Uncategorized

അദ്ധ്യായം – 25
ഇന്ദിരാഗാന്ധിക്കയച്ച കളള കത്ത്

ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന്‍ ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന മല്‍പ്പിടുത്തം എന്തെന്നില്ലാത്ത സുഖാനുഭൂതിയോടെ ഞാന്‍ കണ്ടു. ആ സായാഹ്നത്തില്‍ ഗുസ്തി കാണാന്‍ നൂറുകണക്കിനാള്‍ക്കാരാണ് വന്നത്. തുറന്ന പ്രദേശത്തുളള ഗുസ്തിയായതിനാല്‍ ടിക്കറ്റ് ആവശ്യമില്ലായിരുന്നു. ആര്‍ക്കും വരാം. അവര്‍ ഏറ്റുമുട്ടി മറിയുന്നതും എഴുന്നേല്‍ക്കുന്നതും കാണികള്‍ക്ക് വികാരമുണര്‍ത്തുന്നതായിരുന്നു. ചിലരുടെ മുഖത്ത് തെളിഞ്ഞു കണ്ടത് അങ്കലാപ്പായിരുന്നു. ദാരാസിംഗിനെ തോല്‍പിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അസാമാന്യ ധീരത തെളിയിക്കുന്നുണ്ട്. പലവട്ടം എതിരാളിയെ അദ്ദേഹം നിലം പരിശാക്കി. തുറിച്ചു നോക്കി നിന്നവര്‍ക്ക് ആശ്വാസമായി. ഇന്ത്യയുടെ മാനം ദാരാസിംഗ് രക്ഷിച്ചു. ദാരാസിംഗിനെ വിജയിയായി പ്രഖ്യാപിച്ചു. തറയില്‍ മലര്‍ന്നടിച്ച് വീണ എതിരാളി എഴുന്നേറ്റു വന്ന് ദാരാസിംഗിനെ കെട്ടിപ്പുണര്‍ന്നു.

സി.എം.സി.യില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായി. ആ കൂട്ടത്തില്‍ ഡോ. മേരിയുടെ സെക്രട്ടറി വല്‍സമ്മയ്ക്ക് എന്നോടു ചെറിയ പ്രേമം തോന്നിയിരുന്നു. എനിക്ക് ഹൃദയം കൊണ്ട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സുന്ദരികളായ ധാരാളം പെണ്‍കുട്ടികള്‍ എം.ബി.ബി.എസിന് ഇന്ത്യയുടെ പല ഭാഗത്തു നിന്ന് അവിടെ പഠിക്കുന്നുണ്ട്. മലയാളികളായ ധാരാളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഒക്കെ ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തു വന്നിട്ടുണ്ട്. സി.എം.സിയില്‍ പഠിച്ചവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു മതിപ്പാണ്.
എന്റെ ജേഷ്ഠന്‍ ജോണിന്റെ മകന്‍ ബേബിയെ നാട്ടില്‍ നിന്ന് വരുത്തി ഞാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എന്‍ജീനിയറിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ത്തു. ലെയ്ത്തടക്കമുളള ധാരാളം മെഷീനുകള്‍ അവിടെ നിര്‍മ്മിക്കുന്നുണ്ട്. മറ്റൊരു ബന്ധുവായ ചിറ്റാറിലുളള ജോസ്, അസ്സോസ്സിയേഷനില്‍ പരിചയമുളള വാസുവിന്റെ ബന്ധു എന്നിവര്‍ക്കും ഞാനിവിടെ ജോലി വാങ്ങിക്കൊടുത്തു. ജോഗീന്ദര്‍ പാല്‍ പാണ്ഡെ മന്ത്രിയായതു കൊണ്ട് ധാരാളം ഓര്‍ഡറുകളാണ് കമ്പനിക്ക് കിട്ടുന്നത്. അധികാരത്തിലായാല്‍ ഇങ്ങനെയും ചില ഗുണങ്ങളുകണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. മറ്റൊന്ന് ഇദ്ദേഹത്തെ മന്ത്രിയാക്കണമെന്നുളള ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരെഴുതി ഒപ്പിട്ട അപേക്ഷ ഇന്ദിരാഗാന്ധിക്കയച്ചത് ഞാനായിരന്നു. നൂറിലധികം പേരുകള്‍ അതില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന പഞ്ചാബിന്റെ പല ഭാഗത്തു നിന്നുളളവരുണ്ട്. ഈ അയയ്ക്കുന്ന അപേക്ഷയിലുളള പേരുകള്‍ ആരും തന്നെ അറിഞ്ഞ കാര്യമല്ല. ഈ പേരുകള്‍ എല്ലാം ടൈപ്പു ചെയ്ത് അതിനൊരു കത്തുമുണ്ടാക്കി പല പേരുകളുടേയും സ്ഥാനത്ത് പല പേനകള്‍ കൊണ്ട് കളള ഒപ്പിട്ടത് ഞാനാണ്. അത് റജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു.

രാഷ്ട്രീയത്തില്‍ അധികാരം കിട്ടാന്‍ വേണ്ടി ധാരാളം കളളക്കളികള്‍, അടിയൊഴുക്കുകള്‍ ഉണ്ടെന്നുളളത് അന്നാണറിഞ്ഞത്. അദ്ദേഹം മന്ത്രിയായത് ഈ കത്തിന്റെ വെളിച്ചത്തില്‍ മാത്രമായിരിക്കില്ല. നമ്മുടെ ജനാധിപത്യം എത്രമാത്രം അപകടത്തിലൂടെയാണ് ഇതു പോലുളള മഹാന്മാരാല്‍ നയിക്കുക. സത്യത്തെ അഗാധഗര്‍ത്തത്തിലേക്ക് വലിച്ചെറിയുന്നവര്‍. ഈ വ്യവസ്ഥിതി ഇങ്ങനെ പോയാല്‍ പട്ടിണിയും ദാരിദ്യവും അന്യായങ്ങളും പെറ്റു പെരുകും. അധികാരത്തില്‍ വരുന്നവന്‍ ശക്തന്മാരും പാവം ജനങ്ങള്‍ ദുര്‍ബലന്മാരുമാകുന്ന ഒരവസ്ഥ, ദുരവസ്ഥ തന്നെയാണ്. സി. എം.സി.യുടെ ഗവേണിംഗ് ബോഡി മീറ്റിംഗ് വരുമ്പോഴേക്കും എനിക്ക് ജോലി ഭാരം ഏറി വന്നു. എല്ലാ ആഴ്ചയിലും മീറ്റിംഗുകള്‍ നടക്കാറുണ്ട്. അതിന്റെ മിനിറ്റ്‌സ് തയ്യാറാക്കി എല്ലാ വകുപ്പു മേധാവികള്‍ക്കും കൊടുക്കേണ്ടത് ജി.എസിന്റെ ഓഫിസാണ്. അതിനിടയിലാണ് എല്ലാ വര്‍ഷവും കൂടുന്ന ഗവേണിംഗ് ബോഡി. അതിന്റെ ചുമതലയും ജി. എസിന്റെ ഓഫിസിനാണ്. അമേരിക്ക, ബ്രിട്ടണ്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരും വെല്ലൂരിലെ സി.എം.സി. ഡയറക്ടര്‍ അടക്കമുളള ധാരാളം മഹത് വ്യക്തികളും പങ്കെടുക്കും. ഇരുപത്തഞ്ചോളം വരുന്ന അതിഥികള്‍ക്ക് യാത്ര, പാര്‍പ്പിടം, ഭക്ഷണം, കത്തിടപാടുകള്‍ അങ്ങനെ ധാരാളം ജോലികള്‍ കുന്നുകൂടുമ്പോള്‍ തലവേദനയും കൂടിവരും. എനിക്കൊപ്പം സഹായിയായി നിന്നത് ഡയറക്ടറുടെ പി.എ ഫ്രഡറിക്കാണ്. ആ ഓഫിസിലും എനിക്കുളളത്ര തിരക്കുണ്ട്. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ തീരുമ്പോഴാണ് ആശ്വാസമുളളത്.

ഇവിടെ ജോലി ലഭിച്ച കാര്യം ഡോ.ചന്ദറിനെ, മെഡിക്കല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ചെന്ന് ധരിപ്പിച്ചിരുന്നു. ഈ ഓഫിസിലെ അദ്ദേഹത്തിന്റെ പി.എ. വിക്ടര്‍, സെക്രട്ടറി ലാസര്‍, ഡയറക്ടറുടെ ഓഫിസിലെ ഫ്രെഡറിക്ക് എല്ലാവരുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സഹായിച്ചത് ഈ ഓഫിസില്‍ നിന്ന് ആരെങ്കിലും അവധിക്ക് പോയാല്‍ അയാള്‍ വരുന്നതുവരെ ഞങ്ങളില്‍ ഒരാള്‍ അവിടെ ജോലി ചെയ്യും. അങ്ങനെ ഡയറക്ടര്‍ ഡോ. നമ്പൂതിരിപ്പാടിനൊപ്പവും ഡോ. ചന്ദറിനൊപ്പവും ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു കത്തില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. കതകിന്റെ മുകളിലെ ഗ്ലാസിലൂടെ ഞാന്‍ കണ്ടത് ഇദ്ദേഹം ഭ്രന്തനെപ്പോലെ കൈകാലുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കുന്നതാണ്. ഞനല്പ നേരം വിസ്മയത്തോടെ നോക്കി നിന്നിട്ട് അദ്ദേഹത്തിന്റെ അടുത്തുളള അതിഥി മുറിയില്‍ പോയിരുന്നു ആ നാടകീയ വിക്രിയകളെപ്പറ്റി ചിന്തിച്ചു. ഞാനൊരു തീരുമാനത്തിലെത്തിയത് ഇങ്ങനെയാണ്. ഈ മാനസിക രോഗികളെ നോക്കുന്ന ഡോക്ടര്‍മാരും മാനസിക രോഗികളായി മാറുമോ. ഇതു പലവട്ടം കണ്ടിട്ടുണ്ട്.

ഡോ.നമ്പൂതിരിപ്പാടിലും ഡോ.ചന്ദറിലും കണ്ട മറ്റൊരു പ്രത്യേകത അല്പം സമയം ലഭിച്ചാല്‍ ഇവര്‍ നല്ലതു പോലെ വായിക്കുമെന്നുളളതാണ്. രണ്ടു പേരുടെ കയ്യില്‍ പുസ്തകങ്ങളും കണ്ടിട്ടുണ്ട്. ഡോ. നമ്പൂതിരി ഇംഗ്ലണ്ടില്‍ പഠിച്ചതുകൊണ്ടാകണം. പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നതെന്ന് തോന്നി. അദ്ദേഹം ന്യൂറോസര്‍ജറിയില്‍ ഇന്ത്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ അദ്ദേഹത്തെ തേടി വരാറുണ്ട്. രണ്ടു പേരുടെ പ്രസംഗങ്ങളും അറിവ് പകരുന്നതാണ്. ഇവരുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും മുഖത്തു നോക്കിയാല്‍ വളരെ ഗൗരവമുളളവരാണ്. ഇവരുമായി അടുത്തിടപെടുമ്പോഴാണ് എത്രയോ നല്ല മനസ്സിനുടമകളെന്ന് മനസ്സിലാക്കുക. പരുക്കന്‍ സ്വഭാവമുളളവരില്‍ കാണുന്ന പ്രത്യേകതയാണിത്. ഡോ. നമ്പൂതിരിയുടെ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചോദിച്ചു, സാറ് മലയാളം സിനിമയൊന്നും കാണാറില്ലേ?. ഒന്നു പുഞ്ചിരിച്ചിട്ട് സരസഭാവത്തില്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷണം ആരെങ്കിലും കഴിക്കുമോ. ആ സമയം അവര്‍ കഥയാക്കിയ നോവല്‍ വായിക്കുന്നതല്ലേ നല്ലത്. ജീവിതത്തിന്റെ ഉപരിതലത്തില്‍ രസിച്ചിരിക്കാന്‍ ഇങ്ങനെ പലതുമുണ്ട്.
പിന്നീടുളള എന്റെ ചിന്ത സിനിമയെപ്പറ്റി ആഴത്തില്‍ പഠിക്കണമെന്നായിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സിനിമകള്‍ കണ്ടിട്ടിണ്ട്. അന്ന് അറിവില്ലായിരിന്നു. കേരളം വിട്ടതിനു ശേഷം റാഞ്ചിയിലെ രത്തന്‍ തിയറ്ററിലാണ് ബ്രൂസ്‌ലിയുടെ ഇംഗ്ലീഷ് പടം എന്റര്‍ ദ് ഡ്രാഗണ്‍ കണ്ടത്. അവിടെ നിന്നും മടങ്ങി വരുമ്പോള്‍ കിട്ടിയ വാള്‍ കൊണ്ടുളള വെട്ട് ഇന്നും മനസ്സിലുണ്ട്. പിന്നീട് കണ്ടത് ബറ്റാളയില്‍ ആണ്. ഹിന്ദി പടമായ ഷോലെ അമൃത്‌സറിലെ രണ്ടു നിലയുളള തീയേറ്ററില്‍ കണ്ടത് അമര്‍ അക്ബര്‍ അന്തോണിയാണ്. സിനിമകള്‍ പട്ടിണിക്കാരുടെ ഇടയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുമ്പോള്‍ അതിന്റെ മൂല്യങ്ങളെപ്പറ്റി അവര്‍ക്ക് വിലയിരുത്താനാകില്ല. ഡോക്ടര്‍ പറഞ്ഞത് എത്രയോ സത്യമെന്ന് എനിക്ക് മനസ്സിലായി. കച്ചവടം നടത്തി ലാഭമുണ്ടാക്കാന്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കിന്നതുപോലെ കലയെ കശാപ്പു ചെയ്ത് ലാഭമുണ്ടാക്കുന്നവര്‍. മനുഷ്യരെ തിന്മയിലേക്ക് നയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ദുര്‍ബല വികാരങ്ങള്‍ക്ക് അടിമപ്പെടുത്തും. ഇവിടേയും മനുഷ്യമനസ്സിന് ബോധവല്‍ക്കരണം ആവശ്യമായി തോന്നി.

സി.എം.സി.യില്‍ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് പ്രതിഫലം വാങ്ങാതെ ചികിത്സ നല്‍കാറുണ്ട്. ഒരു ദിവസം സ്റ്റോര്‍ കാണാന്‍ പോയപ്പോള്‍ പാവപ്പെട്ടവര്‍ക്കായി കരുതിവച്ചിരിക്കുന്ന ധാരാളം വസ്ത്രങ്ങള്‍ വലിയൊരു ഹാളില്‍ കണ്ടു. അതെല്ലാം പാവപ്പെട്ട മനുഷ്യര്‍ക്ക് ഗ്രാമങ്ങളിലും മറ്റും കൊടുക്കാനുളളതാണ്. ഇത്രമാത്രം വിലപിടിപ്പുളള വിവിധ നിറത്തിലുളള തുണികള്‍ ആദ്യമായിട്ടാണ് കണ്ടത്. ഇതെല്ലാം വന്നിരിക്കുന്നത് ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അതിനൊപ്പം പാവപ്പെട്ട രോഗികള്‍ക്കളള വീല്‍ ചെയറുകളും, ഊന്നു വടികളും മറ്റ് പേരറിയാത്ത പലതും അതില്‍ കണ്ടു. വികസിത രാജ്യങ്ങളെ അഭിമാനത്തോടെ ഓര്‍ത്തുനിന്ന നിമിഷങ്ങള്‍. അവിടെ നിന്നുളള സി.എം.സി.യിലെ ജോലിക്കാരായ ചിലരില്‍ നിന്നും കുറച്ചൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അവിടുത്തേ സമ്പന്നരായ മനുഷ്യര്‍, ഏതു രംഗത്തു നിന്നുളളവരായാലും,അവര്‍ക്ക് ലഭിക്കുന്നതിന്റെ ഒരു വിഹിതം ജീവകാരുണ്യപ്രവൃര്‍ത്തിക്കായി സര്‍ക്കാരിന്റെയോ, സഭയുടേയോ പൊതു ഖജനാവില്‍ നിക്ഷേപിക്കും.
ഇന്ത്യയില്‍ കാണുന്നതു പോലെ സമ്പന്നര്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കളളപ്പണമോ, കൈക്കൂലിയോ കൊടുക്കാറില്ല. എങ്ങനെയും പണം കിട്ടാനുളള പദ്ധതികളാണ് ഇന്ത്യയിലുളളത്. അവിടെയത് കുറ്റകരമാണ്. അങ്ങനെ ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെയുളള ഭരണാധിപന്മാരെ രാജ്യസ്‌നേഹികളായിട്ടല്ല, മറിച്ച് രാജ്യദ്രോഹികളായിട്ടാണ് അവിടെ കാണുന്നത്. അവര്‍ക്ക് കിട്ടുന്ന സമ്പത്തിന്റെ ഏറിയ പങ്കും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വീതിച്ചു കൊടുക്കാറുണ്ട്. ആ തുകയില്‍ നിന്ന് സര്‍ക്കാരുകളോ, സഭകളോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നറിയത്തില്ല. എന്റെ മനസ്സില്‍ കടന്നുവന്നത് ഇവരെല്ലാം അതില്‍ നിന്നും അടിച്ചുമാറ്റുന്നുണ്ട്. ഈ അടിച്ചു മാറ്റല്‍ കച്ചവടം പല രംഗങ്ങളിലും കാണാം. കാരൂര്‍ പളളിക്ക് വടക്ക് വശമുളള മൂന്നു-നാലു ഏക്കര്‍ വസ്തു എന്റെ മുത്തച്ഛനായ കാരൂര്‍ കൊച്ചുകുഞ്ഞില്‍ നിന്ന് ചവറയില്‍ വികാരിയായിരുന്ന എന്റെ വീടിനടുത്തുളള ഒരച്ചന്‍ 1940 നു മുമ്പ് 370 രൂപ കൊടുത്ത് എങ്ങനെ വാങ്ങി എന്നത് ആരിലും സംശയമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം അത് ബന്ധുക്കള്‍ക്ക് കൈമാറി. നാടു ഭരിക്കുന്നവരും മതങ്ങളും ധാരാളമായി ഇതുപോലെ കാലാകാലങ്ങളായി സമ്പാദിക്കുന്നുണ്ട്. അതു കൊണ്ടാണവര്‍ ജനം കഴുതകള്‍ ആണെന്നു പറയുന്നത.്
ഈ കളളവും കൈക്കൂലിയുമൊക്കെ മറ്റുളളവരെപ്പറ്റി ആണയിട്ടു പറയുമ്പോഴും ഞാനും കൈക്കൂലിക്കാരന്‍ എന്നു വേണമെങ്കില്‍ പറയാം.

ജി.എസിന്റ മേല്‍നോട്ടത്തിലാണ് എല്ലാ വാര്‍ഷിക ഉടമ്പടികളും നടപ്പാക്കുന്നത്. അതില്‍ കെട്ടിടങ്ങളും, കൃഷി ചെയ്യാനുളള സ്ഥലങ്ങളും, കാന്റീനുകളും, വാഹന സംരക്ഷണ സ്ഥലങ്ങളുമുണ്ട്. ഓരോന്നിനും ഓരോ വര്‍ഷവും കിട്ടേണ്ട വാടക എത്രയെന്ന് ഓഫിസില്‍ നിന്ന് സര്‍ക്കുലര്‍ ആയി എല്ലാം കോണ്‍ടാക്ടര്‍മാര്‍ക്ക് അയക്കും. അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതുന്നവര്‍ക്ക് ആ കരാര്‍ കിട്ടും. അവസാന തീയതിക്കുളളില്‍ അവര്‍ തരുന്ന ഒട്ടിച്ച കവര്‍ ജി.എസിനെ ഏല്‍പ്പിക്കുന്ന ജോലിയാണ് എനിക്കുളളത്. ആ കവറുകള്‍ ഡപ്യൂട്ടി ജി.എസുമായി ചര്‍ച്ച ചെയ്ത് ആരൊക്കെ അവസാന പട്ടികയില്‍ കടന്നുവന്നിരിക്കുന്നുവെന്ന് എന്നെ അറിയിക്കും. ആര്‍ക്കാണ് കോണ്‍ട്രാക്ട് കൊടുക്കേണ്ടതെന്ന് എഴുതിയിരിക്കും. അത് ഞാന്‍ കോണ്‍ട്രാക്ടറെ അറിയിക്കണം. ആ വര്‍ഷം വാഹന പാര്‍ക്കിംഗ് കരാര്‍ കിട്ടിയത് കഴിഞ്ഞ വര്‍ഷങ്ങളായി അവിടെ സേവനം ചെയ്യുന്ന സര്‍ദാര്‍ജി ഹര്‍ഭജന്‍ സിംഗിനാണ്. ആശുപത്രിയിലേക്ക് പോകുന്നതിന്റെ വലത്ത് ഭാഗത്തായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രി ജോലിക്കാരും അവിടെയാണ് സൈക്കിള്‍ സൂക്ഷിക്കുന്നത്. നിരനിരയായി സൈക്കിള്‍ കാണാന്‍ നല്ല ഭംഗിയാണ്. കാര്‍ പാര്‍ക്കിംഗിന് സ്ഥലമില്ല, കാരണം ആര്‍ക്കും കാര്‍ ഇല്ല. ആശുപത്രി ആബുലന്‍സ് ഇടുന്നത് മറ്റൊരു ഭാഗത്താണ്. ഉന്നതരായ ഡോക്ടര്‍മാര്‍ പോലും സൈക്കിളിലാണ് വരുന്നത്. അതില്‍ ഡോ. നമ്പൂതിരിപ്പാടും ഡോ. ബാബു പോള്‍ ജേക്കബുമുണ്ട്. ഡോ. ബാബു പോളിന്റെ സൈക്കിളിനേക്കാള്‍ മോശപ്പെട്ടതാണ് ഡോ. നമ്പൂതിരിപ്പാടിന്റെ സൈക്കിള്‍.

ആ വര്‍ഷത്തെ കോണ്‍ട്രാക്ട് എല്ലാവര്‍ക്കും ഞാന്‍ വിതരണം ചെയ്തു. അതില്‍ സൈക്കിള്‍ സ്റ്റാന്‍ഡിന്റെ കോണ്‍ട്രാക്ടര്‍ ഹര്‍ഭജന്‍ സിംഗ് ഓഫിസില്‍ വന്ന് പുതിയൊരു സൈക്കളിന്റെ താക്കോല്‍ മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു, ദയവായി എന്റെയീ പാരിതോഷികം സാബ് സ്വീകരിക്കണം. ഇതു കൈക്കൂലിയല്ല, എന്റെയൊരു സ്‌നേഹോപഹാരമാണ്. എനിക്ക് കോണ്‍ട്രാക്ട് കിട്ടുമ്പോഴൊക്കെ എന്നെ സഹായിച്ചവര്‍ക്ക് എന്തെങ്കിലും സമ്മാനമായി ഞാന്‍ കൊടുക്കാറുണ്ട്. ആദ്യം ഞാനത് നിരസിച്ചെങ്കിലും ഉളളിന്റെയുളളില്‍ അയാള്‍ താക്കോല്‍ എടുത്തുകൊണ്ട് പോകല്ലേ എന്നായിരുന്നു ആഗ്രഹം. ഹീറോയുടെ സൈക്കിള്‍ കമ്പനി ലുധിയാനയിലാണെങ്കിലും അത് വാങ്ങാനുളള സാമ്പത്തിക ശേഷി എന്നെപ്പോലുളളവര്‍ക്കില്ല.
കാര്‍ പാര്‍ക്കിങ്ങില്‍ അദ്ദേഹത്തിന് രണ്ടു ജോലിക്കാരുണ്ട് ആരിലും താല്പര്യമുണര്‍ത്തുന്ന നിര്‍മ്മലമായ പുഞ്ചിരിയും സ്‌നേഹവും വിനീതമായ പെരുമാറ്റവുമാണ് സര്‍ദാറിനുളളത്. ആ നര ബാധിച്ച താടിക്കും മുടിക്കുമുണ്ട് ഒരു ഐശ്വര്യം. താടിക്കു കൊടുക്കുന്ന തലോടലിനു പോലും തുളുമ്പുന്ന സ്‌നേഹമുണ്ട്. അവിടുത്തെ വിദ്യാസമ്പന്നരായ ആത്മീയ ജ്ഞാനമുളള ഡോക്ടര്‍മാരുടെ സ്വഭാവഗുണങ്ങള്‍ കണ്ടും കേട്ടും പഠിച്ചതായിരിക്കണം. എന്റെ മുന്നില്‍ എന്തോ അനുമതിക്കായി കാത്തു നില്‍ക്കുന്നവനെ പോലെ തന്റെ സ്‌നേഹവും പുഞ്ചിരിയും കാട്ടിക്കൊണ്ടയാള്‍ നിന്നു. ഞാനത് നിരസിക്കുമോ സ്വീകരിക്കുമോ അതായിരുന്നു ആ കണ്ണുകളില്‍ കണ്ടത്. ഞാന്‍ താക്കോലെടുത്തിട്ട് പറഞ്ഞു, സര്‍ദാര്‍ജി കൊണ്ടുവന്ന ഈ ഉപഹാരം ഞാന്‍ നിരസിക്കുന്നില്ല. ഇനിയും ഇങ്ങനെ കൊണ്ടുവന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ മറുപടി കേട്ട് സന്തോഷവാനായി മടങ്ങി. ഞാനങ്ങനെ ഒരു സൈക്കിളിനുടമയായി. വൈകിട്ട് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ സര്‍ദാര്‍ജി ഇല്ലായിരുന്നു. ജോലിക്കാരന്‍ എനിക്ക് സൈക്കിള്‍ ചൂണ്ടിക്കാണിച്ചു. അതിന്റെ താക്കോല്‍ തുറന്ന് സൈക്കിള്‍ എടുത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥലമായ കിതുവായി നഗറിലേക്ക് യാത്രതിരിച്ചു. പുതിയൊരു സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സിനെ വ്യാകുലപ്പെടുത്തിയത് എന്തിനു നീ ഈ സൈക്കിള്‍ വാങ്ങി എന്നുളളതാണ്. ഞാന്‍ പെട്ടെന്ന് സൈക്കിളില്‍ നിന്ന് താഴെയിറങ്ങി ചിന്താകുലനായി സൈക്കിളുമായി മുന്നോട്ടു നടന്നു.

ഇനിയും ഇത് തിരിച്ചു കൊടുക്കുക എളുപ്പമുളള കാര്യമല്ല. മനസ്സിനെ കൂടുതല്‍ ആശങ്കയിലാക്കാന്‍ ഞാനാഗ്രഹിച്ചില്ല. കാരണം ഞാനിത് ചോദിച്ചു വാങ്ങിയതല്ല. ഒരാള്‍ സമ്മാനമായി തന്നതാണ്. അത് നിരസിക്കരുത്. ഒടുവില്‍ എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. മേലില്‍ ഇതു പോലുളള സമ്മാനങ്ങള്‍ വാങ്ങരുത്. സ്വന്തം അദ്ധ്വനത്തില്‍ വളര്‍ന്ന നീ എന്തിന് മറ്റൊരാളുടെ സാധനം ദാനമായി വാങ്ങണം. അത് കളളന്മാരും കൊളളക്കാരും വാങ്ങുകയും കൊടുക്കുകയും ചെയ്യട്ടെ. എന്റെ മനസ്സിനെ നിയന്ത്രിച്ചത് ഈ വാക്കുകളാണ്. ഭൂതങ്ങളുടെ നാടകമെഴുതിയവന്‍ ഭൂതങ്ങളുടെ പിടിയിലായോ, അതായിരുന്നു പിന്നീടുളള ചിന്ത. സൂര്യബിംബം പടിഞ്ഞാറെ കടലിന് മുകളില്‍ ചുവന്നു വന്നു. സൈക്കിളിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ സൂക്ഷിച്ചി നോക്കി.

ഓമനയുടെ കത്ത് കിട്ടി. അതില്‍ മധുരമായ ചില വരികളുണ്ടായിരിന്നു. പരീക്ഷകള്‍ പാസ്സായി ഇനിയും രണ്ടു വര്‍ഷം ബോണ്ട് ചെയ്താലേ പുറത്ത് പോകാന്‍ കഴിയു. എന്റെ കണ്ണുകള്‍ ആ വരികളിലേക്ക് നോക്കിയിരുന്നു. ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒരന്ത്യം വന്നിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മറ്റുളളവരോട് തുറന്നു പറയുക തന്നെ വേണം. നീണ്ട വര്‍ഷങ്ങളായി തളിരണിഞ്ഞു നിന്ന ഞങ്ങളുടെ പ്രണയ രഹസ്യം കൂടുതല്‍ ശക്തമാകുവാന്‍ പോകുന്നു.
അവളുടെ ദുരഭിമാനിയായ ജ്യേഷ്ഠത്തി ഇതറിഞ്ഞാല്‍ പകയും വിദ്വേഷവും വിതയ്ക്കുക തന്നെ ചെയ്യും. അവരുടെ സമീപനം മുമ്പു തന്നെ ഓമന തളളിക്കളഞ്ഞതാണ്. എന്തുണ്ടായാലും അഭിമുഖീകരിക്കണം. ആ രാത്രി തന്നെ മറുപടിയെഴുതി. രണ്ടു വര്‍ഷത്തേക്ക് ബോണ്ടിനു പകരം അവള്‍ക്കാവശ്യം രണ്ടായിരം രൂപയാണ്. അതു ഞാന്‍ അയച്ചു തരാം. ഇത്രയും നാള്‍ പ്രണയം ഒരു നിഴലായ് നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും അത് ഒരു വിളക്കായി കത്തണം. അതിന് തിരിയും എണ്ണയും കൊടുക്കേണ്ടത് നമ്മളാണ്. വീട്ടുകാരെ വിവാഹ വിഷയം അറിയിക്കുന്നതാണ് ഉചിതം. നിന്റെ വാക്കുകള്‍ അവര്‍ ചെവി കൊളളുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കാം. തീവ്രമായി പ്രണയിക്കുന്നവര്‍ക്കുളള മോക്ഷപ്രാപ്തിയാണ് വിവാഹം. അത് പരമാനന്ദമാകുകയും ചെയ്യും. അതിന്റെ കുളിര്‍മ സുഗന്ധം പൊഴിക്കുന്ന പൂമ്പൊടി പോലെയാണ്.

എന്നോടുളള വീട്ടുകാരുടെ താല്പര്യം, തങ്കമ്മ അനുവദിക്കില്ല. ഞാനുമായുളള ബന്ധം അറിഞ്ഞാല്‍ ആ സ്ത്രീയുടെ ഹൃദയം ഇളകി മറിയും. അവരില്‍ കുടികൊണ്ടിരിക്കുന്നത് സ്‌നേഹത്തേക്കാള്‍ പകയും വൈരാഗ്യവുമാണ്. നാട്ടില്‍ ഭഗവത്ഗീത വായിച്ചപ്പോള്‍ ഇതുപോലുളള മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ലോകത്തില്‍ ഇന്ദ്രീയ സുഖങ്ങളില്‍ മൂക്കറ്റം മുങ്ങിക്കിടന്നവരുടെ മനസ്സിന് മാറ്റം വരുത്താന്‍ പ്രയാസമാണ്. സഹോദരന്‍ റ്റി.എം.വര്‍ഗ്ഗീസ് ഒരു പുരോഹിതനായിരുന്നിട്ടുക്കൂടി ദൈവത്തിന്റെ ഗുണങ്ങള്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കയാണോ എന്നൊരു തോന്നല്‍. എന്തായാലും തങ്കമ്മ മനസമാധാനത്തോടെ ഇനിയും ഉറങ്ങില്ല. സ്വന്തം അനുജത്തി ഇത്രയും നാള്‍ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നു ചിന്തിക്കുവാന്‍ ഇടയുണ്ട്. ഓമനയുടെ മറുപടി കിട്ടി. ഞങ്ങള്‍ ചിന്തിച്ചതു പോലെ തന്നെ സംഭവിച്ചു. ഇതറിഞ്ഞ തങ്കമ്മയുടെ മനസ്സും ഹൃദയവും മരവിച്ചു. അതില്‍ അനുജത്തിയോടുളള സ്‌നേഹക്കുറവല്ല അതിലുപരി ഒരു തെരുവു ഗുണ്ടയെ വിവാഹം കഴിക്കുന്നതിലുളള എതിര്‍പ്പും അമര്‍ഷവുമായിരിന്നു. നിരാശ നിറഞ്ഞ മനസുമായി ബോംബെയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള സഹോദരീസഹോദരന്മാര്‍ റാഞ്ചിയിലും ഹസാരിബാഗിലും പാഞ്ഞെത്തി. എന്നെ പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലെന്ന് ഓമന തുറന്നുപറഞ്ഞു. ഈ ബന്ധം പെട്ടെന്നുണ്ടായതല്ല. അഞ്ചു വര്‍ഷമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. കാണാന്‍ വരുന്നവരൊക്കെ പരിഭവവും വിഷാദവുമൊക്കെ അവളുടെ മുന്നില്‍ അവതരിച്ചപ്പോള്‍ സഹോദരിയില്‍ കണ്ട സാഹസിക തീരുമാനമാണ് അവരെ അത്ഭുതപ്പെടുത്തിയത്. പ്രണയിക്കാത്തവര്‍ക്ക് യഥാര്‍ത്ഥ പ്രണയത്തെപ്പറ്റി മനസ്സിലാകാത്തത് അവളുടെ കുറ്റമല്ല. പാവനമായ പ്രണയം അവളില്‍ നിറഞ്ഞിരുന്നു. പ്രണയത്തേക്കാള്‍ ഈ മണ്ണില്‍ മഹത്തരമായി മറ്റൊന്നുമില്ലെന്ന് അവള്‍ വന്നവരെ ധരിപ്പിച്ചു മടക്കിയയച്ചു.

ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും മൂലം സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം പുനരാരംഭിക്കും. കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ പ്രവാസികൾക്ക് ആശ്വാസമാകും ഈ തീരുമാനം. യുകെയിൽ നിന്ന് കേരളത്തിൽ സമ്മർ ഹോളിഡേയിൽ എത്തിയ നിരവധി പേർക്ക് എയർപോർട്ട് അടച്ചത് മൂലം യാത്ര മാറ്റേണ്ടി വന്നിരുന്നു.

നെടുമ്പാശേരിയ്ക്ക് പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29 ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക്

പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.

അനുജന്റെ കമ്യുണിക്കേഷൻ മേഖലയിലെ സ്വത്തുവകകൾ ചേട്ടന് വില്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണികേഷന്റെ ഫൈബർ നെറ്റ് വർക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമാണ് മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നത്. ഇത് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായതായി റിലയൻസ് കമ്യൂണികേഷൻ ഇന്ന് അറിയിച്ചു. 30,000 കോടി രൂപയുടേതാണ് ഈ ഡീൽ.

ഇതോടെ 178,000 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ നെറ്റ് വർക് ജിയോയോയുടെ സ്വന്തമാകും. ഇതിനു പുറമെ വയർലെസ്സ് സ്പെക്ട്രം, ടവറുകൾ തുടങ്ങിയവയും ജിയോയുടെതാകും. 43,000 മൊബൈൽ ടവറുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

നേരത്തെ വൻ കടബാധ്യതയിലേക്ക് നീങ്ങിയ അനിൽ അംബാനി ബാധ്യതകൾ കുറക്കുന്നതിനാണ് ഈ വില്പന നടത്തിയത്. 50,000 കോടി രൂപയുടെ കടമാണ് അനിൽ അംബാനിക്കുള്ളത്. ഇതോടെ ടെലിക്കമ്യൂണിക്കേഷൻ രംഗത് നിന്ന് അനിൽ അംബാനി ഏറെക്കുറെ പിൻവാങ്ങുന്നു എന്ന് പറയാം. പന്ത്രണ്ട് വര്ഷം മുൻപാണ് അനിൽ അംബാനി ഈ രംഗത്തേക്ക് കടക്കുന്നത്. അന്ന്,  പത്തു വര്ഷത്തേക്ക് ചേട്ടൻ ഈ മേഖലയിൽ മുതൽ മുടക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. കൃത്യം പത്തു വര്ഷം കഴിഞ്ഞാണ് മുകേഷ് അംബാനി ജിയോയുമായി എത്തുന്നത്. ജിയോ വൻ ഓഫറുകളുമായി മാർക്കറ്റ് കീഴടക്കിയപ്പോൾ റിലയൻസ് കമ്മ്യൂണികേഷൻ അമ്പേ പരാജയമായി മാറി. അതിനെ തുടർന്നാണ് സ്വത്തുക്കൾ വിൽക്കാൻ കഴിഞ്ഞ വർഷം ധാരണയിലെത്തിയത്.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ആഞ്ചേല ബെന്‍സണ്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ തിളങ്ങുന്ന വിജയമാണ് നേടിയത് 6 ഡബിള്‍ എ സ്റ്റാറും, 3 എ സ്റ്റാറും, 2 എ യും മാണ് ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത്. ഈ വിജയം വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമായി മാറുമെന്നതില്‍ സംശയമില്ല.

ആഞ്ചേല ബെന്‍സണ്‍, ചെസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണിമുറിയില്‍ വീട്ടില്‍ ബെന്‍സണ്‍ ദേവസ്യ, ബീന ബെന്‍സണ്‍, ദമ്പതികളുടെ മൂത്ത മകളാണ്, ആഞ്ചേലക്ക് മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കി സയന്‍സിനെയാണ് സ്‌നേഹിക്കുന്നത്. ആഞ്ചേല വെസ്റ്റ് കേര്‍ബി ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിലെ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിരുന്നത്. ആഞ്ചേലയുടെ പിതാവ് ബെന്‍സണ്‍ സൗണ്ട് എന്‍ജിനീയറും നല്ലൊരു ഗായകനുമാണ് അമ്മ ബീന സ്റ്റാഫ് നഴ്‌സായി ചെസ്റ്റ്ര് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. അഭിനന്ദനങ്ങള്‍.

അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍

ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്‌സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള്‍ ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്‍പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.

ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്‍കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന്‍ കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന്‍ പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.

സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന്‍ ഞാനറിയാതെ എന്നെ പിന്‍തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്‌സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില്‍ നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്‌സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.

ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്‌റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്‌കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള്‍ ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളായ സി. എം. എസ് കോളജ്-സ്‌കൂള്‍, ബെന്‍ജമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്‍.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്‌നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്‍പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.

നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില്‍ മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്‌സില്‍ കത്ത് ഇട്ടിട്ട് അമൃത്‌സറിലേക്ക് ബസ്സില്‍ കയറി.
അമൃത്‌സറില്‍ ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.

അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന്‍ സുരേന്ദ്രന്‍ ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്‌സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില്‍ ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.

പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.

ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്‌നേഹവും കാരുണ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്‌സ്, നഴ്‌സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള്‍ മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.

ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര്‍ പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.

ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള്‍ മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്‌നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്‍തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.

സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന്‍ മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന്‍ നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന്‍ നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.

സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന്‍ അഭിനയിക്കുന്ന ചിത്രം

ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്‌യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്‍കിയ കാര്യമായിരുന്നു.

അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര്‍ ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.

നിരവധി സാഹിത്യ രചനകള്‍ അടങ്ങിയ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവലില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ചില വാചകങ്ങളും സഭ്യമല്ലാത്ത പദങ്ങളും ഉണ്ടെന്ന് ആരോപിച്ച് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് മൂന്നാം ലക്കത്തോടെ പ്രസിദ്ധീകരണം നിറുത്തി. ഇത് കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇ ലക്കത്തെ എഡിറ്റോറിയലില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉയരുന്ന കടന്ന് കയറ്റങ്ങളെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് ശക്തമായി അപലപിക്കുന്നു.

ഒ. വി. വിജയന്‍ രചിച്ച ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ട് അമ്പതാണ്ട് തികയുന്നതിനോട് ബന്ധപ്പെടുത്തി കെ.പി. നിര്‍മല്‍ കുമാര്‍ എഴുതിയ കറുത്ത പുരാവൃത്തങ്ങള്‍ക്ക് അര നൂറ്റാണ്ട്: ഖസാക്കിന്റെ ഇതിഹാസം 1968 – 2018 എന്ന ലേഖനത്തോടെ തുടങ്ങുന്ന ഇ-ലക്കത്തില്‍ പതിവ് പോലെ നിരവധി രചനകള്‍ ഇ ലക്കത്തെ സമ്പന്നമാക്കുന്നു.

വായനക്കാരുടെ ഇഷ്ട പംക്തിയായി മാറിയ യുകെയിലെ മലയാളി എഴുത്തുകാരന്‍ ജോര്‍ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്കൊരു മടക്കയാത്രയില്‍ പുതിയൊരുനുഭവം ഹൃദയ സ്പര്ശിയായി എഴുതിയിരിക്കുന്നു. അതുപോലെ തന്നെ മലയാളിയുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രമാത്രം ഉണ്ടെന്നു ഉണ്ണി. ആര്‍ എഴുതിയ സോഷ്യല്‍ മീഡിയയും മലയാളിയും എന്ന ലേഖനത്തില്‍ ശക്തമായി പ്രതിപാദിച്ചിരിക്കുന്നു. യുകെയിലെ സാഹിത്യ രംഗത്ത് അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയ് എഴുതിയ കവിത വിശപ്പ് നടക്കാനിറങ്ങുന്നു, പ്രഭാ ബാലന്‍ എഴുതിയ കൊഴിഞ്ഞ കിനാക്കള്‍ എന്ന കവിതയും ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതിയ മാത്യു ഡൊമിനിക്കിന്റെ മഹാബലിയുടെ ആപ്പ്, റാംജി എഴുതിയ രമേശന്റെ വള്ളികളസം എന്നീ കഥകളും ശ്രീകല മേനോന്‍ എഴുതിയ മാളൂട്ടി, അലി അക്ബര്‍ രൂത എഴുതിയ സത്യായിട്ടും ഞാന്‍ കട്ടിട്ടില്ല എന്നീ കഥകളും വായനക്കാര്‍ക്ക് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യും.

ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/august_2018 

ടോം ജോസ് തടിയംപാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷ്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയിരുന്ന ചാരിറ്റിക്ക് ഇതുവരെ 2468 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്നു ഞായറാഴ്ച കൊണ്ട് അവസാനിക്കും.

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്നതുപോലെ ഈ മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നമ്മുടെ നാടിനെ സഹായിക്കുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന് പറയുന്നത് നാട്ടില്‍നിന്നും കഷ്ട്ടപാടും ബുദ്ധിമുട്ടും അനുഭവിച്ചു യു.കെയില്‍ കുടിയേറിയവരുടെ ഒരു കൂട്ടമാണ്. ഞങ്ങള്‍ അതിര്‍വരമ്പുകള്‍ ഇല്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക!

‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.’

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി,

സാബു ഫിലിപ്പ്: 07708181997
ടോം ജോസ് തടിയംപാട്: 07859060320
സജി തോമസ്: 07803276626..

മലയാളം യുകെ ന്യൂസ് ടീം

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരള ജനതയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും ദു:ഖപൂർണമായ ദിനങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വേദനയനുഭവിക്കുന്നത്. കേരള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും അതിജീവനത്തിന്റെയും തുടക്കം കുറിക്കുകയാണ് 2018 ലെ ഓണക്കാലം. ഏവരും കൈകോർത്ത് പരസ്പരം സഹായിച്ചും മുന്നേറുകയുമാണ്. അതിജീവനത്തിന്റെ വിജയഗാഥകൾ രചിക്കുന്ന കേരള ജനതയുടെ ആത്മധൈര്യത്തിനു മുന്നിൽ നമുക്ക് ശിരസു നമിക്കാം. എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ. തിരുവോണം പ്രമാണിച്ച് ഇന്ന് ന്യൂസ് അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

കേരളീയ സമൂഹം പ്രളയക്കെടുതിയുടെ യാതനകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷങ്ങള്‍ വേണ്ടയെന്ന തീരുമാനവുമായി വോക്കിംഗ് മലയാളി അസോസിയേഷനും. യുകെയിലെ നിരവധി മലയാളി അസോസിയേഷനുകള്‍ക്കൊപ്പമാണ് വോക്കിംഗ് മലയാളി അസോസിയേഷനും ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അസോസിയേഷന്‍റെ പത്താം വാര്‍ഷികം കൂടി ആയിരുന്നതിനാല്‍ വിപുലമായ ഓണാഘോഷം നടത്താന്‍ ആയിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണാഘോഷം ഉപേക്ഷിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ്‌ ജോണ്‍ അറിയിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ച മെസേജ് താഴെ

പ്രിയ സുഹൃത്തുക്കളെ,

ഈ നൂറ്റാണ്ടിലെ എറ്റവും വലിയ കാലവർഷക്കെടുതിയ്ക്ക് നമ്മുടെ ജന്മ നാട് സാക്ഷിയായി വിഷമിയ്ക്കുമ്പോൾ മലയാളികളായ നമ്മൾ നമുക്ക് ആവും വിധത്തിൽ സഹായഹസ്തം നൽകേണ്ടത് നമ്മുടെ കടമയാണ് നാട്ടിലെ നമ്മുടെ സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒരു നേരത്തേ ആഹാരത്തിനായി യാചിക്കുമ്പോൾ നമുക്ക് എങ്ങനെ ഓണം ആഘോഷി യ്ക്കുവാൻ സാധിയ്ക്കും ആയതിനാൽ ഈ വർഷം (2018 സെപ്റ്റബർ 8 തീയതി ശനിയാഴ്ച ) നടത്താൻ തീരുമാനിച്ചിരുന്ന വോകിംഗ് മലയാളി അസേസിയേഷൻ ഓണാഘോഷം വേണ്ടന്നു വയ്ക്കകയും അതിനായി വരുന്ന നമ്മുടെ സംഭാവന അസാസിയേഷൻ സമാഹരിച്ച് നമ്മുടെ നാടിന്റെ ദുരിതാശ്വാസത്തിനായി നല്കുവാൻ അസേസിയേഷൻ തീരുമാനിച്ച വിവരം സ്നേഹ പൂർവം എല്ലാ അംഗങ്ങളെയും അറിയിച്ചു കൊള്ളുന്നു വിശദവിവരങ്ങൾ പിന്നിട് അറിയിക്കുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.

സ്നേഹപൂർവം
സണ്ണി [ പ്രസിഡന്റ് W M A ]

RECENT POSTS
Copyright © . All rights reserved