ബിബിന്‍ എബ്രഹാം
സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് അഖില യുകെ വടംവലി മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി കേവലം ഒരു മാസം മാത്രം. യുകെയിലെ കരുത്തന്മാരുടെ പോരാട്ടത്തിനു നേര്‍സാക്ഷ്യം വഹിക്കാന്‍ വടംവലി മത്സരത്തെ സ്നേഹിക്കുന്ന ഒരോ യുകെ മലയാളിയും കണ്ണില്‍ എണ്ണയൊഴിച്ചു കെന്റിലെ അങ്കതട്ടിലേക്ക് ഉറ്റുനോക്കുമ്പോള്‍ വിജയികള്‍ക്ക് ഏറ്റവും മികച്ച സമ്മാന തുകയും പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രാത്സാഹന സമ്മാനങ്ങളുമായി സമ്മാനപ്പെരുമഴ തന്നെ ഒരുക്കിയിരിക്കുകയാണ് ടീം സഹൃദയ.
യുകെയില്‍ ഇതു വരെ നടന്നിരിക്കുന്ന വടംവലി മത്സരങ്ങളെ ഒന്നു വിലയിരുത്തുമ്പോള്‍ പാരമ്പര്യം, അനുഭവസമ്പത്ത്, സംഘടനാമികവ്, സമ്മാനത്തുക തുടങ്ങിയ കാര്യത്തില്‍ ഒരു പിടി മുന്നില്‍ നിന്നു കൊണ്ടു വ്യത്യസ്തമാകുകയാണ് ടീം സഹൃദയയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില യുകെ വടംവലി മത്സരം. ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ മണ്ണില്‍ ടീം സഹൃദയ പുതുചരിത്രം രചിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം അഖില യുകെ വടംവലി മത്സരം സംഘടിപ്പിച്ചു കൊണ്ടാണ്. അതും മലയാളിയുടെ എല്ലാ വീറും വാശിയും അണിയിച്ചൊരുക്കി, കണ്ണിനു ഇമ്പമായി കാതിനു അഴകായി, കരുത്തിന്റെ പ്രതീകമായി.
കഴിഞ്ഞ രണ്ടു കൊല്ലവും യുകെയിലെ മലയാളികളെ ആവേശത്തിമര്‍പ്പില്‍ ആറാടിച്ച കരുത്തന്മാരുടെ പോരാട്ടത്തിന് വീണ്ടും പോര്‍ക്കളമുയരുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു വാശിയോടെ കൊമ്പ് കുലുക്കുവാന്‍ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് പതിനാറോളം ടീമുകള്‍ റെഡിയായി കഴിഞ്ഞു. ആരാകാം ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം ഉയര്‍ത്തുക? ആരാകും ഈ വര്‍ഷത്തെ അട്ടിമറി വീരന്മാര്‍? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം കേവലം ഒരു മാസത്തിനുള്ളില്‍.
അതെ, ഈ പൊന്നോണനാളില്‍ ഒരു മലയാളിക്കും മാറ്റിവെക്കുവന്‍ സാധ്യമല്ലാത്ത ഈ കരുത്തിന്റെ പോരാട്ട ചൂടില്‍ പങ്കുചേരുവാനായി വടംവലിയെ സ്നേഹിക്കുന്ന ഒരോത്തരെയും കുടുബസമ്മേതം കെന്റിലെ ഹില്‍ഡന്‍ ബോറോയിലേക്ക് ക്ഷണിക്കുകയാണ് ടീം സഹൃദയ.
വടംവലിയോടൊപ്പം സഹൃദയ ഒരുക്കുന്ന നാടന്‍ ഭക്ഷണശാലയില്‍ നിന്ന് കൊതിയൂറും നാടന്‍ ഭക്ഷണം ആസ്വദിക്കുവാനും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചാടി മറിയുവാനായി ബൗണ്‍സി കാസില്‍, കുട്ടികള്‍ക്ക് ഫേസ് പെയ്റ്റിംഗ്, ഭാഗ്യപരീക്ഷണത്തിനായി ലക്കി േ്രഡാ, ഇടവേളകളില്‍ മാസ്മരിക സംഗീത വിരുന്ന്, ലേലം വിളി തുടങ്ങി ഒരു ദിനം സകുടുബം അവസ്മരണീയമാക്കുവാനുള്ള എല്ലാ ചേരുവുകളും ടീം സഹൃദയ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.
ഇനി വേണ്ടത് യുകെയിലെ ഒരോ മലയാളിയുടെയും നിസ്വാര്‍ത്ഥവുമായ പിന്തുണയും സഹകരണവും മാത്രം. അതെ, ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. നിങ്ങളോ..?
സ്‌പോന്‍സര്‍ഷിപ്പ്, വടംവലിയുടെ നിയമാവലി തുടങ്ങിയ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക
സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
ബിബിന്‍ എബ്രഹാം – 07534893125
ബേസില്‍ ജോണ്‍ – 07710021788
ലണ്ടന്‍: ഭദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്. ലോകൈകനാഥനായ ശ്രീപരമേശ്വരന്റെയും ശ്രീപാര്‍വ്വതിദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മനക്ഷത്രമായ ശ്രാവണ മാസത്തിലെ (ചിങ്ങം) ശുക്ലപക്ഷചതുര്‍ത്ഥി – ശ്രീവിനായകചതുര്‍ത്ഥി ആ ദിവസത്തെ മഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.
ശ്രീവിനായക ഉപാസകരുടെ മഹാപുണ്യദിനമാണീ സുദിനം. വിനായക ചതുര്‍ത്ഥിയിലെ ഗണേശപൂജ, വ്രതം എന്നിവ ജീവിതത്തിലെ മിക്ക ദുഃഖങ്ങളും ഹനിക്കുവാനുപകരിക്കും. വ്രതമെടുക്കുന്നവര്‍ തലേദിവസം മുതല്‍ വ്രതനിഷ്ഠകള്‍ ആരംഭിക്കുന്നു. ഈ പുണ്യദിവസം ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശ്രീഗണപതി ക്ഷേത്രദര്‍ശനം നടത്തിവരുന്നു. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോളും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
ലണ്ടന്‍ ഹൈന്ദവ സമൂഹത്തിന് എന്നും ഉണര്‍വായിനിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി എല്ലാവര്‍ഷത്തെയുംപോലെ ഈ വര്‍ഷവും വിപുലമായ ചടങ്ങുകളോടെ ആണ് ആഘോഷിക്കുന്നത്.
ഗണപതിപൂജയും, ഭജനയും എന്നു തുടങ്ങി വിവിധങ്ങളായ ആഘോഷങ്ങള്‍ ആണ് ലണ്ടനിലെ ഹൈന്ദവസമൂഹത്തിനായി ഒരുക്കിവെച്ചിരിക്കുന്നത്. ക്രോയ്ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ സുധീഷ് സദാനന്ദന്‍, ശ്രീകുമാര്‍ രാഘവ് എന്നിവരുടെ പ്രത്യേക ഗാനാര്‍ച്ചനയും ലണ്ടന്‍ മലയാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന ഈ ധന്യ നിമിഷത്തിനു സാക്ഷിയാകുവാന്‍ യു.കെ യിലെ എല്ലാ നല്ലവരായ ആളുകളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീമാന്‍ തെക്കുംമുറി ഹരിദാസ് ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 23-ാം തീയതിയും, വിജയദശമി വിദ്യാരംഭ ചടങ്ങുകള്‍ സെപ്റ്റംബര്‍ 30 രാവിലെ 9:00 മുതല്‍ 12:00 മണി വരെയും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും, പങ്കെടുക്കുന്നതിനുമായി.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon. CR76AU
ജോസ് അഗസ്റ്റിൻ
ബെൽഫാസ്റ്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ് 18 , 19, 20 തീയതികളിൽ ബെൽഫാസ്റ് സെന്റ്. ബെനഡിക്ട് പള്ളിയിൽ വച്ച് നടത്തപ്പെട്ട ബൈബിൾ കൺവെൻഷൻ അനുഗ്രഹദായകമായിരുന്നു. കേരളത്തിലെ തിരുവനന്തപുരം മലങ്കര അതിരൂപതയിലെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തിൽ നോർത്തേൺ അയർലൻഡ്, അയർലാൻഡ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു. യുകെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനമുണ്ടായിരുന്നു.
വചനാധിഷ്ഠിതമായ പ്രസംഗങ്ങൾ നൽകിയ ഉൾക്കാഴ്ചകളും, സ്‌തുതിപ്പും ആരാധനയും നൽകിയ വിമോചനവും ധ്യാനത്തിൽ സംബന്ധിച്ചവർക്ക് ആത്മീയോൽക്കർഷവും വളർച്ചയും ഉണ്ടാക്കി. ധ്യാനത്തിൽ പങ്കെടുത്ത ഏവർക്കും ഇംഗ്ലീഷിലും മലയാളത്തിലും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി ചിട്ടയോടെ നടത്തപ്പെട്ട ഈ ധ്യാനം കുടുംബങ്ങളുടെ ആത്മീയ വളർച്ചക്ക് ആക്കം കൂട്ടി എന്നത് ഒരു അനുഭവസാക്ഷ്യം.
ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോഡിനേറ്റർ മോൺ.ആന്റണി പെരുമായൻ, ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. പോൾ ആംസ്ട്രോങ്, ടോണി ഡബ്ലിൻ എന്നിവർക്കും, കമ്മിറ്റി അംഗങ്ങൾക്കും ൈകക്കാരൻമ്മാരായ ശ്രീ മോനച്ചൻ കുഞ്ഞാപ്പി, ശ്രീ. ഷാജി വർഗീസ് എന്നിവർക്കും നന്ദിയർപ്പിച്ചു.
അടുത്തവർഷം, 2018 ലെ ബൈബിൾ കൺവെൻഷൻ ആഗസ്ത് 17, 18, 19 തീയതികളിൽ ആയിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്‌തു.
ഉദ്ഘാടന പരിപാടി കഴിഞ്ഞ് സണ്ണി ലിയോണ്‍ മടങ്ങിയെങ്കിലും, സോഷ്യല്‍ മീഡിയ മലയാളികള്‍ ഇരുഭാഗങ്ങളില്‍ നിന്നുകൊണ്ട് വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെയും മാനസികതലത്തെയും വരെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
ചര്‍ച്ച രണ്ടുതരത്തില്‍ മുറുകുന്നതിനിടെ വിഷയത്തില്‍ അഭിപ്രായവുമായി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് രാഹുല്‍ അഭിപ്രായപ്രകടനം നടത്തിയത്.
സമൂഹത്തിന്റെ ആരോഗ്യകരമായ ലൈംഗികതയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് സണ്ണി ലിയോണിന്റെ പോണ്‍ വീഡിയോകളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. സണ്ണിയുടെ പോണ്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ: താന്‍ സണ്ണിയുടെയും ഷക്കീലയുടെയും രേഷ്മയുടെയും വരെ പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലൈംഗിക അതിപ്രസരങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നതരത്തിലുള്ളതായതിനാല്‍ ഇതിനെതിരെ നിയമയുദ്ധത്തിനും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.
XXX ഗണത്തില്‍പ്പെട്ടവ യുവത്വത്തിന് ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം നല്‍കുന്നുണ്ട്. പോണ്‍ വീഡിയോ ഒരുപരിധി കഴിയുമ്പോള്‍ നെഗറ്റീവ് പോണ്‍ ഗണത്തിലേക്ക് പോകും. അതിനെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടന്‍ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 26ന് വാശിയേറിയ ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അനുഗ്രഹീത നടന്‍ ശങ്കര്‍ മുഖ്യാതിഥിയായി സര്‍ഗ്ഗം ‘പൊന്നോണം-2017’ന്റെ കൊട്ടിക്കലാശ ദിനത്തില്‍ പങ്കു ചേരും. സെപ്റ്റംബര്‍ 9നു നടക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ക്ക് ഈ ‘നൂറ്റാണ്ടിലെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോ’ തന്നെ തിരി തെളിക്കും. ഒരു വര്‍ഷത്തിലേറെ തീയേറ്ററുകളില്‍ ഓടിയ തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായ ‘ഒരു തലൈ രാഗം’ ഫെയിം ഹീറോ ശങ്കര്‍ പങ്കെടുത്തിട്ടുള്ള ഓണാഘോഷങ്ങളില്‍ ഏറ്റവും മികച്ചതാക്കി മാറ്റുവാന്‍ അതിനാല്‍ തന്നെ സംഘാടകരും ആതിഥേയരും തീവ്രശ്രമത്തിലാണ്.
ആഗസ്റ്റ് 26 ശനിയാഴ്ച രണ്ടു മണിക്ക് കാന്റര്‍ബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലെ ഇരു ഹാളുകളിലായി ആരംഭിക്കുന്ന ഇന്‍ഡോര്‍ മത്സരങ്ങളോടെ രണ്ടാഴ്ച നീളുന്ന ആഘോഷത്തിനു ആവേശകരമായ നാന്ദി കുറിക്കപ്പെടും. മത്സരയിനങ്ങളില്‍ ഏറ്റവും ആവേശം മുറ്റി നില്‍ക്കുന്ന കായിക മത്സരങ്ങളിലും ഔട്ട് ഡോര്‍ ഗെയിംസിലും സെപ്തംബര്‍ 2,3 തീയതികളില്‍ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ തമ്മില്‍ തീപാറുന്ന വാശിയോടെയാവും മാറ്റുരക്കുക. സെന്റ് നിക്കോളാസ് ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകര്‍ ഒരുക്കുന്നുണ്ട്.
ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വര്‍ഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെംബര്‍മാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫന്‍,ജോയി ഇരുമ്പന്‍, സുജ സോയിമോന്‍, ഉഷാ നാരായണ്‍, ഹരിദാസന്‍, ലാലു, വര്‍ഗ്ഗീസ് എന്നിവര്‍ അവകാശപ്പെടുന്നു. സര്‍ഗ്ഗം ‘പൊന്നോണം-2017’ ആവേശാഘോഷങ്ങള്‍ക്കു ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ബാര്‍ക്ലെയ്സ് സ്‌കൂള്‍ ഓഡിറ്റോറിയം അരങ്ങൊരുങ്ങുമ്പോള്‍ തങ്ങളുടെ കലാവൈഭവങ്ങള്‍ അവതരിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ഷാജി ഫിലിപ്പുമായി (07737700911) ഉടന്‍ തന്നെ ബന്ധപ്പെടേണ്ടതാണ്.
സെപ്തംബര്‍ 9 ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സര്‍ഗ്ഗം ‘പൊന്നോണം-2017’ ന്റെ (രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെ) ആവേശപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും, ലണ്ടനിലും പ്രാന്തപ്രദേശത്തും ഉള്ള സുഹൃദ്‌വൃന്ദവും. ഒരു മാസത്തോളമായി ഒരുക്കങ്ങള്‍ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും ഗാനമേളയും അതിഗംഭീരമായ ഓണ സദ്യയും, ഒപ്പം വിശിഷ്ടാതിഥിയായ ശങ്കറിനോടൊപ്പം മാവേലി മന്നനും കൂടി വന്നു ചേരുമ്പോള്‍ ആഘോഷത്തിന് വര്‍ണ്ണം ചാര്‍ത്തുവാന്‍ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.
തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകള്‍പെറ്റ അനുസ്മരണകള്‍ ഉണര്‍ത്തുന്ന സര്‍ഗ്ഗം പൊന്നോണത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡണ്ട് കുരുവിള അബ്രാഹം (07886935695),സെക്രട്ടറി മനോജ് ജോണ്‍ (07735285036), ഖജാന്‍ജി ഷാജി ഫിലിഫ് (07737700911) എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
സര്‍ഗ്ഗം ‘പൊന്നോണം-2017’ ന്റെ വേദിയുടെ വിലാസം:സ്റ്റീവനേജ് ഓള്‍ഡ് ടൗണിലുള്ള ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം, വാക്കേന്‍ റോഡ്, എസ്ജി1 3ആര്‍ബി.
കുവൈത്ത് സിറ്റി: രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്‌സിന് മോചനത്തിന് വഴി തെളിഞ്ഞു. നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചു. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. ഇയാള്‍ക്ക് 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി.
രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഫെബ്രുവരി 22നാണ് കുവൈത്ത് പോലീസ് എബിനെ അറസ്റ്റ് ചെയ്തത്. ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്യവെയായിരുന്നു അറസ്റ്റ്. മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനക്ക് ഫലം കണ്ടുവെന്നാണ് പ്രവാസികള്‍ പ്രതികരിച്ചത്.
ജെഗി ജോസഫ്
ബ്രിസ്റ്റോള്‍: യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാ കേന്ദ്രമായ ബ്രിസ്‌ക (ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍) യുടെ ഇത്തവണത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 2016 ലെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കുള്ള സദ്യക്കുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കാറ്ററിംഗ് കമ്പനിയെ ഏല്‍പ്പിക്കാതെ ഇത്രയധികം ഭക്ഷണം ഉണ്ടാക്കുകയെന്ന ശ്രമകരമായ കാര്യം വിജയിക്കുന്നതിനു പിന്നില്‍ കമ്മറ്റിയെ കൂടാതെ ധാരാളം നിസ്വാര്‍ത്ഥ കരങ്ങളാണെന്ന് പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ പറഞ്ഞു.
വിവിധ പ്രാദേശിക അസോസിയേഷനുകളും കൂടാതെ മറ്റു ബ്രിസ്‌ക അംഗങ്ങളും ഒന്ന് ചേരുമ്പോള്‍ എല്ലാം ഭംഗിയായി പൂര്‍ണതയിലെത്തും. സദ്യക്ക് ശേഷമുള്ള കലാപരിപാടികളില്‍ ബ്രിസ്റ്റോളിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാവും. ആര്‍ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ ആണ് കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. മറ്റൊരു ആര്‍ട്സ് സെക്രട്ടറിയായ സന്ദീപ് കുമാറും കമ്മറ്റി അംഗങ്ങളും എല്ലാ പിന്തുണയും നല്‍കുന്നു .
ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് നടക്കുന്നത്. വടംവലി മത്സരം സെപ്തംബര്‍ ഒന്‍പതിന് ഓണസദ്യയ്ക്ക് ശേഷം നടക്കും. വടംവലിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍. ഇടുക്കി ജില്ലയിലെ അതിപുരാതന തീര്‍ത്ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ്. ജോര്‍ജ് ഫൊറോനാ ചര്‍ച്ച് ഇടവക കുടുംബാംഗങ്ങളുടെ യുകെയിലെ ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് രാവിലെ 9 മണി മുതല്‍ ടൈറ്റന്‍സ്റ്റോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടും. ഈ അവസരത്തില്‍ എല്ലാ മുതലക്കോടം കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്..
സോണി ജോണ്‍ മാളിയേക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) : 07403320346
ജോഷി പോള്‍ പള്ളിക്കുന്നേല്‍ (പ്രസിഡന്റ്): 07828097992
ജിബി ബോയ്‌സ് പള്ളിക്ക്യാമ്യാലില്‍ (സെക്രട്ടറി): 07832374201
മലയാളം യുകെ ന്യൂസ് ടീം.
യുഎൻഎയുടെ സമരപന്തലിലേയ്ക്ക് കൂടുതൽ നഴ്സുമാർ എത്തിയതോടെ കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ശക്തി പ്രാപിക്കുന്നു. നഴ്സുമാരുടെ പണിമുടക്കിനെ തകർക്കാനുള്ള ശക്തമായ തന്ത്രങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളായ നഴ്സുമാരെ കോടതി കയറ്റി പേടിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ 70 നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിൽ അണിചേരുമെന്ന് യുഎൻഎ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ മലയാളം യു കെ ന്യൂസിനോട് പറഞ്ഞു.
ഹോസ്പിറ്റലിൻറെ മുമ്പിലെ ഗതാഗതം തടസപ്പെടുത്തുന്നു, ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുന്നു എന്നിവയടക്കം നിരവധി പരാതികളാണ് മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരെക്കൊണ്ട് കൊടുപ്പിച്ചിരിക്കുന്നത്. യുഎൻഎയുടെ പതാകയെ പേടിക്കേണ്ട സ്ഥിതിയാണെന്നും പരാതിയിലുണ്ട്. പണിമുടക്ക് തുടങ്ങിയ ദിവസം ഹോസ്പിറ്റലിൽ കയറി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു പരാതി. ഹോസ്പിറ്റലിൻറെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. കേസുകൾ കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നു യുഎൻഎ നേതാക്കൾ പറഞ്ഞു. കോട്ടയം ഭാരതിലെ സമരത്തിന് പൂർണ പിന്തുണയുമായി യുഎൻഎയുടെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്.
പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.
ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.