടെ ഓണാഘോഷ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ ആലേഖനം ചെയ്യുന്ന ഓണമായിയിരുന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) ഈ വര്‍ഷം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണാഘോഷ പരിപാടിയില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. ഇത് യുകെ മലയാളി സമൂഹത്തില്‍ നടന്ന ഏറ്റവും വലിയ ഓണഘോഷമായിരിക്കുമെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ അവകാശപ്പെട്ടു.

ഉച്ചക്ക് 12.30ന് രുചികരമായ ഓണ സദ്യയോട് കൂടി ആരംഭിച്ച പരിപാടികള്‍ അവസാനിച്ചത് രാത്രി ഒന്‍പതു മണിക്കാണ്. കേരളത്തിലെ മഹാന്മാരായ മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെ ജീവനോടെ അവതരിപ്പിച്ച കേരളീയം പരിപാടി പുതുമകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. അതിനെത്തുടര്‍ന്ന് അമ്പതു പേര്‍ കൂടി അവതരിപ്പിച്ച മെഗാ തിരുവാതിരകളി അവസാനിച്ചപ്പോള്‍ കാണികളുടെ നിലക്കാത്ത ദിഗന്തം ഭേദിക്കുന്ന കരഘോഷമാണുയര്‍ന്നത്.

ലിമയുടെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യ സ്‌കിറ്റ് എല്ലാവരെയും രസിപ്പിച്ചു. ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തിന് ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ സ്വാഗതം ആശംസിച്ചു. കേരള മുഖൃമന്ത്രി പിണറായി വിജയന്റെ ഓണശംസകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലിവര്‍പൂള്‍ മേയര്‍ ഫ്രാങ്ക് വാല്‍ഷ് മുഖ്യാതിഥിയായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8, ബാന്‍ഡ് 7 എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂളിലെ നേഴ്സുമാരെയും GCSC, A ലെവല്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയും ആദരിച്ചു.

പരിപാടികള്‍ക്ക് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു. പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും ലിമ നേതൃത്വം നന്ദി അറിയിച്ചു.

ബില്‍ജി തോമസ്

ജി.വൈ.എം.എ യുടെ 12-ാമത് ഓണാഘോഷ പരിപാടികള്‍ എക്കിള്‍ വാര്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് വര്‍ണശബളമായ രീതിയില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ വിശിഷ്ടാതിഥിയായി കോഴിക്കോട് ഗവ. സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച എം.എല്‍.എ ശ്രീ. എ. പ്രദീപ്കുമാര്‍ പങ്കുകൊണ്ടു.

ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ശ്രീ പ്രദീപ്കുമാര്‍ കേരള സര്‍ക്കാരിന്റെ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഉദ്യമത്തെപ്പറ്റി വിശദീകരിക്കുകയും പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷാ പരിജ്ഞാനത്തിന് ആവശ്യമായ എല്ലാ പ്രോത്സാഹനവും മലയാള മിഷന്റെ ഭാഗത്തുനിന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാള മിഷന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസോസിയേഷന്‍ പ്രസിഡന്റായ ശ്രീ ബിനു മാത്യു ചടങ്ങുകള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കേരളത്തനിമയാര്‍ന്ന കലാകായിക പരിപാടികളും ഗംഭീരമായ ഓണസദ്യയും ഓണാഘോഷത്തിന് നിറപ്പകിട്ടേകി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വിപുലമായ കായിക മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ യൂണിറ്റ് അംഗങ്ങള്‍ക്കായിട്ടുള്ള കലാമേള നവംബര്‍ 26-ന് ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റററില്‍ നടക്കും. കലാമേളയ്ക്ക് ശേഷം യു.കെ.കെ.സി.എ ഇദംപ്രഥമായി നടത്തുന്ന അവാര്‍ഡ് നൈറ്റും മാറ്റ് കൂട്ടുവാന്‍ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രമേഷ് പിഷാരടി, ശ്രേയ എന്നിവര്‍ നേതൃത്വം നല്‍കുന്ന മ്യൂസിക്കല്‍ നൈറ്റും നടക്കും. മ്യൂസിക്കല്‍ നൈറ്റിന്റെ പ്രവേശനം പാസ് മൂലമാണ്.

കലാമേള 26ന് രാവിലെ 8ന് ദിവ്യബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കൃത്യം ഒന്‍പതിന് വിവിധ കാറ്റഗറി മത്സരങ്ങള്‍ ആരംഭിക്കും.

കിഡീസ് (4 വയസ്സ് മുതല്‍ 7 വരെ)
കളറിംഗ്, പുഞ്ചിരി മത്സരം, ഫാന്‍സി ഡ്രസ്സ്

സബ് ജൂനിയര്‍ (7 വയസ്സ് മുതല്‍ 12 വരെ)
കളറിംഗ്, ഫാന്‍സിഡ്രസ്, സിംഗിള്‍ സോങ്ങ്, നാടോടി നൃത്തം, സിനിമാറ്റിക് (ഗ്രൂപ്പ്), ഭരതനാട്യം, ക്വിസ്, പദ്യോച്ചാരണം (മലയാളം), പ്രസംഗം.

ജൂനിയേഴ്‌സ് (12 വയസ് – 18)

ഡ്രോയിംഗ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ സോങ്ങ്, ഭരതനാട്യം, സിനിമാറ്റിക് ഗ്രൂപ്പ്, നാടോടി നൃത്തം, പദ്യോച്ചാരണം, ക്വിസ്, പ്രസംഗമത്സരം

സീനിയേഴ്‌സ്
പ്രസംഗം, സീനിയേഴ്‌സ്, പദ്യോച്ചാരണം, ക്വിസ്
യൂണിറ്റ് മത്സരങ്ങള്‍
പുരാതന പാട്ട്, നടവിളി, പരിചമുട്ട് കളി, മാര്‍ഗംകളി
കഥാപ്രസംഗം (12 വയസിനു മുകളില്‍)
കൂടാതെ ക്‌നാനായ മങ്ക, ക്‌നാനായ കേസരി മത്സരങ്ങളും നടക്കും.

കലാമേള രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ നാല്. വിശദ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സിലിനു ഇ-മെയില്‍ അയച്ചിട്ടുണ്ട്.

കലാമേളയും മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് സുഗമമാക്കുവാന്‍ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ.സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14ന് തെരഞ്ഞെടുക്കും. യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ രാവിലെ പത്തിന് യു.കെ.കെ.സി.എ.യുടെ നാഷണല്‍ കൗണ്‍സിലും വുമണ്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും.

നിലവില്‍ യൂണിറ്റിലുള്ള വനിതാ പ്രതിനിധികള്‍ക്ക് അടുത്ത രണ്ട് വര്‍ഷക്കാലം പ്രതിനിധിയായി തുടരുകയോ അല്ലെങ്കില്‍ പുതിയ പ്രതിനിധികളെ യൂണിറ്റില്‍ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബര്‍ 14-ന് നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെയും യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. യൂണിറ്റ് വനിതാ പ്രതിനിധികളുടെ ലിസ്റ്റ് യു.കെ.കെ.സി.എ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയ്ക്കലിന് അയച്ചു നല്‍കേണ്ടതാണ്.

സഖറിയ പുത്തന്‍കളം

ലണ്ടന്‍: ഈ വര്‍ഷത്തെ ലണ്ടനിലെ ഓണം പടിയിറങ്ങിയത് കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ഓണാഘോഷം ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ഓരോ മലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യയും ശ്രീ അശോക് കുമാറും ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അതിനു ശേഷം മാവേലിയെ വരവേറ്റുകൊണ്ട് ഓണാഘോഷങ്ങള്‍ തുടങ്ങി.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ തനതായ കേരളശൈലിയിലുള്ള വേഷപ്പകര്‍ച്ച ഏവരുടെയും മനം കവരുന്നതായിരുന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകള്‍ ശ്രീകൃഷ്ണ സ്തുതികള്‍ക്കനുസൃതമായി കൃഷ്ണരാധ സങ്കല്പത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍ ഒരുനിമിഷം വേദി അമ്പാടിയായി തീര്‍ന്നു. തുടര്‍ന്നു വേദിയില്‍ ഗോകുലനിലയ എന്നു തുടങ്ങുന്ന കീര്‍ത്തനത്തിനു ഭരതനാട്യത്തിന്റെ പദങ്ങള്‍വെച്ചു ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ അരങ്ങിലെത്തി അനുവാചകഹൃദയം ഭക്തിയുടെ ആനന്ദത്തില്‍ എത്തിച്ചു.

തുടര്‍ന്ന് LHAയുടെ വനിതകളുടെ തിരുവാതിരയും അരങ്ങിലെത്തി. ലാസ്യനടനത്തിന്റെ പദമൂന്നിയ തിരുവാതിരകളി രൂപത്തിലും താളത്തിലും പുതുമ പകരുന്നതായിരുന്നു. തുടര്‍ന്ന് ഗാനാര്‍ച്ചനയുമായി ലണ്ടനിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമനും മകള്‍ ലക്ഷ്മി രാജേഷും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി. പിന്നീട് പുതുതലമുറയെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ഷേത്രകലയായ ഓട്ടന്‍തുള്ളല്‍ വേദിയില്‍ അരങ്ങേറി. യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ഡോക്ടര്‍ അജിത് കര്‍ത്താ നര്‍മ്മവും ചിന്തകളും ഒരുപോലെ വേദിയിലെത്തിച്ചു.

അതുപോലെ തന്നെഈ കലാരൂപങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളും പങ്കുവെച്ചു. തുടര്‍ന്ന് വേദിയില്‍ അദ്ദേഹത്തെ കൗണ്‍സിലറായ ശ്രീ ടോം ആദിത്യ പൊന്നാടയിട്ടു അനുമോദിച്ചു. ആഘോഷങ്ങള്‍ക്ക് മുഖ്യാഥിതി ആയിരുന്ന ബഹുമാനപ്പെട്ട ങൃ A.S.Rajan (Minister Co-ordination) High Commission of India, London ഓണാശംസകള്‍ അറിയിച്ചു. തുടര്‍ന്നു അദ്ദേഹത്തിനെ പൊന്നാടയണിയിച്ചു ആദരിക്കുന്നതിനായി ക്രോയ്‌ഡോണ്‍ മുന്‍ കൗണ്‍സിലറായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് വേദിയിലെത്തുകയുണ്ടായി. പിന്നീട് മുന്‍ മേയര്‍ ഓണാശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ പ്രവര്‍ത്തനത്തിനും പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. Mr Balaji, First Secretary Consular service,High commission of India,London. അദ്ദേഹവും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷങ്ങളില്‍ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം പങ്കുവെച്ചു. അവസാനമായി വേദിയില്‍ സത്യം ശിവം സുന്ദരം എന്ന ഭജന്‍വേദിയില്‍ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി ശ്രീമതി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ അതിന്റെ പൂര്‍ണതയിലെത്തിച്ചു. പിന്നീട് ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടിയുടെ ചോറൂണ് കര്‍മ്മങ്ങളും നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും മനസ്സില്‍ നമ്മുടെ നാടിന്റെ തനതായ രുചി പകര്‍ന്ന് നല്‍കി.

*ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിദ്യാരംഭച്ചടങ്ങുകള്‍ ഈ മാസം 30 തീയ്യതി ക്രോയിഡോണില്‍ വെച്ചു നടത്തപ്പെടുന്നതാണ് പങ്കെടുക്കുന്നതിനായ് പേരുവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

*ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സത്സംഗം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ്‌ എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ്‌ ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.

സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ്‌ ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.

 

ടോം ജോസ് തടിയമ്പാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ മൂന്നാമത് കുടുംബസംഗമം യോര്‍ക്ക്ഷയര്‍ ഡെയിലില്‍ നടന്നു. മൂന്നുദിവസം താമസിച്ചുകൊണ്ട് നടത്തിയ കുടുംബസംഗമം എല്ലാവര്‍ക്കും സന്തോഷത്തിന്റെയും കൂടിചേരലിന്റെയും ഒരു പുതിയ അനുഭവമാണ് നല്‍കിയത്. വിനിത എബിയുടെ നേതൃത്വത്തില്‍ നടത്തിയ ഒട്ടേറെ തമാശുകളികള്‍ എല്ലാവരെയും വളരെയേറെ ചിരിപ്പിച്ചു. കണ്ണുകെട്ടിക്കൊണ്ട് നിരന്നിരിക്കുന്ന സ്ത്രീകളുടെ കൈപ്പത്തിമാത്രം പരിശോധിച്ച് ഭാര്യയെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ എല്ലാവരും അന്യന്റെ ഭാര്യയെ കണ്ടെത്തിയപ്പോള്‍ നോര്‍ത്ത് അലര്‍ട്ടനില്‍ നിന്നും വന്ന സുനില്‍ മാത്യു മാത്രം സ്വന്തം ഭാര്യയെ കണ്ടെത്തി സമ്മാനംനേടി.


ഞങ്ങള്‍ താമസിച്ച ബങ്ക് ബാന്‍ കോട്ടേജ് തന്നെ വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. മേല്‍ക്കൂര കീറിയെടുത്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. കെട്ടിടം പൂര്‍ണ്ണമായും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. പുറത്തുനിന്നു നോക്കിയാല്‍ വലിയ ഭംഗി തോന്നിയില്ലെങ്കിലും അകത്തു വളരെ വിശാലമായ സൗകര്യമാണ് കാണാന്‍ കഴിഞ്ഞത്. പുറത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ഫുട്ബോള്‍ ഗ്രൗണ്ട് കൂടാതെ ബൗണ്‍സികാസില്‍ കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സജി തോമസിന്റെ മകള്‍ അനക്സ്യയുടെ 9-ാം ജന്മദിനം എല്ലാവരും കൂടി കേക്ക്മുറിച്ചു ആഘോഷിച്ചു. കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ബെര്‍മിംഗ്ഹാമിലുള്ള പ്രിയയുടെ മാതാപിതാക്കളായ വാസുദേവന്‍, ലത എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു. വളരെ രുചികരമായ ഭക്ഷണം സുനില്‍ മാത്യു, എബി ജോണ്‍, സുനില്‍ കുമാര്‍ മേനോന്‍, ലത വാസുദേവന്‍. എന്നിവര്‍ ചേര്‍ന്ന് തയാറാക്കി. ഫാമില്‍ നിന്നും സുനില്‍ മാത്യു കൊണ്ടുവന്ന മാനിറച്ചി ആയിരുന്നു വിഭവങ്ങളിലെ കേമന്‍.

രാവിലെ എല്ലാവരും കൂടി മലകയറാന്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ 5 പവന്റെ സ്വര്‍ണ്ണമാല റോഡില്‍ വീണുപോയത് വൈകുന്നേരമാണ് അറിഞ്ഞത്. വൈകുന്നരം തപ്പിച്ചെന്നപ്പോള്‍ അത് റോഡില്‍ നിന്നും തിരിച്ചുകിട്ടി. പൊതുവേ സ്വര്‍ണ്ണ സ്നേഹികള്‍ അല്ലാത്ത ഇംഗ്ലീഷുകാരുടെ ദൃഷ്ടിയില്‍ മാല പെട്ടില്ല എന്നു വിചാരിക്കാം. തികച്ചും ഒരു ഇംഗ്ലീഷ് ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും കുറച്ചു നല്ല മനുഷ്യരെയും അവിടെ കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ കുടുംബ സംഗമം തിങ്കളാഴ്ച രാത്രിയിലാണ് അവസാനിച്ചത്. അടുത്ത സംഗമത്തിന്റെ സ്ഥലവും തിയതിയും തീരുമാനിക്കാന്‍ ജയ് മോന്‍ ജോര്‍ജിനെ യോഗം ചുമതലപ്പെടുത്തി. ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ കെ ജോര്‍ജായിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ അവിടെ കൂടിയ യോഗം തിരുമാനിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മൂന്നുദിവസത്തെ ജീവിതം എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമാണ് നല്‍കിയത്.

ബിബിന്‍ എബ്രഹാം

യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം. ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍പരം കാണികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആര്‍പ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാര്‍ മാറ്റുരച്ചപ്പോള്‍ അത് മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്‌സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം കൊവന്‍ട്രി സി.കെ.സിയെ മലര്‍ത്തിയടിച്ച് വൂസ്റ്റര്‍ തെമ്മാടികളും, ടണ്‍ ബ്രിഡജ് വെല്‍സ് ടസ്‌കേഴ്‌സിനെ മലര്‍ത്തിയടിച്ച് ബി.സി.എം.സി യും കിരീടത്തില്‍ മുത്തമിടാന്‍ വടം കൈയ്യിലെടുത്തപ്പോള്‍ നിര്‍ന്നിമേഷരായി നിന്ന കാണികള്‍ക്ക് കരുത്തിന്റെ വശ്യസൗന്ദ്യര്യം ആണ് പകര്‍ന്ന് നല്‍കിയത്. യു.കെയില്‍ എമ്പാടും നിന്ന് പതിമൂന്നോളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് ലഭിച്ചത്.

സഹൃദയയുടെ ഓള്‍ യു.കെ ചാമ്പ്യന്‍ ട്രോഫിയും, യു.കെയിലെ ചാമ്പ്യന്‍ പട്ടവും വൂസ്റ്റര്‍ തെമ്മാടികള്‍ നിലനിര്‍ത്തിയപ്പോള്‍, അട്ടിമറി വിജയവുമായി ബി.സി.എം.സി ബര്‍മിംഹാം രണ്ടാം സ്ഥാനവും, മികച്ച പ്രകടനത്തോടെ സി.കെ.സി കൊവന്‍ട്രി മൂന്നാം സ്ഥാനവും, ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്‌കേയ്‌സ് നാലാം സ്ഥാനവും കരസ്ഥമാക്കി.

സഹൃദയ പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്ത മല്‍സരം സഹൃദയംഗങ്ങളുടെ മികച്ച സംഘടനാമികവിലൂടെ കാണികള്‍ നെഞ്ചിലേറ്റിയപ്പോള്‍ അത് പങ്കെടുത്ത എല്ലാവര്‍ക്കും ആവേശവും ആനന്ദവും കൂടാതെ എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു ഓര്‍മ്മയുമായി. മത്സരത്തിന്റെ ഒരോ ആവേശവും അതു ഒട്ടും ചോരാതെ തന്നെ ആഗോള മലയാളികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഗര്‍ഷോം ടി.വിയുടെ തല്‍സമയ സംപ്രേഷണം സഹായമായി.

സമാപന ചടങ്ങില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സഹൃദയയുടെ സെക്രട്ടറി ശ്രീ. ബിബിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചപ്പോള്‍, പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. തുടര്‍ന്നു മലയാളം യു.കെ കെന്റ് മേഖലയുടെ ഉത്ഘാടനവും വടംവലി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കേരളത്തിന്റെ സംസ്‌കാരിക മന്ത്രി ശ്രീ. എ.കെ ബാലന്‍ നിര്‍വഹിച്ചു. തുടര്‍ന്നു ചിറ്റൂര്‍ എംഎല്‍എ ശ്രീ. കൃഷ്ണന്‍കുട്ടി, ആറന്മുള്ള എംഎല്‍എ ശ്രീമതി വീണാ ജോര്‍ജ്, മലയാളം മിഷന്‍ യു.കെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീ മുരളി വെട്ടം തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഈ അവസരത്തില്‍ തന്നെ സഹൃദയയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 2018ലെ കലണ്ടറിന്റെ പ്രകാശനവും മന്ത്രി നടത്തി. നന്ദി പ്രകാശിപ്പിച്ചത് സഹൃദയയുടെ ട്രഷററും യു.കെയിലെ മലയാളം മിഷന്‍ കെന്റ് മേഖല കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത ശ്രി.ബേസില്‍ ജോണ്‍ ആണ്.

ഈ മല്‍സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, കൂടാതെ ഈ മല്‍സരം കാണാനായി എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും സഹൃദയ ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ ചാമ്പ്യന്‍ഷിപ്പ് സ്‌പോന്‍സര്‍ ചെയ്ത എല്ലാവര്‍ക്കും, കൂടാതെ ചെറുതും വലുതമായി സഹൃദയയെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു.തുടര്‍ന്നും സഹൃദയയുടെ മുന്നോട്ടുള്ള എല്ലാ പരിപാടികളിലും നിങ്ങളുടെ സ്‌നേഹസഹകരണം പ്രതീക്ഷിച്ചു കൊണ്ടു ടീം സഹൃദയ!

ആവേശകരമായ വടംവലി മത്സരത്തിനു മാറ്റ് കൂട്ടാന്‍ സഹൃദയയിലെ വനിതകള്‍ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കാണാം

 

ലോറന്‍സ് പെല്ലിശേരി

ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്ത, നിറമുള്ള ഓര്‍മ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍ നിന്നും കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തില്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഈ വരുന്ന സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രാവണോത്സവം 2017ന് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളാണ്.

പരമ്പരാഗത രീതിയില്‍ താലപ്പൊലിയിലും ചെണ്ടമേളത്തിലും തുടങ്ങി പൂക്കളത്താലും മുത്തുക്കുടകളാലും അലംകൃതമാകുന്ന വേദിയില്‍ പൊതു സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കുന്നത്. വാശിയേറിയ വടംവലിക്കും വിഭവസമൃദ്ധമായ ഓണസദ്യക്കുമുള്ള ചുറ്റുവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍, ഗ്ലോസ്റ്റര്‍ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ആത്മീയ ഗുരു ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തുന്നു.

യുക്മ തുടങ്ങിയ വേദികളെ തങ്ങളുടെ ചടുല താളത്താല്‍ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ജി.എം.എ യുടെ ഒരു പറ്റം മിടുക്കികളും മിടുക്കന്മാരും, തങ്ങളുടെ നൃത്തനൃത്യങ്ങളാല്‍ പതിനഞ്ചാം വര്‍ഷത്തെ ഓണാഘോഷം ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ക്കൊപ്പം ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് മികവ് പകരാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ഗ്ലോസ്റ്ററിലേക്കെത്തുന്നു.

600ല്‍ പരം പേര്‍ പങ്കെടുക്കുന്ന ശ്രാവണോത്സവ വേദിയില്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നതായിരിക്കും. ഒപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യൂട്ടി പേജന്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് (യു.കെ) പട്ടം നേടി, മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിനായി തയ്യാറെടുക്കുന്ന ജി.എം.എ യുടെ അഭിമാനമായ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെ ആദരിക്കുന്നു.

ആര്‍പ്പുവിളികളുടെ ഓണപ്പുലരിക്കായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ കാതോര്‍ക്കുമ്പോള്‍, തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രസിഡന്റ് ടോം ശങ്കൂരിക്കലും (07865 075048), സെക്രട്ടറി മനോജ് വേണുഗോപാലും (07575 370404), ട്രഷറര്‍ അനില്‍ തോമസും (07723 339381) അടങ്ങുന്ന ജി.എം.എ കമ്മിറ്റി ഏവര്‍ക്കും സ്വാഗതമോതുന്നതോടൊപ്പം തികഞ്ഞ ആവേശത്തിലുമാണ്.

Venue: The Crypt School, Podsmead Road, Gloucester, GL2 5AE.

On: Saturday 30 September 2017 at 10am.

 

Copyright © . All rights reserved