ഹൂസ്റ്റണിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് അടപ്പിച്ച് അമേരിക്ക. ചാരവൃത്തി ആരോപിച്ചാണ് നടപടി. കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കന്‍ നടപടിക്ക് പകരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടപ്പിക്കാനും നീക്കമുണ്ട്.

അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ അതിരുവിട്ടതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നിര്‍ദേശമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

തീരുമാനം പിന്‍വലിക്കാത്ത പക്ഷം ശക്തമായ നടപടികള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. കോണ്‍സുലേറ്റ് വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മുന്‍പൊന്നും കേട്ടിട്ടില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയ്ക്ക് കോണ്‍സുലേറ്റ് അടയ്ക്കാന്‍ രണ്ട് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

അതിനിടെ, ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റിലെ രേഖകള്‍ കത്തിച്ചതിനെ തുടര്‍ന്നാവാം ഇതെന്ന് കരുതുന്നു.

അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കടക്കാനായില്ല. കോണ്‍സുലേറ്റ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് അഗ്‌നിശമന സേനയ്ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാതിരുന്നത്.