വീഡിയോ ഗാലറി

ജോജി തോമസ്

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.

എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .

ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക്‌ ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട്‌ ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.

കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.

പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.

പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.

 

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയുടെ ദുരിതങ്ങൾ എന്ന് അവസാനിക്കും. ലോക്ഡൗൺ എന്ന് തീരും.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിര വധിയാണ് . പക്ഷെ വൈറസ് വ്യാപനത്തിൻെറ തോത് കുറയുന്നതിന് പകരം കൂടുതൽ തീവ്രതയിലേക്ക് കാര്യങ്ങൾ കുതിക്കുന്നു. ലോക് ഡൗൺ പിൻവലിക്കലും ജോലിക്ക് പോയി തുടങ്ങലും എന്ന് നടക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം കുറേ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാലും ചെയ്തുവന്നിരുന്ന ജോലികൾ തുടരാമെന്നും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ നിലനിൽക്കുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി പ്രവാസികളിൽ ഭൂരിപക്ഷവും സ്വകുടുംബമായി കഴിയുന്നവരാണ്. പലരും അതാത് രാജ്യങ്ങളിലെ പൗരത്വം ഉള്ളവർ. തീർച്ചയായും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ദുരന്തം ഏൽപ്പിക്കുന്ന ഭീഷണികളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എങ്കിലും ഒരു പരിധി വരെയെങ്കിലും അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൈത്താങ്ങ് തുടർ ജീവിതത്തിന് താങ്ങാകുമെന്ന പ്രതീക്ഷ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മാസ വരുമാനത്തിന്റെ 80% കൊടുക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനം ശ്ലാഘനീയമാണ്.

പക്ഷേ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. വീടും നാടും ഉപേക്ഷിച്ച് നല്ല നാളെ ലക്ഷ്യമാക്കി ഒരു തിരിച്ചുവരവിനായി പ്രവാസികളായവരാണവർ. സാമ്പത്തികമായ ബാധ്യതകൾ പലരുടെയും തിരിച്ചുവരവ് അനന്തമായി നീട്ടികൊണ്ടു പോയി എന്നു മാത്രം. ചിലരെങ്കിലും രണ്ടും മൂന്നും അഞ്ചും കൊല്ലം കഴിയുമ്പോൾ വീട്ടിൽ വന്ന് സ്വയം മുഖം കാണിച്ച് മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. പലരും ജോലി ചെയ്യുന്നത് അവിദഗ്ധ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്ര കൂലിയും വാടകയും മറ്റ് ജീവിത ചെലവുകളും കഴിഞ്ഞ് മിച്ചം വയ്ക്കുന്ന തുക കേരളത്തിലെ അതിഥി തൊഴിലാളികളുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ അന്തരം ഒന്നും ഉണ്ടാവാൻ തരമില്ല.

ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടായി ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അടുത്ത കച്ചിത്തുരുമ്പിനായുള്ള അന്വേഷണം ആയിരിക്കും. അതിന് കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം.

2018ലെ കേരള കുടിയേറ്റ സർവേ പ്രകാരം 21 ലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്. ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തിനോടടുക്കും. ഇതിൽ 20 ശതമാനം ആളുകളും തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവരാണ്. 10 ശതമാനം ആളുകൾ വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമാണ്. ഇതിനർത്ഥം ഇപ്പോഴത്തെ സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞാലും ഒരു തിരിച്ചുപോക്ക് പലർക്കും അത്ര എളുപ്പമല്ല.

മറ്റൊരു നാട്ടിലും ഇല്ലാത്ത രീതിയിൽ പ്രവാസികളെ സൃഷ്ടിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തവരാണ് നമ്മൾ. അങ്ങനെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിലേയ്ക്ക് വൻതോതിൽ ഇന്ന് നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടവർ എത്തിച്ചേർന്നു. 2013-ലെ കണക്ക് പ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്നത് 35 ലക്ഷത്തിനടുത്താണെന്നാണ് ഏകദേശ കണക്ക്. അതിഥി തൊഴിലാളികൾ കയ്യടക്കിയ, നമ്മൾ എന്നേ ഉപേക്ഷിച്ച തൊഴിലിടങ്ങളിലേക്ക് വീണ്ടും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാഭാവികമായും കുടിയേറേണ്ടതായി വരും.

ഗൾഫ് നാടുകളിലെ താഴെതട്ടിലുള്ള തൊഴിലാളികളിൽ കേരളത്തിൽ നിന്നുള്ള പലരും മറ്റ് നാടുകളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരാണ്. ഒരുപക്ഷേ ഇത്രയധികം അഭ്യസ്തവിദ്യർ മറ്റ് നാടുകളിൽ അവിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ പരാജയമാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ നാടുകളിലെ പോലെ യന്ത്രവൽകൃതമാകുന്ന തൊഴിലിടങ്ങൾ അനാവശ്യ പ്രവാസ കുടിയേറ്റങ്ങൾക്ക് പകരം അഭിമാനത്തോടെയും അന്തസോടെയും കേരളത്തിൽ ജോലി ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെയും പ്രേരിപ്പിച്ചേക്കാം. ഏതായാലും നമ്മുടെ തൊഴിൽ സംസ്കാരത്തിനും പ്രവാസത്തിനും ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

ഒരുവർഷം 45 കോടിയിലേറെ യാത്രക്കാരാണ് ആകാശമാർഗ്ഗം യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിമാനയാത്രികരെയാണ്. കാരണം വിമാനയാത്രകൾ ഭൂരിഭാഗവും വളരെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാകയാൽ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം ആകാശയാത്രികരുടെ ലക്ഷകണക്കിന് കോടി സമ്പത്താണ് വിമാനക്കമ്പനികളുടെ കൈവശമായത്. റദ്ദാക്കിയ സർവീസുകൾക്ക് പകരം പണം മടക്കി നൽകാമെന്നും അതുമല്ലെങ്കിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകാമെന്നുമുള്ള പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പണം തിരികെ ലഭിക്കാനായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് വ്യക്തമായ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിമാനകമ്പനികളുടേത്.

ഇതിനിടയിൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതിൽ പലതരത്തിലുള്ള കെണികളും ഒളിച്ചിരിപ്പുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ സ്കൂൾ ഹോളിഡേ, വാർഷിക അവധി തുടങ്ങി പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ റീ ബുക്ക് ചെയ്യുമ്പോൾ ഫെയറിൽ വന്ന വ്യത്യാസം എന്ന പേരിൽ ഒരു വൻതുക വിമാനകമ്പനികൾ ഉപഭോക്താക്കളുടെ കയ്യിൽനിന്നും പിഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് നിരവധിപേർ.

ഇതിനിടയിൽ ഓഗസ്റ്റിലെ സ്കൂൾ ഹോളിഡേയ്സ് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന യുകെ മലയാളികൾ കടുത്ത അരക്ഷിതാവസ്ഥയിൽ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിമിതമാണ്. അഥവാ പുനരാരംഭിച്ചാലും വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈയിൻ ചെയ്യാനുള്ള സാധ്യതകൾ ആണ് കൂടുതൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കുള്ള പണം മടക്കി നൽകാൻ വിമാനക്കമ്പനികൾ തയ്യാറാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

രോഗമെന്തെന്ന് ആധുനിക ശാസ്ത്രം അറിയും മുമ്പ് മനുഷ്യന് മാത്രമല്ല സസ്യ ലതാദികൾക്കും മൃഗങ്ങൾക്കും ആരോഗ്യരക്ഷയും രോഗ ചികിത്സയും നിർദേശിച്ച ഭാരതീയ ആരോഗ്യ ശാസ്ത്രം ആണ് ആയുർവ്വേദം.

ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത വിധം ഭയപ്പെട്ട മഹാമാരിയായി കോവിഡ് 19 മാറിക്കഴിഞ്ഞു . അതിജീവന ശേഷി നേടിയ, ജനിതക മാറ്റം വന്ന കൊറോണ വൈറസുകൾ മൂലം ശ്വസന പഥത്തിൽ വീക്കം ഉണ്ടാക്കി അതിവേഗം മരണകാരണം ആകുന്ന രോഗം.

ജ്വരം എന്നാണ് ആയുർവേദത്തിൽ പനിക്ക് പറയുന്നത്. പനിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഷഡംഗ പാനീയം ആണ് നിദ്ദേശിക്കുന്നത്. ലഭ്യത വെച്ചു ചുക്കും കുരുമുളകും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആശ്വാസം നൽകും. ചൂട് വെള്ളം, ചൂട് കഞ്ഞി, കായവും വെളുത്തുള്ളിയും കുരുമുളകും ഒക്കെ ചേർന്ന രസം എന്നിവ എല്ലാം പനിയുടെ ആദ്യ ദിവസങ്ങളിൽ ഉപയോഗിക്കുക.ആവി പിടിക്കുന്നതും, ചൂട് വെള്ളം കൊണ്ട് വായും മുഖവും കഴുകുന്നതും നന്ന്. തണുത്തവ ഒന്നും ഉപയോഗിക്കാൻ പാടില്ല.  പകൽ ഉറങ്ങാതിരിക്കുക. ഇവ പനിയുടെ തീവ്രത കുറക്കാൻ സഹായിക്കും

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം  നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.

കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.

ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.

ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.

സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക്‌ അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.

എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട്‌ ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.

 

ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ

എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.

ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved