ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .

ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.

I) അത്ഭുതവും വിസ്മയവും .

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.

2) കാത്തിരിപ്പിന്റെ സന്തോഷം .

ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.

3) പ്രതിഫലനങ്ങളുടെ ആഴം.

ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .

4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .

ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.

സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .

ആശംസകളോടും പ്രാർത്ഥനയോടും

ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907