ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമീപകാലത്ത് കുട്ടികളിൽ ഉയർന്നുവന്ന ഹെപ്പറ്റൈറ്റിസിന് കോവിഡ് പ്രതിരോധകുത്തിവയ്പ്പുകളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിരുന്നു. രോഗം ബാധിച്ച കുട്ടികളിൽ ഭൂരിപക്ഷവും അഞ്ചുവയസ്സിനു താഴെയുള്ളവരാണെന്നും അതിനാൽ തന്നെ ഇവർക്കൊന്നും തന്നെ വാക്സിൻ സ്വീകരിക്കാൻ അർഹത ഇല്ല എന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ആരോഗ്യ ഏജൻസികൾ പറഞ്ഞു. 2022 ജനുവരി മുതൽ ഏപ്രിൽ 21 വരെയുള്ള ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 11 രാജ്യങ്ങളിലെ കുട്ടികളിൽ വിശദീകരണങ്ങൾ ഇല്ലാത്തരീതിയിൽ ഹെപ്പറ്റൈറ്റിസ് അഥവാ കരളിന്റെ വീക്കം കണ്ടെത്തുകയായിരുന്നു. രേഖപ്പെടുത്തിയ 269 കേസുകളിൽ 114 കേസുകളും യുകെയിൽ നിന്നുള്ളതാണ്. സാധാരണയായി ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന 5 വൈറസുകളെയും ഇവിടെ കണ്ടെത്താനായില്ല. എന്നാൽ രോഗം ബാധിച്ച ഭൂരിപക്ഷം യുവാക്കളിലും ഒരു പ്രത്യേക അഡെനോവൈറസിൻെറ സാന്നിധ്യം കണ്ടത്താൻ സാധിച്ചു. ജലദോഷം മുതൽ കണ്ണുകളുടെ അണുബാധയ്ക്ക് വരെ കാരണമാകുന്ന വൈറസിൻെറ കുടുംബത്തിൽപ്പെട്ടതാണ് ഇവ.

രോഗങ്ങളിലുള്ള വർധനവ് അഡെനോവൈറസ് അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ)യിലെ ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷനുകളുടെ ഡയറക്ടർ ഡോ. മീരാ ചന്ദ് പറഞ്ഞു. എന്തായാലും സാധ്യമായ മറ്റു കാരണങ്ങളെക്കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്നും വാക്സിൻ സ്വീകരിച്ചത് ഇതിന് ഒരു കാരണം ആവുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. യുകെഎച്ച്എസ്എ ഉയർന്നുവരുന്ന ഹെപ്പറ്റൈറ്റിസിന് കാരണമായി കോവിഡ് വാക്സിനെ തള്ളിക്കളയാം എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്വിറ്റർ, റെഡ്ഡിറ്റ്, ഫേസ്ബുക്ക്, ടെലിഗ്രാം എന്നിവയിൽ ഹെപ്പറ്റൈറ്റിസ് കേസുകൾക്ക് കാരണം കോവിഡ് വാക്സിൻ ആണ് എന്ന തെറ്റായ അവകാശവാദങ്ങൾ നടക്കുന്നതായി കണ്ടെത്തി.