Uncategorized

ലണ്ടൻ : പബ്ബിൽ ടേക്ക്എവേ ആയി ഡ്രിങ്ക്സ് കൊണ്ടുപോകാൻ അനുവദിക്കുന്ന നിയമം തുടരാൻ സർക്കാർ. കോവിഡ് നിയമങ്ങൾ പ്രകാരം പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പാനീയം നൽകാൻ അനുവദിച്ചു. ഈ നിയമം സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് 2025 മാർച്ച് വരെ തുടരും. സാമ്പത്തിക തകർച്ചയിൽ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്.

20,000-ത്തിലധികം പബ്ബുകൾ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. ദുഷ്കരമായ സമയങ്ങളിൽ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകൾ ഇപ്പോഴും വലിയ സമ്മർദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.” അവർ പറഞ്ഞു.

വർദ്ധിച്ചുവരുന്ന ചെലവുകൾ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകൾക്ക് അധിക വരുമാന മാർഗം ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് ദേശീയ അധ്യക്ഷൻ മാർട്ടിൻ മക്‌ടേഗ് പറഞ്ഞു. 2020 ജൂലൈയിൽ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗൺസിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്‌അവേ മദ്യം വിൽക്കാൻ ഓഫ്-പ്രിമൈസ് ലൈസൻസില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: പേപ്പറുകൾ കൊണ്ട് അതിമനോഹരമായ ക്രഫ്റ്റുകൾ ഉണ്ടാക്കി സ്റ്റോക്ക് ഓൺ ട്രെന്റിനെ വിസ്മയിപ്പിക്കുന്ന മലയാളിയായ റിട്ടയേർഡ് ഹെഡ് മാസ്റ്റർ.. കെ  ജി ദാസ് (ദാസ് മാസ്റ്റർ) വെറും കളർ പേപ്പറുകൾ കൊണ്ട്  ഒരുക്കിയ  വിസ്മയങ്ങൾ മലയാളം യുകെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.

കൃഷ്ണവിലാസ് യു പി സ്കൂൾ കോളേരി ഹെഡ് മാസ്റ്റർ ആയിരുന്നു ദാസ് മാസ്റ്റർ. വയനാട്ടിലെ കോളേരിയിൽ ഉള്ള വേലിക്കകത്ത് കുടുംബാംഗം. വയനാട്ടിലെ പ്രിയപ്പെട്ട സ്കൂളിൽ നിന്നും  പെൻഷൻ ആയപ്പോൾ യുകെയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന തന്റെ മകളായ ശരണ്യയുടെ അടുത്ത് പോയി അവധിക്കാലം ചിലവഴിക്കാം എന്ന ചിന്തയിലാണ് ഭാര്യയായ സുജാതക്കൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്.

എന്നാൽ പല സ്ഥലങ്ങൾ ഒക്കെ കാണുവാൻ പോയെങ്കിലും വീട്ടിനുള്ളിലെ ഇരുപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. ഒരു മാസം കഴിയുന്നതിന് മുൻപേ നാട്ടിലേക്ക് എന്ന തീരുമാനത്തിൽ എത്തി ദാസ് മാസ്റ്റർ. ഇവിടെയാണ് മകളായ ശരണ്യ ഉണർന്നു പ്രവർത്തിച്ചത്. അച്ഛന് ഇഷ്ടമുള്ള ക്രാഫ്റ്റ് ഉണ്ടാക്കുവാനുള്ള സാധനങ്ങൾ എവിടെ കിട്ടും എന്നതിനേപ്പറ്റി ഒരറിവും ഇല്ല. ആമസോണിലും മറ്റു പല ലോക്കൽ ഷോപ്പുകളിലും പരതിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ശരണ്യയുടെ ആഗ്രഹ സഫലീകരണത്തിനായി ഭർത്താവായ സജിത് കൊല്ലപ്പിള്ളിൽ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി. സഹപ്രവർത്തകരുടെ സഹായത്താൽ എല്ലാം വാങ്ങി വീട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് ശരണ്യയുടെ ടെൻഷൻ മാറിയത്.

Quilling Art (പേപ്പർ കഷണങ്ങൾ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾ), bamboo craft, thread works, drawing എന്നിവയിൽ അതീവ തല്പരനായിരുന്നു ദാസ് മാസ്റ്റർ എന്ന കാര്യം നന്നായി അറിയാമായിരുന്ന മകളുടെ നീക്കം ഫലം കാണുകയായിരുന്നു. പിന്നീട് കണ്ടത് പേപ്പറുകൾ കൊണ്ട് വിസ്മയം തീർത്ത മാസ്റ്റർ ദാസിനെയായിരുന്നു.

മനോഹരങ്ങൾ ആയ, പല ചിത്രങ്ങളും പല ആശയങ്ങളും അതോടൊപ്പം പല പഴയകാല കഥകളും ഉൾക്കൊള്ളുന്നതാണ് എന്ന വസ്തുത ദാസ് മാസ്റ്റർ മലയാളം യുകെ യോട് പറയുകയുണ്ടായി.

ഇതിനിടെ സ്റ്റോക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഈ ചിത്ര പ്രദർശനം നടക്കുകയും മാസ്റ്റർ ദാസിനെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം തീർച്ച മാസ്റ്റർ ദാസിന്റെ കലാസൃഷ്ടികൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് നൽകുന്നത് അഭിമാന നിമിഷങ്ങൾ തന്നെയാണ്.

ബന്ധപ്പെടേണ്ട നമ്പർ .. സജിത്  +447760613734

അറുപതിൽ പരം ചിത്രങ്ങൾ കാണാം താഴത്തെ വിഡിയോയിൽ

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെത്തിയ മലയാളി കുട്ടികൾ വി. അൽഫോൻസാമ്മയുടെ തിരുനാളിന് പാടിയ സ്തുതിഗീതം വൈറലാകുന്നു. മൂന്ന് ദിനം കൊണ്ട് വീഡിയോ കണ്ടത് പന്തീരായിരത്തിന് മുകളിലാളുകൾ.

സംഭവം നടന്നത് യുകെയിലെ യോർക്ഷയറിൽ. യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ശുശ്രൂഷകളുടെ സമാപന വേളയിൽ മലയാളി കുട്ടികൾ പാടിയ അൽഫോൻസാ സ്തുതി ഗീതമാണ് ലോക മലയാളികൾ ആവേശത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് പന്തീരായിരം പേർ കാഴ്ച്ചക്കാരായി.

കേരള ക്രൈസ്തവർ ലോകമെമ്പാടും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ച വാരമാണ് കടന്നു പോയത്. ഭാരതത്തിലെ ആദ്യ വിശുദ്ധ എന്ന നിലയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിന് മലയാളത്തിൻ്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ എന്നും ആവേശമാണ്.

യൂറോപ്പിൻ്റെ ഭൂപടത്തിൽ യോർക്ഷയറിന് വലിയ സ്ഥാനമുണ്ട്. രണ്ടായിരം മുതലാണ് യോർക്ഷയറിൽ മലയാളികൾ എത്തിതുടങ്ങിയത്. യോർക്ഷയറിലെ ചെറിയ നഗരമായ കീത്തിലിയിൽ 2002 ൽ എത്തിയ ആദ്യ കാല മലയാളികൾ ഒരാശ്രയമായി തേടിപ്പോയത് ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നുള്ള ക്രൈസ്തവരെ പാശ്ചാത്യ സമൂഹം അതിശയത്തോടെ കണ്ടെങ്കിലും കൂടത്തിൽ നിർത്തി. ആ സൗഹൃദം വളർന്ന് ഒരു വലിയ സമൂഹമായി കീത്തിലി സെൻ്റ്. ആൻസ് ദേവാലയം മാറി. 2013 ൽ സെൻ്റ്. ആൻസ് ദേവാലയത്തിൽ വികാരിയായി എത്തിയ കാനൻ മൈക്കിൾ മക്രീഡി അന്ന് കീത്തിലിയിൽ ഉണ്ടായിരുന്ന മലയാളി സമുഹവുമായി ചേർന്ന് വിശുദ്ധ അൽഫോസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചു. തുടർന്ന് അന്നു മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ ദിനം സെൻ്റ് ആൻസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കീത്തിലിയിൽ മുന്നൂറോളം മലയാളി കുടുംബങ്ങളെത്തി. അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സെൻ്റ് ആൻസ് ദേവാലയം തുണയായി. ജൂലൈ മുപ്പത് ഞായറാഴ്ച്ച വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളി സമൂഹത്തിനോടൊപ്പം പാശ്ചാത്യവിശ്വാസികളും ആഘോഷിച്ചു.

പുതുതായി എത്തിയ മലയാളികളും അതൊരാഘോഷമാക്കി. തിരുനാൾ ശുശ്രൂഷകൾ പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നെങ്കിലും അവസാനം മലയാളി കുട്ടികൾ വി. അൽഫോസാമ്മയോടുള്ള സ്തുതി ഗീതം മലയാളത്തിൽ പാടി. ഈ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള പല ദേവാലയങ്ങളിലും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചെങ്കിലും ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ് ആൻസ് ദേവാലയിൽ വളരെ ലളിതമായ രീതിയിൽ ആഘോഷിച്ച തിരുനാൾ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക.
https://m.facebook.com/story.php?story_fbid=pfbid02RtWs5Dspny6fqZRhdUB97zpVwNaE1owUtU5YT4ov717nuf5h8dhvis8ooHSjmU83l&id=100005785604108&sfnsn=scwspwa

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും തടയുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി പതിനാലാം തവണയും പലിശ നിരക്കുകൾ ഉയർത്തുവാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് തങ്ങളുടെ അടിസ്ഥാന നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്നും 5.25 ശതമാനമായി ഉയർത്താനുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ലോണുകൾ എടുത്തിട്ടുള്ളവർക്കും, മോർട്ട്ഗേജ് ഉടമകൾക്കും പലിശ നിരക്ക് വർദ്ധനവ് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ സേവിങ്സ് നിരക്കുകൾ വർദ്ധിക്കും എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. ബ്രിട്ടനിൽ പണപ്പെരുപ്പവും, വിലവർധനയുമെല്ലാം ക്രമാതീതമായി ഉയർന്ന അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ എത്തിയത് 15 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008 ഏപ്രിൽ മാസത്തിലാണ്. എന്നാൽ പലിശനിരക്കുകളിൽ വളരെ ചെറിയ മാറ്റം മാത്രം പ്രവചിക്കപ്പെടുന്നത്, വിലക്കയറ്റത്തിൽ ആശ്വാസകരമായ കുറവുകൾ രേഖപ്പെടുത്തി തുടങ്ങിയെന്നാണ് സൂചിപ്പിക്കുന്നത്.

പണപ്പെരുപ്പത്തിൽ ജൂൺ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോഴും ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിനേക്കാൾ രണ്ട് ശതമാനം ഉയർന്നാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഇത്തരത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവ് മൂലം, പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും. നിരക്ക് തുടർന്ന് വർദ്ധിപ്പിക്കുന്നതിന് മുമ്പ് ബാങ്ക് മുൻകാല പലിശ നിരക്ക് വർദ്ധനവിന്റെ അനന്തരഫലങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് അഭിപ്രായപ്പെട്ടു.

അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.

നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.

വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയുമായി നിഫ്റ്റി പൊളിറ്റിക്കൽ ടൂൾ ശാസ്ത്രജ്ഞർ. 173 രാജ്യങ്ങളിൽ നടത്തിയ പഠനത്തെ മുൻനിർത്തിയാണ് പട്ടിക തയാറാക്കിയത്. ഏതൊക്കെ രാജ്യങ്ങളാണ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താനാണ് ഗവേഷകർ പ്രധാനമായും ശ്രമിച്ചത്. ജർമ്മനിയിലെ വുർസ്ബർഗ് സർവകലാശാലയാണ് സ്റ്റേറ്റ്‌നെസ് സൂചികയെ ആസ്പദമാക്കി പഠനം നടന്നത്.

സീഷെൽസിനും ഫിൻ‌ലൻഡിനും തൊട്ടുപിന്നിൽ – 13-ാം സ്ഥാനത്തെത്തിയ യുകെ ആദ്യ 10-ൽ പോലും ഇടം നേടിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. അതേസമയം, സിംഗപ്പൂർ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി, ഓസ്‌ട്രേലിയയും ഡെന്മാർക്കും തൊട്ടുപിന്നിലുണ്ട്. പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സിംഗപൂർ, ഓസ്ട്രേലിയ, ഡെന്മാർക്, നെതർലൻഡ്, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം, അവസാന അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമം ലിബിയ, എമെൻ, സൗത്ത് സുഡാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്.

ഞങ്ങൾ ഔപചാരിക അവസ്ഥ അളക്കുക മാത്രമല്ല മറ്റ് മാനദണ്ഡങ്ങളും നോക്കിയാണ് പഠനം പൂർത്തിയാക്കിയത്. നമുക്ക് ചുറ്റുമുള്ള ഓരോ കാര്യങ്ങളിലും രാജ്യത്തെ ഭരണസംവിധാനത്തെയും അവിടുത്തെ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമാകും. 1950 നും 2022 നും ഇടയിലുള്ള 72 വർഷങ്ങളിൽ സ്റ്റേറ്റ്‌നെസ് ഇൻഡക്‌സ് മൂന്ന് പ്രധാന വിഭാഗങ്ങളുടെ ഡേറ്റയാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ നിയമം, അക്രമങ്ങളുടെ നിരക്ക്, മൊത്തത്തിലുള്ള ഭരണം. അതിൻ പ്രകാരമാണ് ലിസ്റ്റ് തയാറാക്കിയത്’- ഗവേഷകർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാകാൻ ആളുകളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി അവരുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതായി കണ്ടെത്തൽ. 600-ലധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്കിലും ടിക് ടോക്കിലും നിലവിലുണ്ട്. ടെസ്റ്റുകൾ ഇല്ലാതെ ലൈസൻസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ അക്കൗണ്ടുകൾക്കെല്ലാം ആയിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ബ്ലൂടൂത്ത് ഇയർപീസ് വഴി തിയറി ടെസ്റ്റ് സഹായം വാഗ്ദാനം ചെയ്യുന്നവർ ഏറെയാണ്. ഇത്തരം തട്ടിപ്പുകാർ തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി മെറ്റായും ടിക് ടോക്കും പറഞ്ഞു. ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് തട്ടിപ്പുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂന്നിരട്ടിയിലധികം വർദ്ധിച്ചു. 2018-ൽ 654 ആയിരുന്നത് 2023-ൽ 2,015-ലേക്ക് ഉയർന്നു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ യുകെയിൽ നാല്പത് ലക്ഷത്തിലധികം തിയറി, പ്രാക്ടിക്കൽ കാർ ടെസ്റ്റുകൾ നടത്തി. എന്നാൽ വിജയ നിരക്ക് പകുതിയാണ്.

യഥാർത്ഥ ഡ്രൈവിംഗ് സ്കൂൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത പ്രമോഷണൽ ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പലരും തട്ടിപ്പിനായി ഉപയോഗിക്കുന്നത്. മിക്ക പോസ്റ്റുകളും നേരിട്ടുള്ള സന്ദേശം വഴി കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെടുന്നു. പ്രാക്ടിക്കൽ ടെസ്റ്റ് സ്ലോട്ട് ലഭിക്കാൻ എടുക്കുന്ന സമയദൈർഘ്യമാണ് പ്രാക്ടിക്കൽ ടെസ്റ്റ് തട്ടിപ്പ് വർദ്ധിക്കാൻ കാരണമെന്ന് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ പറയുന്നു. ഡ്രൈവിംഗ്, വെഹിക്കിൾ ആൻഡ് ലൈസൻസിംഗ് ഏജൻസി (ഡിവിഎൽഎ)ക്ക് മാത്രമേ യഥാർത്ഥ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ കഴിയൂ. ടെസ്റ്റ് തട്ടിപ്പിന് പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിവിഎസ്എ പറയുന്നു. കുറ്റം തെളിഞ്ഞാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. മാത്രമല്ല, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉള്ള ഡ്രൈവിംഗ് അപകടകരവുമാണ്.

മാഞ്ചസ്റ്റർ : ഇന്നലെ ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യേണ്ട കൊല്ലം സ്വദേശിയായ യുവതി വിമാനത്തില്‍ കയറിയില്ല. പകരം യുകെയില്‍ എത്തി ചതിക്കപ്പെടുക ആയിരുന്നു എന്ന് പരാതിപ്പെട്ട് പോലീസിനെ വിളിക്കുക ആയിരുന്നു. യുവതി ആരോപിക്കും പ്രകാരം 18 ലക്ഷം രൂപയാണ് അവര്‍ മലയാളി ഇടനിലക്കാര്‍ അടക്കമുള്ള ഏജന്റുമാര്‍ക്ക് യുകെ വിസയ്ക്കായി നല്‍കിയത്. ഇതില്‍ ക്രൂവില്‍ താമസിക്കുന്ന ഒരു ഇടനിലക്കാരന്റെ പേരാണ് യുവതി പ്രധാനമായും ആരോപണത്തില്‍ എടുത്തിടുന്നത്. എന്നാല്‍ താനല്ല, മറ്റു ചിലരാണ് പണം കൈപ്പറ്റിയതെന്നു ക്രൂവിലെ ഇടനിലക്കാരനായ മലയാളിയും പറയുന്നു.

ഏതായാലും മുടക്കിയ പണം പൂര്‍ണമായും മടക്കി കിട്ടാതെ താന്‍ യുകെയില്‍ നിന്നും വിമാനം കയറില്ല എന്ന ഉറച്ച നിലപാടിലാണ് യുവതി. വാക്കേറ്റം മുറുകിയതോടെ പോലീസ് എത്തിയപ്പോള്‍ താന്‍ യുവതിയെ സഹായിക്കാന്‍ എത്തിയ വ്യക്തിയാണ്  എന്നാണ് ഏജന്റിന്റെ ഇടനിലക്കാരന്‍ നിലപാട് എടുത്തത്. ഇതോടെ ഇയാളെ വീട്ടിലേക്ക് മടങ്ങാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു. ഇതോടെ യുവതി എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് മലയാളികളായ പൊതു പ്രവർത്തകർ യുവതിയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.

കാര്യമായ തരത്തില്‍ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവതിയെ ഇംഗ്ലണ്ടില്‍ എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് എന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ടില്‍ നിന്നും യുവതി സഹായം തേടി യുകെയില്‍ പലരെയും ബന്ധപ്പെട്ടതോടെ ഹോം ഓഫിസിലും പരാതി എത്തിക്കഴിഞ്ഞു. യുകെയില്‍ റിക്രൂട്ടിങ് മാഫിയയുടെ ചതിയില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ ഉയര്‍ത്തുന്ന പരാതികള്‍ പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് എയര്‍പോര്‍ട്ട് സംഭവം തെളിയിക്കുന്നത്.

ഇതേത്തുടര്‍ന്നു മാഞ്ചസ്റ്ററിലെ മലയാളി സംഘടന പ്രവര്‍ത്തകര്‍, സമീക്ഷ യുകെ എന്നിവരൊക്കെ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തി. തുടർന്ന്  യുവതിയെ യുകെയില്‍ എത്തിക്കാന്‍ കൂട്ട് നിന്ന ഏജന്റിനും ഇടനിലക്കാര്‍ക്കും യുവതി ഏതാനും ദിവസം ഷാഡോ ഷിഫ്റ്റ് ചെയ്ത ഇപ്സ്വിച്ചിലെ കെയര്‍ ഹോമിനും എതിരെ പരാതി പ്രവാഹം ഉണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ ഇപ്സ്വിച്ചിലെ കെയര്‍ ഹോമിലേക്ക് നീതി തേടി അനേകം ഫോണ്‍ കോളുകളാണ് എത്തിയത്. ഈ സന്ദേശങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ കഴിയാതെ പോയതോടെ കെയര്‍ ഹോമിന് എതിരെ സി ക്യൂ സിയിലേക്കും പരാതി എത്തിയിട്ടുണ്ട്.

നാട്ടിലേക്ക് തിരികെ പോവുകയാണെങ്കിൽ  യുവതിക്ക് പണം നല്‍കാം എന്ന വാഗ്ദാനം നല്‍കിയ ഇടനിലക്കാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചര്‍ച്ചക്ക് ശേഷമാണു യുവതി എയര്‍പോര്‍ട്ടില്‍ എത്തിയത്. മണിക്കൂറുകള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള പൊതു പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. യുവതിയെ യുകെയില്‍ എത്തിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ക്രൂവിലെ ഇടനിലക്കാരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴും നാടകീയമായി അയാളുടെ ഭാര്യ കയ്യില്‍ കിട്ടിയ സ്വര്‍ണവുമായാണ് യുവതിയെ സമീപിച്ചത്. എന്നാല്‍ എനിക്ക് നിങ്ങളുടെ സ്വര്‍ണമൊന്നും ആവശ്യമില്ല എന്നാണ് യുവതി നിലപാട് എടുത്തത്. ഇതോടെ എങ്ങനെയും യുവതിയുടെ പണം അക്കൗണ്ടില്‍ എത്തിക്കാം എന്ന വാഗ്ദാനമാണ് ഇടനിലക്കാരന്‍ നല്‍കിയത്.

ഇയാള്‍ വാങ്ങാത്ത പണത്തിനു ഇയാള്‍ എന്തിനു ഉത്തരവാദി ആകണം എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തല്‍ക്കാലം ഇടനിലക്കാരന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇയാള്‍ പറഞ്ഞത് പ്രകാരം പണം അക്കൗണ്ടില്‍ എത്താതായതോടെയാണ് വിമാന യാത്ര പോലും ഉപേക്ഷിച്ച്  യുവതി ഉറച്ച നിലപാട് എടുത്തതും.

എങ്ങനെയും പണം മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്നു ഇന്നലെ ഒട്ടറെ യുകെ മലയാളികള്‍ ഇടനിലക്കാരനോട് വ്യക്തിപരമായി ആവശ്യപ്പെട്ടതോടെ ഇയാള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ന് പത്തു ലക്ഷം രൂപ എങ്ങനെയും യുവതിക്ക് കൈമാറും എന്ന നിലപാടിലേക്കാണ് ഇയാള്‍ വൈകുന്നേരത്തോടെ എത്തിയിരിക്കുന്നത്. എന്നാല്‍ പണം കയ്യില്‍ എത്താതെ ഒരാള്‍ നല്‍കുന്ന വാക്കും വിശ്വസിക്കാന്‍ താന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് യുവതിയും.

ജോൺസൺ കളപ്പുരയ്ക്കൽ

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 10 ശനിയാഴ്ച പ്രസ്റ്റണിൽ നടക്കും. കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് പ്രമുഖ മലയാളി അസോസിയേഷനായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണാണ് (എഫ് ഒ പി). പ്രസ്റ്റൺ ചോർളി സെൻറ്. മൈക്കിൾസ് ഹൈസ്കൂൾ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ജുൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മൽസരങ്ങൾ നടക്കുന്നത്.

അത്യന്തം ആവേശം നിറച്ച് ഇത്തവണയും വടം വലി വിജയികൾക്ക് പ്രത്യേക ക്യാഷ് പ്രൈസ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജൂലൈ 15ന് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ റീജിയണൽ കായിക മേളയിലെ വിജയികളായിരിക്കും പങ്കെടുക്കുവാൻ അർഹത നേടുന്നത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന യുക്മ കായികമേളയെ കായിക പ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകൾ ശക്തമായ മൽസരത്തിനുള്ള തയ്യാറെടുപ്പിലാണ്.

കായികമേളയിൽ പങ്കെടുക്കാനുള്ളവർ അംഗ അസോസിയേഷൻ മുഖാന്തരം ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കായിക താരങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ് എന്നിവർ അറിയിച്ചു.

മൽസരാർത്ഥികളുടെയും കാണികളുടെയും സൗകര്യാർത്ഥം കേരളീയ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

തങ്കച്ചൻ എബ്രഹാം: 07883022378

ബെന്നി ജോസഫ് : 07737928536

ബിജു മൈക്കിൾ: 07446893614

വേദിയുടെ വിലാസം:

സെൻ്റ് മൈക്കിൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്കൂൾ.

ആസ്റ്റ്ലി റോഡ്, ചോർലി

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആരാധനാ ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു . രൂപതയുടെ വെബ്‌സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം .

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും , കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ൽ ഉണ്ടാകുവാനുള്ള പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .

ചോദ്യങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാകും

https://eparchyofgreatbritain.org/eparchial-liturgical-quiz-2/

RECENT POSTS
Copyright © . All rights reserved