ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെ ജോലി തടസ്സപ്പെടുത്തി എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്.

പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ദിവസങ്ങൾക്കു മുൻപ്, വാക്സീൻ വിതരണത്തിൽ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വിവാദമായിരുന്നു. ഇതെത്തുടർന്ന് അഞ്ച് വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മൂന്നു ദിവസം ജയിൽ കഴിയേണ്ടിവന്നു. പൊലീസും പെൺകുട്ടിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് മറുപടി നൽകിയതായി ഗൗരിനന്ദ പറഞ്ഞു. ഗൗരിനന്ദ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‌

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാൻ. എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ, നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ശബ്ദമുയർത്തി മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.’