രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
സർക്കാരിൻറെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ സൂചനകൾ പുറത്തുവരാൻ തുടങ്ങിയിട്ട് വളരെ നാളായി. അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാം സാധ്യത കൽപ്പിക്കുന്നത് ലേബർ പാർട്ടിക്കാണ് . അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസന്റെ അഭിപ്രായം മലയാളം യുകെ നേരെത്തെ പ്രസിദ്ധികരിച്ചിരുന്നു . ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
15029 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേയുടെ ഫലമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. സർവേയനുസരിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന ഭരണപക്ഷം 100- ൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി തന്റെ നോർത്ത് യോർക്ക് ഷെയറിലെ സീറ്റിൽ പരാജയം നുണഞ്ഞേക്കാമെന്ന് സർവേ ചൂണ്ടി കാണിക്കുന്നത്. ലേബർ പാർട്ടിക്ക് 468 സീറ്റും ടോറികൾക്ക് 98 സീറ്റും ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. ഭരണപക്ഷമായ കൺസൾവേറ്റീവ് പാർട്ടിക്ക് 360 സീറ്റ് ആണ് നിലവിലുള്ളത്. ലേബർ പാർട്ടിക്ക് 200 സീറ്റും.
ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് താല്പര്യം ഉണ്ടെങ്കിലും ഒട്ടുമിക്ക യുകെ മലയാളികളും ലേബർ പാർട്ടിയോട് അനുഭാവം ഉള്ളവരാണ്. മലയാളികളായ കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാല , ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്കിലെ മുൻ മേയറായ ടോം ആദിത്യ തുടങ്ങിയവർ ലേബർ പാർട്ടിയുടെ കുടക്കീഴിലാണ് ഇലക്ഷനിൽ മത്സരിച്ചത്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു ടോം ആദിത്യയുടെ മകൾ അലീനയും ലേബർ പാർട്ടി അംഗമാണ് . പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലയാളികളിൽ നല്ലൊരു വിഭാഗം ടോറികൾക്ക് വോട്ട് ചെയ്തത്. ബ്രെക്സിറ്റിൻ്റെ നടപടികളിൽ ടോറികൾ എടുത്ത ഉറച്ച നിലപാടുകളാണ് പ്രധാനമായും മലയാളികളെ ടോറികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച ഘടകം .
ചുവരെഴുത്ത്
എല്ലാം മേഖലയിലുമുള്ള ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഭരണവിരുദ്ധ വികാരമാണ് യുകെ മലയാളികളുടെ ഇടയിലുള്ളത് . കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ മൂലം കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് . ഏറ്റവും പ്രധാനപ്പെട്ട കാര്യം ശമ്പളം തന്നെയാണ് . യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട വിഭാഗം നേഴ്സുമാർ ആയിരുന്നു. 5 ശതമാനം മാത്രമാണ് നേഴ്സുമാർക്ക് നൽകിയ ശമ്പള വർദ്ധനവ്.
എയർപോർട്ടില് ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിലിതാ കൊച്ചിൻ ഇന്റർനാഷണല് എയർപോർട്ട് ലിമിറ്റഡില് (സിയാല്) നിരവധി ഒഴിവുകള്.
മാർച്ച് 27 വരെയാണ് അപേക്ഷിക്കാൻ അവസരം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകള്, യോഗ്യത, ശമ്ബളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.ജനറല് മാനേജർ (കൊമേഴ്സ്യല്), ഡെപ്യൂട്ടി ജനറല് മാനേജർ, സീനിയർ മാനേജർ (സിവില്), സീനിയർ മാനേജർ (എച്ച് ആർ, സെക്രട്ടേറിയല്), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച് ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.
ജനറല് മാനേജർ തസ്കികയില് 1,20,000-2,80,000 വരെയാണ് ശമ്ബളം. 50 വയസാണ് ഉയർന്ന പ്രായപരിധി. സീനിയർ മാനേജർ-സിവില് എൻജിനിയറിങ് തസ്തികയിില് ഉയർന്ന പ്രായപരിധി 42 വയസാണ്. 80,000 മുതല് 2,20,000 വരെയാണ് ശമ്ബളം.
സീനിയർ മാനേജർ സെക്രട്ടറിയില് തസ്തികയില് അപേക്ഷിക്കുന്നവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) അംഗമായിരിക്കണം. എല്എല്ബി ബിരുദം ഉണ്ടായിരിക്കണം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 42 വയസാണ് പ്രായപരിധി. 80,000 മുതല് 2,20,000 വരെയാണ് ശമ്ബളം.
ഡെപ്യൂട്ടി മാനേജർ- സിവില് എൻജിനിയറിങ് തസ്തികയിലേക്ക് 17 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യോഗ്യത-യുജിസി/എഐസിടിഇ അംഗീകരിച്ച പ്രശസ്തമായ സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില് നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിടെക്/ബിഇ (സിവില് എൻജിനിയറിങ്) പാസായിരിക്കണം. സിവില് എൻജിനീയറിങ്ങില് ബിരുദാനന്തര ബിരുദം/ എംടെക്/എംഇ/ സ്ട്രക്ചറല് എൻജിനീയർ/ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ/ബില്ഡിങ് ടെക്നോളജി/കണ്സ്ട്രക്ഷൻ മാനേജ്മെൻ്റ്/ട്രാൻസ്പോർട്ടേഷൻ എൻജിനീയർ എന്നിവ അഭികാമ്യം. 47 വയസാണ് ഉയർന്ന പ്രായപരിധി. 1,00,000-2,60,000 വരെയാണ് ശമ്ബളം.
സീനിയർ മാനേജർ-എച്ച്ആർ-80,000 മുതല് 2,20,000 വരെയാണ് ശമ്ബളം. അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില് നിന്നും 60 ശതമാനം മാർക്കോടെ എംബിഎ / ബിരുദാനന്തര ബിരുദം അല്ലെങ്കില് ഡിപ്ലോമ (2 വർഷത്തെ കോഴ്സ്) പേഴ്സണല് മാനേജ്മെൻ്റ് / എച്ച്ആർ അല്ലെങ്കില് തത്തുല്യം പാസായിരിക്കണം. നിയമത്തില് ബിരുദം അഭികാമ്യം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 42 വയസാണ് ഉയർന്ന പ്രായപരിധി.
മറ്റ് യോഗ്യത അടക്കമുള്ള വിശദ വിവരങ്ങള്ക്ക് www.cial.aero
ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .
ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന നെല്ലും പതിരും എന്ന പുതിയ കാർട്ടൂൺ പംക്തി മലയാളം യുകെയിൽ ആരംഭിക്കുന്നു….
പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .
സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.
വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.
നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.
പുതിയ വിസ നിയന്ത്രണങ്ങൾ യുകെയിലേയ്ക്ക് വരാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികളെയാണ് നിരാശരാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിലെത്തുന്ന മലയാളികളുടെ കുത്തൊഴുക്കായിരുന്നു. യുകെയിലേയ്ക്ക് വിസ സംഘടിപ്പിച്ചു കൊടുക്കാൻ മാത്രമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഒട്ടേറെ ഏജൻസികളാണ് മുളച്ചു പൊങ്ങിയത്. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാമെന്നതായിരുന്നു പലരെയും യുകെയിൽ എത്താൻ പ്രേരിപ്പിച്ചിരുന്നത്.
കുത്തഴിഞ്ഞ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ യുകെ സർക്കാർ തീരുമാനിച്ചത് പെട്ടെന്നാണ്. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് 11 മുതൽ കെയർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല . സമാനമായ നിയമം വിദ്യാർത്ഥി വിസയിലും നടപ്പിലാക്കി കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ഏറ്റവും തിരിച്ചടിയായത് മലയാളികൾക്കാണ്. കാരണം വിദ്യാർത്ഥി കെയർ വിസകളിൽ യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു . ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരുധി യുകെ സർക്കാർ ഉയർത്തിയതും കുടിയേറ്റം കുറയ്ക്കും എന്ന ലക്ഷ്യം വെച്ച് തന്നെയാണ്.
എന്നാൽ പുതിയ വിസ നയം നേഴ്സുമാരുടെ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയിലുള്ള അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിൽ ഏറ്റവും കൂടിയ പരിഗണനയാണ് ലഭിക്കുന്നത് . ആശ്രിത വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയത് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് മലയാളികൾക്ക് തന്നെയാണ്. തുടർന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഭർത്താവിനെയോ കുട്ടികളെയോ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ല. യുകെയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിൻ്റെ ഗതി 2000- ത്തിന്റെ ആരംഭത്തിലേയ്ക്ക് തിരിച്ചു പോയതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതായത് എൻഎച്ച്എസ്സിലേയ്ക്കുള്ള യുകെ മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടരുക തന്നെ ചെയ്യും.
യുകെയും ഇന്ത്യയും തമ്മിൽ നടത്തിവന്നിരുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ എങ്ങുമെത്തിയില്ല. ഈ വിഷയത്തിൽ ഇതുവരെ 14 റൗണ്ട് ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയത് . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തി വന്നിരുന്ന ചർച്ചകൾ എങ്ങുമെത്താതെ ഇന്നലെയാണ് ഏറ്റവും പുതിയ ചർച്ചകൾ അവസാനിച്ചത്. ഇന്ത്യയും യുകെയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇന്ന് ഇന്ത്യയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകാനാണ് മാരത്തോൺ ചർച്ചകൾക്കായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചത്.
ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ നിർത്തിവയ്ക്കേണ്ടതായി വരും. ഈ വിഷയത്തിലുള്ള പുതിയ ചർച്ചകൾ ഇനി വരുന്ന സർക്കാരുമായി മാത്രമേ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പലവട്ടം ഫോണിലൂടെ ബദ്ധപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. ഇരുപക്ഷവും കരാർ യാഥാർത്ഥ്യമാക്കുന്നതിന് തൊട്ടരികിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
യുകെ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനം വരുന്ന സേവനമേഖലയ്ക്ക് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള പ്രവേശനമാണ് യുകെ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ 2050 ഓടെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുതിയ കരാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ എന്നും ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.
വിനോദസഞ്ചാരത്തിനെത്തിയ വിദേശയുവതി ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര നടത്തുകയായിരുന്ന സ്പാനിഷ് യുവതിയെയാണ് അജ്ഞാതസംഘം ബലാത്സംഗം ചെയ്തത്.
ദുംക ജില്ലയിലെ ഹന്‍സ്ദിഹയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ദമ്പതിമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.
ദുംക വഴി ബിഹാറിലെ ബഗല്‍പുറിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍, രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്. പ്രതികള്‍ യുവതിയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു.
ദുംകയിലെ ഫൂലോ ജാനോ മെഡിക്കല്‍ കോളേജില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് മുളകുപൊടി എറിഞ്ഞത്.
മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെ (28) ആണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ് സംഭവം.
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കില്‍നിന്ന് സ്വര്‍ണം എടുത്ത്, രാഹുല്‍ ജോലിചെയ്യുന്ന ബാങ്കിലേക്ക് പണയം വെക്കാനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൈക്കൽ ഗോവിന്റെ പുതിയ പ്ലാനുകൾ പ്രകാരം വീട്ടുടമകൾക്ക് ഇനി മുതൽ പ്ലാനിങ് പെർമിഷൻ ഇല്ലാതെ തന്നെ വലിയ എക്സ്റ്റൻഷനുകളും, ലോഫ്റ്റ് കൺവേർഷനുകളും നടത്താം. വീടുകൾക്ക് മുകളിലേക്കും വശങ്ങളിലേക്കും വലുപ്പം വർദ്ധിപ്പിക്കുവാൻ അനുമതി നൽകുന്ന പുതിയ മാറ്റങ്ങൾ ഇന്നലെയാണ് ഹൗസിങ് സെക്രട്ടറി മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്. പ്ലാനുകളിൽ എൽ ആകൃതിയിലുള്ള റാപ്പ്റൗണ്ടുകൾ, ലോഫ്റ്റ് കൺവേർഷനുകൾ, അടുക്കള വിപുലീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, കെട്ടിടങ്ങളും വിപുലീകരണങ്ങളും മറ്റും ചുറ്റുമുള്ള ഭൂമിയുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്നുള്ള കർട്ടിലേജ് നിയമങ്ങളും ഇനിമുതൽ അസാധുവാകും എന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുതിയ നടപടികളിൽ വ്യക്തമാകുന്നത്. റൂഫിന് കീഴിലുള്ള ലോഫ്റ്റുകൾ ശരിയാക്കി അവ ഇഷ്ടം പോലെ റൂമുകൾ ആക്കി എടുക്കാനുള്ള അനുമതിയും ഇതോടൊപ്പം വീട്ടുടമകൾക്ക് ഉണ്ടാകും. രാജ്യത്തുടനീളമുള്ള പട്ടണങ്ങളുടെയും നഗരങ്ങളുടെയും സാന്ദ്രത വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റിവ് നയമാണ് മൈക്കൽ ഗോവിന്റെ പ്രഖ്യാപനം വെളിവാക്കുന്നത്. ബ്രിട്ടനിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ വീടുകൾ നിർമ്മിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും ലെവലിംഗ് അപ്പ് സെക്രട്ടറി ഗോവ് ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ പുതിയ മാറ്റങ്ങൾ അയൽക്കാർ തമ്മിലുള്ള കലഹങ്ങൾ വർദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗാർഡൻ ഫെൻസുകൾ അതിക്രമിച്ച കയറുന്ന അടുക്കള വിപുലീകരണങ്ങളും, അതോടൊപ്പം തന്നെ സൂര്യപ്രകാശം എത്തുന്നത് തടയുന്ന തരത്തിലുള്ള നിർമാണങ്ങളും മറ്റും കൂടുതൽ പ്രശ്നങ്ങൾ അയൽക്കാർ തമ്മിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവിലെ നിയമങ്ങൾ പ്രകാരം, ലോഫ്റ്റ് വിപുലീകരണം മിക്ക കേസുകളിലും 50 ക്യുബിക് മീറ്ററിലേക്കോ ടെറസ് ഉള്ള വീടുകളിൽ 40 ക്യുബിക് മീറ്ററിലേക്കോ പരിവർത്തനം പരിമിതപ്പെടുത്തുന്നുണ്ട്. എന്നാൽ പുതിയ നിയമങ്ങൾ ലോഫ്‌റ്റ് സ്‌പേസ് ലഭ്യമാകുന്നത്ര പരിവർത്തനം ചെയ്യാൻ വീട്ടുടമസ്ഥരെ അനുവദിക്കും. എൽ ആകൃതിയിലുള്ള വിപുലീകരണങ്ങൾക്ക് നിലവിൽ ആസൂത്രണ അനുമതി ആവശ്യമാണ്. എന്നാൽ പുതിയ നിയമങ്ങളിൽ ഈ അനുമതി ആവശ്യമാകുന്നില്ല.
അതോടൊപ്പം തന്നെ പിന്നിലെ രണ്ടുനില പണിയുന്നതിന്റെ ഏറ്റവും ഉയർന്ന പോയിന്റ് നിലവിലെ നിയമങ്ങൾ പ്രകാരം വീടിൻ്റെ ഏറ്റവും ഉയർന്ന സ്ഥലത്തേക്കാൾ ഉയർന്നതായിരിക്കരുത് എന്ന് വ്യക്തമാക്കുന്നുണ്ട്. പുതിയ മാറ്റങ്ങളിൽ വീടിൻ്റെ ഏറ്റവും ഉയർന്ന ഭാഗത്തോളം ഉയരത്തിലാകാം, എന്നാൽ തെരുവിൽ നിന്ന് ദൃശ്യമാകരുത് എന്ന് മാത്രമാണ് നിർദ്ദേശിക്കുന്നത്. പുതിയ നിയമങ്ങൾ എത്രത്തോളം ജനങ്ങൾക്കിടയിൽ ഭിന്നത കൊണ്ടുവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സ്നേഹപ്രകാശ്. വി. പി.
നഗര ഹൃദയത്തിലെ ഹോട്ടൽ മുറിയിലിരുന്ന് അയാൾ എഴുതിക്കൊണ്ടിരുന്നു. എയർ കണ്ടീഷണറിന്റെ മുരൾച്ച മാത്രം നിശബ്ദതയെ ഭഞ്ജിക്കുന്നുണ്ട്. വളരെ നല്ല സേവനം നൽകുന്ന, നഗരത്തിലെ ഏറ്റവും പുരാതനമായ ഹോട്ടൽ. ഇവിടെ പലപ്പോഴും താമസിച്ചിട്ടുണ്ട്. ഇടക്കിടെ വരുന്നതിനാൽ ഹോട്ടൽ ജീവനക്കാരെല്ലാം പരിചിതരായിരിക്കുന്നു. പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.
” ആരാ… ”
” ഞാൻ.. തേവിടിശ്ശി … ”
പിന്നെ ഒരു പൊട്ടിച്ചിരിയും.
“വന്നോളൂ… കുറ്റിയിട്ടിട്ടില്ല…”
വാതിൽ തുറന്ന് അവൾ മുറിയിലേക്ക് കയറിയപ്പോൾ അവിടെ ഏതോ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞു. പച്ച നിറത്തിലുള്ള ഷിഫോൺ സാരിയും ബ്ലൗസും. അതിനുള്ളിൽ വീർപ്പുമുട്ടുന്ന അല്പം തടിച്ച ശരീരം. കഴുത്തു വരെ വെട്ടി നിർത്തിയ മുടി. കൺപുരികങ്ങൾ പ്ലക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കാലിൽ ക്യാൻവാസ് ഷൂ. തികച്ചും ഒരു ആധുനിക വനിത.
“കുടിക്കാൻ എന്താണ് വേണ്ടത് …?”
അയാൾ ആതിഥേയനായി.
“ഉച്ച കഴിഞ്ഞില്ലേ സാറേ…ഹോട്ട് തന്നെ ആയ്ക്കോട്ടെ..”
അവളുടെ ചുണ്ടുകളിൽ വരുത്തിയ ചുവപ്പിൽ വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.
അയാൾ കുപ്പിയും, രണ്ടു ഗ്ലാസുകളും, സോഡയും, മേശപ്പുറത്ത് നിരത്തി. പിന്നെ അനുസാരികൾക്കായി റിസപ്ഷനിലേക്ക് വിളിച്ചു.
അവൾ സ്വയം തന്നെ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസുകളിലേക്ക് പകർന്നു. ഗ്ലാസുകളിൽ ഒന്നിൽ സോഡയൊഴിച്ചു. ഗ്ലാസിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ക്യുബുകൾ.സോഡയൊഴിക്കാത്ത ഗ്ലാസ്സിലേക്ക് അയാൾ നോക്കിയപ്പോൾ അവൾ പറഞ്ഞു.
” ഓ… അതാണ് സാറെ പതിവ്… ”
ഒന്നു നിർത്തി തുടർന്നു.
“കരള് കരിഞ്ഞു പോവില്ലേന്നായിരിക്കും…കരള് ആർക്കാ സാറേ ആവശ്യം…”
അവൾ ഉറക്കെ ചിരിച്ചു.
ഒന്നു രണ്ടു തവണ ഗ്ലാസുകൾ നിറയുകയും ഒഴിയുകയും ചെയ്തപ്പോൾ അയാൾ ചോദിച്ചു.
” എന്നാൽ തുടങ്ങാം… ല്ലേ.. ”
അയാൾ റെക്കോർഡർ ഓൺ ചെയ്തു വെച്ചു. അവൾ കഥ പറയാൻ തുടങ്ങി. ബാല്യവും, കൗമാരവും, യൗവ്വനവും. ഇടക്ക് അല്പം നിർത്തും. ഗ്ലാസിൽ നിന്നും ഒരു സിപ്പെടുത്ത് വീണ്ടും തുടരും. നടന്നു തീർത്ത, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കനൽ വഴികളെക്കുറിച്ച്.
“ആദ്യമായി എന്നെ നശിപ്പിച്ചത് എന്റെ കണക്കു മാഷായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ… കണക്കിൽ മോശമായിരുന്നു ഞാൻ. ഞായറാഴ്ച്ച ഒരു സ്പെഷ്യൽ ക്ലാസ്സ്. അതോടെ എന്റെ ജീവിതത്തിന്റെ കണക്ക് പിഴച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ…”
അവൾ ഒരു നിമിഷം നിശബ്ദയായി.
പിന്നെ എനിക്കുമുണ്ടായിരുന്നു ഒരു കലാലയ ജീവിതം. നഗരത്തിലെ കലാലയത്തിലേക്ക് പത്തു മിനിറ്റ് മാത്രം അകലമുള്ള ഹോസ്റ്റലിൽ നിന്നുമുള്ള വഴിയിൽ വെച്ചാണ് അയാളെ പരിചയപ്പെടുന്നത്. സുന്ദരനാണോ എന്നറിയില്ല. ആകർഷകത്തമുള്ള മുഖം. പിന്നെ യാത്ര ഒന്നിച്ചായി. സർക്കാർ ജീവനക്കാരനായിരുന്നു അയാൾ. വീട്ടിലേക്കെന്നു പറഞ്ഞു ഹോസ്റ്റലിൽ നിന്നും ഇറങ്ങുന്ന പല ഒഴിവു ദിനങ്ങളും ഒരുമിച്ചുള്ള യാത്രകളിലായിരുന്നു ഞങ്ങൾ. പക്ഷേ അയാൾ വിവാഹിതനായിരുന്നു എന്ന് അറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മറ്റു വഴികളില്ലാതെ ആദ്യ അബോർഷൻ. അപ്പോഴും അയാൾ കൂടെ നിന്നു, വഞ്ചകനായിരുന്നെങ്കിലും. പിന്നീട് അയാളെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. എങ്കിലും ഇപ്പോഴും ആ മുഖം മനസ്സിലുണ്ട്. ആദ്യ പ്രണയം മറക്കാനാവില്ലല്ലോ.
പിന്നെയും ചില പ്രണയങ്ങൾ.. ഒന്നുരണ്ടു അബോർഷനുകൾ. പിന്നെ ജീവിതം മറ്റൊരു വഴിയിലേക്ക്. അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.
“ഇതൊരു വല്ലാത്ത ജീവിതമാണ്…ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷയില്ല..ജീവിക്കേണ്ടേ….”
അവൾ അടുത്ത പെഗ് ഗ്ലാസിലേക്ക് ഒഴിച്ചു.
“രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കായിരുന്നില്ലേ….മറ്റെന്തെങ്കിലും ജോലി ചെയ്ത്…”
അവൾ വെറുതെ ചിരിച്ചു.
“മറ്റു ജോലിയെല്ലാം കിട്ടീന്ന് വരും… പക്ഷേ അപ്പോഴും ഈ തൊഴിലും ചെയ്യേണ്ടി വരും… തെഴിൽദാതാക്കൾക്ക് സൗജന്യമായി.സ്ത്രീപുരുഷ സമത്വം എന്നെല്ലാം പറയുമെങ്കിലും. പുരുഷ കേന്ദ്രീകൃതമല്ലേ സമൂഹം. പിന്നെ ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ ഒന്നിച്ചുള്ള ഈ ടാഗ് മാറ്റാനുമാവില്ലല്ലോ … പിന്നെ എന്തിനാ…”
“അപ്പോൾ പുരുഷന്മാരോട് വെറുപ്പാണോ ….”
“ഇല്ല… സഹതാപം മാത്രം. ഒരു രാത്രിയിൽ മുഴുവൻ കൂടെ കിടന്ന പോലീസുകാരൻ പിറ്റേന്ന് രാത്രി എന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോൾ എന്റെ കൂടെയുണ്ടായിരുന്നയാളെ ചിലപ്പോൾ വെറുതെ വിട്ടുകാണും. ”
അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.
” പല ഭാര്യമാരുടെയും ശാപമുണ്ടാവില്ലേ… ഇയൊരു തൊഴിൽ …. ”
അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“അങ്ങനെയൊന്നുമില്ല സാറെ…അവർക്കില്ലാത്തതൊന്നും നമ്മുടെ കൈയ്യിലില്ലല്ലോ….”
ഒന്നു നിർത്തി പൊട്ടിച്ചിരിയോടെ അവൾ തുടർന്നു.
“പല കുടുംബങ്ങളും പിരിഞ്ഞു പോവാത്തത് നമ്മളുടെയൊക്കെ സേവനം കൊണ്ടാണെന്നാ തോന്നീട്ടുള്ളത്….”
കഥ പറഞ്ഞു പറഞ്ഞ് രാത്രിയായത് അറിഞ്ഞില്ല. അയാൾ പറഞ്ഞു.
“സമയം ഒരുപാട് വൈകി.. ഇനി പൊയ്ക്കോളൂ.. ഞാൻ വണ്ടി ഏർപ്പാടാക്കാം. ഇതൊരു നോവലാക്കണം…”
അയാൾ പേഴ്സ് എടുക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു.
” പണം വേണ്ട സാറേ… ഞാൻ സാറിന്റെ കഥകൾ മിക്കവയും വായിക്കാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ നോവലും വായിച്ചു. എല്ലാം ഏറെ ഇഷ്ടം…”
അയാൾക്ക് അത്ഭുതം തോന്നി. ഇങ്ങനെയും ഒരു ആരാധികയോ.
“കഥകളെല്ലാം പറഞ്ഞു കഴിഞ്ഞു … ഇനി സ്വസ്ഥമായി ഒന്ന് ഉറങ്ങണം…ഒരു ദിവസമെങ്കിലും ഭോഗിക്കപ്പെടാതെ…ഞാനിന്ന് ഇവിടെ ഉറങ്ങിക്കോട്ടെ സാറേ…”
അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. അയാൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു.
“ശരി… എനിക്കിന്ന് ഉറക്കമില്ലാത്ത രാത്രിയായിരിക്കും.. നിന്റെ ജീവിതത്തെക്കുറിച്ച് ഒരു നോവൽ… അതിന്റെ ഔട്ട്‌ലൈൻ ഇന്ന് ശരിയാക്കണം.. നിന്റെ ശരീരത്തെക്കുറിച്ചല്ല… മനസ്സിനെക്കുറിച്ച്… ”
പതിവുപോലെ അയാൾക്ക് കഞ്ഞിയും പയറുമായി റൂം ബോയ് വന്നപ്പോൾ, അവൾക്ക് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. തനിക്കും കഞ്ഞി മതിയെന്ന് അവൾ പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. ഭക്ഷണം കഴിഞ്ഞശേഷം കൂജയിലെ വെള്ളം പകുതിയും അവൾ വായിലേക്ക് നേരിട്ട് ഒഴിച്ചു. പിന്നെ പറഞ്ഞു.
“ഒരു ശീലം. കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തെ ഒന്ന് തണുപ്പിക്കാൻ… മനസ്സിനെ തണുപ്പിക്കാൻ ആവില്ലെങ്കിലും….”
കിടക്കാറായപ്പോൾ അവൾ സാരിയും, ബ്ലൗസുമെല്ലാം അഴിച്ചു വെച്ചു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കിടക്കയുടെ വലതുവശത്തേക്ക് മാറി മലർന്നു കിടന്നു.
“ഇതെന്താ വലതുപക്ഷക്കാരിയാണോ…”
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“രാവിലെ എഴുന്നേൽക്കുമ്പോൾ വലതുവശം ചേർന്നാണ് എഴുന്നേൽക്കുക…ഇത് മറ്റൊരു ശീലം….മറ്റൊന്നുമല്ല…എഴുന്നേൽക്കുമ്പോൾ ഏതോ ഒരു പുരുഷ നഗ്നതയോ അല്ലെങ്കിൽ അതിലും അശ്ലീലമായ തുപ്പൽ ഒലിച്ചിറങ്ങുന്ന അവന്റെ വായയോ കാണാതിരിക്കാൻ… അങ്ങനെ ഈ കിടപ്പും ശീലമായി…”
അവൾ ഉച്ചത്തിൽ ചിരിച്ചു. പിന്നെ ശുഭരാത്രി ആശംസിച്ച് പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി.
അയാൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. ശബ്ദം കുറച്ചു വെച്ച് അവളുടെ കഥ വീണ്ടും കേൾക്കാൻ തുടങ്ങി. പിന്നെ ഓരോ അദ്ധ്യായത്തിലേക്കും വേണ്ട കാര്യങ്ങൾ നോട്ട് ചെയ്തു വെച്ചു. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സൂചികൾ പരസ്പരം ആലിംഗനബദ്ധരായിരിക്കുന്നു. എഴുന്നേറ്റു പോയി കൂജയിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു. കിടക്കയിലേക്ക് നോക്കിയപ്പോൾ അവൾ സുഖമായി ഉറങ്ങുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ.
പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്. വാതിൽ തുറന്നപ്പോൾ പുറത്ത് പോലീസുകാരാണ്.
“ഓ.. സാറാണ് ല്ലേ… ഞങ്ങൾ ഒരിക്കൽ വന്നതാ… രജിസ്റ്ററിൽ സാറിന്റെ പേര് കണ്ടപ്പോൾ തിരിച്ചു പോയി… പിന്നേം വിവരം കിട്ടി.. ഇവൾ ഇവിടെ കൂടെയുണ്ടെന്ന്…”
“ഞാൻ ഒരു ഇന്റർവ്യൂവിന് വേണ്ടി വിളിച്ചതായിരുന്നു…വൈകിയപ്പോൾ പിന്നെ….”
അയാൾ പറഞ്ഞു.
“കുഴപ്പമില്ല സാറേ.. സാർ ഇവിടെയിരുന്ന് എഴുതിക്കോളൂ… ഞങ്ങൾക്ക് ഇവളെ മതി…അവിടെ ഒരു അതിഥി സൽക്കാരം…”
ഞെട്ടി എഴുന്നേറ്റ അവളെ സാരി പോലും ധരിക്കാൻ അനുവദിക്കാതെ അവർ പുറത്തേക്ക് നയിച്ചു. പോവുമ്പോൾ അവൾ, അയാളെ ഒന്ന് നോക്കി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.
” എഴുതിക്കഴിഞ്ഞാൽ ആദ്യ വായനക്ക് എനിക്ക് തന്നേക്കണേ… ”
പിന്നെ നിസ്സംഗമായ മുഖഭാവത്തോടെ ചുവടുകൾ വെച്ചു. ഒരു പോലീസുകാരൻ അവളുടെ അഴിച്ചു വെച്ച വസ്ത്രങ്ങളുമായി അവൾക്ക് പിന്നാലെ നടന്നു.
ജീപ്പിന്റെ ശബ്ദം അകന്നകന്നു പോയപ്പോൾ, തിരിച്ചു വന്ന് അയാൾ എഴുതി വെച്ചിരുന്ന കടലാസ്സുകളിലേക്ക് നോക്കി. അപ്പോൾ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖത്തെ നിർവികാരത. അയാൾക്ക് വല്ലാത്ത ആത്മനിന്ദ അനുഭവപ്പെട്ടു.
കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം അയാൾ നേരിട്ട് വായിലേക്ക് ഒഴിച്ചു. അന്നനാളത്തിലൂടെ ഒരു അഗ്നിഗോളം കണക്കേ അത് താഴേക്ക് ഇറങ്ങി.
അപ്പോൾ അല്പം അകലെയായി ഒരു പോലീസ് സ്റ്റേഷൻ മുഴുവനായും അവളിലേക്ക് പ്രവേശിക്കുകയായിരുന്നു.!
സ്നേഹപ്രകാശ്.വി. പി.
കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .