ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളേയും അവരുടെ കുടുംബങ്ങളേയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായി വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈന തിരിച്ചും, രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന അമേരിക്കക്കാര്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടി അംഗങ്ങളുടെയും ഇതിനകം രാജ്യത്തുള്ള അവരുടെ കുടുംബങ്ങളുടെയും വിസ റദ്ദാക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച കരടുരേഖ തയ്യാറായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങള്‍ക്കും, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ ജീവനക്കാര്‍ക്കും നിരോധനം ഭാധകമായേക്കും. അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ ആഹചാര്യത്തില്‍ ട്രംപിനെ ഒരു കടുത്ത ചനീസ് വിരോധിയായി സ്ഥാപിച്ച് ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധിനിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം ശക്തമായി നടത്തുന്നുണ്ട്. വ്യാപാരം അടക്കമുള്ള ചില വിഷയങ്ങളില്‍ ട്രംപ് ചൈനയെ രൂക്ഷമായി വിമര്‍ശിക്കുമെങ്കിലും പ്രസിഡന്റ് സി ജിൻപിങ്ങിനെ പ്രശംസിക്കുന്നതിലും അദ്ദേഹം ഒട്ടും കുറവു വരുത്താറില്ല. ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും ചൈനീസ് അടിച്ചമർത്തലുകളെ കുറിച്ച് മൌനം തുടരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കണമെന്ന് സിൻ ജിൻപിങ്ങിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, എല്ലാവരെയും വിലക്കുക എന്നതില്‍ പ്രായോഗിക പ്രശ്നങ്ങളും ഉണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ 92 ദശലക്ഷം അംഗങ്ങളുണ്ട്. 2018 ൽ ഏകദേശം മൂന്ന് ദശലക്ഷം ചൈനീസ് പൗരന്മാർ അമേരിക്ക സന്ദർശിച്ചുവെന്നാണ് കണക്ക്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇപ്പോഴത് ഗണ്യമായി കുറഞ്ഞിരിക്കാം. ആരൊക്കെ പാര്‍ട്ടി അംഗങ്ങളാണ് എന്നറിയാന്‍ യാതൊരു സംവിധാനവുമില്ല എന്നതാണ് മറ്റൊരു പ്രശ്നം. അതിനാൽ പാർട്ടി അംഗങ്ങളുടെ പ്രവേശനം തടയലും, നിലവിലുള്ളവരെ തിരിച്ചയക്കലും പ്രായോഗികമായി നടക്കാന്‍ പ്രയാസമാണ്.
രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകാരായ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടേണ്ട തീരുമാനത്തില്‍ മാറ്റം വരുത്തി ഡൊണാള്‍ഡ് ട്രംപ്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യും രംഗത്തെത്തിയിരുന്നു.
ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം അറിയിച്ചിരിക്കുന്നത്.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍.
നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറ് ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിരു തടാകത്തില്‍ നിന്നാണ് നയായെ കണ്ടെത്തിയത്. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തില്‍ 33 കാരിയായ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്.
നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. കാണാതെ പോയിടത്ത് നിന്ന് 64 കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.
2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയിലൂടെയാണ് റിവേര ജനശ്രദ്ധ നേടുന്നത്. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര പ്രത്യക്ഷപ്പെട്ടു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്‍ടൗണിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരു തടാക ലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു പോണ്ടൂൺ ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും ഇളയ മകനെ ലൈഫ് വെസ്റ്റ് ധരിച്ച ബോട്ടിൽ കണ്ടെത്തിയതായും കെഎൻബിസി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തി വച്ചിരുന്നു. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. സഹതാരം കോ-സ്റ്റാർ മാർക്ക് സാലിംഗുമായി റിവേര ഡേറ്റിംഗിലായിരുന്നു. 2018 ല്‍ കുട്ടികളുടെ അശ്ലീല ചിത്ര ആരോപണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ ഭാരവാഹികളും, അമേരിക്കയിലും കാനഡയിലുമുള്ള എട്ടു ചാപ്റ്ററുകളുടെ നവസാരഥികളും, പ്രശസ്ത രാഷ്ട്രീയ മാധ്യമ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജൂൺ 28 നു നടന്ന പ്രഥമ സൂം വീഡിയോ കോൺഫറൻസിലൂടെ ഭരണസാരഥ്യം ഏറ്റെടുക്കുകയുണ്ടായി. പുതിയ ദിശകളിലേക്കും ഉയർന്ന മാനങ്ങളിലേക്ക് ഈ സംഘടനയെ ഉയർത്തുവാൻ കഴിവുള്ള അവരുടെ നേതൃത്വം വലിയ ഊർജ്ജമാണ് സംഘടനയ്ക്ക് നൽകുന്നത്. സ്ഥാപക നേതാവും സ്ഥാപക ചെയർമാനുമായ ജിൻസ്മോൻ സക്കറിയ പുതുതായി ചുമതലയേറ്റ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക്, സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബോർഡ് ചെയർമാൻ ഡോ. ജോസഫ് ചാലിൽ കൂടാതെ മാത്തുക്കുട്ടി ഈശോ, മിനി നായർ, തമ്പാനൂർ മോഹൻ എന്നിവർ പുതുതായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഉത്തരവാദിത്വമേറ്റെടുത്തു.. ഡോ. ചാലിലീനെ അതിഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് സ്ഥാപക പ്രസിഡണ്ട് ആയ അജയഘോഷ് ആയിരുന്നു.
ഡോ. ചാലിൽ ചെയർമാനായി സ്ഥാനമേറ്റു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞ .“നിങ്ങളെന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നെ കൂടുതൽ വിനയാതീതൻ ആക്കുന്നു. എൻറെ കഴിവിലും ഉപരിയായി എൻറെ കടമകൾ നിർവ്വഹിക്കുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.” കൂടാതെ “ലോകം ഇന്ന് വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് ഇന്ന് ജേർണലിസ്റ്റുകളുടെ ജീവിതവും മീഡിയ പ്രവർത്തനവും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്. ഏകദേശം 146 മാധ്യമപ്രവർത്തകർ ഇതിനോടകം കോവിഡ് ബാധിച്ച് 31 രാജ്യങ്ങളിൽ മരണത്തെ പുൽകി കഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയുടെ മുന്നിൽ നിന്ന് പടനയിക്കുന്ന ഡോക്ടമാരെയും നഴ്‌സ് മാരെപ്പോലെയും തന്നെ, സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വെമ്പൽ കൊള്ളുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും ഈ വിഷയത്തിലുള്ള റിപ്പോർട്ടിംഗ് ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മറ്റു മുൻനിര പോരാളികളെ പോലെ തന്നെ മാധ്യമപ്രവർത്തകരും ഈ യുദ്ധത്തിൽ നായകരാകുന്നത്. അതോടൊപ്പം തന്നെ ഈ മഹാമാരിയിൽ മരണപ്പെട്ട എല്ലാ മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. ചാലിൽ യൂണിവേഴ്സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും പല ശാസ്ത്ര സാങ്കേതിക ലേഖനങ്ങളുടെ ഉപജ്ഞാതാവും, അവ പല രാജ്യാന്തര മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ആകുന്നു. അദ്ദേഹം യുഎസ് നേവി മെഡിക്കൽ കോറിന്റെ ഒരു വെറ്ററനും ഒരു സർട്ടിഫൈഡ് ഹെൽത്ത് കെയർ മാനേജ്മെൻറ് വിദഗ്ധനും കൂടിയാണ്. അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവിന്റെ പല അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടർ ചാലിലിന്റെ പേരിൽ അമേരിക്കയിൽ, ക്ലിനിക്കൽ ട്രയൽ മാനേജ്മെന്റിലും സിസ്റ്റിക് ഫൈബ്രോയ്ഡ്, ഫുഡ് അലർജി, മൾട്ടിപ്പിൾ മൈലോമ എന്നിവയിൽ പല കണ്ടുപിടുത്തങ്ങൾക്കും പേറ്റൻറ് അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.
അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ അദ്ദേഹത്തിൻറെ അധ്യക്ഷപ്രസംഗത്തിൽ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും,
ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും കൂടാതെ ഈ പ്രസ്സ് ക്ലബ്ബിന്റെപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കും, മൂന്ന് അമേരിക്കൻ ഇന്ത്യക്കാരെ, ഐഏപിസിയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. പ്രശസ്ത പ്രോത്സാഹകപുസ്ത രചയിതാവും, വാഗ്മിയുമായ ബോബ് മിഗ് ലാനിക്ക്, ലിറ്ററേച്ചർ എക്സലൻസ് അവാർഡ്, ഐഏപിസി വൈസ് ചെയർമാൻ ഡോ.. മാത്യു ജോയ്സ് നൽകുകയുണ്ടായി. മികച്ച യുവസംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ്, ക്യുഫാർമാ എം ഡിയും ഫാർമസ്യൂട്ടിക്കൽ വിദഗ്ധനുമായ ബാദൽ ഷായ്ക്ക് ഐഏപിസി ജനറൽ സെക്രട്ടറി ബിജു ചാക്കോ നൽകി, സാങ്കേതികമികവിനുള്ള ടെക്നോളജി എക്സലൻസ് അവാർഡ്, റെസ്ക്യു പൈലറ്റും റോബോട്ടിക് വിദഗ്ധനുമായ രവീന്ദർ പാൽ സിങ്, ഐഏപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആനി കോശിയിൽനിന്നും ഏറ്റുവാങ്ങി.
ബോർഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ വീഡിയോ കോൺഫറൻസിന്റെ ആരംഭം കുറിച്ചുകൊണ്ട് എല്ലാ വിശിഷ്ടാതിഥികളെയും ഐഏപിസി മെമ്പർമാരെയും സൂം വീഡിയോ കോൺഫറൻസിലേക്കു സ്വാഗതം ചെയ്തു.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയായ, എംസി ആനി കോശി അസാധാരണ പാടവത്തോടെ വീഡിയോ കോൺഫറൻസിംഗ് ക്രമീകരിച്ച് അവതരിപ്പിച്ചു ഐഏപിസി ഡയറക്ടർ തോമസ് മാത്യു അനിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സംസാരിച്ചു.
പുതുതായി ചാർജെടുത്ത എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സനെയും ഡയറക്ടർ കോര്സൺ വറുഗീസ് പരിചയപ്പെടുത്തുകയും , ചെയർമാനായ ഡോക്ടർ ജോസഫ് ചാലിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. പുതുതായി ചാർജെടുത്ത നാഷണൽ എക്സിക്യൂട്ടീവ്കൾ ഡോ. എസ്. എസ്. ലാൽ, ആനി കോശി, സി.ജി. ഡാനിയേൽ, ജെയിംസ് കുരീക്കാട്ടിൽ, പ്രകാശ് ജോസഫ്, സുനിൽ മഞ്ഞനിക്കര, ബിജു ചാക്കോ, ആൻഡ്രൂ ജേക്കബ്, രാജ് ഡിങ്ങറ, ആനി ചന്ദ്രൻ, നീതു തോമസ്, ഇന്നസെൻറ് ഉലഹന്നാൻ, ബിജു പകലോമറ്റം, ഓ.കെ.ത്യാഗരാജൻ. ഷിബി റോയ് എന്നിവരാണ് .
ഐഏപിസിയുടെ ട്രഷറർ ആയ റെജി ഫിലിപ്പ് ഡോ. എസ്. എസ് ലാലിനെ അധ്യക്ഷപ്രസംഗത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പത്രപ്രവർത്തകരും മീഡിയകളും സമൂഹത്തിനുവേണ്ടി സത്യം പുറത്തു കൊണ്ടുവരുവാനും അതു സമൂഹത്തിലേക്ക് എത്തിക്കുവാനും ഉള്ള പ്രവർത്തനം തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണെന്നും, പലപ്പോഴും തങ്ങളുടെ ജീവനെ പോലും ത്യജിക്കേണ്ടി വന്ന അനേകം പത്ര പ്രവർത്തകരെ നമുക്ക് ആദരണീയരായി സ്മരിക്കേണ്ടതുണ്ടെന്നും ഓർപ്പിച്ചു.
ഡോ. ലാൽ ആരോഗ്യപരിപാലനരംഗത്ത് ലോകപ്രശസ്തനും പല ടിവി മാധ്യമങ്ങളിൽ ഒരു ഗസ്റ്റ് സ്പീക്കറും കഴിവുതെളിയിച്ച ഒരു എഴുത്തുകാരനുമാണ്. ഡോ. ലാൽ, 2013 ൽ അമേരിക്കൻ ഇൻറർ നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻന്റെ പകർച്ചവ്യാധി തടയുന്ന ഡിപ്പാർട്ട്മെൻറ് തലവനായി ചുമതലയേൽക്കുകയും വാഷിംഗ്ടൺ ഡി സി യിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പല രാജ്യങ്ങളിൽ സന്ദർശിക്കുകയും പല പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു 1993 ൽ ഏഷ്യാനെറ്റിൽ പൾസ് എന്നുപറയുന്ന ഒരു ആരോഗ്യസംബന്ധമായ ടിവി പ്രോഗ്രാം തുടങ്ങുകയും ഏകദേശം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിടുകയും ചെയ്തു. അദ്ദേഹം ധാരാളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരം “ടിറ്റോണി” കഴിഞ്ഞവർഷം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. അടുത്തകാലത്ത്
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു..
ടൊറന്റോ, ഡാലസ്, ഫിലാഡൽഫിയ എന്നിവിടങ്ങളിലുള്ള ചാപ്‌റ്റർ ഭാരവാഹികളെ ഡയറക്ടർ പ്രവീൺ ചോപ്ര പരിചയപ്പെടുത്തുകയും തുടർന്ന് കമലേഷ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാൻകൂവറിൽ നിന്നുള്ള പുതിയ ഭാരവാഹികളെ തമ്പാനൂർ മോഹൻ പരിചയപ്പെടുത്തുകയും നയാഗ്ര ഫാൾസിൽ ഉള്ളവരെ ആഷ്‌ലി ജോസഫ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൻ, ആൽബർട്ട എന്നിവിടങ്ങളിൽ ഉള്ളവരെ ഡയറക്ടർ മിനി നായർ പരിചയപ്പെടുത്തുകയും തുടർന്ന് ഡോ. ലാൽ എല്ലാവർക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകയും ചെയ്തു. ബൈജു പകലോമറ്റം(ടൊറന്റോ), ആസാദ് ജയൻ (നയാഗ്രാ) മില്ലി ഫിലിപ്പ്(ഫിലാഡൽഫിയ) അനിതാ നവീൻ (വാന്കൂവർ) ജോസഫ് ജോൺ (ആൽബർട്ട), സി.ജി. ഡാനിയേൽ (ഹൂസ്റ്റൺ), മീന നിബു (ഡാളസ്), പി.വി.ബൈജു (ഡയറക്ടർ), സാബു കുരിയൻ ( അറ്ലാന്റാ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐ ഏ പി സി)
എന്ന ഈ സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. സമൂഹത്തിലേക്കു സത്യസന്ധമായ വാർത്തകൾ എത്തിക്കുന്നതോടൊപ്പം തന്നെ സത്യവും സുതാര്യവുമായ വാർത്തകൾ ഒരു നല്ല സമൂഹത്തിൻറെ ജീവശ്വാസം പോലെ തന്നെ എന്ന് വിശ്വസിക്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.
ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.
ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.
എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.
ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.
മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.
മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.
നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.
രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.
ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.
ചെറു മീനുകളെ കൊത്തിയെടുത്ത് പറന്നുപോകുന്ന പക്ഷികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വമ്പൻ സ്രാവിനെ കൊത്തിയെടുത്ത് ഒരു പക്ഷി പറന്നുപോകുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. അമേരിക്കയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കടല്‍ത്തീരത്ത് തടിച്ചുകൂടിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സ്രാവിനെ പൊക്കിയെടുത്ത് ഒരു പക്ഷി പറന്നുപോയത്. സൗത്ത് കരോളിനയില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിലര്‍ ഇത് സ്രാവല്ല എന്ന തരത്തിലെല്ലാം വാദമുഖങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കുന്നുണ്ട്. എന്തു തന്നെയായാലും പക്ഷിയുടെ കാലിന്റെ നഖങ്ങള്‍ക്കിടയില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയാണ് മത്സ്യം. സ്രാവിന് സമാനമായ വലുപ്പം മത്സ്യത്തിനുണ്ട്.
ചിലര്‍ പക്ഷി പരുന്താണെന്ന് വാദിക്കുന്നുണ്ട്. മറ്റു ചിലര്‍ ഇത് മത്സ്യങ്ങളെ ഇരപിടിച്ച് കഴിയുന്ന പക്ഷിയാണെന്നും പറയുന്നു. ട്വിറ്ററില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്.
Discovery Channel Narrator: SHARK WEEK!!!! WATCH 7 DAYS OF BALLS TO THE WALLS SHOWS ABOUT THE ULTIMATE PREDATOR!!!! WHOOOO!!!
Osprey: Would you mind holding my drink? https://t.co/Ge35kLWjMr
— Nate (@nate4047) July 2, 2020
ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക് ഉയര്‍ന്നതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്‌ളോറിഡ വരെ റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്.
അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ നില 52,000 പുതിയ രോഗികളുടെതാണ്. രോഗബാധ ഈ നിലയിലായതോടെ ജൂലൈ നാലിന് നടക്കേണ്ട അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിലായി. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മിക്ക കൗണ്ടികളിലും റസ്‌റ്റോറന്റുകള്‍ക്ക് ഉള്ളിലിരുന്നുള്ള കഴിപ്പ് കാലിഫോര്‍ണിയ നിരോധിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും റെസ്‌റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് വരും. അതേ സമയം രോഗവ്യാപ്തി ഇങ്ങിനെ കൂടുമ്പോഴും മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് ട്രംപ് തുടരുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്.
കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിന്റെ ആഗോള നിലവാരം ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസം തോറും 160,000 എന്ന കണക്കിലാണ് രോഗവ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ പറയുന്നു. ലോകത്തുടനീളമായി 10 ദശലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് ജൂണ്‍ 28 നാണ്. 189,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് കമ്പനികള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്കയും രംഗത്ത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് ചൈനീസ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യുഎസ് നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് എഫ്‌സിസി പറഞ്ഞു.
”നടപടിയുടെ ഫലമായി, എഫ്‌സിസിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല.,” അമേരിക്ക വ്യക്തമാക്കി.