Europe

യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്.അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.

നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.

1916 മുതലാണ് അയര്‍ലണ്ടിലും യൂ കെയിലും സമയ മാറ്റം ആരംഭിച്ചത്.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റ സംവിധാനം നിലവിലുണ്ട്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.

സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.

രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ക്രമപ്പെടുത്തുന്നത് സമ്മറില്‍ ഐറിഷ് സമയവും ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂറും വിന്റര്‍ ടൈമില്‍ അഞ്ചര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മനി അടക്കമുള്ള മറ്റു രാജ്യങ്ങളിലെ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

യൂറോപ്പിലെ സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ 2021 മുതല്‍ വിന്റര്‍ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.

അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.

തെക്കൻ ഇറ്റലിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 60 പേർ മരിച്ചു. 80 പേരെ രക്ഷപെടുത്തി. ഇരുന്നൂറിലേറെപ്പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മറ്റിയോ പിയാന്റെദോസി വ്യക്തമാക്കി.

കടൽവഴി ആളുകളെ ഇറ്റലിയിൽ എത്തിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായി തുർക്കിയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ആയിരങ്ങളാണ് എല്ലാ വർ‌ഷവും കടൽമാർഗം ഇറ്റലിയിൽ എത്തി അവിടെ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജീവൻ പണയപ്പെടുത്തിയാണ് കുടുംബത്തോടെയുള്ള ഈ സാഹസിക യാത്ര.

ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.

അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.

വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.

 

ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയ സ്പാനിഷ് ദമ്പതിമാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടു. സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട്ടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിയയുടെ കാലൊടിയുകയും നട്ടെല്ലിന് പരിക്കേറ്റു.

മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികൾ. ഭാഷ വശമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ഭർത്താവ്.

കേരളം വഴി ഗോവയിലേക്ക് പുതുവര്‍ഷദിനത്തില്‍ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകള്‍ സൈക്കിള്‍യാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിള്‍ ഒഴിവാക്കി വാടകയ്‌ക്കെടുത്ത മോട്ടോര്‍ സൈക്കിളില്‍ ഇരുവരും യാത്ര തുടര്‍ന്നത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. മൂന്നാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.

യൂറോപ്പില്‍ കറങ്ങി ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, ദുബായ്, ഒമാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്‌സര്‍ഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇവര്‍ നാട്ടില്‍നിന്ന് യാത്ര തുടങ്ങിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ജനം തെരുവിലിറങ്ങി. അടുത്തിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നെതര്‍ലന്‍ഡ്‌സില്‍ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇവിടെ ഹേഗില്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ തെരുവില്‍ തീപിടുത്തമുണ്ടായി.

അല്‍ക്മാറിലും അല്‍മെലോയിലും ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചത് പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ ആയിരക്കണക്കിനാളുകള്‍ കോവിഡ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് വാക്‌സീന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓസ്ട്രിയയിലും പ്രതിഷേധം ശക്തമായി. ഇവിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് തെരുവിലിറങ്ങിയ ആയിരത്തോളം പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രോയേഷ്യ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.യൂറോപ്പില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലയിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.

വന്‍കരയില്‍ ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.

ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.

കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.

വാക്‌സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

അയോവ: സ്പാനിഷ് അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ രണ്ട് അയോവ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ {66)കൊലപ്പെടുത്തിയ കേസിലാണ് അധ്യാപികയുടെ സ്പാനിഷ് വിദ്യാർത്ഥികളായ പതിനാറു വയസ്സുകാരായ ഇവർ അറസ്റ്റിലായത്. അധ്യാപികയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം ഇവരുടെ മൃതദേഹം ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തെത്തുടര്‍ന്നാണ് അധ്യാപിക കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളായ വില്ലാര്‍ഡ് നോബിള്‍ ചെയ്ഡന്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡേല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഭയാനകമായ കുറ്റകൃത്യം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രാബറിനെ കൊല്ലാനുള്ള മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും, കുറ്റകൃത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ മൈന്റ് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് തങ്ങള്‍ ക്ഷമിക്കുകയാണെന്ന് ഗ്രാബറിന്റെ മകന്‍ ക്രിസ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഞങ്ങളുടെ മാലാഖയെ ഇല്ലാതാക്കിയ ആ കൗമാരക്കാര്‍ക്ക് മാപ്പു നല്‍കുന്നു. അവരോട് ദേഷ്യപ്പെട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അമ്മയോട് അവര്‍ക്ക് വൈരാഗ്യം തോന്നിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ അവര്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്നും ക്രിസ്റ്റീന്‍ കുറിച്ചു.

സഹോദരന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ഗ്രാബരിന്റെ മകളും പ്രതികരിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മാലാഖയെ തന്നെയായിരുന്നു. കണ്ണുകളില്‍ സ്‌നേഹവും കാരുണ്യവുമുള്ള മാലാഖയെ. ഈ വേദനയില്‍ കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും തങ്ങള്‍ നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു. അധ്യാപികയെ കൊല്ലാനിടയായ സാഹചര്യം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.നവംബർ 12 നു പ്രതികളെ കോടതിയിൽ ഹാജരാകും ഇരുവർക്കും ഓരോ മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്

കോവിഡില്‍ നിന്നും ഉടനെയൊന്നും യൂറോപ്പിന് മോചനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

യൂറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യണ്‍ കോവിഡ് കേസുകളും 24,000 മരണങ്ങളും യൂറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറ് ശതമാനവും മരണനിരക്കില്‍ 12 ശതമാനത്തിന്റേയും വര്‍ധനയുണ്ടായിട്ടുണ്ട്.

ഇതുപ്രകാരം അടുത്ത ഫെബ്രുവരിക്കുള്ളില്‍ അഞ്ച് ലക്ഷം പേരെങ്കിലും യുറോപ്പില്‍ കോവിഡ് മൂലം മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 53 യൂറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെല്‍റ്റ വകഭേദമാണ് ഇവിടെ അപകടകാരി.

RECENT POSTS
Copyright © . All rights reserved