മുസാഫര്‍പുര്‍: ബിഹാറിലെ ഗവ. അഗതിമന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ജില്ലാ ശിശുസംക്ഷണ ഓഫീസറും വനിതാവാര്‍ഡന്മാരും ഉള്‍പ്പെടെ 10 പേര്‍ അറസ്‌റ്റില്‍.

മുംബൈ ആസ്‌ഥാനമായുള്ള എന്‍.ജി.ഒ. സംഘടന നടത്തിയ പരിശോധനയെത്തുടര്‍ന്നാണു പുറംലോകം ഇക്കാര്യം അറിഞ്ഞത്‌. ആകെയുള്ള 40 പെണ്‍കുട്ടികളില്‍ 20 പേരും ലൈംഗിക പീഡനത്തിനിരയായെന്ന്‌ വൈദ്യപരിേശാധനയില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനസാമൂഹികക്ഷേമവകുപ്പ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

ഇതിനിടെ, ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തി മന്ദിരത്തിന്റെ അങ്കണത്തില്‍ കുഴിച്ചിട്ടതായി മറ്റൊരു അന്തേവാസി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷപാര്‍ട്ടിയായ ആര്‍.ജെ.ഡി. നിയമസഭയില്‍ ബഹളംവച്ചു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ നിശ്‌ചിതസ്‌ഥലങ്ങള്‍ പോലീസ്‌ കുഴിച്ചുനോക്കിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്‌ടമൊന്നും കിട്ടിയില്ല. അതിനാല്‍, കൂടുതല്‍ സ്‌ഥലങ്ങളില്‍ പരിശോധന നടത്തുമെന്നു പോലീസ്‌ സുപ്രണ്ട്‌ ഹര്‍പ്രീത്‌ കൗര്‍ പറഞ്ഞു.

ലൈംഗികപീഡനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അന്തേവാസികളെ മറ്റുജില്ലകളിലെ അഗതിമന്ദിരങ്ങളിലേക്കു നീക്കി. അഗതിമന്ദിര നടത്തിപ്പു ചുമതലയുണ്ടായിരുന്ന സന്നദ്ധസംഘടനയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്‌. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഉന്നതര്‍ക്കു സംഭവുമായി ബന്ധമുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ്‌ തേജസ്വി യാദവ്‌ ആരോപിച്ചു.