കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ കാമുകനാണ് രഞ്ജിത്ത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടിയുടെ അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ രഞ്ജിത്ത് വിധിക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ റാണിയും സുഹൃത്ത് ബേസിലും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. റാണിയുടെ ഭര്‍ത്താവ് വിനോദ് ഈ സമയത്ത് കഞ്ചാവ് കേസിലകപ്പെട്ട് ജയിലിലായിരുന്നു. വിനോദിന്റെയും റാണിയുടേയും മൂത്ത മകളാണ് കൊല്ലപ്പെട്ട കുട്ടി. റാണിയും ബേസിലും സ്ഥലത്തില്ലാത്ത സമയത്ത് അമ്പാടിമലയിലെ വീട്ടില്‍ വെച്ച് രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്ത കുട്ടിയെ മര്‍ദ്ദിക്കുകയും ചുവരിലേക്ക് എടുത്തെറിയുകയും ചെയ്തു. തലയുടെ പിന്‍ഭാഗത്തായി പരിക്കേറ്റ കുട്ടി തത്സമയം മരണപ്പെട്ടു.

തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. ബേസിലും റാണിയും തിരിച്ചു വന്നതിനു ശേഷം അവരോട് കൊലപാതക വിവരം പറയുകയും മൂന്നു പേരും ചേര്‍ന്ന് മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. കുട്ടിയെ എവിടെ മറവുചെയ്യണമെന്ന് റാണിയാണ് നിര്‍ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. പിറ്റേന്ന് റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.