സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.