ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു. കോടതി വിധിയിലൂടെ തന്നെയായിരിക്കും നിര്‍മാണത്തിനുള്ള അനുമതി നേടുക. ഇത് ഏതെങ്കിലും സംഘടനകളിലൂടെയായിരിക്കില്ലെന്നും ഡല്‍ഹി വിഎച്ച്പി ഓഫീസില്‍ വച്ച് സ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി വരും. ഇതിനു പിന്നാലെ മുസ്ലീം- ഹിന്ദു സമുദായങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര നിര്‍മാണം നടക്കുമെന്നാണ് സ്വാമി അവകാശപ്പെട്ടത്. കോടതി വിധിക്കായി കാത്തിരിക്കുകയാണ് തങ്ങള്‍. വിധി വന്ന് രണ്ടോ മൂന്നോ മാസത്തിനു ശേഷമോ, അല്ലെങ്കില്‍ ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി പറഞ്ഞു.

രാമന്‍ ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ഓരോ ഹിന്ദുവിന്റേയും ഉത്തരവനാദിത്തമാണ്. സരയൂ നദിയുടെ ഇരുകരകളിലുമായി രാമക്ഷേത്രവും മസ്ജിദും വരുന്നതോടെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാകും. എന്നാല്‍ ഈ തീരുമാനത്തിന് 2017ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്വാമി വ്യക്തമാക്കി.