വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല്‍ സീസണും, ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും. രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്‍മുട്ടിലെ എല്ലുകള്‍ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും. കാല്‍മുട്ടിലെ പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിലെ എല്ലുകള്‍ക്ക് ഏറ്റ ക്ഷതം ഗുരുതരമാണെങ്കിൽ തിരികെ വരാന്‍ വീണ്ടും സമയമെടുക്കും.

ഫെബ്രുവരി 9നാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിയും വരും.

അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.  ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.