കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിച്ച് ഞെട്ടിക്കുകയാണ് മലയാളികളുടെ സിങ്കപ്പെണ്ണായ 24കാരി സൗമ്യ സജി. ട്രക്ക് ഡ്രൈവര്‍മാരെ പോലും അമ്പരപ്പിക്കുകയാണ് സൗമ്യയുടെ ചങ്കുറപ്പും ആത്മവിശ്വാസവും. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന് വാഹനത്തിന്റെ വളയം പിടിക്കുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതെല്ലാം നിസാരമെന്ന് പ്രഖ്യാപിച്ചാണ് സൗമ്യയുടെ ഡ്രൈവിങ്.
2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ശേഷം, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. പിന്നീട്, ട്രക്ക് ഓടിക്കാനും സൗമ്യ ഇറങ്ങിതിരിക്കുകയായിരുന്നു.
കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ. കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന് ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും സഹായവും പിന്തുണയും നല്കി കൂടെ നിന്നു.
ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്’ എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്ക്കെടുക്കാതെയായിരുന്നു പഠിത്തം.
രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്ക്കുമാത്രം നല്കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നുണ്ട്.
ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി ഭാർട്ടി ജീവിതത്തോടു വിട പറയുകയായിരുന്നു. ഫാമിലി അറ്റോർണി ജെയിംസ് ലസ്സിറ്ററാണ് ഷഹാനിയുടെ മരണം നവംബർ 11 ന് ഔദ്യോഗികമായി അറിയിച്ചത്.
ഭാർട്ടി സമൂഹത്തിലും കോളജിലും ഒരു ഷൈനിങ് സ്റ്റാറായിരുന്നുവെന്നാണ് അറ്റോർണി വിശേഷിപ്പിച്ചത്.ടെക്സസ് എ ആന്റ് എം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഭാർട്ടി പഠനം പൂർത്തിയാക്കി പിതാവിന്റെ ബിസിനസ്സിൽ പങ്കു ചേരാനായിരുന്നു പരിപാടി.
മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സ്വാന്തനമേകി ഭർത്താവ് സണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഭാർട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കും ചികിത്സക്കുമായി തുടങ്ങിയ ഗോ ഫണ്ട്മിയിലൂടെ 60,000 ഡോളർ ഇതിനകം പലരും നൽകി കഴിഞ്ഞു. 750000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.
നാസയ്ക്ക് വേണ്ടിയുള്ള സ്പേസ് എക്സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്ല ബറോണ്‍, ടോം മര്‍ഷ്ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്പേസ് എക്സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്പേസ് എക്സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
അയോവ: സ്പാനിഷ് അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ രണ്ട് അയോവ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍ഫീല്‍ഡ് ഹൈസ്കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ {66)കൊലപ്പെടുത്തിയ കേസിലാണ് അധ്യാപികയുടെ സ്പാനിഷ് വിദ്യാർത്ഥികളായ പതിനാറു വയസ്സുകാരായ ഇവർ അറസ്റ്റിലായത്. അധ്യാപികയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം ഇവരുടെ മൃതദേഹം ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ശക്തമായ പ്രഹരത്തെത്തുടര്‍ന്നാണ് അധ്യാപിക കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളായ വില്ലാര്‍ഡ് നോബിള്‍ ചെയ്ഡന്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡേല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭയാനകമായ കുറ്റകൃത്യം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രാബറിനെ കൊല്ലാനുള്ള മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും, കുറ്റകൃത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ മൈന്റ് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് തങ്ങള്‍ ക്ഷമിക്കുകയാണെന്ന് ഗ്രാബറിന്റെ മകന് ക്രിസ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഞങ്ങളുടെ മാലാഖയെ ഇല്ലാതാക്കിയ ആ കൗമാരക്കാര്‍ക്ക് മാപ്പു നല്കുന്നു. അവരോട് ദേഷ്യപ്പെട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അമ്മയോട് അവര്‍ക്ക് വൈരാഗ്യം തോന്നിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ അവര്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്നും ക്രിസ്റ്റീന്‍ കുറിച്ചു.
സഹോദരന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ഗ്രാബരിന്റെ മകളും പ്രതികരിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മാലാഖയെ തന്നെയായിരുന്നു. കണ്ണുകളില്‍ സ്നേഹവും കാരുണ്യവുമുള്ള മാലാഖയെ. ഈ വേദനയില്‍ കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്കും സ്നേഹിതര്‍ക്കും തങ്ങള്‍ നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു. അധ്യാപികയെ കൊല്ലാനിടയായ സാഹചര്യം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.നവംബർ 12 നു പ്രതികളെ കോടതിയിൽ ഹാജരാകും ഇരുവർക്കും ഓരോ മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്
ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്സിന് സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.
സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്സിനേഷന് സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.
12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്സിന് സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
കോവിഡില്‍ നിന്നും ഉടനെയൊന്നും യൂറോപ്പിന് മോചനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യൂറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യണ്‍ കോവിഡ് കേസുകളും 24,000 മരണങ്ങളും യൂറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറ് ശതമാനവും മരണനിരക്കില്‍ 12 ശതമാനത്തിന്റേയും വര്‍ധനയുണ്ടായിട്ടുണ്ട്.
ഇതുപ്രകാരം അടുത്ത ഫെബ്രുവരിക്കുള്ളില്‍ അഞ്ച് ലക്ഷം പേരെങ്കിലും യുറോപ്പില്‍ കോവിഡ് മൂലം മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 53 യൂറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെല്‍റ്റ വകഭേദമാണ് ഇവിടെ അപകടകാരി.
ബ്ലൂംബെര്‍ഗ്: യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.ഇതേ നിലയിൽ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള് സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും രണ്ടാനച്ഛനേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പൊലിസിനു നൽകിയ മൊഴി. എന്നാൽ മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്തതുമൂലം നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ് ല ഹോൾസൺ ഡോർഫി(24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ്. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത കയ് ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾ ഗോ ഫണ്ട്മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തന്റെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നു കയ് ലയുടെ മാതാവ് പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇവർ അഭ്യർഥിച്ചു.
കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു.
“ഞങ്ങളുടെ ജീവനക്കാർ കൊറോണയ്ക്കെതിരായ പ്രതിരോധത്തിൽ അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചിരിക്കുകയാണ്. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്സിൻ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്,“ റസ്സോ പറഞ്ഞു.
വാക്സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ അവരുടെ ജീവനക്കാർക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വ്യോമയാന മേഖലയിലാണ് നിയമം കർശനമാക്കിയത്. എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ വാക്സിനേഷൻ സ്വീകരിക്കണമെന്നത് നിർബന്ധമായിരുന്നു. കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ 78 ശതമാനവും വാക്സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.