ലിയോസ് പോള്‍

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലക്കകത്തു സജീവ സാന്നിധ്യമായ ചേതന യുകെ, കുട്ടികളിലെ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തുന്നതിനായി സംഗീതോപകരണങ്ങളുടെ പരിശീലനം ആരംഭിച്ചു. ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് കമ്മിറ്റിയും ഓക്‌സ്‌ഫോര്‍ഡ് കൗണ്‍സില്‍ മ്യൂസിക് സര്‍വീസസിന്റെ സഹായത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം ഓക്‌സ്‌ഫോര്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ വച്ച് ചേതന മ്യൂസിക് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജെയ്സണ്‍ സ്റ്റീഫനും ഓക്‌സ്‌ഫോര്‍ഡ് മ്യൂസിക് സര്‍വീസ് ഡയറക്ടര്‍ സ്റ്റീവാര്‍ട്ടും ചേര്‍ന്ന് നിര്‍വഹിച്ചു.

ഓക്‌സ്‌ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വേണ്ടി തുടങ്ങിയിട്ടുള്ള ഈ പദ്ധതിയുടെ തുടക്കത്തില്‍ പിയാനോ ആയിരിക്കും കുട്ടികളെ പരിശീലിപ്പിക്കുക എന്നും തുടര്‍ന്നങ്ങോട്ടുള്ള നടത്തിപ്പില്‍ വയലിന്‍, ഗിറ്റാര്‍ അടക്കമുള്ള മറ്റു സംഗീതോപകരണങ്ങളും കുട്ടികളുടെ താല്‍പര്യാര്‍ത്ഥം തുടങ്ങുന്നതായിരിക്കും എന്ന് കോര്‍ഡിനേറ്റര്‍മാരായ ബിനു ജോസഫ്, ജോസ് പീറ്റര്‍ എന്നിവര്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.

പിയാനോ ടീച്ചര്‍ മൊട്ട് സാലി പഠന രീതിയെപ്പറ്റി യോഗത്തില്‍ വിശദീകരിക്കുകയും നിരവധി ഗാനങ്ങള്‍ പിയാനോയില്‍ വായിക്കുകയും ചെയ്തത് വേറിട്ടൊരു അനുഭവമായിരുന്നെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡിലെ നിരവധി കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്ത ഉത്ഘാടന യോഗത്തില്‍ കമ്മിറ്റി അംഗം കോശി തെക്കേക്കര നന്ദി രേഖപ്പെടുത്തി. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതല്‍ 6.30 വരെയായിരിക്കും ക്ലാസുകള്‍ ഉണ്ടാകുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.