Uncategorized

ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി അധികാരം അനുവദിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. . വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നത്തില്‍ എന്തെങ്കിലും നീക്ക് പോക്കുണ്ടാക്കാതെ യൂണിയനുമായി ഒരു ധാരണയിലും ഒപ്പിടില്ലെന്ന കാര്യം ഇന്ന് രാത്രി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കും. കുടിയേറ്റം നിയന്ത്രിക്കാനായി കഴിഞ്ഞാഴ്ച ബ്രസല്‍സ് മുന്നോട്ട് വച്ച എമര്‍ജന്‍സി ബ്രേക്ക് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന കാര്യവും കാമറൂണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പ്രശ്‌നത്തിന് തികച്ചും വ്യത്യസ്തമായ സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കും.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വി്ട്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമര്‍ജന്‍സി ബ്രേക്ക് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് നിയമമാകണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ അംഗത്വം വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിതപരിശോധന അടുത്ത വര്‍ഷമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. അതേസമയം യൂണിയന്‍ തുടരാവുന്നിടത്തോളം തുടരാനാണ് കാമറൂണിന്റെ താത്പര്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ കാമറൂണിന്റെ ഈ നിലപാട് സംശയാസ്പദമാണൈന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സ്‌കോട്ടിഷ് ഹിതപരിശോധന പോലെ യൂണിയന്‍ ഹിതപരിശോധനയും ഒരു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രെക്‌സിറ്റ് എന്നാല്‍ പിരിയല്‍ തന്നെയാണ്. യൂറോപ്പിന് മാത്രമല്ല ബ്രിട്ടനും. വിട്ടുപോകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്റില്‍ സംഭവിച്ചത് പോലെ യൂണിനിലേക്ക് തിരികെ പ്രവേശിക്കാന്‍ വീണ്ടും ഒരു സ്വതന്ത്ര ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നു.

ബഹ്‌റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും.
കൗണ്‍സിലിന്റെ ധനകാര്യസാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്‌വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്‌ളെന്ന് അവര്‍ പറയുന്നു.

മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്‌റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു.

വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
ഏറോപ്ലെയിനിലെ സര്‍ക്കുലര്‍ ജനാലകള്‍ക്ക് പിന്നിലെ രഹസ്യമെന്തന്ന് കൗതുകത്തോടെ പലരും ആലോചിച്ചിട്ടുണ്ടാവാം. പറക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന രൂപത്തില്‍ മാറ്റമില്ലാത്തത് അതൊന്ന് മാത്രമാണ്. ഏറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിന് പുരോഗതി ഉണ്ടായിട്ടും മാറ്റമില്ലാത്ത ജനാലകള്‍ക്ക് പിന്നിലെ ആ രഹസ്യം ഇതാണ്.

1950ല്‍ ജെറ്റ്‌ലൈനേഴ്‌സ് മുഖ്യാധാരയിലേക്ക് എത്തുന്ന കാലത്ത് ഡി ഹാവിലാന്‍ഡ് കോമെറ്റ് നിര്‍മ്മിച്ച വിമാനങ്ങള്‍ക്ക് പ്രഷറൈസ്ഡ് കാബിന്‍ നിര്‍മ്മിച്ചിരുന്നു. അതിന് മറ്റ് എയര്‍ക്രാഫ്റ്റുകളേക്കാള്‍ ഉയരത്തില്‍ പറക്കാനും വേഗത്തില്‍ പറക്കാനുമ സാധിക്കുമായിരുന്നു. വിമാനത്തിന് ചതുരാകൃതിയിലുള്ള ജനലുകളും നിര്‍മ്മിച്ചിരുന്നു. സാങ്കേതിക തികവ് നിറഞ്ഞ കമ്പനി വിമാനം 1953ല്‍ ആകാശത്ത് നിന്നും കൂപ്പുകുത്തി. 56 യാത്രക്കാരാണ് മരിച്ചത്.

വിമാനാപകടത്തിന്റെ കാരണം ഏവരേയും ഞെട്ടിച്ചു. ജനാലകളായിരുന്നു അത്. ചതുരാകൃതിയിലുള്ള ജനാലകള്‍. കാര്യം സിമ്പിള്‍ കണക്കും ശാസ്ത്രവും. എവിടെയെല്ലാം അരികുകളും മൂലകളുമുണ്ടോ ആ വസ്തുവിനും പ്രതലത്തിനും ഒരു ദുര്‍ബല സ്ഥാനം ഉണ്ടാകും. സ്‌ക്വയര്‍ അഥവാ ചതുരത്തിന് നാല് കോര്‍ണറുകളാണ് ഉള്ളത്. നാല് പ്രബലമായ ദുര്‍ബല സ്ഥാനങ്ങള്‍. മര്‍ദ്ദം കൂടുമ്പോള്‍ ഈ ദുര്‍ബല കേന്ദ്രങ്ങള്‍ പൊട്ടിതുടങ്ങും. ഉയരത്തില്‍ വായുമര്‍ദ്ദം വര്‍ധിച്ചാല്‍ പിന്നെ ജനലുകള്‍ പൊട്ടാന്‍ അധിക സമയം വേണ്ട. ഇതായിരുന്നു 56 പേരുടെ മരണത്തിനിടയാക്കിയ കാരണം.

വൃത്താകൃതിയിലുള്ള ജനാലകള്‍ക്ക് ദുര്‍ബല കേന്ദ്രങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഉണ്ടാവുന്ന മര്‍ദ്ദം മുഴുവന്‍ എല്ലാ പ്രദേശങ്ങളിലേക്കും കൃത്യമായി വിന്യസിക്കപ്പെടും. അങ്ങനെ തകരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതാണ് സര്‍ക്കുലര്‍ വിന്‍ഡോകള്‍ മാറ്റമില്ലാതെ തുടരുന്നതിനുള്ള കാരണം.

മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ കത്തിലോക്കാ സംഘടനയായ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് നവനേതൃത്വമായി. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയര്‍പേഴ്‌സണ്‍ ആയി ടോമി തൊനയന്‍പ്രസിഡന്റ് ജെയിസണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ്, ട്രഷറര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ട്വിങ്കിള്‍ ഈപ്പന്‍, റിന്‍സിസജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി തോമസ് ജോസഫ്, ജോഷ്മ ജെനീഷ് എന്നിവരെയും ജോയിന്റ് ട്രഷറര്‍ ആയി ജോയി പോളും എത്തിയപ്പോള്‍ ഈവന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയി മിന്റോ ആന്റണി, അസീസാ ടോമി എന്നിവരും കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് മാത്യു, പ്രീതാ മിന്റോ എന്നിവരും വുമന്‍സ് കോര്‍ഡിനേറ്റേഴ്‌സ് ആയി ബിന്‍സി ജോജി, റീനാ സിബി, പ്രീതി ബൈജു എന്നിവരും ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ജോസ് ജോര്‍ജും സ്പിരിച്ചല്‍ കോര്‍ഡിനേറ്റേഴ്‌സായി ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, ജെയ്‌സണ്‍ റപ്പായി എന്നിവരെയും പബ്ലിക്കേഷന്‍ ആന്‍ഡ് പിആര്‍ഓ ആയി ബിജു ആന്റണി, മാത്യു ജോര്‍ജ് എന്നിവരെയും ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് അനിമേറ്റേഴ്‌സ് ആയി ജോബി വര്‍ഗീസ്, ഗ്രെയ്‌സി വര്‍ഗീസ് എന്നിവരെയും ഔട്ട്‌ഡോര്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് ആയി ബിബിന്‍ മാത്യു, സജിത്ത് തോമസ്, മനോജ് സെബാസ്റ്റിയന്‍ എന്നിവരും ടൂര്‍കോര്‍ഡിനേറ്റേഴ്‌സ് ആയി സജി ആന്റണി, ബിനോയ് തോമസ് എന്നിവരും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ആയി മോനച്ചന്‍ ആന്റണി, സാബു ജേക്കബ്, എന്നിവരും സാറ്റര്‍ഡേ ക്ലബ്ബ് കോര്‍ഡിനേറ്റേഴ്‌സ് ആയി സുനില്‍ കോലേരി, ബൈജു മാത്യു, ബോബി അഗസ്റ്റിന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആയിരുന്നു ജനറല്‍ബോഡിക്ക് തുടക്കമായത്. വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ച് മാഞ്ചസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി അസോസിയേഷന്‍ നിലകൊളളുമെന്ന് പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം.എസ്.ബാബുരാജ്, എം.കെ.അര്‍ജുനന്‍, തുടങ്ങിയ സംഗീത പ്രതിഭകളുടെ മാന്ത്രിക സ്പര്‍ശം നിത്യഹരിതമാക്കി മാറ്റിയ ഗാനോപഹാരങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കുന്നതിനായി കലാ ഹാംപ്‌ഷെയര്‍ വിഷുക്കൈനീട്ടമായി ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത വിരുന്നുമായി എത്തുന്നു. ഏകദേശം അഞ്ച് മണിക്കൂറിലേറെ ദൈര്‍്ഘ്യമുളള പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പ്രമുഖ ഗാനമേള ട്രൂപ്പുകളിലെ ഗായകരുംവിവിധ വേദികളില്‍ പ്രാഗത്ഭ്യംനേടിയ നര്‍ത്തകരും മിമിക്രി താരങ്ങളും ചേര്‍ന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തിളക്കമേകും.
അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമവേദിയില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമ നാടകഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. നവഗായകര്‍ക്കും നര്‍ത്തകിമാര്‍ക്കും ഓള്‍സ് ഈസ് ഗോള്‍ഡില്‍ അവസരം ഒരുക്കുന്നുണ്ട്. സിബി മേപ്രത്ത്, ജെയ്‌സണ്‍ മാത്യു, റജി കോശി, ജിഷ്ണു ജ്യോതി, മനുജനാര്‍ദ്ദനന്‍, ആനന്ദവിലാസ് ജോര്‍ജ് എടത്വാ, രാകേഷ് തായിരി, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് കലയുടെ മുഖ്യ സംഘാടകര്‍. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്റ്റാളുകളില്‍ ലഭ്യമാകുന്നതാണ്.

ലണ്ടന്‍: യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഇത് രണ്ടാമത്തെ വീട് എന്ന ആശയം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഒരു മുതല്‍ മുടക്കായും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉദ്ദേശിച്ചും ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ആദ്യം വാങ്ങിയ വീടില്‍ സംതൃപ്തര്‍ അല്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വീടിനായി ശ്രമിക്കുന്നത്. കാരണം ഏതായാലും ശ്രദ്ധാപൂര്‍വ്വം ചെയ്‌താല്‍ രണ്ടാമത്തെ വീട് വാങ്ങല്‍ പല തരത്തിലും ഗുണകരമാക്കാം. വാടകയ്ക്ക് നല്‍കാന്‍ വീട് വാങ്ങുന്നവര്‍ ഇത് ശ്രദ്ധിച്ച് വേണം ചെയ്യാന്‍. ഇപ്പോള്‍  സാമ്പത്തിക മേഖലയില്‍ നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ വാടക മേഖലയെയും സാരമായി ബാധിക്കുകയാണ്. എന്നാല്‍ വാടകയ്ക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും. വാടക വീടുകളുടെ നികുതി നിരക്കില്‍ ഇത്തവണ ചാന്‍സലര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാടകക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി ഏര്‍പ്പെടുത്തി. പുതിയ വാടകക്കാരെ കുറിച്ച് പരിശോധിക്കണമെന്ന നിര്‍ദേശവും വീടുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മോശം വാര്‍ത്തകള്‍ തന്നെയാണ്. എന്നാല്‍ രാജ്യമെമ്പാടും വാടകയില്‍ വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു എന്നതാണ് വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്കുളള നല്ലവാര്‍ത്ത. പ്രതിമാസം 743 പൗണ്ടാണ് ഏറ്റവും കുറഞ്ഞ വാടക നിരക്ക്.
ഗ്രേറ്റര്‍ ലണ്ടനിലാണ് വാടകനിരക്ക് ഏറ്റവും കൂടുതല്‍. 1544 പൗണ്ടാണ് ഇവിടുത്തെ ഏറ്റവും കുറഞ്ഞ വാടക. വീട് ആവശ്യമുളളവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ബ്രിട്ടീഷ് ജനതയുടെ ആയുര്‍ദൈര്‍ഘ്യമുയര്‍ന്നതും കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഏറ്റവും വേഗതയുള്ള രാജ്യവും ബ്രിട്ടനാണ്. ആവശ്യമുളളതിലും പത്ത് ലക്ഷം വീടുകള്‍ കുറവാണെന്നതാണ് രാജ്യത്തെ വാടകനിരക്ക് കൂട്ടുന്ന പ്രധാന ഘടകം. ഇത് വീടുടമകള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആദ്യമായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവിടെ നിന്ന് ലാഭം നേടാന്‍ നിങ്ങള്‍ക്ക് കഴിയൂ.

വിദ്യാര്‍ത്ഥികളെയാണോ, കുട്ടികളുളള കുടുംബത്തെയാണോ പ്രൊഫഷണലുകളെയാണോ വാടകക്കാരായി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വീട്ടുടമകളാണ്. ഇതിലൂടെ എവിടെ വീട് വാങ്ങണമെന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഏത് തരം വീട് വാങ്ങണമെന്നതും വാടകക്കാരെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ഏജന്റുമാരുടെ ഉപദേശം തേടാവുന്നതാണ്. വെബ്‌സൈറ്റുകളിലൂടെയും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം. മിക്ക വാടകക്കാര്‍ക്കും ഒന്നോ രണ്ടോ കിടപ്പുമുറികളുളള വീടാണ് ആവശ്യം. വലിയ കെട്ടിടങ്ങള്‍ വാങ്ങി കിടപ്പുമുറികളാക്കി നല്‍കാനാകും. എന്നാല്‍ ഇത് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു. സുരക്ഷിതത്വത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റും പ്രശ്‌നങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വരുമാനം കുറയ്ക്കുന്നതോടൊപ്പം ഇത് മാനേജ് ചെയ്യാന്‍ മുഴുവന്‍ സമയം നീക്കി വയ്‌ക്കേണ്ടിയും വന്നേക്കാം.

തൊഴില്‍ ശാലകളോടടുത്ത് വീടുകള്‍ വാങ്ങുന്നത് ഏറെ സഹായകമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാരണം വാടകയ്ക്ക് വീട് തേടുന്നവര്‍ തങ്ങളുടെ ജോലി സ്ഥലത്തിനടുത്ത് തന്നെ അത് വേണമെന്ന് ആഗ്രഹിക്കുന്നവരാകും. ആശുപത്രികള്‍, സര്‍വകലാശാലകള്‍, വലിയ സ്വകാര്യ കമ്പനികള്‍, തുടങ്ങിയവയ്ക്ക് സമീപമോ, പൊതുഗതാഗത സൗകര്യമുളളതിനടുത്തോ വീടുകള്‍ വാങ്ങുന്നത് നന്നായിരിക്കും. ഇതിന് പുറമെ അടുത്ത് കടകള്‍ ഉളളതും പ്രയോജനകരമാകും. അതേസമയം നിശാക്ലബ്ബുകള്‍ക്കടുത്ത് വീടുകള്‍ വാങ്ങാനേ പാടില്ലെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ കയ്യിലുളള പണത്തിന് താങ്ങാന്‍ കഴിയുന്ന വീടുകള്‍ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശവും ഉണ്ട്.

ഏപ്രില്‍ ഒന്നിന് ശേഷം മാത്രമേ പുതിയ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഏപ്രില്‍ മുതല്‍ മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ ഇപ്പോള്‍ വീട് വാങ്ങാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇത് വീടുകളുടെ വില കൃത്രിമായി കുതിച്ച് കയറാന്‍ ഇടയാക്കും. അതൊഴിവാക്കാനാണ് ഈ നിര്‍ദേശം. ഏപ്രില്‍ മുതല്‍ സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ അപ്പോള്‍ ആവശ്യക്കാരുടെ ഒഴുക്ക് കുറയാനും വിലയിടിയാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വീടുകള്‍ തയാറാക്കുന്നതെങ്കില്‍ അവിടെ വേണ്ട ഫര്‍ണിച്ചറുകളും ഒരുക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുളളവര്‍ ഫര്‍ണിഷ്ഡ് വീടുകള്‍ തെരയുന്നവരാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് അതാവശ്യമില്ല. അവര്‍ സ്വന്തം ഫര്‍ണിച്ചറുകള്‍ കൊണ്ട് വന്ന് ഉപയോഗിച്ച് കൊളളും.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന ജനറല്‍ ബോഡി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജാനേഷ് നായരെയും വൈസ് പ്രസിഡന്റായി ശ്രീ കെ.ഡി.ഷാജിമോനെയും സെക്രട്ടറി ആയി അനീഷ് കുര്യനെയും ജോയിന്റ് സെക്രട്ടറി ആയി ജിക്‌സി സന്‍ജീവിനെയും ട്രഷറര്‍ ആയി ഹരീഷ് നായര്‍ സ്‌റ്റോക്ക് പോര്‍ട്ടിനെയും തെരഞ്ഞെടുത്തു.
മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി പോള്‍സണ്‍ തോട്ടപ്പളളി, സാജു കാവുങ്ങ, ഹാന്‍സ് ജോസഫ്, ബിന്ദു കുര്യന്‍, റീന വില്‍സണ്‍, ജിന്റോ ജോസഫ്, ഷാജു ആന്റണി, ജോര്‍ജ് മാത്യു (മനോജ്) എന്നിവരെയും തെരഞ്ഞെടുത്തു. യുക്മ പ്രതിനിധികളായി നിലവിലെ അംഗങ്ങളായ പോള്‍സണ്‍ തോട്ടപ്പളളിയും മാത്യു ഏലൂരും തുടരും.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ എംഎംഎയെ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകുന്നതിനും പഴയ കമ്മിറ്റിക്ക് കൃതജ്ഞത അറിയിച്ച് കൊണ്ടും പുതിയ നേതൃത്വം നിലവില്‍ വന്നു.
എംഎംഎയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഡാന്‍സ് സ്‌കൂളും നാടന്‍ തട്ടുകടകളും പൂര്‍വാധികം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം മറ്റ് കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനും അതിന് വേണ്ടി എല്ലാ ആളുകളുമായും സഹകരണം പുതുനേതൃത്വം ആവശ്യപ്പെട്ടു.

അല്‍ജോ മാത്തുക്കുട്ടി
ഡെര്‍ബി: ഡെര്‍ബി ആന്‍ഡ് ബാള്‍ട്ടണ്‍ ഓണ്‍ ട്രെന്റ് ക്‌നാനായ അസോസിയേഷന്റെ 2016-18 കാലയളവിലേക്കുളള ഭരണസമിതിയെ ഡിസംബര്‍ 31ന് ഡെര്‍ബിയില്‍ വച്ച് നടന്ന ക്‌നാനായ കൂട്ടായ്മയില്‍ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റായി ജെയിംസ് അബ്രഹാം അകംബാലായില്‍ ( നീഴൂര്‍ ഇടവക) സെക്രട്ടറി ആയി അല്‍ജോ മാത്തുക്കുട്ടി മാപ്പിളശേരിയില്‍ (കണ്ണാങ്കര ഇടവക) ട്രഷറര്‍ ആയി ബിനോയ് ആറ്റുമേല്‍ കോര (കണ്ണങ്കര ഇടവക) വൈസ് പ്രസിഡന്റായി ബിഞ്ചു ജോണ്‍ മുരിങ്ങോത്ത് (സംക്രാന്തി ഇടവക) ജോയിന്റ് സെക്രട്ടറി ആയി ബെറ്റി അനിയന്‍ കിഴക്കേല്‍ ( പിറവം ഇടവക) ജോയിന്റ് ട്രഷറര്‍ ആയി മേരി തോമസ് വെങ്ങാലില്‍ (കടുത്തുരുത്തി ഇടവക) ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ആയി ലീലു എബ്രഹാം മഠത്തിലും ( വളളംകുളം ഇടവക) തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മുന്‍ഭരണസമിതിയുടെ സ്ത്യുര്‍ഹസേവനത്തിന് കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് സെക്രട്ടറി 201617 കാലയളവിലെ കാര്യപരിപാടികളുടെ വിശദമായ രൂപരേഖ അവതരിപ്പിച്ചു. 2015 യുകെകെസിഎ കലാമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിനായി ഒരുക്കിയ രക്ഷിതാക്കളെയും കുട്ടികളെയ പരിശീലിപ്പിച്ച ബിഞ്ചു ജോണിനെയും കൂട്ടായ്മയില്‍ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

മലയാളം യുകെ ന്യൂസ് ടീം
ലണ്ടന്‍: യുകെ റോഡുകളില്‍ അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന അപകടങ്ങളിലൂടെ വര്‍ഷം തോറും 340 മില്യന്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തട്ടിയെടുക്കുന്നതായി ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയാണ് വെളിപ്പെടുത്തിയത്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം അപകടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. കുറ്റകത്യങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്. അനധികൃതമായി ആയുധങ്ങള്‍ വാങ്ങുന്നതിനും മയക്കുമരുന്ന് ഇടപാടുകള്‍ക്കും ഈ പണം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്യമായി ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നവരുടെ പണമാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതായി വരുന്നത്.

അപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ ഇരകളെ വളരെ ബോധപൂര്‍വ്വമാണ് തെരഞ്ഞെടുക്കുന്നത്. പൂര്‍ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുളളവരും എന്നാല്‍ അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നവരുമായ ഡ്രൈവര്‍മാരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. നമ്മള്‍ ശ്രദ്ധിച്ചാലും നമ്മളെ അപകടത്തില്‍ പെടുത്തി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യല്‍ ആണ് ഇവരുടെ രീതി. കുട്ടികളുമായി പോകുന്ന അമ്മമാരും പ്രായമുളളവരുമാണ് ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകള്‍. ഇവരെ തിരിച്ചറിയാനുള്ള സൂചനകളും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോ പുറത്തു വിട്ടു.

accident1

അപകടമുണ്ടാക്കുന്ന രീതികള്‍ 

കൃത്യമായ കാരണമില്ലാതെ തന്നെ മുന്നില്‍ പോകുന്ന വാഹനം പെട്ടെന്ന്‍ ബ്രേക്ക് ചെയ്യുകയും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സമയം ലഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ വാഹനം മുന്നിലെ വാഹനത്തില്‍ ഇടിക്കുകയും ചെയ്താല്‍ ഇത് തട്ടിപ്പ് സംഘമാണെന്ന് കരുതാം. ഇത് ഇവരുടെ ഒരു സ്ഥിരം രീതിയാണ്.

ഇടുങ്ങിയ സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് കടന്ന് പോകാനായി ഒരു ഡ്രൈവര്‍ അനുമതി നല്‍കുകയും നിങ്ങള്‍ അതിന് ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കാര്‍ ഇടിച്ച് കയറ്റുകയും ചെയ്താല്‍ ഇതും തട്ടിപ്പാണെന്ന് മനസിലാക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍ നിങ്ങള്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ അപകടം കരുതിക്കൂട്ടിയുളളത് തന്നെയാണെന്ന നിഗമനത്തിലെത്താം. അപകടത്തില്‍പ്പെട്ടയാള്‍ പെട്ടെന്ന് തന്നെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ കൈമാറിയാലും ഇത് മനപൂര്‍വ്വം സൃഷ്ടിക്കുന്ന അപകടം തന്നെയാകാം.

അപകടം നടന്ന് ആഴ്ചകള്‍ക്കുളളില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പെരുപ്പിച്ച് കാട്ടിയ ഒരു ക്ലെയിം തുകയേക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങളെ തേടിയെത്തിയാല്‍ ആ അപകടം തട്ടിപ്പുകാരുടെ തിരക്കഥയാണെന്ന് ഉറപ്പിക്കാം. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കുകയാണ് പ്രാഥമികമായി വേണ്ടത്.

driving-car-accident

അപകടങ്ങളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

എല്ലായ്പ്പോഴും വളരെ ശ്രദ്ധിച്ച് മാത്രം വാഹനം ഓടിക്കുക. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് വരുന്ന ഡ്രൈവര്‍മാര്‍ റോഡില്‍ ഉണ്ടാകാം എന്ന്‍ എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കുക.

നിങ്ങളുടെ മുന്നിലുളള വാഹനവുമായി കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. മുന്നിലെ വാഹനത്തില്‍ നിന്ന് നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.

എതിര്‍വാഹനത്തിന്റെ ഡ്രൈവര്‍ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്താലും ശ്രദ്ധയോടെ മാത്രം മുന്നേറുക. മതിയായ സ്ഥലം ഉണ്ടെന്ന്‍ ഉറപ്പ് വരുത്തി മാത്രം വാഹനം മുന്‍പോട്ട് എടുക്കുക.

മറ്റ് ഡ്രൈവര്‍മാരുടെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. മുന്നിലുള്ള കാര്‍ നിങ്ങളുടെ നേര്‍ക്ക് തിരിയുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാഹനം കൊണ്ട് പോകാന്‍ ശ്രമിക്കുക.

തട്ടിപ്പുകാര്‍ പലപ്പോഴും തങ്ങളുടെ ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ ആക്കിയിട്ടുണ്ടാകും. അക്കാര്യത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്കനുസരിച്ച് അപകടങ്ങള്‍ സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പു നടത്തുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് പ്രതിവര്‍ഷം 50 പൗണ്ട് അധിക പോളിസി നല്‍കേണ്ടി വരുന്നുണ്ട്.

Car-Accident-Blog

നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ഒരു തരത്തിലുമുള്ള നഷ്ടപരിഹാരം അപകട സ്ഥലത്ത് വച്ച് അംഗീകരിക്കരുത്

അനാവശ്യമായി മറ്റേ ഡ്രൈവറെകുറ്റപ്പെടുത്തി സംസാരിക്കാനോ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനോ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തിയില്‍ സംശയം ഉണ്ടായാലും അവിടെ വച്ച് സൂചിപ്പിക്കതിരിക്കുക.

അപകടമുണ്ടായ സ്ഥലം, സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ ഒരു കടലാസ്സില്‍ എഴുതി സൂക്ഷിക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍, യാത്രികര്‍ എന്നിവരെ കുറിച്ചും അവര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും കൂടി ഈ നോട്ടില്‍ എഴുതാന്‍ ശ്രദ്ധിക്കണം.

സാധിക്കുമെങ്കില്‍ അപകടത്തിന്റെയും, വാഹനത്തില്‍ ഉണ്ടായ കേടുപാടുകളുടെയും ഫോട്ടോ മൊബൈലില്‍ എടുത്ത് സൂക്ഷിക്കുക. പ്രകോപനം ഉണ്ടാകാതെ വേണം ഇങ്ങനെ ചെയ്യാന്‍.

പോലീസിനെ വിവരം അറിയിക്കുക. മറ്റേ വാഹനത്തില്‍ തട്ടിപ്പ് സംഘം ആണെങ്കില്‍ അവര്‍ പെട്ടെന്ന് സ്ഥലം വിടാന്‍ ശ്രമിക്കും.

നിഷ്പക്ഷരായ സാക്ഷികള്‍ ഉണ്ടോ എന്ന്‍ നോക്കുക. ഇത് വളരെ ശ്രദ്ധിച്ച് വേണം. കാരണം തട്ടിപ്പ് സംഘമാണെങ്കില്‍ അവര്‍ സാക്ഷികളെയും തയ്യാറാക്കി നിര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും പെട്ടെന്ന്‍ വിവരം അറിയിക്കണം. മനപൂര്‍വ്വം ഉണ്ടാക്കിയ അപകടം ആണെന്ന്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അക്കാര്യവും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

അപകടത്തെ കുറിച്ചും നിങ്ങളുടെ സംശയങ്ങളെ കുറിച്ചും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയെ 0800 422 0421 നമ്പറില്‍ വിളിച്ച് അറിയിക്കുക. ഇവരുടെ വെബ്സൈറ്റ് വഴിയും അതിനുള്ള സൗകര്യം ലഭ്യമാണ്.

ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയേറെ ഉപകരിക്കുന്നതാണ്.

ഈ വാര്‍ത്ത ഉപകാരപ്രദം ആണെങ്കില്‍ ദയവായി മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുക 

 

കാരൂര്‍ സോമന്‍
ആത്മജ്ഞാനത്തിന്റെ അമൂര്‍ത്തഭാവങ്ങളായി മന്ദഹാസം പൊഴിച്ചും മനോഹാരിതയുടെ മാരിവില്ലുകള്‍ വിടര്‍ത്തി നില്ക്കുന്ന ചിത്രങ്ങളാണ് വത്തിക്കാനിലെ ഓരോരോ ദേവാലയങ്ങളിലുള്ളത്. അത് വെറും നാല്‍പത്തിനാല് ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന വത്തിക്കാനിലെ ആയിരത്തോളം വരുന്ന ദേവാലയങ്ങളില്‍ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളിലെ എല്ലാ പ്രമുഖ ദേവാലയങ്ങളിലും ചിത്രകലയിലെ പ്രതിഭാസമ്പന്നന്മാരായ ഇതിഹാസ പുരുഷന്മാരുടെ കൈയൊപ്പുണ്ട്. വിടര്‍ന്ന കണ്ണുകളോടെ തിങ്ങിനിറഞ്ഞു നില്ക്കുന്ന സഞ്ചാരികള്‍ക്കൊപ്പം ഞാനും നിര്‍ന്നിമേഷനായി മിഴിച്ചു നോക്കി. ഓരോരോ ചിത്രങ്ങളിലും നിറഞ്ഞു തുളുമ്പുന്നത് നിറമാര്‍ന്ന സൗന്ദര്യത്തുടിപ്പുകളാണ്. തളിരും താരുമണിഞ്ഞ് വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂന്തോപ്പിന്റെ പ്രതീതിയാണ് അതിനുള്ളില്‍ അനുഭവപ്പെട്ടത്. രക്തംപുരണ്ട ആ കൈവിരലുകള്‍ ചുവരുകളുടെ ഓരോരോ കോണില്‍നിന്ന് ഒപ്പിയെടുത്തത് ആദ്ധ്യാത്മികതയുടെ അനശ്വരഭാവങ്ങള്‍ മാത്രമല്ല ആത്മീയ ദര്‍ശനങ്ങള്‍ കൂടിയാണ്.

യരുശലേമിലെ സോളമന്‍ രാജാവ് പണി കഴിപ്പിച്ച യരുശലേം ദേവാലയത്തിന്റെ മാതൃകയിലാണ് പോപ്പ് സിക്‌സറ്റസ് നാലാമന്‍ എഡി. 1477-1481 കാലയളവില്‍ ഈ ചാപ്പല്‍ പുതുക്കി പണികഴിപ്പിച്ചത്. എ.ഡി. 1508ല്‍ പോപ്പ് ജൂലിയസ് രണ്ടാമനാണ് ലോകോത്തര പെയിന്ററും ചിത്രകാരനും ശില്പിയും ബുദ്ധിജീവിയുമായ മൈക്കിള്‍ അന്‍ജിലീയോട് വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പല്‍ പെയിന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. സിസ്റ്റിന്‍ ചാപ്പല്‍പോലെ തന്നെ ലോകോത്തരചിത്രങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ചിത്രമാണ് ലാസ്റ്റ് ജഡ്ജമെന്റ്. പോപ്പ് ക്ലമന്റ് ഏഴാമന്റെ നിര്‍ദ്ദേശപ്രകാരം എ. ഡി. 1536 മുതല്‍ 1541 കാലയളവിലാണ് മൈക്കല്‍ അന്‍ജലോ അത് പൂര്‍ത്തീകരിക്കുന്നത്.

1

ആസ്വാദക മനസ്സുകളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന മറ്റ് ചിത്രകാരന്മാരായ റാഫേല്‍, പീറ്ററോ, പെറുഗീനോ, സാന്‍ട്രോ ബോട്ടിസെലി, കോസ്സിമ റോസ്സേലി, ജയാന്‍ ലോറിന്‍ബോ അങ്ങനെ പലരും ഇതില്‍ പങ്കാളികളായിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കിയൊഴിക്കുംപോലുള്ള സിസ്റ്റീന്‍ ചാപ്പലിലെ ഓരോ പെയിന്റിംഗും കലാകാവ്യസൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാണ്. ആ ചിത്രങ്ങളില്‍നിന്ന് അജ്ഞാതമായ ഏതോ ഒരു ശക്തി അടുത്തേക്കു വന്ന് അരക്കിട്ടുറപ്പിക്കുന്നതുപോലെ തോന്നും, ആ നിമിഷങ്ങളില്‍ എന്റെ മനസ്സിനെ ആരോ എങ്ങോട്ടോ വലിച്ചിഴച്ചു. ഈ സമയം ദുര്‍ഗുണങ്ങള്‍ നിറഞ്ഞു നിന്ന രാജകൊട്ടാരങ്ങളെ, പാപകര്‍മ്മങ്ങള്‍ അനുഷ്ടിച്ചു പോന്ന രാജാക്കന്മാരെ ചക്രവര്‍ത്തിമാരെ ആരും ഓര്‍ത്തുപോകുക സ്വാഭാവികമാണ്. അന്ന് അന്ധവിശ്വാസങ്ങളായിരുന്നെങ്കില്‍ ഇന്ന് വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന വിഷസര്‍പ്പങ്ങളാണ്. ഇന്‍ഡ്യയിലുള്ളത് : അത് കേരളത്തിലും പുളഞ്ഞ് വളഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു.

ഇവിടുത്തെ ഓരോ ചിത്രങ്ങളും വീടിനുള്ളില്‍ തെളിയുന്ന കെടാവിളക്കിന്റെ പ്രകാശമാണ് പ്രദാനം ചെയ്യുന്നത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അധിക ജ്ഞാനപഠനമില്ലെങ്കിലും വിശുദ്ധിയുടെ ഒരു ചൈതന്യം ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈശ്വരന്റെ ആത്മാവു വസിക്കുന്നവര്‍ക്ക് അതൊരു വഴികാട്ടിയാണ്. അത് പാപത്തെക്കുറിച്ചുള്ള അവബോധമാണ് വളര്‍ത്തുന്നത്. ദൈവം ആത്മാവാണെന്നും ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ ആരാധനയ്ക്ക് യോഗ്യരാണോ? ഈ ചാപ്പലില്‍നിന്നാണ് കര്‍ദ്ദീനാളന്മാര്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നത്.

3

സിസ്റ്റിന്‍ ചാപ്പല്‍ നിറഞ്ഞു നില്ക്കുന്നത് യഹൂദ-ക്രിസ്തീയ ചരിത്രകഥകളാണ് പ്രപഞ്ചത്തിന്റെ ഉല്‍പത്തി തുടങ്ങീ യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിലും ഉയര്‍പ്പിലും പ്രത്യക്ഷപ്പെടലിലും അതവസാനിക്കുന്നു. മനുഷ്യമനസ്സുകളില്‍ അജ്ഞതയും അറിവില്ലായ്മയും പിശാചിന്റെ രൂപത്തില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഏതോ നിഗൂഢതയില്‍ ഒളിഞ്ഞിരുന്ന് നമ്മെ നോക്കുന്നതായി തോന്നി. അതാണോ നീ പണിയുക ഞാന്‍ പൊളിക്കുമെന്ന് ബൈബിളില്‍ പറയുന്നത്? റോമന്‍-യരുശലേം ദേവീദേവന്മാര്‍, ദേവാലയങ്ങള്‍ നൂറ്റാണ്ടുകളായി മനുഷ്യര്‍ ആരാധിച്ചുവന്നത് തകര്‍ന്ന് തരിപ്പണമായത് ഈ വാക്കുകളെ സാധൂകരിക്കുന്നതല്ലേ? അന്നത്തേ ഭരണത്തെ വിലയിരുത്തുമ്പോള്‍ ചെയ്ത പ്രവൃത്തികളുടെ പാപഫലങ്ങളുടെ ശമ്പളമായിട്ടേ ഈ അധഃപതനങ്ങളെ കാണാനാകൂ. പരിശുദ്ധാത്മാവ് എന്ന് പറഞ്ഞാല്‍ വെളിച്ചമാണ്.

2

നിഗളികളും അഹങ്കാരികളുമായ മനുഷ്യര്‍ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവില്‍ സഞ്ചരിക്കാത്തതുകൊണ്ടല്ലേ ഈ പ്രപഞ്ചത്തില്‍ എല്ലാം ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. റോമിലെ ദേവീദേവന്മാരും യരുശലേമിലെ ദേവാലയവും മനുഷ്യകുലത്തിന് ഒരു പാഠപുസ്തകം തന്നെയാണ്. നൂറുകണക്കിന് ജനങ്ങളെ കൊന്നൊടുക്കി രാജ്യങ്ങള്‍ പിടിച്ചടക്കി വരുമ്പോഴൊക്കെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളില്‍ പൂജകള്‍ ബലികര്‍മ്മങ്ങള്‍ നടത്തി സ്വയം ആശ്വസിച്ചവരാണവര്‍. യിസ്രായേലിലെ രാജാക്കന്മാരുടെ രാജാവായ ദാവീദിന്റെ നിര്‍ദ്ദേശപ്രകാരം ബി.സി. 920 മുതല്‍ 950 വരെയുള്ള കാലയളവിലാണ് യരുശലേം ദേവാലയം മകനായ ശലോമോന്‍ രാജാവ് പണികഴിപ്പിച്ചത്. അന്ന് അത് ലോകാത്ഭുതങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ആധുനിക അലങ്കാര ചാര്‍ത്തുകളോടെ അണിയിച്ചൊരുക്കിയ ദേവാലയമാകെ രത്‌നം പതിച്ച കല്ലുകളടങ്ങിയ വിലയേറിയ സമ്പത്തായിരുന്നു.

4

ശലോമോന്‍ രാജാവ് നാടുനീങ്ങിയതോടെ വിശുദ്ധ ദേവാലയത്തിന്റെ കഷ്ടകാലവും ആരംഭിച്ചു. റോമന്‍-ബ്രിട്ടീഷ് സാമ്രാജ്യങ്ങളടക്കം പതിനഞ്ച് ലോകശക്തികളാണ് ഈ ദേവാലയം ആക്രമിച്ച് അതിനുള്ളിലെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോയത്. അന്നത്തെ പവിത്രവും സുന്ദരവുമായ യരുശലേം ദേവാലയത്തിന്റെ സ്ഥാനത്ത് ഇന്ന് നിലകൊള്ളുന്നത് ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധ മോസ്‌കായ അത്- അകസാ മോസ്‌കാണ്. അതിനടുത്തു തന്നെയാണ് ഡോം ഓഫ് ദി റോക്ക്, യഹൂദ-ക്രിസ്ത്യന്‍, മുസ്ലീംമിന്റെ പുണ്യഭൂമിയാണത്. ദൈവത്തിന്റെ നഗരം, വിശുദ്ധ നഗരം, സമാധാനത്തിന്റെ നഗരം ഇങ്ങനെയുള്ള ഓമനപേരുകള്‍ മനുഷ്യന്‍ വാഴ്ത്തിപ്പാടിയ സ്ഥലത്ത് ഇന്ന് നടക്കുന്നത് രക്തച്ചൊരിച്ചാണ്. അതിനാല്‍ രക്തത്തിന്റെ നഗരം എന്നുകൂടി ചേര്‍ത്താല്‍ നല്ലതാണ്.

അറിവും വിവേകവുമില്ലാത്ത മനുഷ്യരാണ് ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങളില്‍കൂടി ജീവിക്കുന്നത്. അവര്‍ക്ക് തണലായി വരുന്നത് മതങ്ങളും സമുദായങ്ങളുമാണ്. അവര്‍ക്ക് വന്‍തണലായി വരുന്നത് സ്വാര്‍ത്ഥമോഹികളായ ഭരണാധിപന്മാര്‍. ഇവരുടെ തലയില്‍ റോമന്‍ യഹൂദ്യ രാജാക്കന്മാരുടെ ശിരസ്സില്‍ ചൂടിയിരുന്ന കിരീടങ്ങള്‍ കൂടിയുണ്ടായാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് പോയ രഥങ്ങളും കുതിരകളും നമ്മുടെയിടയിലൂടെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്നത് കാണാം. ഇന്ന് ആ സ്ഥാനത്ത് കാറുകളും കൊടികളുമാണ്. ആ കൂട്ടത്തില്‍ ധാരാളം രഥയാത്രകളും ഘോഷയാത്രകളും തീര്‍ത്ഥയാത്രകളുമുണ്ട്. മറ്റൊരു കൂട്ടര്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നത് ആരിലും ആശ്ചര്യമുണര്‍ത്തുന്ന വന്‍സൗധങ്ങള്‍ ഉണ്ടാക്കിയിട്ടാണ്.

ഈ രഥയാത്രകള്‍ നടത്തുന്നവരും വന്‍ സൗധങ്ങളുണ്ടാക്കുന്നവരും അയല്‍പക്കത്തോ സമൂഹത്തിലോ ദൈനംദിനം രോഗം, പട്ടിണി, ദാരിദ്ര്യം മുതലായവയാല്‍ തളയ്ക്കപ്പെട്ടവന്റെ നൊമ്പരങ്ങള്‍ തിരിച്ചറിയാതെ സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി കഴിയുന്ന ദൈവത്തെ പ്രീതിപ്പെടുത്താനും വിതുമ്പി കഴിയുന്ന പാവങ്ങളുടെ രക്ഷകനായി വരുന്നതും. ഇത് അധോലോകസംഘത്തില്‍പ്പെട്ടവര്‍ അല്ലെങ്കില്‍ അഴിമതി നടത്തി സമ്പന്നരാകുന്നവര്‍ ദൈവങ്ങളെ, പുണ്യാത്മാക്കളെ കമ്പോളത്തില്‍ വിറ്റഴിച്ച് പാവങ്ങളെ നിശ്ശബ്ദരാക്കുന്ന കപട മുഖങ്ങള്‍ ഉള്ളവരാണ്. ഇവര്‍ അറിയാതെ പോകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതായത് ഭീകരസ്വഭാവമുള്ള മനുഷ്യര്‍, അധികാരദുര്‍ഭരണം നടത്തിയ സാമ്രാജ്യത്വശക്തികള്‍ അവരുടെ ദേവാലയങ്ങള്‍, ദേവീ-ദേവന്മാര്‍ ഈശ്വരന്‍ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കിയത് ലോകചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

അന്ന് വീറോടെ പൊരുതി യുദ്ധങ്ങളില്‍ ജയിച്ചവരും ഇന്ന് തെരെഞ്ഞെടുപ്പുകളിലൂടെ പൊരുതി ജയിക്കുന്നവരും മാനവരാശിയുടെ നന്മയ്ക്കായി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവരാണോ അതോ അധികാരഭ്രാന്തും മതഭ്രാന്തും സമൂഹത്തില്‍ വളര്‍ത്തി അരാജകത്വം സൃഷ്ടിച്ച് സമ്പത്തുണ്ടാക്കുന്നവരാണോ? ഈ കുറുക്ക് വഴികള്‍ കണ്ടെത്തുന്ന കുറുക്കന്മാര്‍ സമൂഹത്തില്‍ കനല്‍ വാരിയെറിയാതെ പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയ ചിത്രങ്ങളില്‍ കാണുന്നവിധം ആത്മാന്വേഷണം നടത്തി കാലത്തിനും ചരിത്രത്തിനുമായി സ്‌നേഹത്തിന്റെ പൂങ്കാവനങ്ങള്‍ തീര്‍ക്കുകയാണ് വേണ്ടത്.

RECENT POSTS
Copyright © . All rights reserved