ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ ആസിഡ് ആക്രമണത്തിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കുപറ്റിയവരിൽ അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ക്ലാഫാം സൗത്തിലെ ലെസ്സാർ അവന്യൂവിലാണ് സംഭവം നടന്നത് . ആസിഡ് ആക്രമണത്തിന് ശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയാണ് പൊള്ളലേറ്റിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ആക്രമി ഏതുതരം ദ്രാവകമാണ് ഉപയോഗിച്ചതിനെ കുറിച്ചുള്ള പരിശോധനകൾ നടന്നു വരികയാണ്. സംഭവത്തിനുശേഷം ഓടിപ്പോയ ആക്രമിയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ 999 എന്ന നമ്പറിൽ ഉടൻ വിളിക്കണം എന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.
എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയിലിരിക്കുന്ന മാനസികരോഗികൾ ക്രൂരമായ ബലാൽസംഗത്തിനും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2019 മുതൽ ഇംഗ്ലണ്ടിലെ മുപ്പതിലധികം മാനസികാരോഗ്യ ആശുപത്രികളിൽ സ്കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെയും പുരുഷ രോഗികളുടെയും ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള 20,000 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്സിസ് ക്വിൻ ആണ് കുപ്പിക്കുള്ളിലെ ഭൂതത്തെ തുറന്നുവിട്ടത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മറ്റ് പുരുഷ രോഗികളിൽ നിന്ന് നേരിട്ട ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞതാണ് ഈ രംഗത്തെ ചൂഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്. അലക്സിസ് ക്വിൻ നേരിട്ട രണ്ട് ക്രൂര പീഡനങ്ങളിലും കുറ്റക്കാർ ഇതുവരെ ക്രിമിനൽ നടപടികൾ നേരിട്ടില്ല എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്. അലക്സിസിന്റെ ജീവിതാനുഭവം പുറത്തുവന്നതോടെ ഒട്ടേറെ രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് തങ്ങൾ നേരിട്ട ദുരന്ത കഥകൾ പറയാൻ മുന്നോട്ട് വന്നിരിക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് നിയമ ബിരുദധാരിയായ ഒരു യുവതി വെളിപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ മറ്റൊരു രോഗിക്ക് ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നേരിട്ടത് 5 മാസം നീണ്ടുനിന്ന ലൈംഗിക പീഡനമാണ്. മാനസിക രോഗികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ നേർസാക്ഷ്യങ്ങൾ വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2023 ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000 ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 2019 ലും 2020 ലും റിപ്പോർട്ട് ചെയ്യപ്പെട്ട വാർഷിക കണക്കുകളെക്കാൾ കൂടുതലാണ്. അതിലുപരിയായി ഉയർന്നു വന്ന 800 ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള കഠിന വീഴ്ചയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
ബ്രിസ്റ്റോളിൽ കൗമാരക്കാരായ രണ്ടു കുട്ടികൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ശനിയാഴ്‌ച പതിനൊന്നരയോടെ ആണ് പതിനഞ്ചും പതിനാറും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ ഒരു സംഘം അക്രമികളുടെ കുത്തേറ്റു ദാരുണമായി മരണമടഞ്ഞത്. ബ്രിസ്റ്റോൾ ഇൽമിൻസ്റ്റർ അവന്യുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടികളെ കാറിലെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിലെ യാത്രക്കാരുടെ കണ്മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്.
കുട്ടികളെ പലപ്രാവശ്യം കുത്തിയ ശേഷം അക്രമി സംഘം കാറിൽ തന്നെ കടന്നു കളയുകയായിരുന്നു. ദൃക്‌സാക്ഷികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കൽ ടീമും ഇരുവരെയും ഉടൻ തന്നെ ബ്രിസ്റ്റോളിലെ സൗത്ത് മേഡ് ഹോസ്പിറ്റലിലും റോയൽ ഇൻഫെർമറി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15) എന്നീ കുട്ടികളാണ് മരണമടഞ്ഞത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
കൊലപാതകത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 44 വയസ്സുള്ള ഒരു മധ്യവയസ്കനെയും പതിനഞ്ച് വയസ്സുള്ള ഒരു കൗമാരക്കാരനെയുമാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് കത്തികുത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അറിയിച്ച സോമർസെറ്റ് പോലീസ് ഇത് സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികളും കൂടുതൽ തെളിവുകളും ശേഖരിക്കുകയാണെന്ന്പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് പോലീസ് നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി ശിക്ഷാകാലമായ രണ്ട് വർഷത്തിൽ 12 മാസം കുട്ടി കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് കുറഞ്ഞ പ്രായം ആണുണ്ടായിരുന്നത് എന്നതും പ്രതി താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്. എന്നാൽ പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ആരോപിച്ച് ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെറാൾഡ് നെറ്റോയുടെ മകൾ ജെന്നിഫർ ആരോപിച്ചു.
പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ജെന്നിഫർ ഇപ്പോൾ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിൻറെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.
ജെറാൾഡ് നെറ്റോയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്ന് ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത് എന്നും നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്നും അയാൾ മരിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു എന്നതും കണക്കിലെടുത്തതാണ് ശിക്ഷ വിധിക്കുന്നത് എന്ന് ജഡ്ജി സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിക്കുകയും അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുകായും അയാളുടെ പാൻറ് വലിച്ച് ഊരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്ത് വീണ നെറ്റോയുടെ ശരീരത്തിൽ ചാടി ചവിട്ടിയ ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി പോകുന്നതായും സിസി ടിവിയിൽ ഉണ്ട്. ഇതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് വിളിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ നെറ്റോയുടെ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാകുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിലും മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി സേവനം ചെയ്യുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.
ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.
തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ് ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.
2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.
കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.
കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.
വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.
ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.
യുകെ വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ. മലയാളി നേഴ്സുമാരെ സൗജന്യമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ യുകെയില്‍ എത്തിക്കുന്നതെങ്കിലും ഇതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം ഇല്ലാതെ പോകുന്ന നേഴ്സുമാര്‍ കെയര്‍ ഹോമുകളില്‍ വൃദ്ധരെ പരിചരിക്കുന്ന കെയര്‍ വിസയ്ക്കായി സ്വകാര്യ റിക്രൂട്ടിങ് കമ്പനികളെയാണ് സമീപിക്കുക. ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണു പോകുന്നത് നിരവധി പേരാണ്.
കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾ അഴിഞ്ഞാടുന്നുണ്ടെങ്കിലും ഇവർക്കെതിരെ സർക്കാരുകൾ നിലപാടുകൾ ഒന്നും എടുക്കാത്തതിനാൽ ആയിരങ്ങളിൽ നിന്ന് ശത കോടികളാണ് ഇതിനകം നഷ്ടമായിരിക്കുന്നത്. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.
ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കേരളത്തിലെ വ്യാജ വിസ ലോബിക്കെതിരെ ചെറു വീരല്‍ അനക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിസ ലോബിയുടെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ശക്തമായി നിലയുറപ്പിക്കുന്നു എന്ന സംശയം ഉണര്‍ത്തുന്നതാണ് ഇതിനകം നല്‍കിയ പരാതികളില്‍ കാണുന്ന മെല്ലെപ്പോക്ക് നയം. പരാതിക്കാരെ വിളിച്ചു റിക്രൂട്ടിങ് ഏജന്‍സി നടത്തിപ്പുകാര്‍ വെല്ലുവിളി ഉയര്‍ത്തുന്നതും സംശയത്തിൻെറ ആക്കം കൂട്ടുകയാണ്.
നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ് (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.
ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.
അന്ന ഹെൻഡി നാലു വർഷമായി സ്കൂളിൽ പോയിട്ടില്ല. 2020 മാർച്ചിൽ കോവിഡ് ബാധിച്ച അവൾ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇപ്പോഴും അന്ന സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയില്ല. വീൽചെയർ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. അന്നയുടെ ദുർഗതിക്ക് കുടുംബം പഴിക്കുന്നത് എൻഎച്ച്എസിനെയാണ് .
ചികിത്സ പിഴവുകളുടെ പേരിൽ എൻഎച്ച്എസിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. തൻറെ കക്ഷിക്ക് ലോങ്ങ് കോവിഡ് പിടി പെട്ടെന്നും എന്നാൽ അതിനെ ചികിത്സിച്ചതിലെ ആശ്രദ്ധയാണ് ഈ ദുർഗതി വരുത്തിയതെന്നും അന്നയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന തോംസൺസ് സോളിസിറ്റേഴ്സ് സ്കോട്ട്ലൻഡിലെ കാതറിൻ മക്ഗാരെൽ പറഞ്ഞു. NHS ഹെൽത്ത് ബോർഡിനെതിരായ നിയമനടപടി സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് കരുതപ്പെടുന്നു.
തങ്ങൾക്ക് ഒട്ടേറെ പ്രാവശ്യം എൻഎച്ച്എസ് പരിചരണം നിഷേധിച്ചുവെന്ന് പറഞ്ഞ അന്നയുടെ അമ്മ ഗോസ് ഹെൽത്ത് ആരോഗ്യ മേഖലയെ കുറിച്ച് ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അന്നയുടെ നിലവിലെ ആരോഗ്യസ്ഥിതിയ്ക്ക് എൻഎച്ച് എസ് ഉത്തരവാദിത്വം പറയണമെന്നും അവളോട് ഔപചാരികമായി ക്ഷമാപണം നടത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ഉള്ള പീഡിയാട്രിക് സെന്ററുകൾ സ്ഥാപിക്കണമെന്ന് അന്നയുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.
കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.