നോര്‍ത്ത് കരോലീന സ്വദേശികളായ അമാന്‍ഡയും എഡ്‌വിനും തങ്ങളുടെ വിവാഹ ദിനത്തെക്കുറിച്ച് വലിയ പദ്ധതികള്‍ തന്നെ തയാറാക്കിരുന്നു. വിവാഹം ബീച്ചില്‍ വച്ച് നടത്താനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. പദ്ധതികള്‍ തയാറാക്കുന്ന സമയം 27 കാരിയായ അമാന്‍ഡ ഗര്‍ഭിണിയായിരുന്നു. പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും സാധാരണ പ്രസവമായിരിക്കുമെന്നുമായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അങ്ങേയറ്റം അപ്രതീക്ഷിതമായി വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് 30-ാം ആഴ്ചയില്‍ അമാന്‍ഡ കുഞ്ഞ് ഒലിവറിന് ജന്മം നല്‍കി.

മാസം തികയാതെ ജനിച്ചതു കൊണ്ട് തന്നെ ഒരു കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എന്നാല്‍ വിവാഹദിവസം എത്തിയപ്പോഴേയ്ക്കും മൂന്നു കിലോയായി ഭാരം വര്‍ധിച്ചു.  കുഞ്ഞ് ജനിച്ചതോടെ ബീച്ചില്‍ വച്ചു നടത്താനിരുന്ന വിവാഹ പദ്ധതികള്‍ അമാന്‍ഡയും എഡ്‌വിനും പൂര്‍ണമായും ഉപേക്ഷിച്ചു. ഇതോടെ ആശുപത്രി ചാപ്പലില്‍ വച്ച് വിവാഹം കഴിക്കാമെന്ന തീരുമാനിനത്തില്‍ ഇരുവരും എത്തി.

ഒലിവറിന് വിവാഹത്തില്‍ പങ്കെടുപ്പിക്കണമെന്ന ചിന്ത കൂടി ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. ഒലിവര്‍ പങ്കെടുക്കുമ്പോള്‍ ആ ദിനം കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. കുഞ്ഞ് സ്യൂട്ട് ധരിപ്പിച്ചായിരുന്നു വിവാഹദിവസം ഒലിവറിനെ കൊണ്ടുവന്നത്. ചടങ്ങില്‍ എത്തിയവരുടെ എല്ലാം ശ്രദ്ധ ഒലിവറിലായിരുന്നു. അമാന്‍ഡയാകട്ടെ ചടങ്ങിലുടനീളം കുഞ്ഞിനെ തന്റെ കൈകളില്‍ ചേര്‍ത്തു പിടിച്ചു.