ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഞ്ഞുവീശുന്ന “ഒമിക്രോണ്‍ സുനാമി”യേത്തുടര്‍ന്ന്, കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം കോവിഡ് സ്‌ഥിരീകരിച്ചത് 10 ലക്ഷത്തിലേറെപ്പേര്‍ക്ക്. രണ്ടുവര്‍ഷം മുമ്പ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ് നിരക്കാണിത്. നാലുദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്‌ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്‌തന്നെയാണ് അമേരിക്ക ഭേദിച്ചത്. അമേരിക്കയ്‌ക്കു പുറത്ത് ഇതിനു മുമ്പ് ഏറ്റവുമുയര്‍ന്ന കോവിഡ് പ്രതിദിനനിരക്ക് കഴിഞ്ഞ മേയ് ഏഴിനായിരുന്നു- 4,14,000. ഒമിക്രോണിനു മുമ്പ് തരംഗമായ ഡെല്‍റ്റാ വകഭേദമായിരുന്നു ആ കുതിച്ചുചാട്ടത്തിനു കാരണം.
അമേരിക്കയില്‍ വീടുകളില്‍ത്തന്നെ നടത്തുന്ന കോവിഡ് പരിശോധനാഫലങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകളില്‍ വരുന്നില്ലെന്നിരിക്കേയാണ്, കഴിഞ്ഞദിവസം 10 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അനൗദ്യോഗികഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഭീതിജനകമാംവിധം ഇനിയുമുയരും. അവധിദിവസങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ടിങ് നടക്കാത്തതും പ്രതിദിനനിരക്ക് കുതിച്ചുയരാന്‍ കാരണമായെന്നു വിലയിരുത്തപ്പെടുന്നു. സമ്പര്‍ക്കവിലക്ക് വെട്ടിച്ചുരുക്കി
നിലവില്‍ കോവിഡ് കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക് അഞ്ചുദിവസമായി യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം.
അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ് വ്യാപനം ബാധിച്ചിട്ടുണ്ട്. പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കുകയാണു വിവിധ കമ്പനികള്‍.
യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസി(Texas)ലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു.
ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, ‘ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു… എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.’
ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു’ എന്നും അയാൾ പറയുന്നു.
അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിംഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.
യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരേ പുതിയ ഉപരോധങ്ങൾക്ക് യുഎസ് മുതിർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പു നല്കി. ഇരു നേതാക്കളും തമ്മിൽ വ്യാഴാഴ്ച വൈകിട്ടു നടത്തിയ ഫോൺസംഭാഷണത്തിലായിരുന്നിത്.
ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വൻ അബദ്ധമാകുമെന്ന് പുടിൻ പറഞ്ഞു. അതേസമയം, യുക്രെയിനിൽ അധിനിവേശം നടത്താനുള്ള റഷ്യയുടെ ഏതു നീക്കവും യുഎസും സഖ്യകക്ഷികളും തടയുമെന്ന് ബൈഡൻ വ്യക്തമാക്കി.
യുക്രെയിനെ ആക്രമിക്കാൻ റഷ്യ അതിർത്തിയിൽ ഒരു ലക്ഷം പട്ടാളത്തെ അണിനിരത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പുടിനും ബൈഡനും തമ്മിൽ നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. അഭ്യാസത്തിന്റെ ഭാഗമായിട്ടാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് റഷ്യ പറയുന്നത്.
ബൈഡനുമായുള്ള സംഭാഷണത്തിൽ പുടിൻ സന്തുഷ്ടനാണെന്നും ഭാവി ചർച്ചയ്ക്കു സാധ്യതയുണ്ടെന്നും പുടിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് പറഞ്ഞു.
ചർച്ചകൾക്കു ഫലമുണ്ടാകണമെങ്കിൽ സംഘർഷങ്ങൾ അവസാനിക്കണമെന്ന് ബൈഡൻ പുടിനെ ഓർമപ്പെടുത്തിയതായി വൈറ്റ്ഹൗസ് വക്താവ് ജൻ സാകി പറഞ്ഞു.
മലയാ ളിയായ വിമുക്തഭടൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. മരങ്ങാട്ടുപിള്ളി ആണ്ടൂർ പകലോമറ്റം കൂനങ്കിയിൽ മാണിയുടെ മകൻ എമ്മാനുവൽ വിൻസെന്റാണ്(ജെയ്സണ്‍-44)ടെക്സസിലെ എൽപാസോയിൽ നടന്ന വെടിവയ്പിൽ മരിച്ചത്. വീടിനു സമീപമുള്ള പാർക്കിംഗിനായുള്ള സ്ഥലത്ത് തപാൽ പരിശോധിക്കുന്നതിനിടെ വെടിയേറ്റെന്നാണു നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വെടിയുതിർത്ത അക്രമിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നു.
സംസ്കാരം ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ ഒൗദ്യോഗിക ബഹുമതികളോടെ നടത്തും. കുറിച്ചിത്താനം പന്നിക്കോട്ട് മലയിൽ കുടുംബാംഗം എലിസബത്താണ് മാതാവ്. ജോ, ജയിംസ്, ജെഫ്രി എന്നിവർ സഹോദരങ്ങൾ. അമേരിക്കയിൽ ജനിച്ച ജെയ്സണ്‍ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം യുഎസ് മിലിറ്ററിയിൽ ചേർന്ന് 2012ൽ ക്യാപ്റ്റൻ റാങ്കിൽ വിരമിക്കുകയായിരുന്നു.
വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.
കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.
ലോസാഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഈ ഇന്ത്യൻ കുടുംബം. ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാറപകടത്തിന്റെ രൂപത്തിൽ എത്തിയത്. 35 മൈൽ സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലത്ത് 70–80 വേഗത്തിൽ എത്തിയ എസ്‌യുവി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി ആണ് നിന്നത്. ഉടൻ തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്ക് ശേഷം മകൻ അർജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ പതിനാറു വയസ്സുള്ള മകൾ അക്‌ഷിതയും.
പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമർഥരായിരുന്നു. അക്‌ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകൾ നൽകി.
ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന 20 വയസ്സുള്ള യുവതി നരഹത്യക്ക് അറസ്റ്റിലായി.കുടുംബം തങ്ങളുടെ അമേരിക്കൻ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചു വന്നത്. പിതാവ് രാമചന്ദ റെഡ്ഡിക്ക് പതിനാറുവർഷത്തിനുശേഷം ഗ്രീൻ കാർഡ് ലഭിച്ചു. ഈ വർഷം വീട് വാങ്ങി. മക്കൾ പഠനത്തിൽ സമർഥർ, മാതാവ് രജിനി റെഡ്ഡി തെലുഗു അസോസിയേഷനിൽ പ്രവർത്തക തുടങ്ങി ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം. തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് ഇരുവരും. കുട്ടികളുടെ സംസ്ക്കാരം പിന്നീട്.
ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.
ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആശുപത്രിയിലെത്തുന്നതില്‍ കൂടുതല്‍. നിലവിലിവര്‍ക്ക് വാക്‌സീന്‍ പ്രായോഗികമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ഏതാണ് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റുകളുടെ കുറവും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ ഹോം കൊറോണ വൈറസ് കിറ്റുകളുടെ വിതരണക്ഷാമം വന്‍ പ്രതിസന്ധിയിലാണ് യുഎസില്‍. ജനുവരി വരെ കിറ്റുകളുടെ ക്ഷാമം തുടരുമെന്നും വിതരണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പകര്‍ച്ചവ്യാധി നിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി അറിയിച്ചിരിക്കുന്നത്.
ശൈത്യകാലത്ത് യുഎസില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.
ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യ രേഖകൾ പുറത്തുവിട്ട് യു.എസ് ഭരണകൂടം. 1963 ൽ നടന്ന കെന്നഡി വധത്തെക്കുറിച്ച് സിഐഎ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്.
1963 നവംബർ 22ൽ യുഎസ് സംസ്ഥാനമായ ഡാളസിൽ ലീ ഹാർവി ഓസ്വാൾഡ് എന്ന യുവാവാണ് കെന്നഡിയെ വധിച്ചത്. കൊലപാതകത്തിനു മുമ്പ് മെക്സികോ സിറ്റിയിലെ റഷ്യൻ, ക്യൂബ എംബസികളിലേക്ക് ഓസ്വാൾഡ് യാത്ര ചെയ്തിരുന്നതും മറ്റും സിഐഎ രേഖകളിലുണ്ട്.
കൊലപാതകത്തിന് സംഭവത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്വാൾഡ് യു.എസിലെത്തുന്നത്. അതിന് മുമ്പ് റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാൾഡ് ബന്ധപ്പെട്ടതും സിഐഎ കണ്ടെത്തി.
റഷ്യൻ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബ യാത്രയ്ക്ക് അനുമതി തേടിയതും രേഖകൾ വെളിപ്പെടുത്തുന്നു.
യുഎസില്‍ വെള്ളിയാഴ്ച വീശിയടിച്ച കൊടുംചുഴലിയില്‍ മരണം നൂറ് കടന്നു. അര്‍കെന്‍സ, മിസോറി,ടെനിസി, ഇലിനോയ്‌സ്, മിസിസിപ്പി, കെന്റക്കി എന്നീ ആറ് സംസ്ഥാനങ്ങളിലായി 400 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ചുഴലിയുടെ ഭീകരതാണ്ഡവം.
അനേകായിരങ്ങള്‍ക്ക് വീടും വൈദ്യൂതിയും വെള്ളവുമെല്ലാം നഷ്ടപ്പെടുത്തിയ ചുഴലിക്കാറ്റ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച കെന്റക്കിയില്‍ എഴുപത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് തവണ ഇവിടെ ചുഴലി വീശിയടിച്ചു. ഒരെണ്ണം 200 മൈലോളം ദൂരത്തിലാണ് വീശിയത്. ഇവിടെ ഒരു മെഴുകുതിരി നിര്‍മാണ കമ്പനിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇല്ലിനോയിസില്‍ ചുഴലിയെത്തുടര്‍ന്ന് ആമസോണ്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ആറ് പേര്‍ മരിച്ചു. ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 45 പേരെ രക്ഷപെടുത്താനായി. ടെനിസിയില്‍ 70000 പേര്‍ക്കാണ് വൈദ്യുതി ഇല്ലാതായത്. ഇവിടെ നാല് പേര്‍ മരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിയുടെ തീവ്രതയും എണ്ണവും കൂട്ടുന്നതെന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1925ലുണ്ടായ കൊടുങ്കാറ്റില്‍ 695 പേര്‍ മരിച്ചിരുന്നു. വരും ദിവസങ്ങളിലും തണുപ്പും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.
A devastating, yet incredible, view from a drone in Bowling Green, Kentucky showing the path of destruction from a tornado. Video comes from @WHAS11 our @TEGNA affiliate in Louisville @wusa9 pic.twitter.com/eh7vDqB8P4
— Tom Hunsicker (@TomSportsWUSA9) December 11, 2021
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.
2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.