ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദങ്ങൾക്ക് കൂടുതൽ വ്യാപന ശേഷിയുള്ളതായി കണ്ടെത്തൽ . ജനസംഖ്യയുടെ 97% പേർക്കും ആൻറിബോഡികൾ ഉണ്ടായിട്ടും ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അഞ്ചാം തരംഗം ഉണ്ടായതാണ് കൊറോണാ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക ഉളവാക്കിയിരിക്കുന്നത്. സ്റ്റെല്ലൻബോഷ് യൂണിവേഴ്സിറ്റിയുടെ ഡിഎസ്ടി-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ്, ദക്ഷിണാഫ്രിക്കൻ നാഷണൽ ബ്ലഡ് സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

വാക്സിനേഷനിലൂടെയോ രോഗം ബാധിച്ചു കിട്ടുന്നതോ ആയ പ്രതിരോധശേഷിയെ മറികടക്കാൻ ഒമിക്രോണിന്റെ പുതിയ വേരിയന്റുകളായ BA. 4, BA. 5 എന്നിവയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. രോഗവ്യാപനം കടുത്തപ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും മരണനിരക്കും മുൻപുള്ളതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ 100,000 -ത്തിലധികം കോവിഡ് മരണങ്ങൾ ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയിൽ കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒമിക്രോണിൻറെ വിവിധ വകഭേദങ്ങളും ആദ്യം തിരിച്ചറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്.